നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സർവ്വ മംഗള മാംഗല്യേ.


"ഇതെന്താ സുനിത പട്ടു സാരീ ഉടുത്തിരുന്നത്? നോക്ക് ചുവപ്പ് കളർ പട്ടു സാരീ.. സാധാരണ വെള്ളയും ഇളം നിറങ്ങളും ഉടുക്കുന്നവളാ.. "
ആൾക്കാരുടെ അടക്കി പിടിച്ചുള്ള സംസാരം സുനിതയുടെ കാതിലും വീണു. അവൾ മകൾ അനുപമയെ ഒരു കൂർത്ത നോട്ടം നോക്കി. ഒന്നുമില്ല എന്ന് കുസൃതി ചിരി ചിരിച്ചു അനുപമ. വധു വേഷത്തിൽ അവൾ ഒരു ദേവസുന്ദരിയെ കണക്ക് ജ്വലിച്ചു. ഓഡിറ്റോറിയം നിറഞ്ഞ് ആൾക്കാർ. മണ്ഡപത്തിൽ രാജീവ്‌. രാജീവ്‌ അവളെ നോക്കി പുഞ്ചിരിച്ചു. മറുചിരി മടക്കി അനു. അവളെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് ആനയിക്കാൻ ഒരുങ്ങുമ്പോൾ സദാശിവൻ അരികിൽ വന്നു.
"ഞാൻ മണ്ഡപത്തിലേക്ക് കൊണ്ട് പൊയ്ക്കൊള്ളാം . അച്ഛൻ മരിച്ചാൽ ആ സ്ഥാനം ചിറ്റപ്പന് ആണെന്നറിയില്ലേ സുനിതയ്ക്ക്? ഇതൊരു മംഗള കർമ്മം അല്ലെ? അതോ നിന്റെ വിധി അവൾക്കും വരട്ടെ എന്നോ? "
മൂർച്ചയുള്ള വാചകങ്ങൾ സുനിതയുടെ നെഞ്ചിനെ കീറി കണ്ണിൽ നീർ നിറഞ്ഞ് കാഴ്ച മറഞ്ഞു. അനുപമ എന്തോ പറയാൻ ആഞ്ഞതും സുനിത അപേക്ഷയുടെ ഭാവത്തിൽ നോക്കി ഒന്നും പറയല്ലേ മോളെ എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
അച്ഛൻ മരിച്ചപ്പോ ഇയാളുടെ വീട്ടുപടിക്കൽ പോയിട്ടുണ്ട് പലതവണ. ഫീസ് കൊടുക്കാൻ കാശിന്, അച്ഛൻ മേടിച്ച കടങ്ങൾ വീട്ടാൻ എന്തെങ്കിലും ഒരു സഹായത്തിന്.. ഒന്നും ചെയ്തിട്ടില്ല. നിന്റെ അമ്മക്ക് നല്ല ആരോഗ്യമുണ്ടല്ലോ ഒരു ജോലിക്ക് പോകാൻ പറ എന്ന് പറഞ്ഞു ആട്ടിയോടിച്ചു ഈ മനുഷ്യൻ. അമ്മക്ക് വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു തുണിക്കടയിൽ പോയി തുടങ്ങി. പിന്നെ ഒരു തയ്യൽ മെഷിൻ വാങ്ങി തയ്ച്ചു കൊടുക്കാൻ തുടങ്ങി.. രാത്രി പകലാക്കി ചക്രം ചവിട്ടി പഠിപ്പിച്ചു തന്നെയും അനിയത്തി യെയും. ഇന്ന് തങ്ങൾക്ക് ജോലി കിട്ടിയപ്പോൾ കഷ്ടതകൾ മാറി തുടങ്ങിയപ്പോൾ ബന്ധുക്കൾ ആയി. സഹകരണം ആയി. അവൾക്ക് ഹൃദയത്തിൽ തീ പിടിക്കും പോലെ തോന്നി അയാളുടെ കൈ ബലമായി വിടുവിച്ചു അവൾ അമ്മയുടെ കൈ പിടിച്ചു നടന്നു തുടങ്ങി. മണ്ഡപത്തിനു മൂന്ന് വലതു വെച്ചു രാജീവിന്റെ അരികിൽ ഇരുന്നു.
താലിക്കായി പ്രാർത്ഥനയോടെ കണ്ണടച്ച് ഒരു നിമിഷം കൈകൂപ്പി അനുപമ. സുനിതയും കണ്ണീരോടെ ആ നിമിഷം പ്രാർത്ഥിച്ചു കൊണ്ടിരുന്നു. താലികെട്ടിന് ശേഷം കൈപിടിച്ച് കൊടുക്കുന്ന ചടങ്ങാണ്. സുനിതയുടെ കയ്യിൽ പിടിച്ചു അനുപമ. അമ്മ മതി എന്ന് ഒരപേക്ഷ അവളുടെ കണ്ണിൽ നിറഞ്ഞ് നിന്നു.
"കൈ പിടിച്ച് കൊടുക്കാൻ പുരുഷൻമാർ ആരും ഇല്ലേ? "
സുനിത മകളുടെ കൈയിൽ നിന്നു പെട്ടെന്ന് കൈ വിട്ടു. ചോദ്യം രാജീവിന്റെ അമ്മാവന്റെതായിരുന്നു..
"വിധവകൾക്കു ഇത് പാടില്ല എന്നറിയില്ലേ? "അയാൾ ഉറക്കെ ചോദിച്ചു
അനുപമ എരിയുന്ന കണ്ണുകളോടെ അയാളെ നോക്കി. രാജീവും അമ്പരപ്പോടെ അമ്മാവനെ നോക്കി. എന്തോ പ്രശ്നം ഉണ്ടെന്ന് ആൾക്കാർ മനസിലാക്കി അവരും നോക്കുന്നുണ്ട്
"എന്റെ അമ്മയോളം അതിന് യോഗ്യത ഉള്ളവർ ഈ ഭൂമിയിൽ ഇല്ല അങ്കിളേ "
അനുപമ ഉറച്ച സ്വരത്തിൽ പറഞ്ഞു
"യോഗ്യത ഒക്കെ അവിടെ നിൽക്കട്ടെ.. ഇത് ഒരു ശുഭകാര്യമാണ്. ഭർത്താവ് മരിച്ച സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ല "അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞു.
"നിർത്തു.. ഇനി ഒരക്ഷരം പറയരുത്.. ഭർത്താവ് മരിച്ച സ്ത്രീ, വിധവ.. കേട്ട് മടുത്തു "
അവൾ കുറച്ചു കൂടി മുന്നിലായി വന്നു സദസ്സിൽ ഇരിക്കുന്നവരെ കൈ കൂപ്പി. സദസ്സ് നിശബ്ദമായി
"എനിക്ക് അച്ഛനില്ല. കുഞ്ഞിലേ മരിച്ചു പോയി. എന്റെ എല്ലാം ഈ അമ്മയാണ്. അമ്മ ഒറ്റയ്ക്കാണ് എന്നെയും അനിയത്തിയെയും വളർത്തിയത്.. ഈ കൂട്ടത്തിൽ എന്റെ അമ്മയെ പോലെ ഒത്തിരി പേരുണ്ടാകും. ഭർത്താവ് മരിച്ചത് കൊണ്ട് ശുഭകാര്യങ്ങൾ നിഷേധിക്കപ്പെട്ടവർ. നിറം നിഷേധിക്കപ്പെട്ടവർ. അവർ പൊട്ടു തൊടരുത്. കടും ചുവപ്പ് നിറങ്ങൾ അണിയരുത്, കുപ്പിവളകൾ ഇടരുത്.. ഇങ്ങോട്ട് വന്നപ്പോൾ പലരും പിറുപിറുക്കുന്നത് ഞാൻ കേട്ട് സുനിത ചുവപ്പ് സാരീ ഉടുത്തത് എന്തിന്? അതെന്താ ഭർത്താവ് മരിച്ചു പോയത് കൊണ്ട് അവർ ജീവിക്കണ്ടേ അവർക്ക് സന്തോഷം വേണ്ടേ? നിങ്ങൾ ഒക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? "
"മോളെ മതി ഇവിടെ വാ "
സുനിത അവളെ ചേർത്ത് പിടിച്ചു
"പത്തു മാസം വയറ്റിൽ, പിന്നെ ഒരു ജന്മം മുഴുവൻ മനസ്സിൽ ചുമക്കുന്നവളാണ് അമ്മ. എന്നും എക്കാലവും ആരും ജീവിച്ചിരിക്കില്ല ഭാര്യ മരിച്ച ആണുങ്ങൾക്ക് ഇത് ബാധകമല്ലല്ലോ അതെന്താ? "
രാജീവ്‌ മെല്ലെ അവൾക്ക് അരികിൽ വന്നു അവളെ ചേർത്ത് പിടിച്ചു. അനുപമ അറിയാതെ ആ തോളിലേക്ക് തലയണച് കരഞ്ഞു പോയി
"അമ്മ തന്നെ കൈ പിടിച്ചു തരും .. അമ്മാവൻ പറഞ്ഞ വിവരക്കേടിനു ഞാൻ ക്ഷമ ചോദിക്കുന്നു.. പിന്നെ ഈ കൂടിയവരിൽ ഈ അമ്മയെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ.. ഞങ്ങളെ ഇവിടെ ഈ മണ്ഡപത്തിൽ വന്നു അനുഗ്രഹിക്കണം.. അപേക്ഷ ആണ് "
രാജീവിന്റെ ശബ്ദം കേട്ട് അനുപമ അവന് നേരെ മുഖം ഉയർത്തി
"വിഷമിക്കണ്ട ഞാൻ ഒപ്പം
ഉണ്ട്.. "അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു.
അവൾ പെട്ടെന്ന് കുനിഞ്ഞു ആ കാൽ തൊട്ട് വന്ദിച്ചു
"പഴഞ്ചൻ ആചാരമാണ് ഇതൊക്കെ "രാജീവ്‌ കാൽ വലിച്ചു
"അച്ഛന്റെയും അമ്മയുടെയും എല്ലാ മുതിർന്നവരുടെയും കാൽ തൊട്ട് വന്ദിച്ചു അനുഗ്രഹം വാങ്ങിയാണ് പെൺകുട്ടികൾ കല്യാണം കഴിക്കുക ..ഒപ്പം എന്നുമുണ്ടാകും എന്ന് വാക്ക് തരുന്ന ഭർത്താവിന്റെ സ്ഥാനം പെണ്ണിന് അതിലും ഒരു പാട് മേലെയാണ് രാജീവ്‌. നന്ദി എന്റെ ഒപ്പം നിന്നതിനു "അവൾ ഇടർച്ചയോടെ പറഞ്ഞു.
രാജീവ്‌ പുഞ്ചിരിച്ചു
ഒരു പാട് അമ്മമാരുടെ അനുഗ്രഹത്തോടെ സുനിത മകളുടെ കൈ രാജീവിന്റെ കൈകളിൽ ചേർത്ത് വെച്ചു..
കാലമെത്ര മാറിയിട്ടും ഇന്നും മാറാതെ നിൽപ്പുണ്ട് ഇങ്ങനെ ചിലത്..
മാറട്ടെ മനുഷ്യന്റെ ക്ലാവ് പിടിച്ച മനസ്സിന്റെ അഴുക്ക്..

Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot