Slider

സ്മാരകശില ... (കഥ )


"99 ലെ വെള്ളപ്പൊക്കത്തിൽ തലയുയർത്തി നിന്ന മൂകസാക്ഷി ..! മലമ്പാതകളും
റോപ്പ് വേകളും തകർന്നടിയുന്നത് ഉൾക്കിടിലത്തോടെ നോക്കി നിന്ന
ഒറ്റയാൻപാറ..., തമിഴന്റെ ഇറക്കവും തിരുവിതാംകൂറിന്റെ കുടിയേറ്റവും മങ്ങലേൽപ്പിക്കാത്ത ശക്തൻ.... ത്ഫൂ....! നിനക്കെന്റെ മേരിയെ കാക്കാനൊത്തില്ലല്ലോ ...?"

വർഗീസച്ചായൻ തന്റെ ഉരുക്കുമുഷ്ടികൾ ആ പാറയിൽ ആഞ്ഞടിച്ചു.

ഈയിടെയായി ദിവസവുമുള്ള കലാപരിപാടിയായതിനാൽ ആരും അത്ര ഗൗനിക്കാറില്ല. വൈകുന്നേരം രണ്ടെണ്ണം അടിച്ച് ആ പാറയ്ക്കിട്ട് രണ്ടിടി, ശേഷമൊരു പൊട്ടിക്കരച്ചിൽ. ...

മേരിയായിരുന്നു വർഗീസച്ചായന്റെ എല്ലാം.

പണ്ട് പട്ടം താണുപിള്ളയുടെ കാലത്ത് കോളനികൾ ബ്ലോക്കുകളായി വിഭജിച്ച് നൽകിയപ്പോൾ ലഭിച്ച സ്ഥലത്ത്
ചോരനീരാക്കി രണ്ടാളും കൂടി തീർത്ത
കൊച്ചുസ്വർഗത്തിൽ പക്ഷെ ഇന്ന് മേരിയില്ല.

കഴിഞ്ഞ വർഷത്തെ മലവെള്ളപ്പാച്ചിലിൽ ഒറ്റയാൻ പാറയ്ക്ക് പോലും അവളെ തടുത്തു നിർത്താനായില്ല. തന്നെ ഏകാന്തതയുടെ കാണാക്കയങ്ങളിലേക്ക് വലിച്ചെറിഞ്ഞ് അവൾ യഥാർത്ഥ സ്വർലോകം പുൽകി.

"നമുക്ക് മക്കളുണ്ടാരുന്നേൽ അവര് വല്ല അമേരിക്കയിലോ ഗൾഫിലോ ഒക്കെ പോയേനേ അല്ലേ ..? അങ്ങിനെ നമുക്കും സുഖിക്കാമായിരുന്നു..."

മേരി പലപ്പോഴും പറയുമെങ്കിലും അതിന്റെ വിഷമം ഒരിക്കലും പുറത്ത് കാണിച്ചിരുന്നില്ല.

"നമുക്ക് മക്കളായി കാപ്പിയും ഏലവും ഇഞ്ചിയുമൊക്കെയുണ്ടല്ലോ ... പിന്നെ നമ്മുടെ ഒറ്റയാനും അവര് മതിയല്ലേ..." ഇതും പറഞ്ഞുള്ള അവളുടെ നെടുവീർപ്പിൽ പലപ്പോഴും വർഗീസച്ചായൻ കർത്താവിനെ വീണ്ടും ക്രൂശിച്ചിരുന്നു.

"ഈ മലയുടെ ശാപമാ .... സുന്ദരിയായ അവളുടെ ഉടലഴക് നമ്മൾ ഉഴുതുമറിച്ച് വികൃതമാക്കിയില്ലേ. ... നമുക്കിവിടം ഒക്കെ വീണ്ടും കാട്ടുമരങ്ങൾ വെച്ച് പ്രായശ്ചിത്തം ചെയ്യണം ... അല്ലേ അച്ചായാ...!"

മേരിയുടെ ഓർമ്മകൾ കോടമഞ്ഞു പോലെ വർഗ്ഗീസച്ചായനെ എപ്പോഴും പൊതിഞ്ഞിരുന്നു....

അവള് പോയതിൽപ്പിന്നെ കൃഷിയൊക്കെ ഒരു വകയാ... ,

അമ്മയില്ലാത്ത കുഞ്ഞുങ്ങളെപ്പോലെ ....!

"വർഗ്ഗീസച്ചായോ ... നാളെ കവല വരെ വരണം രാജീവ് ഗാന്ധി അനുസ്മരണം ഉണ്ട് ... നാളെ ഒന്നാം വാർഷികമാ."

മണ്ഡലം പ്രസിഡണ്ട് പീറ്ററിന്റെ ശബ്ദം ഒറ്റയാൻ പാറയിൽ തട്ടി പ്രതിധ്വനിച്ചത് വർഗ്ഗീസച്ചായന്റെ ഓർമ്മകളെ ശല്യം ചെയ്തു.

കഴിഞ്ഞ കൊല്ലം രാജീവ് ഗാന്ധി മരിച്ചതറിഞ്ഞ് മേരി പൊട്ടിക്കരഞ്ഞത് അയാൾക്കോർമ്മ വന്നു. ...
എന്തോ.... !
ദുരന്തങ്ങൾ അവൾക്കെപ്പോഴും വേദനയായിരുന്നു. ...

അക്കൊല്ലം അവർക്ക് നല്ല വിളവെടുപ്പായിരുന്നു. ... ചന്തയിൽ നിന്നും രണ്ടാളും കൂടി ഒത്തിരിയധികം സാധനങ്ങൾ വാങ്ങിച്ചു. .പുത്തനുടുപ്പും പുതു പാത്രങ്ങളും അവരുടെ കൂടെ മല കയറി , പള്ളിപ്പെരുന്നാളിന് കണ്ണിൽക്കണ്ടതൊക്കെ വാങ്ങിച്ചു കൂടി .

കർക്കിടകത്തിന്റെ ക്രൂരത പക്ഷെ അവരുടെ സന്തോഷത്തെ കവർന്നെടുത്തു...! അടിവാരത്ത് മണ്ഡലം കൺവെൺഷന് പോയ വർഗീസച്ചായൻ മലവെള്ളപ്പാച്ചിലിന്റെ രൗദ്രത കണ്ടിരുന്നു.
പക്ഷെ....,

ഒറ്റയാൻ പാറ ....!

അവൻ തടഞ്ഞു നിർത്തിയിരിക്കും എന്ന വിശ്വാസത്തിലാണ് മല കയറിയത് ... താൻ വരാൻ വൈകുമെന്നതിനാൽ അപ്പുറത്തെ ശോശാമ്മയുടെ വീട്ടിൽ പോയിരുന്ന
മേരിയെയടക്കം ആ വീടിനേയും വീട്ടുകാരേയും മലവെള്ളം കവർന്നു.

മുകസാക്ഷിയായി ഒറ്റയാൻ പാറ ...., തന്റെ വീട് സംരക്ഷിച്ചു. പക്ഷെ മേരിയെ രക്ഷിക്കാനായില്ല. ....!

"സാരമില്ലെടാ .... അവളാദ്യം പോയത് നന്നായി ... ഇല്ലെങ്കിൽ എന്നെങ്കിലും ഞാനില്ലാതായാൽ ഈ മലഞ്ചെരുവിൽ അവളൊറ്റക്കായേനെ. .. "

ഉതിർന്ന കണ്ണീർ തുടച്ച് വർഗ്ഗീസച്ചായൻ പാറയെ ചുംബിച്ചു..

ഈ പാറയാണ് ഇപ്പോൾ വർഗ്ഗീസച്ചായന്റെ
പ്രധാന കൂട്ട് ... സങ്കടവും സന്തോഷവും ഇവിടെയാണ് അയാൾ പകരുന്നത്.

"നീയെന്തെല്ലാം കണ്ടിരിക്കുന്നു ... കണ്ണൻ തേവനും ആങ്കൂർ റാവുത്തറും നിന്റെ മുന്നിലൂടെയല്ലേ ചരിത്രത്തിലേക്ക് നടന്നു കയറിയത് ... നീയിനിയെന്തെല്ലാം കാണണം.... പച്ചപുതച്ച ഈ തേയില കാടുകൾ ഒരു ദിവസം മാഞ്ഞു പോയേക്കാം .. ഇഞ്ചിയുടെയും ഏലത്തിന്റേയും സുഗന്ധം ഇവിടുത്തെ കാറ്റുകൾക്ക് കൈമോശം വന്നേക്കാം ... നിന്റെ കാൽചുവട്ടിലെ ഒലിച്ചുപോയ മൺ തരികൾ നിന്റെ വീരഗാഥകൾ താഴ്വാരങ്ങളിൽ പാടി നടക്കുന്നുണ്ടാവും...."

പാറയെ മുദുലമായി തലോടി അയാൾ വീട് ലക്ഷ്യമാക്കി നടന്നു.....

തകര പെട്ടിയിൽ കഴിഞ്ഞ വർഷം വാങ്ങിയ പുത്തനുടുപ്പുകൾ അയാൾ എടുത്തു നോക്കി... മേരിയുടെ ചട്ടയും മുണ്ടും അയാൾ കൈയ്യിലെടുത്തു.....

"ഇച്ചിരി ഇഞ്ചീം ഏലവും ഉണ്ട് ... കുരു നന്നേ കുറവാ ... ഉള്ളത് നാളെ വിക്കണം ... നിനക്ക് എന്നതേലും വാങ്ങണോ ....?"

മറുപടിയ്ക്കായി കാത്തു നിൽക്കാതെ അത് നെഞ്ചോടു ചേർത്ത് അയാൾ പൊട്ടിക്കരഞ്ഞു......

"നിങ്ങൾക്കീ പുത്തനുപ്പ് ഇടരുതോ .... കോടി വെച്ചേക്കരുത് ..... എങ്ങാനും ഇടാൻ പറ്റീല്ലങ്കിലോ.... "

തന്റെ പുതിയ കുപ്പായത്തിൽ വിരലോടിക്കവേ അയാൾ മേരി പറഞ്ഞത് ഓർത്തു. ....

"നാളെ ഇടണം ... "

മറുപടിയായി ആകാശത്ത് മിന്നൽ പിണർ പാഞ്ഞു. ... കനത്ത ഇടിയും ഒപ്പം മഴയും ....

ആത്മാക്കളുടെ സന്തോഷമാണത്രെ മഴ ...!

ഇടവപ്പാതി അതിന്റെ വരവറിയിച്ചു കഴിഞ്ഞു ....

രാത്രിയുടെ ഏകാന്തതയെ പ്രാകി അയാൾ ഉറങ്ങി.....

കാലത്ത് ഉണരുമ്പോഴും മഴ തന്നെ. .. ഒരു തെറുപ്പ് ബീഡിക്ക് തീകൊളുത്തി ആഞ്ഞു വലിച്ചു.

"ഇതിങ്ങനെ വലിച്ചു കേറ്റി വല്ല സൂക്കേടും വന്നാ ഞാൻ ഒറ്റയ്ക്കാകുമേ .... ഒന്നു നിർത്തിക്കൂടെ മനുഷ്യാ.... "

"ഇത്രയും കാലമായിട്ടും സൂക്കേട് ഒന്നും വന്നിട്ടില്ല. ... പക്ഷെ എന്നിട്ടും ഞാൻ ഒറ്റയ്ക്കായില്ലേ മേരി.....!"

മഴ അൽപ്പം ശമിച്ചപ്പോൾ വർഗീസച്ചായൻ പ്രഭാതകർമ്മങ്ങൾക്കു ശേഷം പുത്തൻ കുപ്പായം ധരിച്ച് ചാക്കുകെട്ടുമായി കവല ലക്ഷ്യമാക്കി മലയിറങ്ങി....

പണ്ട് അണക്കെട്ട് വന്നപ്പോൾ അയ്യപ്പൻകോവിലിൽ നിന്നും കുടിയിറക്കെപ്പെട്ട കുറച്ചു കുടുംബങ്ങളേ ഇപ്പോൾ ആ പ്രദേശത്തുള്ളൂ ... ഉരുൾപൊട്ടൽ സാദ്ധ്യതയേറെ ഉള്ളതിനാൽ പലരും പിൻ വാങ്ങിയ ഇടമായിരുന്നു അത്

മലമുകളിൽ ആഡംബര ഹോട്ടൽ പണിയുടെ ലോറികൾ നിരങ്ങി നീങ്ങുന്നത് വർഗീസച്ചായൻ കൗതുകത്തോടെ നോക്കി നിന്നു....

ലാസറിന്റെ മലഞ്ചരക്ക് കടയിൽ സാധനങ്ങൾ കൊടുത്ത് പണം വാങ്ങുമ്പോൾ അവന്റെ മിഴികളിലെ സഹതാപം അയാളിൽ മേരിയുടെ ഓർമ്മകളെ വീണ്ടും ഉണർത്തി ....

കവലയിൽ തോരണങ്ങൾ തൂക്കി അലങ്കരിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ പടുകൂറ്റൻ ഛായാചിത്രത്തിന് മുന്നിൽ ഒരോരുത്തരായി പുഷ്പാർച്ചന നടത്തുന്നു. .. അയാളിലെ കോൺഗ്രസ്സുകാരൻ വരിയിലെ അറ്റത്ത് സ്ഥാനം പിടിച്ചു. ... ഒരു പിടി പുഷപം കൈയിലെടുത്ത് ചിത്രത്തിന് മുന്നിലെത്തിയപ്പോൾ ശക്തമായ മഴ വീണ്ടും പെയ്യാൻ തുടങ്ങി ...

മേരിയോളം തന്റെ ജീവിതത്തെ മുന്നോട്ട് നയിച്ച ഒരു നേതാവുണ്ടോ ....? അതെ അവളാണ് ശരിക്കും തന്റെ നായിക. ... പുഷ്പങ്ങൾ കൈയിൽത്തന്നെ മുറുക്കെ പിടിച്ച് അവിടെ നിന്നും പിൻ വാങ്ങിയ അയാൾ നേരെ പള്ളി സെമിത്തേരിയിലെ മേരിയുടെ കല്ലറയ്ക്കു മുന്നിൽ നിന്നു. ...

"എന്റെ ജീവിത്തിലെ നേതാവും നായികയും നീയാണ് മേരി .... നീ മാത്രം.....! " നിറമിഴിയാലെ കൈയിലെ പുഷ്പങ്ങൾ കല്ലറയിൽ സമർപ്പിച്ചു. .....

തകർത്തു പെയ്യുന്ന മഴ ആ പുഷ്പങ്ങൾ ഏറ്റുവാങ്ങി ....

"അച്ചായനെ വികാരിയച്ചൻ അന്വേഷിച്ചാർന്നു..."

കപ്യാരുടെ ശബ്ദം തിരിച്ചറിഞ്ഞ വർഗ്ഗീസച്ചായൻ അച്ഛന്റെ സമക്ഷമണിഞ്ഞു

"വർഗ്ഗീസ് എന്തിനാ ആ മലയിൽ ഒറ്റയ്ക്ക് താമസിക്കുന്നേ. ... ഇവിടെ നിങ്ങളുടെ സമപ്രായക്കാര് ഒരു പാട് പേര് താമസിക്കുന്നുണ്ട് .... ഇങ്ങോട്ടു പോന്നുടെ ...? "

"വരാം അച്ചോ..."... പതുക്കെ അവിടുന്ന് പിൻവാങ്ങി തിരിച്ചു നടന്നു.

"നമ്മളാരേലും ഒറ്റയ്ക്കാവുമ്പോ ഈ മലയിൽ നിന്നും ഇറങ്ങി പള്ളിവക മന്ദിരത്തിൽ കഴിയണം ... അല്ലാതെ ഇവിടെ
കിടന്ന് കഷ്ടപ്പെടരുത്..."

അന്ന് മേരി പറഞ്ഞ വാചകങ്ങൾ അയാളുടെ കർണ്ണപുടങ്ങളെ ആർദ്രമാക്കി....

പള്ളിയുടെ മുമ്പിലായി വിത്തുകളും തൈകളും വിൽക്കുന്ന ഇനാശു അയാളെ കൈകൊട്ടി വിളിച്ചു ...

"അച്ചായാ നല്ലയിനം ഇഞ്ചിയുണ്ട് ... ഇച്ചിരി എടുക്കുന്നോ ...? "

"ഓ ... ഒന്നും വേണ്ടാടാ ഉവ്വേ ... നീയാ തൈകൾ കുറച്ചു തായോ ... പ്ലാവിന്റേയും ഈട്ടിയുടേയും മാവിന്റെയുമൊക്കെ ..."

തകർത്തു പെയ്യുന്ന മഴയെ കൂസാതെ വർഗീസച്ചായൻ മല കയറാൻ തുടങ്ങി ... മലവെള്ളം ശക്തി പ്രാപിക്കുന്നാണ്ടായിരുന്നു. ...

വീട്ടിൽ ചെന്നപാടെ വാങ്ങിച്ച തൈകളുമായി ഇറങ്ങി ...

"മേരി നീ പറഞ്ഞതാ ശരി ... ഈ മണ്ണിന്റെ നമ്മൾ കവർന്നെടുത്ത സൗന്ദര്യം തിരിച്ചു നൽകണം .... ഇനി ഇവിടെ കൃഷിയില്ല ... ഈ മരങ്ങൾ വളരട്ടെ ...കൂടെ കാട്ടുമരങ്ങളും വളരും .... വീണ്ടും ഇവിടെ വലിയ കാടായി മാറട്ടെ .... നീയില്ലാത്ത ഇവിടം ഞാനും ഉപേക്ഷിക്കുന്നു. ...."
പിറുപിറുത്തു കൊണ്ട് അയാൾ കുഴിയെടുക്കാൻ തുടങ്ങി.....

മഴ തന്റെ താണ്ഡവം ദ്രുതതാളത്തിലാക്കി ...അയാളുടെ കുട കാറ്റിൽ പറന്നു പോയിരുന്നു. ... പുതിയ കുപ്പായം മുഴുവനും ചെമ്മൺ ചാന്തണിഞ്ഞു .... മലമുകളിലെ ഹോട്ടൽ പണിക്കാർ ഉഴുതുമറിച്ചിട്ട മണ്ണ് അപ്പാടെ ഒലിച്ചിറങ്ങുന്നു ...മഴയെ വക വെക്കാതെ തൈകൾ നട്ട് ഒറ്റയാൻ പാറയ്ക്ക് സമീപമെത്തി .... മലവെള്ളം പാറയിൽ ശക്തമായി വന്നിടിച്ച് ചിന്നി ചിതറുന്നുണ്ടായിരുന്നു. .... തണുപ്പിനാൽ അയാളുടെ പല്ലുകൾ തമ്മിലിടിക്കാൻ തുടങ്ങി. ....

ശക്തമായ ഒരു ശബ്ദം ദൂരെ നിന്നു അലറി വരുന്നത് കേൾക്കാമായിരുന്നു ...

അയാൾ പാറയോട് ചേർന്ന് നിന്നു....

"എടാ ... നിന്റെ സർവ്വശക്തിയും സംഭരിച്ചോ ... മലവെള്ളം കുതിര കുളമ്പടിയുമായി വരുന്നുണ്ട് .... "

അയാൾ കിടുകിടാ വിറയ്ക്കാൻ തുടങ്ങി ....
മഴ അതി ശക്തമായി ...

"അച്ചായാ മാറി പൊയ്ക്കോ ..."

മേരിയുടെ ശബ്ദം .....!

അതേ .... മന്ത്രകോടിയിൽ സുന്ദരിയായി തന്റെ മേരി .... അയാൾ കൈകൾ നീട്ടി അവളെ തൊടാനോങ്ങി ....

ഒറ്റയാൻ പാറ ഒന്നനങ്ങിയോ ...?

ആ ഹും കാര ശബ്ദം തൊട്ടടുത്തെത്തി ... പാറ ആടിയുലഞ്ഞു. .... അയാൾ അള്ളി പിടിക്കാൻ ശ്രമിച്ചു...

ശക്തമായ മലവെള്ളം പാറയുടെ തായ് വേരുകളറുത്തു. .... അടിയുലഞ്ഞ പാറ അടിതെറ്റി ഉരുളാൻ തുടങ്ങി .... തന്നെ ചേർത്തു പിടിച്ച വർഗീസച്ചായനേയും കൊണ്ട് കലി തുള്ളി വന്ന മലവെള്ളത്തോടൊപ്പം താഴ്‌വാരം ലക്ഷ്യമാക്കി അത് കുതിച്ചു. .....

നൂറ്റാണ്ടുകളായി മനുഷ്യകുലത്തിന്റെ സാഹസികതകൾക്ക് മൂകസാക്ഷിയായ ആ സ്മാരകശില പുത്തൻ കഥകൾക്ക് സാക്ഷിയാവാൻ മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളേയും തട്ടി തകർത്ത്
സമതലശാന്തത ലക്ഷ്യമാക്കി കുതിച്ചു....

.......... ........ .........

✍️ശ്രീധർ. ആർ. എൻ

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo