ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും കൂടി മല കയറിയ ഒരു കഥ പറയാം.
ഞാൻ എന്നു വെച്ചാൽ, ഈ ഞാൻ.
പിന്നെ വാവൂട്ടൻ
അക്കു
പിന്നെ ഒരു പുതിയ ചെക്കനും കൂടിയുണ്ട്. കുട്ടപ്പി. അവൻ ഇടുക്കിയിൽ നിന്നും വെക്കേഷനു വന്നതാണ്.
ഞങ്ങൾ കാടു കയറി അങ്ങനെ നടന്ന് മലയുടെ തുഞ്ചത്തെത്തി.
എത്ര വർഷങ്ങളായി ഈ വഴി വന്നിട്ട്. ഞാനോർത്തു. ചെറുപ്പത്തിൽ ആടുകളെയും മേയിച്ചുകൊണ്ട് എത്ര വട്ടം വന്നിരിക്കുന്ന വഴികളാണ്. ഇപ്പൊ മനുഷ്യവാസമില്ല . ആകെ കാടു കയറിപ്പോയിരിക്കുന്നു.
“എന്നതാ പരിപാടി ?” വാവൂട്ടൻ ചോദിച്ചു. ചുമ്മാ ഞാൻ വിളിച്ച പാടേ ഇറങ്ങിപ്പോന്നതാണ് മൂവരും.
ഞാൻ അവിടെ നിന്ന കൂറ്റൻ മൂവാണ്ടൻ മാവിൽ പിടിച്ച് താഴേക്കൊന്ന് എത്തി നോക്കി. അത്യഗാധമായൊരു കൊക്കയാണ്. നിബിഢമായി വളർന്നു നിറഞ്ഞിരിക്കുന്ന കുറ്റിച്ചെടികൾക്കിടയിലൂടെ, താഴെക്കൂടി ഒരു ചെറിയ കനാൽ ഒഴുകുന്നത് കാണാം. മനോഹരമായൊരു കാഴ്ച്ചയായിരുന്നു.
“വാവൂട്ടൻ വാ.” ഞാൻ അവനെ പിടിച്ച് മരത്തിന്റെ ചുവട്ടിൽ നിർത്തി.
“നീ കൈ പുറകിലിങ്ങനെ കെട്ടി കുനിഞ്ഞ് നില്ക്ക്.”
“എന്തിന് ?” അവനൊന്നും മനസ്സിലായില്ല.
“നിക്കഡാ പോത്തേ!” എനിക്ക് ദേഷ്യം വന്നു.
അങ്ങനെ വാവൂട്ടൻ കൈ ചന്തിക്കു പുറകിൽ കോർത്തു പിടിച്ച് കുനിഞ്ഞങ്ങനെ നിന്നപ്പോ ഞാൻ അക്കുവിനെ വിളിച്ചു.
“നീ ഇവന്റെ ഈ കയ്യിൽ ചവിട്ടിക്കയറി, തോളത്തു കയറി ആ മുകളിലെ കൊമ്പിൽ പിടിക്കാൻ പറ്റുവോന്നു നോക്കിക്കേ.“
അക്കു പാവം എന്തു പറഞ്ഞാലും ചെയ്തോളും പിന്നെ.
അവൻ വാവൂട്ടന്റെ പുറത്തുകൂടി ബദ്ധപ്പെട്ട് അള്ളിപ്പിടിച്ചു കയറി ഒരു വിധത്തിൽ മുകളിൽ വിലങ്ങനെ നിന്നിരുന്ന കൊമ്പിൽ പിടുത്തമുറപ്പിച്ചു. കൈ കഷ്ടി എത്തുന്നതേയുള്ളൂ. അവൻ നഖം കൊണ്ടാണ് കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കുന്നത്. സംഭവം ഏതാണ്ട് സെറ്റായപ്പോൾ അവൻ എന്നെ നോക്കി.
”ഇനി നീ...“ ഞാൻ കുട്ടപ്പിയെ അടുത്തേക്കു വിളിച്ചു.
”അക്കു കേറിപ്പോയ കണ്ടോ ? അതുപോലെ നീയും ലവന്റെ ഈ കോർത്തു പിടിച്ച കയ്യിൽ ചവിട്ടി, തോളത്തു ചവിട്ടി അക്കുവിന്റെ കഴുത്തിനു പുറകിൽ തൂങ്ങി ആ കൊമ്പിൽ പിടിക്കണം.“
”ന്നട്ട് ?“
”ഇത്രേം ചെയ്യ്. ന്നട്ടല്ലേ ബാക്കി.“ എനിക്ക് വീണ്ടും ദേഷ്യം വന്നു.
കുട്ടപ്പി സംശയത്തോടെ എന്നെയൊന്നു നോക്കി. എന്നിട്ട് വാവൂട്ടന്റെ കോർത്തു പിടിച്ച കൈകളിൽ ചവിട്ടി മുകളിലേക്കുള്ള പ്രയാണമാരംഭിച്ചു.
മുകളിലെത്തി അവൻ അക്കുവിന്റെ തോളിൽ തൂങ്ങി ആ കൊമ്പിൽ പിടുത്തമിട്ട നിമിഷം വാവൂട്ടൻ കാൽ വഴുതി മുൻപോട്ടൊരു കുതിപ്പായിരുന്നു.
അസ്ത്രം പോലെ ഒരു പോക്കു പോയ വാവൂട്ടൻ താഴെ കൊക്കയിൽ തിരശ്ചീനമായി വളർന്നു നില്ക്കുന്ന ഒരു കാഞ്ഞിര മരത്തിൽ തങ്ങി നില്പ്പായി. തിരശ്ചീനമായിത്തന്നെ.
മറ്റു രണ്ടുപേരുടേയും അവസ്ഥയായിരുന്നു രസം.
താഴെ നിന്നുള്ള സപ്പോർട്ട് നഷ്ടപ്പെട്ട രണ്ടെണ്ണവും, മുകളിൽ കഷ്ടി മാത്രം പിടുത്തം കിട്ടിയിരുന്ന ആ മാവിൻ കൊമ്പിൽ തൂങ്ങി നില്ക്കുന്ന ആ കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. കുട്ടപ്പി അക്കുവിന്റെ കഴുത്തിൽ ഇറുകി കെട്ടിപ്പിടിച്ച് തൂങ്ങിക്കിടന്ന് കണ്ണുകൾ ഇറുക്കിയടച്ച് ഉറക്കെ അലറുന്നുണ്ടായിരുന്നു. അക്കുവാണെങ്കിൽ ഓരോ വട്ടവും മരക്കൊമ്പിൽ ഇറുക്കിപ്പിടിക്കാൻ നോക്കുമ്പോൾ കൈ വഴുതി വഴുതി... ഹോ! ഒന്നും പറയണ്ട.
ഞാൻ തൊട്ടപ്പുറത്തു മാറി ഒരു പാറയിൽ മലർന്നങ്ങനെ കിടന്ന് ആത്മഗതമായി ഇപ്രകാരം മൊഴിഞ്ഞു.
“ഒരു സുഖം. ഒരു മന:സുഖം!"
Written by Alex John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക