പണ്ടൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് ഈ പെൺകുട്ടികൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ കരയുന്നത് എന്തിനാണെന്ന്..
ഞാനും ഒരു ആചാരം പോലെ കരയണം എന്ന് വിചാരിച്ചിരുന്നു എന്റെ കല്യാണദിവസം..ഇറങ്ങാൻ നേരം അമ്മയോട് പോകട്ടെ എന്ന് ചോദിച്ചപ്പോൾ ആണ് അമ്മ കരയുന്നത് കണ്ടത് അപ്പോഴാണ് ശരിക്കും കരയാൻ തോന്നിയതും.. പിന്നെ ചുറ്റിലും നിൽക്കുന്ന പ്രിയപ്പെട്ടവരൊക്ക ദുഖഭാവത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി അന്ന്..
മനസ്സിൽ ആലോച്ചിരുന്നു ഇവരൊക്കെ എന്തിനാ സങ്കടപ്പെടുന്നത് വൈകുന്നേരം ഇവരെല്ലാം അങ്ങോട്ട് വരില്ലേ....
കല്യാണത്തിന്റെ ആദ്യ നാളുകൾ സ്വന്തം വീടും ഭർത്താവിന്റെ വീടും പെണ്ണിന് ഒരുപോലെ ആണ്..പോകണം എന്ന് തോന്നുമ്പോൾ സ്നേഹത്തോടെ ഭർത്താവിനോട് പറഞ്ഞാൽ പുള്ളിക്ക് വലിയ താല്പര്യം ഇല്ല എങ്കിൽ കൂടിയും അമ്മ വീട്ടിൽ പോകാൻ സമ്മതിക്കും.. ആഴ്ചയിൽ ഒരിക്കൽ ഉറപ്പായും പോയിരിക്കും
അവിടെ ചെല്ലുമ്പോൾ പഴയ കുഞ്ഞിപ്പെണ്ണായി അമ്മയുടെ സ്നേഹവും അച്ഛന്റെ വാത്സല്യവും കൂടപ്പിറപ്പിന്റെ കരുതലും അനുഭവിച്ചു അങ്ങനെ പാറിപറക്കാം..
മോളുടെ വയറ്റിൽ ഒരു കുഞ്ഞുവാവ വരുന്നു എന്ന് അറിയുന്ന നിമിഷം മതി അച്ഛനും അമ്മയും രണ്ടു ദിവസം കൂടുമ്പോൾ ഓടിയെത്താൻ.. ഭർത്താവിന്റെ വീട്ടിൽ ഇഷ്ടമുള്ളത് എന്തൊക്കെ ഉണ്ടായാലും അമ്മയുടെ കൈ കൊണ്ടുള്ള ഭക്ഷണത്തിനു സ്വാദ് കൂടുതൽ ആയിരിക്കും അപ്പോൾ..
കുഞ്ഞ് ഉണ്ടായാലോ പിന്നെ വീടൊരു സ്വർഗം ആണ്.. കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ വീണ്ടും പെണ്ണിന്റെ കണ്ണ് നിറയും..
പിന്നെ പിന്നെ അമ്മ വീട്ടിലേക്കുള്ള പോക്ക് വരവ് ആഴ്ചയിൽ നിന്ന് മാസത്തിൽ രണ്ടോ മൂന്നോ ദിവസത്തിലേക്കു മാറും..
മക്കൾ വളർന്നു വരുമ്പോൾ പോകെ പോകെ അവൾ സ്വന്തം വീട്ടിൽ വിരുന്നുകാരി മാത്രം ആകും.. ഏതെങ്കിലും ആഘോഷങ്ങളോ കല്യാണങ്ങളോ പെരുന്നാളോ ഉത്സവങ്ങളോ വരുമ്പോൾ മാത്രം എത്തുന്ന വിരുന്നുകാരി.. അപ്പോൾ അമ്മ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് നിനക്ക് ഇന്നലെ വരായിരുന്നില്ലേ എന്ന് അല്ലെങ്കിൽ നാളെ പോകാമായിരുന്നില്ലേ എന്ന്... പറ്റില്ല വീട്ടിൽ ഞാൻ ഇല്ലെങ്കിൽ ശരിയാവില്ല എന്ന് പറഞ്ഞു കൊണ്ട് വന്നതിൽ കൂടുതൽ ഭാരങ്ങളുമായി മനസ്സിൽ അതിൽ കൂടുതൽ വിഷമങ്ങളുമായി ഒരു തിരിച്ചു പോക്കുണ്ട്.. അപ്പോഴും ആരും കാണാതെ പെണ്ണിന്റെ കണ്ണ് ഒന്ന് നിറയും...
വീട്ടിൽ നിന്ന് വിളിക്കുമ്പോൾ അവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ പലതും താൻ അറിയാതെ സ്വന്തം വീട്ടിൽ നടക്കുന്നുണ്ടല്ലോ അത് കഴിഞ്ഞാണ് താൻ അറിയുന്നത് എന്നോർത്ത് അവളുടെ മനസ്സ് ഒന്ന് വിങ്ങാറുണ്ട്..
കൂടെ കളിച്ച കൂട്ടുകാരികളെ ഇടക്കൊന്നു കണ്ടാൽ ആർത്തിയോടെ അടുത്ത് ചെന്നു സംസാരിക്കുമ്പോൾ നാട്ടിലെ വിശേങ്ങൾ അറിയുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുംഅവിടെ തന്നെ ജീവിച്ചിരുന്നെങ്കിലെന്നു...
അമ്മയും അച്ഛനും ഈ ലോകത്തു നിന്ന് പോയി കഴിഞ്ഞാൽ പിന്നെ വീട്ടിലേക്കുള്ള പോക്ക് പൂർണമായും അവസാനിക്കും..
പ്രായം കൂടി കൂടി വരുമ്പോൾ സ്വന്തം വീട് എന്നത് ഭർത്താവിന്റെ വീട് മാത്രം ആയി വരുന്നു ഒരു പെണ്ണിന്....
അത് കൊണ്ട് തന്നെ അൽമാർത്ഥമായി പറയുന്നു.. കരയണം.. കരഞ്ഞു കൊണ്ട് തന്നെ ഇറങ്ങണം എല്ലാ പെൺകുട്ടികളും സ്വന്തം വീട്ടിൽ നിന്ന്.. പിന്നെ അവൾ അന്യയാണ് സ്വന്തം വീട്ടിൽ.. കളിച്ചു ചിരിച്ചു നടന്ന തന്റെ വീട്ടിൽ വിരുന്നുകാരി മാത്രം ആണവൾ...
Written by
Jaya Narayanan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക