മോണിറ്റർ റൂമിലെ സ്ക്രീനിൽ തെളിയുന്ന എറർ കോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കാതെ ഞെട്ടിയിരിക്കുകയാണ് ട്രാക്കിംഗ് എൻജിനിയർമാർ. തങ്ങളുടെ നിയന്ത്രണത്തിൽ നിന്നും വിട്ടുപോയ കാറിൽ നിന്നും ഒരേസമയം വരുന്ന അനേകം എറർ കോഡുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല.
അരിസോണ ടു കൊളറാഡോ മാപ്പ് സെറ്റ് ചെയ്ത ശേഷം കാർ സെൽഫ് ഡ്രൈവ് മോഡിൽ ഇട്ടു അയാൾ. വണ്ടി പതിയെ ചലിച്ച് തുടങ്ങി. ലെയ്ൻ ട്രാഫിക്ക് പാലിച്ചുകൊണ്ട് അരിസോണ ഹൈവേയിലൂടെ മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്ന സെൽഫ് ഡ്രിവൺ കാറിലിരുന്ന് ഗ്രെയ്‌സൺ കുറിച്ചു, 'ശാസ്ത്രത്തിന്റെ പുരോഗതി അത്ഭുതം തന്നെ, തനിയെ ചലിക്കുന്ന കാറിലിരുന്ന് കൊണ്ട് ഞാൻ ചിന്തിച്ചു പോയി'. ഓരോ കിലോമീറ്റർ കൂടുമ്പോഴും കാറിന്റെ ഇൻഫോടെയ്ന്മെന്റ് സ്ക്രീനിലെ മാപ്പ് അപ്ഡേറ്റ്സ് നോട്ടിഫിക്കേഷൻ കൊടുത്തുകൊണ്ടിരുന്നു.
നിശ്ചിത വേഗത്തിൽ പോയിക്കൊണ്ടിരുന്ന കാറിൽ ചിന്തകളിൽ മുഴുകിയിരിക്കെ, പെട്ടെന്ന് കാറിന് വേഗം കൂടി വരുന്നത് പോലെ അയാൾക്ക് തോന്നി. മീറ്റർ കൺസോളിൽ നോക്കിയപ്പോൾ മനസ്സിലായി അതൊരു തോന്നൽ മാത്രമായിരുന്നുവെന്ന്. കാരണം മീറ്ററിൽ സാധാരണ വേഗം തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്. അതേ വേഗത്തിൽ തന്നെ പോയിക്കൊണ്ടിരുന്ന കാർ കുറച്ച് നേരത്തിന് ശേഷം വീണ്ടും വേഗം കൂട്ടിയത് പോലെ തോന്നി മീറ്ററിലേക്ക് അയാളൊന്ന് കണ്ണ് പായിച്ച നിമിഷത്തിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു. നൂറ് മീറ്റർ മുൻപ് മാത്രം അപ്ഡേറ്റായ മാപ്പിൽ അസ്വാഭാവികമായി വീണ്ടുമൊരു നോട്ടിഫിക്കേഷൻ.
ഇത്തവണ ഗ്രെയ്‌സൺ ശെരിക്കും ഞെട്ടി. അയാൾക്ക് എത്തേണ്ട സ്ഥലത്തിന് പകരം വേറെ എവിടേക്കോ മാപ്പിലെ ഡെസ്റ്റിനേഷൻ തനിയെ മാറിയിരിക്കുന്നു. അത് റീസെറ്റ് ചെയ്യാനൊരു വിഫല ശ്രമം അയാൾ നടത്തി. കാരണം ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിന്റെ ടച്ച്സ്ക്രീൻ വർക്കാവുന്നില്ല. സെൽഫ് ഡ്രിവൺ മോഡിൽ നിന്നും മാനുവലിലേയ്‌ക്ക് സ്വിച്ച് ചെയ്യാനായി ഗിയർ നോബിനോട് ചേർന്നുള്ള ബട്ടൻ പ്രസ് ചെയ്യാൻ ഗ്രെയ്‌സൺ ശ്രമിച്ചു. അപ്പോളാണ് കാര്യങ്ങളുടെ ഗൗരവം അയാൾക്ക് മനസ്സിലായത്. കാറിന്റെ സിസ്റ്റം മുഴുവൻ ലോക്ക്ഡ് ആണ്. ഒന്നും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന തന്റെ കാറിനെ ആരോ അതിവിദഗ്തമായി ഹാക്ക് ചെയ്തിരിക്കുന്നു.
ഗ്രെയ്‌സണെയും വഹിച്ചുകൊണ്ട് കാർ അതിവേഗത്തിൽ പായുകയാണ്. പരിഭ്രാന്തനായ അയാൾ ഫോണിൽ നിന്നും എമർജൻസി നമ്പർ ഡയൽ ചെയ്തു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
മെക്‌സിക്കോയിലെ ട്രാഫിക് മോണിറ്ററിങ് റൂം. അരിസോണയിലെ ട്രാഫിക് അപ്ഡേറ്റ്സ് വലിയ വാളിൽ തെളിഞ്ഞ് നിൽക്കുന്നു. സാധാരണ നിലയിൽ പോയിക്കൊണ്ടിരുന്ന ട്രാഫിക്കിൽ നിന്നും പെട്ടെന്ന് ഒരു അലേർട്ട് സിഗ്‌നൽ വരുന്നു. ഹൈവേയിൽ ഒരു കാർ അതിവേഗത്തിൽ പായുന്നു. ട്രാഫിക് ഹെഡ് ഉടൻ തന്നെ കാറിന്റെ രജിസ്ട്രേഷൻ ഡീറ്റൈൽസ് എടുത്ത് ഓണറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത നടപടിയെന്നോണം അയാൾ കാർ നിർമാണ കമ്പനിയിലേക്ക് ഒരു അലർട്ട് മെസ്സേജ് പാസ്സ് ചെയ്തു.
ട്രാഫിക് റാപ്പിഡ് റെസ്പോൺസ് ടീമിനെ ആ കാർ പിന്തുടരാൻ ഹൈവേയിലേക്ക് അയച്ച ശേഷം അയാൾ കാർ കമ്പനിയുടെ മറുപടിക്കായി കാത്തിരുന്നു. പരമാവധി വേഗത്തിൽ ടീം ഹൈവേയിൽ എത്തി കാറിനെ പിന്തുടരാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വാളിൽ തെളിഞ്ഞു. കാർ നിർമാണ കമ്പനിയിൽ നിന്നും റിപ്ലൈ മെസ്സേജ് വന്നു. കാറിനെ ട്രാക്ക് ചെയ്യാൻ അവർ പരാജായപ്പെട്ടിരിക്കുന്നു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം.
* * * * * * * * * * * * * * * * * * * * * * * * * * * * * *
തന്റെ യൂട്യൂബ് ചാനലിലെ കമ്മ്യൂണിറ്റി ടാബിൽ കുറച്ച് മുൻപ് ഇട്ട പോസ്റ്റിന്റെ കമന്റുകൾ വായിച്ചിരിക്കുകയാണ് എറിക്. പുതിയതായി വരാൻ പോകുന്ന വിഡിയോയെപ്പറ്റി സൂചനകൾ നൽകുന്ന പോസ്റ്റുകൾ ഇടുന്നത് അയാളുടെ സ്ഥിരം ശീലമാണ്. അടുത്തതായി തയ്യാറാക്കുന്ന എസ്ക്ലൂസിവ് കണ്ടന്റിനെപ്പറ്റിയിട്ട പോസ്റ്റിന് കീഴിൽ വന്ന ആളുകളുടെ ആവേശത്തോടെയുള്ള കമന്റുകൾ കണ്ട് അയാൾ കോരിത്തരിച്ചിരിക്കുകയാണ്. 'നിങ്ങൾക്ക് വേണ്ടിയുള്ള കണ്ടന്റ് ഇവിടെ തയ്യാറുകുന്നതേയുള്ളൂ പ്രിയപ്പെട്ടവരേ.. കുറച്ച് കൂടി ക്ഷമിക്കൂ '. അയാൾ ആത്മഗതം പറഞ്ഞു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
വെയ്‌മോ മോട്ടോഴ്‌സിന്റെ നെവാഡയിലുള്ള മോണിറ്റർ റൂമിലെ സ്ക്രീനിൽ തെളിയുന്ന എറർ കോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കാതെ ഞെട്ടിയിരിക്കുകയാണ് ട്രാക്കിംഗ് എൻജിനിയർമാർ. തങ്ങളുടെ നിയന്ത്രണത്തിൽ നിന്നും വിട്ടുപോയ കാറിൽ നിന്നും ഒരേസമയം വരുന്ന അനേകം എറർ കോഡുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. കാറിന്റെ സർവിസ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ തൊട്ട് മുൻപത്തെ ദിവസം അവിടെ നിന്നും സർവിസ് കഴിഞ്ഞ് ഇറങ്ങിയതാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. സർവിസ് ഡീറ്റൈൽസിൽ പരതുന്നതിനിടയിൽ 'ഇന്ഫോടൈന്മെന്റ് സിസ്റ്റം അപ്ഡേറ്റഡ്' എന്ന എന്റ്റിക്ക് ഒരു ഇറർ ലോഗ് കിടക്കുന്നതായി കണ്ടു. അപ്ഡേഷൻ ചെയ്ത യൂസറുടെ പേര് 'എറിക്'
* * * * * * * * * * * * * * * * * * * * * * * * * * * * * *
യൂട്യൂബിൽ പബ്ലിഷ് ചെയ്യാനുള്ള കണ്ടന്റ് തയ്യാറാക്കുകയാണ് എറിക്. വീഡിയോക്ക് കൊടുക്കാനുള്ള വോയ്സ് റെക്കോർഡ് ചെയ്യുകയാണ്.' വാഹനലോകത്തെ ഏറ്റവും മികച്ച കണ്ടുപിടിത്തമായി ഇപ്പോൾ കൊട്ടിഘോഷിക്കുകയാണ് സെൽഫ് ഡ്രിവൺ കാറുകൾ. ഡ്രൈവറില്ലാതെ തനിയെ ഓടുന്ന ആ കാറുകളിൽ ഒന്നിനെ മറ്റൊരിടത്ത് ഇരിക്കുന്ന വ്യക്തി നിയന്ത്രിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ലായിരിക്കും. എന്നാൽ ഇതാ അത് സംഭവിച്ചു കഴിഞ്ഞു. ശേഷം വിഡിയോയിൽ'
അരിസോണ ഹൈവേയിലൂടെ തന്റെ നിയന്ത്രണത്തിൽ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിലെ ഡാഷ്ക്യാം ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത വീഡിയോയുടെ കൂടെ ആ വോയ്സ് കൂടി ആഡ് ചെയ്ത് പബ്ലിഷ് ചെയ്യാൻ തയ്യാറാക്കി വച്ച് അയാളൊന്ന് ദീർഘശ്വാസം വിട്ടു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
തൊട്ടടുത്ത ദിവസം വില്ലിസ് കഫേയിൽ നിവർന്ന് കിടന്നിരുന്ന പത്രത്തിലെ വാർത്ത ഇപ്രകാരമായിരുന്നു. ' യൂട്യൂബിലെ പ്രശസ്തി മാത്രം ലക്ഷ്യം വച്ച്, ആളപായമുണ്ടാകും വിധം ടെക്നോളജി ദുരുപയോഗപെടുത്തിയ യുവ ഓട്ടോമൊബൈൽ എൻജിനീയർ അറസ്റ്റിൽ'
======================================
സെൽഫ് ഡ്രിവൺ കാർ : ഡ്രൈവറുടെ ആവശ്യമില്ലാതെ തനിയെ ഓടുന്ന കാർ. ഇപ്പോഴും ഗവേഷണങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന വിഷയം.
ശ്രീരാജ് വി.എസ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക