Slider

ബോധോദയം


 എനിക്ക് പരിചയമുള്ള പെൺകുട്ടികളോട് ആവർത്തിച്ചു ഞാൻ പറയുന്നൊരു കാര്യമുണ്ട് " ചെറുതെങ്കിലും ഒരു ജോലി ചെയ്തു സ്വന്തമായി കുറച്ചു പൈസയുണ്ടാക്കാൻ എപ്പോഴും ശ്രമിക്കുക".

പലപ്പോഴും നമ്മുടെ സ്ത്രീകൾക്ക് ബോധോദയമുണ്ടാകുന്നത് മുപ്പത്തഞ്ചു നാല്പതു വയസ്സൊക്കെയെത്തുമ്പോഴാണ്, ഒരു ജോലി ഉണ്ടായിരുന്നുവെന്നെങ്കിലെന്ന തോന്നൽ ഈ പ്രായത്തിൽ ഉണ്ടായാലും ചിലപ്പോൾ നേടിയെടുക്കാൻ ബുദ്ധിമുട്ടുകൾ ഏറെയുണ്ടാകും.

വിദ്യാഭ്യാസതിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരള സ്ത്രീകൾ പലപ്പോഴും ജോലി നേടിയെടുക്കുന്നതിൽ ആ വൈഭവം കാണിക്കുന്നില്ല അതിനൊരു പ്രധാന കാരണം നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ കൂടിയാണ്.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കാലത്തു തന്നെയവരെ കല്യാണം കഴിച്ചു വിടുകയും, പിന്നെ കുട്ടികൾ, ഭർത്താവിന്റെ കുടുംബം തുടങ്ങി ബന്ധങ്ങളിൽ തിരക്കിൽ പെട്ടു ജോലി നേടുകയെന്നത് അവർക്ക് വിദൂരമായ ഒരു സ്വപനം മാത്രമാകും. ചിലർ ഒരു ജോലി നേടിയെടുക്കാൻ ശ്രമിച്ചാൽ ഉടനെ സ്ഥിരം കേൾക്കുന്ന ഒരു ഡയലോഗ് കേൾക്കാം 'നീ ജോലിക്ക് പോയി ജീവിക്കേണ്ട ഗതി കേടൊന്നും ഈ വീട്ടിലില്ല"

എന്റെ പെണ്ണുങ്ങളെ ഗതികേട് കൊണ്ടല്ല നിങ്ങൾ സ്വന്തം കാലിൽ നിൽക്കണം എന്നു ഞാൻ പറയുന്നത്. ദാമ്പത്യ ജീവിതത്തിന്റെ ശൈവകാലം കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ തോന്നി തുടങ്ങും ഒരു ജോലിയുണ്ടായിരുന്നുവെങ്കിൽ കുടുംബത്തിലും സമൂഹത്തിലും കിട്ടുന്ന മതിപ്പിനെ കുറിച്ചു.

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പെണ്കുട്ടികൾക്ക് കറിവേപ്പിലയുടെ വില മാത്രമേ ലഭിക്കൂ. വീട്ടിലെ പാത്രങ്ങളോട് മല്ലിട്ട് തീർക്കാതെ ജീവിതത്തിൽ പുതിയ ലോകങ്ങളെ കീഴടക്കാൻ കൂടെ ശ്രമിക്കൂ...

നാളെ എന്തെന്നതു നമ്മുക്ക് അറിയാൻ കഴിയില്ലല്ലോ, ഒറ്റപ്പെട്ടു പോകുന്ന ഒരു സാഹചര്യത്തിൽ പോലും സ്വന്തമായി ജോലിയെന്നത് നിങ്ങൾക്ക് സഹായകമാകും, ആരുടെയും മുന്നിൽ കൈ നീട്ടാതെ നിങ്ങൾക്ക് നിങ്ങളായി ജീവിക്കാം.

വഴിയരികിൽ കാണുന്ന കുഞ്ഞ്‌ കമ്മൽ വാങ്ങാൻ പോലും ഭർത്താവിന്റെ സമ്മതം വാങ്ങി കൈ നീട്ടി നിൽക്കുന്നതിലും എത്രയോ അഭിമാനമാണ് സ്വന്തം അക്കൗണ്ടിൽ നിന്നും പൈസയെടുത്തു ജീവിക്കാൻ കഴിയുന്നത്.
ജീവിതത്തിൽ എത്രയോ തവണ ആഗ്രഹിക്കുന്ന പലതും നിങ്ങൾക്ക് വാങ്ങാൻ കഴിയാതെ പോകുന്നുണ്ട്?
വാങ്ങുന്ന അടിവസ്ത്രത്തിന്റെ കണക്ക് വരെ ബോധിപ്പിക്കേണ്ടി വരുന്നുണ്ട്?

ഭർത്താവിന് എത്ര വലിയ ജോലിയുണ്ടെന്നു പറഞ്ഞാലും, നിങ്ങളുടെ വ്യക്തിത്വം നിങ്ങൾ എന്ത് നേടിയെന്നതാണ്. കല്യാണം കഴിയുന്നതോട് കൂടി ഭർത്താവിന്റെ ഐഡൻറിറ്റിയുടെ നിഴലിൽ ഒളിക്കാതെ സ്വയം ഉയർന്നു നിൽക്കുക.

സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതു മുതൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കും വില കിട്ടി തുടങ്ങുന്നത് തിരിച്ചറിയാം... എന്നും ഭർത്താവിന്റെ അഭിപ്രായങ്ങൾക്ക് "അതെ" എന്നു മാത്രം ഉത്തരം നൽകാൻ കഴിഞ്ഞിരുന്ന നിങ്ങൾക്ക് " അല്ല" എന്നു കൂടെ പറയാൻ കഴിയും.

അതുകൊണ്ടു എന്റെ പെണ്ണുങ്ങളെ നിങ്ങൾ കഴിവതും കല്യാണത്തിനു മുൻപ് സ്വയം പര്യപ്തത കൈവരിക്കാൻ ശ്രമിക്കുക, അതിനും കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ മുപതുകളുടെ തുടക്കത്തിനുള്ളിൽ ഒരു ജോലി നേടാൻ ശ്രമിക്കുക... ജീവിതത്തിൽ എന്നും അവഗണന മാത്രമായി ജീവിക്കുന്നതിലും എത്രയോ നല്ലതാണ് നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ കഴിയുന്നത്.

നിങ്ങൾ പഠിപ്പിച്ചു വാങ്ങിച്ച സർട്ടിഫിക്കറ്റുകൾ അലമാരിക്കുള്ളിൽ സൂക്ഷിച്ചു വയ്ക്കാൻ മാത്രമുള്ളതല്ല, നിങ്ങളുടെ നിലനിൽപ്പിനായി നിങ്ങൾ അധ്വാനിച്ചു നേടിയവ കൂടിയാണെന്നത് എന്നും ഓർമയിലിരിക്കട്ടെ.

- അജിൻ ആർ കൃഷ്ണ

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo