Showing posts with label Jayachandran. Show all posts
Showing posts with label Jayachandran. Show all posts

സ്കാഫിസം I ShortStory I Jayachandran

 

ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. പ്രതി മൂന്നു വർഷമായി കുട്ടിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പുതിയ വാർത്തയുടെ നോട്ടിഫിക്കേഷൻ മൊബൈലിലേക്കു വന്നു.
വിനീത, സ്കാഫിസം എന്താണെന്നു ഗൂഗിളിൽ തിരയുകയായിരുന്നു. അതൊരു വധശിക്ഷാ രീതിയായിരുന്നു. ബാംബൂ ടോർച്ചറിഗും അതിനോടൊപ്പം അവൾ കണ്ടു. സ്കാഫിസം എന്ന ക്രൂരമായ വധശിക്ഷാ രീതി, കുറ്റവാളിയെ ബന്ധനസ്ഥനാക്കി തോണി പോലൊരു പെട്ടിക്കുള്ളിൽ കിടത്തും. ശരീരം മുഴുവൻ തേനും പാലും കൂട്ടിചേർത്ത മിശ്രിതം പുരട്ടും, ബലമായി അതു കുടിപ്പിക്കുകയും ചെയ്യും. വയറിളകി നിയന്ത്രണമില്ലാതെ പ്രതിയിൽ നിന്നു വിസർജ്യം പുറത്തു വന്നു കൊണ്ടിരിക്കും. തേനും, പാലും, വെള്ളവും വീണ്ടും കുടിപ്പിച്ചു കൊണ്ടിരിക്കും. പെട്ടിയിൽ നിറയുന്ന സ്വന്തം മലത്തിൽ ശരീരം മുങ്ങും. ഈച്ചകൾ ആ ശരീരത്തിലേക്ക് പറന്നെത്തും, മുട്ടയിട്ടു പെരുകി വാസമുറപ്പിക്കും. പുഴുക്കളും നുര പൊന്തി തുടങ്ങും. ശരീരം അഴുകി തുരന്ന് ഉള്ളിലേക്ക് അവ താമസമാകും. ഈ സമയമെല്ലാം കുറ്റവാളിക്ക് ജീവനുണ്ടാകും. മലത്തിൽ മുങ്ങി ജീവനോടെ ശരീരം അഴുകി നരകയാതന അനുഭവിച്ചു കുറ്റവാളി മരണത്തിൻ്റെ ദയ കാത്തു ദിവസങ്ങളോളം കിടക്കും. മരിക്കാൻ അനുവദിക്കാതെ തുറന്ന വായിലൂടെ വെളളവും, തേൻ മിശ്രിതവും വീണ്ടും കുടിപ്പിച്ചു കൊണ്ടിരിക്കും. ദിവസങ്ങളോളം അഴുകുന്ന ശരീരവുമായി ജീവനോടെ കിടന്ന് പുഴുത്ത് ഒടുവിൽ ചത്തൊടുങ്ങും.'
അതായിരുന്നു സ്കാഫിസം എന്ന ഏറ്റവും ക്രൂരമായൊരു വധശിക്ഷാരീതി.
ഉമയുടെ വീട്ടിൽ ഇൻ്റെർവ്യൂവിന് പോയ ദിവസം, അന്നവിടെ കണ്ട ഒരു പുസ്തകമായിരുന്നു. വിനീതയെ ഇതിനെ കുറിച്ച് ചികയാൻ പ്രേരിപ്പിച്ചത്. വിനീതയും, വേണുവും വൈകുന്നേരമാണ് നെല്ലിക്കുന്നിലെ ഉമയുടെ വീട്ടിൽ എത്തിച്ചേർന്നത്. വേണു താഴെത്തന്നെ നിന്നു. അവൻ ശരിയാക്കി കൊടുത്ത പെൻകാം ഉടുപ്പിൽ കുത്തിവച്ച് അവൾ തയ്യാറായി. ഫീനിക്സ് പക്ഷി എന്നൊരിക്കൽ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച പെൺകുട്ടിയെ തേടിയായിരുന്നു വിനീതയുടെ യാത്ര. ഇടുക്കി, പീരുമേട്ടിൽ മലഞ്ചെരിവിൽ ഒരിടത്ത് ചെറിയൊരു കുന്നിനു മുകളിലെ വീട്ടിൽ വിനീത അവളെ കണ്ടെത്തിയിരുന്നു. ഫീനിക്സ്, തീയിൽ നിന്നു ഉയിർത്തെഴുന്നേറ്റവൾ, ഒടുവിൽ വിധി വീണ്ടും ദഹിപ്പിച്ചവൾ ഇന്നവളുടെ അവസ്ഥ എന്തായിരിക്കും.? വിനീത ചിന്തിച്ചു. ദുരവസ്ഥയും, ദുരന്തവാർത്തയും തന്നെയായിരിക്കണം എന്നെ കാത്തിരിക്കേണ്ടത്. എന്നാലെ എൻ്റെ ലേഖനത്തിനു വായനക്കാർ ഉണ്ടാകുകയുള്ളു. ചീഫ് എഡിറ്റർ നിർദ്ദേശിച്ചിരിക്കുന്നതും അതുതന്നെയാണ്.
ക്യാമറാമാൻ വേണുവിനെയും റിപ്പോർട്ടിനു സഹായിയായി നൽകിയിരുന്നു.
പ്രണയം നിരസിച്ചതിനാൽ ആക്രമിക്കപ്പെട്ട ഉമ എന്ന നെല്ലിക്കുന്നിലെ പെൺകുട്ടി.
ഒരുവൻ പെട്രോൾ ഒഴിച്ചു അവളെ കത്തിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വയറിനു താഴേക്ക് തീ പടർന്ന അവളുടെ ജനനേന്ദ്രിയങ്ങളടങ്ങിയ മാംസഭാഗങ്ങൾ വെന്തുരുകി ചേർന്നു പോയിരുന്നു.
അവളത് അതിജീവിച്ചു. പുനർജ്ജനിച്ചു.
മാദ്ധ്യമങ്ങൾ അവൾക്ക് ഫീനിക്സ് പക്ഷി എന്നു പേരിട്ട് വാർത്തകളിൽ ആഘോഷിച്ചു.
അവളുടെ അരയ്ക്ക് താഴെ വെന്തുരുകിയ മാംസഭാഗങ്ങൾ ഒട്ടിച്ചേർന്നു പോയിരുന്നു.
സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു. പ്രമുഖ ഡോക്ട്ടർമാർ വലിയൊരു സർജറിയ്ക്ക് തയ്യാറായി. അതിലൂടെ പ്രാഥമിക കാര്യങ്ങൾ നടക്കാനുള്ള സംവിധാനങ്ങൾ അവളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു. പത്രങ്ങളിൽ അന്ന് ഇതെല്ലാം വാർത്തയായി വന്നു മറഞ്ഞു. വർഷങ്ങൾക്കപ്പുറമായിരുന്നു. അവൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
'ഫീനിക്സ് പക്ഷി കഴുകനാൽ വീണ്ടും പിച്ചിച്ചീന്തപ്പെട്ടു.'
'നിയമ വ്യവസ്ഥയുടെ പരാജയം.'
'പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്തവൾ ബലാത്സംഗം ചെയ്യപ്പെട്ടു.'
വാർത്തകളിലെ തലക്കെട്ടുകൾ പലതായിരുന്നു.
പ്രതി ഒന്നു തന്നെയായിരുന്നു.
മാനസിക വിഭ്രാന്തിയുടെ പരിഗണനയിൽ പുറത്തുവന്നവന് അവളെ വീണ്ടും ബലാത്സംഗം ചെയ്യാൻ അറിയാമായിരുന്നു.
മാറ്റപ്പെടേണ്ട നിയമ വ്യവസ്ഥകൾ സായാഹ്ന ചർച്ചകളിൽ വിഷയമായി. ഈ അവസ്ഥയിൽ അവൾ എങ്ങനെ പീഡിപ്പിക്കപ്പെട്ടു? വെന്തുരുകിയ പെണ്ണിനെ അവൻ നശിപ്പിച്ച രീതികൾ വാർത്തകളിൽ പല രീതിയിൽ ആവിഷ്ക്കരിച്ചു. പറയാതെ പറഞ്ഞു വയ്ക്കുന്ന ഭാവനകൾ അവളെ വീണ്ടും നഗ്നയാക്കി. അവൾ വീണ്ടും വീണ്ടും പൊള്ളുകയും, ബലാത്സംഗം ചെയ്യപ്പെടുകയുമുണ്ടായി. പിന്നെ,
ഫീനിക്സ് പെണ്ണ് വാർത്തകളിൽ നിന്നു മറഞ്ഞു. പുതിയ പുതിയ പീഡനങ്ങൾ നിറങ്ങൾ കലർന്നു വന്നു തുടങ്ങിയപ്പോൾ അവൾ വിസ്മൃതിയിൽ അലിഞ്ഞു.
അവളുടെ ഇന്നത്തെ അവസ്ഥ കണ്ടെത്തി അവതരിപ്പിക്കണം. അതാണ് ലക്ഷ്യം.
കുന്നിൻ മുകളിലെ ഉമയുടെ വീട്ടിലേക്ക് മനോഹരമായി ചെത്തിയുണ്ടാക്കിയ പടവുകളായിരുന്നു. വിനീതയ്ക്ക് അതു അതിശയമായി തോന്നി. കുന്നിന് മുകളിലെ ഒറ്റ വീട്. അതിലേക്കു കയറാനായി ചെങ്കല്ല് കൊത്തിയെടുത്ത പടവുകൾ. മുകളിലേക്ക് കയറുമ്പോൾ ഒരു കൗതുകത്തിനായി അവളതു ഓരോന്നായി എണ്ണി. പടവുകൾ കയറുമ്പോൾ ഒരു നായ താഴേക്കിറങ്ങി വന്നു കൊണ്ടിരുന്നു. മധ്യഭാഗത്തൊരു പടവിൽ അവൾ നിന്നു. കിതപ്പിനാശ്വാസമായി ശ്വാസമെടുത്തു. നായയും പടവിൽ നിന്നു മണം പിടിച്ചു. പിന്നെ അവളെ നോക്കി വാൽ ചലിപ്പിച്ചു താഴേക്കിറങ്ങി. ഇടവിട്ടു ചില പടവുകളിൽ ചെറിയ പൈപ്പ് താഴ്ത്തിയിരിക്കുന്നു. മഴവെള്ളം ഉള്ളിലേക്കിറങ്ങാനാകണം. വെള്ളം ഒലിച്ചു അകത്തേക്കിറങ്ങിയ പാടുകളുണ്ടായിരുന്നു. കുന്നിൻ മുകളിലെ വീടിനു മുന്നിലെത്തിയപ്പോൾ അവൾ തളർന്നിരുന്നു. കിതപ്പിനിടയിൽ തൊണ്ണൂറ്റി ഒന്ന് എന്നു ചുണ്ടുകൾ പിറുപിറുത്തു. ഓടിട്ട വീട്, വരാന്തയുടെ മുന്നിൽ വീടിനോളം നീളത്തിലുള്ള തിണ്ണ. തൊണ്ണൂറ്റി മൂന്ന് പടികൾ. ആരോ എണ്ണി കൊത്തിയെടുത്തതാണ്. വീടിനുള്ളിൽ നിന്നും ഒരു വൃദ്ധ ഇറങ്ങി വന്നു.
'ആരാ?' അവർ ചോദിച്ചു.
"ഉമയുടെ വീടല്ലേ?
ഉമയെ കാണാനാണ്."
'കൊച്ചാരാണ്?'
'കൂട്ടുകാരിയാണ്.'
താനൊരു മാദ്ധ്യമ പ്രവർത്തകയാണ് എന്നറിഞ്ഞാൽ തൻ്റെ ഉദ്യമം പരാജയമാകുമോ എന്ന ആശങ്ക അവളെ നുണ പറയിപ്പിച്ചു. എങ്കിലും എന്തു പറയണം എങ്ങനെ തുടങ്ങണം എന്ന ചിന്ത മനസ്സിനെ ധർമ്മസങ്കടത്തിൽ ഭരിച്ചു കൊണ്ടിരുന്നു.
ആ ചെറിയ വീട്ടിലെ വരാന്തയിലെ അലമാരയിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ചുവന്ന പുറം ചട്ടയുള്ള ഒരു പുസ്തകത്തിലെ വശത്തെ കറുത്ത അക്ഷരങ്ങൾ 'സ്കാഫിസം' വിനീത അതു ഉരുവിട്ടു. ഈയിടെയും വായിച്ചു വച്ചതു കൊണ്ടാകണം അതു പുസ്തകവരികളിൽ അടുക്ക് തെറ്റി പുറത്തേക്കുന്തിയിരുന്നത്. ആ വൃദ്ധ വരാന്തയിലിരുന്ന് വിനീതയെ ഉറ്റുനോക്കി. അവൾ ചിരിച്ചപ്പോൾ അവരും ചിരിച്ചു.
'മോള് പടിയേറി തളർന്നല്ലേ?
ഗംഗൻ്റെ പണിയാണ്. അവനെന്നും ഇത് ചവിട്ടി കയറണം. ഞങ്ങളും കയറും.
അല്ല മോളേതാ?'
അവർ വീണ്ടും ചോദിച്ചു.
'ആരാ ഗംഗൻ?'
'ൻ്റെ മോനാ ദേണ്ടെ വരണുണ്ട്.'
അവർ പറഞ്ഞു. താഴെ നിന്നൊരാൾ പടവുകൾ കയറി വരുന്നുണ്ടായിരുന്നു. നിമിഷനേരങ്ങൾ കൊണ്ടായിരുന്നു പടികൾ ചവിട്ടിമെതിച്ചയാൾ മുന്നിലെത്തിയത്.
അയാളുടെ ശരീരം കണ്ടപ്പോൾ അയാൾക്കത് നിസ്സാരമായിരുന്നു എന്നു വിനീതയ്ക്കു ബോധ്യമായി.
ആറടിയേറെ ഉയരം, കറുത്ത ശരീരം, ഉറച്ച മാംസപേശികൾ, തോളിൽ ഒരു മഴു ഉണ്ടായിരുന്നു.
'കാട്ടിൽ കുറച്ച് മരം വെട്ടുണ്ടായിരുന്നു.
നിങ്ങൾ ആരാണ്?' അയാൾ ചോദിച്ചു.
'ഞാൻ വിനീത, ഉമയെ ഒന്നു കാണാൻ വന്നതാണ്.'
'ഇരിക്കൂ മാദ്ധ്യമ പ്രവർത്തകയാണല്ലേ?
എന്താണറിയേണ്ടത്?'
അയാൾ മുറ്റത്തെ കസേരയിലേക്ക് വിരൽ ചൂണ്ടി. അവളുടെ മുഖം കുറ്റക്കാരിയുടേതു പോലെ കുനിഞ്ഞു.
'ശരി ഞാൻ ഉമയെ കൊണ്ടു വരാം '
അയാൾ വീടിനുള്ളിലേക്ക് പോയി.
വിനീത ആ കാഴ്ച്ചയ്ക്കായി മനസ്സിനെ പാകപ്പെടുത്തി.
നേരം സന്ധ്യയായി തുടങ്ങിയിരുന്നു.
'അവൾ കിടപ്പിലാണെങ്കിൽ ആ അവസ്ഥ കാണാൻ മനസ്സിനു ഒട്ടും ആഗ്രഹമില്ല.
എന്നാലും ഇത് എൻ്റെ ജോലിയുടെ ഭാഗമാണ്. അവൾ അരയ്ക്ക് താഴെ വെന്തുരുകിയ പെണ്ണാണ്. അവൾക്ക് നടക്കാൻ കഴിയില്ലായിരിക്കും. അയാൾ അവളെ ഇരുകൈകളിലും കോരിയെടുത്തു കൊണ്ടുവരും. പൊള്ളിയ മുഖം കണ്ട് മനസ്സ് പതറരുത്. അവൾക്ക് സംസാരിക്കാൻ കഴിയുമായിരിക്കുമോ? ആ കാഴ്ച്ചയിലെ തീവ്രതയിലേക്ക് മനസ്സിനെ കടത്തിവിടണം.
അതിൽ നിന്നുണരുന്ന അക്ഷരങ്ങൾ വേണം വായനയ്ക്കായി പിറവിയെടുക്കാൻ.
ഇയാൾ ഉമയുടെ ആരായിരിക്കും.?'
വീടിനുള്ളിൽ നിന്നും കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ട്. വിനീത ആ കാഴ്ച്ചയ്ക്കായി മനസ്സിനു ധൈര്യം കൊടുത്തു. കാത്തിരുന്നു.
നേരിയൊരു സ്വർണ്ണ നിറമുള്ള വെളിച്ചം വായുവിലൂടെ വരുകയാണെന്നാണ് ആദ്യം തോന്നിയത്. പിന്നെ മനസ്സിലായി അതൊരു വിളക്കാണെന്നും അതിനു പിന്നിലൊരു രൂപം ഉണ്ടെന്നും.
'ദീപം ദീപം' എന്ന് ആ ചുണ്ടുകൾ മൃദുവായി മന്ത്രിക്കുന്നുണ്ടായിരുന്നു. വിളക്ക് നിലത്തു വയ്ക്കാൻ കുനിഞ്ഞപ്പോൾ സ്വർണ്ണ വെളിച്ചത്തിൽ അവളുടെ മുഖം ഒരു ദേവതയെ പോലെ തോന്നിച്ചു. വട്ട മുഖം, തിരുനെറ്റിയിലും, മുകളിലും ചുവന്ന കുങ്കുമത്തിലെ വട്ടപ്പൊട്ടുകൾ, ഇടതൂർന്ന തലമുടി, കൂട്ടിമുട്ടി വില്ലുപോലെ വളഞ്ഞ പുരികങ്ങളും, നീണ്ട കണ്ണുകളും. ഒറ്റനോട്ടത്തിൽ അവളുടെ മുഖം വിനീതയിൽ പെണ്ണിൻ്റെ അസൂയ ഉണർത്തി.
അവൾ നടക്കുന്നത് പതിയെ ആയിരുന്നു.
കാൽപ്പാദങ്ങൾ വസ്ത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്നു. സ്വന്തം കണ്ണേറ് അവൾക്ക് തട്ടാതിരിക്കാനായി വിനീതയതു കാണാൻ ശ്രമിച്ചെങ്കിലും വിഫലമായി.
'മാഡം ഇതാണ് ഉമ.'
അവൾ ചിരിച്ചു.
വിനീതയ്ക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
'മാഡത്തിനു വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ
നിങ്ങൾ അന്വേഷിച്ചു വന്ന ദുരന്തകഥയിലെ നായിക ഇവൾ തന്നെയാണ്.
ഞാൻ ഇവളെ വിവാഹം കഴിച്ചു.
ഞങ്ങൾ ഇവിടെ താമസിക്കുന്നു.
മാഡത്തിന് ആവശ്യമായ പഴയ കാര്യങ്ങൾ ചോദിക്കാം അവൾ പറയും.'
അയാൾ പറഞ്ഞു. വിനീതയ്ക്കൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഇത്രയും നല്ലൊരു അനുഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചില്ല. അവളിൽ പഴയ ഓർമ്മകൾ വീണ്ടും കുത്തി നിറയ്ക്കാൻ വിനീതയ്ക്കു കഴിഞ്ഞതുമില്ല.
'ഉമ നിന്നെ ഞാൻ കൊണ്ടു പോകുകയാണ്
അനുവാദം ചോദിച്ചില്ല. അവകാശമെടുത്തു.
അവൾ ഒരു ആവശ്യം ഉന്നയിച്ചു.
ഞാനതും സാധിച്ചു കൊടുത്തു.
കണ്ടില്ലേ?' അയാൾ ഉമ്മറത്തേക്ക് വിരൽ ചൂണ്ടി. വൃദ്ധ അവിടിരുന്ന് ചിരിച്ചു.
'മോള് വരുന്നോ നമുക്ക് പടികേറാം'
അവർ പറഞ്ഞു.
'കാര്യാക്കണ്ട മാഡം ബുദ്ധിയ്ക്ക് സ്ഥിരതയില്ല.' അയാൾ പറഞ്ഞു.
'കേസൊക്കെ എന്തായി?'
'എന്താകാനാണ് പോലീസിന് പിടിക്കാൻ കഴിഞ്ഞില്ലല്ലോ അവനിന്നും ഇവിടെ ഉണ്ട്.'
അയാളുടെ നോട്ടം ചെന്നു നിന്നത്, വീടിനു മുറ്റത്ത് ഇടതുവശത്തു വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങളിലായിരുന്നു. കൂട്ടം ചേർന്ന് വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ. അതിനിടയിൽ ഒരാൾ നീളത്തിൽ വളർന്നിരിക്കുന്ന പച്ചമുളകൾക്ക് ഉയരം കുറവായിരുന്നു. അവ ഈ അടുത്തെങ്ങോ മുളച്ചു വന്നതാകണം. കാറ്റിൽ അത് തമ്മിലുരസ്സി ഒച്ചയുണ്ടാക്കുന്നുണ്ട്.
അവിടവിടെയായി കുഞ്ഞുപെട്ടികളിൽ തേനീച്ച കൂടുകൾ. അതിനു ചുറ്റും തേനീച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
വീടും പരിസരവും മനോഹരമായിരുന്നു. കാട് സുരക്ഷിത വലയം സൃഷ്ടിച്ചൊരു കുഞ്ഞ് കൊട്ടാരം.
'നിങ്ങൾക്ക് അയാളോടൊരു ദേഷ്യവും തോന്നുന്നില്ലേ?' വിനീത ചോദിച്ചു.
'എന്തു തോന്നാനാണ് അയാൾ എവിടെയോ പോയി. പോലീസുകാർക്കു പോലും പിടിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഞങ്ങൾ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്. ബുദ്ധിയ്ക്ക് സ്ഥിരതയില്ലാത്ത ഒരു അമ്മയും അരയ്ക്ക് കീഴെ വെന്തുരുകിയ ഒരു പെണ്ണും ഇവർക്ക് രണ്ടു പേർക്കും ഞാൻ മാത്രമേ ഉള്ളു.'
ഗംഗൻ പറഞ്ഞു നിർത്തി.
വിനീത വരാന്തയിലേക്കു നോക്കി. തിണ്ണയിലിരുന്ന സ്ത്രീ അവളെ നോക്കി വീണ്ടും പല്ലുകൾ കാട്ടി ചിരിച്ചു.
'ആ നാറിയെ കിട്ടിയിരുന്നെങ്കിൽ അവൻ്റെ മോന്തക്കിട്ട് രണ്ടു ചവിട്ട് എനിക്കു കൊടുക്കണമായിരുന്നു.'
വിനീത ചുണ്ടിനടിയിലിട്ട് പറയുന്നതു കേട്ടു അയാൾ ചിരിച്ചു നിന്നതേയുള്ളു.
ഇയാൾക്കെങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു.!ഒരു സാത്വികനെ പോലെ!
എൻ്റെ ഉള്ളിലെ ചിന്തകളെയൊക്കെ ഇയാൾ അലിയിച്ചു കളഞ്ഞിരിക്കുന്നു.
'തൊണ്ണൂറ്റി ഒന്ന് പടികളുണ്ടല്ലേ? കയറുമ്പോൾ ഞാൻ എണ്ണിയിരുന്നു.
എന്താ ഇങ്ങനെ കുന്നിൻ മുകളിൽ വീടും പടവുകളും?' അവൾ ചോദിച്ചു.
'മാഡത്തിന് എണ്ണം എവിടെയോ തെറ്റിയിട്ടുണ്ട്. തൊണ്ണൂറ്റി ഒന്നല്ല.
തൊണ്ണൂറ്റി മൂന്നുണ്ട്. എന്നും ചവിട്ടി കയറാനും ഇറങ്ങാനും പടവുകൾ നല്ലതല്ലേ ആരോഗ്യവും നശിക്കില്ല. ഒരു കൗതുകത്തിനായി ഞാൻ തന്നെ കൊത്തി ഉണ്ടാക്കിയതാണ് ' അയാൾ പറഞ്ഞു.
'എൻ്റെ എണ്ണം തെറ്റിയോ?'
പടവുകൾ തിരിച്ചിറങ്ങുമ്പോഴും വിനീത അത് ഓരോന്നായി എണ്ണി. പടവുകൾക്ക് താഴെ ക്യാമറയുമായി വേണു നിൽക്കുന്നത് കാണാമായിരുന്നു. പടവുകളിൽ മധ്യഭാഗത്ത് എത്തിയപ്പോഴായിരുന്നു.
ഗംഗൻ പുറകിൽ നിന്നുറക്കെ വിളിച്ചത്.
'മാഡം പടവുകൾ എണ്ണുന്നുണ്ടോ?'
അവൾ തിരിഞ്ഞു നിന്നു.
'അതെ' എന്നു തലയാട്ടി.
'അടുത്ത പടവിൽ ഇടതു വശം ചേർന്നു രണ്ടു കാലുകളും അമർത്തി ചവിട്ടി ഇറങ്ങിക്കോളു.'
അയാൾ വിളിച്ചു പറഞ്ഞതും അവൾ പടിയിലേക്ക് കാലുവച്ചതും ഒരുമിച്ചായിരുന്നു. ഇടതു വശത്തു തന്നെ. പെട്ടെന്ന് കാലുകളിടറി അവൾ അടുത്ത പടിയിലേക്ക് ഇറങ്ങി നിന്നു. തിരിഞ്ഞു നോക്കി. അയാൾ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
"കൃത്യം മുഖത്തു തന്നെയായിരുന്നു മാഡം
അയാൾ വീണ്ടും വിളിച്ചു പറഞ്ഞു. "
പിന്നെയുള്ള പടികൾ വേഗതയിലായിരുന്നു അവൾ ഓടിയിറങ്ങിയത്. എണ്ണം തെറ്റിപ്പോയിരുന്നു. അത് എത്രാമത്തെ പടവായിരുന്നു. ഓർക്കാൻ കഴിയുന്നില്ല. കിതപ്പോടെ അവൾ വേണുവിന് അരികിലെത്തി. ശ്വാസമെടുക്കാനായി കിതച്ചു നിന്നു.
'എന്താ വിനീത എന്തു പറ്റി?'വേണു ചോദിച്ചു.
അവൾ തിരിഞ്ഞു പടവുകളിലേക്കു നോക്കി
ചവിട്ടി കയറിയും ഇറങ്ങിയും കാൽപ്പാദങ്ങൾ പതിഞ്ഞ് മിനുസമായ പടവുകൾ. നിലാവെളിച്ചത്തിൽ അവ ചുവന്ന മാർബിൾ പോലെ തിളങ്ങുന്നു.
'വേണു ആ ചിത്രം ഒന്നു ക്യാമറയിലേക്ക് പകർത്തിയേ ഇതൊരു അപൂർവ്വ കാഴ്ച്ചയും കഥയുമാകുകയാണ്.' അവൾ പറഞ്ഞു.
വേണു പടവുകൾക്ക് മുകളിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ആ ചിത്രം പകർത്തി.
മടക്കയാത്രയിൽ വിനീത മൗനമായിരുന്നു.
രാത്രിയിലാണ് ആ ചിത്രം വേണു വിനീതയ്ക്ക് അയച്ചത്. മൊബൈലിൽ ആ ചിത്രം കറങ്ങി, കറങ്ങി പൂർത്തിയായി തെളിഞ്ഞു വന്നു. വേണുവിൻ്റെ ഒരു വോയിസ്‌ മെസേജ് കൂടെ വന്നിട്ടുണ്ടായിരുന്നു.
'വിനീത അയാളെ എനിക്കറിയാം, ഞാൻ കണ്ടിട്ടുണ്ട്. അയാളുടെ പേര് ഗംഗാധരൻ എന്നാണ്. മാത്രമല്ല. ഭ്രാന്തിയായ ആ സ്ത്രീ അയാളുടെ അമ്മയല്ല. അതു ഉമയെ നശിപ്പിച്ച അവൻ്റെ അമ്മയാണ്. '
വേണുവിൻ്റെ സംഭാഷണം നാലു വരികളിലവസാനിച്ചു.
'മാഡം ഞങ്ങൾ കാട്ടിൽ മരം വെട്ടുമ്പോൾ അതിൽ വസിക്കുന്ന പക്ഷികളോടും, മറ്റും അനുവാദം ചോദിക്കാറുണ്ട്. ആദ്യത്തെ മഴുവിൻ്റെ ഒച്ച തടിയിൽ വീഴുമ്പോൾ അവർ സമ്മതത്തോടെ പറന്നകലും, സ്വയം പറക്കാൻ കഴിയാത്ത ചില വൃദ്ധയായ പക്ഷികൾ കൂട്ടിലുണ്ടാകും, ഞങ്ങൾ അവയെ എടുത്ത് സുരക്ഷിതമായ സ്ഥാനങ്ങളിൽ എത്തിച്ചിട്ടേ മരം മുറിക്കാറുള്ളു.' അയാൾ അന്നു പറഞ്ഞ വാക്കുകൾ അവളോർത്തു.
വിനീത ആ ചിത്രം എടുത്തു നോക്കി.
ആകാശത്തിലേക്ക് കെട്ടിപ്പടുത്തിയ പടവുകൾക്ക് മുകളിൽ അയാളും,
അവളും ഒന്നുചേർന്നു ഒരേ നിഴൽ രൂപമായി നിൽക്കുന്നുണ്ടായിരുന്നു.
അവർക്ക് പുറകിലെ ആകാശത്തിലെ ചന്ദ്രക്കല അവരെ അർദ്ധനാരിയായി തോന്നിപ്പിച്ചു. ഗംഗാധരനും, ഉമയും, ചന്ദ്രക്കലയും അർദ്ധനാരി പോലെ തിളങ്ങുന്ന ചിത്രം.
********
ബാംബൂ ടോർച്ചറിംഗ് കൂടെ വായിച്ചിട്ടാണ് വിനീത ഉറങ്ങാൻ കിടന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ യുദ്ധത്തടവുകാരായി പിടിച്ചവരെ നാമ്പു മുളച്ചു തുടങ്ങിയ അനേകം മുള തൈകൾക്കു മുകളിൽ ബന്ധിച്ചു കിടത്തും.
ജീവൻ നഷ്ടപ്പെടാതിരിക്കാൻ വെള്ളവും, ആഹാരവും ബലമായി നൽകി കൊണ്ടിരിക്കും. ദിവസങ്ങൾ കൊണ്ട് മുളനാമ്പുകൾ വളർന്നു ശരീരം തുളച്ചു കയറി പുറത്തെത്തും. ഏറ്റവും വേദനാജനകമായിരിക്കും ആ മരണം.
അന്നു രാത്രി വിനീത ഒരു സ്വപ്‌നം കണ്ടു.
'തേനും പാലും പുരട്ടി ജീവനോടെ പെട്ടിക്കുള്ളിൽ അടച്ചു കുഴിച്ചിടുന്നൊരു ശരീരം. അവൻ്റെ വായ്ക്കുള്ളിൽ അയാൾ ഒരു പൈപ്പ് കഷണം കുത്തിവച്ചു. കുഴി മൂടി. തേൻ മിശ്രിതം കുടിപ്പിച്ചു. മരിക്കാൻ അനുവദിക്കാതെ മഴവെള്ളം പൈപ്പിൻ കുഴലിലൂടെ അവൻ്റെ വായിലേക്കിറങ്ങി കൊണ്ടിരുന്നു. പെട്ടിക്കുള്ളിൽ ജീവനോടെ അഴുകി പുഴുവരിച്ച് അവൻ കിടന്നു.
അവൻ്റെ ശരീരത്തിനുള്ളിലൂടെ, തുളച്ച് കയറി മുളനാമ്പുകൾ വളർന്നുയർന്നു വന്നു. ആ ശരീരത്തിന് തല ഇല്ലായിരുന്നു.
താൻ ചവിട്ടി നിൽക്കുന്നത് അവൻ്റെ മുറിച്ചെടുത്ത തലയിലെ മുഖത്തായിരുന്നു.'
തൊണ്ണൂറ്റി മൂന്ന് പടവുകളിൽ ഏതിലോ ഒന്നിൻ്റെ അടിയിൽ അവൻ ജീവനോടെ മരണം കാത്തു കിടക്കുന്നുണ്ട്. അല്ലെങ്കിൽ മുളങ്കൂട്ടങ്ങൾക്കടിയിൽ അവൻ്റെ ജീർണ്ണിച്ച തലയില്ലാത്ത അസ്ഥികൂടവും. പടവുകളിൽ ഒന്നിൻ്റെ ഇടതുവശത്ത് അവൻ്റെ തലയും ബാക്കിയുണ്ടാകും. ഉമ ആഗ്രഹിച്ചു.അയാൾ അതു സാധിച്ചു കൊടുത്തിട്ടുണ്ടാകും.
09/July /202l

പതിനാറ് I Jayachandran NT


 അരുണിമ, ഒരു ആശയവിനിമയത്തിനായി ഞാനവളെ തിരഞ്ഞെടുത്തു.
അരുണിമ നല്ല പേരായിരുന്നു.
തിരിച്ചെഴുതി മറ്റൊരു പേരാക്കാൻ കഴിയില്ല.
രണ്ടായി മുറിച്ചു പിന്നെ വിലയ്ക്കെടുക്കാം.
എനിക്കവളെ ഇപ്പൊ ആവശ്യമായിരുന്നു.
എനിക്കു മരിക്കാൻ മനസ്സില്ലായിരുന്നു.
അതുകൊണ്ടു തന്നെ ഞാനതു കണ്ടു പിടിക്കാൻ തീരുമാനിച്ചു. ഞാനതു കണ്ടെത്തി.
അവൾ അതു കണ്ടെത്തുമോ എന്നറിയാൻ ശ്രമിച്ചു. നഗരത്തിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,
പതിനാറാം നമ്പർ മുറി.
"മിസ്റ്റർ ജയപ്രവീൺ താങ്കളെ സർജറിക്കായി അഡ്മിറ്റു ചെയ്തിരിക്കുന്നു."
ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ വളർന്നു നിൽക്കുന്ന താടിരോമങ്ങളിലൂടെ വിരലോടിച്ചു.
"ഡോക്ട്ടർ ഈ സർജറി കഴിഞ്ഞാൽ വിജയിക്കുമെന്നു എത്ര ശതമാനത്തോളം ഉറപ്പുണ്ട്.?"
നീലിമ ആയിരുന്നു അതു ചോദിച്ചതു.
വെറും പത്തു ശതമാനമായിരുന്നു. ഡോക്ടർ എൻ്റെ ഭാവികാലത്തിനു നൽകിയ വാഗ്ദാനം.
"കൈകാലുകൾ കുറച്ചു നാളത്തേക്കു തളർന്നു പോയേക്കാം, പിന്നെ ചികിത്സകൾ കൊണ്ടു പതിയെ ജീവിതത്തിലേക്കു തിരികെ വരാം"
നീലിമ എഴുന്നേറ്റു.വാതിൽ തുറന്നു പുറത്തിറങ്ങി.
ആശുപത്രി ഇടനാഴിയിലൂടെ അവൾ നടന്നകന്നു. കാഴ്ച്ചയിൽ നിന്നു മറയുന്നതു വരെ അവൾ തിരിഞ്ഞു നോക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു.
ഇല്ല, അവൾ നോക്കിയില്ല. "നീലിമാ"ഒരിക്കൽ കൂടെ ഉച്ചത്തിൽ ഒന്നു വിളിക്കാൻ ശ്രമിച്ചു.
കഴിയുന്നില്ല. ശബ്ദം തൊണ്ടയിൽ എവിടെയോ തടഞ്ഞു നിൽക്കുന്നു.
"എന്നിലെ കണക്കറ്റ സ്വത്തുക്കൾ അവളിൽ ചെന്നു ചേരുമെന്നു മൂഢമായി വിശ്വസിച്ചു പോകുന്ന പെണ്ണ്. ഒരിക്കൽ നീ തിരിച്ചു വരും. ഞാൻ മരിക്കില്ല."
"എന്താ എഴുതുന്നത്?"
ചോദ്യവുമായി അരുണിമ കയറി വന്നു.
വാതിൽ തുറന്നടഞ്ഞപ്പോൾ പതിനാറ് എന്ന ആശുപത്രി വാതിലിൽ പതിച്ചിരുന്ന അക്കം നിമിഷനേരത്തേ ക്കു ദൃശ്യമായി,
പിന്നെ മറഞ്ഞു. പതിനാറാം നമ്പർ മുറി, ആശുപത്രി ജീവനക്കാരുടെ സഹതാപം.
ഇതിനു മുൻപ് ഈ മുറിയിൽ ഉണ്ടായിരുന്ന മൂന്നു രോഗികളും മരിച്ചു പോയിരുന്നു.
തൽക്കാലം പിന്നെ അതു പൂട്ടിയിടുകയായിരുന്നു.
"മറ്റൊരു മുറി ഒഴിയുന്നതു വരെ വേണമെങ്കിൽ വീട്ടിൽ പോകാം" എന്നു ഡോക്ടർ പറഞ്ഞു.
എനിക്കു തമാശ തോന്നി. ഞാൻ ആ മുറി തന്നെ നിർബദ്ധപൂർവ്വം ആവശ്യപ്പെട്ടു. തുറന്നു വാങ്ങി.
സിസ്റ്റർ അരുണിമയെ എന്നെ ശുശ്രൂഷിക്കാനായും നിയമിക്കപ്പെട്ടു.
പതിനാറ്‌, എന്ന അക്കം എന്നെ നാട്ടിലെ സർക്കാർ ആശുപത്രി ഓർമ്മയിലേക്കായിരുന്നു. ആദ്യമെത്തിച്ചത്.
"ഡോക്ട്ടർമാർ കൈയ്യൊഴിയുന്നവരാണത്രെ പതിനാറാം വാർഡിൽ അഡ്മിറ്റു ചെയ്യപ്പെടുന്നത്
മണിയെ പതിനാറാം വാർഡിലേക്കു മാറ്റി. അതറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ആശങ്കകൾ പങ്കു വയ്ക്കുന്നതു കേട്ടിരുന്നു. എനിക്കൊന്നു മണിയെ കാണണമെന്നു തോന്നി.മണി മരിക്കാൻ പാടില്ല. അവനെ എനിക്കാവശ്യമുണ്ട്.
ഞാൻ ചെല്ലുമ്പോൾ രോഗശയ്യയിൽ അവൻ അവശനായിരുന്നു. പതിനാറാം വാർഡിലേക്കു പ്രവേശിക്കുന്ന ഇരുമ്പ് ഗ്രില്ലിനടുത്തായിരുന്നു. ടോയ്ലറ്റുകൾ. തുരുമ്പു കയറി കറുത്ത പെയിൻ്റ് പൊള്ളിയടർന്ന ഇരുമ്പ് ഗ്രിൽ, ടോയ്ലറ്റിൻ്റെ വെള്ളം ഒഴുകി പടർന്ന ഇടനാഴി. അതിൽ ചവിട്ടി വാർഡിലേക്കു നടന്നവരുടെ കാൽപ്പാടുകൾ ഉണക്കാൻ ബന്ധപ്പെട്ടു പതിയെ കറങ്ങുന്ന ഫാൻ. മൂത്രത്തിൻ്റെ ഗന്ധം വാർഡിനുള്ളിലും നിറഞ്ഞു നിന്നിരുന്നു.ഞാൻ വാർഡിനുള്ളിലേക്കു നടന്നു. ഒരു സ്റ്റീൽ കപ്പ് തറയിൽ വീണു, കുറച്ചു നേരം ഒച്ചയുണ്ടായി. പിന്നെ നേർത്തു നിശബ്ദമായി. ഒരു കുട്ടി എവിടെയോ വാവിട്ടു കരയുന്നുണ്ടായിരുന്നു. വേദനയുടെ ഒച്ച മുനയുള്ള അമ്പു പോലെ കാതുകളിൽ വന്നു കോർത്തു. ചുവരിനോടു ചേർന്നായിരുന്നു.മണി കിടന്നിരുന്നത്. ഞാൻ ചെന്നപ്പോൾ ജനലിലൂടെ അവൻ പുറത്തെ കാഴ്ച്ചകൾ കാണുകയാണ്.
ഞാനും ജനലിലൂടെ പുറത്തേക്കു നോക്കി.
മോർച്ചറി എന്ന കറുത്ത അക്ഷരങ്ങൾ.
താഴെ മോർച്ചറിയാണ്. പതിനാറാം വാർഡിൽ കിടക്കുന്ന എല്ലാപേർക്കും മോർച്ചറി എന്ന കെട്ടിടം അരികിലായിരുന്നു.
ആംബുലൻസുകൾ വന്നു നിൽക്കുന്നു.
സ്ട്രെക്ച്ചറിൽ ശരീരങ്ങൾ അകത്തേക്കെടുക്കുന്നു. വെള്ളയിൽ പൊതിഞ്ഞു ആ ശരീരങ്ങൾ സ്ട്രെക്ച്ചറിൽ തിരികെ ആംബുലൻസിൽ കയറ്റി യാത്രയാകുന്നു. ധൃതിയിൽ തിരക്കിട്ടങ്ങോട്ടും, ഇങ്ങോട്ടും ഓടുന്ന ആളുകൾ. കറുത്ത പോളിത്തീൻ കവറുകൾ തൂക്കിപ്പിടിച്ചു നിൽക്കുന്ന പോലീസുകാർ. സൂക്ഷിച്ചു നോക്കിയാൽ പോളിത്തീൻ കവറുകൾക്കു പുറത്തു രക്തത്തുള്ളികളും, ഇറച്ചി കഷണങ്ങളും പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ കാണാം.
പെട്ടെന്നു നാട്ടിലെ സുൽഫിക്കറിൻ്റെ ഇറച്ചിക്കടയാണു ഓർമ്മ വന്നത്.
ഒരു ഓക്കാനം വയറിൽ നിന്നുയർന്നു തൊണ്ടയിൽ വന്നു തടഞ്ഞു നിന്നു.
"നീ കേട്ടോ ആ ശബ്ദം?" മണി ചോദിച്ചു.
ആശാരിപ്പണി നടക്കുന്ന കൊട്ടുവടിയുടേയും മറ്റും ഒച്ച താളത്തിൽ കേൾക്കുന്നു.
മോർച്ചറിയുടെ പുറകിൽ കാണുന്ന ശവപ്പെടിക്കടയിൽ നിന്നാണതെന്നു എനിക്കു മനസ്സിലായി. അവൻ എന്നാൽ വീണ്ടും കാതോർത്തു.
"ശ്രദ്ധിച്ചേ അതിനിടയിൽ ഇരുമ്പു ചുറ്റിക ഇരുമ്പുളിയിൽ കൊള്ളുന്ന ഒച്ച കേൾക്കുന്നില്ലേ? തലയോട്ടി പിളരുന്നതാണ്. ആ പോലീസുകാരുടെ കൈയ്യിൽ ഇരിക്കുന്ന കവറുകൾ നീ കണ്ടോ?"
അവൻ്റെ ചോദ്യങ്ങൾ കേട്ടിട്ടു എനിക്കവിടെന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. ശ്രദ്ധിച്ചപ്പോൾ ആ ഒച്ച എൻ്റെ ചെവിയ്ക്കു മുകളിൽ തലയോട്ടിയിൽ ഒരു ഉളി ചേർത്തു വച്ചടിക്കുന്നതുപോലെ തോന്നി
"ഞാനിനി രക്ഷപെടില്ല ജയാ ഇവിടെന്നു അവസാനിച്ചാൽ എളുപ്പത്തിൽ അവിടേക്കു മാറ്റാനായിരിക്കാം, ഈ പതിനാറിൽ ഞാൻ എത്തിയത്."
അവിടെന്നു രക്ഷപ്പെടാൻ ശ്രമിച്ച നേരം കൈകൾ ചേർത്തു പിടിച്ചു, മണി പറഞ്ഞു.
ചില സ്വാധീനങ്ങൾ ഉപയോഗിച്ചു മണിയെ അന്നു തന്നെ മറ്റൊരിടത്തേക്കു മാറ്റി. ഒരു ജോലിയും വാങ്ങി കൊടുത്തു. അവൻ ഇന്നും ജീവിക്കുന്നു. അവിടെ തന്നെ കിടന്നിരുന്നേൽ ഒരുപക്ഷേ നീറി നീറി അവൻ ഒടുങ്ങിയേനെ.അപ്പോൾ അന്നു ആ വാർഡിൽ ബാക്കി ഉണ്ടായിരുന്ന മറ്റുള്ളവരൊക്കെയോ?
സത്യത്തിൽ പകുതി തളർന്ന ശരീരവും മനസ്സുമായവർ മരണത്തിനരുകിലെത്തി എന്നു ഭയപ്പെട്ടു നീറിയാകും അവസാനിക്കുന്നത്.
അതുപോലെ എന്തോ ഒന്നു ഈ മുറിയിലും ഉണ്ടാകുമോ?
മനുഷ്യൻ്റെ ജീവനെടുക്കുന്നത്?
സർക്കാർ ആശുപത്രിയല്ല. മനം മടുപ്പിക്കുന്ന മണങ്ങളില്ല. പത്രങ്ങൾ വീഴുന്ന ഒച്ചയില്ല.കരയുന്ന കുഞ്ഞുങ്ങളുടെ ഒച്ച അകലെ നിന്നു പോലും കേൾക്കാനില്ല. തണുപ്പിൻ്റെ മണവും, നേർത്ത സംഗീതവും എപ്പൊഴും കേട്ടുകൊണ്ടിരിക്കുന്നു.
പതിനാറെന്ന വാതിൽ തുറന്നടയുമ്പോൾ
തേർഡ് ഫ്ലോർ എന്ന ലിഫ്റ്റു തുറക്കുന്ന ഒച്ചയും, സ്ത്രീ നാദവും ഇടയ്ക്കു കേൾക്കാം.
അരുണിമ എന്ന നഴ്സിനോടു ഒരിക്കൽ ചോദിച്ചു
"നീ എൻ്റെ കൂടെ വരുന്നോ പെണ്ണേ?"
അവൾ ഒന്നു ചിരിച്ചതെയുള്ളു.
അവൾക്കും ഉറപ്പായിരിക്കും,
ഈ പതിനാറാം നമ്പർ മുറിയിൽ നിന്നു ഞാൻ ജീവനോടെ പുറത്തെത്തില്ല എന്ന്.
ഒരെഴുത്തുകാരൻ്റെ അകാലത്തിൽ പൊലിയുന്ന വർത്തമാനകാലത്തിലെ നായികയാകാൻ അവൾ ഇഷ്ടപ്പെടുന്നുണ്ടായിരിക്കില്ല.
അരുണിമ ഒരു കുഞ്ഞിനെ എന്നതുപോലെ എന്നെ പരിപാലിച്ചു.
സർജറിയുടെ ദിവസം അടുത്തിരുന്നു.
എഴുതിക്കൊണ്ടിരുന്ന കടലാസ്സുകൾ ഞാൻ ആശുപത്രി കിടക്കയിലേക്കിട്ടു.
പൾസും, ബിപിയും ചെക്കു ചെയ്തു നോട്ടുചെയ്യുമ്പോൾ അവളുടെ കണ്ണുകൾ ആ കടലാസിലേക്കു പാറുന്നതും ഞാൻ കണ്ടിരുന്നു.
"അമി നമുക്കു കുറച്ചു സംസാരിച്ചാലോ?"
"എന്തെങ്കിലും കഥ പറയാനാണോ എങ്കിൽ പറയൂ ഞാൻ നല്ലൊരു കേൾവിക്കാരിയാകാം."
അവൾക്കിപ്പോൾ ജോലിത്തിരക്കില്ലെന്നു തോന്നുന്നു. കഥ കേൾക്കാൻ തയ്യാറായതുപോലെ അവൾ നിന്നു.
മാലാഖമാർക്കു വെള്ള വസ്ത്രമല്ലേ?
പക്ഷേ അരുണിമയ്ക്ക് ആകാശനീലയുടെ വസ്ത്രമായിരുന്നു. മാലാഖയായി ഇവൾ ചിറകുകൾ വിടർത്തി ആകാശത്തിലൂടെ പറന്നാൽ കണ്ണുകൾക്കു അഗോചരമാകുമല്ലോ?
"എന്താ ആലോചിക്കുന്നത്?"
അവളുടെ ചോദ്യത്തിനു ഞാൻ കട്ടിലിൽ എൻ്റെ അരികിലേക്കു ഇരിക്കാൻ ആംഗ്യം കാണിച്ചു.
ഒരു മടിയുമില്ലാതവൾ എനിക്കരികിലിരുന്നു.
"ഈ മുറിയിൽ മുൻപ് മരിച്ച രണ്ടുപേർക്കും ഹാർട്ടറ്റാക്കായിരുന്നു അല്ലേ?"
അരുണിമ എനിക്കായി ശേഖരിച്ചു തന്ന ആശുപത്രി രേഖകൾ ഞാനെടുത്തു.
അവൾ അതെ എന്നു തലയാട്ടി.
"ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വരുന്നതെങ്ങനെയാണ്?
ഹൃദയത്തിലേക്കുള്ള മൂന്ന് പ്രധാന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോൾ ഇതു സംഭവിക്കാം അല്ലേ?
വളരെ ചെറിയ ഈ ധമനികളിൽ അഞ്ചോ ആറോ മില്ലിമീറ്റർ വ്യാസമെ ഉണ്ടാകുന്നുള്ളു.
ഇതു കൂടാതെ ആവശ്യത്തിനനുസരിച്ചുള്ള ഓക്സിജൻ ലഭ്യമല്ലാതെ വന്നാലും ഹൃദയസ്തംഭനം സംഭവിക്കാം.
ഈ മുറിയിൽ മുൻപ് മരിച്ച രണ്ടു രോഗികളും ശ്വസന സഹായിയായി ഓക്സിജൻ മെഷ്യൻ വഴിയായിരുന്നു. ഓക്സിജൻ നൽകിയിരുന്നത്.
അതിൽ എപ്പൊഴെങ്കിലും തടസ്സം സംഭവിച്ചിരുന്നാൽ അതുമൂലവും മരണം സംഭവിച്ചിരിക്കാം അല്ലേ?"
"അല്ല സർ, അതു സാധ്യമല്ല.
കാരണം, മെഷ്യൻ വഴി ഓക്സിജൻ നൽകി കഴിഞ്ഞാൽ ഓക്സിജൻ്റെ അളവ്, സമയം എല്ലാം ക്രമീകരിച്ചു വയ്ക്കാറുണ്ട്.
അതു നിലയ്ക്കില്ല. മാത്രമല്ല മരിച്ച രണ്ടുപേരും ഹൃദയമിടിപ്പു നിലച്ചു എന്നു മനസ്സിലാക്കുമ്പോഴും മെഷ്യൻ പ്രവർത്തിക്കുകയായിരുന്നു.
ക്രമീകരിച്ചിരുന്ന മിനിട്ടുകൾ ബാക്കി നിർത്തി ഓക്സിജൻ മെഷ്യൻ ഓഫ് ചെയ്യുകയായിരുന്നു.
മാത്രമല്ല. മരിച്ച രണ്ടുപേരും തമ്മിൽ ഒരു ബന്ധവുമില്ല. ആരെങ്കിലും മനപ്പൂർവ്വം കൊലപ്പെടുത്താനായി ചെയ്തതാണെന്നു വിചാരിച്ചാലും അതിനും സാധ്യത കാണുന്നില്ല.
ആദ്യം മരിച്ചയാൾ ഒരു വിദേശിയാണ്.
രണ്ടാമതു മരിച്ചതൊരു പൊതു പ്രവർത്തകനും.
അയാൾ ഒരു മനുഷ്യ സ്നേഹിയാണ്.
ഒരുപാടു ചാരിറ്റികൾ ചെയ്യുന്ന ആളാണ്.
ഒരു ശത്രു പോലും ഉണ്ടാകാൻ സാധ്യതയില്ല."
"മനപ്പൂർവ്വം ആയിട്ടല്ലെങ്കിലോ?"
"എങ്ങനെ സർ? "
ഞാൻ ചിരിച്ചു.
"അമി ഈ ഓക്സിജൻ മെഷ്യനിൽ ടോട്ടൽ ലൈഫ് ടൈം എന്നൊരു ഓപ്ഷൻ ഇല്ലേ?"
"ഉണ്ട് സർ "
"ശരി അന്നുള്ള ആശുപത്രി രേഖകൾ നമുക്കൊന്നു പരിശോധിക്കാം.
ഇതിൽ ആദ്യത്തെ ആളുടെ മരണം,
അതായതു വിദേശി മരിച്ചതു 15നു രാത്രി 23:50 നു ശേഷമെന്നാണ് ഒട്ടോപ്സി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.നഴ്സും, ഡോക്ട്ടറും എത്തി പരിശോധിക്കുന്നതും, മരണം സ്ഥിരീകരിക്കുന്നതും രാവിലെ 00:46 നു ആണ്. മെഷീൻ 00:51നു ഓഫ് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതായത് രാത്രി പത്തു മണിയ്ക്ക് ഓൺ ചെയ്ത മെഷ്യൻ ഡോക്ടർ ക്രമീകരിച്ചിരിക്കുന്നതു 1 Ltr/min ആണ്.
അതിൻ പ്രകാരം പത്തുമണി മുതൽ 00:51 വരെ മെഷ്യൻ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ അമ്പത്തിയൊന്നു മിനിട്ട്. മൊത്തം നൂറ്റി എഴുപത്തൊന്നു മിനിട്ട്. അങ്ങനെയെങ്കിൽ 171മിനിട്ടു, മെഷീനിലെ ലൈഫ് ടൈം റിക്കോർഡിൽ 000971 നിന്നും 001142വരെ എത്തേണ്ടതായിരുന്നു.എന്നാൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു നോക്കൂ
000971ൽ മുതൽ 001132വരെ.
അതിനർഥം ഈ മെഷ്യൻ ഇതിനിടയിൽ പത്തു മിനിട്ടു നിലച്ചിട്ടുണ്ട്.
ഈ മെഷ്യനിൽ സുരക്ഷയ്ക്കായി ഒരു സംവിധാനമുണ്ട്. ഇടയ്ക്കിതു നിലച്ചു
ഹുമിഡിഫെയർ ബോട്ടിലിൽ നിന്നും ഓക്സിജൻ പുറത്തേക്കു പോകുന്നതു തടസ്സപ്പെട്ടാൽ, ബോട്ടിലിനകത്തു എയർ പ്രഷർ ഉണ്ടാകാതിരിക്കാനായി ഒരു സേഫ്റ്റി സിസ്റ്റം ഉണ്ട്
മെഷ്യൻ്റെ സുരക്ഷയ്ക്കായുള്ള ആ സംവിധാനം മെഷ്യൻ നിലച്ചപ്പോൾ പ്രവർത്തിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ ഹുമിഡിഫെയർ ബോട്ടിലിലെ വ്യത്യാസം കണ്ടു അതു ഇടയ്ക്കു നിലച്ചിട്ടുണ്ടാകുമെന്നു കണ്ടെത്തുമായിരുന്നു. സിലിണ്ടർ പോലെ റീഫിൽ സംവിധാനമല്ലല്ലോ മിഷനിൽ ഉള്ളത് അല്ലേ..?
അന്തരീക്ഷത്തിലെ വായുവിനെ ഉള്ളിലേക്കു വലിച്ചെടുത്തു നൈട്രജൻ, കാർബൺഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ ഒഴിവാക്കി ശുദ്ധമായ ഓക്സിജൻ മെഷ്യൻ നിർമ്മിക്കുന്നു.
അല്ലേ? ഇനി അടുത്ത മരണം നോക്കിയാലോ?
ഇതുപോലെ അടുത്ത മരണത്തിലും സംഭവിച്ചിട്ടുണ്ട്.
ഈ രേഖകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
17 നു രാത്രി 00:09 അടുപ്പിച്ചു ഒട്ടോപ്സിയിൽ മരണസമയം രേഖപ്പെടുത്തിയ ആൾ.
ഡോക്ടർ, നഴ്സസ് ഒരു മണിയ്ക്കു മരണം സ്ഥിരീകരിച്ചിരിക്കുന്നു. ഒരു മണി ആറു മിനിട്ടിൽ മെഷീൻ ഓഫ് ചെയ്തിരിക്കുന്നു. 20:30നു Start ചെയ്ത മെഷീൻ, ഒരു മണി ആറു മിനിട്ടു വരെ നാലു മണിക്കൂർ മുപ്പത്തി ഒൻപത് മിനിട്ട് പ്രവർത്തിച്ചു. അതായതു മൊത്തം 279 മിനിട്ടു പ്രവർത്തിച്ചു.രേഖകൾ നോക്കൂ ഡോക്ടർ
2 Ltr/min ആണ് ക്രമീകരിച്ചിരിക്കുന്നത്.
279മിനിട്ടു നേരം പ്രവർത്തിക്കുമ്പോൾ ലൈഫ് ടൈം 001141 നിന്നു 001699 വരെ എത്തണം എന്നാലിവിടെ 001681വരെയെ എത്തിയിട്ടുള്ളു
എന്താ അതിനർഥം?
മെഷീൻ ഇവിടെയും ഇടയ്ക്കെവിടെയോ വച്ചു ഒൻപതു മിനിട്ടു നിലച്ചിട്ടുണ്ട്. ആ സമയമാണു മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
"അതെ മാഷേ അതെങ്ങനെ സംഭവിച്ചു.?"
ഞാൻ ചിരിച്ചു.
"അമി നീ കണ്ടെത്തി തന്ന രേഖകൾ പ്രകാരം ഈ രണ്ടു മരണങ്ങൾ നടന്ന ദിവസങ്ങളിൽ ഈ ആശുപത്രിയിൽ രാത്രിനേരം നൂറ്റിയാറു പേർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
അതിൽ ഈ മൂന്നു നില കെട്ടിടത്തിൽ മുപ്പത്തിയാറു പേർ ഉണ്ടായിരുന്നു.
അതിൽ ഈ പതിനാറാം വാർഡിൽ പന്ത്രണ്ടു പേർ ജോലി ചെയ്തിരുന്നു.
രണ്ടു ഡോക്ടർ, നാലു നഴ്സ്മാർ, രണ്ടു സെക്യൂരിറ്റീസ്,രണ്ടു ഹൗസ് കീപ്പിംങ്ങ്സ്റ്റാഫുകൾ
ഒരു ഫാർമസിസ്റ്റ്, ഒരു അറ്റൻൻ്റർ.
"ഇവിടെ ഓരോ ആഴ്ച്ചയും ഡ്യൂട്ടി ചെയ്ഞ്ചാകില്ലേ
"ഉണ്ട്."
"നമുക്കൊന്നു സങ്കൽപ്പിച്ചു നോക്കാം.
സർജറി കഴിഞ്ഞു.ഐസലേഷൻ വാർഡിൽ നിന്നും റൂമിലെത്തിയ രോഗി. ഡോക്ട്ടേഴ്സ്, നഴ്സസ് എല്ലാപേരും വരുന്നു. പരിശോധനകളെല്ലാം കഴിഞ്ഞു, ഓക്സിജൻ സെറ്റ് ചെയ്തു അൽപ്പസമയം നിരീക്ഷിക്കുന്നു.
പിന്നെ അവർ പോകുന്നു.
സമയം രണ്ടു മണി. അവർ ചിലപ്പോൾ അൽപ്പസമയം വിശ്രമിച്ചേക്കാം.
അതിനിടയിൽ അൽപ്പസമയം ഉറങ്ങിയിരിക്കാം.
അപ്പോഴാണു ഇതു സംഭവിച്ചിട്ടുണ്ടാക്കുക.
എല്ലാപേരും ഉറങ്ങിയ ശേഷം ഉണരുന്ന കൊലയാളി."
"അതാരായിരിക്കും സർ? "
"അറിയില്ല.
കാത്തിരിക്കണം.
മറ്റൊരു കാര്യം ഈ രണ്ടു മരണങ്ങളും തമ്മിൽ വേറൊരു സാമ്യത കൂടെയുണ്ട്. അറിയാമോ?"
"ഇല്ല."
ഒരു മരണം നടന്നിരിക്കുന്നത് പതിനഞ്ചാം തീയതിയും, മറ്റൊന്നു പതിനേഴിനുമാണ്.
ഇതിലെ സമയം നോക്കൂ ഒന്ന് 15/01/2021 വെള്ളിയാഴ്ച്ച രാത്രി 11:50:ന്
മറ്റൊന്ന് 17/04/2021 വ്യാഴാഴ്ച്ച രാത്രി 00:09
"അതെ അതിനെന്താ അതിൽ വലിയ പ്രത്യേകതയൊന്നുമില്ലല്ലോ?"
"അമി, ഒട്ടോപ്സി റിപ്പോർട്ടിൽ മരണസമയം കണ്ടു പിടിക്കുന്നതെങ്ങനെയാണ്?
രക്തം കട്ടപിടിക്കുന്നതും, ശരീരം വിറങ്ങലിക്കുന്നതുമൊക്കെ നിരീക്ഷിച്ചായിരിക്കും അല്ലേ?
അപ്പോൾ രേഖപ്പെടുത്തുന്ന മരണ സമയം സെക്കൻ്റ്സ് ബൈ ചില വ്യത്യാസങ്ങൾ ഒക്കെ വന്നേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ
മെഷീൻ നിലച്ച ആദ്യത്തെ പത്തു മിനുട്ടും, രണ്ടാമത്തെ ഒൻപതു മിനിട്ടും, എന്നതു ആ മിനുട്ടുകൾ താമസിച്ചും. ആ മിനിട്ടുകൾ മുന്നോട്ടുമായാൽ അടിസ്ഥാനപരമായി രണ്ടു മരണങ്ങളും സംഭവിച്ചിരിക്കുന്നത്,
പതിനാറാം തീയതിയാണ്."
"മൈ ഗോഡ് അങ്ങനെയെങ്കിൽ സാറിൻ്റെ സർജറി നിശ്ച്ചയിച്ചിരിക്കുന്നത്.?"
"അതെ അമി, ഇപ്പൊ നീ കഥയുടെ ചിത്രത്തിനുള്ളിലേക്കു വന്നു.
വരുന്ന പതിനാറിനാണു എൻ്റെ സർജറി. അതു കഴിഞ്ഞു നേരെയീ പതിനാറാം റൂമിലേക്കു കൊണ്ടുവരും. നീ കൂടെ ഉണ്ടാകണം നമുക്കതു കണ്ടു പിടിക്കണ്ടേ?
പക്ഷേ അമി നീ അതു കണ്ടെത്തുമ്പോഴേക്ക് ചിലപ്പോൾ എൻ്റെ ജീവൻ നഷ്ടപ്പെട്ടിരിക്കും.
എന്നാൽ ഞാൻ സർജറി കഴിഞ്ഞു എത്തുന്നതിനു മുൻപ് അതു കണ്ടു പിടിക്കാൻ ഒരവസരം നിനക്കു തരാം. ഈ മൂന്നു മരണങ്ങളും നടന്ന ആറുമാസക്കാലയളവിൽ പിന്നെ വന്ന ദിവസങ്ങളിൽ എല്ലാപേർക്കും ഡ്യൂട്ടിചെയ്ഞ്ചായി വെവ്വേറെ ആളുകളായിരുന്നു.
മൂന്നു പേരൊഴികെ.ആ മൂന്നു പേരിൽ ഒരാളാണ് ഈ കൊലയാളി.ഇനി പറ്റുമെങ്കിൽ നീ കണ്ടെത്തിക്കോളു. പക്ഷേ ഒരു കാര്യം കൂടെ
നീ ആ ഒരാളെ കണ്ടെത്തുമ്പോൾ ആ ആളൊരു നിരുപദ്രവകാരിയും, മനപ്പൂർവ്വമല്ലാത്ത തെറ്റുകാരിയാണെന്നും നിനക്കു ബോധ്യപ്പെട്ടാൽ നീ അവരോടു ക്ഷമിക്കുക.
ഞാൻ ഉണരും വരെ കാത്തിരിക്കുക.
അവർ ചെയ്തതിൻ്റെ ഭവിഷ്യത്ത് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക."
പതിനാറാം തീയതി എത്തി. പതിനാറാം നമ്പർ മുറി തയ്യാറാക്കുന്നതിനിടയിലായിരുന്നു. അരുണിമ ഈ കടലാസ്സുകൾ കാണുന്നത്. മുറിയിൽ ഉണ്ടായിരുന്നതൊരു എഴുത്തുകാരനാണെന്നു അറിയാമായിരുന്നു. ഒരിക്കൽ പോലും അവൾ അയാളുമായി സംസാരിച്ചിരുന്നില്ല. എങ്കിലും അയാൾ എഴുതി ഉപേക്ഷിച്ച കഥയിൽ എൻ്റെ പേരും ഉപയോഗിച്ചിരിക്കുന്നതവൾ കണ്ടു.
സർജറി കഴിഞ്ഞു അയാളെ കൊണ്ടുവരുമ്പോൾ കണ്ണുകളടച്ചു ശാന്തമായി മയങ്ങുകയായിരുന്നു.
രാത്രി പതിനാറാം നമ്പർ റൂം ഓക്സിജൻ സെറ്റ് ചെയ്തു ഡോക്ടർ പോയി. ആശുപത്രി ലൈറ്റുകൾ അണഞ്ഞു. അരുണിമ അയാൾക്കരികിൽ ഇരുന്നു. അവൾ പഴയ സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ പേരുകൾ തരം തിരിച്ചു പരിശോധിച്ചു.
ധൃതി പിടിച്ചുള്ള പ്രവർത്തിയിൽ പലവട്ടം അവൾക്കു പേരുകൾ തെറ്റി.
ഒടുവിൽ അവൾ മൂന്നു പേരുകൾ കണ്ടെത്തി.
അവർ മൂന്നു പേരും മാത്രമായിരുന്നു.
ആറുമാസ കാലയളവിനുള്ളിൽ ആ രണ്ടുദിവസങ്ങളിലും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
രണ്ടു സെക്യൂരിറ്റി ഗാർഡുകൾ.
എംബാബി& യൂസഫ്.
ഹൗസ് കീപ്പിംങ്ങ് സ്റ്റാഫ് സൂസി.
"ഇതിൽ ആരായിരിക്കും?"
സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു.
നീല നിറത്തിൽ മങ്ങിയ വെളിച്ചമുള്ള മുറിയിൽ അയാൾ മയങ്ങി കിടക്കുകയാണ്.
അയാൾ എഴുതിയ കടലാസുകൾ അരുണിമ ഒന്നു കൂടെ വായിച്ചു.
ഹുമിഡിഫെയർ ബോട്ടിലിനുള്ളിലെ വെള്ളത്തിൽ
ഓക്സിജൻ കുമിളകൾ സാവധാനം ചലിച്ചുകൊണ്ടിരിക്കുന്നു.
മൂന്നുപേർ.
"നിരുപദ്രവകാരിയും മനപ്പൂർവ്വമല്ലാത്ത തെറ്റുകാരിയും ആണെന്നു നിനക്കു ബോധ്യപ്പെട്ടാൽ നീ അവരോടു ക്ഷമിക്കുക."
ആ വരികൾ അരുണിമ വീണ്ടും വീണ്ടും വായിച്ചു.
"സെക്യൂരിറ്റികാരായിരുന്നു. എങ്കിൽ അയാളോടു ക്ഷമിക്കുക എന്നല്ലേ പറയേണ്ടിയിരുന്നത്.?
തെറ്റുകാരി, അവർ.
അപ്പോൾ ഹൗസ് കീപ്പിംങ്ങ് സ്റ്റാഫ് സൂസിയാണോ കൊലയാളി?."
പെട്ടെന്ന് അയാൾ ഒന്നു ഞെട്ടി.
ഓക്സിജൻ കുമിളകൾ ശക്തി കുറഞ്ഞു വന്നു.
അയാൾ കട്ടിലിൽ ഒന്നു പിടഞ്ഞു.
അരുണിമ ഞെട്ടി എഴുന്നേറ്റു.
ഓക്സിജൻ നിലച്ചിരിക്കുന്നു.
ഇപ്പോൾ റീഡിംഗ് കാണിക്കുന്നില്ല.
അരുണിമ ഇറങ്ങി ഓക്സിജൻ റൂമിലേക്കോടി.
അവൾ ഓക്സിജൻ മെഷ്യൻ റൂമിലെത്തി.
നാലു ചുറ്റും ചുവരുകളിൽ പുറത്തു നിന്നുള്ള വായു അകത്തേക്കു കടത്താൻ ഫാനുകൾ ഘടിപ്പിച്ചിരുന്നു.അതു ശബ്ദത്തോടെ കറങ്ങുന്നു.
അവിടെ ക്ലീനർ സൂസി വാക്വം ക്ലീനർ ഉപയോഗിച്ചു മുറി വൃത്തിയാക്കുന്നുണ്ടായിരുന്നു.
"നീ എന്തായിവിടെ ചെയ്തതു?
അരുണിമ ചോദിച്ചു.
ഓടിക്കിതച്ചെത്തിയ അരുണിമയെ കണ്ട സൂസി പകച്ചു നിന്നു.
''നീ ഏത് കേബിൾ ആണ് ഊരിമാറ്റിയത്?"
അവൾ വിരൽ ചൂണ്ടി കാണിച്ചയിടത്തു ഒരു പവർപ്ലഗിൽ നിന്നും പവർ പിൻ ഊരിമാറ്റി
വാക്വം പ്ലഗ് പിൻ ഘടിപ്പിച്ചിരുന്നു.
അരുണിമ വാക്വം പിൻ ഊരിമാറ്റി.
ഓക്സിജൻ മെഷ്യൻ പിൻ കുത്തി.
തിരികെ പതിനാറാം നമ്പർ റൂമിലേക്കോടി.
നെബുലൈസർ മൂക്കിൽ നിന്നു ഇളകി മാറി കട്ടിലിൽ ചലനമില്ലാതെ അയാൾ കിടക്കുന്നു
അവൾ നെബുലൈസർ എടുത്തു മൂക്കിൽ വച്ചു.
എമർജൻസി അലാം അമർത്തി.
അയാളുടെ നെഞ്ചിൽ രണ്ടു കൈകളും ചേർത്തു അമർത്തുമ്പോഴേക്ക് ഡോക്ട്ടേഴ്സും നഴ്സിൻ്റെയും കാലടിയൊച്ച അടുത്തെത്തി കൊണ്ടിരിന്നു.
"ഞാൻ മരിച്ചില്ലല്ലേ?"
കണ്ണുതുറന്നപ്പോൾ എൻ്റെ തൊട്ടു മുന്നിൽ തന്നെ അരുണിമ ഉണ്ടായിരുന്നു.
കാൽക്കൽ നിന്ന ഒരാൾ കൂപ്പുകൈകളുമായി മുന്നിലേക്കു വന്നു.
ഉയരം കുറഞ്ഞ വെളുത്ത വലിയ നെറ്റിയുള്ള മദ്ധ്യവയസ്സെത്തിയ ഒരു സ്ത്രീ.
"ക്ലീനർ സൂസി."
എൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
"എല്ലാം അറിഞ്ഞിരുന്നിട്ടും ഒളിച്ചു വച്ചല്ലേ?"
അരുണിമ ആദ്യമായെന്നോടു സംസാരിച്ചു.
"ഉറപ്പില്ലല്ലോ
നമുക്ക് കണ്ടു പിടിക്കണ്ടേ? "
"പുറത്തൊരാൾ കാത്തു നിൽക്കുന്നുണ്ട്.
അകത്തേക്കു വരാൻ പറയട്ടെ?"
"വേണ്ട ആ അദ്ധ്യായം അടഞ്ഞതാണ്.
അതിനി തുറക്കുവാൻ വയ്യ.
ഞാൻ ആഗ്രഹിച്ച നിമിഷങ്ങളിലൊന്നും അവൾ കൂടെ ഇല്ലായിരുന്നു. ഇനി അതു വേണ്ട."
അരുണിമയുടെ മുഖം തെളിയുന്നതു ഞാൻ കണ്ടു.
"ഞാനവരോടു എന്തു പറയണം.?"
"ഇതു തന്നെ പറഞ്ഞോളൂ
പൊയ്ക്കോളൂ ഇനിയൊരു കൂടിക്കാഴ്ച്ചയില്ല."
അരുണിമ അതുപോലെ തന്നെ പറഞ്ഞു എന്നു തോന്നുന്നു.തിരികെ വന്ന അവളുടെ മുഖത്ത് ഒരു മന്ദഹാസം ഉണ്ടായിരുന്നു.
"അരുണിമ ഞാനൊരു കാര്യം ചോദിച്ചോട്ടെ?"
അവൾ മൗനമായി എന്നെ നോക്കി.
"നീ എൻ്റെ കൂടെ പോരുന്നോ?
കുറച്ചു നാളുകളിനി കൈകാലുകൾ അനക്കാൻ കഴിയില്ല. ഈ നടന്നതും, ഇനി നടക്കുന്നതും തുറന്നു പറയാനും എഴുതി വയ്ക്കാനും എനിക്കൊരു ആളിനെ വേണം, നിനക്കാരുമില്ലന്നല്ലേ പറഞ്ഞതു എന്നോടൊപ്പം കൂടിക്കോ"
അവൾ പുഞ്ചിരിയോടെ ഒരടക്കു കടലാസ്സുകളുമായി അരികിലേക്കു വന്നു.
അവസാനിച്ചു.
"അങ്ങനെ അവർ ഒരുമിക്കുന്നു."
ഞാൻ ചെല്ലുമ്പോൾ അവൻ കഥ എഴുതി തീർന്നിരുന്നു. ഞാനതു വായിച്ചു.
"കഥയൊക്കെ കൊള്ളാം മിസ്റ്റർ പ്രവീൺ,
പക്ഷേ വായനക്കാർ ഇതിൽ തൃപ്തിയാകാതെ പോകാൻ സാധ്യതയുണ്ട്.
മാത്രമല്ല സാങ്കേതികമായ പല പിഴവുകളും, സംശയങ്ങളുമുണ്ടാകും."
"എന്താ?"
"ഒരു ക്രൈം നടന്നു എന്നു കരുതി ഇത്രയും വായിച്ചെത്തുമ്പോൾ അതൊരു അബദ്ധമായിരുന്നു. എന്നുള്ളതു അവരെ തൃപ്തരാക്കില്ല. ഒരു ക്രൈം തന്നെ വായനക്കാർ പ്രതീക്ഷിക്കും, ഇതവർക്കു നിരാശ നൽകും.
ഇതിപ്പൊ കഥ പ്രണയമാണോ? അന്വേഷണമാണോ? ക്രൈം ആണോ എന്ന ചോദ്യചിഹ്നങ്ങളായി മാറി.
ഞാൻ നിന്നോടാവശ്യപ്പെട്ടതു ഒരു ക്രൈം അവതരിപ്പിക്കാനായിരുന്നു. "
എൻ്റെ സംശയങ്ങൾ കേട്ടവൻ ഉറക്കെ ചിരിച്ചു.
"ഇതൊരു ക്രൈം ആണ് മിസ്റ്റർ ജയൻ.
നടന്ന ക്രൈം അല്ല.
നടക്കാൻ പോകുന്ന ക്രൈം. നീ പറഞ്ഞില്ലേ ഇതിലൊരുപാടു സാങ്കേതിക പിഴവുകൾ ഉണ്ടെന്ന്. അതറിയാനാണു ഈ കഥ നമ്മൾ അവതരിപ്പിക്കുന്നത്. ഇതു പുറത്തു വന്നു കഴിയുമ്പോൾ സാങ്കേതികമായ തടസ്സങ്ങളും വിശദീകരണങ്ങളും വരും. പിടിക്കപ്പെടാനുള്ള ലൂപ്പ് ഹോൾസെല്ലാം അതിൽ നിന്നു കണ്ടെത്തണം. ഈ ക്രൈം പ്ലാൻ ചെയ്യുന്നതു നമ്മളായിരിക്കില്ല. അവർ പ്ലാൻ ചെയ്യും.
എല്ലാ പിഴവുകളും നികത്തി പെർഫെക്ടായി ഈ ക്രൈം പിന്നെ നടക്കും."
മാലിനി രണ്ടു ഗ്ലാസ്സ് ചായയുമായെത്തി.
ഒന്നു അവനു നൽകി. ഒന്നെനിക്കും.
പുറം തിരിഞ്ഞു പോകാനൊരുങ്ങിയപ്പോൾ ഞാൻ ചോദിച്ചു.
"നീലിമ സുഖമാണോ?"
"എനിക്കു സുഖമാണ് ജയൻ.
ആരാണീ നീലിമ. ഞാൻ മാലിനിയാണ്."
അവൻ ചുണ്ടോടടുപ്പിച്ച ചായ തുളുമ്പുന്നതു കണ്ടു. അവൾ പതിയെ അകത്തേക്കു നടന്നു.
"പ്രവീൺ നീലിമയുടെ! സോറി മാലിനിയുടെ സർജറി എപ്പൊഴാണ്?"
"അതിനിനി ഒരു വർഷം കാലയളവുണ്ട്.
വെറും പത്തു ശതമാനമാണു ഡോക്ടർ അവൾക്കു വിധിച്ച ഭാവികാല സാധ്യത.
അതു വിജയിച്ചാലും,ഇതാവർത്തിക്കപ്പെടണം.
ഒരു പിഴവുകളുമില്ലാതെ. വിദേശിയും, പൊതു പ്രവർത്തകനും പരീക്ഷണ വസ്തുവായി ആദ്യം ഒടുങ്ങും, അന്താരാഷ്ട്ര പ്രശ്നങ്ങൾ ആകുമെന്നതിനാൽ ആശുപത്രി അധികൃതർ അതു രണ്ടും മനസ്സിലാക്കിയാലും രഹസ്യമാക്കി വയ്ക്കാൻ നിർബദ്ധിതരാകും. പിന്നെയാണു നമ്മുടെ ടാർജറ്റ് ആവർത്തിക്കുന്നത്.
ഇതിൻ്റെ രഹസ്യങ്ങൾ കണ്ടെത്തിയാലും മറ്റുള്ളതിനും മറുപടി പറയണമെന്നതിനാൽ അവർ നിശബ്ദരാകും."
ലളിതമായി പറഞ്ഞവൻ കപ്പ് ടേബിളിൽ വച്ചു.
"സൂസി..?"
"കടപ്പാട് നൽകി വിലയ്ക്കു വാങ്ങിയ ഇര."
"അരുണിമ..?"
"ഹ ഹ അക്ഷരങ്ങൾ തിരിച്ചിട്ടാലും, മറ്റൊരു പേരില്ലാതെ അവൾ ശൂന്യതയിൽ മറഞ്ഞു നിൽക്കുന്നൊരു ബിംബം മാത്രം.
വെറും പരീക്ഷണ വസ്തു. സൂസിയ്ക്കു പകരം നമുക്ക് അരുണിമയെ മുറിച്ചെടുക്കാം.
ഉയരം കുറഞ്ഞ നെറ്റി തള്ളിയ ഒരാൾ പുറത്തു നിന്നും കയറി വന്നു.
അയാളെ എനിക്കു പരിചിതമായിരുന്നു.
''ഇതു മണി എൻ്റെ ഉറ്റ സുഹൃത്താണ് "
പറഞ്ഞിട്ടവൻ വികൃതമായി ചിരിച്ചു.
"ഇപ്പൊ! ഇതിലൊരു ക്രൈം വന്നില്ലേ ജയാ?"
"എന്നാണു ആ വിദേശിയുടെ സർജറി?"
"വരുന്ന പതിനാറിന്."

LAUNDRY MAN (ചെറുകഥ)



താമി, നൊമ്പരത്തോടെ തല കുനിച്ചായിരുന്നു. മുറിയിൽ നിന്നിറങ്ങി പോയത്. അയാളുടെ കവിൾ വിങ്ങുന്നുണ്ടായിരിക്കും. ചുണ്ടുകൾക്കിടയിലൂടെ ചോര കിനിയുന്നതു ഞാൻ കണ്ടിരുന്നു. തമിഴ്നാട്ടുകാരനായ അയാളെ എല്ലാപേരും താമി എന്നു വിളിച്ചു. പ്രവാസി മുറികളിലെ ആഴ്ച്ചയിൽ രണ്ടുനേരമുള്ള അതിഥിയായിരുന്നു. അയാൾ.
താമിയെ ചുറ്റി എപ്പൊഴും സർഫിൻ്റെ മണമായിരുന്നു. എല്ലാ മുറികളും അയാൾക്കു പരിചിതമായിരുന്നു. മെലിഞ്ഞു ഉയരം കുറഞ്ഞ കറുത്ത നിറമുള്ള താമി. മദ്ധ്യവയസ്സു കഴിഞ്ഞ അയാൾ എപ്പോൾ മുറിയിലേക്കു കയറി വന്നാലും വിയർത്തൊലിച്ചിരിക്കും. താമിയെ ചുറ്റി എപ്പൊഴും സർഫിൻ്റെ മണമാണല്ലേ ഹസീ
ഒരു ദിവസം ബാലേട്ടൻ എന്നോടു ചോദിച്ചു.
പതിവുപോലെ സന്ധ്യാനേരം കഴിഞ്ഞു സർഫിൻ്റെ മണവുമായി താമി കയറി വന്നു. താമിയ്ക്കു മുറിയ്ക്കുള്ളിലെ സ്ഥലങ്ങൾ പരിചിതമാണ്. കട്ടിലിനു താഴെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയിട്ടിരിക്കുന്ന വിഴുപ്പു തുണികൾ അയാൾ തിരഞ്ഞു.

"ടാ താമി കഴിഞ്ഞ മാസം കൊണ്ടു പോയ എൻ്റെ തുണികൾ ഇതുവരെ തിരിച്ചു കിട്ടിയില്ല.
താനെതെടുത്ത് വീട്ടിൽ മക്കൾക്ക് ക്വാറിയർ അയച്ചോടേ"
ഇരുമ്പിൻ്റെ ഡബിൾ കട്ടിലിൽ മുകളിൽ കിടന്നു കൊണ്ടാണു വക്കാർ അതു ചോദിച്ചത്.
അവൻ മൊബൈലിൽ ഇയർഫോൺ കുത്തി ചെവിയിൽ വച്ചിട്ടുണ്ട്.

"തിരുമ്പാനിടുന്ന തുണികളിൽ അടിത്തുണികൾ പോടരുതെന്ന് ശൊല്ലിയിരുക്ക്.
അന്ത മാതിരി തുണി പോട്ടാൽ തിരുമ്പി കിട്ടാത് തമ്പി."  താമി പറഞ്ഞു.

"എന്നാലിനി തനിക്ക് അലക്കിയതിൻ്റെ പൈസ കിട്ടുമെന്നു വിചാരിക്കണ്ട." വക്കാറിൻ്റെ സ്വരം മാറിയിരുന്നു.

"തന്നില്ലെങ്കിൽ വേണ്ട തമ്പി. നിൻ്റെ മക്കൾക്കു പഠിക്കാനായി ഞാൻ ദാനമായി തന്നുവെന്നു കരുതിക്കോളാം"
താമി ചിരിച്ചു കൊണ്ടു തമാശയായാണു മറുപടി പറഞ്ഞത്. താമിയുടെ സംസാരം അങ്ങനെയാണ്.
വർഷങ്ങളോളമായി മുറിയിലെ തുണികൾ അലക്കാനെടുക്കുന്ന ആളായിരുന്നു താമി.
മുറിയിലേക്കു പുതിയ താമസക്കാരനായി എത്തി അധികനാളുകൾ ആയിട്ടില്ലാത്ത വക്കാർ അങ്ങനെ പ്രതികരിക്കുമെന്നു താമിയും, 
കരുതിയിരുന്നില്ല.
വക്കാർ മദ്യലഹരിയിലുമായിരുന്നു.
അവൻ അയാളുടെ കരണത്തടിക്കുമെന്നു ഞങ്ങളും പ്രതീക്ഷിച്ചില്ല. കട്ടിലിൽ നിന്നവൻ ചാടിയിറങ്ങി. പെട്ടെന്നൊരു ഒച്ച കേട്ടു.
താമിയുടെ കാലുകൾ പുറകിലേക വേച്ചുപോയി.
അപ്രതീക്ഷിതമായി കവിളത്തു വീണ അടിയിൽ അയാൾ അൽപ്പനേരം പകച്ചു നിന്നു. 
രണ്ടു കൈകളിലും മുറുകെ പിടിച്ചിരുന്ന വിഴുപ്പു തുണികൾ പിടി വിട്ടു തറയിൽ വീണിരുന്നു.
വീണ്ടും ചവിട്ടാനായി കാലുയർത്തിയ വക്കാറിനെ ഞാനും ജലാലും ചേർന്നു പിടിച്ചു നിർത്തി.

"എന്തു തെമ്മാടിത്തരമാടാ കാണിക്കുന്നെ.. 
അയാൾക്കു നിൻ്റെ അപ്പൻ്റെ പ്രായമില്ലേ" പിടിവലിക്കിടയിൽ പിറു പിറുത്ത ജലാലിനെ അവൻ തള്ളിമാറ്റി.

"ഹസീ നീ പിടിവിട് വിഴുപ്പലക്കാൻ വന്നവൻ വിഴുപ്പെടുത്തു സ്ഥലം വിടണം അല്ലാതെ ഇവിടെ നിന്നു ഡയലോഗടിക്കരുത്."
വക്കാർ ദേഷ്യം പൂണ്ടു എൻ്റെ പിടിവിടുവിക്കാൻ ശ്രമിച്ചു. പിടിവലിയിൽ അവൻ്റെ ഷർട്ടിൻ്റെ ബട്ടൺസ് പൊട്ടി എൻ്റെ കൈകളിൽ വന്നു.
നിലത്തു വീണു കിടന്ന തുണികളും എടുത്തു തല കുനിച്ചു മൗനമായി  താമി മുറിക്കു പുറത്തിറങ്ങി.

ഞാൻ നാട്ടിൽ പോകുന്നതിൻ്റെ തലേ ദിവസമായിരുന്നു. ഈ വഴക്കു നടന്നത്.
നാട്ടിലെത്തി അവധിക്കാലം കഴിയാറായിരുന്നു.
ഒരു ഊട്ടി യാത്രയിലെ തിരിച്ചുവരവിലാണ് ഞാൻ താമിയുടെ കഥ അവളോടു പറഞ്ഞത്.
പൊന്നു കഥയും കേട്ടു അവളുടെ മടിയിൽ മയങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം മോളെ തളർത്തിയിരുന്നു. 
ഇന്നലെ രാത്രി അവൾ പലവട്ടം ശർദ്ദിച്ചു.
ചെറുതായി പനിച്ചും തുടങ്ങിയപ്പോഴായിരുന്നു.
ഞങ്ങൾ അടുത്തു കണ്ട ആശുപത്രിയിലേക്കു കാർ കയറ്റിയത്. ഡോക്ട്ടർ വരുന്നതിനായി മുറിയ്ക്കുള്ളിൽ കാത്തിരിക്കുമ്പോൾ,
പുറത്തു നേർത്ത മഴ ചാറിത്തുടങ്ങിയിരുന്നു.
ചെറിയ ആശുപത്രിയാണെങ്കിലും ഡോക്ട്ടറുടെ മുറി മനോഹരമായിരുന്നു. ആ മുറിയ്ക്കുള്ളിൽ ഒരു പരിചിതഗന്ധം നിറഞ്ഞിരുന്നു. ഡോക്ട്ടർ ഇരിക്കുന്നതിൻ്റെ പുറകിലെ അലമാരയിൽ ഭംഗിയായി അടുക്കിയ പുസ്തകങ്ങൾ, മേശപ്പുത്ത് ഇട്ടിരുന്ന കണ്ണാടി ഗ്ലാസ്സിനടിയിൽ ഊട്ടിയിലെ വിവിധ തരം ചിത്രങ്ങൾ, മുറിയിലെ ചുവരുകളിൽ അനവധി ഫ്രെയിം ചെയ്ത ചിത്രങ്ങൾ, കൽപ്പന ചൗള, ഇന്ദിര ഗാന്ധി തുടങ്ങി അനേകം ചിത്രങ്ങൾ.
വെള്ള നിറത്തിലെ ജനൽക്കർട്ടനുകൾ. കാറ്റിൽ  ഇളകുന്നുണ്ടായിരുന്നു. ഡോക്ടർ മുറിയിലേക്കു കയറി വന്നു. തുറന്നു കിടന്ന ജനലിൻ്റെ ഒരു പാളി ചേർത്തടച്ചു കുറ്റിയിട്ടു.
ഇരുപത്തഞ്ചു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി ആയിരുന്നു. ഡോക്ട്ടർ. 
ആ പെൺകുട്ടിയെ എനിക്കു നല്ല മുഖപരിചയമുള്ളതായി തോന്നി.
പൊന്നുവിനെ പരിശോധിച്ചു. മരുന്നു കുറിച്ചു.
"സാരമില്ല ഇന്നിനി രാത്രി യാത്ര വേണ്ട ഇവിടെ കിടന്നു രാവിലെ പോയാൽ മതി"
ഡോക്ടർ ചിരിച്ചു കൊണ്ടു പറഞ്ഞു.
മേശവലിപ്പിൽ നിന്നു ഒരു മിട്ടായിയും എടുത്തു അവർ പൊന്നുവിൻ്റെ കൈയ്യിൽ കൊടുത്തു.
"ശരി ഡോക്ടർ "
നന്ദി പറഞ്ഞു ഞങ്ങൾ തിരികെ ഇറങ്ങി. വാതിൽപ്പാളിയുടെ ഇരുവശത്തെ ചുവരുകളിലും രണ്ടു ചിത്രങ്ങൾ ഫ്രയിം ചെയ്തു വച്ചിരുന്നു. അതും നോക്കി നിന്ന എന്നെ നഴ്സ് വന്നു വിളിച്ചു. "വരൂ തങ്ങാനുള്ള മുറി കാണിച്ചു തരാം."
അടുത്ത ദിവസം രാവിലെ പോകാൻ നേരം ഡോക്ട്ടറെ ഒന്നു കൂടെ കാണാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഡോക്ട്ടർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു.

അവധിക്കാലം കഴിഞ്ഞു ഞാൻ തിരികെയെത്തി.
മുറിയിൽ ഒന്നിനും ഒരു മാറ്റവുമില്ല.
എല്ലാം പതിവുകൾ തന്നെയായിരുന്നു.
എല്ലാപേരും ഫോണിലൂടെ ജീവിക്കുകയായിരുന്നു
ബാലേട്ടൻ പതിവു പോലെ  സിലബസ്സും ഉപദേശങ്ങളുമായി മകളെ ഫോണിലൂടെ പഠിപ്പിക്കുന്നുണ്ട്.
"എൻ്റെ ബാലേട്ടാ ഇങ്ങള് കുറച്ചു നേരം ആ ചേച്ചിയോടു കൂടെ സുഖമാണോ? ആഹാരം കഴിച്ചോ എന്നൊക്കെ ഒന്നു ചോദിച്ചേനു കേൾക്കാനുള്ള കൊതി കൊണ്ടാണ്.. "
ഞാൻ തമാശ പറഞ്ഞപ്പോൾ ബാലേട്ടൻ ചിരിച്ചു.
"ഇജ്ജ് തിരിച്ചെത്തിയാ പഹയാ?"
ബാലേട്ടൻ തിരിച്ചടിച്ചു.
ജലാൽ വീടുപണിയുടെ, കട്ടയും, മണ്ണും പണിക്കൂലിയും മറ്റും പറഞ്ഞു ബീവിയോടു കയർക്കുന്നുണ്ട്. 
സുരേഷേട്ടൻ പിള്ളേരെ പുറത്തൊന്നും കളിക്കാൻ പോകരുത്, വെയിൽ കൊള്ളരുത് എന്നൊക്കെ പറഞ്ഞു പിള്ളേരെ വിരട്ടുന്നുണ്ട്.
ഒരു മാസം മുൻപു കല്ല്യാണം കഴിഞ്ഞ റിജു 
മൂടിപ്പുതച്ച കമ്പിളിയ്ക്കടിയിൽ കിടന്നു അടക്കം പറയുന്നു.അടക്കിപ്പിടിച്ച ചിരികളും കേൾക്കുന്നു.
അച്ചായിക്കൊരു ഉമ്മ താടാ എന്നു പറഞ്ഞൊരു അച്ഛൻ മകളെ ഫോണിലൂടെ കൊഞ്ചുന്നുണ്ട്.
വക്കാറിനെ മാത്രം കണ്ടില്ലല്ലോ?
ചിന്തിച്ചതെയുള്ളു.
വാതിൽ തുറന്നു വക്കാർ കയറി വന്നു.
"ങാ നീ വന്നോ ബലാലേ..
ഞാനാ ലാൻട്രി താമിയെ അന്വേഷിച്ചു പോയിരുന്നു. തുണി കൊണ്ടു വന്നില്ലെന്നേ
പിന്നെ നാളെ ഞാൻ എമർജൻസി നാട്ടിൽ പോകുന്നു. ചെറിയൊരു പ്രശ്നമുണ്ട്."

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
താമി അലക്കിയ തുണികളുമായി കയറി വന്നു.

''നിങ്ങളിതു എവിടെയാണ്?
ദേഷ്യത്തോടെ അവൻ അലക്കിയ തുണികൾ പിടിച്ചു വാങ്ങി.നിലത്തു കവറിൽ കെട്ടിയിട്ടിരുന്ന തുണിക്കെട്ട് അയാൾക്കരികിലേക്കു കാലുകൊണ്ടു തട്ടി നീക്കി.
അയാൾ കുനിഞ്ഞു അതെടുത്തു
നിവർന്നപ്പോഴായിരുന്നു എന്നെ കണ്ടത്.

"തമ്പീ നീ വന്തീങ്കളാ?" അയാൾ ചോദിച്ചു.
"ഞാനിപ്പൊ വന്നേയുള്ളു താമി. "

"പൊണ്ടാട്ടി, കൊളന്ത വീട്ടുക്ക് എല്ലാരും സൗഖ്യമായിരുക്കാ തമ്പി?"

"സൗഖ്യം, സൗഖ്യം "
മലയാളമറിയാമെങ്കിലും താമി ഇടയ്ക്ക് തമിഴ് പറയും. അയാളുടെ ഒച്ച ഇടറിയിരുന്നു. പഠിച്ചെടുത്തിരുന്ന അന്യഭാഷ മനസ്സു നൊന്തപ്പോൾ മറന്നു പോയിക്കാണും.
താമി കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു, തലയാട്ടി അലക്കാനുള്ള തുണികളും എടുത്തിറങ്ങി. 
ഞാൻ പുറകെ ചെന്നു.

"താമീ.."ഞാൻ വിളിച്ചു. അയാൾ നിന്നു

"നാട്ടിൽ വച്ചു ഞങ്ങളൊരു യാത്ര പോയിരുന്നു.
തിരികെ വരുമ്പോൾ ഞങ്ങൾ ഡോക്ട്ടർ താമരയെ കണ്ടു."

അതു പറഞ്ഞപ്പോൾ അയാളുടെ നിറഞ്ഞിരുന്ന കണ്ണുകളിൽ മുത്തുകൾ തിളങ്ങി.
വയസ്സായി ചുളിവുകൾ വീണു ഞരമ്പുകൾ തെളിഞ്ഞു കാണുന്ന രണ്ടു കൈകളിലും വിഴുപ്പു തുണികളും തൂക്കി അയാൾ നിന്നു.
സോപ്പു വെള്ളത്തിൽ എപ്പൊഴും കുതിരുന്ന കൈവിരലുകൾ തണുത്തു മരവിച്ച പോലെ ആയിരുന്നു.അൽപ്പം പോലെ അഴുക്കു സൂക്ഷിക്കാത്ത മറ്റുള്ളവരുടെ അഴുക്കു വൃത്തിയാക്കുന്ന കൈവിരലുകൾ. അയാളുടെ കൈ വിരലുകൾ എന്നെ ഊട്ടിയിലെ ഡോക്ട്ടറുടെ മുറിയിലേക്കു കൊണ്ടുപോയി.
അവിടെ ഉണ്ടായിരുന്ന ചുവരിലെ ചിത്രം,
ഞാൻ അതു നോക്കി നിൽക്കുകയായിരുന്നു.
അപ്പോഴായിരുന്നു നഴ്സ് മുറിയിലേക്കു കയറി വന്നത്. ''വരൂ തങ്ങാനുള്ള മുറി കാണിച്ചു തരാം " 
എന്നു പറഞ്ഞു വിളിച്ചതും, ആ ചിത്രത്തിലെ ബന്ധത്തിൻ്റെ കഥ പറഞ്ഞതും.
ഞാൻ കുറെ നേരം വീണ്ടും ആ ചിത്രത്തിൽ തന്നെ നോക്കി നിന്നു. പരിചിതമായ മുഖം 
ഫോട്ടോയിലും അയാൾക്കൊരു നിറം മങ്ങിയ വേഷം തന്നെയായിരുന്നു. ഡോക്ട്ടർ പെൺകുട്ടി ഒരു കൈ കൊണ്ടു അയാളെ ചേർത്തു പിടിച്ചിരിക്കുന്നു. അവളുടെ തോളിലൂടെ ഇട്ടിരിക്കുന്ന അയാളുടെ കൈകളിലെ പിടച്ച ഞരമ്പുകൾ. അയാളുടെ കഴുത്തിലൂടെ മാല പോലെ അണിഞ്ഞ സ്റ്റതസ്കോപ്പ്.
പല്ലുകൾ കാണുന്ന വിധമുള്ള വിടർന്ന പുഞ്ചിരി. മനോഹരമായ ചിത്രം.
ഞാനോർക്കുന്നു.
ആ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഗന്ധം, സർഫിൻ്റെ മണമായിരുന്നു.

''ചേട്ടാ.. " ഞാൻ താമിയെ വിളിച്ചു.

''എന്താ പുള്ളേ..?"

"ചേട്ടനെ ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ?"

അയാൾ  മറുപടി ഒന്നും പറഞ്ഞില്ല.

ഞാൻ ചോദിച്ചതു അയാൾക്കു മനസ്സിലായിട്ടുണ്ടാകില്ല.
വിയർത്തൊലിച്ച സർഫിൻ്റെ മണമുള്ള താമി.
ഞാനയാളെ കെട്ടിപ്പിടിച്ചു.
തിരികെ പുണരാൻ കഴിയാതെ അയാൾ രണ്ടു കൈയ്യിലും വിഴുപ്പു തുണികളുമായി നിന്നു.
അയാൾ നടന്നകലുന്നതും നോക്കി അൽപ്പനേരം ഞാൻ ആ ഇടനാഴിയിൽ നിന്നു.
വക്കാർ വന്നു തോളിൽ കൈയ്യിട്ടപ്പോഴാണ് 
ഞാൻ കാഴ്ച്ചയിൽ നിന്നുണർന്നത്.

"നീയെന്താടാ ആ ലാൻട്രി നാറിയെ തന്നെ നോക്കി നിൽക്കണെ?" അവൻ ചോദിച്ചു.

"നീയെന്തിനാ എമർജൻസിയായി നാട്ടീ പോണേന്ന് പറഞ്ഞെ?"
ഞങ്ങൾ തിരികെ മുറിയിലേക്കു നടന്നു.

''അതു എൻ്റെ പെങ്ങളെ കോളേജീന്ന് പുറത്താക്കി എന്തോ തല്ലു കേസ്സാണ് "
അവൻ പറഞ്ഞു.

"വക്കാറൂ.. ഞാൻ വിളിച്ചു.

"ഞാൻ നിനക്കൊരു കഥ പറഞ്ഞു തരട്ടെ?"
ഞാൻ ചോദിച്ചു.

"ങാ നിനക്കു വട്ടു തുടങ്ങിയാ നീ പറ കേൾക്കാം."

"ഇതൊരു അച്ഛൻ്റെയും മകളുടേയും കഥയാണ്.
ഒരു അച്ഛൻ മകളെ പഠിപ്പിച്ചു ഡോക്ട്ടറാക്കിയ കഥ. തലക്കെട്ട്,  LAUNDRY MAN."
വിരൽ കൊണ്ടു ഞാൻ അതു വായുവിൽ എഴുതി കാണിച്ചു.

"ഒരിടത്തൊരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു........
ഞാൻ കഥ പറഞ്ഞു തുടങ്ങി.
#ജെ...

ആല ( ചെറുകഥ)


രാവിലെ റോഡിൽ നല്ല തിരക്കായിരുന്നു.
കഴക്കൂട്ടം കഴിഞ്ഞു വെട്ടുറോഡ്‌ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ ചുവപ്പു വീണു. ഡ്രൈവർ വണ്ടി നിർത്തി.
സിഗ്നലിൽ അക്കങ്ങൾ അറുപതു മുതൽ താഴേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു.
റോഡരികിൽ വലതുഭാഗത്തു കൃഷിഭവനു മുന്നിലെ പടർന്നു പന്തലിച്ച മരച്ചുവട്ടിൽ ഒരു സ്ത്രീ നിലത്തു ഇരിക്കുന്നുണ്ടായിരുന്നു.
അവർക്കരികിലായി സാരി കൊണ്ടുണ്ടാക്കിയ തൊട്ടിലിൽ ഒരു കുഞ്ഞ് ഉറങ്ങുന്നുണ്ട്. മുഷിഞ്ഞ വേഷത്തിൽ മറ്റൊരു പെൺകുട്ടിയും സ്ത്രീയുടെ അരികിലുണ്ട്. നാലോ അഞ്ചോ വയസ്സ് പ്രായം വരുന്ന പെൺകുട്ടി, നിറം മങ്ങിയ മിനുക്കുകൾ നിറഞ്ഞ ചെറിയ പാവാടയും ജാക്കറ്റും ധരിച്ചിരിക്കുന്നു. ദിവസങ്ങളായി നനയാതെ പാറിപ്പറന്ന ചെമ്പിച്ച തലമുടി. അവൾ നിലത്തു ഇരുകാലുകളും കുന്തിച്ചിരിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു നീളത്തിലുള്ള ഇരുമ്പു കമ്പിയുടെ അറ്റത്തു പിടിച്ചു ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്.
നീളത്തിലുള്ള കമ്പിയുടെ അറ്റത്തെ മണൽപ്പുറ്റ് പോലെ ഉയർന്ന ഭാഗത്തു നിന്നു പുക ഉയരുന്നു. ഇടയ്ക്കു കാറ്റു വീശുമ്പോൾ പുകയോടൊപ്പം തീക്കനലുകളും പറന്നു. നീളത്തിലുള്ള ഒരു ഇരുമ്പ് ചവണ കൊണ്ട് ആ സ്ത്രീ മണൽപ്പുറ്റിനുള്ളിൽ നിന്നും ഒരു പാത്രം പുറത്തെടുത്തു. തീയിൽ വെന്തുരുകിയ ഏതോ ഒരു ലോഹം അതിനുള്ളിൽ ഉണ്ട്. അവൾ അതു ശ്രദ്ധയോടെ അടുത്തൊരു മണൽ കൊണ്ടു നിർമ്മിച്ച ആകരണത്തിനകത്തേക്കു ഒഴിച്ചു.

സിഗ്നൽ പൂജ്യത്തിലെത്തിയിരുന്നു.
ഡ്രൈവർ കാർ മുന്നോട്ടെടുത്തു.
പുറകിൽ ഇരുന്ന അയാൾക്കു കാഴ്ച്ച കണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇനിയതു തണുത്തുറയുമ്പോൾ മൺപ്പുറ്റിനകത്ത് രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും.
അയാൾ അതു ഓർത്തു.
അയാൾ ഇന്നു നാട്ടിലെ പ്രമാണിയാണ്.
അനവധി സ്ഥാപനങ്ങൾ സ്വന്തമായുണ്ട്.
സ്വന്തം നാട്ടിൽ പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്കു ജോലിക്കാരെ വേണം.
ഇന്നൊരു ഇൻ്റർവ്യൂ നടക്കുകയാണ്.
അപ്രതീക്ഷിതമായിട്ടായിരുന്നു. അയാൾക്കു മുന്നിലേക്ക് അന്നത്തെ ദിവസം അയാളും കയറി വന്നത്. രണ്ടുപേർക്കും പ്രായം അൻപതിലേറെ കഴിഞ്ഞിരിക്കുന്നു. ഒരാൾക്കു തല മുഴുവൻ കഷണ്ടി കയറിയും, മറ്റേയാൾ നരച്ച തലമുടികളാൽ സമൃദ്ധവുമായിരുന്നു.
രണ്ടുപേരും വിശേഷങ്ങൾ പങ്കുവച്ചു.
ചിരിച്ചു, സന്തോഷിച്ചു, പിരിഞ്ഞു.
അയാളുടെ സന്ദർശനം അയാളിൽ പഴയ ഓർമ്മകളുണർത്തി.

വർഷങ്ങൾക്കു മുൻപായിരുന്നു. അവർ രണ്ടുപേരും ജോലി തേടി വിദേശനാട്ടിൽ എത്തിയത്. ഇൻ്റെർവ്യൂ നടക്കുന്ന മുറിയുടെ പുറത്തു അവർ കാത്തു നിന്നു.രണ്ടുപേരെയും ഒരുമിച്ചു അകത്തേക്കു വിളിച്ചു. ഇൻ്റെർവ്യൂ ബോർഡിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാൽ പോലെ തൂവെള്ള വസ്ത്രം ധരിച്ചു, തലയിൽ വട്ടത്തിലൊരു കറുത്ത വളയവുമായി അയാൾ, മുന്നിലെ ഫയലുകളിൽ
മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.
"എന്താ നിങ്ങളുടെ പേര്?"
അയാൾ ചോദിച്ചു. അവർ പേരുകൾ പറഞ്ഞു.
കൈയ്യിൽ ഉണ്ടായിരുന്ന ഫയലുകൾ മേശപ്പുറത്തു വച്ചു. അയാൾ അതെടുത്തു തുറന്നു പരിശോധിച്ചു, തിരികെ മടക്കി.
ഫയൽ തിരികെ നൽകാൻ നേരം മുഖമുയർത്തി നോക്കി രണ്ടുപേർക്കും ഒരേ ചിരി സമ്മാനിച്ചു.
ആശംസകൾ നേർന്നു.
ജോലി സ്ഥലത്തേക്കു അയച്ചു.

ജോലി സ്ഥലത്തു എത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും ആശ്വാസമായി. ജോലിക്കാരെ നിയന്ത്രിക്കുന്നതു സ്വന്തം നാട്ടുകാരനും, സ്വന്തം ഭാഷ സംസാരിക്കുന്നവനും ആയിരുന്നു.
അവർ സന്തോഷത്തോടെ അയാളുടെ മുന്നിലെത്തി. ഫയലുകൾ നൽകി.
അതുവാങ്ങി അയാൾ മാതൃഭാഷയിൽ തന്നെ അവരോടു പേരുകൾ ചോദിച്ചു.
അവർ പേരുകൾ പറഞ്ഞു. അയാൾ മുഖം ഉയർത്തി രണ്ടുപേർക്കും രണ്ടു ചിരികൾ വീതംവച്ചു നൽകി. രണ്ടുപേരെയും രണ്ടു സ്ഥലത്തേക്കു ജോലിക്കു പറഞ്ഞയച്ചു.
അവർ ചെന്നെത്തിയിടത്തും ഒരു നേതാവ് ഉണ്ടായിരുന്നു. അയാളും ഇൻറർവ്യൂ നടത്തി.
രണ്ടു ചിരി രണ്ടുപേർക്കും വീതം വച്ചു നൽകി.
ഒരാളെ കൂടെ നിർത്തി, ഒരാളെ പുറത്തെ ജോലിയ്ക്കായും പറഞ്ഞയച്ചു.

വർഷങ്ങൾ കഴിഞ്ഞു. അവർ നാട്ടിൽ  തിരികെയെത്തി. ഇന്നതിൽ ഒരാൾ ഇൻ്റെർവ്യൂ ബോർഡിൽ ഇരിക്കുകയാണ്. ഇൻ്റെർവ്യൂവിനു
പുറത്തു ഫയലുകളുമായി കാത്തു നിൽക്കുന്ന രണ്ടു യുവാക്കളിൽ അയാളുടെ കണ്ണുകളുടക്കി. സി സി ടി വി ക്യാമറയിലൂടെ അയാൾ അവരെ നിരീക്ഷിച്ചു. ഒരേ നിറമുള്ള ഫയലുകൾ അവരുടെ കൈകളിൽ ഉണ്ട്.അവർ ചിലപ്പോൾ ഒരു വീട്ടിൽ നിന്നു വന്നവരായിരിക്കും, അവരുടെ ഫയലുകളിൽ അച്ഛനും, അമ്മയുംഒന്നായിരിക്കും അവരുടെ പേരുകൾ പോലെ ഇവരുടെ പേരുകൾക്കും രണ്ടു നിറമുണ്ടായിരിക്കും
രണ്ടു മുഖസാദൃശ്യങ്ങളും അവർ സഹോദരങ്ങളെന്നു പറയുന്നുണ്ട്.
സാദൃശ്യം മുഖത്തു മാത്രമായിരിക്കുമോ?
അവരെ രണ്ടു പേരെയും ഒരുമിച്ചാണു അയാൾ ഇൻ്റെർവ്യൂ മുറിയിലേക്കു വിളിപ്പിച്ചത്.
രണ്ടു യുവാക്കൾ അകത്തേക്കു കയറി വന്നു.
ഫയലുകൾ മേശപ്പുറത്തു വച്ചു.
"നിങ്ങളുടെ പേരെന്താണ്?" അയാൾ ചോദിച്ചു.
രണ്ടുപേരുകളും കേട്ടു, അയാൾ മുഖം ഉയർത്തി.
അയാളുടെ ചിരി രണ്ടുപേർക്കുമായി അളവു കൂട്ടിയും, കുറച്ചും വീതം വച്ചു നൽകി.

തിരികെ വരുമ്പോഴും സിഗ്നലിൽ കാർ നിന്നു.
ഞാൻ മരച്ചുവട്ടിലേക്കു നോക്കി.
തൊട്ടിൽ ശൂന്യമായിരുന്നു.
സിഗ്നലിൽ കൂടി നിൽക്കുന്ന വാഹനങ്ങളുടെ കണ്ണാടികളിലെല്ലാം, ആ സ്ത്രീയും പെൺകുട്ടിയും മുട്ടുന്നുണ്ട്. ആരും തുറക്കുന്നില്ല. ഒന്നിനു പുറകെ ഒന്നായി അവർ എൻ്റെ കാറിനരികിലെത്തി. അവളുടെ ഇടുപ്പിൽ മൂക്കൊലിപ്പുമായി ഒരു ചെറിയ കുട്ടി ഇരിക്കുന്നു. അവളുടെ കൂടെ നടക്കുന്ന ചെറിയ പെൺകുട്ടിയുടെ കൈയ്യിൽ കുറെ ശില്പ്ങ്ങൾ ഉണ്ടായിരുന്നു.പല പല വർണ്ണങ്ങളിലായി
വെള്ളി നിറത്തിലും,സ്വർണ്ണ നിറത്തിലുമുള്ളത്.
എല്ലാം ദൈവങ്ങൾ തന്നെയായിരുന്നു.
പല വർണ്ണങ്ങളിലുള്ള പല വിലയ്ക്കു വിൽക്കപ്പെടുന്ന ദൈവങ്ങൾ.
ആ സ്ത്രീ കാറിൽ മുട്ടുന്നുണ്ട്.
അയാൾ കണ്ണാടി താഴ്ത്തി.
"സാറേ ഒരു കടവുള രൂപം വാങ്ങുങ്കോ
വില കമ്മിയാറുക്ക്." ഒരു ശില്പം അവൾ കാറിനുള്ളിൽ പുറകിലേക്കു നീട്ടി
ആ ശില്പത്തിനു അയാളുടെ മുഖമായിരുന്നു.
അതെങ്ങനെ ഒരേ ആലയിൽ വെന്തുരുകുകയും ഒരേ ആകരണത്തിനുളളിൽ രൂപപ്പെടുകയും ചെയ്യുന്ന ശിൽപ്പങ്ങൾക്കു പല വർണ്ണങ്ങളും, പല വിലകളും ഉണ്ടാകുന്നു.
സിഗ്നൽ വീണു. ഞാൻ കാർ മുന്നോട്ടെടുത്തു.
അവർ പുറകിലെ കാഴ്ച്ചയായി മറഞ്ഞു കൊണ്ടിരുന്നു.
ജെ...

ഇൻ്റർവ്യൂ.


നിസ്സാരമായ കാര്യം, നിസ്സാരമായ ചോദ്യം അനവസരത്തിലാണു ചോദ്യമുയർന്നത്.
ചോദ്യം സന്ദർഭത്തിന് നിലവാരമില്ലാത്തതായി രുന്നെങ്കിലും, നിസ്സാരമായിരുന്നെങ്കിലും ഉത്തരം, "അറിയില്ല." എന്നതായിരുന്നു.
പെട്ടെന്നുള്ള പ്രേമവിവാഹമായിരുന്നു. അവനെ ഒരു ജോലി അത്യാവശ്യമുള്ളവനാക്കി മാറ്റിയത്. പബ്ജിയും, മറ്റു ടോക്കുകൾക്കും വിശ്രമമായി.
ഇൻ്റെർവ്യൂ ബോർഡിൽ നിന്നുള്ള ആ അവസാനത്തെ ചോദ്യം അവൻ്റെ നെറ്റി ചുളിച്ചു.
വെൽ എഡ്യൂക്കേറ്റഡ് ആയ, ഇത്രയും സ്റ്റാൻഡേഡുള്ള ഒരു ജോലിയ്ക്കായി എത്തിയ എന്നോടു ഇങ്ങനെ ഒരു ചോദ്യമോ?
ഇത്രയും മികച്ചൊരു ഇൻ്റെർവ്യൂവിൽ ഇങ്ങനെ ഒരു ചോദ്യം എവിടെയെങ്കിലും ഉന്നയിക്കുമോ?
ഇൻ്റെർവ്യൂ ബോർഡിൽ ചോദ്യകർത്താക്കൾ മൂന്നു പേരുണ്ടായിരുന്നു. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും. അവൻ വാതിൽ കടന്നു ചെന്നപ്പോൾ മൂന്നുപേരും മന്ദഹസിച്ചു. അവൻ തിരിച്ചും അഭിവാദ്യ സന്തോഷം മുഖത്തു വരുത്തി. ബോർഡിൽ ഇടത്തെ അറ്റത്തിരിക്കുന്ന സ്ത്രീയുടെ മുഖത്തേയ്ക്കു നോക്കി. അവർ അവൻ്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ പരിശോധിക്കുകയായിരുന്നു. നീലനിറമുള്ള ഫയൽ അവർ അടുത്ത ആളിന് കൈമാറി.
"കമ്പ്യൂട്ടർ സയൻസാണ് പഠിച്ചതല്ലേ?"
സ്ത്രീയുടേയിരുന്നു ആദ്യത്തെ ചോദ്യം.
അവൻ അതെ എന്നു തലയാട്ടി.
തനിക്ക് സംസാരശേഷിയില്ലേ ചോദ്യത്തിനുത്തരം കൃത്യമായി പറയണം ആംഗ്യ ഭാഷ വേണ്ട."
ഫയൽ നോക്കി കൊണ്ടിരുന്ന മൂന്നാമത്തെ ആൾ ഫയൽ മടക്കി വച്ചു പറഞ്ഞു.
അയാളുടെ ശബ്ദം പരുക്കനായിരുന്നു.
"yes sir " അവനെ വിയർത്തു തുടങ്ങിയിരുന്നു.
ശീതീകരിച്ച മുറിയിലെ കുളിർമ്മയുള്ള കാറ്റിനും അവൻ്റെ ഉള്ളിൽ നിന്നുയരുന്ന ചൂടിനെ തണുപ്പിക്കാനായില്ല. ഒന്നിനു പുറകെ ഒന്നായി വീണ്ടും ചോദ്യങ്ങൾ വന്നുകൊണ്ടിരുന്നു. ലോക കാര്യങ്ങൾ, ശാസ്ത്രം, കമ്പ്യൂട്ടർ ലോകത്തിൻ്റെ അത്ഭുതങ്ങൾ പഠിച്ച അറിവുകളെല്ലാം അവൻ നിരത്തി. "ശരി.." ചോദ്യങ്ങൾ അവസാനിപ്പിച്ചു നടുക്ക് ഇരുന്ന ആൾ ഫയൽ മടക്കി തിരികെ ഏൽപ്പിച്ചു. ഇനി ഒരു ചോദ്യം കൂടെ ചോദിക്കുന്നു.
"താങ്കളുടെ യോഗ്യതകൾ വച്ചു ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ അറിയാമോ?"
അവൻ ആദ്യം ഒന്നു ഞെട്ടി. പിന്നെ ചോദ്യത്തിനോടു പുച്ഛഭാവമുണർന്നു. ബിരുദദാരിയായ തന്നോടുള്ള ചോദ്യം,പക്ഷെ ഒരു ജോലി ഇപ്പൊ എനിക്ക് അനിവാര്യമായിരിക്കുന്നു. മറുപടി പറഞ്ഞേ പറ്റുകയുള്ളു.
"അറിയില്ല."
ടോയ്ലറ്റ് എപ്പൊഴെങ്കിലും ക്ലീൻ ചെയ്തിട്ടുണ്ടോ?
അടുത്ത ആളും അതിനെ തുടർന്നു തന്നെയായിരുന്നു ചോദ്യമുന്നയിച്ചത്. അവൻ മൂന്നാമതായുള്ള സ്ത്രീയുടെ മുഖത്തേയ്ക്കു നോക്കി.അവരുടെ മുഖം നിർവികാരമായിരുന്നു.
അവൻ ആലോചിച്ചു. ഞാൻ എപ്പോഴെങ്കിലും അതു ചെയ്തിട്ടുണ്ടോ? സ്വന്തം അടിവസ്ത്രങ്ങൾ പോലും കഴുകി ഉണക്കിയെടുത്തതു അവൻ്റെ ഓർമ്മയിലേക്കെത്തിയില്ല.
"ശരി താങ്കളുടെ വീട്ടിൽ ആരാണ് ടേയ്ലറ്റ് വൃത്തിയാക്കുന്നത്. ജോലിക്കാരുണ്ടോ?"
"ഇല്ല. അതു അമ്മയോ ഭാര്യയോ ചെയ്യും അതാണു പതിവ്. "
"ശരി, അപ്പൊ അവർ മാത്രമാണോ ആ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നത്.?"
"അല്ല."
"പിന്നെ അതെല്ലാം അവരുടെ മാത്രം ജോലിയായി മാറുന്നതെങ്ങനെയാണ്.?"
ഉത്തരമില്ലാതെ അവൻ വിയർത്തു.
"പുറത്തു കോറിഡോറിൻ്റെ ഇടത്തേയറ്റം ഈ ഓഫീസിൻ്റെ ടോയ്‌ലറ്റുകളാണ്. അതൊന്നു വൃത്തിയാക്കി കാണിക്കാൻ പറ്റുമോ?"
വീണ്ടും ചോദ്യം. അവൻ കുടിനീരിറക്കി.
"ശ്രമിക്കാം"
"എന്നാൽ വേഗമായിക്കോട്ടെ "
ഓഫീസ് ടോയ്ലറ്റ് തൂവെള്ള പെയിൻ്റു പൂശിയതും മാർബിൾ പാകിയതുമായ ഒരു ബംഗ്ലാവിലെ സ്വീകരണമുറി പോലെ ശുദ്ധവും വൃത്തിയും, സുഗന്ധവും നിറഞ്ഞതായിരുന്നു.
വൃത്തിയാക്കുവാനായി ഒന്നുമില്ലാതിരിന്നിട്ടും അവൻ വെള്ളം ഒഴിച്ച് അവിടെമാകെ കഴുകി തുടച്ചു. തിരികെ ഇറങ്ങാൻ നേരം ടോയ്ലറ്റ് വാതിലിൽ ഒരു കടലാസ്സ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. അതിൽ മാനേജരടക്കം അറ്റൻഡർ വരെ ഒരു നേരം ടോയ്ലറ്റ് വൃത്തിയാക്കാനുള്ളവരുടെ ദിവസങ്ങളിലെ രേഖപ്പെടുത്തലായിരുന്നു.
വീട്ടിൽ മകൻ പതിവില്ലാതെ
"അമ്മേ ഹാർപ്പിക്ക് എവിടെ? ബ്രഷ് എവിടെ? എന്നൊക്കെ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു. അയാൾ ഭാര്യയുടെ മുഖത്തേക്ക് കണ്ണുകളാൽ ചോദ്യമെറിഞ്ഞു. രണ്ടു ഗ്ലാസ്സുകളിൽ ചായയുമായി എത്തിയ അവർ ഒന്നു അയാൾക്കു നീട്ടി. ഉമ്മറത്തെ കസേരയിൽ അയാൾക്ക് അഭിമുഖമായിരുന്നു. അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അയാളുടെ ചോദ്യത്തിനു ഉത്തരമായി അവർ രണ്ടു കണ്ണുകളും പതിയെ അടച്ചു കാണിച്ചു.
ചായ ചുണ്ടോടടുപ്പിച്ചു.

ജെ 

മാർത്തയുടെ കാഴ്ച്ചകൾ.


കുളവും,കാവും, കാടും ഒക്കെയായി ഏക്കറുകളോളം പരന്നു കിടക്കുന്ന പറമ്പ്.
പറമ്പിന് നടുക്കായിട്ടായിരുന്നു.
മൂന്നുനിലകളിലായുള്ള ഓടുപാകിയ തറവാട്ടുവീട്
രാമനുണ്ണി ജാലക വാതിൽ വഴി പുറത്തേയ്ക്ക് നോക്കിയിരുന്നു. മരങ്ങൾക്കിടയിലൂടെ ചന്ദ്രൻ്റെ നിലാ വെളിച്ചമൊഴുകി വരുന്നു.

"ഒന്നുകിൽ ദുർമരണം അല്ലെങ്കിൽ ആത്മഹത്യ രണ്ടാമത്തതു സംഭവിക്കാൻ തരംല്ല്യ
മനസ്സിന് നിയന്ത്രണമില്ലാതായില്ലേ?"

"അപ്പൊ പിന്നെ..?"
സുകുമാരൻ സംശയവുമായി തലചൊറിഞ്ഞു.
തറവാട്ടിലെ വല്ല്യ കാരണവരുടെ എന്തു ആഞ്ജയും അനുസരിക്കാനുള്ള വിധേയത്ത്വമുണ്ടായിരുന്നു. അവൻ്റെ നിൽപ്പിനു. തലയിൽക്കെട്ടഴിച്ചു തോർത്തു കൈയ്യിൽ പിടിച്ചിരിക്കുന്നു. മുഷിഞ്ഞ മുണ്ട് മടക്കി കെട്ടഴിച്ചിട്ടു. നടുവളച്ചു വിധേയനായി നിന്നു.

"അതന്നെ... അല്ലാണ്ടിപ്പൊ എന്താ ചെയ്ക
രാജ രക്തമാണേ രാജസ്വത്തുക്കളും ഇച്ചിരി ഇമ്മിണീ വല്ലോ ആണോ വേണ്ടാന്നു വയ്ക്കാൻ എല്ലാം സർക്കാരിന് അന്യാധീനപ്പെട്ടു പോകാന്നു വച്ചാ എന്താ ചെയ്ക.
ഏട്ടനാണേ കാണിച്ചതീ മണ്ടത്തരങ്ങളെല്ലാം. മുഴുവൻ രാമനുണ്ണിയുടെ പേർക്കെഴുതി വച്ചു.
ചെക്കന് തലയ്ക്ക് സ്ഥിരയില്ലാണ്ടാവോന്ന് നിരീച്ചിട്ടുണ്ടാകില്ല. സുകൃതക്ഷയം."

പുറത്ത് പക്ഷികൾ കരഞ്ഞപ്പോൾ രാമനുണ്ണി തൻ്റെ കാലുകളും കിലുക്കി.
ചങ്ങലയുടെ താളം. പക്ഷികൾ പിന്നെയും ചിലച്ചു. രാമനുണ്ണിയുടെ ചങ്ങലയുടെ ഒച്ചയും. പക്ഷികൾ പിന്നെ മൗനമായി. രാമനുണ്ണി വീണ്ടും ചങ്ങല കിലുക്കി. വീണ്ടും. വീണ്ടും. പക്ഷിയുടെ മറുപടി ഇല്ലാതെ രാമനുണ്ണി ഉറക്കെ അലറി.
കുട്ടിയോട് മത്സരിച്ച് കൂകുന്ന കുയിലിൻ്റെ അവസാന ദേഷ്യം പോലെ രാമനുണ്ണി ഉറക്കെ ഉറക്കെ ചങ്ങല കിലുക്കി അലറി.

"കേക്കണില്ല്യേ പൗർണ്ണമിയാണിന്ന് ദെണ്ണമിളകീട്ടുണ്ട്. ഓൻ്റെ ഒച്ചയിനിയടച്ചേക്ക്
കുമാരാ "
വല്ല്യ കാരണവർ ഉമ്മറത്ത് തൻ്റെ വിധി എഴുതിയതറിയാതെ രാമനുണ്ണി പക്ഷികളോടു മത്സരിച്ചു. അന്നു രാത്രി പൊട്ടിച്ചെടുത്ത ചങ്ങല വളയവുമായി രാമനുണ്ണി നിലാവിൻ്റെ പുറകെ ഓടി മറഞ്ഞു.
**************
നേരം വൈകി വരുന്നു. മാർത്ത ഉച്ചയുറക്കം കഴിഞ്ഞു ഉണർന്നതാണ്. വീൽചെയർ ഉരുട്ടി അവൾ ബാൽക്കണിയിലേക്കു വന്നു.
ഇവിടെ ബാൽക്കണിയിൽ ഇരുന്നാൽ കടൽ കാണാം. കടൽ ശാന്തമായിരിക്കുന്നു. പടിഞ്ഞാറെ ചക്രവാളം ചുവന്നു തുടങ്ങി. തിരകൾ കരയിലേക്ക് തല്ലിയലക്കുന്ന ശബ്ദം കുറഞ്ഞു. മാർത്ത അതു കാതോർത്തു. കടൽത്തിരകളും മാർത്തയും സംവദിക്കുന്നതൊരു പതിവായിരുന്നു.
മാർത്തയ്ക്ക് അപാരമായ കേൾവി ശക്തിയാണെന്ന് ജോൺ പറയാറുണ്ട്.
രണ്ടുനില വീടിൻ്റെ മുകളിലത്തെ നിലയിലെ ബാൽക്കണി നീളത്തിലുള്ളതായിരുന്നു.
താഴെയായി നാലു കടമുറികൾ ജോൺ വാടകയ്ക്ക് കൊടുത്തിരിക്കുന്നു.
കടൽക്കരയിലെ കാഴ്ച്ചകളിൽ തിരകൾ സായാഹ്നത്തിൻ്റെ ശാന്തതയിലെത്തിയിട്ടുണ്ട്.
പുലരി മുതൽ കരയെ പുണർന്നും, രോഷത്തിൽ തല്ലിയലച്ചതിൻ്റെയും ആലസ്യത്തിലായി കടൽ എന്നു മാർത്തയ്ക്കു തോന്നി.
ചക്രവാള ചുവപ്പിന് അഭിമുഖമായി രണ്ടു പേർ ഇരിക്കുന്നു. ഇന്നത്തെ കാഴ്ച്ചകൾക്കായി മാർത്ത അവരെ ശ്രദ്ധിച്ചു.അവർ കമിതാക്കളല്ല.
തമ്മിൽ സ്പർശിക്കാതെ അൽപ്പം അകന്നാണ് അവർ ഇരിക്കുന്നത്. അവർ വിവാഹിതരുമല്ല.
അതിനൊരു കാരണം കണ്ടെത്താൻ മാർത്തയ്ക്കു കഴിഞ്ഞില്ല. അവളുടെ നെറ്റിയിൽ സിന്ദൂരത്തിൻ്റെ ചുവപ്പ് ഉണ്ടായിരുന്നില്ല.
അതൊരു കാരണമായി കാണാൻ മാർത്ത ആഗ്രഹിച്ചില്ല. അവൾ വിവാഹിത ആയിരിക്കാം.
അയാൾ അവളെ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കാം
അവർ തമ്മിൽ സംസാരിക്കുന്നുണ്ടാകുമോ?
മാർത്ത അവരുടെ സംഭാഷണത്തിനായി കാതോർത്തു.തൻ്റെ ശ്രമത്തിൻ്റെ വിരോധാഭാസം പിന്നെയാണ് മാർത്തയ്ക്ക് മനസ്സിലായത്.
കടൽ കരയിലേക്ക് തല്ലി വലിയൊരു തിരമാല അലച്ചു വന്നു. മാർത്ത ആ ശബ്ദം മാത്രമാണ് കേട്ടതു. താൻ സങ്കൽപ്പത്തിൽ ഉണ്ടാക്കിയെടുത്ത തിരമാലയുടെ ശബ്ദം.
ഒരിക്കലും നിലയ്ക്കാത്ത ഒച്ചയുടെ ആവർത്തനങ്ങൾ. മാർത്ത അതിൻ്റെ ശബ്ദത്തിനായി വീണ്ടും വീണ്ടും കാതോർത്തു.
തൻ്റെ ഹൃദയമിടിപ്പു പോലെ തിരമാലകൾ ഒന്നിനു പുറകെ മറ്റൊന്നായി കരയിലേക്ക് തല്ലിയലയ്ക്കുന്നു. ആ ശബ്ദം നിലച്ചാൽ തൻ്റെ ഹൃദയമിടിപ്പും നിലയ്ക്കുമെന്ന് മാർത്ത ഭയപ്പെട്ടു.

മുൻപ് ജോൺ പറഞ്ഞൊരു കഥയായിരുന്നു. മാർത്തയുടെ ആ ഭയത്തിനു കാരണം.
ജയിൽ ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഒരാൾ ഏകനായി ഒരു മുറിയിൽ അടയ്ക്കപ്പെടുന്നു.
കൂരിരിട്ടും, പൂർണ്ണ നിശബ്ദതയായിരുന്നു. ആ മുറിയ്ക്കുള്ളിൽ. അവിടെ ഒരു ഘടികാരം ചലിക്കുന്നതിൻ്റെ ഒച്ച മാത്രം ഉണ്ടായിരുന്നു.
കൂരിരുട്ടിലും, നിശബ്ദതയിലും അയാളുടെ ഹൃദയം ഘടികാരത്തിൻ്റെ ടിക് ടിക് ഒച്ചയോടൊപ്പം സഞ്ചരിച്ചു. ഒരു ദിവസം ഘടികാരം നിലച്ചു.കൂടെ അയാളുടെ ഹൃദയവും.
ഈ കഥ ജോൺ പറഞ്ഞു കഴിഞ്ഞപ്പോൾ മാർത്ത അന്നു ആലോചിച്ചു.
എനിക്ക് കേൾവി ശക്തി നഷ്ടമായതു നന്നായി.
അല്ലെങ്കിൽ കാലുകൾ തളർന്നു പോയ എനിക്ക് ഈ കടൽത്തിരമാലകളുടെ ശബ്ദം നിലയ്ക്കുന്നൊരു രാത്രിയിൽ ഹൃദയമിടിപ്പും ഉപേക്ഷിക്കേണ്ടി വന്നേനെ
ജോൺ എന്തിനായിരിക്കും ഈ കഥ എനിക്ക് പറഞ്ഞു തന്നതു. ഈ കടൽക്കരയിൽ തന്നെ മനോഹരമായ വീട് നിർമ്മിച്ചു. കടൽത്തിരമാലകളുടെ ഒച്ചയ്ക്കു കൂട്ടായി ഇവിടെ നമ്മൾ താമസമാക്കിയത്.
***********
ഞാനൊരു പരുന്തിനോടൊപ്പം ഉയരത്തിൽ പറക്കുകയായിരുന്നു. എനിക്ക് രണ്ടു ചിറകുകൾ ഉണ്ടായിരുന്നു. താഴെ നീലക്കടലാണ്. കടലിൻ്റെ അഗാധതയുടെ ആഴം നീല നിറത്തിൻ്റെ വ്യതിയാനങ്ങളിലൂടെ പ്രതിഫലിക്കുന്നുണ്ട്.
ഞാൻ വീണ്ടും വീണ്ടും പരുന്തിനോടു മത്സരിച്ചു ഉയരത്തിൽ പറന്നു. പെട്ടെന്നാണ് ആ പരുന്ത് ചിറകുകൾ തളർന്നു താഴേക്ക് വീണത്. എൻ്റെയും ചിറകുകൾ തളർന്നിരിക്കുന്നു.
ഞാൻ വീണ്ടും വീണ്ടും ചിറകുകൾ വീശി പറക്കാൻ ശ്രമിച്ചു. അനങ്ങുന്നില്ല. ചിറകുകൾ നിലച്ചുപോയി. ഞാൻ താഴേക്കു കൂപ്പുകുത്തുകയാണ്. കടലിൽ വീണു. അഗാധമായ നീലിമയിലേക്ക് ആഴ്ന്നു പോയി. പെട്ടെന്നാണ് ഒരു വലിയ മീൻ വന്നു എൻ്റെ രണ്ടു കാലുകളും കടിച്ചെടുത്തതു.
ഞാൻ ഞെട്ടിയുണർന്നു.

"ജോൺ ഞാൻ എന്തിനാണ് അന്നു ഇങ്ങനെയുള്ള സ്വപ്നങ്ങൾ കണ്ടിരുന്നത്.?"
ജോൺ മാർത്തയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു. വീൽച്ചെയറിൽ ഇരിക്കുന്ന മാർത്തയുടെ കൈകൾ തൻ്റെ കൈക്കുമ്പിളിൽ അവനൊതുക്കിയിട്ടുണ്ട്.
പള്ളിയുടെ ഉള്ളിൽ ഹാളിൽ അവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
അവളുടെ കൈകൾ അവനുയർത്തി അതിൽ ഉമ്മവച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.
കവിളുകളിലൂടെ ഒഴുകിയ മിഴിനീർ അവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു.
കടൽ നീലയുടെ നിറമുള്ള സാരി നിവർത്താതെ അവളുടെ ഇരുചുമലിലുമായി അണിയിച്ചു.
"മാർത്ത..! ഞാനാണ് ഇനി നിൻ്റെ ചിറകുകൾ.
ഒരിക്കലും തളരാതെ ഉയരത്തിൽ പറക്കുന്ന ചിറകുകൾ. എൻ്റെ കാലുകൾ ആണ് ഇനി നിനക്കു വേണ്ടിയും യാത്ര ചെയ്യുന്നത്. "
ജോൺ മന്ത്രിച്ചത് മാർത്തയ്ക്കു കേൾക്കാനാകുമോ? ജോൺ മാർത്തയുടെ വലംകൈ നിവർത്തി അവളുടെ ഇടതു നെഞ്ചിനു മുകളിലേക്കു ചേർത്തുവച്ചു.
ഹൃദയം മിടിക്കുന്നത് അവൾ അറിഞ്ഞു.
അതിലൂടെ ജോണിൻ്റെ മനസ്സിൻ്റെ മന്ത്രണവും.
ജോൺ പോയിട്ട് മൂന്നു ദിവസമായിരിക്കുന്നു.
ഒരു കഥ പറയാൻ പോയതാണ്. സിനിമയാണ് ലക്ഷ്യം.നാട്ടിൽ പടർന്നു തുടങ്ങിയ മഹാമാരി ജോണിൻ്റെ തിരികെയുള്ള വരവിനു തടസ്സമായി.
ജോൺ തിരികെ എത്തുന്ന ദിവസം പറയാൻ കാഴ്ച്ചകളുടെ ഒരുപാട് കഥകളുമായി മാർത്ത കാത്തിരുന്നു.

കടൽക്കരയിൽ ഇരിക്കുന്ന അവർ രണ്ടുപേരും എന്തായിരിക്കും തമ്മിൽ സംസാരിക്കുന്നത്.?
ഒരുപാട് നേരമായി അവർ അസ്തമിക്കുന്ന സൂര്യനെ നോക്കി മൗനമായിരിക്കുന്നു.
ഞാൻ ജോണിനോടു ചോദിച്ച പോലെ അവൾ ചോദിക്കുന്നുണ്ടാകുമോ അയാളോടു.?
"ജോൺ..! നീ എന്തിനാണ് എന്നെ ഇത്രയും സ്നേഹിക്കുന്നത്? നീ പറയുന്ന മറുപടി എനിക്ക് കേൾക്കാൻ കഴിയില്ല. എൻ്റെ കാലുകൾ ഇനി ചലിക്കുകയില്ല. എന്നിട്ടും നീയെന്നെ... "

അയാൾ എന്തു മറുപടി പറയുകയാകും.
മാർത്ത വലതു കൈ മാറിലേക്കു ചേർത്തുവച്ചു. ഹൃദയം കൈപ്പത്തിക്കുള്ളിൽ വന്നു ഉമ്മ വയ്ക്കുന്നു. ഒന്നല്ല വീണ്ടും വീണ്ടും വേഗതയിൽ പിന്നെ പതിയെ പതിയെ ഇപ്പോൾ അവർ സംസാരിക്കുന്നത് തനിക്കു കേൾക്കാം
മാർത്ത കാതോർത്തു.

"ജാനകീ ഈ നീലക്കടലിൻ്റെ പഴയ കാല ചിത്രം നിനക്ക് ഓർമ്മയുണ്ടോ? "
അയാൾ അവളോടു ചോദിച്ചു.
അസ്തമയ സൂര്യൻ്റെ ചുവന്ന നിറം അവളുടെ മുഖത്തും പ്രതിഫലിച്ചു.
തിരകൾ സാവധാനം ഒന്നിന് പുറകെ ഒന്നായി കരയെ പുണർന്ന് തിരികെ പോകുന്നു.
മത്സ്യകന്യകയുടെ ശില്പം തിരകൾക്ക് പുറകിലായി കടലിനുള്ളിലാണ്. തിരകൾ കരയിലേക്ക് കയറുമ്പോൾ നനഞ്ഞു കുതിർന്ന മത്സ്യകന്യക ജലത്തിന് മുകളിലേക്ക് ഉയർന്നു വരുന്നു.
പുറകിലേക്ക് വലിയുന്ന തിരകൾ അവളെ വീണ്ടും മൂടുന്നു.
"എനിക്കോർമ്മയുണ്ട്.
പഴയ കാല ചിത്രങ്ങളിലൊക്കെ ഉണ്ട്. ശംഖുംമുഖം ബീച്ചും കൽമണ്ഡപങ്ങളും."
തിരകൾ കരയെ തഴുകിയപ്പോൾ മത്സ്യകന്യക വീണ്ടും കടലിനുള്ളിൽ നിന്നും ഉയർന്നു വന്നു.
അവളുടെ മുഖത്തേയ്ക്ക് വെള്ളം ചീറ്റിച്ചു കൊണ്ട് ഒരു മത്സ്യ ബന്ധന ബോട്ട് കടന്നു പോയി.
ബോട്ടിൻ്റെ ശബ്ദം അകന്നകന്ന് പോയി അകലെ ഒരു മർമ്മരം മാത്രമായി.
"നീ എന്തിനാണ് എന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്? പകരമായൊന്നും തരാനായി എനിക്കിന്ന് കഴിയില്ല."

മാർത്തയുടെ കൈപ്പത്തിക്കുള്ളിൽ ഹൃദയം വേഗയയോടെ ഉമ്മകൾ വച്ചു തുടങ്ങി. മറുപടി..? അവളുടെ ഹൃദയം വെമ്പൽ പൂണ്ടു.
കൈപ്പത്തി നെഞ്ചിലേക്കു അമർത്തി പിടിച്ചു.

"നിൻ്റെ ഇത്രയും സ്നേഹം ഉൾക്കൊള്ളാനുള്ള അത്രയും ഹൃദയവിശാലതയും എനിക്കില്ല."
അവൾ പറഞ്ഞു നിർത്തി. ഒരു തിര വന്നു അവരുടെ പാദങ്ങളെ തഴുകി തിരികെ പോയി.
അവൾ കാൽവിരലുകൾ ചലിപ്പിച്ചപ്പോൾ വെള്ളത്തുള്ളികൾ മണലിലേക്ക് പൊഴിഞ്ഞു വീണു.
"നിൻ്റെ കാൽവിരലുകളോട് എനിക്കെന്തോ അഗാധമായ പ്രണയമായിരുന്നു. പിന്നെ.. ആരാണ് പറഞ്ഞത് പകരം തരാൻ നിന്നിൽ ഒന്നുമില്ലെന്ന്? പെണ്ണിന് ജന്മനാ ഈശ്വരൻ നൽകുന്ന നിധിയുണ്ട്. ഇഷ്ടപ്പെടുന്നവർക്ക് നൽകാനുള്ള ഏറ്റവും വിലപ്പെട്ട നിധി. "
അവൾ അത് കേട്ടതായി ഭാവിച്ചില്ല.
അകലെ ചക്രവാളത്തിൽ സമുദ്രത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനിലേക്കായിരുന്നു.
അവൾ നോക്കിയിരുന്നത്. ചുവപ്പ് നിറത്തിൽ ജ്വലിച്ചു നിന്ന സൂര്യൻ കടലിൻ്റെ ആഴങ്ങളിലേക്ക് താഴാൻ തുടങ്ങിയിരുന്നു.
"നീ അതു കണ്ടോ കുറച്ച് സമയം കഴിയുമ്പോൾ ആ ചുവപ്പ് നിറം മായും. സൂര്യൻ ആഴങ്ങളിലേക്ക് പോകും. പിന്നെ ഇരുട്ടാണ്. "
ഒരു കൈക്കുമ്പിളിൽ മണൽത്തരികൾ വാരിയെടുത്താണ് അവളത് പറഞ്ഞത്.
വിരലുകൾക്കിടയിലൂടെ മഴത്തുള്ളികൾ പോലെ അവളാ മണൽത്തരികൾ താഴേക്ക് വർഷിച്ചു.
"ഇരുട്ട് പരക്കുന്നത് ഇവിടെ മാത്രമല്ലേ? സൂര്യൻ മറ്റൊരിടത്തേക്ക് അപ്പൊഴേക്കും പ്രകാശം വർഷിച്ചു തുടങ്ങിയിട്ടുണ്ടാകില്ലേ?"
അവൻ ചോദിച്ചപ്പോൾ അവൾ വീണ്ടും ഒരു കൈക്കുമ്പിൾ മണൽത്തരികൾ വാരിയെടുത്തു.
അതും താഴേക്ക് വിതറി കൊണ്ടായിരുന്നു.
അവൾ സംസാരിച്ചത്.
"ശരി എന്നൊന്ന് ഉണ്ട്. തെറ്റിലേക്ക് പോയാൽ പിന്നെ അത് തിരുത്താൻ കഴിയില്ല.
നമ്മൾ ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്നു.
ഇനിയെങ്കിലും നിനക്ക് എന്നെ മറന്നു കൂടെ?"

"എന്തിന്?
ഞാൻ എന്തിന് നിന്നെ മറക്കണം.
അതാണ് എൻ്റെ ചോദ്യം.
എന്തിന്..?
എന്നെ ഓർമ്മിക്കണം എന്ന് ഞാൻ നിന്നോട് പറയുന്നുണ്ടോ? ഇല്ലല്ലോ
പിന്നെ എങ്ങനെയാണ് നീ എന്നോട് പറയുന്നത് നിന്നെ ഞാൻ മറക്കണം എന്ന്.
ഞാൻ നിന്നോട് നിൻ്റെ ഇഷ്ടം ആവശ്യപ്പെടുന്നില്ല. നമുക്ക് ഒളിച്ചോടാം എന്ന് പറഞ്ഞിട്ടില്ല. രാത്രിയിൽ മുറിയിലെ വാതിൽ തുറന്നു വയ്ക്കണം ഞാൻ വരും എന്നു പറഞ്ഞിട്ടില്ല. ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കും. മറവിരോഗം പിടിപെട്ടിരുന്നെങ്കിലെന്ന് എനിക്ക് നിന്നെ മറക്കാമായിരുന്നു.
നീ മുന്നിലെത്തുമ്പോൾ ആരാ എന്താ എന്നെനിക്ക് ചോദിക്കാമായിരുന്നു."

"ഹ ഹ എന്നെ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പിന്നെ നിനക്ക് ഒന്നും ഓർമ്മയിൽ ഉണ്ടായിരിക്കുകയില്ല.
ബുദ്ധി കൂടുതൽ ഉള്ളവർക്കാണ് മറവിരോഗം പെട്ടെന്ന് പിടിപെടുന്നത്. നീ മണ്ടനാണ് തിരിച്ചു കിട്ടാത്ത പ്രണയത്തിനായി കാത്തിരിക്കുന്നവൻ."

"ഹ ഹ ഇതിൽ കൂടുതൽ ഇനിയെന്ത് തിരിച്ചു കിട്ടാനാണ്? പെണ്ണേ?.ഞാനിഷ്ടപ്പെടുന്ന പെണ്ണ്,
ഞാൻ പറയുന്നതെന്തും കേട്ടിരിക്കാൻ അവൾ എന്നോടൊപ്പം ഉണ്ട്. ഞാൻ അവളോട് പഴയ കഥകൾ പറയും. അപ്പോൾ അവൾ കേൾവിക്കാരിയാകും. കഥകളിലൂടെ അവൾ കൗമാരക്കാരിയാകും, യവ്വനയുക്തയാകും, യുവതിയാകും അമ്മയാകും, അമ്മൂമ്മയാകും."

"മുത്തച്ഛാ സമയമായി നമുക്ക് പോകണ്ടേ?" രണ്ടു കുട്ടികൾ ഓടി അവരുടെ അരികിലേക്ക് വന്നു.
ആൺകുട്ടി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
മുത്തച്ഛനും എഴുന്നേൽക്ക് പെൺകുട്ടി അവനെയും കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
മുഖത്തു മൂക്കിൻ തുമ്പിലേക്കെത്തിയ അയാളുടെ കണ്ണട പെൺകുട്ടി ഊരിയെടുത്തു.
ഉപ്പു കാറ്റേറ്റ് അതിലെ ഗ്ലാസ്സ് മങ്ങിയിരുന്നു. അവൾ അത് തുടച്ചു. അയാളുടെ മുഖത്തു വച്ചു.
ഇരുവശങ്ങളിലേക്കുമായി അവർ നടന്നകന്നു.
സൂര്യൻ കടലിലേക്ക് താഴ്ന്നിരുന്നു.
ഇരുവശങ്ങളിലേക്കുമായി അവർ നടന്നകന്നു.
നീല ജലത്തിനു മുകളിൽ അൽപ്പം ചുവപ്പു നിറം ബാക്കിയായി. അവർക്കു നടുവിലായി സാക്ഷിയായ ആ വെളിച്ചവും ആഴങ്ങളിലേക്കു മാഞ്ഞു.
***************
ഇനി എന്തു സംഭവിച്ചിരിക്കാം?പൂർത്തിയാക്കാതെ പോയി.
മാർത്ത അവർക്കു വേണ്ടി ഒരു കടലാസ്സെടുത്തു. തൻ്റെ കാഴ്ച്ചയിൽ നിന്നകന്ന അവരുടെ സംഭാഷണങ്ങൾ എഴുതാൻ തുടങ്ങി.
കഥയിലൂടെ കൗമാരക്കാരിയായി വന്ന അവൾ വൃദ്ധയായി മുത്തശ്ശിയായി മാറിയിരിക്കുന്നു.
ഈ കണ്ണട ഒന്ന് ഊരി പോയിരുന്നെങ്കിൽ അവൾ അകന്നു പോകുന്ന ഈ കാഴ്ച്ച ഇങ്ങനെ കണ്ടു അവസാനിപ്പിക്കാൻ വയ്യ. അയാൾ തല കുടഞ്ഞു.
"എന്താ മുത്തച്ഛാ?" ജിനി ചോദിച്ചു.
"മോളെ ഈ കണ്ണട ഒന്നു ഊരി മാറ്റുമോ?"
കണ്ണട ഇല്ലാതെ അയാൾ പിന്നെ കണ്ടതു നിഴലുകൾ ആയിരുന്നു. അതിൽ അവൾക്ക് പതിനാലു വയസ്സായിരുന്നു. നീലപ്പട്ടുപാവാടയും, ജാക്കറ്റുമായിരുന്നു. അവളുടെ വേഷം.
അയാളുടെ കാഴ്ച്ചകളിൽ നിന്ന്
അമ്മ അവളുടെ കൈകളിൽ പിടിച്ചു.
ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി ഒളിച്ചു. കാറിനുള്ളിൽ ഇരുന്നവർ കൈവീശി കാണിച്ചു. അകന്നു അകന്നു പോയി. കാറിൽ തിരികെ പോകുമ്പോൾ ജിനിമോൾ അയാളോട് ചോദിച്ചു.
"മുത്തച്ഛാ മുത്തച്ഛന് മുത്തശ്ശിയോടാണോ ജാനകി ആൻ്റിയോടാണോ കൂടുതൽ ഇഷ്ടം.?"
മുത്തശ്ശിയോട് "
"പിന്നെന്തിനാ ജാനകി ആൻ്റിയെ കാണാൻ ഇങ്ങനെ വരുന്നത്.?"

"അതു, ജാനകി..! എൻ്റെ സന്തോഷമാണ് മോളെ..
അവൾ ഇടയ്ക്ക് എൻ്റെ പൈങ്കിളി പ്രേമത്തിന് കൂട്ടുകാരി ആകാറുണ്ട്. ഇടയ്ക്ക് എനിക്കവളെ ഭയമാണ്. അപ്പോഴൊക്കെ എനിക്കവൾ ഗുരുവാണ്. എഴുത്തുകളിൽ അശ്ലീലം കലർന്ന വരികൾ ചേർക്കാൻ ഞാൻ അവളെ ഭയപ്പെട്ടിരുന്നു. വെറുതെ..
ഞാനവളെ എൻ്റെ മാനസ ഗുരുവാക്കിയിരുന്നു.
ഇടവഴികളിൽ കൂട്ടു കൂടാനെത്തിയ സുന്ദരിമാരെ ഞാൻ അവഗണിച്ചിരുന്നു. അവൾ എന്നെ പരീക്ഷിക്കുന്നതാണെങ്കിലോ? എന്നു ഞാൻ വെറുതെ സംശയിച്ചിരുന്നു. എനിക്കറിയാം ഒരിക്കലും അങ്ങനെ സംഭവിക്കുന്നതല്ല എന്ന്. പക്ഷെ എനിക്കൊരു കാരണം വേണമായിരുന്നു. അതിനാൽ ഞാനങ്ങനെ സ്വയം ഒരു തീരുമാനമുണ്ടാക്കി. അതിനകത്ത് എന്നിലെ അസുരനെ രഹസ്യമായി ഒളിപ്പിച്ചു വച്ചിരുന്നു. അവളെ ഞാൻ അമ്മ ചേർത്തു വിളിക്കാറുണ്ട്. ഒരിക്കൽ അവൾ പറഞ്ഞു. അങ്ങനെ വിളിക്കരുതെന്ന്. എന്നിട്ടും ഞാനിന്നും അവളെ വാശിയോടെ അമ്മ ചേർത്ത് വിളിക്കാറുണ്ട്."

"അപ്പൂപ്പോ അപ്പൂപ്പൻ പഴയ എഴുത്തുകാരനായാ?"

എല്ലാം കേട്ടിരുന്ന ജിനിമോളുടെ ചോദ്യമാണ് ഇതെല്ലാം ഞാൻ കൊച്ചുമോളോടാണല്ലോ പറയുന്നതെന്ന ബോധം അയാളിൽ ഉണ്ടാക്കിയത്.
"ജാനമ്മയ്ക്ക് അപ്പൂപ്പനെ ഇഷ്ടമല്ലേ?"
അവൾ വീണ്ടും ചോദിച്ചു.
"അതെ ഇഷ്ടമാണ്. "
"ജാനമ്മ ഇന്നത് പറഞ്ഞുവോ?"
"ഇല്ല പറഞ്ഞിട്ടില്ല, പറയുകയുമില്ല.
പറയാൻ ഞാൻ അനുവദിക്കുകയുമില്ല.
അത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എനിക്കൊരു കാത്തിരിപ്പ് ഇല്ലല്ലോ?
ആ വാക്കുകൾക്കായുള്ള കാത്തിരിപ്പല്ലേ എൻ്റെ ആയുസ്സിൻ്റെ നീളം. അത് അവൾക്കും അറിയാം അതല്ലേ അടുത്ത കാഴ്ച്ചയിൽ പറയാമെന്ന് അവൾ പറയുന്നത്. "

ജിനിമോൾ ചൂണ്ടുവിരൽ താടിയിൽ തട്ടികൊണ്ട് ഇനി എന്തു ചോദ്യമെന്ന ആലോചനയിൽ ഇരുന്നു. അയാൾ അതു കണ്ടു കൊണ്ടാണ് കാറിനുള്ളിൽ കണ്ണുകൾ ഒന്നടച്ചു ചിന്തകളോടെ മയങ്ങാൻ ശ്രമിച്ചത്. ജാനകി അവൾ ഇപ്പോൾ എന്തായിരിക്കും ഇപ്പോൾ ആലോചിക്കുന്നുത്?
പ്രണവും മുത്തശ്ശിയോട് കഥകൾ ചോദിക്കുന്നുണ്ടാകുമോ?

"മുത്തശ്ശീ മുത്തശ്ശീ ഇന്നത് പറഞ്ഞോ ജിനിയുടെ അപ്പൂപ്പനോട് ഇഷ്ടാണെന്ന്?"
പ്രണവ് ആദ്യമെ ആ ചോദ്യമാണുതിർത്തത്.
"ഇല്ലല്ലോ."
"അതെന്താ?"
"അതൊക്കെ ഉണ്ട് ഇനി കാണുമ്പോൾ പറയാം എന്ന് ഞാൻ പറയുന്നത് കേൾക്കുന്നതാണ് അവന് ഇഷ്ടം."
"നിങ്ങൾ തമ്മിൽ കല്ല്യാണം കഴിക്കാത്തതെന്താ?"
"അതിനവൻ എനിക്കായി കാത്തിരുന്നില്ലല്ലോ?
വലിയ പ്രണയം പറയുന്ന അവൻ തന്നെയാണ് ആദ്യമെ മറ്റൊരു ഇണയെ തിരഞ്ഞെടുത്ത് ജീവിതം ആരംഭിച്ചത്. അന്നെനിക്കൊരു കല്ല്യാണക്കുറിയുമായി വീട്ടിൽ എത്തിയിരുന്നു.
എന്നോ എപ്പൊഴോ ഒരു നിമിഷമെങ്കിലും ചെറിയൊരു ഇഷ്ടമെങ്കിലും തോന്നിയ ഒരു പെണ്ണിൻ്റെ മനസ്സെന്തേ അന്നവൻ ഓർക്കാതെ പോയെന്നറിയില്ല. ഇന്നത് ചോദിച്ചാൽ അവൻ പറയുമായിരിക്കും.
അന്നു ആ നിമിഷവും അവൻ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. എന്ന്. പ്രതീക്ഷിച്ചിരിക്കാനോ ഒന്നിനും എൻ്റെ ഭാഗത്തു നിന്നൊരു സൂചന പോലും ഞാൻ നൽകിയിരുന്നില്ല. എന്നത് മറ്റൊരു സത്യം. ഒരിക്കലും നടക്കാത്തൊരു കാര്യത്തിനായി പ്രതീക്ഷകൾ നൽകാൻ ഞാൻ തയ്യാറുമായിരുന്നില്ല.
പിന്നെ..,ഇഷ്ടപ്പെടുന്നവരെല്ലാം കല്യാണം കഴിക്കുമോ? നിനക്ക് ജിനി മോളെ ഇഷ്ടമല്ലേ?"

''അതെല്ലോ''

''അപ്പൊ നീ ജിനിയെ കല്ലാണം കഴിക്കുമോ?"

അതെങ്ങനെ?ഞങ്ങൾ നല്ല കൂട്ടുകാർ മാത്രമല്ലേ?

"എന്നിട്ട് നീ ആ കൂട്ടുകാരിയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ?

"ഇല്ലല്ലോ?"

"അതെന്താ ഒന്നു പറഞ്ഞു നോക്കൂ.. "

കാറൊരു ഗട്ടറിൽ വീണപ്പോൾ അയാൾ ചിന്തയിൽ നിന്നുണർന്നു.

"മോളെ ജിനി നിനക്ക് ആ പ്രണവ് മോനെ ഇഷ്ടമാണോ?" അയാൾ ചോദിച്ചു.

"ഇഷ്ടമാണല്ലോ എന്താ മുത്തശ്ശാ അങ്ങനെ ചോദിച്ചെ?"

"ഒന്നുമില്ല. വെറുതെ "
*****************
എഴുതി അവസാനിപ്പിച്ചു. മാർത്ത വെറുതെ തൻ്റെ കാൽ വിരലുകളിലേക്ക് നോക്കിയിരുന്നു.
ജോൺ..! നീ പറഞ്ഞതും എൻ്റെ ഹൃദയം കേട്ടതും ഞാനവർക്കു നൽകിയിരിക്കുന്നു.
നിലത്തു കിടന്ന സായാഹ്ന പത്രം അവൾ ആയാസപ്പെട്ടാണെടുത്തത്. വീൽച്ചെയർ കടൽ കാണുന്ന വശത്തു നിന്നവൾ മറുവശത്തേക്ക് ഉരുട്ടി. പത്രത്തിലെ ചരമ കോളത്തിൽ പരിചിതമായ ഒരു ചിത്രം ഉണ്ടായിരുന്നു.അതു പ്രത്യേകിച്ചു അവളിൽ ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. മൂന്നു ദിവസത്തെ നീണ്ടു നിന്ന കാഴ്ച്ചയുടെ പരിചയം. ജീവനുള്ള കണ്ണുകൾ. നീണ്ട മുഖം. സമൃദ്ധമായ കറുത്ത തലമുടിയും താടിയും. ഞാൻ കാണുമ്പോൾ ഈ മുഖം ഇങ്ങനെ ആയിരുന്നില്ല. താടിയും മുടിയും ജട പിടിച്ചിരുന്നു. എങ്കിലും ആ മുഖത്ത് ഒരു തേജസ്സ് ഉണ്ടായിരുന്നു.ചിത്രത്തിലും അതേ പോലെ ആ തേജസ്സ് കാണാനുണ്ട്. അല്ലെങ്കിലും ചരമ കോളങ്ങളിലെ ചിത്രങ്ങളിലെ കണ്ണുകൾക്ക് അപാരമായ കാന്തിക ശക്തിയാണെന്ന് മാർത്തയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജീവൻ നഷ്ടപ്പെട്ടു എന്നു തോന്നുകയില്ല.
അയാൾ..! അയാൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഞാൻ കാണുമ്പോൾ. ചിത്രത്തിൽ മുഖത്തെ ഭാവത്തിൽ നിസ്സഹായത ഉണ്ട്. ആ നിസ്സഹായത അവൻ്റെ കണ്ണുകളിലായിരുന്നോ എൻ്റെ കണ്ണുകളിലാണോ
പള്ളിയിലെ ക്രൂശിത രൂപത്തിലെ ക്രിസ്തുവിനെയാണ് മാർത്തയ്ക്കപ്പോൾ ഓർമ്മ വന്നതു. മൂന്നു ദിവസം.. മൂന്നു ദിവസം മുൻപായിരുന്നു. ജോൺ പോയ ദിവസം മുതൽ അയാളെ ആ പള്ളിപറമ്പിൽ കണ്ടു തുടങ്ങിയത്.
മുൻവശത്തെ റോഡിന് അപ്പുറം
മാർത്തമറിയം പള്ളി. പള്ളിയ്ക്ക് മുൻവശം വിശാലമായ മൈതാനമാണു. കടൽക്കരയെ ഓർമ്മിപ്പിക്കുന്ന മണലാണ് അവിടെ. പള്ളിയിൽ നിന്ന് കടലിലേക്ക് ഇറങ്ങുന്ന പാതയുടെ ഇടതുവശത്തെ പൊട്ടി പൊളിഞ്ഞ മതിൽക്കെട്ടിനുള്ളിലാണ് ശവപ്പറമ്പ്. ബാൽക്കണിയുടെ ഒരറ്റം ചെന്നവസാനിക്കുന്നത്, ശവപ്പറമ്പിനരികിലാണ്. ശവപ്പറമ്പിൽ നിന്നു നിര നിരയായി സമുദ്രത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൻ കൂട്ടങ്ങൾ. ഒരേ നിരയിൽ തെങ്ങോലകൾ പടിഞ്ഞാറൻ വെയിലേറ്റ് വാടിയിരിക്കുന്നു. മൂന്നു ദിവസം മുൻപായിരുന്നു.
പള്ളിയിലെ പ്രധാന പെരുന്നാൾ പ്രദക്ഷിണം കഴിഞ്ഞതു. പ്രദക്ഷിണത്തിന് വഴികാട്ടിയായ തീവെട്ടിയുടെ വെട്ടത്തിലാണ് അയാളുടെ മുഖം മാർത്ത ആദ്യം കണ്ടതു. പറമ്പിനരികിൽ നിരനിരയായിരിക്കുന്ന ഭിക്ഷക്കാർ.
നിലത്തു ചമ്രം പടിഞ്ഞും, ഒരു കാൽ കുന്തിച്ചും ഇരിക്കുന്ന എല്ലാപേരുടെ മുൻപിലും ചളുങ്ങിയ പാത്രങ്ങളുണ്ട്. ചിലർ അതിൽ നാണയങ്ങൾ ഇടുന്നു. അയാളുടെ പാത്രത്തിനുള്ളിലും ഒരാൾ നാണയം ഇട്ടു. മാർത്ത കാതോർത്തു. നാണയം പാത്രത്തിൽ വീഴുന്ന ഒച്ച കേൾക്കാൻ.
ബാൻഡ് മേളത്തിൻ്റെയും ബ്യൂഗിളിൻ്റെയും ഒച്ചയിൽ ഹൃദയ താളവും നിശബ്ദമായതു പോലെ അവൾക്കു തോന്നി.മാർത്തയ്ക്കു അതു തമാശയായി. ഒരാൾ പൊക്കത്തിലുള്ള ബാൻഡിൽ ഇരുവശത്തും ഉറക്കെ കൈ വീശി തല്ലുന്നൊരാൾ. ബ്രിട്ടീഷ് പട്ടാളക്കാരനെ പോലെ ഉള്ള വേഷം. ചുവപ്പും, മഞ്ഞയും കലർന്ന റിബ്ബണുകൾ ഭംഗിയായി ഇരുവശത്തേക്കും ചലിക്കുന്നു. ബ്യൂഗിൾ വായിക്കുന്നവർ ശ്വാസം ആഞ്ഞു വലിച്ചു.ആയാസപ്പെട്ടു വായിക്കുന്നുണ്ട്. ആ ശബ്ദത്തിനനുസരിച്ചാകണം അവർ ശരീരം നൃത്തചുവടുകളോടെ ചലിപ്പിക്കുന്നു.
മാർത്ത ഒരു ഒച്ചയും കേൾക്കുന്നില്ലായിരുന്നു.
മൂകാഭിനയം നടത്തുന്ന വാദ്യഘോഷക്കാർ അവൾക്കു ചിരി വന്നു. പെട്ടെന്ന് തന്നെ അതു മാറി.അയാൾ..? അയാൾ ആ പാത്രത്തിൽ വീണ നാണയം എടുത്തു നോക്കി.പല്ലിളിച്ചു ചിരിക്കുന്നു

പ്രദക്ഷിണ ദിവസം കഴിഞ്ഞു. പള്ളിപ്പറമ്പു വിജനമായി. പള്ളിപ്പറമ്പിന് വശങ്ങളിലെ ഓലപ്പുര പീടികകളിൽ നായകൾ മണപ്പിച്ചു നടന്നു. പറമ്പു നിറയെ ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകളും, കടലാസ്സുക്കപ്പലണ്ടി പൊതികളും ബാക്കിയായി. ആളും ആരവങ്ങളും ഒഴിഞ്ഞു.
പറമ്പിൽ അയാൾ മാത്രം ബാക്കിയായി.
വെള്ളിയിൽ നിർമ്മിച്ച കൊടിമരം വെയിലിൽ തിളങ്ങി. കൊടിമരത്തിന് ചുവട്ടിൽ അയാൾ തൻ്റെ ഭാണ്ഡകെട്ടിൽ തല ചേർത്തു വച്ചു കിടന്നു.
അയാളുടെ ഒരു കാൽ മുട്ടുവരെ മന്തു പോലെ നീരു വന്നു വീർത്തിരുന്നു. കാൽപ്പാദത്തിന് മുകളിലായി കറുത്തൊരു തുണി ചുറ്റി കെട്ടിയിരിക്കുന്നു. ഒരു നായ വന്നു ആ തുണിയിലെ മണം പിടിച്ചു. ഈച്ചകൾ ചുറ്റിനും പറന്നുയർന്നു. പാറി പറന്ന തലമുടിയും മാന്തിപ്പറിച്ച് അയാൾ ഉറക്കത്തിൽ നിന്നുണർന്നു.
കാലിൽ മണം പിടിച്ചു നിന്ന നായ ഒന്നു മുരണ്ടു പിന്നെ ഓടിപ്പോയി. അയാൾ കൈ വീശിയപ്പോൾ കാലിൽ നിന്നും ഈച്ചകൾ ഉയർന്നു പറന്നു.
ഇരുമ്പു കമ്പി അയ കെട്ടിയ മരത്തിലെ കാഴ്ച്ചയാണ് മാർത്തയ്ക്ക് ഓർമ്മ വന്നതു. കാലങ്ങൾ കൊണ്ടു മരത്തടിയ്ക്കുള്ളിലേയ്ക്ക് തുളഞ്ഞു കയറിയ ഇരുമ്പു വളയം.
അയാളുടെ കാൽപ്പാദത്തിന് മുകളിൽ
മാംസത്തിനുള്ളിലേക്കും ഒരു ഇരുമ്പു വളയം തുളഞ്ഞിറങ്ങിയിരിക്കുന്നു.
നീരു വന്നു വീർത്ത ബാക്കിയുള്ള ഭാഗങ്ങളിൽ നിന്നു കാൽ അവിടം രണ്ടായി മുറിയുമെന്ന് മാർത്തയ്ക്കു തോന്നി.
ഇരുമ്പ് വളയത്തിനു ചുറ്റും വ്രണമായി പഴുപ്പും രക്തവും കലർന്നു ചലം ഒലിക്കുന്നു.
അതിനു മുകളിൽ മുറുകെ കെട്ടിയിരുന്ന മുഷിഞ്ഞ തുണിയിൽ അതിൻ്റെ നനവുണ്ട്.
അയാൾ ആ തുണി അഴിച്ചു.
ഇരുമ്പു വളയത്തിൻ്റെ കറുത്ത ഭാഗങ്ങൾ അഴുകി പൊളിഞ്ഞ മാംസത്തിനുള്ളിലായുണ്ട്.
വളർന്നു നിന്ന വികൃതമായ നഖങ്ങൾ കൊണ്ട് അയാൾ ആ മുറിവിന് ചുറ്റും മാന്തി പൊളിച്ചു.
രണ്ടു കൈകൾ കൊണ്ടും കാൽ പൊക്കി എടുത്തു. വെയിൽ വീഴുന്ന ഭാഗത്തേയ്ക്ക് വച്ചു. വെയിലിൻ്റെ ചൂട് കൊള്ളിച്ചു. വ്രണമായ മാംസ ഭാഗങ്ങൾ തേനീച്ച കൂടുപോലെ തുളകൾ വീണിരുന്നു. വെയിലിൻ്റെ ചൂടേറ്റപ്പോൾ തുളകൾക്കുള്ളിൽ നിന്നും വെളുത്ത ചെറിയ പുഴുക്കൾ പുറത്തേക്കു തലപൊക്കി. ഈച്ചകൾ വീണ്ടും പറ്റിപ്പിടിച്ചു മുട്ടയിടാൻ തുരന്നിട്ടും വേദന അറിയാത്ത പോലെ അയാൾ അതിനു ഭക്ഷണമായിരുന്നു. കറുത്ത തുണി വീണ്ടുമതിൽ ചുറ്റി കെട്ടി. അയാൾ എഴുന്നേറ്റു വ്രണമായ കാൽ വലിച്ചിഴച്ചു വേച്ചു വേച്ചു നടന്നു.
ഒടിഞ്ഞു തൂങ്ങിയതു പോലെ ആ പാദങ്ങളിപ്പൊ അറ്റുവീഴുമെന്നു മാർത്ത ഭയന്നു.
ഒഴിഞ്ഞ പീടികകൾക്കുള്ളിൽ നായകളോടൊപ്പം അയാൾ വിശപ്പിനു പരിഹാരം തിരഞ്ഞു.
അയാൾ കാഴ്ച്ചയിൽ നിന്നു മറഞ്ഞപ്പോൾ മാർത്ത വീൽചെയർ ബാൽക്കണിയുടെ ഒരു വശത്തു നിന്നും മറുവശത്തേക്ക് ഉരുട്ടി.
ബാൽക്കണിയ്ക്കു താഴെ കടലിലേക്ക് ഇറങ്ങുന്ന ഇടവഴിയും ശവപ്പറമ്പും കാണാം.
ഓലപ്പീടികയിൽ നിന്നും അയാൾ പുറത്തിറങ്ങി.
വീണ്ടും കൊടിമരത്തിന് ചുവട്ടിൽ വന്നിരുന്നു.
തുണി ഭാണ്ഡക്കെട്ടും തലയിണയായി വച്ചു കിടന്നു. അന്നു രാത്രി അയാൾ അലറി കരയുന്നുണ്ടായിരുന്നു. വ്രണത്തിനുള്ളിൽ പുഴുക്കൾ അയാളെ തുരന്നു വേദനിപ്പിക്കുന്നുണ്ടാകാം.
മാർത്തയ്ക്കു തളർന്നു പോയ തൻ്റെ രണ്ടു കാലുകൾക്കു പകരം രണ്ടു ചിറകുകൾ കെട്ടിവച്ചു അയാൾക്കരികിലേക്കു പറന്നു ചെല്ലാൻ തോന്നി. അയാളുടെ അഴുക്കു പുരണ്ട കാൽവിരലുകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുവാൻ, വ്രണം മാന്തിയ കൈവിരലുകളിലെ നഖങ്ങൾക്കിടയിൽ നിന്നും നാറുന്ന മാംസം ചുരണ്ടി കളഞ്ഞു. ആ നഖങ്ങൾ വെട്ടി കൈവിരലുകൾ ഭംഗിയുള്ളതാക്കാൻ, പാറിപ്പറന്ന തലമുടി മുറിച്ചു നീണ്ട മുഖത്തെ തേജസ്സ് ഒന്നു കാണുവാൻ. കാലിൽ തുളഞ്ഞിരിക്കുന്ന ഇരുമ്പു വളയം പതിയെ മുറിച്ചു കളയണം. നേരിയ ഉപ്പു കലർന്ന ഇളം ചൂടുവെള്ളം ഒഴിച്ചു ആ വ്രണങ്ങൾ കഴുകി വൃത്തിയാക്കണം. എൻ്റെ വസ്ത്രത്തിലെ നേരിയ തുണികൊണ്ടു വ്രണത്തിലെ ഈർപ്പം തൊട്ടുണക്കണം. ആ മുറിവുകളിൽ ചുണ്ടുകൾ ചേർത്തു ഉമ്മ വയ്ക്കണം. മുഖം ചുളിയ്ക്കരുതു. ഇത്, ഒരു മനുഷ്യനാണ്. മൂക്കു പൊത്തരുതു.
ഇതും ഒരു മനുഷ്യൻ്റെ മണമാണ്. ഞാനും നീയും ഇതിനു കാരണക്കാരാകുന്നുണ്ട്. വെള്ള തുണികൊണ്ടു ആ മുറിവ് കെട്ടി മറയ്ക്കണം.
മടിയിൽ ചേർത്തു കിടത്തി മാറിടം തുറന്നു മുലഞെട്ടുകൾ അവൻ്റെ വായ്ക്കുള്ളിലേക്കു വച്ചു തുടകളിൽ താളമിട്ടുറക്കണം.

അന്നു പുലർന്നു. രണ്ടാം ദിവസമാണ്.
ഭ്രാന്തനാണ് എന്നുള്ള ആരൊക്കെയോ പറയുന്ന ജൽപ്പനങ്ങൾ മാർത്തയുടെഹൃദയത്തിലുമെത്തി.
അടുത്തേയ്ക്ക് ചെല്ലാൻ ചിലർ ശ്രമിച്ചു. അരികിൽ എത്തും മുൻപെ മൂക്കും പൊത്തി മാറി നിന്നു. അയാൾക്കു ചുറ്റിനും വ്രണം പഴുത്ത നാറ്റം കലർന്നിരുന്നു. ഒരു കാൽ നിറയെ ഈച്ചകൾ പറ്റിപ്പിടിച്ചിരുന്നു.
നീട്ടി വച്ച കാൽ അവയ്ക്ക് ഭക്ഷിക്കാൻ വിട്ടു നൽകി അയാൾ ആകാശം നോക്കി കിടന്നു.
വെയിലേറ്റിട്ടും അയാൾ ഉണർന്നില്ല.
മാർത്ത തന്നെയായിരുന്നു. ആംബുലൻസ് വിളിച്ചതു. ആംബുലൻസ് ചീറി പാഞ്ഞു വന്നു.
ഒന്ന്, പൂജ്യം, എട്ട് മാർത്ത അതിൻ്റെ വശങ്ങളിൽ എഴുതിയിരുന്നതു വായിച്ചു.

"അയാൾ മരിച്ചു എങ്കിൽ ശവം ഇതിനുള്ളിൽ നമ്മൾ കയറ്റില്ല."
ആംബുലൻസുമായി വന്നവർ വാശി പിടിച്ചു. അയാൾ ഇടയ്ക്കിടെ കാൽ അനക്കുന്നത് ജീവനുണ്ട് എന്നതിന് തെളിവായി.

"ഇയാളെ ഒന്നും വണ്ടിയിൽ കയറ്റാൻ പറ്റില്ല.
നമുക്കത് കൊണ്ടു ഗുണമൊന്നുമുണ്ടാകില്ല." അവർ തമ്മിൽ അടക്കം പറഞ്ഞതാണെങ്കിലും മാർത്തയുടെ ഹൃദയം അതു പിടിച്ചെടുത്തു. അവർ തിരികെ പോയി.

അന്നു രാത്രിയിൽ അയാൾ അലറി കരഞ്ഞില്ല.
മൂന്നാം ദിവസം പുലർന്നു.
കൊടിമരച്ചുവട്ടിൽ തന്നെ അയാൾ കിടന്നിരുന്നു.
നായകൾ വന്നു കാലിനു ചുറ്റും മണത്തു നോക്കിയിട്ടും, കാലിൽ ചുറ്റിയിരുന്ന നാറിയ തുണി കടിച്ചു വലിച്ചിട്ടും അയാൾ അനങ്ങിയില്ല.
അയാൾ മരിച്ചു.
പോലീസും, ആംബുലൻസും വന്നു.
അയാളെ അവിടെ നിന്നും കൊണ്ടുപോയി.

അന്നത്തെ സായാഹ്നപത്രത്തിലെ ചിത്രം മാർത്ത ഒന്നു കൂടെ നിവർത്തി നോക്കി. ജീവനുള്ള കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നുണ്ട്. നിസ്സഹായതയോടെ അതിലും നിസ്സഹായതയോടെ മാർത്ത അവനെയും നോക്കി. താഴെ ഉള്ള വാർത്തയിലേക്കും.
വഴിയരികിൽ അഞ്ജാതനായ ഭ്രാന്തൻ്റെ മരണം.
കൈവശമുള്ള തുണി സഞ്ചിയിൽ മൂന്നു ലക്ഷത്തിലേറെ രൂപ ഉണ്ടായിരുന്നു.
അതിൽ ഒരു ലക്ഷത്തിലേറെ നാണയങ്ങളായിരുന്നു.
#ജെ...
02/10/2020

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo