നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യെമണ്ടൻ


ഇടതുകൈയ്യിൽ വലിയ പാൽപ്പാത്രവും തൂക്കിപ്പിടിച്ച്, ഭൂമിയുടെ അച്ചുതണ്ടുപോലെ നാല്പത്തഞ്ച് ഡിഗ്രി വലത്തേക്ക് ചരിഞ്ഞ് പുല്ലുനിറഞ്ഞ മൺപാതയിൽ ജീപ്പോടി വീണ ചാലിലെ ചെളിയിലൂടെ ചെരിപ്പിടാതെ പ്രത്യേക താളത്തിൽ വേഗതയിൽ നടക്കുകയാണ് കുട്ടനെന്നു വിളിക്കപ്പെടുന്ന വേണുക്കുട്ടൻ.

എണ്ണതേച്ച് പുറകോട്ട് ചീകിവച്ച നീളമുള്ള മുടിയും, ടോയ്‌ലെറ്റ് ബ്രെഷ് പോലെയെന്ന് പുകഴ്‌പെറ്റ മീശയും വെട്ടിയൊതുക്കാത്ത നീണ്ട താടിയും, മുഖത്തെപ്പോളും ലോകത്തോടുമൊത്തമുള്ള പകയുമാണ് കുട്ടന്റെ സ്ഥായിയായ ഭാവം. അയാളങ്ങനെ ചരിഞ്ഞുനടക്കുമ്പോൾ ഉയർന്നുതാഴുന്ന പാൽപ്പാത്രം, ഇപ്പോൾ തറയിൽ മുട്ടും മുട്ടില്ല എന്നമട്ടിൽ മൺറോഡിൽ വളർന്നുനിൽക്കുന്ന പുൽനാമ്പുകളിൽ ഉമ്മവയ്ക്കുന്ന പതിവ് ഇന്നും തെറ്റിയില്ല.

പൊൻകുന്നംകാരുടെ സ്ഥലം തുടങ്ങുന്ന വളവിന് ചേർന്നുള്ള തോളത്തിനു നടുവിലൂടെയുള്ള ചെറിയ പാറക്കൂട്ടത്തിൽ നിന്നും ഉറവയെടുത്ത ചെറിയ ഓലിയുടെ അടുത്തെത്തിയപ്പോൾ അയാൾ റോഡരുകിൽ നിന്ന് ഓലിയിലേയ്ക്കുള്ള ഇടുങ്ങിയ നടവഴിയിലെ വഴുവഴുത്ത പാറയിലൂടെ താഴേക്കിറങ്ങി.

പാറക്കൂട്ടത്തിനിടയിൽ നിന്നും ഉറവപൊട്ടി പായലിലൂടെ പനച്ചിറങ്ങുന്ന ചെറുതുള്ളികൾ ചേർന്ന് ഒഴുകിയെത്തുന്ന, കണ്ണീരിനെ തോൽപ്പിക്കുന്നത്ര തെളിമയുള്ള തണുത്ത വെള്ളത്തിൽ മുഖവും കയ്യും, ചെളിപിടിച്ച കാലും കഴുകി, മീശയും താടിയും വെള്ളം തേച്ചൊതുക്കിയിട്ട് കുട്ടൻ പാൽപ്പാത്രം നന്നായി കഴുകി അതിൽ കുറച്ചു വെള്ളവും നിറച്ചു കരക്ക് കയറി. വീണ്ടും കിറുകൃത്യം നാല്പത്തഞ്ച് ഡിഗ്രി വലത്തേക്ക് ചെരിഞ്ഞയാൾ ചെളിയിലൂടെ മുന്നോട്ട്‌ നടക്കാൻ തുടങ്ങി.

അയാൾ ചെരിപ്പിട്ട് ആരും കണ്ടിട്ടേയില്ല .....മനുഷ്യൻ മണ്ണിനെ അറിഞ്ഞുനടക്കണം എന്നാണ് കുട്ടന്റെ ശാസ്ത്രം മണ്ണിനെ തൊടാതെ, അറിയാതെ ജീവിക്കുന്നത് കൊണ്ടാണത്രേ മനുഷ്യർക്ക് ഇക്കണ്ട അസുഖങ്ങളെല്ലാം വരുന്നത്.

മണ്ണിനോടുള്ള സ്നേഹം തന്നെ ആയിരുന്നു കുട്ടന് സ്വന്തം അച്ഛൻ നാണു പിള്ളേച്ചനോട് ശത്രുത വരാൻ കാരണം.. ഒട്ടേറെ ഭൂസ്വത്ത് ഉണ്ടായിരുന്ന , ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന അച്ഛൻ അതെല്ലാം നശിപ്പിച്ചതു കൂടാതെ ആകപ്പാടെയുള്ള സ്ഥലം നാല് ആണ്മക്കൾക്കുമായി വീതം വച്ചപ്പോൾ മണ്ണിനെ കണ്ടമാനം സ്നേഹിക്കുന്ന കുട്ടന് കിട്ടിയത് പതിനേഴ് സെന്റിൽ യെമണ്ടനൊരു പാറക്കെട്ട്!

കുട്ടന് വലിയതെല്ലാം യെമണ്ടനാണ്! പക്ഷേ, ഓടിട്ട വീടിന്റെ പുറകിലത്തെ ഉയർന്ന തിട്ടിലിന്റെ മുകളിൽ നിന്നിരുന്ന വലിയ മാവ് മാത്രം അക്കൂട്ടത്തിൽ പെടില്ല. കുട്ടനോപ്പം വളർന്നതാണാ മാവ്, ഒരു പക്ഷെ അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന്. ആ മാവിന്റെ കിഴക്കോട്ട് പോകുന്ന വലിയ ശിഖരമാണ് അയാളുടെ പ്രധാന താവളം. വല്ലാതെ സങ്കടവും സന്തോഷവും വന്നാലയാൾ അവിടെ കയറി ഇരിപ്പുറപ്പിക്കും. അവന്റെ സങ്കടങ്ങളും സന്തോഷവും എല്ലാം അവിടെയിരുന്ന് ആ മാവിനോടാണ് അവൻ പറയുക...മുകളിൽനിന്നും നോക്കുമ്പോൾ താഴെഭൂമിയിൽ എല്ലാവരും ഒരേ ഉയരമുള്ളവരും നിസാരരുമാണന്നതാണ് അയാളുടെ മറ്റൊരു കണ്ടെത്തൽ.

കുന്നിനക്കരെയുള്ള ശിവദാസന്റെ മകൾ പ്രസന്നയെ കാണാനാണ് കുട്ടൻ ആ മാവിന്റെ അതേ കൊമ്പിൽ തന്നെ കയറുന്നതെന്നൊരു ജനസംസാരമുണ്ട്... പക്ഷേ അയാളുടെ കേൾക്കെ പറയില്ലന്ന് മാത്രം...

ഒരിക്കൽ മാത്രം കുട്ടൻ അതിന്റെ മുകളിൽ നിന്ന് വീണു, നാലഞ്ചുവർഷങ്ങൾക്ക് മുന്നെയൊരു ചിങ്ങമാസത്തിൽ.
അടുത്തകാലം വരെ അന്നത്തെ വീഴ്ചയെപ്പറ്റി കുട്ടനോട് ചോദിച്ചാൽ അയാൾ സ്വതവേ ഉരുണ്ട കണ്ണുകൾ ഒന്നുകൂടി ഉരുട്ടി ഇങ്ങനെ പറയുമായിരുന്നു: "ആ മാവുവെട്ടാൻ സമ്മതിക്കാത്തതിന് കൂടോത്രം വച്ചതാരാണെന്നൊക്കെ എനിക്കറിയാം. മാവിൽ നിന്നും താഴോട്ട് വീഴുന്നേരം നോക്കിയപ്പോ യെമണ്ടനൊരു കല്ലുണ്ട് അവിടെ. തലകുത്തി അതുമ്മേക്ക്‌ വീണാ കൂടോത്രം വെച്ചോരടെ ഉദ്ദേശം നടക്കുമെന്ന് മനസ്സിലായ ഞാൻ പെട്ടെന്ന് ഒറ്റ തിരിയൽ വെച്ച് കൊടുത്തു! അതുകൊണ്ടു കാലടിച്ചാ വീണത്."

കുട്ടൻ മരത്തിൽനിന്നും വീണെന്ന് കേട്ടപ്പോൾ, മരംവീണാൽ പോലും കുട്ടൻ വീഴില്ലെന്നു വിശ്വസിച്ച നാട്ടുകാർ അത്ഭുതം കൂറി. വീണ് ബോധംകെട്ട അയാളെയും കൊണ്ട് ജീപ്പ് ഹെഡ്‍ലൈറ്റിട്ട് ആസ്പത്രിയിലേക്ക് പാഞ്ഞു പോയപ്പോൾ, ജംഗ്ഷനിൽ വച്ച് മറികടന്ന, നീല റിബ്ബണും എവെഗ്രീൻ ഇലകളും കൊണ്ട് അലങ്കരിച്ച അംബാസിഡർ കാറിന്റെ പിന്നിൽ പ്രസന്ന വെഡ്‌സ് സതീശൻ എന്ന് തിളങ്ങുന്ന അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ടായിരുന്നത് ജീപ്പിനുള്ളിൽ ഇരുന്ന ആരും ശ്രദ്ധിച്ചതേയില്ല.

അന്നത്തെ വീഴ്ചക്ക് കാലിൽ നടന്ന സർജറിക്ക് ശേഷം അലോപ്പതി ചികിത്സ നല്ലതല്ലെന്നും പറഞ്ഞു നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി, ഉശിലാംപെട്ടിയിൽ പോയി തിരുമ്മുചികിത്സ നടത്തി വന്നതിനു ശേഷമാണു കുട്ടന് അച്ചുതണ്ടിൽ നിന്നും മൊത്തത്തിൽ നാൽപ്പത്തിയഞ്ച് ഡിഗ്രി ചരിവുണ്ടായത്.

പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമകളാണ് പൊൻകുന്നംകാരെന്നു വിളിക്കുന്ന കുടുംബക്കാർ. അവരുടെ സ്ഥലം പാട്ടത്തിനെടുത്താണ് കുട്ടൻ കൃഷി ചെയ്യുന്നത് .

തലയില്ലാതെ, ശരശയ്യയിലെ അസ്ത്രങ്ങൾ കണക്ക് നിരനിരയായി നിൽക്കുന്ന തെങ്ങുകൾ കഴിഞ്ഞുള്ള കുന്നിൻചെരുവിലെ തന്റെ കൃഷിസ്ഥലത്ത് എത്തിയപ്പോൾ അയാൾ വഴിയരികിൽ പാൽപ്പാത്രം വച്ച്, പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് ചുണ്ടിൽ വച്ചു കത്തിച്ച്, തിളങ്ങുന്ന കണ്ണുകളോടെ കുന്നിൻ ചെരുവിൽ വളർന്നുനിൽക്കുന്ന കപ്പകളെ നോക്കി നിന്നു.

അരയിൽ ലുങ്കിക്ക് ചുറ്റും കെട്ടിയിരുന്ന മങ്ങിയ ചുവപ്പ് നിറമുള്ള ഒരു തോർത്തെടുത്ത് തലക്ക് ചുറ്റും കെട്ടി അയാൾ കപ്പത്തോട്ടത്തിലേയ്ക്ക് ഇറങ്ങി. കരിയിലകിളികൾ ചിലച്ചുകൊണ്ട് കൂട്ടത്തോടെ പറന്നുയർന്നു. കപ്പയിലകളുടെ തുമ്പത്ത് വീഴാനാഞ്ഞു നിന്ന മഞ്ഞുകണങ്ങൾ അവന്റെ തോളിലുരഞ്ഞ്, നെഞ്ചിലും പുറത്തുമായി താളത്തിൽ ഉതിർന്നുകൊണ്ടേയിരുന്നു.

കപ്പത്തോട്ടത്തിനിടയിൽ നട്ടിട്ടുള്ള ഏത്തവാഴയിൽ നിന്നൊരെണ്ണം, അരയിൽ നിന്ന് കത്തിയെടുത്തു വെട്ടി കുല മുറിച്ചെടുത്ത് അയാൾ വീണ്ടും പാൽപ്പാത്രം കൈയിലെടുത്ത് കുട്ടന്റെ മലയാളം മാഷായിരുന്ന സോമൻസാറിന്റെ വീട്ടിലേയ്ക്ക് നടന്നു.

സോമൻ സാറിന്റെ വീടിന്റെമുറ്റത്തെത്തിയപ്പോൾ സാറവിടെ കോലായിൽ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു.

"സാറേ പറഞ്ഞ കുല കൊണ്ടുവന്നിട്ടുണ്ട്"

"ആ കുട്ടനോ കേറി വാടാ, എത്രയാടാ കുലയ്ക്ക് വില'
പത്രം മടക്കി വച്ച് സോമൻ സാർ എണീറ്റു.

"കേറുന്നില്ല സാറേ, അങ്ങ് ചെന്നിട്ട് വേണം പശൂന് വല്ലതും കൊടുക്കാൻ, സാറ് വിലയൊന്നും നോക്കണ്ട. എന്തേലും താ, ഉള്ളതിൽ യെമണ്ടൻ കുലനോക്കിയാ വെട്ടിയത്"

കുട്ടൻ കുല താഴെ വച്ചുകൊണ്ടു പറഞ്ഞു.

"അല്ല കുട്ടാ നീ എപ്പളും പറയുന്ന ഈ യെമണ്ടൻ എന്ന വാക്കിന്റെ അർഥം നിനക്ക് അറിയാവോ?"

സോമൻ സാർ ക്ലാസ്സെടുക്കാനുള്ള മൂഡിലാണ്

അയാളൊന്നും മിണ്ടിയില്ല ,ആ നാട്ടിൽ കുട്ടൻ മറുവാക്ക് പറയാതെ അനുസരിക്കുന്ന ഏകയാൾ സോമൻ സാറാണ്.

"രണ്ടാം ലോകമഹായുദ്ധകാലത്ത് മദ്രാസ് കടൽ തീരത്ത് വീണ് പൊട്ടാതെ പോയ ഒരു ബോംബിന്റെ പേരാണ് എം ടെൻ, അതിൽനിന്നും ഉരുത്തിരിഞ്ഞു വന്നതാണ് യെമണ്ടൻ എന്ന പ്രയോഗം "

സോമൻസറിന്റെ പഠിപ്പീരിൽ പണ്ടേ താല്പര്യമില്ലാത്ത കുട്ടൻ പൈസയും വാങ്ങി പെട്ടെന്നുതന്നെ അവിടുന്നിറങ്ങി.

അഞ്ചെട്ടു മാസം മുന്നേ സഹകരണബാങ്കിലെ ലോൺ കുടിശിക അടക്കാൻ വൈകി ജപ്തിനോട്ടീസ് വന്നപ്പോൾ, കുട്ടൻ വീട്ടിലില്ലാഞ്ഞ സമയം നോക്കി, പിള്ളേച്ചനും തറവാട് വീതം കിട്ടിയ ഇളയമകൻ മണിയും കൂടി ആ മാവുവെട്ടി വിൽക്കാൻ ശ്രമിച്ചു.മരംവെട്ടുകാർ കയറിട്ട് ശിഖരങ്ങൾ ഒന്നുരണ്ടെണ്ണം വെട്ടിയിറക്കിയതിനു ശേഷം കിഴക്കോട്ടുള്ള, കുട്ടനിരിക്കാറുള്ള വലിയ കൊമ്പിൽ വെട്ടിത്തുടങ്ങിയപ്പോളാണ് മാനത്ത് നിന്നും പൊട്ടിവീണ പോലെ കുട്ടൻ ഒരു നിലവിളിയോടെ പാഞ്ഞെത്തിയത്. മാവിൽ ഓടിക്കയറിയ അയാൾ നിലവിളിയുടെയൊപ്പം നാടുമൊത്തം കേൾക്കെ മരംവെട്ടാൻ വന്നവരെയും വീട്ടുകാരെയുമെല്ലാം തെറിവിളിച്ചു. വെട്ടിത്തുടങ്ങിയിരുന്ന ആ കൊമ്പിലിരിപ്പു തുടങ്ങിയ കുട്ടനന്ന് ആരുപറഞ്ഞിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ല. മാവിൽ മഴുവീണാൽ ആ നിമിഷം ഞാൻ ചാടുമെന്നു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുള്ള ആ ഇരുപ്പവസാനിച്ചത് സോമൻ സാറിന്റെ ഇടപെടൽ കൊണ്ടായിരുന്നു.

അന്നയാൾ കരഞ്ഞുകൊണ്ട് സോമൻ സാറിനോട് പറഞ്ഞു
"മനുഷ്യനെപ്പോലല്ല, മണ്ണും മരവും സ്നേഹിക്കുന്നവരെ ചതിക്കില്ല സാറേ"

മാവിനി വെട്ടില്ലെന്ന ഉറപ്പിൽ സഹകരണബാങ്കിലെ പലിശയടക്കാൻ കുട്ടനന്ന് അയാളുടെ കയ്യിലുണ്ടായിരുന്ന ചില്ലറപ്പൈസ വരെ പെറുക്കിയെടുത്ത് കൊടുത്തിട്ട് അച്ഛനോട് പറഞ്ഞു.

"എനിക്ക് യെമണ്ടനൊരു പാറക്കെട്ട് വീതം തന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷെ എനിക്ക് ജീവനുള്ളപ്പോൾ ആ മാവ് വെട്ടാൻ ഞാൻ സമ്മതിക്കില്ല"

അന്നാണ് അവസാനമായി കുട്ടൻ അച്ഛനോട് മിണ്ടിയത്.
സോമൻസാറിന്റെ വീട്ടിൽ നിന്നിറങ്ങി ഒന്ന് തിരിഞ്ഞു സാർ നോക്കുന്നുണ്ടോ എന്നുറപ്പു വരുത്തിയതിനു ശേഷം കുട്ടനൊരു ബീഡി കത്തിച്ചു.

ഒരു പുകയെടുത്ത് തലയുയർത്തി നോക്കിയപ്പോൾ അകലെ നിന്നും അയാളുടെ അനിയൻ മണിയും കൂട്ടുകാരൻ മനോഹരനും നടന്നു വരുന്നത് കണ്ടു. അവരെ ദൂരെ കണ്ടപ്പോൾ തന്നെ കുട്ടന്റെ പുരികം വളഞ്ഞു, മീശ എഴുന്നു നിന്നു, മുഖത്ത് ലോകത്തോടുമൊത്തമുള്ള പക വന്നു നിറഞ്ഞു.

നാലുമാസങ്ങൾക്ക് മുന്നേ അച്ഛന്റെ മുറിയിലെ കുഴമ്പ് ഗന്ധത്തെ മരണത്തിന്റെ രൂക്ഷഗന്ധം തോൽപ്പിച്ചപ്പോളാണ് ശത്രു സ്ഥാനത്തു നിന്നും അച്ഛനെ കുട്ടൻ പടിയിറക്കിയത്. കോലായിൽ അച്ഛൻ വെള്ളപുതച്ചുകിടക്കുന്ന സമയത്ത്, അകത്തിരുന്നു ഒന്നിനു പുറകെ ഒന്നായി അയാൾ ബീഡി വലിച്ചു തള്ളിക്കൊണ്ടിരുന്നു...

അപ്പോൾ കുട്ടന്റെ അടുത്തേയ്ക്ക് മണിയും മറ്റു സഹോദരങ്ങളും എത്തി. അച്ഛനെവിടെ ചിതയൊരുക്കും എന്നതായിരുന്നു വിഷയം. ഒരാൾക്ക് കിട്ടിയ വീതം അതിനകം വിറ്റിരുന്നു, മറ്റൊരാൾക്ക് വീടുവയ്ക്കണം ആ സ്ഥലത്ത്. പിന്നീട് വിൽക്കാൻ നോക്കുമ്പോൾ ചിതയൊരുക്കിയ സ്ഥലമാണെങ്കിൽ അത് നടക്കാതെ വരുമത്രെ.
തറവാട് വീതം കിട്ടിയ മണിക്കാണെങ്കിൽ , വീടൊഴിച്ചാൽ പിന്നെ മുറ്റം മാത്രമേ ബാക്കിയുള്ളു എന്നാണ് പരാതി. തറവാടിന് ചേർന്നാണ് ചിതയൊരുക്കേണ്ടതെന്നും അതിനുള്ളസ്ഥലമുണ്ടെന്നും മൂത്ത സഹോദരങ്ങൾ പരസ്പരം വാദിച്ചു.

വാദം തർക്കത്തിന് വഴിമാറിയപ്പോൾ ഒന്നും മിണ്ടാതെ കയ്യിലിരുന്ന ബീഡിയും വലിച്ചെറിഞ്ഞു കുട്ടൻ ഇറങ്ങിപ്പോയി. ഒരു തൂമ്പയും കൈയിലെടുത്ത്, തനിക്ക് കിട്ടിയ പാറക്കെട്ട് കഴിഞ്ഞു ബാക്കിയുള്ള ചെറിയ സ്ഥലത്തു ചിതയൊരുക്കാനുള്ള നിലമൊരുക്കാൻ തുടങ്ങി, ആരോടും പകയില്ലാതെ.

ചിത കത്തുന്നേരം നോക്കിനിന്നവരിൽ സോമൻ സാറിന്റെ മുഖം കണ്ടപ്പോൾ തല ഉയർത്തി കുട്ടൻ പറഞ്ഞു.

"സാറേ മനുഷ്യനെ കുഴിച്ചിടാനുള്ളതാ മണ്ണ്, അതിനു കണക്ക് പറഞ്ഞാ മണ്ണ് പൊറുക്കൂല'

അന്ന് കുട്ടൻ കരഞ്ഞില്ല പക്ഷെ സോമൻസാറിന്റെ കണ്ണുനിറഞ്ഞു.

അന്നത്തോടെ ശത്രുസ്ഥാനത്തേക്ക് അച്ഛന് പകരം മണിയും കൂട്ടുകാരും കയറിയെത്തി...

മണിയും മനോഹരനും നടന്ന് അടുത്തെത്തിയപ്പോൾ മനോഹരൻ കുട്ടനോട് പറഞ്ഞു...

"ഡാ അക്കരേലെ പ്രസന്നയെ കൊണ്ടു വന്നിട്ടുണ്ട് കേട്ടോ, ദേഹം മൊത്തം പൊള്ളിയത്രെ! കെട്ടിയോൻ തീ കത്തിച്ചതാ, നീ അറിഞ്ഞാരുന്നോ?"

കുട്ടൻ ഞെട്ടലോടെ തലയുയർത്തി. മനോഹരന്റെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടായിരുന്നു
അടുത്തുണ്ടായിരുന്ന മണി ഇടംകണ്ണിട്ട് കുട്ടനെ ശ്രദ്ധിച്ചു.

ഒരുനിമിഷം നഷ്ടപെട്ട നടപ്പിന്റെ താളം വീണ്ടെടുത്ത് അയാൾ നാല്പത്തഞ്ചു ഡിഗ്രി ചരിഞ്ഞു വീണ്ടും നടത്തം തുടർന്നു.

വീട്ടിലെത്തിയയുടൻ അയാൾ പാൽപ്പാത്രം കോലായിൽ വച്ച്, പശുത്തൊഴുത്തിൽ ചെന്ന് അവയ്ക്ക് പുല്ലുവാരിയിട്ട് കൊടുത്ത ശേഷം വീടിന് പിന്നാമ്പുറത്തേയ്ക്ക് നടന്നു...

മുകളിലേയ്ക്ക് കയറാനുള്ള നടവഴിയിലൂടെ കയറി തിട്ടിലിന്റെ മുകളിൽ എത്തി, പിന്നെ വലിക്കാൻ മറന്നു കെട്ടുപോയ ബീഡിയും ചുണ്ടിൽ കടിച്ചു പിടിച്ചു ഉണങ്ങിത്തുടങ്ങിയിരുന്ന വലിയൊരു മാവിൻകുറ്റിയിൽ ഇരിപ്പുറപ്പിച്ചു.

അന്നേരം മാവിൻ കുറ്റിയുടെ കിഴക്കു ഭാഗത്തു നിന്നും പൊട്ടിമുളച്ചു വളർന്ന നാലുമാസത്തോളം പ്രായമുള്ള ഒരു പുതുനാമ്പ് അയാളുടെ യെമണ്ടൻ താടിരോമങ്ങളിൽ അങ്ങനെ പതിയെ, തൊട്ടുരുമ്മി നിന്നു. എവിടെനിന്നോ വഴിതെറ്റി വന്ന ഒരു കാറ്റ് ദിശയറിയാതെ ഒരുനിമിഷം പകച്ചു നിന്നശേഷം എന്തോ മനസിലാക്കിയപോലെ ,കുട്ടനെയൊന്ന് വട്ടം ചുറ്റി പറയപ്പെടാത്ത ഏതോ സന്ദേശവും പേറി കിഴക്കേ മലയിലേക്ക് യാത്രയായി.

**

ജോബി ജോർജ്ജ് മുക്കാടൻ
04-11-2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot