Slider

പൂച്ചക്കണ്ണ്

0

 


അവൾക്കു വല്ലാതെ ദേഷ്യം വന്നു. തലമുടിയിൽ കൊരുത്തുവെച്ച മുല്ലപ്പൂ പിച്ചിക്കീറി ദൂരെയെറിഞ്ഞു. ഭംഗിയായി ഞുറിഞ്ഞിടുത്ത സാരി വലിച്ചു പറിച്ചു.സാരിക്കു മാച്ചു ചെയ്യുന്ന പച്ചയും ചുവപ്പും കുപ്പിവളകൾ രണ്ടു കയ്യും കൂട്ടിയിട്ടിപ്പിച്ച് പൊട്ടിച്ചു കളഞ്ഞു.

നേരെ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. നാണക്കേടും സങ്കടവും കൊണ്ട്
അവളുടെ മുഖം ചുവന്നുതുടുത്തു. കരിമഷി എഴുതിയ കണ്ണുകൾ നിറഞ്ഞൊഴുകി.
ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പി.
കണ്ണാടി എറിഞ്ഞു പൊട്ടിക്കാൻ തോന്നി. നശിച്ച പൂച്ചക്കണ്ണ് ! അച്ഛനും അമ്മയ്ക്കും
കുടുംബത്തിലാർക്കും ഇല്ലാത്തത് തനിക്കു മാത്രം എങ്ങിനെ കിട്ടി? പൂച്ചക്കണ്ണിൽ എത്ര കരിമഷി പുരട്ടിയാലെന്താ? അതു പൂച്ചക്കണ്ണല്ലാതാവുമോ?
അവൾക്കു സങ്കടം നിയന്ത്രിക്കാനായില്ല.
മിക്ക ഞായറാഴ്ചകളിലും പതിവുള്ളതല്ലേ ഈ പെണ്ണുകാണൽ. ഉടുത്തൊരുങ്ങി വല്ലവന്റേം മുമ്പിൽ പോയി നാണം കെടുന്നത് ഇതാദ്യത്തെ അനുഭവമല്ലല്ലോ. ഇതാ ബ്രോക്കർ ഗോപിച്ചേട്ടൻ പറ്റിച്ച പണിയാ. അയാൾക്കിട്ടു രണ്ടു പൊട്ടിക്കാൻ തന്റെ കൈ തരിക്കുന്നുണ്ട്.
അയാൾക്കു പറയരുതായിരുന്നോ തനിക്കു പൂച്ചക്കണ്ണാണെന്ന്. വെറുതെ മനുഷ്യനെ നാണം കെടുത്താനായി. എനിക്കു കല്യാണമേ വേണ്ട. കല്യാണം കഴിച്ചില്ലെങ്കിലെന്താ? ആകാശം ഇടിഞ്ഞു വീഴുമോ? കല്യാണം കഴിക്കാതെ എത്രയോ പേർ ഈ ലോകത്തു സുഖമായി ജീവിക്കുന്നു. അല്ലെങ്കിൽത്തന്നെ കല്യാണം കഴിച്ചാൽ വല്ല ഉറപ്പുമുണ്ടോ ഉണ്ടാകുന്ന കൊച്ചുങ്ങൾക്ക് പൂച്ചക്കണ്ണുണ്ടാവുമോ എന്ന്.
സത്യം പറയാമല്ലോ. കാലത്തെ വന്ന ആ സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ തന്റെ മനസ്സു വല്ലാതെ മോഹിച്ചു പോയി. എന്താണെന്നറിയില്ല. തന്റെ മനസ്സിൽ സങ്കല്പിച്ച ആ രൂപം അതാണെന്നു തോന്നി.
തന്നെയല്ല തനിക്ക് careless ആയി വസ്ത്രം ധരിക്കുന്ന പുരുഷന്മാരെ കണ്ടു കൂടാ. നല്ല
സ്റ്റൈലിഷായി വസ്ത്രം ധരിച്ച അയാളെ ഒറ്റ നോട്ടത്തിൽത്തന്നെ ഇഷ്ടപ്പെട്ടിരുന്നു. അതു തന്റെ കുറ്റമാണോ? പൂച്ചക്കണ്ണിന്റെ കാര്യം താൻ മറന്നു പോയിരുന്നു. അല്ലെങ്കിൽത്തന്നെ
തനിക്കും ആഗ്രഹങ്ങളും വികാരവിചാരങ്ങളും ഇല്ലേ?
ഗോപിച്ചേട്ടനോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് തനിക്കു പൂച്ചക്കണ്ണുണ്ടെന്നുള്ള കാര്യം പറയണമെന്ന്.
അയാളൊരു പക്ഷേ എങ്ങിനെയെങ്കിലും തന്റെ കല്യാണം നടന്നു പോട്ടെ എന്ന സദുദ്ദേശത്തിലായിരിക്കാം പറയാതിരുന്നത്.
എന്തായാലും നാണം കെട്ടത് ഞാനല്ലേ?
നാത്തൂൻ ചേച്ചിയെടുത്തു തന്ന ട്രേയിൽ നിന്നും ചായക്കപ്പു വച്ചു നീട്ടുമ്പോൾ ആ സുന്ദരക്കുട്ടപ്പൻ തന്നെത്തന്നെ നിർനിമേഷനായി നോക്കിയപ്പോൾ ഒരു നിമിഷം താനും മറന്നു പോയി തനിക്കു പൂച്ചക്കണ്ണുണ്ടെന്നുള്ള കാര്യം. പെട്ടെന്നാണ് അയാളുടെ മുഖം dull ആയത്. പിന്നീടുള്ള കാഴ്ചകളൊന്നും കാണാൻ താനവിടെ നിന്നില്ല. സുന്ദരക്കുട്ടപ്പനും അളിയനും ഒരു കൂട്ടുകാരനും കൂടിയായിരുന്നു വന്നത്.
എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആയിക്കോളൂ എന്ന് പാവം അച്ഛൻ പറഞ്ഞപ്പോൾ "ഓ... വേണ്ട കണ്ടല്ലോ "
എന്നായിരുന്നു അയാളപ്പോൾ പറഞ്ഞത്.
വലിയ സുന്ദരനാന്നാ അയാളുടെ വിചാരം'
എന്നു വെച്ചാ ലോക സുന്ദരനല്ലേ?
തനിക്കു പൂച്ചക്കണ്ണുണ്ടെന്നുള്ളത്
അല്ലാതെ എന്താണു കുഴപ്പം. നല്ല നിറമില്ലേ?
ആരും കൊതിക്കുന്ന മുടിയില്ലേ? നല്ല ബോഡി ഷേപ്പില്ലേ? കൂടാതെ, പാട്ട്. ഡാൻസ് എല്ലാ ത്തിലും താൻ മികവു തെളിയിച്ചിട്ടില്ലേ?
വിദ്യാഭ്യാസമില്ലേ? ഗവൺമെന്റ് സർവ്വീസ്സിൽ നല്ല ഉദ്യോഗമില്ലേ?
ഏതു കാര്യത്തിനാണു തന്നെ മാറ്റി നിർത്തേണ്ടത് ?
കട്ടിലിൽ അലക്ഷ്യമായിക്കിടന്ന സാരി ഒന്നു കൂടി ചുരുട്ടിക്കൂട്ടി ഒരേറു വച്ചു കൊടുത്തു. തന്റെ കളിക്കൂട്ടുകാരിയും ക്ലാസ്സ് മേറ്റുമായ ഗായത്രിയുമുണ്ടായിരുന്നു ഈ പെണ്ണുകാണൽ കാണാൻ. അവൾ ഭാഗ്യവതിയാ. ജോലിയില്ലെങ്കിലും
അവളുടെ കല്യാണം നേരത്തെ കഴിഞ്ഞു.
അവൾ തന്റെ പോലെയല്ലല്ലോ. ചെറുക്കൻ കാറിൽ നിന്നിറങ്ങുന്നതു കണ്ടപ്പോഴെ അവളാണ് ഓടി വന്നു പറഞ്ഞത് ആളൊരു സുന്ദരക്കുട്ടപ്പനാണെന്ന് .
ഗായത്രി തന്നെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ
താനങ്ങിനെയൊന്നും കൂളാവില്ലെന്ന് അവൾക്കറിയില്ലല്ലോ. പൂച്ചക്കണ്ണിന്റെ പേരിലിനി കല്യാണം കഴിക്കാതിരുന്നാലും വിഷമമില്ല. പക്ഷേ അച്ഛന്റെയും അമ്മയുടെയും സങ്കടം കാണുമ്പോഴാ
മറുത്തൊന്നും പറയാൻ തോന്നാത്തത്.
തന്നെയല്ല നാത്തൂനും ആങ്ങളയ്ക്കും ഒരു ഭാരമായി മാറരുതെന്നും ആഗ്രഹമുണ്ട്.
ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മ മുറിയിലേക്കു വന്നത്. ഒരു മണിക്കൂറിനകം വേറൊരു കൂട്ടർ കൂടി പെണ്ണുകാണാൻ വരുന്നുണ്ടത്രെ.
സാരിയുടുത്ത് റെഡിയാകാൻ പറഞ്ഞിട്ട് അമ്മ തനിക്കു മുഖം തരാതെ കടന്നു കളഞ്ഞു. ഗായത്രി തന്റെ അലമാര തുറന്ന്
ചുരിദാറുകൾക്കിടയിൽ അടുക്കിവച്ചിരുന്ന
ഒരു സാരി വലിച്ചെടുത്തു തന്റെ നേരെ
നീട്ടി.
വല്ലാത്ത ദേഷ്യമാണു വന്നത്. ഇനിയും ഒരുങ്ങിച്ചമഞ്ഞു വല്ലവന്റെയും മുന്നിൽ പോയി നാണം കെടണോ? തന്റെ പൂച്ചക്കണ്ണു കാണുമ്പോഴെ വരുന്നവന്റെ മുഖം മങ്ങും.
അതു കാണാനാണോ ഈ പ്രഹസനം? മനസ്സില്ലാമനസ്സോടെ ഗായത്രി എടുത്തു തന്ന സാരിയും അതിനു ചേരുന്ന ബ്ളൌസും എടുത്തണിഞ്ഞു. അലങ്കോലമായിക്കിടന്ന തലമുടി ചീകിയൊതുക്കി. കണ്ണാടിയിൽ നോക്കാൻ തോന്നിയില്ല. തന്റെ പൂച്ചക്കണ്ണു
തനിക്കു കാണേണ്ട .,
വലിച്ചെറിഞ്ഞ മുല്ലപ്പൂ മാലയെടുത്ത് തലമുടിയിൽ കൊരുത്തിടാൻ ഗായത്രി ആവുന്നതും ശ്രമിച്ചു. താൻ സമ്മതിച്ചില്ല. ഇനി അതിന്റെ കുഴപ്പമേയുള്ളു. എന്തായാലും
ഇനി അണിഞ്ഞൊരുങ്ങുന്നില്ല. തന്നെയീ കോലത്തിൽ ഇഷ്ടപ്പെടുന്നവർ മതി.. ഇനി വരുന്നവനും നേരത്തെ വന്നവനെപ്പോലെ അല്ലെന്ന് ആരു കണ്ടു?
മുറ്റത്തു കാറിന്റെ ഡോർ അടയുന്ന ശബ്ദം ഗായത്രി ഓടി ജനലരികിൽ പോയി നിന്നു. അവളോടി വന്ന് തനിക്കൊരു സൂചനയും തന്നില്ല. അവളുടെ മുഖത്തൊരു നിസ്സംഗ ഭാവമായിരുന്നു. വരുന്ന പോലെ വരട്ടെ എന്ന ഭാവം. തന്നെയാരും ഇഷ്ടപ്പെടേണ്ട. താനിവിടെത്തന്നെ നിന്നോളാം. അച്ഛന്റെയും അമ്മയുടെയും കാലശേഷം
താനേതെങ്കിലും ഹോസ്റ്റലിൽ പോയി നിൽക്കും. ജോലിയുള്ളതുകൊണ്ടു മറ്റാർക്കും ഭാരമാകാതെ കഴിയാമല്ലോ.
പൂമുഖത്ത് എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ട്. " മോളെ അശ്വതീ "
അച്ഛന്റെ വിളിയാണ്. തന്റെ ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം അല്ല തൊണ്ണൂറ്റിരണ്ടു പ്രാവശ്യം
മിടിച്ചു കാണും. പതിവുപോലെ നാത്തൂൻ ചേച്ചി ചായക്കപ്പുകൾ നിറച്ച ട്രേ തന്റെ കയ്യിൽ തന്നു. അമ്മയുടെ മുഖത്ത് റിസൽട്ടു നോക്കുന്ന വിദ്യാർത്ഥിയുടെ ഭാവം.
ഗായത്രിയുടെ മുഖത്തുള്ള വേവലാതി കണ്ടാൽ അവളെ കാണാനാണു ചെറുക്കൻ വന്നതെന്നു തോന്നും. പാവം! അവൾക്ക് വലിയ ആഗ്രഹമാണ് താനൊരു വിവാഹിത ആയിക്കാണാൻ. ഈ ചെറുക്കനും തന്നെ ഇഷ്ടമാകില്ല. നോക്കിക്കോ. വെറുതെ പോയി നാണംകെടാമെന്നല്ലാതെ എന്തു ഫലം?
വിറയ്ക്കുന്ന കരങ്ങളോടെയാണ്
അയാൾക്കുനേരെ ചായക്കപ്പു നീട്ടിയത്. അയാൾ തന്നെ നോക്കുന്നുണ്ടോ എന്നു താൻ നോക്കിയില്ല. തനിക്കതറിയേണ്ട. അയാൾ
ചിരിച്ചോ ഇഷ്ടക്കേടു കാണിച്ചോ എന്നൊന്നും അറിയില്ല . കാലത്തെപ്പോലെ തന്നെ പ്രതികരണത്തിനു കാത്തു നിൽക്കാതെ
തന്റെ മുറിയിലേക്കു പോയി. ഗായത്രി അടുക്കളയിലായിരുന്നു. ഇനി അടുത്ത ഞായറാഴ്ചയും ആരെങ്കിലും വരുന്നുണ്ടെന്നു പറഞ്ഞാലും താനിനി അതിനു തയ്യാറല്ല എന്ന് തറപ്പിച്ചങ്ങു പറയും. തനിക്കാരും വേണ്ട
ഒറ്റത്തടിയായിത്തന്നെ ജീവിച്ചോളാം.
ആരോ സ്റ്റെപ് കയറിവരുന്ന ശബ്ദം . ആരായിരിക്കും? ഓ... ഗായത്രിയാവും. അയാൾക്കു തന്നെ ഇഷ്ടപ്പെട്ടില്ലെന്നു പറയാൻ. അല്ലാതെ പിന്നെന്താ? എന്തായാലും നേരിട്ടേ ഒക്കൂ.. പെട്ടെന്നവൾ ചാടിയെണീറ്റു അയാൾ!
" ഞാൻ വിപിൻ. എനിക്ക് അശ്വതിയെ ഇഷ്ടമായീട്ടോ. തനിക്കെന്നെ ഇഷ്ടമായോ?"
താൻ നിന്ന നിൽപ്പിൽ താണു പോയ പോലെ . വിശ്വസിക്കാൻ പറ്റുന്നില്ല. താൻ അയാളുടെ മുഖത്തേക്ക് മിഴികൾ പായിച്ചു.
"എന്തെങ്കിലുമൊന്നു പറയെടോ...."
മ് ..... തന്റെ വായിൽ നിന്നും ശബ്ദം വെളിയിലേക്കു വന്നില്ല വിപിൻ തന്റെ
മുഖത്തേക്കുറ്റു നോക്കുകയാണ് വിടർന്ന
ചിരിയുമായി.
" അത്.... എന്റെ .... " പറഞ്ഞതു മുഴുമിപ്പിക്കാൻ അയാൾ സമ്മതിച്ചില്ല
"തന്റെ കണ്ണിന് കാഴ്ചയില്ലേടൊ? അതല്ലേ കാര്യം. എനിക്കിഷ്ടപ്പെട്ടത് തന്റെയീ
പൂച്ചക്കണ്ണാ. വളരെ rare ആയിട്ടു മാത്രം കാണുന്ന ഈ പൂച്ചക്കണ്ണ്..... ഗോപിച്ചേട്ടൻ എല്ലാം എന്നോടു പറഞ്ഞിരുന്നു. ഞാൻ രാവിലെ വരാനിരുന്നതാ... അപ്പോ ഇവിടെ
എന്തോ അസൗകര്യമാണെന്നു പറഞ്ഞതു കൊണ്ടാ ഈ സമയത്താക്കിയത് : "
അവൾ വിശ്വസിക്കാനാവാതെ അയാളെ മിഴിച്ചു നോക്കി.
"എന്താടോ ... ഇവിടെയൊരു യുദ്ധം നടന്ന പ്രതീതിയുണ്ടല്ലോ?"
അയാൾ മുറിയിലാകെ കണ്ണോടിച്ചു കൊണ്ടു പറഞ്ഞു. അപ്പോഴാണവൾക്കു പരിസര ബോധം ഉണ്ടായത്. ചുരുട്ടിക്കൂട്ടിയിട്ട സാരി കട്ടിലിൽ അലക്ഷ്യമായി കിടക്കുന്നു.
തറയിൽ പൊട്ടിച്ചിതറിയ കുപ്പിവളകളും പിച്ചിക്കീറിയ മുല്ലപ്പൂ മാലയും. അവൾ
ചമ്മലോടെ ചുറ്റിലും നോക്കി .
"എന്താ രണ്ടും പേരും കൂടി പറയുന്നത് ?
എന്നെക്കൂടി കേൾപ്പിക്കാമോ? വിപിൻ തിരിച്ചു പോകുന്നില്ലേ? കൂടെ വന്നവരൊക്കെ
അങ്ങു പോയി കേട്ടോ"
ഗായത്രിയാണ് ശ്ശോ! ഈ പെണ്ണിര് നാക്കിനെല്ലുമില്ല.
അയാൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ അവളും പങ്കു ചേർന്നു. കൂടെ ഗായത്രിയും
By
Josepheena Thomas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo