പേര്


തേനിലും വയമ്പിലും
പാൽച്ചിരി ലയിപ്പിച്ച്
കാലമെൻ കണ്ണീരിന്
നൽകിയോരsയാളം
കാട്ടുതീപ്പടർപ്പിലെ -
ക്കാറ്റുപോൽ വ്രണങ്ങളെ_
യത്രമേൽ ജ്വലിപ്പിച്ചും
തോറ്റു പോവാതെൻ യാത്ര
മുഴുവൻ നീയിന്നെൻ്റെ
നിഴലാവുന്നൂ; വാടി -
ക്കരിയാറാവുന്നേരം
ദേഹി ദേഹത്തിൻ ചിതൽ-
ക്കൂടു വിട്ടൊഴിയുമ്പോൾ
ഉപചാരങ്ങൾ ചൊല്ലി
ഉപഹാരങ്ങൾ നല്കി
പുല തീർക്കുവാൻ മാത്രം
ശിരസേറ്റിടും ഭാരം
***** ***** ******
ശ്രീനിവാസൻ തൂണേരി

ജന്മാന്തരങ്ങൾക്കുമപ്പുറം..!!


ഭൂതകാലത്തിലെ ജീവനുള്ള ചിത്രങ്ങളിലാന്ന്....
ഇനിയും എത്രയുണ്ട് അമ്മൂ....എല്ലാം മറന്നുപോയോ നീ...
അവസാനം എന്റെ ഓര്‍മ്മകളെയും നീ മറക്കുമോ...?
ഇത്രേയുള്ളു മനുഷ്യമനസ്സ് ...
കാഴ്ചക്കപ്പുറം കഴിഞ്ഞാല്‍ പിന്നെ വല്ലപ്പോഴും ഓര്‍ത്താലായി....
പക്ഷെ എനിക്കൊന്നും മറക്കാന്‍ കഴിയുന്നില്ല പെണ്ണെ ...
കുറച്ചുകാലമേ നിന്നോടൊപ്പം കൂട്ടുകൂടാന്‍ കഴിഞ്ഞുള്ളൂ...എങ്കിലും ,
ആ ഓര്‍മ്മകള്‍ മാത്രമാണിന്നീ ലോകത്തിലെനിക്കു കൂട്ട്...
പലപ്പോഴും തോന്നും തന്നെ കൂടി കൂട്ടിന് വിളിച്ചാലോ എന്ന്...
പിന്നെ കരുതും നിന്റെയും കൊച്ചുങ്ങളുടെയും ഇച്ചായന്റെയും ഒക്കെ സന്തോഷം ..
ഇല്ലാതാക്കി ഈ ഏകാന്തലോകത്തിലേക്ക് നിന്നെ കൂടികൂട്ടുന്നതെന്തിനെന്നു..
എനിക്ക് ...എന്റെ അമ്മുവിന്റെ ഓര്‍മ്മകള്‍ മാത്രം മതി...അങ്ങ് ദൂരെ ...
നിന്റെ പൊട്ടിച്ചിരികളും കുസൃതികളും സന്തോഷങ്ങളും കണ്ട് ഞാനിരിക്കുന്നുണ്ട്....
നിന്റെ വിവാഹം , നീ അമ്മയാവുന്നതും ,കൊച്ചുങ്ങളെ സ്നേഹിക്കുന്നതും,
ഒക്കെ കണ്ടങ്ങനെ ഈ ഏകാന്തലോകത്തിരുന്ന് ഞാനും സന്തോഷിക്കുന്നൂ...
കാലത്തിന്റെ ഇരുണ്ട ഏടുകളിൽ ഇനിയുമൊരു പുനർജന്മമുണ്ടെങ്കിൽ ....
എന്റെ അമ്മുവിന്റെ കളിക്കൂട്ടുകാരനായി....ആ കവിളില്‍ ഇനിയും ...
ചക്കര മുത്തങ്ങള്‍ നല്‍കാന്‍ .....നിന്റെ ഇഷ്ടങ്ങളെ എന്റെതാക്കാന്‍ ....
ആരും കാണാതെ ഒളിച്ചുകളിക്കുമ്പോള്‍ കെട്ടിപ്പിടിച്ചൊന്നുമ്മവെക്കാന്‍....
നിനക്കിനിയും ജീവനുള്ള ചിത്രങ്ങള്‍ സമ്മാനിക്കാന്‍.....
അന്ന് നമ്മള്‍ ഓടിക്കളിച്ച ഇടവഴികളിലെ മധുരമുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ ...
കൂടി സമ്മാനിക്കാന്‍......ഞാന്‍ വരും എന്റെ അമ്മുവിന്റെ സ്വന്തം വികൃതി ചെക്കനായി....
Shajiktuvvur

പ്രൊമിത്യുസ്സ്


ഒറ്റപ്പെടുന്നു ഞാൻ സത്യം ജയിക്കുവാൻ ,
കുറ്റപ്പെടുത്തുക ,ബന്ധിച്ചുകൊള്ളുക ,
കനൽക്കല്ലു കത്തിയുരുകട്ടെ ,ലാവയിൽ 
കാലുകൾ പൊള്ളിക്കുടുന്നിടട്ടെ ,
കിങ്കരർ മർദ്ദിച്ചു വീഴ്ത്തിടട്ടെ,ൻ കരൾ
കഴുകുകൾ കൊത്തിപ്പറിച്ചിടട്ടെ
വേദനിക്കില്ല ഞാൻ,മാപ്പിരക്കില്ല
വേണ്ടെനിക്കീ സ്വർഗവാസം !
നീറുന്ന മർത്യന്റെ ശബ്ദം ശ്രവിക്കാതെ
നേടുന്നതെന്തും നിരർത്ഥ൦ ,
ആറിതണുത്ത മനസ്സുമായ്
പെയ്യുന്ന ജീവിത നൃത്ത,മിതെത്ര പരിഹാസ്യം !
വേണ്ടനിക്കീ സ്വർഗ്ഗമഞ്ചം ,
വേണ്ടനിക്കീ യമൃത ചഷകം
ദീനൻ മനുഷ്യന്റെ രോദനം
കാതുകൾക്കുള്ളിൽ പ്രതിധ്വനിക്കുമ്പോൾ ,
പുഴുപോലെയിഴയുന്ന കാഴ്ചകാണുമ്പോൾ
,ഞെട്ടിയുണർന്നു തളർന്നെത്രകാലം !
എല്ലാം ത്യജിക്കാം ,മറക്കാ ,മിറങ്ങിടാം ,
അഴിച്ചുവെക്കുന്നിതാ വസനങ്ങളൊക്കെയും
പീഡിതന്നേകിടാം തീയും വെളിച്ചവും
എന്നോർത്തുനിൽക്കുന്ന മാത്രയിൽ കേൾക്കുന്നു
സ്വർഗ്ഗാധിനായകൻ സ്യുസ്സിന്റെ ഗർജ്ജനം !
ദിക്കുകൾ പൊട്ടിത്തകരുന്നു !ഹുങ്കാരമാരുതൻ
കേതു കീറിപ്പറത്തുന്നു !അചലങ്ങൾ പാറകൾ വീഴ്ത്തി
ക്കിതച്ചുനിൽക്കുന്നു !
"തീ യെടുത്താരു കൊടുത്തീ പുഴുവിന്ന്
നീച ലോകത്തിലെ നിമ്ന വർഗ്ഗത്തിന്
വാനോർ കുലത്തിന്നു ചേരുന്ന തൊന്നുമേ
ഇരുളിന്റെ മക്കൾക്ക് നൽകരുതറിയില്ലേ ?
ഇല്ല പ്രോമിത്യുസ്സ് ,നിനക്കില്ല മാപ്പ് ,
കല്ലിൽ തളച്ചിട്ട് നിൻ കരൾ കൊത്തുവാ
നെന്നു മയച്ചിടും കഴുകനെത്തന്നെ ഞാൻ !
എന്നും കിളിർത്തിടും നിൻ നെഞ്ചിലോരോ
ചെങ്കരൾ കഴുകനു കൊത്തിപ്പറിക്കുവാൻ ,
കാല, മിക്കാലങ്ങൾ നിശ്ചലമാകുന്ന
കാലം വരേയ്ക്കും തുടരുമീ ശിക്ഷ "
"ഇല്ല , ഭയക്കുന്നതില്ല ഞാൻ ദേവാ ,
തെറ്റോ മനുഷ്യനെ കണ്ടതും ,തൊട്ടതും
നെഞ്ചിൽ തുളുമ്പിയ കരുണ വർഷിച്ചതും
മുറ്റുമിരുട്ടിൽ നിന്നല്പം തെളിവിലേ -
ക്കഗ്നി തന്നക്ഷരം വിത്തായെറിഞ്ഞതും
തെറ്റോ? .ശിക്ഷകൾ നിങ്ങൾ നടപ്പിലാക്കിക്കൊൾക,
ഒറ്റപ്പെടില്ല ഞാൻ ,ഒറ്റു കൊടുക്കില്ല
മർത്യനെ ,സത്യത്തെ സ്വാതന്ത്ര്യത്തെ ."
By: Varghese Kurathikadu

ഉറുമ്പ്/ മഴപ്പാറ്റ ...


രംഗം 1.
അയാള്‍ ....എന്നും ഇരുട്ടിന്‍റെ തോഴനായിരുന്നു.
അയാല്‍ക്കൊരു മുഖമുണ്ടായിരുന്നോ ?
ആര്‍ക്കുമറിയില്ല...
കുന്നിന്‍ ചെരുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന തന്‍റെ സ്വന്തം വീട്ടിലോട്ട് പോലും അയാള്‍ വല്ലപ്പോഴുമേ പോവാറുള്ളൂ... ഭാര്യക്കും രണ്ട് പിഞ്ചു കുട്ടികള്‍ക്കും അയാള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..
അയാളില്ലാഞ്ഞിട്ടും...ഒറ്റപ്പെട്ട വീടായിട്ടും...അനാവശ്യമായ ഒരു നോട്ടം പോലും അവന്‍റെ പെണ്ണിനേ തേടിച്ചെന്നിരുന്നില്ല...
കാരണം ,
അയാള്‍ എന്താണെന്നും , ആരാണെന്നും അത്തരക്കാര്‍ക്ക് നന്നായ് അറിയാമായിരുന്നു.
അതെ ...
അയാളൊരു കൊലയാളിയായിരുന്നു...
ഇന്നലെയും ഇന്നും.
ഒരു രാക്ഷ്ട്രീയ സംഘടനയുടെ...
അതില്‍ കൊടിയുടെ നിറത്തിന് ഞാന്‍ പ്രാധാന്യം കൊടുക്കുന്നില്ല.
നാടു മാറി ..അന്യ നാടുകളിലായിരുന്നു അയാളുടെ ആയുധങ്ങള്‍ക്ക് ഇരയെ കിട്ടിക്കൊണ്ടിരുന്നത്.
ഓരോ കൃത്യങ്ങള്‍ക്ക് ശേഷം അയാള്‍ പീന്നേ കുറേക്കാലം തന്‍റെ വീടും കുടുംബവുമായ് കഴിഞ്ഞു പോണു...
വാളെടുത്തവന്‍ വാളാല്‍ എന്നാണല്ലോ...അന്നത്തെ ഒരു ദിവസം ചോരവീണത് അയാളുടെ സ്വന്തം നാട്ടില്‍ ..സ്വന്തം നെഞ്ചിന്‍ കൂട്ടീന്നു തന്നെയായിരുന്നു...
മറു നാട്ടുകാരായ...മുഖമില്ലാത്ത കുറച്ച് ചെറുപ്പക്കാര്‍ക്ക് നിമിഷനേരം മാത്രമേ വേണ്ടി വന്നുള്ളൂ അയാളെ തീര്‍ക്കാനായിട്ട്. അയാള്‍ക്ക് വേണ്ടിയും അന്നതൊക്കെ നടന്നു.
ഒരു ഹര്‍ത്താല്‍, വിലാപയാത്ര, പിന്നെ കുറച്ചു റീത്ത് സമര്‍പ്പണം. ഒടുവില്‍ അയാള്‍ മണ്ണിലേക്കടിഞ്ഞപ്പോ ...
ആ പെണ്ണിന്‍റെയും ഒന്നുമറിയാത്ത കുട്യോള്‍ടെയും നിലവിളികള്‍ മാത്രം ബാക്കിയായ്....
രംഗം 2..
മാസങ്ങള്‍ കൊഴിഞ്ഞൊണ്ടിരുന്നൂ...മരിച്ച അയാള്‍ക്കും കിട്ടി ഒരു പുനര്‍ജന്‍മം.....
നല്ലൊരു കടിയനുറുമ്പായ്...
ആ നാട്ടീന്നും കുറച്ചകലെയായ് അവനെല്ലാരേം കടിച്ചു നോവിച്ചു പോന്നു.
പഴയ ജന്‍മത്തിലെ ആ ക്രൗര്യം അവനത്പോലെ ആവര്‍ത്തിച്ചു.
ഇപ്പോ നാട്ടില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട്പോയ്ക്കൊണ്ടിരുന്നു.
പക്ഷേ ..
കടിയനുറുമ്പായ അയാള്‍ ആള്‍ക്കാരെ കടിച്ചും കുത്തിയും ജീവീതം ആസ്വദിച്ചു .
കഴിഞ്ഞ ജന്‍മമോ , അതില്‍ തനിക്കുണ്ടായ നഷ്ടമോ ഒന്നും ഉറുമ്പായ അയാള്‍ ആലോചിച്ചിരുന്നില്ല...
പുത്തന്‍ പ്രതീക്ഷയുടെ ഒരു തിരിനാളം പോലെ,
അന്നൊരു നാള്‍ ആ നാട്ടിലാകമാനം, നല്ലോണമൊരു പുതുമഴ പെയ്തു.
നമ്മുടെ കടിയനുറുമ്പിനും കിട്ടി വല്യോരു മാറ്റം...
അവന് മുളച്ചു....രണ്ട് കുഞ്ഞിച്ചിറകുകള്‍ ...
അതേ...അവനൊരു മഴപ്പാറ്റയായ് മാറി.
തന്‍റെ കുഞ്ഞിച്ചിറകുകള്‍ വീശി അവനൊന്നു മെല്ലെ പറന്നുയുയര്‍ന്നു.
ആദ്യമായ് അവന്‍റെ മുഖത്തൊരു ചിരി പരന്നൂ...തന്‍റെ കഴിഞ്ഞ ജന്‍മത്തെക്കുറിച്ച് അവനോര്‍ത്തു.
തന്‍റെ ചെയ്തികള്‍...തനിക്കുണ്ടായ അന്ത്യം..
ഒടുവില്‍ അവന്‍ തന്‍റെ കുടുംബത്തെ ഓര്‍ത്തു.
അവരെ കാണാന്‍ അവന്‍റെ മനസ്സ് വെമ്പി.ചിറകുകള്‍ ആഞ്ഞുവീശി തന്‍റെ പഴയ വീട്ടീലേക്ക് അവന്‍ പറന്നു..
മഴപ്പാറ്റയെ തിന്നാനടുത്തെത്തൂന്ന കാക്കകളുടെയും മറ്റും കണ്ണ് വെട്ടിച്ച് വീട്ടീനടുത്തെത്തിയപ്പോ നേരം വല്ലാതെ ഇരുണ്ടിരുന്നു...
തന്‍റെയീ ജന്‍മത്തിലെ നിസ്സഹായവസ്ഥ അവനെ വല്ലാതെ അലട്ടി.
കറണ്ടില്ലാത്ത ...മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രം ഉണ്ടായിരുന്ന ആ വീട്ടിന്‍റെ ജനലിലൂടെ മഴപ്പാറ്റ പറന്നെത്തി...പായയില്‍ കിടന്ന് ഉറങ്ങണ തന്‍റെ പിഞ്ചു കുട്ടികളെ നിര്‍ന്നിമേഷനായ് നോക്കി നിന്നു.
അവളെവിടെ ?
എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ...
അവ്യക്തമായ് .
തൊട്ടപ്പുറത്തേ മുറിയിലേക്ക് ചിറകടിച്ചുചെന്ന മഴപ്പാറ്റ അവ്യക്തമായ് കണ്ടൂ !!
തന്‍റെ മുഖത്തേക്ക് നേരാം വണ്ണം പോലും നോക്കാതിരുന്ന ...തൊട്ടാവാടി പെണ്ണായിരുന്ന തന്‍റെ ഭാര്യ ...പായയില്‍ കിടന്ന് മറ്റൊരുവനുമായ് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..അയാള്‍ മുഖം തിരിച്ചപ്പോ മഴപ്പാറ്റ വ്യക്തമായ് കണ്ടു...ആ മുഖം..
ഞെട്ടിപ്പോയ്...തന്‍റെ പ്രിയ നേതാവ് !!
കഴിഞ്ഞ ജന്‍മത്തീ തന്നെ ക്കൊണ്ട് എല്ലാ കൃത്യങ്ങളും ചെയ്യിച്ച താന്‍ ആരാധിച്ചിരുന്ന നേതാവ് .
കോപം കൊണ്ട് ജ്വലിച്ച മഴപ്പാറ്റ അവരുടെ നേര്‍ക്ക് പറന്ന് ചെന്നു...അവര്‍ക്ക് ചുറ്റും വട്ടമിട്ട് പറന്നു...
ശ്ശൊ...പുതു മഴ പെയ്തോണ്ടാന്നു തോന്നുന്നു...നശിച്ചൊരു മഴപ്പാറ്റ ...മുറിയുടെ മൂലയില്‍ കത്തിക്കൊണ്ടിരുന്ന കുപ്പി വിളക്കിന്‍റെ തിരിയിത്തിരി നീട്ടി അവള്‍ പറന്നടുത്ത മഴപ്പാറ്റക്ക് നേരെ പിടീച്ചു...
ചിറകും ശരീരവും വെന്തെരിഞ്ഞ് പോകവേ...
കഴിഞ്ഞ ജന്‍മത്തിലും , ഈ ജന്‍മത്തിലുമായ് ,
ഉറുമ്പെന്ന......
അല്ല...മഴപ്പാറ്റ എന്ന അയാള്‍ ആദ്യമായ് കണ്ണീര്‍ വാര്‍ത്തു.
രംഗം 3
ഓക്കെ ഇത് മതി...കൊലപാതക രാക്ഷ്ട്രീയം വിക്ഷയമാക്കിയ ചെറുകഥാമല്‍സരത്തിന് കൊടുക്കാന്‍ മ്മക്കീ കുഞ്ഞിക്കഥ മതി.മഴപ്പാറ്റ കണക്കേ ആര്‍ക്കോ വേണ്ടി കൊല്ലാനും ചാകാനും വിധിക്കപ്പെട്ട യുവത്വം ഈ കഥ വായിക്കട്ടെ....
നേരം വൈകുന്നു.ഇന്ന് നൈറ്റ് ഡ്യൂട്ടിയാ.
ഹോസ്പിറ്റലിലെത്തിയപ്പോ ഭയങ്കര ജനക്കൂട്ടം.ഈവനിംഗ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സഹപ്രവര്‍ത്തകന്‍ പറഞ്ഞു ...ഇന്നിനക്ക് കാളരാത്രിയായിരിക്കും...വെട്ട് കിട്ടി മൂന്നാലെണ്ണത്തിനെ കൊണ്ടു വന്നിട്ടൂണ്ട്...എല്ലാം സീരിയസ്സാന്നാ അറിഞ്ഞേ....ജീന്‍സിന്‍റെ പോക്കറ്റീന്ന് കഥയെഴുതിയ ആ പേപ്പറ് വെറുതേയൊന്നൂടെ ഞാനെടുത്തു...

By: 
Santhosh Babu

ഗോൾഡൻ വെറുപ്പിക്കൽസ്


രാ ..ഷേട്ടാ !
ഇന്ന് രാവിലെ പരിചയപ്പെട്ട
ആ ഹൈദരാബാദികാരിയുടെ ഭർത്താവിന് പച്ചക്കറിയുടെ ബിസ്സിനെസ്സ് ആണെന്ന്.
നമ്മൾക്ക് വേണമെങ്കിൽ കുറഞ്ഞ വിലക്ക്
പച്ചക്കറി തരാമെന്നും പറഞ്ഞു.
പക്ഷെ ഓരോ പെട്ടിയായെ കിട്ടൂ
മൊത്ത കച്ചവടമല്ലേ?
എന്നാലും സാരമില്ല!
നല്ല ലാഭമായിരിക്കും!
ഒരു പെട്ടി തക്കാളി
ഒരു പെട്ടി സവാള
ഒരു പെട്ടി ആപ്പിള്
പിന്നെ ഒരു മാസത്തേക്ക് നോക്കേണ്ട!
അല്ലെ ?
(••അല്ലെടീ ഒരു കൊട്ട
മൈസൂർ പഴം ഞാൻ വാങ്ങുന്നുണ്ട്
വല്ലാതെ വെറുപ്പിക്കുന്പോൾ ഓരോന്ന് വീതം
തന്നാൽ അത്രേം നേരം കുറച്ചു സമാധാനം കിട്ടുമല്ലോ?••)
നിങ്ങളീ മൊബൈൽ ഫോൺ ഒന്ന് കൊണ്ടേ കളയുന്നുണ്ടോ?
ഏതു നേരവും അതേൽ കുത്തി കൊണ്ടിരുന്നോളും
ഞാൻ പറയുന്നത് ഒന്നും കേൾക്കില്ല...
എടീ ഞാൻ കേൾക്കുന്നുണ്ട്..
ഒരു മാസം എന്ത് ലാഭം വരും എന്ന് കണക്കു കൂട്ടി കൊണ്ടിരിക്കുകയാ!
ആണോ
ഞാൻ വിചാരിച്ചു ഫേസ്ബുക്ക് നോക്കുകയാവും എന്ന്!!
( അതും വിശ്വസിച്ചു)
പിന്നെ
നമ്മുടെ അയൽക്കാരി ആ പാകിസ്താനി ഇല്ലേ അവളുടെ അടുത്ത് നല്ല ചുരിദാർ തുണിയുണ്ടെന്നു പറഞ്ഞു.
അവൾക്കു അതിന്റെ ബിസ്സിനെസ്സ് ആണെത്രേ?
നല്ല കോട്ടൺ ആയിരിക്കും.
വലിയ വില ഒന്നും ഇല്ല.!
അവൾക്കു ഒരു തയ്യൽ കടയും ഉണ്ടത്രേ!
നല്ല ഒന്ന് രണ്ടു ചുരിദാർ വാങ്ങണം നാട്ടിൽ പോകാനുള്ളതല്ലേ?...
മനുഷ്യാ!!
ങ്ങള് !
ഇത് വല്ലതും കേൾക്കുന്നുണ്ടോ ?
കേൾക്കുന്നുണ്ട് .. കേൾക്കുന്നുണ്ട്....
എടീ...
ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം ..
അല്ല മനുഷ്യാ
ങ്ങള് ..
നേരം വെളുത്തിട്ടു ഇപ്പൊ മൂന്നാമത്തെ പ്രാവശ്യമാണല്ലോ പോണത്!
എന്ത് പറ്റി വയറിളക്കമാണോ?
അതേടീ ..
എന്തോ വയറിനു നല്ല സുഖം തോന്നുന്നില്ല.
ബാത്ത് റൂമിൽ കയറിയ ഞാൻ പൊട്ടി ചിരിച്ചു
ഇവളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ
ഞാൻ പിന്നെ
എവിടേക്കു പോകും.
കുറച്ചു നേരം സ്വസ്ഥമായി ഫേസ് ബുക്കും
വാട്സ് അപ്പും നോക്കട്ടെ!
......
മിസ്സിംഗ് ..ദോസ് ...വെറുപ്പിക്കൽസ് നൗ...

By: 
Rakesh Vallittayil

ഹൃദയം നുറുങ്ങും വ്യഥ


വരും ജന്മങ്ങളിലേതെങ്കിലു-മൊന്നിൽ,
തിരുവില്വാമലയിൽ, ഒരു പ്രാവായ് പിറക്കണം.
ചിത കത്തി ധൂപം മാനത്തിലുയരുമ്പോൾ -
മേഘക്കൂട്ടിൽ നിന്നും പറന്നിറങ്ങണം .
കണ്ണീർ നനച്ചുറ്റവർ ചിതയിൽ,
മോക്ഷത്തിനായ് വിതയ്ക്കും -
നവധാന്യങ്ങളിലെള്ളു മാത്രം -
കൊത്തിപ്പെറുക്കിയെടുക്കണം.
ആറ്റുവഞ്ചി പൂക്കൾ ചിരിക്കും,
പുഴയുടെയോമൽ കപോലത്തിങ്കൽ -
കാകൻ കൊത്തിയ ബലിച്ചോറിൽ -
മിച്ചം വന്നതുകളയാതുണ്ണണം.
കണ്ണീരു വീണു കറുത്ത മണ്ണിൽ -
അതിജീവനത്തിൻ മോഹം പകർന്നു -
ചിറകു കുടഞ്ഞു പറന്നുയരണം.
പാതിരാവിലേകാന്തതയിൽ -
മുറിവേറ്റലയുമാത്മാക്കളുടെ -
വേദന ഹൃദയത്തിലേറ്റുവാങ്ങി ,
ശ്വാസം മുട്ടേയുച്ചത്തിൽ കുറുങ്ങണം.
ചിതയുടെ ചാരവും പുകയുമേറ്റ്-
തൂവെള്ള ചിറകുകൾ കറുപ്പിക്കണം .
ആൾക്കൂട്ടത്തിനിടയിലാരും -
ശ്രദ്ധിക്കാതെ വിഹരിക്കണം.
ഹൃദയം നുറുങ്ങും വ്യഥയും -
കാഴ്ച മറയും കണ്ണുനീരും
തീർക്കും മായിക മറയ്ക്കപ്പുറം-
ചിറകു വിടർത്തിപ്പാറണം,
മനസ്സു തുറന്നു കരയണം...

By: 
Rahul Nirgu Nan

ഭ്രാന്ത്‌.


ആർത്തു ചിരിച്ചു. അതിരുകളില്ലാതെ..
വേദന ഒട്ടുമില്ലാതെ,
വിങ്ങി പൊട്ടലില്ലാതെ ,വെറുപ്പ്‌ , 
ലവലേശമില്ലാതെ,, പൊട്ടിചിരിച്ചു......
അഴികളിൽ അടക്കപെട്ട......അന്തേവാസി
കാണുന്നവർക്ക്‌ അരോചകം'..പേർ
ഭ്രാന്താശുപത്രി...തുണയായ്‌
ഭ്രാന്തന്മാർ വേറെയും...ചിലർ..ചിരിക്കുന്നു.മൂലയിൽ..
വൈരുദ്ധ്യാത്മക ചിന്തയിൽ...മുടിവളർന്നു
താടി രോമവും നീണ്ടു...മുദ്രകുത്തി.......
ഭ്രാന്തനെന്ന്........
അലസമായ്‌ നടന്നു നീങ്ങിയൻ ...കൈ
പിടിച്ചു കെട്ടി , വണ്ടിയിൽ കയറ്റിഭദ്രമായ്‌ ..
നിക്ഷേപിച്ചു ..എണ്ണം തികയ്കാൻ ........:
ഏകനല്ല ,ഏകാധിപതി അല്ല , .............:
നാലുപാടും ബന്ധനം...മുറവിളി .ചിരിയിൽ
ലഹരി നുണഞ്ഞില്ല, ലഹള തീർത്തില്ല
നേരു പറഞ്ഞു....... നാലാളുള്ളിടത്ത്‌,,
നാണക്കേട്‌ പലർക്കും:.................
മാനക്കേടില്ലാത്ത .....മോഹങ്ങളില്ലാത്ത
മോക്ഷമില്ലാത്ത...............
നഗ്നതക്ക്‌ വിലക്കില്ല....നാവുകൾക്കും
നാരികളെ നോക്കണ്ട.....::
നാലുപാടും നോക്കി നട്ടം തിരിയണ്ട.......
നാറാണത്തു ഭ്രാന്തനെ ,ഭ്രാന്തനായ്‌..
കണ്ടവർ....പേപ്പട്ടി കടിച്ചവനെ ,കണ്ടവർ..
പേപ്പട്ടിയെ കോല്ലാതെ, കടിച്ചവനെ...
കൊല്ലുന്നവൻ....പേയുള്ളവൻ
അകകണ്ണു കാണുന്നു ഭ്രാന്താലയത്തിൽ..
അകപെട്ടവൻ.........അതിരുകൾക്കുള്ളിൽ..
അകലുന്ന ലോകം ....അതിർത്തികൾ
കാക്കുന്നു....അതാണിവിടെ ഭ്രാന്ത്‌......
By: 
Shamsu Pooma

പൈങ്കിളി


പ്രിയപ്പെട്ട കാറ്റേ… 
എന്നു പറഞ്ഞാൽ നിന്റെ മന്ദമായ തഴുകൽ എനിക്ക് ഒരു പാട് പ്രിയപ്പെട്ടതാണ്. ഇന്നും ഈ വൈകുന്നേരം എന്നെ വന്നു തഴുകിയ നിന്റെ കൈകളിൽ ഞാൻ വളരെ വിലപ്പെട്ട ഒരു സംഗതി വിശ്വസിച്ച് തന്നയക്കുകയാണ്. അത് മറ്റൊന്നും അല്ല; ഒരു ചുംബനം. എവിടെങ്കിലും ഒരിടത്ത്, ഒരു പക്ഷേ ഞാൻ അറിയാത്ത ഒരു നാട്ടിൽ, നിന്റെ വരവും കാത്ത് മന്ദമായ ആ തഴുകലിനു വേണ്ടി എന്റെ പ്രണയിനി കാത്തു നിൽക്കുന്നുണ്ടാവും. പ്രിയ കാറ്റേ, എന്റെ ജനനത്തിനും ഒരു പാട് നാൾ മുൻപേ തന്നെ നീ ഇവിടെ ഉണ്ടായിരുന്നു. നിനക്ക് ഒരന്ത്യമുണ്ടാവില്ല എന്നും ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്നെ അപേക്ഷിച്ച് ജീവിതത്തെക്കുറിച്ച് ഒരുപാട് അറിവും അനുഭവസമ്പത്തും ഉള്ളവനാണ് നീ. ഈ പ്രപഞ്ചത്തെക്കുറിച്ച് നിനക്കുള്ളതിന്റെ ആയിരത്തിൽ ഒരംശം പോലും അറിവു എനിക്കില്ല എന്നു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ നിന്നെ ഞാൻ വളരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇതുപോലൊരു വൈകുന്നേരം വീണ്ടും നമ്മൾ കണ്ടുമുട്ടിയേക്കാം; അന്ന് നീ വരുമ്പോൾ എന്റെ അജ്ഞാത സുന്ദരി എനിക്കായി നിന്റെ കൈയിൽ തന്നയച്ച ചുംബനവും അവളുടെ സുഗന്ധവും പ്രതിക്ഷിച്ച് ഞാൻ ഇരിക്കുന്നുണ്ടാവും. എത്രയും വേഗം നീ മടങ്ങി വരും എന്ന പ്രതീക്ഷയോടെ…..!

By: Fredin Abraham

പ്രണയബന്ധം


ഞാൻ കുറച്ചു നാളുകൾക്ക് മുന്നേ എഴുതിയതാണ്.. പിന്നീട് പല ഗ്രൂപ്പുകളിലും പലരുടെയും പേരിൽ വന്ന പോസ്റ്റ് ആണ്....
അങനെ 5 വർഷത്തെ പ്രണയബന്ധം ഇന്ന് ഇവിടെ അവസാനിച്ചു..എന്തായാലും നമ്മൾ ഇനി ഒന്നിക്കില്ല നമ്മൾക്ക് ഒരേ ടേസ്റ്റ് അല്ല ഒരേ ജാതി അല്ല പിന്നെ എന്റെ വീട്ടുകാരെ പിരിഞ്ഞു നിന്റെ കൂടെ എനിക്ക് വരാൻ കഴിയില്ല.. എങ്ങനെ ഉള്ള ഈ ബന്ധം തുടർന്ന് പോകുന്നതിൽ അർത്ഥമില്ല.
അതായിരുന്നു അവളുമായുള്ള അവസാന സംസാരം...ഇത്ര കേട്ടപ്പോൾ സങ്കടം ഒത്തിരി തോന്നിയെങ്കിലും അവളോട് ഒരു ബഹുമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്..
ഇത്ര കാലം സ്നേഹിച്ചു വളർത്തിയ അച്ഛനെയും അമ്മയെയും വീട്ടുകാരെയും കളഞ്ഞു വരാൻ കഴിയില്ല എന്ന് പറഞ്ഞ അവളോട്..
പിന്നെ എന്റെ ഒരു ഫ്രണ്ട് വഴിയാണ് അവൾക്ക് ഒരു അഫയർ ഉണ്ടെന്നു ഞാൻ അറിഞ്ഞത്..കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല..
അത് അങ്ങനെ ആണ്.. നമ്മളെ സ്നേഹിക്കുന്നവരെ കുറിച്ച് മറ്റുള്ളവർ എന്ത് പറഞ്ഞാലും മനസ്സത് വിശ്വസിക്കില്ല...
അങ്ങനെ അവൻ പറഞ്ഞതനുസരിച്ചു അവരെ രണ്ടു പേരെയും ഞാൻ നേരിട്ട് കണ്ടു.. കണ്ടപ്പോൾ നെഞ്ചിൽ ഒരു വെള്ളിയിടി വെട്ടിയെങ്കിലും ഞാൻ പോയി അവളോട് സംസാരിച്ചു.. അവനെയും പരിചയപ്പെട്ടു..
എന്നെ കണ്ടതും അവളുടെ മുഖം ഒന്ന് വിളറി വെളുത്തിരുന്നു.. ഞാൻ ഇനി അവനോടു വല്ലതും പറയുമോ എന്നൊരു പേടി കാരണമാകാം..
പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഉണ്ടന്നു തോന്നിയില്ല...സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുക്കുന്നു...
ഞങൾ കുറെ സ്വപ്നം കണ്ടിരുന്നു ഒരു ചെറിയ വീട് കുട്ടികൾ അങ്ങനെ ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ.. അതെല്ലാംതല്ലി തകർത്തപ്പോൾ എനിക്ക് സഹിച്ചില്ല അത് സത്യമാണ് .
ഓരോന്നോർത്ത് ഉറക്കം വരാത്ത ഒത്തിരി രാത്രികൾ ഉണ്ടായിരുന്നു.. ഓരോന്ന് ആലോചിച്ചാൽ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു ഒഴുകുമായിരുന്നു...
പക്ഷെ എന്നെ വേണ്ടാത്ത അവളോട് കൂടെ നിൽക്കണം എന്ന് പറഞ്ഞു ഞാൻ പുറകെ പോയില്ല.. അവൾക് പകരം വേറെ ഒരുത്തിയെ ഞാൻ തിരഞ്ഞതുമില്ല.. മനസ്സിൽ കള്ളം ഇല്ലാതെ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ് അത് കൊണ്ടാകാം ഇത്രയും ബുദ്ധിമുട്ടും..
പക്ഷെ എന്തിനും എനിക്ക് താങ്ങായി നിന്ന കുറച്ചു നല്ല കൂട്ടുകാരും എന്റെ കുടുംബത്തിനെക്കാളും വലുതല്ലായിരുന്നു അവൾ..
അവളെ ഓർത്തു ഞാൻ കുടിച്ചില്ല, വലിച്ചില്ല വേറെ ഒരു പെണ്ണിനോട് അവളോടുള്ള വാശി തീർത്തില്ല... എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട..
ജീവിതത്തിൽ ചിലർ വരുന്നതും ചിലർ പോകുന്നതും ജീവിതത്തിനു ഒരു അർഥം വരുത്താനാണ്.. നമ്മൾ നമ്മുടെ വഴിയിൽ അല്ല പോകുന്നതെങ്കിൽ ദൈവം വഴി കാണിച്ചു തരാൻ ചിലരെ അയക്കും..
അവർ നമുക്ക് ഒരു നല്ല അനുഭവം സമ്മാനിച്ച് അകന്നു പോകും.. അവർ തന്ന ആ അനുഭവങ്ങൾ ജീവിത യാത്രയിൽ ഇനി ഒരു തിരിച്ചടി ഇല്ലാതെ നമ്മളെ മുന്നോട്ട് പോകാൻ സഹായിക്കും...
പിന്നീട് ഒരിക്കൽ അവളുടെ കോൾ വന്നു എടുത്തു സംസാരിച്ചപ്പോൾ അവൾ എല്ലാം ഏറ്റു പറഞ്ഞു 'എന്നോട് ക്ഷമിക്കണം എന്നെ ശപിക്കരുത് തെറ്റ് പറ്റി പോയി.. എനിക്ക് എന്നും നീ വേണം നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല 'എന്നൊക്കെ പറഞ്ഞു..
ഞാൻ അവളോട് ഇത്ര മാത്രമേ പറഞ്ഞുള്ളൂ 'ഞാൻ ഒരു സാദാരണ മനുഷ്യനാണ്.. ചെറിയ ചെറിയ തെറ്റുകൾ ചെയ്യുന്നവൻ, മഹാത്മാ ഗാന്ധി അല്ല.. എല്ലാം ക്ഷമിക്കാനും പൊറുക്കാനും. ചിലതു എനിക്ക് ക്ഷമിക്കാനും പൊറുക്കാനും കഴിയില്ല.. '
എനിക്ക് നിന്നോടുള്ള പ്രണയം നിന്നോടുള്ള വിശ്വാസം ആണ്.. നീ ആ വിശ്വാസം തകർത്തപ്പോൾ എനിക്ക് നഷ്ടമായത് നിന്നോടുള്ള പ്രണയം കൂടി ആണ്.. പിന്നെ ഓർക്കാൻ ബാക്കി ഉള്ളത് കുറച്ച് നല്ല നിമിഷങ്ങൾ മാത്രം ആണ്.. അവ ഞാൻ ഓർക്കുന്നു സ്നേഹിക്കുന്നു.. ഒത്തിരി നന്ദിയുണ്ട് എന്നെ ഞാൻ ആക്കിയതിന്...
Sajith_Vasudevan(ഉണ്ണി..)

ഇനിയെനിക്കെഴുതണം....


തളരാതെ താങ്ങിയൊരമ്മയെയെഴുതണം
സ്നേഹനിധിയേകിയൊരച്ഛനെയെഴുതണം
പരിണയിച്ച പ്രിയന്റെ പ്രണയത്തെയെഴുതണം 
പൂർണ്ണതയേകിയ പുണ്യങ്ങളെയെഴുതണം
ഉടഞ്ഞ സ്വപ്നങ്ങളെ വീണ്ടുമുടച്ചെഴുതണം
നിറഞ്ഞ മിഴികളിലെ നൊമ്പരമെഴുതണം
ചിതറിയ ചിന്തകളെ പുതുക്കിയെഴുതണം
ചടുലതയാർന്നൊരു ചരിത്രമെഴുതണം
തെരുവിന്റെ മക്കളുടെ തേടലുകളെഴുതണം
വിശന്ന വയറിന്റെ വേദനകളെഴുതണം
ഉദിച്ചുയർന്ന സൂര്യന്റെ ഉഷ്ണത്തെയെഴുതണം
കൊഴിഞ്ഞ പൂവിന്റെ കദനങ്ങളെഴുതണം
നീലരാവിന്റെ നീലിമയെയെഴുതണം
മനംമയക്കും മഴയുടെ മനോഹാരിതയെഴുതണം
എഴുതാൻ മറന്നൊരു കവിതകൾ എഴുതണം
എരിഞ്ഞുതീരും മുൻപേ എഴുതി തീർക്കണം...
***സൗമ്യ സച്ചിൻ***

വസുധ


വിശ്വമനോഹരി വസുധേ 
ചാരുരുപിണി സർവo സഹേ 
സലില സരസ്സുകളിൽ നീലോല്പലങ്ങൾ ,
ചാമരം വീശുകയല്ലോ ,നിനക്കു -
ചമയങ്ങളൊരുക്കുകയല്ലോ ..............(വിശ്വ .......... )
ചന്ദനഗന്ധിയാം നിർത്ധരി കൾനിന്റെ
പല്ലവ പാദങ്ങൾ തഴുകുന്നു
നിലാച്ചെപ്പു തുറന്നു നിൻമുടി യലങ്കരിക്കുന്നു
രജനിയു മുടുക്കളു ,മമ്പിളിയും(വിശ്വ ......)
സാഗരകന്യക,യൂടും പാവുമിട്ട
രമ്യ ദൂകുലമിന്നു നീ യണിയും
കാവ്യകുലപതികൾ നിനക്കായ് വിരചിച്ച
സ്‌നേഹോപഹാരങ്ങൾ നിനക്കു നൽകും .........
വസുധേ ,ഋതു ശോഭ ചൂടും വസു ന്ധരേ


By: 
Varghese Kurathikadu

ഷോർട്ട് ഫിലിം


സമകാലിക പ്രസക്തിയുളള, ഗൾഫ് നാടുകളിൽ ചിത്രികരിക്കാൻ സാധിക്കുന്ന ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ പോവുന്നു.ശക്തമായ തിരക്കഥയുള്ള നമ്മുടെ ഗ്രൂപ്പിലുള്ളവർ എന്നെ ബന്ധപ്പെടുക.

Contact:
Vibheesh Tikkodi

ശ്വാന രാജ്യം


പെറ്റു കൂട്ടി
പെരുമ കാട്ടി
പേവിഷത്തുള്ളി
ഇറ്റു വീഴ്ത്തി
മുറുമുറുത്തെൻ നേർക്കീ
ശ്വാന ഗർവ്വിൻ
നഖമുനകൾക്കിനി
ചോര തൊട്ടു രസിക്കാം
നീതി - നിയമ
പുതപ്പിലൊളിച്ച്
ശ്വാന രാജ്യത്തെരുവിലെന്നും
മർത്ത്യമാം സമറുത്തു വിൽക്കാം
വോട്ടവകാശത്തിനായ്
നായകളേ.....
വരും കാലം
കുരച്ചു കൊണ്ടീ,
ശ്വാന മഹാജാഥ നയിക്കാം...!!
ഗോപകുമാർ കൈമൾ

നടനശിവം


എന്നെക്കൂടി വിളിക്കുന്നൂ നീ
കണ്ണിൽ കാഞ്ചന ജ്വലനങ്ങൾ
ചന്ദനമുടലിലകംപുറപുളകം
കൊള്ളുംതണുവുന്മാദങ്ങൾ....
നിൻചലനത്തിലനാവൃതമാകും
ഗന്ധമരന്ദ വികാരങ്ങൾ
മുകിലുപറഞ്ഞൊരു പ്രണയം,
കവിതാവചനം പെയ്തനിലാവലകൾ
ശിശിരതുഷാരാലിംഗന ശീതള
വിരിവിൽ വിടർന്നൊരു വെൺപൂക്കൾ
ചായമൊഴിച്ചുകളഞ്ഞൊരു സന്ധ്യേകാന്തവിശേഷ-വിചാരങ്ങൾ...!!!
മുദ്രിതമുദിതതരംഗം മദഭര
രുദ്രകുതൂഹല നടനങ്ങൾ
ചുറ്റഴിയുന്ന മുടിച്ചുരുളിൽ കല
പറ്റിഴയും കരിനാഗങ്ങൾ....
ചുംബനമൃദുദലസഞ്ചിതമുദ്രാ-
രംഭമിണങ്ങിയൊരധരങ്ങൾ
നിറകണ്ണുകളിലരങ്ങു തിമർക്കും
ഗുണിതാന്വയ രസവാഹിനികൾ...
മന്ത്രമഹാധ്വനിനിലയം നിദ്രാ-
സഞ്ചിതമൗനസമാധികളിൽ
മന്ത്രണമാകുമൊരോംകാരത്തിൻ
തന്ത്രികൾ സാമസമാചാരം....
ഉഷ്ണാന്തരമൊരു കുളിരായ്
നടനം, പക്ഷാന്തരമൊരു വിപിനത്തിൽ
നർത്തനമാടിയുലഞ്ഞു- ജ്വലിപ്പൂ
സർഗ്ഗാത്മകമൊരു നടനശിവം...!!!
---------------------------
അനുഭൂതി

ശൃംഗാരപ്പദം



കഥകളിപ്പദമായി നീയെൻ കളിത്തട്ടു
ഘനനീല രാത്രിയിൽ കർണ്ണമെത്തി.
കേളികൊട്ടോടെയുണർത്തി നീയിന്നെന്റെ
കേളീവിലാസ നികുഞ്ചപർവ്വം.
മദ്ദളം ചെണ്ടയും ചേങ്ങിലത്താളവും
മേളപ്പദം തീർത്തു ഹൃദയതാളം.
കൂർത്ത നഖവിരൽ വിറളിപിടിച്ചൊരു
തിരശീലനോട്ടം തിരിഞ്ഞുനോട്ടം.
പച്ച കരി കത്തി താടിയും മോടിയിൽ
ശൃംഗാരപ്പദമാടിയൊപ്പമായി.
ആട്ടവിളക്കിന്റെ തിരികൾ കെടാതൊരു
കരിനീല കണ്ണിമ നാളമായി.
നീ ചുട്ടി കുത്തുന്ന മനയോല പോലുമെൻ
മനതാരിളക്കുന്ന സൗഗന്ധികം.
കൃഷ്ണനാട്ടം പിന്നെ രാമനാട്ടം
എന്റെ കരളു പറിക്കുന്ന കേളിയാട്ടം.
നീ കോറി വയ്ക്കുന്ന വരികളിൽ വിരിയുന്നു
സോപാനഗീതമിടയ്ക്കയൊപ്പം.
ഇരയിമ്മനൊഴുകുന്ന വരികളായ്‌ തിരയുന്നു
ശൃംഗാര പദമായൊരാത്മഹർഷം.
മുരളീകൃഷ്ണൻ

അതവളായിരുന്നു


അന്നവർ വലിച്ച കഞ്ചാവിന് ചോരയുടെ മണമായിരുന്നു ...
പതിവ് പോലെ അന്നും അവർ നാലു പേരും ക്ലാസ് കട്ട് ചെയ്താണ് മറൈൻ ഡ്രൈവിൽ എത്തിയത് വിപിനാണ് അവരുടെ ഗ്യാങ് ലീഡർ അല്ലെങ്കിലും ലീഡർ ആവാൻ യോഗ്യൻ വിപിൻ തന്നെയാ ..കൂട്ടത്തിൽ സിക്സ് പാക് ബോഡിയും റോയൽ എൻഫീൽഡ് ബുള്ളറ്റും ക്രെഡിറ്റ് കാർഡും ഐ ഫോണും ഒക്കെ ഉള്ളത് അവന്റെ അടുത്തല്ലേ പോരാത്തതിന് അവന്റ അച്ഛനും അമ്മയും ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗ്യസ്ഥരും...ബൈക്ക്‌കൾ ഒതുക്കി നിർത്തി അവർ മറൈൻ ഡ്രൈവിലെ അവരുടെ സ്ഥിരം സ്പോട്ടിൽ വന്നിരുന്നു ....ഇരുന്ന ഉടനെ തന്നെ വിപിൻ...മച്ചാനെ പൊതിയെടുക്... കൂട്ടത്തിലെ ഒരു ബ്രോ തന്റെ പേഴ്സിൽ ഭദ്രമായി വച്ചിരുന്ന ഒരു ചെറിയ പൊതിയെടുത്തു നീട്ടി വിപിൻ ആ പൊതിയിലെ ഉണങ്ങിയ ഇല പൊടി കയ്യിൽ കരുതിയിരുന്ന സിഗരറ്റിൽ തെരച്ചു കയറ്റി ഒറ്റ നോട്ടത്തിൽ മനസ്സിലാവും മച്ചാൻ ഇതിലൊരു എക്സ്പെർട് ആണെന്ന് ....
ഓരോരുത്തരായി ക്രമത്തിൽ ഓരോ പഫ് എടുത്തിരിക്കുന്നതിനിടയിൽ ...അച്ഛനെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കിയതും അടുത്ത വീട്ടിൽ ഒളിഞ്ഞു നോക്കാൻ പോയതും ക്ലാസ് എടുത്തോണ്ടിരിക്കുമ്പോൾ ടീച്ചറെ ഫോട്ടോ എടുത്തതും രാത്രി ലവ്റേ വിളിച്ചു ശ്രിങ്കരിച്ചതും മഴയത്തു ഗ്രൗണ്ടിൽ തെന്നി വീണ പെൺകുട്ടിയുടെ പാവാട പൊങ്ങിയതും ഒക്കെ അല്പം മസാല കൂട്ടീ ചർച്ച ചെയ്യും അതാണ് പതിവ് ,,
അപ്പോൾ സമയം 4 മണി, വിപിൻ പെട്ടന്ന് എഴുനേറ്റു പറഞ്ഞു ഞാൻ പോവാ സ്കൂൾ വിടാൻ ടൈം ആയി അവളെ കാണണം കഞ്ചാവ് തലക്കു പിടിച്ചെന്നോണം കൂട്ടത്തിലെ ഒരു ബ്രോ പറഞ്ഞു എനിക്കും കാണണം നിന്റെ പെണ്ണിനെ ..വേണ്ട നീ ഇപ്പൊ വന്ന ശരിയാവില്ല നിനക്ക് പിന്നെ കാണാം വിപിൻ വിലക്കി വേണ്ട എനിക്ക് ഇപ്പൊ കാണണം അവൻ വാശിപിടിച്ചു കൂട്ടത്തിലെ മറ്റു രണ്ടും പേരും അതു ഏറ്റു പിടിക്കാൻ അധികം താമസിച്ചില്ല അവസാനം വിപിൻ പറഞ്ഞു നാളെ റിപ്പബ്ലിക്ക് ഡേ അല്ലെ നാളെ ക്ലാസ് ഒന്നും ഉണ്ടാവില്ലലോ ഞാൻ അവളെ എങ്ങനേലും ഇവിടെ കൂട്ടീ കൊണ്ട് വരാം നിങ്ങൾ ഇവിടെ വന്നു കണ്ടോ ..വേണേൽ എന്തേലും ഒക്കെ സംസാരിക്ക്യം ചെയ്യാം ഹാ പിന്നെ പച്ചക്കു വേണം വരാൻ വിപിൻ മൂവരെയും താകീത് ചെയ്തു ആ ഉറപ്പിന്മേൽ അവർ അന്നത്തെ മീറ്റിംഗ് പിരിച്ചു വിട്ടു ..
അന്നവൾ പതിവിലും ഒരുങ്ങി രാവിലെ വീട്ടിൽ നിന്നറങ്ങിയപ്പോൾ 'അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു ഉച്ചക്ക് മുന്നേ സ്കൂളിലെന്നു വരില്ലേ ..ഇല്ലേൽ ചോറ് പാത്രത്തിൽ ആക്കി തരാം.. വേണ്ട ചെലപ്പോ ഇന്ന് ഒരു കൂട്ടുകാരിയുടെ വീട്ടിൽപോകും അവിടെന്നു കഴിച്ചോളും എന്നും പറഞ്ഞ അവൾ വേഗത്തിൽ ഇറങ്ങി തെങ്ങിൽ നിന്ന് വീണു പരിക്ക് പറ്റിയ അച്ഛന് കോലായിലെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു അച്ഛനോട് ഞാൻ പോവാ..ന്നു അവൾ പോണ പോക്കിൽ വിളിച്ചു പറഞ്ഞു ..വഴിയിൽ കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞനിയനെ നോക്കി വീട്ടിൽ പോടാ ..ഈ മണ്ണിൽ ഇങ്ങനെ കളിച്ചാൽ വല്ല അസുഗോം പിടിക്കും എന്ന് ശകാരിച്ചു കൊണ്ട് അവൾ തിടുക്കത്തിൽ നടന്നു ..
മെയിൻ റോഡിൽ അവളെ കാത്തു വിപിൻ കാറുമായി നില്പുണ്ടായിരുന്നു ..തെല്ലും മടിക്കാതെ അവൾ ആ കാറിൽ കയറി ..അവൾ + 2 നു പഠിക്കണ വല്യ കുട്ടിയല്ലേ അതോണ്ടായിരിക്കാം അല്ലേൽ വിപിനെ അവൾക്കു അത്രക് വിശ്വാസം ഉണ്ടായിരിക്കണം ..
തലേന്ന് പറഞ്ഞു ഉറപ്പിച്ചപ്രകാരം ആദ്യം പോയത് സിനിമ കാണാൻ ആണ് ശേഷം നഗരത്തിലെ മുന്തിയ ഹോട്ടലിൽ നിന്നും ഭക്ഷണം ഓരോയിടത്തും യാതൊരു മടിയും കൂടാതെ അവൾ അവനെ അനുഗമിച്ചു ..തിരിച്ചു അവൻ സ്നേഹവാക്കുകൾ ഇടമുറിയാതെ എടുത്തെറിയുന്നതായിരുന്നു അതോണ്ടായിരിക്കാം ..അവസാനം അവർ മറൈൻ ഡ്രൈവിലേക്കു തിരിച്ചു നട്ടുച്ച ആയതോണ്ടായിരിക്കാം അവിടെ എങ്ങും ആരും തന്നെയില്ലായിരുന്നു അല്ലെങ്കിലും അവർ മറൈൻ ഡ്രൈവിലെ കാറ്റ് കൊള്ളാൻ ഇറങ്ങിയതല്ലല്ലോ ..മച്ചാനെ ..നിങ്ങ എവിടെ ഞങ്ങൾ ഇവിടെ എത്തിട്ടോ വിപിൻ ഫോൺലൂടെ പറയുന്നു ..ഓഹോ അവിടെയുണ്ടോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു അവളെയും കൂട്ടീ നേരെ നടന്നു ..അവരുടെ സ്ഥിരം സ്പോട്ടിൽ മൂന്നു പേര് ഇരിക്കുന്നത് ദൂരേന്നു തന്നെ കാണാം ...വിപിൻ അവളോട് പറഞ്ഞു എന്റെ ഫ്രണ്ട്സാ അത് വാ അവിടേക്കു പോകാം ...
അവിടെയെത്തിയതും മൂന്ന് പേരും മച്ചാനെ ..എന്ന് വിളിച്ചു വിപിനെ കെട്ടിപിടിച്ചു അവൾക്കു ഷേക്ക് ഹാൻഡ് കൊടുത്തു ചിരി നിർത്താതെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ....വലിച്ചു കേറ്റിറ്റുണ്ടല്ലേ വിപിൻ അവൾ കേൾക്കാതെ അവരോടു ചൂടായി ..അവരുടെ ഒരു പെരുമാറ്റത്തിലും അവൾക്കു പരിഭവം ഒന്നും തോന്നിയില്ലാ..അല്ലെങ്കിലും സത്യമുള്ള സ്നേഹത്തിൽ പരിഭവിക്കാൻ എന്തിരിക്കുന്നു എന്നായിരിക്കാം അവളുടെ മനസ്സിൽ ..ഇടയിൽ ഒരു ബ്രോ മൊബൈലിൽ ഫോട്ടോസ് നിർത്താതെ എടുക്കുന്നുണ്ടിയിരുന്നു ..ഒരു ബ്രോ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ...അതിന്റെ മണം അസ്വസ്ഥമാക്കിയതോണ്ടായിരിക്കാം വിപിൻ ഒരു പഫ് ചോദിച്ചു വാങ്ങി അല്ലെങ്കിലും അവൾക്കു അറിയാം ഇടക്ക് ഞാൻ സിഗരറ്റ് വലിക്കുമെന്നു എന്നാലും അവൾ പറഞ്ഞു ഇതൊന്നും എനിക്കിഷ്ടല്ല എന്ന് അറിഞ്ഞൂടെ എന്നെ വേഗം കൊണ്ടാക്കിയേക്ക് ..നീ കുറച്ചു നേരം കടൽ അവിടെ പോയി കടൽ കണ്ടിരിക്ക് ഞാൻ ഇപ്പൊ വന്നോളാം എന്ന് പറഞ്ഞു വിപിൻ അവളെ കുറച്ചു ദൂരം മാറ്റി നിർത്തി ..
ഇവിടെ സിഗരെറ്റ് വീണ്ടും കത്തിക്കുന്നു ...ഒരു ഒത്തു മിനിറ്റു ആയി കാണും അവൾ അല്പം ഗൗരവത്തോടെ വന്നു നിങ്ങൾ ഇത് സിഗരറ്റ് വലിക്കുന്നത് കാണാൻ കൊണ്ടുവന്നതാണോ എന്നെ ..എല്ലാരേയും പരിചയപെട്ടില്ലേ ഇനി എന്നെ കൊണ്ട് വിട്ടേക് അവൾ പറഞ്ഞ തീർന്നതും വിപിൻ അവളെ പിടിച്ചു അവന്റെ അരികിലിരുത്തി അല്പം ദേഷ്യത്തോടെ അവൾ അവനെ തട്ടിമാറ്റി എണീക്കാൻ ശ്രമിച്ചു എന്നാൽ അപ്പോഴേക്കും അവന്റെ "ചങ്കു ബ്രോസ് " അവളെ കീഴ്പ്പെടിത്തിയിരുന്നു ....
പിറ്റേന്ന് രാവിലെ അവൾ പതിവിലും നേരത്തെ എണീറ്റു..അടുക്കളയിൽ അമ്മയോട് വാ തോരാതെ ഓരോന്ന് സംസാരിച്ചു ..കുളിച്ചു വന്ന അച്ഛന്റെ തല തോർത്തി കൊടുത്തു കുഞ്ഞനിയന് കെട്ടിപിടിച്ചു മുത്തം കൊടുത്തു ...സ്കൂളിലേക്കു ഇറങ്ങി ...
മൂന്നാം ദിവസം അതെ മറൈൻഡ്രൈവിൽ ഒരു ശവം കരക്കടിഞ്ഞു ..."അതവളായിരുന്നു"

By: 
Näbëëł K Lêêbãñs

കാത്തിരിപ്പുകൾ


പ്രതീക്ഷകളുടെ കാത്തിരിപ്പിൽ ആണ് എന്നും ജീവിതം. ..
നിയോൺ ബൾബുകളുടെ മഞ്ഞ വെളിച്ചത്തിൽ ,കൂറ്റൻ പരസൃബോർഡുകളുമായി ആൾത്തിരക്കിൽ നഗരം ആർക്കോവേണ്ടി കാത്തിരിക്കുകയാണ്...
മുൻപേ നടന്നു പോയവരുടെ കാല്പാടുകൾ പതിഞ്ഞ ഗ്രാമപാത തിരികെ വരുവാൻ കാത്തിരിക്കുന്നു. .
തളർന്ന കണ്ണുകൾ നീട്ടി തെരുവോരത്ത് പുതിയ നാണയങ്ങൾക്കായി കാത്തിരിക്കുകയാണ് ആ വൃദ്ധൻ. .
വിശക്കുന്ന വയറുകളാറ്റാൻ ചുണ്ടിൽ പുഞ്ചിരികൊളുത്തി തെരുവ് വേശൃ കാത്തു നിൽക്കുകയാണ്...
വാഝലൃത്തോടെ ..കൗതുകത്തോടെ പുസ്തകച്ചുമടുമായി പാടം മുറിച്ചു വരുന്ന കുഞ്ഞോമനയെ കാത്തു നിൽക്കുന്ന അമ്മ. ..
സ്നേഹത്തോടെ പരിഭവങ്ങളോടെ ഭാരൃ കാത്തുനിൽക്കുന്നു...
പുതിയ സമ്മാനപൊതിയ്ക്കായി മക്കൾ കാത്തിരിക്കുന്നു. ..
യാത്രകൾക്കായി ..
ഒരു നോക്ക് കാണുവാനായി..
ചുംബനങ്ങൾക്കായി...കാത്തിരിക്കുന്നു നമ്മൾ. ..
സുഖങ്ങളുടെ..ദു:ഖങ്ങളുടെ...നിരാശയുടെ ..പ്രണയത്തിന്റെ കാത്തിരിപ്പുകൾ. ....
ഇന്നലെകളുടെ സതൃങ്ങൾ മുറുകെ പിടിച്ച് പാതി തുറന്നിട്ട ജനാലയിലൂടെ ഞാനും കാത്തിരിക്കുന്നു... പ്രതീക്ഷകളോടെ...
........പ്രേം .....

ഭാർഗവി റാണി


ഇന്ന് രാവിലെ ഞാൻ മരിച്ചു..
ഡോക്ടർ അങ്കിൾ വല്യച്ചനോട് "കുട്ടിയുടെ ഉള്ളിൽ ചെന്ന വിഷം കോളായിൽ കലക്കിയാണ് കൊടുത്തത്..അതുകൊണ്ടു വിഷം കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചതിനാൽ ഞങ്ങൾക്ക് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല " എന്ന് പറയുമ്പോൾ ഞാൻ അവരുടെ തൊട്ടടുത്ത് നില്പുണ്ടായിരുന്നു.
കിടക്കയിൽ വെള്ളത്തുണിയിൽ മൂടിപുതച്ച എന്നെ ആരൊക്കെയോ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്..പക്ഷെ എന്റമ്മയെ കാണുന്നില്ല ഇവിടെങ്ങും..ഞാൻ ഉള്ളിലേക്ക് കയറി..അതാ ഐ സി യു വിനുള്ളിലുണ്ട് എന്റമ്മ..
മൊത്തം വയറുകളൊക്കെ ചുറ്റി വരിഞ്ഞിരിക്കുന്നു..ശ്വാസമുണ്ട് ..ഞാൻ അമ്മയുടെ കാൽക്കൽ നിന്നു..അമ്മയുടെ കാലിനിടയിൽ രക്തം ഉണങ്ങിപ്പിടിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഞാൻ ഛർദിച്ച രക്തം..
ഇരുട്ടിലേക്ക് ഉറങ്ങിവീഴുമ്പോൾ 'അമ്മ എന്നെ വാരിയെടുത്തു."പൊന്നുമോളെ.ക്ഷമിക്കണെ". എന്ന് പറഞ്ഞതാണ് അവസാനമായി കേട്ടത് ഞാൻ ..പിന്നെ ഇരുട്ടായിരുന്നു ..രാവിലെ വരെ..
ഇപ്പോൾ എല്ലാം വെളിച്ചമാണ്..എല്ലാം അറിയാം..
പക്ഷെ എനിക്കും അവർക്കുമിടയിൽ ഇരുട്ടാണ്.
എനിക്ക് മാത്രം കാണാൻ കഴിയുന്ന ഇരുട്ട്..
ഇപ്പോൾ മോർച്ചറിയുടെ ഉള്ളിൽ എന്റെ കുഞ്ഞു
ശരീരം വെട്ടികീറുന്നുണ്ട്..പുറത്തു വല്യച്ചനും
കുറച്ചു നാട്ടുകാരും..അച്ഛൻ വന്നില്ലേ?
ഇല്ല..അച്ഛനെ എവിടെയും കാണുന്നില്ല.
പോലീസ് ഉള്ളതുകൊണ്ടാവാം..'അമ്മ മരണ മൊഴി കൊടുത്തിട്ടുണ്ടത്രെ."അച്ഛനാണ് ഞങ്ങളെ
കുടിപ്പിച്ചതെന്നു.".അതുകൊണ്ടു അച്ഛൻ ഒളിവിൽ പോയെന്നു വല്യച്ഛൻ പറയുന്നത് കേട്ടു..
ആംബുലൻസിൽ എന്നെയും കൊണ്ട് പോകയാണ് എല്ലാരും..എനിക്ക് കാണാം..
എന്റെ മുഖമൊക്കെ കരുവാളിച്ചിരിക്കുന്നു..കാല്പാദങ്ങളും
കൈപ്പത്തികളും നീലിച്ചിരിക്കുന്നു..
എന്റെ വീട്ടിൽ എന്റെ നാടുമൊത്തം എനിക്കായ്
കാത്തുനിൽക്കുന്നുണ്ടായിരുന്നു..പന്തലിൽ..
എന്റെ സ്‌കൂളിലെ മുഴുവൻ കുട്ടികളും ടീച്ചർമാരും വരിവരിയായി എന്നെ കണ്ടു നടന്നു നീങ്ങുന്നു.
ഇന്നലെ ഒരു റോസാപൂവിനു വേണ്ടി ഞാൻ പിണങ്ങിയ ഭവ്യയുടെ കയ്യിലാണ് ഏറ്റവും വലിയ റോസ്..വേണ്ടെന്നു പറഞ്ഞു അവൾക്കു തിരിച്ചു കൊടുക്കണം എന്നുണ്ട്..പക്ഷെ ആർക്കും എന്നെ കാണാൻ കഴിയുന്നില്ലാലോ..വല്ല്യമ്മ എന്റെ കുഞ്ഞോളെ എടുത്തുകൊണ്ടു വരുന്നുണ്ട്..അവളും
എന്നെ "ഇച്ചേച്ചീ "എന്ന് വിളിച്ചു തൊടുന്നുണ്ട് എനിക്കവളെ ഒന്നുകൂടി തൊടണായിരുന്നു..
ഇന്നലെ 'എന്നെ അമ്മ കൂട്ടികൊണ്ടു പോകുമ്പോൾ അവൾ ഉറങ്ങുകയായിരുന്നു.
എന്റെ അച്ഛൻ ഹിന്ദുവും 'അമ്മ മുസ്ലിമും ആണത്രേ..ഒരിക്കലും അച്ഛൻ ഞങ്ങളെ എടുക്കുകയോ സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തതായി എന്റെ ഓർമ്മയിലില്ല..അച്ഛൻ പണ്ട് നല്ല സ്നേഹമുള്ള
ആളായിരുന്നത്രെ..എന്നാൽ എനിക്കോർമ്മ വന്നകാലം മുതൽ എന്നും കുടിച്ചുവന്നു അടിയാണ് അമ്മയെ..
ഞങ്ങൾ തടുക്കാൻ ചെന്നാൽ കുഞ്ഞോളെ എടുത്തെറിയും..
അതുകൊണ്ടു ഞാൻ കുഞ്ഞോളേയും കൊണ്ട്
പറമ്പിൽ ഒളിച്ചിരിക്കും..അച്ഛൻ ഉറങ്ങുംവരെ.
അടുത്തൊന്നും വേറെ വീടില്ല പോകാൻ
ഇന്നലെ നന്ദുട്ടന്റെ പിറന്നാൾ ആയിരുന്നു..
'അമ്മ വന്നില്ല.എന്നെയും കുഞ്ഞോളെയും
മാത്രാണ് അയച്ചത്..വല്യച്ചനും വല്യമ്മയും
നന്ദുന്റെ വായിൽ കേക്ക് വച്ച് കൊടുക്കുമ്പോൾ
കുഞ്ഞോൾ എന്നോട് പറഞ്ഞു "നമ്മക്കും വാങ്ങണം ഇച്ചേച്ചി കേക്ക് "ഞങ്ങൾ രണ്ടാളും
തീരുമാനിച്ചതായിരുന്നു..കുഞ്ഞോളുടെ അടുത്ത പിറന്നാളിന് കേക്ക് വാങ്ങുമെന്ന്..'അമ്മ വയ്ക്കുന്ന പായസത്തിന്റെ കൂടെ കേക്കും മുറിക്കുമെന്നു..അതിനായ് ഞാൻ ഒളിപ്പിച്ച ചില്ലറ കുടുക്ക മാവിന്റെ ചോട്ടിൽ കുഴിച്ചിട്ടെന്ന് ആരാ പറയുക ഇനി അവളോട്..
രാത്രി പിറന്നാൾ ആഘോഷം കഴിയുമ്പോളേക്കും
കുഞ്ഞോൾ ഉറങ്ങിപ്പോയി.എന്നെയും നന്ദുട്ടനെയും വല്യമ്മ ഉറക്കാൻ കിടത്തിയിരുന്നു.
അപ്പോളാണ് 'അമ്മ ഓടിവന്നത്..എന്നെയും കുഞ്ഞോളെയും കൊണ്ടോവാൻ..അമ്മയുടെ
മുഖമൊക്കെ ചുവന്നു വീങ്ങിയിരുന്നു..ചുണ്ട്
പൊട്ടി ചോര വരുന്നുണ്ടായിരുന്നു..വല്യമ്മ
എന്തൊക്കെയോ ചോദിക്കുന്നുണ്ട്..'അമ്മ ഒന്നും
മിണ്ടാതെ കുഞ്ഞോളെ എടുക്കാൻ പോയി..
ഉറങ്ങിയ കൊച്ചിനെ എടുക്കണ്ടെന്നു വല്യച്ഛൻ പറഞ്ഞപ്പോൾ ..'അമ്മ ഒന്നും മിണ്ടാതെ എന്നെയും വലിച്ചു നടന്നു..
വീട്ടിൽ വന്നപ്പോ അച്ഛനെ എവിടെയും കണ്ടില്ല.
അതുകൊണ്ടു എനിക്ക് സന്തോഷായി..
അപ്പോളാണ് 'അമ്മ സ്പൂണിൽ എന്തോ തന്നത്.
"വല്ലാത്ത കയ്പ്പാ"എന്ന് പറഞ്ഞപ്പോൾ അതുമൊത്തം എന്റെ കയ്യിലുണ്ടായിരുന്ന കോളയുടെ കുപ്പിയിലേക്ക് ഒഴിച്ച് 'അമ്മ പകുതി കുടിച്ചു..ബാക്കി എന്റെ വായിൽ വച്ചു..ഞാനും
കുടിച്ചു..പിന്നെ 'അമ്മ എന്നെ എടുത്തു കിടക്കയിൽ കിടത്തി..എന്നെ കെട്ടിപ്പിടിച്ചു
കിടന്നു.കരയുന്ന അമ്മയേം കെട്ടിപിടിച്ചു
കിടന്നു ഞാൻ..കുറച്ചു നേരം.കണ്ണടഞ്ഞുപോയി
വല്യമ്മയുടെ നിലവിളി ആണ് എന്നെ ഉണർത്തിയത് ..ഞാൻ വല്യച്ഛന്റെ ചുമലിൽ ആയിരുന്നു..ഒന്നും ശരിക്കു കാണുന്നുമില്ല..കേൾക്കുന്നുമില്ല..ആരൊക്കെയോ ഓടുന്നു..വണ്ടി വരുന്നു..അമ്മയെയും എന്നെയും എടുത്തു വണ്ടിയിൽ കേറ്റുന്നു..പെട്ടന്നാണ് ഞാൻ ഛർദിച്ചു തുടങ്ങിയത്..പാതിബോധത്തിൽ അമ്മയെന്നെ മുറുക്കെപ്പിടിച്ചു..എന്റെ ഉടുപ്പിലൂടെ അമ്മയുടെ മടിയിലേക്കു ചോര ഒഴുകുന്നതും നോക്കികിടന്നെന്റെ കണ്ണടഞ്ഞുപോയി..
എന്റെ ശവം എടുക്കാറായി..അമ്മയും അച്ഛനും ഇല്ലാതെ ഒരു യാത്ര..എല്ലാരും അച്ഛനെ പ്രതീക്ഷിക്കുന്നുണ്ട്..പക്ഷെ റോഡിലൊക്കെ പോലീസായതുകൊണ്ടു അച്ഛൻ വരില്ലെന്നും പറയുന്നു ചിലർ..എനിക്ക് മാത്രം കാണാം..
വല്യച്ഛന്റെ വിറകുപുരയുടെ ഉള്ളിലുണ്ട് അച്ഛൻ.
വെറും നിലത്തു..കരഞ്ഞുതളർന്നു..എങ്കിലും അച്ഛനെന്നെ കാണാൻ വന്നില്ലല്ലോ എന്നൊരു
ദുഃഖം ബാക്കിയാക്കി പോകയാണ് ഞാൻ,.
ഒരു പുതിയ ഉടുപ്പു പോലും ആരും എന്നെ ഉടുപ്പിച്ചില്ല.കുളിപ്പിച്ചില്ല.കൊണ്ടുപോകുകയാണത്രെ.അമ്മക്ക് ബോധം വന്നെന്നും എന്നെ കാണാൻ കൊണ്ടുവരുന്നുണ്ടെന്നും ആരോ പറയുന്നുണ്ട്..എനിക്ക് സന്തോഷായി..അവസാനം അമ്മയെ എങ്കിലും കണ്ടിട്ടു പോകാലോ..പക്ഷെ കുറച്ചുനേരം നോക്കിയിട്ടും അമ്മയെ കാണാതായതോടെ ശ്മശാനത്തിലേക്ക് കൊണ്ട് പോകയാണ് എന്നെ..ആരാണ് എന്നെ എടുക്കുക?
അതിനെപ്പറ്റി സംസാരിക്കയാണ് ..അവസാനം വല്യച്ഛൻ എടുക്കാമെന്ന് തീരുമാനമായി..
അവസാനയാത്രക്ക് വല്യച്ഛൻ എന്നെയെടുത്തു..
പെട്ടന്നാണ് അലറിക്കരഞ്ഞുകൊണ്ടു പറമ്പിലൂടെ എന്റെ അച്ഛൻ ഓടിക്കയറി വന്നത് ..വല്യച്ഛന്റെ
കയ്യിൽ നിന്നും എന്നെ പിടിച്ചുവാങ്ങി..നെഞ്ചോടു
ചേർത്ത് പൊട്ടിക്കരഞ്ഞു അച്ഛൻ..തണുത്ത ഒരു പലകകഷ്ണം പോലെ..ഞാനെന്റെ അച്ഛന്റെ നെഞ്ചിൽ പറ്റിക്കിടക്കുന്നതു ഞാൻ കണ്ടു..
മരവിച്ചെങ്കിലും എന്റച്ഛന്റെ നെഞ്ചിൽ ചേർന്നല്ലോ.എനിക്ക് സന്തോഷമായി.വല്യച്ഛൻ
അച്ഛനെ എണീപ്പിച്ചു..പോലീസുകാർ നോക്കിനിൽക്കെ അച്ഛൻ കരഞ്ഞുകൊണ്ട് എന്നെയുമെടുത്തു ശ്മശാനത്തിലേക്ക് റോഡിലൂടെ നടന്നു.
അവസാനമായി ഞാനും ഒന്നു തിരിഞ്ഞു നോക്കി..
എന്റെ കുഞ്ഞോൾ വല്യമ്മയുടെ ഒക്കത്തിരുന്നു.കരയുന്നുണ്ട്..ഇനിയൊരിക്കലും തിരിച്ചുവരാത്ത ഇച്ചേച്ചിക്കായി..അപ്പോളാണ്
ഞാൻ കണ്ടത്..റോഡിലൂടെ വരുന്ന ആംബുലൻസ്..അതെ എന്റമ്മയും വരുന്നുണ്ട്.
എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു..
ആംബുലൻസ് നിർത്തിയെങ്കിലും..അമ്മക്ക്
സ്ട്രക്ച്ചറിൽ നിന്ന് എണീക്കാൻ പാടില്ല..പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെന്നെ വിളിക്കുന്നുണ്ട്..അതാ അച്ഛൻ എന്റെ ശവവും കൊണ്ട് അമ്മയുടെ കാൽക്കലേക്കു വീണു പൊട്ടിക്കരയുന്നു..കൂടെ അമ്മയും രണ്ടുപേരും
എന്നെ വാരിപ്പുണർന്നു നിർത്താതെ കരയുന്നു.
ആരൊക്കെയോ ചേർന്ന് എന്നെ അവരുടെ കൈകളിൽ നിന്ന് വലിച്ചെടുത്തു..വല്യമ്മയുടെ
കയ്യിൽനിന്നും കുഞ്ഞോളും ഇറങ്ങി ഓടിവരുന്നുണ്ട് ..അവളോടി അമ്മയുടെ കയ്കളിലേക്കു പറ്റിച്ചേർന്നു..അച്ഛനും അമ്മയും അവളെയും കെട്ടിപ്പിടിച്ചു കരയുന്നതു ഞാൻ ഒന്നുകൂടെ തിരിഞ്ഞുനോക്കി,.
സന്തോഷായെനിക്ക്..കുഞ്ഞോളെങ്കിലും അച്ഛന്റെയും അമ്മയുടെയും കൂടെ സുഖായി ജീവിക്കുമല്ലോ..അതിനുവേണ്ടി ഞാൻ മരിച്ചുപോയെങ്കിലും..ഇപ്പോളെനിക്ക് വിഷമമില്ല..
പോകട്ടെ ഞാൻ ..സമാധാനത്തോടെ..
സമർപ്പണം -അച്ഛനമ്മമാരുടെ വാശിക്കും വഴക്കിനും ഇടയിൽ..ഒന്നുമറിയാതെ പൊലിഞ്ഞുപോയ ഭാർഗ്ഗവിറാണി എന്ന എന്റെ വിദ്യാർഥിനിക്കും ..ഓരോവർഷവും ഇതുപോലെ
പൊലിഞ്ഞു പോകുന്ന ആയിരക്കണക്കിന് കുരുന്നു ജീവനുകൾക്കും..
Vineetha Anil

ഒരു ജീവിതം


കരിന്തിരി കത്തി അണഞ്ഞൊരു
നിലവിളക്കിന്നരുകില്‍
കരഞ്ഞു തളര്‍ന്നൊരു കുഞ്ഞുറങ്ങി
ഉമ്മറപ്പടിചാരി ദൂരേക്ക്‌ മിഴിനീട്ടി
ഉണ്ണാതുറങ്ങാതെ ഞാനിരുന്നു
മുന്നില്‍നിറയുന്ന നറു നിലാവില്‍
കണ്‍കളില്‍ തെളിയുന്നു
കണ്ടുമറന്ന ചില ചിത്രങ്ങള്‍
മധുവിധു രാവുകളുടെ മണം മങ്ങിയപ്പോള്‍
മകള്‍ക്കൊപ്പമെന്‍ അടിവയറിടിഞ്ഞപ്പോള്‍
മുഖകാന്തി തെല്ലൊന്നുടഞ്ഞപ്പോള്‍
മറ്റൊരു മുഖം തേടി അവന്‍ പോയതും
തിരശ്ശീലയിലെന്നപോല്‍ ഒന്നൊന്നായ്
മനസ്സില്‍ മിന്നി മറയുന്നു
നിനക്കു ചുംബിക്കാന്‍
മദ്യ ചഷകങ്ങളുണ്ട്
വാരിപ്പുണരുവാന്‍ മദിരാക്ഷിമാരുണ്ട്
അച്ഛനെ തേടി തളര്‍ന്നുറങ്ങുന്ന
കുഞ്ഞുപൈതലിനെ കെട്ടിപ്പിടിച്ചു ഞാന്‍
എത്ര ഇരവുകള്‍ തള്ളി നീക്കി.
കാലമൊരു കാവലായ് നിന്നെ തരുമ്പോള്‍
കനവിലും നിനച്ചില്ല നിന്‍ മനം മാറ്റം
കാല്‍പ്പെരുവിരലുകള്‍ കൂട്ടിക്കെട്ടും വരെ
കാത്തിരിക്കും ഞാന്‍ നിന്നെ
എന്നെ തിരിച്ചറിയുന്നതും നിനച്ച്
--------------------അനഘ രാജ്

നുറുങ്ങ്


പ്രിയമുള്ളവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നത് അവന് വിനോദമായിരുന്നു, സന്തോഷമായിരുന്നു. അവൻ അവരോടൊപ്പം ആ ചിത്രങ്ങൾ ആസ്വദിച്ചു. ചിത്രങ്ങളുടെ ഭംഗി കൂട്ടാൻ വേണ്ടതെല്ലാം അവൻ ചെയ്തുകൊണ്ടിരുന്നു. ഒരു ചിത്രത്തിലും അവൻ ഉണ്ടായിരുന്നില്ല. അവൻറെ ചിത്രമെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അവർ അവൻ എടുത്ത ചിത്രങ്ങളുടെ ഭംഗിയിൽ മുഴുകി.കാലം പോകവേ അവൻ ഒരു ചിത്രത്തിലും ഇല്ലാതായി. അവൻ ചിത്രത്തിൽ മാത്രമല്ല, അവരുടെ ജീവിതത്തിലും ഇല്ലാതെയാവുകയായിരുന്നു. അവർ സ്വയം സ്നേഹിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. സ്വയം സ്നേഹിക്കാൻ മറന്നവൻറെ ദുർഗതി.
ചിത്രത്തിലുണ്ടാവാൻ ശ്രമിക്കുക.
ചിത്രത്തിൽ ഇല്ലാത്തതിനൊന്നും ഈ ലോകത്തു ഒരു വിലയുമില്ല.
മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുൻപേ സ്വയം സ്നേഹിക്കാൻ പഠിക്കുക.

By: 
Siraj Sarangapani

കഥ : പ്രഹേളിക


അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജയിലിനുള്ളിൽ എന്ത് തിങ്കൾ , എന്ത് വെള്ളി. ഒരു ദിവസം, അത്രതന്നെ.
എന്നാൽ തിങ്കളാഴ്ചകളിലാണ് കത്തുകൾ വരുന്നത്. പുറത്തുള്ളവർ അകത്തുള്ളവർക്കു അയക്കുന്ന സന്ദേശങ്ങൾ. അപ്പുറത്തുനിന്ന് ഇപ്പുറത്തേക്കുള്ള നൂൽപാലം.
പരിഭവങ്ങൾ, പരാതികൾ, സങ്കടങ്ങൾ കൂടാതെ സ്നേഹം, പ്രേമം, വെറുപ്പ് , ദേഷ്യം എന്നിങ്ങനെയുള്ള വികാരതീവ്രതകളുടെ മാറാപ്പാണ് ഓരോ കത്തും. അത് പൊട്ടിച്ചു വായിക്കുന്നവരുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുംവരെ മൂർച്ചയേറിയ അക്ഷരശരങ്ങൾ അതിനുള്ളിൽ വെളിച്ചപ്പാട് തുള്ളും. മടുപ്പിന്റെ മണമാണ് അവക്കൊക്കെ.
കത്തുകളുടെ വിതരണജോലി എന്റേതാണ്. ഇഷ്ട്ടത്തോട് കൂടി ചെയ്യുന്ന ചുരുക്കം ചിലകാര്യങ്ങളിൽ ഒന്ന്. കത്തുകൾ കൈപ്പറ്റുമ്പോൾ ഓരോരുത്തരുടെയും മുഖങ്ങളിൽ മിന്നിമറയുന്ന ഭാവവൈവിധ്യങ്ങൾ എന്നിൽ തെല്ലൊന്നുമല്ല കൗതുകം ജനിപ്പിക്കുന്നത്. കൈപ്പറ്റുമ്പോളും വായിച്ചുകഴിയുമ്പോളുമുള്ള വികാരവേലിയേറ്റങ്ങൾ വിശകലനം ചെയ്യുക എന്റെ പ്രിയ വിനോദമായിരുന്നു.
രാധേച്ചി കത്തുകൾ തുറക്കാറേയില്ല, എല്ലാം ഭദ്രമായി തലയണയുറക്കുള്ളിൽ സൂക്ഷിച്ചുവെക്കും. രാത്രി മുഴുവൻ അവയുടെ അടക്കം പറച്ചിൽ കേൾക്കാമത്രേ.
വത്സല, വരുന്നതൊക്കെ വായിക്കാതെ കീറിക്കളയും. മറിയം, വായിച്ചുകഴിഞ്ഞു കീറിക്കളയും , എന്നിട്ട് അവ പിന്നെയും കൂട്ടിച്ചേർക്കാൻ പരിശ്രമിക്കും. അവളുടെ ഉടഞ്ഞു പോയ മനസും അവളിതുപോലെ കൂട്ടിയിണക്കാൻ ശ്രമിക്കാറുണ്ടാവുമോ?
കത്തുകൾക്ക് മുത്തം കൊടുക്കുന്ന പാറു. അവയെ കെട്ടിപിടിച്ചു കരയുന്ന സീനത്ത് . അങ്ങനെ പലതരം വികാരപ്രകടനങ്ങൾ. ആ കൂട്ടത്തിൽ ആരും കത്തെഴുതാൻ ഇല്ലാത്ത ഈ ഞാനും.
രാധേച്ചിയുടെ കത്ത് കൊടുക്കാൻ ചെന്നപ്പോളാണ് അവളെ കണ്ടത്. അയഞ്ഞു തൂങ്ങിയ ഡ്രെസ്സിനുള്ളിൽ മെലിഞ്ഞുണങ്ങിയ ദേഹം. കാലുകൾ ചേർത്തുപിടിച്ചു മുട്ടിന്മേൽ തലയും വെച്ച് കുനിഞ്ഞിരിക്കുന്നു.
"ആഹാ , രാധേച്ചിക്ക് കൂട്ടായല്ലോ. രാത്രിയില് മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിത്തീർന്നില്ലേ. ഏതാ ടിക്കറ്റ് - കൊല , ചതി, മോഷണം?"
"ആർക്കറിയാം , വന്നതുമുതൽ ഈ ഇരിപ്പാ. " പിന്നെ സ്വരമൊന്ന് താഴ്ത്തി , "വയറ്റിലുണ്ട്, അതുകൊണ്ടു ഭാരിച്ച പണിയൊന്നും കൊടുകേണ്ടായെന്നാ തങ്കമ്മസാറ് പറഞ്ഞത്."
മുഖമുയർത്തി അവളെന്നെ നോക്കി. വിവരണാതീതമായൊരു വികാരം ആ കുഴിഞ്ഞു തളര്‍ന്ന കണ്ണുകളിൽ ഞാൻ കണ്ടു. ആഗ്നേയഗിരിയുടെ ഗർഭത്തിൽ നിന്നും നുരഞ്ഞുപൊങ്ങാൻ വെമ്പുന്ന ദ്രവശില പോലെ തീകഷ്ണം? രക്തം വാർന്നൊഴുകുന്ന ഹിമപിണ്ഡം പോലെ ശൈത്യം? ശിലാമയമായ നിര്‍വ്വികാരത? ആ നോട്ടമെന്നെ വല്ലാണ്ട് പിടിച്ചുലച്ചു. എന്തായിരിക്കും അവളുടെ ഉള്ളിലെ അലകടൽ ? ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ എന്നെ പിന്തുടരുന്നത് ഞാൻ അറിഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കഥയുടെ ഭാഗങ്ങൾ ആരോക്കെയോ പറഞ്ഞു കുറേശ്ശയായി പുറത്തുവന്നു. പേര് സെലീന . വയസ് 27 . സ്ഥലം മേപ്പാടിക്കടുത്തെവിടെയോ. ഭർത്താവിന്റെ മരിച്ചുപോയ ആദ്യ ഭാര്യയിലുള്ള, പന്ത്രണ്ടു വയസുള്ള മകളെ , കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന്നായിരുന്നു ശിക്ഷ. വക്കീലിനോടോ കോടതിയിലോ യാതൊരുതരത്തിലുള്ള വിശദീകരണമോ ന്യായീകരണമോ അവൾ പറഞ്ഞതായി ആർക്കും അറിവില്ല. ഇറ്റ് വാസ് ആൻ ഓപ്പൺ ആൻഡ് ഷട്ട് കേസ്.
നാൾ ചെല്ലുംതോറും അവളുടെ വയർ വീർത്തുവരികയും ശരീരം ശോഷിക്കുകയും ചെയ്തു. ആരോടും ഒന്നുംമിണ്ടാതെ, ഉള്ളിലെ കൊടുങ്കാറ്റിനോട് ഒറ്റയ്ക്ക് പട വെട്ടുന്നത് പോലെ. മിക്കപ്പോഴും മുഖം കുനിച്ചു നഖങ്ങൾ നോക്കിയിരുന്നു.
മാസം തികഞ്ഞപ്പോൾ പിള്ളയും മറുപിള്ളയും പുറന്തള്ളപ്പെട്ടു. മൂന്നാം നാൾ ആശുപത്രിയിൽ നിന്ന് തിരിച്ചു അഴികൾക്കുള്ളിലേക്ക്. ദ്രവശില പിന്നെയും ഗർഭത്തിൽ തന്നെ. ആ പെൺകുഞ്ഞിനെയൊന്നു എടുക്കാനോ മുലകൊടുക്കണോ അവൾ തയ്യാറായില്ല.
അവൾ കാൽനഖങ്ങളിൽ സമസ്യകളുടെ സമാധാനം തിരഞ്ഞു. കുഞ്ഞു വിശന്ന് നിലവിളിച്ചു.
രാവിലെ രാധേച്ചിയുടെ നിലവിളികേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാതി തുറന്ന ചേതനയറ്റ ചുണ്ടുകൾ അപ്പോഴും ഒരിറ്റ് അമ്മിഞ്ഞ കേഴുംപോലെ. കഴുത്തിലെ വിരൽപാടുകൾക്ക് നിഗൂഢതയുടെ ചുവപ്പ്. നഖം നോക്കിയിരിക്കുന്ന സെലീന.
അന്നും തിങ്കളാഴ്ചയായിരുന്നു.

ചിന്താ പ്രഭാതം


വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവർ വ്യക്തിജീവിതത്തിൽ ശുദ്ധരല്ലെന്നാണ് നിഗമനം.
വായിൽ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല.
സ്വന്തം ന്യൂനതകളെയും ദൗർബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തിൽ നിന്ന് രക്ഷ നേടാനുളള വഴി.
തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ ന്യൂനതകൾ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല.
💧صباح الخير
والفكر💧🔚
കാസിംകറുകമാട്
🗓 27 ദുൽ-ഖഅദ് 1437

രാവിൻ ഈണം


നീലവാന വീഥികളിൽ
ഒഴുകിനീന്തും മേഘമേ
മേഘപാളി നീക്കിയെൻ
ചാരെവന്നിടൂ നീ ചന്ദ്രികേ
മാരിമുകിൽ വന്നുമൂടിയോ
കോടമഞ്ഞു ചെന്നുപുൽകിയോ
തെന്നൽ മെല്ലെവീശിയോ
മേഘരാജി മാഞ്ഞുപോകയോ
പൂനിലാവ് പെയ്തിറങ്ങിയോ
പുഷ്പമാരി പൂത്തിറങ്ങിയോ
ഭൂമിയാകെ പൂവണിഞ്ഞുവോ
രാക്കിളികൾ പാട്ടുമൂളിയോ
ജയൻ വിജയൻ
30/8/2016

നല്ലെഴുത്തിലെ മറ്റൊരു നല്ല വാർത്ത


        നല്ലെഴുത്തില്‍ തുടര്‍ന്നുപോരുന്ന പദപരിചയം എന്ന പംക്തി ഇനിമുതല്‍ കൈകാര്യം ചെയ്യുന്നത് അധ്യാപകനും ഭാഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിക്കുന്ന വ്യക്തിയുമായ പി.എം.നാരായണന്‍ (Narayanan PM ) ആയിരിക്കും. 
അദ്ദേഹത്തെ നല്ലെഴുത്ത് സസന്തോഷം സ്വാഗതം ചെയ്യുന്നു-

ഈ ശ്രേഷ്ഠ വ്യക്‌തിത്വത്തിനെ പറ്റി...............
        വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതലപ്രവര്‍ത്തകനും ജില്ലാ കണ്‍വീനറുമായിരുന്ന ഇദ്ദേഹം, യു.പി.മലയാളം അധ്യാപകപരിശീലനങ്ങളില്‍ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമായും പാഠപുസ്തകരചനാസംഘാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികളുടെ വായനയും എഴുത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവം. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന് നല്ലെഴുത്തിൻ്റെ നല്ല ആശംസകൾ

പേടി


എല്ലാവർക്കും എന്തിനെയെങ്കിലുമൊക്കെ പേടിയുണ്ടാകുമല്ലോ. എന്റെ ഭാര്യയ്ക്ക് പാമ്പിനെയാണ് പേടി. പാമ്പിനെ TV യിൽ കാണുന്നതോ, പാമ്പിന്റെ പടം കാണുന്നതോ, എന്തിന് പാമ്പിനെ കുറിച്ച് ഓർക്കുന്നതു പോലും പേടി. അവളുടെ പേടി മാറ്റാൻ ഞാൻ ഒരുങ്ങി പുറപ്പെട്ടു.
മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണമെന്നല്ലേ. അതുപോലെ പേടിയേയും അതേ പേടി കൊണ്ട് തന്നെ കീഴടക്കുക. അപ്പോൾ ആ പേടി ഇല്ലാതാകുന്നു. ഈ തത്വം ഞാൻ അവളിൽ പ്രയോഗിച്ചു നോക്കി. പാമ്പിന്റെ പടം കാണിച്ചിട്ട് അതിലേക്ക് തന്നെ കുറച്ചു നേരം നോക്കിയിരിക്കാൻ പറഞ്ഞു. കക്ഷി ഒളികണ്ണിട്ട് ഇടയ്ക്കിടെ നോക്കുന്നതല്ലാതെ പൂർണ്ണമായിട്ട് നോക്കുന്നതേ ഇല്ല. തിരുവനന്തപുരം മൃഗശാലയിൽ പോയപ്പോൾ മന: പൂർവ്വം തന്നെ പാമ്പിൻകൂട്ടിൽ കയറി. അല്ല., ഞാൻ അവളെ കയറ്റി.ഞാൻ വളരെ ധൈര്യത്തോടെ പാമ്പിന്റെ അടുത്ത് ചെന്ന് നിന്നു കാണിച്ചു കൊടുത്തു. പക്ഷേ, കക്ഷി മുഖം പൊത്തി നിൽക്കുകയാണ്. വിരലുകൾക്കിടയിലൂടെ ഒളികണ്ണിട്ട് നോക്കുന്നുമുണ്ട് പാമ്പിനെ. കക്ഷിയുടെ ദയനീയ ഭാവം കണ്ട് ഞാൻ തന്നെ അവളെ പുറത്തെത്തിച്ചു.
പിന്നീട് പലപ്പോഴും ഞാൻ അവളുടെ പാമ്പിൻ പേടി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം മുറിയിലിരിക്കുമ്പോൾ ഞങ്ങളുടെ വിഷയം പാമ്പ് ആയിരുന്നു. തുറന്നു കിടക്കുന്ന ജനാലയിൽ കൂടി പാമ്പ് കയറിയാലോ എന്നതായിരുന്നു കക്ഷിയുടെ ചിന്ത. ഞാൻ വീണ്ടും അവൾക്ക് ധൈര്യമുണ്ടാകുവാനുള്ള പൊടിക്കൈകൾ പ്രയോഗിച്ചു തുടങ്ങി. ഞാനും പാമ്പുമായിട്ടുള്ള മുൻകാല ധീര കഥകൾ ഒക്കെ അവളുടെ മുന്നിൽ അവതരിപ്പിച്ചു. ഒരു ധീരയോദ്ധാവിനെ നോക്കുന്നതു പോലെ അവൾ എന്നെ നോക്കുന്നത് കണ്ട് ഞാൻ സാകൂതം അടഞ്ഞു.
അപ്പോഴാണ് തുറന്നു കിടന്ന ജനാലയിൽ കൂടി പൊടുന്നനെ ഒരു വലിയ ചിലന്തി അകത്തേയ്ക്ക് പ്രവേശിച്ചത്. അതിന്റെ നീളമുള്ള കാലുകൾ തന്നെ ആരിലും ഭയമുളവാക്കും. ഞാൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റ് ചൂലെടുക്കാൻ അടുക്കളയിലേക്ക് ഓടി. ഓടുന്നതിനിടയ്ക്ക് ഞാൻ ഭാര്യയോട് പറയുന്നുണ്ടായിരുന്നു പേടിക്കേണ്ട ഞാൻ ഇപ്പോൾ തന്നെ അതിനെ കൊല്ലാമെന്ന്. തിരികെ ചൂലുമായി വന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെത്തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞൊടിയിടയിൽ തന്നെ അവൾ അവിടെക്കിടന്ന ഒരു മാഗസിന്റെ താളുകൾ വലിച്ചിളക്കുകയും ഭിത്തിയിൽ ഇരുന്ന ചിലന്തിയുടെ മേലേയ്ക്ക് ചാടി വീഴുകയും ചെയ്തു. ചിലന്തിക്ക് എന്തെങ്കിലും മനസ്സിലാകുന്നതിനു മുമ്പേ തന്നെ അത് അവളുടെ കര വലയത്തിൽ അമർന്നിരുന്നു. ആ പേപ്പറോടെ തന്നെ അവൾ അതിനെ ചുരുട്ടിക്കൂട്ടി കൊന്നിട്ട് പുറത്തേക്കെറിഞ്ഞു. ഞാൻ ചൂലുമായിട്ട് നിരാലംബനായി, നിർനിമേഷനായി നിൽക്കുകയായിരുന്നു. അവളെന്നെ ഒന്നു നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. പക്ഷേ, "എനിക്ക് പാമ്പിനെ പേടിയില്ലല്ലോ'' എന്നും പറഞ്ഞ് തൽക്കാലം ഞാൻ അവിടെ നിന്നും തടി തപ്പി. അവൾ പിന്നീട് പല പ്രാവശ്യം ഇത് ആവർത്തിച്ചു. പല്ലി, ചിലന്തി, പാറ്റ ഇവയൊക്കെ ഇപ്പോൾ അവളെ പേടിച്ച് അതുവഴി വരാറുകൂടിയില്ല.


By: 
Nishad K Younus

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo