Slider

പത്രോസമ്മച്ചിയുടെ(സു)വിശേഷങ്ങൾ ..! (കഥ)

0


'കല്ലാനോട് ' എന്നെഴുതിയ ബസ്സു തിരഞ്ഞു നടക്കുന്നതിനിടെ അന്നയുടെ മനസ്സിൽ നിന്നും ആ പേര് ഊർന്നുവീണത് പക്ഷെ അവളറിഞ്ഞിരുന്നില്ല. ഒടുവിൽ സർക്കാരാശുപത്രിയിലെ വരാന്തയിൽ കൂട്ടിനാരുമില്ലാതെ തളർന്നിരിക്കുന്ന
രോഗി കണക്കെയുള്ള ബസ്സിനെ കണ്ടെത്തുമ്പോഴേക്കും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് അത് പതിച്ചിരുന്നു. .

സൈഡ് സീറ്റുകൾ ഏറെക്കുറെ നിറഞ്ഞിരുന്നെങ്കിലും ഒഴിവുള്ള ഒന്നിൽ അവളും ഇരുപ്പുറപ്പിച്ചു. രണ്ട് മണിക്കൂറിനടുത്ത് യാത്രയുണ്ടെന്നാണ് ലില്ലി പറഞ്ഞിരിക്കുന്നത് ,പുതുവഴി താണ്ടാൻ സൈഡ് സീറ്റിനോളം നല്ലൊരു മാർഗ്ഗമില്ലെന്ന് ആർക്കാണറിയാത്തത് , പ്രത്യേകിച്ചും മനസ്സ് ശൂന്യമാണെങ്കിൽ ....!

വെക്കേഷൻ തുടങ്ങുന്ന അന്നേ ലില്ലി പറഞ്ഞതാണ് കൂടെപ്പോരാൻ ,തന്റെ ഏകാന്തതയ്ക്കുള്ള മരുന്ന് അവളുടെ പക്കലുണ്ടെന്ന് പല തവണ പറഞ്ഞിരുന്നു. പക്ഷെ അന്നെന്തോ അത്ര തോന്നിയില്ല. രണ്ടു ദിവസം ഹോസ്റ്റലിൽ ഒറ്റയ്ക്കിരുന്നപ്പോൾ മനസ്സിന്റെ പിടി അയഞ്ഞുതുടങ്ങി ,പ്രതീക്ഷകൾ നിഷ്ഫലമാണെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്നു. അതാണ് പെട്ടന്ന് ചാടി പുറപ്പെട്ടത്.

ഒരു പുഴപോലെ നേർത്തും
നിറഞ്ഞുമൊഴുകിയ ബസ്സ് അതിന്റെ ലക്ഷ്യസ്ഥാനത്ത് കിതച്ചു നിന്നു. അന്ന ഫോണെടുത്ത് ലില്ലിയെ വിളിക്കാനാഞ്ഞതും അവളുടെ വിളി വന്നു.

"നീയെത്തിയില്ലേ ..?" ലില്ലിയുടെ ശബ്ദത്തിന് മാധുര്യമേറിയപോലെ തോന്നി .
"ഞാൻ വിളിക്കാൻ ദേ ഫോണെടുത്തപ്പോഴാ നിന്റെ വിളി ,..... നീ പറഞ്ഞ പേര് എത്ര ഓർത്തിട്ടും കിട്ടുന്നില്ല ..ആരുടെ വീട് എന്നായിരുന്നു അന്വേഷിക്കേണ്ടത് ..?"

"പത്രോസമ്മച്ചി ....!"

അന്ന ഒരോട്ടോയിൽ കയറി അൽപ്പമൊരു ജാള്യതയോടെ ആ പേരു പറഞ്ഞു ,ഇനി ഓട്ടോക്കാരൻ വല്ലതും പറയുമോ എന്നായിരുന്നു അവളുടെ സംശയം.
"ങ്ങാ, കേറിക്കോ ... പാടത്തിന്റെ കരയിലേ ഇറക്കൂ ... അവിടുന്ന് നോക്ക്യാൽ കാണും ."

ഓട്ടോക്കാരൻ ഒരു ഭാവഭേദവുമില്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്തു .
ലില്ലി അവളുടെ വല്യമ്മച്ചിയെപ്പറ്റി എപ്പോഴും പറയുമെങ്കിലും ഈ പേര് ഇതുവരെ
പറഞ്ഞിട്ടില്ലെന്നവളോർത്തു .കല്ലുപാകിയ വഴിതാണ്ടി ഒരു പാടത്തിനരികേ ഓട്ടോ നിന്നു. "ദാ ആ കാണുന്നതാ വീട് ."
വയൽവരമ്പിലെ ചെളിയിൽ നഗ്നപാദമൂന്നി ഒരു കൈയ്യിൽ ചെരുപ്പും മറുകൈയ്യിൽ ബാഗുമായി അഭ്യാസിയെപ്പോലെ അന്ന നടന്നു. ലില്ലി അവളേയും കാത്ത് പടിക്കൽത്തന്നെ നിൽപ്പുണ്ടായിരുന്നു.

"നിനക്കന്നേ എന്റെ കൂടെ പോരാൻ മേലായിരുന്നോ... അപ്പോ അവൾക്ക് ഗമ ...!"

"മതിയായിരുന്നു ,ഈ
ഓണംകേറാമൂലയിൽ എത്താനുള്ള പാട് ... അന്വേഷിക്കേണ്ട പേരാണെങ്കിലോ അതും ഒരു വക... ഇതെന്താ വല്ല വട്ടപ്പേരുമാണോ ...? "

"വല്യമ്മച്ചി അങ്ങിനെയാ അറിയപ്പെടുന്നേ .. അതൊക്കെ വല്ല്യ കഥയാണ് ."
നടക്കുന്നതിനിടെ ലില്ലി പറഞ്ഞു.

വരാന്തയിലെ ചാരുകസേരയിൽ
പഴമയുടെ ചേലിൽ ഒരമ്മച്ചി .. ഇരുനിറവും മുഖം നിറയെ ഗൗരവവും .വല്യമ്മച്ചി അന്നയെ അടിമുടിയൊന്നു നോക്കി,

"ഇതാണോ നീ പറഞ്ഞ ടീച്ചർ ... ഇവളെന്നാ അടിയിലൊന്നും ഇട്ടിട്ടില്ലെ ...? "

അന്ന പകച്ചുപോയി, തന്റെ ബോഡി കളർ ലഗ്ഗിൻസിലേക്ക് ജാള്യതയോടെ അവളൊന്നു നോക്കി ... സ്ത്രീകൾ തന്നെയാണ് ഏതൊരു സ്ത്രീയുടേയും മുഖ്യശത്രു എന്ന് പറയുന്നതിൽ കഴമ്പുണ്ടെന്നവൾക്കു തോന്നി ...!

ലില്ലി വല്ലാത്തൊരവസ്ഥയിലായിരുന്നു ...,
അന്നയെ അവൾക്ക് ശരിക്കറിയാം ,അവൾ തിരിച്ചൊന്നും പറയാത്തതിൽ ലില്ലി തെല്ലാശ്വസിച്ചു. അന്നത്തെ ദിവസം പക്ഷെ അന്ന സ്വന്തം വ്യക്തിത്വത്തെ മറയ്ക്കാൻ ഏറെ പണിപെട്ടിരുന്നു.

പതിവു പ്രാർത്ഥനയ്ക്ക് ശേഷം ഒരുമിച്ചുള്ള അത്താഴം അന്നയ്ക്ക് പുതിയൊരുൻമേഷം പകർന്നിരുന്നു ,അഴിഞ്ഞു പോയ സുവർണ്ണകാലത്തിന്റെ കച്ചിത്തുരുമ്പിൽ അവൾ പതിയേ വിരലോടിച്ചു.

"നീയെന്നതാ കൊച്ചേ , എണ്ണം പിടിക്കുവാന്നോ ..വാരി കഴിച്ചുടെ ...? മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെന്നുംവെച്ച് ഭക്ഷണം കഴിക്കേണ്ട എന്നല്ല .. ച്ചിരി പുഷ്ടിയൊക്കെ വേണം. ഒന്നുമില്ലേലും
നിന്റെ കെട്ടു കഴിഞ്ഞതല്ലിയോ ..! "

അമ്മച്ചി അത് പറഞ്ഞത് തന്റെ മാറിലേക്ക് നോക്കിയാണെന്നത് അന്നയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു . അവളുടെ മനസ്സിൽ സോളമൻ നിലകിട്ടാതെ ആടിയുലയാൻ തുടങ്ങി .

പിറ്റേന്ന് രാവിലെ ലില്ലിയും അപ്പനും അമ്മയും കൂടെ കൂരാച്ചുണ്ടിലെങ്ങാണ്ട് ഒരു മനസ്സമ്മതം കൂടാൻ പോയതോടെ അന്ന, അമ്മച്ചിയുടെ സുവിശേഷ പ്രസംഗത്തിന്റെ ശ്രോതാവാകാൻ വിധിക്കപ്പെട്ടു. അപ്പവും മുട്ടക്കറിയും കഴിച്ച് പതിവ് പത്രപാരായണത്തിന്റെ ലഹരിയിലിരിക്കുന്ന അമ്മച്ചിയുടെ മുമ്പിലേക്ക്
ബെഡ് കോഫിയുമായി വന്ന അന്ന പക്ഷെ അപകടം മണത്തിരുന്നില്ല.

"ങ്ങാ കൊച്ചെണീറ്റോ ... ഇന്നലെ രാത്രിയാ കേട്ടോ കൊച്ചിന്റെ കാര്യം മുഴുക്കനെ ലില്ലി എന്നോട് പറഞ്ഞത്... അല്ലെങ്കിലും അമ്മയില്ലാത്ത കൊച്ചുങ്ങൾക്ക് ചൊല്ലുവിളി ഇച്ചിരി കുറവായിരിക്കും ... ദൂരെ പള്ളിക്കൂടത്തില് താമസിച്ചാ അല്ലിയോ പഠിച്ചേ ..?"

ഇന്നലത്തെ അമ്മച്ചിയല്ല ഇന്നെന്ന്
അന്നയൂഹിച്ചു. .. അവൾ അലസമായൊന്നു മൂളി.

"വിനയത്തോടും സുബോധത്തോടും കൂടി വസ്ത്രം ധരിക്കണമെന്നല്ലേ .. ഒന്നുമില്ലേലും കൊച്ചൊരു ടീച്ചറല്ലിയോ.. "

"ശരിയാ വല്യമ്മച്ചീ ... പക്ഷെ സ്കൂളിലേക്ക് ചുരിദാറാ ഇടാറ് .. യാത്രയാതോണ്ടാ .." അമ്മച്ചി പറയുന്നതിലും കാര്യമുണ്ടെന്ന് അന്നയ്ക്ക് തോന്നി.

വിളഞ്ഞ നെല്ലിന്റെ മണവുംപേറി വന്ന ഒരു കാറ്റ് അന്നയെത്തഴുകി കടന്നു പോയി , ലില്ലി തന്നെക്കുറിച്ച് എല്ലാം പറഞ്ഞു കാണും , അമ്മയില്ലാത്ത കുട്ടിയെ ബോർഡിങ്ങിലാക്കി മറ്റൊരു വിവാഹം കഴിച്ച അപ്പനെക്കുറിച്ച് ചിലപ്പോൾ മോശമായി ആവും പറഞ്ഞിരിക്കുക. ഒരു തരത്തിൽ അപ്പൻ തന്നെ രക്ഷിച്ചതല്ലേ ..?

അവൾ ബ്രഷ്ചെയ്തു കൊണ്ട് തൊടിയിലൂടെ നടന്നു. സോളമൻ തന്നെ അന്വേഷിക്കുന്നുണ്ടാവുമോ .. സാദ്ധ്യത കുറവാണെന്നവൾക്കറിയാമായിരുന്നു. തിരിച്ചുമാവാം എന്നായിരിക്കും അയാളിപ്പോൾ ചിന്തിക്കുന്നത് .

"വാ കൊച്ചെ .. വല്ലതും കഴിക്കണ്ടായോ .."

വല്ല്യമ്മച്ചിയുടെ ശബ്ദം കേട്ടപാടെ അവൾ മുഖംകഴുകി കഴിക്കാൻ ചെന്നു. .. അടുത്തിരുന്ന് വിളമ്പിത്തരുന്ന അമ്മച്ചിയോട് അവൾക്കാദ്യമായി ഒരിഷ്ടം തോന്നി .. നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടിയപോലെ. .. കൊച്ചുവർത്തമാനങ്ങൾക്കിടെ അവളന്ന് പതിവില്ലാതെ വയറ് നിറച്ച് കഴിച്ചു. ..

"കെട്ടിയോനുമായി അത്ര രസത്തില്ലല്ലേ ..?"

ഒരുപാട് കേട്ട ചോദ്യമായതിനാലാവാം അന്നയിൽ പ്രത്യേക ഭാവമാറ്റങ്ങളൊന്നും പ്രകടമായിരുന്നില്ല. ഈയിടെയായി തന്നോട് സംസാരിക്കുന്നവർ ചെന്നെത്തുന്ന ചുഴിയാണീ ചോദ്യമെന്നവൾക്ക് തോന്നി .ആദ്യമൊക്കെ അതിൽക്കിടന്ന് ശ്വാസം മുട്ടിയിരുന്ന അന്ന ഈയിടെയായി അതിന്റെ ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങും .
സോളമന്റെ കുഴഞ്ഞ മണം .... അത് നാസാരന്ധ്രങ്ങളിൽ തുളച്ചുകയറുമ്പോൾ അവളൊരു ദീർഘനിശ്വാസത്തോടെ പറയാൻ തുടങ്ങും ..

"ഉണ്ടെന്നും ഇല്ലെന്നും പറയാം ..! "

വിരസരാത്രികൾ വീണുടയുന്ന നാളുകൾക്കായി കാത്തിരിക്കുന്നു ..... അർത്ഥ ശൂന്യമാണെന്നറിയാം ...!

എങ്കിലും ...?

"ഉണ്ടെന്ന് പറയാൻ എന്തിനാ
മടിക്കുന്നേ ..? "

വല്യമ്മച്ചിയുടെ ചോദ്യങ്ങളൊക്കെയും ശരസമാനമാണെന്നവൾക്കു തോന്നി, അതിങ്ങനെ തറച്ചു നിൽക്കും ...!

ബോർഡിങ്ങും ഹോസ്റ്റലും നൽകിയ വിരസതയുടെ മണൽപ്പരപ്പിൽ പെയ്തിറങ്ങിയ മഴയായിരുന്നു സോളമൻ .. പെയിന്റിങ്ങിൽ വിസ്മയം തീർക്കുന്ന മാന്ത്രികൻ ..

" ശരിയാണ് വല്യമ്മച്ചീ , പുള്ളിയുടെ സന്തോഷം മുഴുവനും ചിത്രമെഴുത്തിലും കൂട്ടുകാരിലുമായിരുന്നു . നട്ടപ്പാതിര വരെ കൂട്ടുകൂടലും കുടിയും ചർച്ചകളും .

ഈയിടെയായി ചിത്രംവര പാടെ നിന്നു. വെറും കൂട്ടുകൂടൽ മാത്രം .കൂട്ടുകാരുടെ കണ്ണുകൾ എന്നിലേക്ക് നീണ്ടതോടെ ഞാൻ അവിടംവിട്ടു ഹോസ്റ്റലിൽ താമസമാക്കി .ജോലിയുള്ളത് കൊണ്ട് സമാധാനമായി ജീവിക്കുന്നു."

''ഭാര്യാഭർതൃ ബന്ധത്തിന്റെ അടിസ്ഥാനമെന്താന്ന് കൊച്ചിനറിയാമോ...?"

"പരസ്പരവിശ്വാസം ... "

വല്യമ്മച്ചി ഒന്നിരുത്തി മൂളി,

"അങ്ങിനെ വിശ്വസിച്ചോണ്ടിരുന്നാൽ ഇത്പോലെ ആവും ...ഭാര്യാഭർത്താക്കന്മാർ രണ്ടല്ല ഒരു ശരീരമാണ് എന്ന് വായിച്ചിട്ടില്ലേ ... ഭർത്താവ് സിംഹമാണേൽ നീ നല്ല മാൻപേടയാവണം . എങ്കിലേ വേട്ട നടക്കൂ .. സിംഹത്തിനെ വേട്ടയാടുന്ന മാൻപേട. ...! ഏതവനാണേലും താനെ വന്നോളും .....!"

അന്നയൊന്നു ചിരിച്ചു. .. "വേട്ടമടുത്തിട്ടാവുമല്ലേ .. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നത്. ..? "

"പുതിയ കാലം .നിങ്ങളൊക്കെ
എടുത്തുചാട്ടക്കാരും ...കൊച്ചിനറിയാമോ, ഭാര്യയുണ്ടങ്കിലേ ഒരാൾ ഭർത്താവാകുന്നുള്ളൂ .അല്ലെങ്കിൽ ഒരു വെറും പുരുഷനല്ലേ ..? ഈ മാളിയേക്കൽ തറവാടിനൊരു ചരിത്രമുണ്ട് .എന്താന്നറിയ്യോ .. ഇവിടെ പുരുഷസന്താനങ്ങൾ ഉണ്ടാവുന്നേയില്ല. അധിക തലമുറയിലും ഒറ്റമോൾ മാത്രം .ഇപ്പോഴുമങ്ങിനെത്തന്നെ. ഞാനും മറിയയും ലില്ലിയും ...! ഇനിയെന്താവുമെന്ന് കർത്താവിനറിയാം "

ലില്ലിയ്ക്ക് കുട്ടികളുണ്ടാവത്തതിൽ വലിയ വിഷമമുണ്ടെന്ന് അന്നയ്ക്കറിയാം. വിവാഹം കഴിഞ്ഞിട്ട് രണ്ട് രണ്ടര വർഷത്തോളമായി .. ഭർത്താവ് മാത്യൂസ് നേവിയിൽ ഉദ്യോഗസ്ഥനാണെന്നതും, ഈയടുത്ത് ലില്ലിയ്ക്ക് ജോലി കിട്ടുന്നതുവരെ അവരൊന്നിച്ച് വിശാഖപട്ടണത്തായിരുന്നുവെന്നതും ലില്ലി പറഞ്ഞതവളോർത്തു.

ഒരു കുഞ്ഞുണ്ടാവുന്നത് വൈവാഹിക ജീവിതത്തിൽ അത്ര പ്രധാന്യമുള്ളതാണോ ..? അന്ന അലസമായി ചിന്തിച്ചു.

അവളുടെ ചിന്തകൾക്കു മേലെ വല്യമ്മച്ചിയുടെ ശബ്ദം പതിഞ്ഞു.

"അവളുടെ കെട്ടിയോൻ അടുത്താഴ്ച ലീവിന് വരുന്നുണ്ട് ... ഇവിടടുത്തുള്ള ഡോക്ടറെ കുറേയായി കാണിക്കുന്നു .ഇന്നും പോവാനുണ്ട്, അവര് ഡോക്ടറെ കണ്ടേച്ചേ വരത്തുള്ളു. എന്താവുമെന്തോ...? ഒരു കുഞ്ഞിക്കാല് കാണാതെ
പോവേണ്ടിവരുമെന്നാ തോന്നുന്നേ ... പെണ്ണെങ്കിൽ പെണ്ണ് .ഒന്നുണ്ടായ്യേച്ചാ മതിയാർന്നു. ..... "

"എല്ലാം ശരിയാവുമെന്നേ ... വല്ല്യമ്മച്ചിക്ക് ലാളിക്കാൻ ഒരു കൊച്ചുമോൻ തന്നെ വരും,
ചരിത്രങ്ങളൊക്കെ മാറും .."

"വേണ്ട കൊച്ചേ ..ചരിത്രം ഒക്കെ
അങ്ങിനെത്തന്നെ നിന്നോട്ടെ .. അതാ ഒരു കണക്കിന് നല്ലത് , ഒരിക്കലത് ഞാൻ മാറ്റിമറിച്ചിരുന്നു."

വിദൂരതയിലേക്ക് മിഴികളെറിഞ്ഞ് വല്യമ്മച്ചി ദീർഘമായി ഒന്നു നിശ്വസിച്ചു .

"എനിക്ക് ആദ്യം പിറന്നത് ഒരു പുത്രനായിരുന്നു. ...! പത്രോസ് ...,

മാളിയേക്കൽ തറവാട് ഒരുപാടാഘോഷിച്ച ജനനം .. നിനക്കറിയാമോ ...റാഹേൽ എന്ന എന്റെ പേര് പോലും പിന്നീട് ഞാൻ കേട്ടിട്ടില്ല ,എല്ലാവർക്കും ഞാൻ
പത്രോസമ്മച്ചിയായി. ...പക്ഷെ ...!"

ഒരിളം കാറ്റ് വല്യമ്മച്ചിയുടെ സജലനേത്രങ്ങളിലേക്ക് ആർദ്രമായൊന്നെത്തി നോക്കി.

വല്യമ്മച്ചി വല്ലാതെ സങ്കടത്തിലായെന്നറിഞ്ഞ അന്ന അവരെ ചേർത്തു പിടിച്ചു. .. "വല്യമ്മച്ചി ഒന്ന് വിശ്രമിക്ക് അപ്പോഴേക്കും ഞാൻ കുളിക്കട്ടെ ... "

കുളിക്കിടയിലും അന്നയുടെ മനസ്സിൽ അമ്മച്ചി പറഞ്ഞ കാര്യങ്ങളായിരുന്നു. ജീവിതം, ജീവിച്ചു തന്നെ തീർക്കണമെന്നറിയാഞ്ഞിട്ടില്ല ...പക്ഷെ ...!

പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിൽ നിറഞ്ഞ സങ്കീർത്തനങ്ങൾ അവളേറ്റുപാടി ..
ആറ്റുനോറ്റുണ്ടായ ഒരാൺകുട്ടിയേ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഒരമ്മ .. അവന്റെ പേര് ചേർത്ത് തന്നെ വിളിക്കുന്നതിൽ അവർ കണ്ടെത്തുന്ന ആനന്ദം .

ജീവിക്കണം ..... തിരിച്ചു പിടിക്കണം പലതും .. തന്റെ മാത്രം
ശരികളെക്കുറിച്ചല്ലാതെ സോളമന്റെ പ്രശ്നങ്ങളെക്കുറിച്ച് താനിതുവരെ ചിന്തിച്ചില്ലല്ലോ
എന്നവളോർത്തു.

അടുക്കിവെച്ച പാളികൾ ഓരോന്നായി അവളടർത്തിമാറ്റി .
ജീവിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ കല്ലാനോട് നിന്നും ബസ്സു കേറി നേരെ ചെന്നത് പേരാവൂർക്കാണ് .

അപ്പന്റെയും അമ്മയുടേയും സ്നേഹം ആവോളമാസ്വദിച്ച് അവൾ അവരുടെ അന്നക്കൊച്ചായി മാറി .. ജോസഫിനും ഷേർളിയ്ക്കും സന്തോഷത്തിനതിരില്ലായിരുന്നു. സ്വന്തമല്ലെങ്കിലും ആ അമ്മയുടെ സാന്ത്വനച്ചൂടിൽ അവളലിഞ്ഞു ചേർന്നു.

ഗ്രീഷ്മ താപത്തിൽ ഉണങ്ങി വരണ്ട പുൽപ്പുറങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ അവൾക്കായി മെത്തയൊരുക്കി. സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക് അന്ന നടന്നു.... തന്റെ പ്രാണനെത്തണുപ്പിച്ച്
നീതി പാതകളൊരുക്കിയ തിരുനാമങ്ങൾ അവൾ നിത്യേന ഉരുക്കഴിച്ചു.
അടർന്നുവീഴാനൊരുങ്ങിയ ശിലാഖണ്ഡങ്ങളിൽ താമസംവിനാ കാലത്തിന്റെ കൈയ്യൊപ്പു പതിയാൻ തുടങ്ങി.

അന്ന ഇന്നൊരു യാത്രയിലാണ് , മുനയൊടിഞ്ഞ ദിശാസൂചികകൾ
എടുത്തുമാറ്റി വ്യക്തമായ ലക്ഷ്യം തേടിയുള്ള യാത്ര.... കഴിഞ്ഞ ഒന്നര വർഷം കൊണ്ട് തിരിച്ചുപിടിച്ച തന്റെ ജീവിതം കൈപ്പിടിയിൽ മുറുക്കെപ്പിടിച്ചുള്ള ആ യാത്രയിൽ അവൾക്ക് കൂട്ടായി സോളമനുമുണ്ട് .

'ബേബി ഓൺ ബോർഡ് ' എന്ന സ്റ്റിക്കറിൽ വെയിൽ തന്റെ മായാജാലം തീർക്കുന്ന അവരുടെ കാർ മാളിയേക്കൽ തറവാടിന് മുന്നിലെ പാടത്തിന് സമീപം നിന്നു. ലില്ലി അവരെ സ്വീകരിക്കാൻ പടിപ്പുരയിൽ നിൽപ്പുണ്ടായിരുന്നു . പൂർണ്ണമാവാത്ത തന്റെ നിയോഗങ്ങൾ അവളുടെ മുഖത്ത് നിരാശയുടെ മേലാപ്പ് ചാർത്തിയിരിക്കുന്നത് അന്ന ശ്രദ്ധിച്ചു.

അന്നയെ കണ്ട വല്യമ്മച്ചി കുറേ നാളുകൾക്ക് ശേഷം മനം നിറയേ ഒന്നു പുഞ്ചിരിച്ചു .. പ്രതീക്ഷകളുടെ അലയൊളികൾ ഒരു വൻതിരയായി ആർത്തലച്ചു വന്നടിഞ്ഞ തീരംപോലെ വിജനമായ ആ മിഴികളിൽ അന്ന ആർദ്രമായി ഒന്നു ചുംബിച്ചു. തന്റെ മാറിൽ ചേർന്നുറങ്ങുന്ന കുഞ്ഞിനെ വല്യമ്മച്ചിയുടെ മടിയിൽ പതിയേ കിടത്തി ...

ഇളം ചൂടിന്റെ മൃദുല സ്പർശം അവരെ
തരളിതയാക്കി .ഉറക്കമുണർന്ന കുഞ്ഞ് ഒന്നു ചിരിച്ചു. അവരാ കുഞ്ഞിന്റെ നെറുകയിൽ മൃദുവായിത്തലോടി.

"എന്നതാ ഇവന്റെ പേര് ...? " ആ കുഞ്ഞു മുഖത്ത് നിന്നും നോട്ടം പിൻവലിക്കാതെ വല്യമ്മച്ചി ചോദിച്ചു.

"പത്രോസ് ....!" നിറഞ്ഞ നിശ്ശബ്ദതയെ തച്ചുടച്ച് അന്നയുടെ സ്വരം മാളിയേക്കൽ തറവാട്ടിൽ പ്രതിധ്വനിച്ചു.

ആർദ്രമായ മിഴികളോടെ വല്യമ്മച്ചി ആ കുഞ്ഞിനെ തുരുതുരാ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

വിളഞ്ഞനെല്ലിന്റെ മണവും പേറി എവിടെ നിന്നോ ഒരിളംകാറ്റ് ആ ഉമ്മറത്ത് വന്ന് വീണുടഞ്ഞു. പ്രതീക്ഷയുടെ കൊയ്ത്തുപാട്ടുകൾക്കായി താളം പിടിച്ച പ്രകൃതിയിൽ സർവ്വവല്ലഭയായ മദ്ധ്യസ്ഥയുടെ കൃപാകടാക്ഷങ്ങൾ അലയടിച്ചു.


----------------------------------------

അവസാനിച്ചു...
✍️ശ്രീധർ.ആർ.എൻ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo