കൊറോണ വത്ക്കരിക്കപ്പെട്ട ഭൂമിയിലേക്ക് മാസ്ക്ക് വയ്ക്കാതെ സൂര്യൻ എത്തി നോക്കിയപ്പോൾ ഉമ്മറത്തിരുന്ന് ഭഗീരഥൻ പിളള പത്രം വായിക്കുകയായിരുന്നു,....
'' ഒരു കൊറോണ സുപ്രഭാതം കൂടി ആഗതമായിരിക്കുന്നു,...
കൊറോണ കവർന്നെടുക്കുന്ന ജീവനുകളുടെ എണ്ണവും, സ്വർണ്ണ വിലയും കുതിച്ചുയരുകയാണല്ലോ ഭഗവാനെ എന്ന് മനസിലോർത്ത് പത്രത്തിൽ നിന്ന് കണ്ണെടുത്തപ്പോൾ ഭാര്യ കനകവല്ലി സാനിട്ടെറേസുമായി എത്തി,....!
''ഇതെന്തു വാടി ...?
'ഇതു സാനി ...!
''സാനിയോ,..? ഏത് സാനി ,ഓൺലൈനിൽ പാചകം ചെയ്യുന്ന സാനിയാണോ,..?
''ങാ എന്റെ മനുഷ്യാ കുറെ സാധനങ്ങളുടെ പേര് പറയാൻ വല്ലാത്ത പാടാ...!
''ഏത് സാധനങ്ങളുടെ ..?
''യൂട്യൂബ് ൽ ഒരു കുന്ത്രാണ്ടമുണ്ടല്ലോ ...എന്തോന്നാ അത് ....ആളുകൾ പറയില്ലേ എന്റെ ചാനൽ'' സബ്ബ് ബാർബർ ' ചെയ്യണമെന്ന്,...
''സബ്ബ് ബാർബറല്ലെടി... സബ്സ്ക്രൈബ് '' എന്നാ,....!!
'ഈ വാക്കുകളൊക്കൊ ആര് കണ്ടു പിടിച്ചു ഭഗവാനെ ..... നാക്കിനു വഴങ്ങാത്ത ഈ വാക്കുകൾ കണ്ടു പിടിച്ച നേരം കൊണ്ട് കൊറേണയുടെ മരുന്നു കണ്ട് പിടിച്ചാർന്നെങ്കിൽ ..അതെങ്ങനെയാ മനുഷ്യേന്മാർക്ക് ഉപകാരമുളള പണി ആരും ചെയ്യൂലല്ലോ ...?
''ഭാര്യയുടെ ഡയലോഗ് ഭഗീരഥൻ പിളളയ്ക്ക് അത്ര പിടിച്ചില്ല,...!
''എന്നാപ്പിന്നെ നിനക്കങ്ങ് ഉണ്ടാക്കത്തില്ലേ ...?
''എന്തോന്ന്,...
''കൊറോണയുടെ മരുന്ന് ...!
''എന്റെ മനുഷ്യാ കൊറോണയെ നശിപ്പിക്കാൻ ഒരെളുപ്പ വഴിയുണ്ട്,...!
''അതെന്താടി ...!
''അത് ടിപ്സാ ... കൊറോണയെ കൊല്ലാനുളള ടിപ്സ്,...
''ടിപ്സോ ...? അത് ചായക്ക് കടിച്ച് കൂട്ടണ സാധനമല്ലേ ...
''എന്റെ മനുഷ്യാ അത് ചിപ്സ്,....ഇത് ടിപ്സ്,...
' ങാ എന്തേലുമാകട്ടെ നീ ചിപ്സെടുക്ക് ,അത് തിന്നോണ്ട് നമുക്ക് ടിപ്സിനെ കുറിച്ച് സംസാരിക്കാം ,...!
'നിങ്ങളിത് കേൾക്ക് മനുഷ്യാ, ....
''നീ പറയെടി മുത്തേ,...
കടലിൽ നിന്ന് നീരാവി മേലോട്ടുയർന്ന് മേഘങ്ങളുമായി ഡിങ്കോഡിൾഫി ചെയ്യുമ്പോഴാണല്ലോ മഴ പെയ്യുന്നത്,...
അങ്ങനെയെങ്കിൽ കടലിൽ സാനി.... സാനി..
''സാനിട്ടറൈസ് ...!
''അതെ അത് തന്നെ...... അതങ്ങ് ചേർത്താൽ പോരെ.....ഒരു സാനി ഇട്ട അരി മഴ പെയ്താൽ കൊറോണ എല്ലാം മയ്യത്താവൂലേ...!
സാനി ഇട്ട അരി യോ ..?
''സാനിട്ടറൈസ് എന്ന വാക്കിന്റെ മലയാള ഉച്ചാരണമാണ് മനുഷ്യാ അത്...
''സാനി + ഇട്ട + റൈസ് (അരി )
'എന്റെ മലരേ നിന്റെ മുന്നിൽ കൊറോണ ഒക്കൊ എത്രയോ സിംപിൾ,.....!
കനകവല്ലി യുടെ മുഖം ചുവന്നു,....
''എടി പ്രപഞ്ചത്തിൽ കൊറോണ ഇല്ല, അതെല്ലാം മനുഷ്യ ശരീരത്തിൽ എത്തിക്കഴിഞ്ഞു,...മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രേഗമായി മാറി കഴിഞ്ഞു കൊറോണ,...അതിനാണ് സാമൂഹിക അകലം നോക്കി ജീവിക്കണം എന്ന് പറയുന്നത്,...!!
ഭഗീരഥൻ ചേട്ടാ,...
''മുറ്റത്തു നിന്ന് ഒരു വിളി കേട്ട് അവർ അങ്ങോട്ടു നോക്കി,
''അയലത്തെ വീട്ടിലെ കണ്ണനാണ്,..!
''എന്താ കണ്ണാ,..... കനകവല്ലി ചോദിച്ചു,..
''മാസ്ക്കുണ്ടെങ്കിൽ രണ്ടെണ്ണം തരാൻ അമ്മ പറഞ്ഞു,...'
''ഭഗവാനെ ...പണ്ട് തേയിലയും, പഞ്ചാരയും, മുളകും അരിയുമെല്ലാമായിരുന്നു അയൽവാസികൾ വായ്പ്പ ചോദിച്ചിരുന്നത്, ...ഇപ്പം മാസ്ക്കായി,..!
''എടി മാസ്ക്ക് ഇരിപ്പുണ്ടോ,...!
''കനകവല്ലി ക്ക് ദേഷ്യം വന്നു,...ദേഷ്യത്തിൽ പിറുപിറുത്തു ,...
'ഓരെണ്ണം ഇരിപ്പുണ്ട് ..അതിരിക്കുന്നത് നിങ്ങടെ അപ്പന്റെ മുഖത്താ,...അത് കൊടുക്കട്ടെ .... വായ്പ ചോദിക്കാൻ കണ്ട സാധനം,...
''കനകവല്ലി അകത്തേക്ക് പോയി , രണ്ട് മാസ്ക്കുമായി തിരികെ വന്നു,
കണ്ണന് കൊടുത്തു,... നാളെ തിരിച്ചു തരണം കേട്ടോ,...
''ഉപയോഗിച്ചിട്ട് തിരിച്ച് തരണോ,..?
''അയ്യടാ...ഉപയോഗിച്ചതല്ല.... പുതിയത് വേണം,....
''കണ്ണൻ മാസ്ക്കും വാങ്ങി ഓടി,...
''ഭഗീരഥൻ പിളളയുടെ നേരെ തിരിഞ്ഞ് കനകവല്ലി പറഞ്ഞു,
''ദേ ഒരു കാര്യം പറഞ്ഞേക്കാം ...ഇനി മുതൽ തുണിയുടെ മാസ്ക്ക് മതി,...അതാവുമ്പം ആർക്കും വായ്പ കൊടുക്കണ്ട,...
''ചേട്ടാ,....
വീണ്ടും മുറ്റത്ത് കണ്ണൻ ... കൈയ്യിൽ ഒരു കുപ്പിയുമുണ്ട്,...!
''എന്താ കണ്ണാ,... ഭഗീരഥൻ പിളള ചോദിച്ചു,...
''കുപ്പി നീട്ടിക്കൊണ്ട്........'' കുറച്ച് സാനിട്ടറൈസ് വായ്പ തരാൻ അമ്മ പറഞ്ഞു,...!''
കനകവല്ലി യും, ഭഗീരഥൻ പിളളയും മുഖത്തോടു മുഖം നോക്കി,...
''നാളെ തിരിച്ചു തരാമെന്ന് പറയാൻ പറഞ്ഞു അമ്മ,...''
''കനകവല്ലി അകത്തേക്ക് പോയി ഒരു സാനിട്ടറൈസ് എടുത്തു കൊടുത്തു,...
എന്നിട്ടു പറഞ്ഞു,
''ഇതാ ..നാളെ ഇത് രണ്ടും തിരിച്ചു തരണം കേട്ടോ,...!
''ഉം... കണ്ണൻ തലയാട്ടി , എന്നിട്ടു എന്തോ ആലോചിച്ച് അവിടെ തന്നെ നിന്നു,...
''ആ നി ല്പ്പു കണ്ട് ഭഗീരഥൻ പിളള ചോദിച്ചു ...
''എന്തുവാടാ ആലോചിക്കുന്നത്,...
''അതെ ചേച്ചി,....ആദ്യം മാസ്ക്ക് ,പിന്നെ സാനിട്ടറൈസ് ..ഇനി വീട്ടിൽ ചെല്ലുമ്പോൾ അമ്മ പറയും,
''കുറച്ച് സാമൂഹിക അകലം '' കൂടി വായ്പ്പ വാങ്ങി വാടാ എന്ന്,...
.എനിക്കിനി വരാൻ വയ്യ,...ചേച്ചി ഒരു കാര്യം ചെയ്യ്, കുറച്ച് സാമൂഹിക അകലം കൂടി വായ്പ്പ താ,.....നാളെ ഇതെല്ലാം കൂടി തിരിച്ചു തരാം,...!!''
''ഭഗീരഥൻ പിളളയും, കനകവല്ലി യും മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി
, കനകവല്ലി യുടെ തോളിൽ തല വച്ച് ഭഗീരഥൻ പിളള ചിരിച്ചു, സാമൂഹിക അകലമില്ലാതെ .....!
===
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക