Slider

യാത്ര

0

 


ഒരു വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് തനിച്ചുള്ള യാത്ര...വളരെ പെട്ടന്നാണ് അന്തരീക്ഷം മാറി വന്നത്..പൊടി പറപ്പിച്ചുകൊണ്ട് ശക്തമായ കാറ്റ് വീശി...ആരോ ചരൽ വാരി ഏറിയും പോലെ എന്റെ ദേഹത്തേക്ക് മഞ്ഞുകട്ടകളും വലിയ മഴത്തുള്ളികളും വന്നു പതിച്ചു...

ആകെ ഭയന്ന് പോയ എന്നെ ഏതോ ഒരമ്മ കൈപിടിച്ച് ഒരു കുഞ്ഞു വീടിന്റെ ഉമ്മറത്ത് കൊണ്ടുവന്നു നിർത്തി..

ആലിപ്പഴം എന്ന് അവർ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞപ്പോൾ അകത്ത്‌ നിന്നും കുറച്ച് കുട്ടികൾ വെളിയിലേക്ക് ഓടി വന്നു..

ഉള്ളവും ദേഹവും ഒരു പോലെ കിടുകിടുത്ത് ആ പെരുമഴയിലേക്ക് നോക്കി ഞാൻ നിന്നു..

വീടിന്റെ ചുറ്റും നിൽക്കുന്ന വൃക്ഷങ്ങളെ കാറ്റ് പരമാവധി വളച്ച് ഒടിക്കാൻ നോക്കുന്നുണ്ട്..
ശിഖരങ്ങൾ ഞെരിയുന്ന ശബ്ദം കേൾക്കാം....

കുന്നിറങ്ങി, കലി തുള്ളി കുത്തിഒഴുകുന്ന മഴ വെള്ളം ...

ആ വീടിന്റെ വാതിൽക്കൽ നിന്ന് കുറച്ചു തലകൾ എന്നെ എത്തി നോക്കുന്നുണ്ട്..

കൂട്ടത്തിൽ മുതിർന്ന പാവാടക്കാരി ചേച്ചി എന്നോട് പേര് ചോദിച്ചു.. പിന്നെയും എന്തൊക്കെയോ ചോദിച്ചു... ചിലതിനൊക്കെ ഞാൻ ഉത്തരം നൽകി.... ചിലതിനുള്ള ഉത്തരങ്ങൾ എന്റെ ഉള്ളിൽ തന്നെ ഞാൻ തേടികൊണ്ടിരുന്നു....

പിന്നീട് എല്ലാ ദിവസവും സ്കൂൾ വിട്ട് വരുമ്പോൾ, ഞാൻ ആ വീട്ടിലേക്കൊന്ന് പാളി നോക്കും..

ആരെയും കണ്ടില്ല എങ്കിൽ ആ വീടും, മുറ്റത്തെ ചാമ്പമരവും, പഴുത്ത പേരക്കയും, മൈലാഞ്ചി ചെടിയും, പൂക്കളും എല്ലാം സസൂക്ഷ്മം നിരീക്ഷിക്കും...

റോഡിനിരുവശത്തുമായി നിലംപറ്റെ പച്ചവിരിച്ചു നിൽക്കുന്ന ചെടിയിൽ നിറയെ മഞ്ഞപൂക്കൾ വിടർന്നു നിൽക്കും...

ആ പൂക്കൾ പറിച്ച് കമ്മലായി കാതിൽ ചേർത്ത് വയ്ക്കും..

തന്റെ സൂഷ്മദൃഷ്ടി മറ്റൊരു കണ്ടെത്തൽ കൂടി നടത്തി.. തന്നെക്കാൾ മൂത്ത അഞ്ചു മക്കൾ ആ വീട്ടിൽ ഉണ്ടെന്നും, അവർ എല്ലാവരും പഠിക്കാൻ മിടുക്കർ ആണെന്നും...

അതിൽ മൂത്തവൾ നല്ല ചുറുചുറുക്കും പ്രസരിപ്പും തേജസും ഉള്ള സുന്ദരിയായ പെൺകുട്ടി ആയിരുന്നു.. എല്ലാവരിലും മതിപ്പുണർത്തുന്നവൾ...

വീട്ടിലെ ദാരിദ്ര്യവസ്ഥകളിൽ ഒന്നും പതറാതെ തന്നെക്കാൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൊണ്ട് ആ കുഞ്ഞുസുന്ദരി തന്റെ പഠനം ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി..

അവരോടുള്ള ബഹുമാനവും ഇഷ്ടവും എന്നും എന്റെ മനസ്സിൽ നിറഞ്ഞുനിന്നു... അല്ല, അനുനിമിഷം കൂടി കൂടി വന്നു

പിന്നീട് പ്രീ - ഡിഗ്രിക്ക് ചേർന്ന സമയത്ത് എന്റെ ഇംഗ്ലീഷ് ടീച്ചറായി ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുമ്പോൾ പരിചിത ഭാവം ഞാൻ നടിച്ചില്ല...

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഗ്രാമർ ഒഴുക്കോടെ ടീച്ചർ പഠിപ്പിക്കുമ്പോൾ .. ഞാൻ ടീച്ചറുടെ മുടിയുടെ നീളവും പിന്നലിന്റെ ഭംഗിയും ചടുലമായ നടപ്പും തല ഉയർത്തിയുള്ള നിൽപ്പിന്റെ പ്രൗഢിയും ഒക്കെ നോക്കി നിശ്ചലം ഇരുന്നു..

എന്റെ അശ്രദ്ധ കൃത്യമായി മനസിലാക്കിയ ടീച്ചർ ഒന്ന് രണ്ട് വട്ടം ചൂരൽ പ്രയോഗം നടത്തി നോക്കിയ ശേഷം...
ചോദ്യോത്തരങ്ങൾ പലവട്ടം എഴുതി പഠിക്കുവാനും ടീച്ചറിനെ കാണിക്കുവാനും ആവശ്യപ്പെട്ടു... എന്നിലെ എഴുത്തുകാരിയുടെ ജനനം....

ആ കാലഘട്ടത്തിന് ശേഷം എല്ലാവരും വഴിപിരിഞ്ഞു..

വർഷങ്ങൾക്കിപ്പുറം ടീച്ചറുടെ നമ്പർ കയ്യിൽ കിട്ടുമ്പോൾ എന്റെ ഉള്ളിൽ സന്തോഷവും അതിലുപരി വെപ്രാളവും ഒക്കെ നിറഞ്ഞു..

പഴയ പ്രീഡിഗ്രിക്കാരി വിളിക്കണോ വേണ്ടയോ പലവട്ടം ആലോചിച്ചു...

വിളിച്ചു.. പേര് പറഞ്ഞതും തിരിച്ചറിഞ്ഞു..

ബീനമോളെ എന്ന് വിളിച്ചു..

കേൾക്കാൻ കൊതിച്ച വിളി..

ഒരുപാട് വിശേഷങ്ങൾ പങ്ക് വച്ചു....

ഫോട്ടോസുകൾ കൈമാറി....

പഴയ കൗമാരക്കാരി കൊഞ്ചലും നാണവുമായി തിരിച്ചുവരുന്നത് ഞാൻ അറിഞ്ഞു..

കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചു..

പക്ഷെ... വിധി മറ്റൊന്നായിരുന്നു കാത്തുവച്ചത്...

ഈ കൊറോണ കാലത്ത് സുഹൃത്തിന്റെ ഫോൺ കോൾ...

ടീച്ചറുടെ മരണം...

അടുത്ത ബന്ധുക്കൾക്ക് പോലും പങ്കെടുക്കാൻ പറ്റാതെ പോയ ചടങ്ങ്...

ഒരുപാട് വിദ്യാർത്ഥികളുടെ മനസ്സിൽ അവിശ്വസനീയത നിറച്ചുകൊണ്ട് ടീച്ചർ വിട വാങ്ങി..

എന്റെ മനസ്സിൽ എന്നും തിളങ്ങി നിന്ന നക്ഷത്രം..

എന്നേക്കാൾ ഞാൻ വിലമതിച്ചിരുന്ന ഒരാളുടെ അസ്തമയം...

എന്റെ മരണത്തെ പോലും ഞാൻ നിസാരമായി എഴുതിതള്ളിയ നിമിഷം...

😊ബീനാ സുരാജ് 😊

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo