നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചറിവ്


നാളെയാണെന്റെ വിവാഹം. .വീടും പന്തലും നിറഞ്ഞു ആൾക്കാർ. വിവാഹം മണ്ഡപത്തിൽ വച്ചാണ്. .അതുകൊണ്ട് ഇന്നാണ് നാടടച്ച് സദ്യ..പുതുവസ്ത്രങ്ങൾ മാറിമാറി അണിഞ്ഞ് സ്വർണ്ണത്തിൽ കുളിച്ച് കൂട്ടുകാരികളുടെ കൂടെ വീഡിയോക്കും ഫോട്ടോകൾക്കും പോസ് ചെയ്തു ഞാനും ഉണ്ട് പന്തലിൽ..അഛനും അമ്മയും ഇരിക്കാൻ നേരമില്ലാതെ ഓടി നടക്കുന്നുണ്ട്.
പെട്ടെന്ന് വിജി എന്റടുത്തേക്ക് വന്നു. ."സായൂ നിനക്ക് ഫോൺ ".അവളുടെ മുഖം വിളറി ഇരിക്കുന്നു. .ഞാൻ ഫോൺ എടുത്തു. .."സായൂ.. ഞാൻ ആണ് ..താഴെ റോഡിൽ ഉണ്ട് ഞങ്ങൾ. .എനിക്ക് നീയില്ലാതെ വയ്യ. .എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഇറങ്ങാൻ പറ്റുമോയെന്ന് നൊക്കൂ...ഇല്ലെങ്കിൽ ഒന്നും നോക്കണ്ട..ഞാൻ അങ്ങ് കേറി വന്നോളും. .നീയെന്റെ കൂടെ നിന്നാൽ മാത്രം മതി. .ആരും നമ്മളെ ഒന്നും ചെയ്യാൻ പോണില്ല"..അലൻ ആണ് ഫോണിൽ. .കഴിഞ്ഞ ഒരു വർഷമായി ഒന്നു കേൾക്കാൻ കൊതിച്ച സ്വരം. .ഈ അവസാനത്തെ നിമിഷം. ..ദൈവമേ എന്താണ് ചെയ്യേണ്ടത് ഞാൻ?
ഞാൻ മുകളിലേക്ക് ഓടി. ...
ബാൽക്കണിയിലേക്കിറങ്ങി നോക്കി. .ശരിയാണ് റോഡിൽ അങ്ങേയറ്റം രണ്ട് കാറും കുറച്ചു ആളുകളും. .കാലുകൾ തളർന്നു ഞാൻ ഊഞ്ഞാൽ കസേരയിൽ കുഴഞ്ഞു വീണു. .
മൂന്നു വർഷത്തെ പ്രണയം. .അവനാണ് റോഡിൽ പ്രതീക്ഷകളുമായി കാത്തിരിക്കുന്നത്..ഇത്രയും ഭ്രാന്തമായ സ്നേഹം ആരോടും ഇല്ലായിരുന്നു എനിക്ക്. ..അതുകൊണ്ട് തന്നെ അഛന്റടുത്തൂന്ന് ഒന്നും ഒളിച്ചില്ല..ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ സമ്മതിച്ചു കൊടുത്തു. .മതത്തിന്റെ വേലി പൊളിച്ചു ഞങ്ങൾ ഒന്നിച്ചു ജീവിക്കും എന്ന് പറഞ്ഞ നിമിഷം. ..ആദ്യത്തെ അടി വീണു. .
വിട്ടു കൊടുത്തില്ല. ..ചീറിക്കൊണ്ട് അഛന് നേരെ തിരിഞ്ഞു. ."സ്വന്തം മകളുടെ മനസു കാണാതെ അടിക്കാൻ നാണമില്ലേ". എന്നുവരെ ചോദിച്ചു. .
ഭ്രാന്തു പിടിച്ച പോലെ അഛനടിച്ച അടിയെല്ലാം ദേഹം കൊണ്ട് തന്നെ തടഞ്ഞു. .അവസാനം.. കൊന്നേക്കു ..അല്ലെങ്കിൽ ഞാൻ അവന്റെ കൂടെ പോയിരിക്കും ..എന്ന എന്റെ അലർച്ചക്കു മുന്നിൽ അഛന് കൈ വിറച്ചു..തല കുനിച്ചിറങ്ങിപ്പോയി..
ആ പാവം. ..
അടുത്ത ദിവസം തന്നെ എന്നെ മാമന്റെ വീട്ടിലേക്ക് മാറ്റി. .അവിടെയും ഞങ്ങൾ തോറ്റില്ല..
അലൻ വിജിയുടെ കയ്യിൽ കൊടുത്തയച്ച ചെറിയ സോളാർ ഫോൺ വഴി ഞങ്ങൾ പുലർച്ചെ വരെ സംസാരിച്ചു..കുറച്ചു ദിവസം കൊണ്ട് മാമി കേട്ടു രാത്രി സംസാരം. .അർദ്ധരാത്രി മാമന്റെ മുന്നിൽ
തൊണ്ടിയോടെ പിടിച്ചിട്ടും കൂസലില്ലാതെ നിന്നു ഞാൻ. ..അഛനെയില്ലാത്ത പേടി ആണോ മാമനെ....എന്ന് മനസ്സിൽ പുഛവുമായി......
രാവിലെ തന്നെ മാമി എന്നോടു ഒരുങ്ങി വരാൻ പറഞ്ഞു. .എന്നെ വീട്ടിൽ കൊണ്ട് വിടാനാണെന്നു
കരുതി ഞാൻ തയ്യാറായി വന്നു. .എന്നാൽ കാറോടിയത് അലന്റെ വീട്ടിലേക്ക് ആയിരുന്നു.
ഞാൻ ഞെട്ടി ഇരുന്നു പോയി. ..മാമൻ പതുക്കെ പറഞ്ഞു. ..എല്ലാവരുടെയും സമ്മതം ഞാൻ വാങ്ങിക്കോളാം..പക്ഷേ ഇന്നിതിനൊരു തീരുമാനം ഉണ്ടാവണം. .
അപ്രതീക്ഷിതമായി കേറിവന്ന ഞങ്ങളെ കണ്ടു അലനടക്കം എല്ലാരും ഞെട്ടി. .മുറ്റത്ത് നിറയെ റബ്ബർ ഷീറ്റുകൾ. ..അറയും നിരയുമായി..ഒരു പഴയ കൃസ്ത്യൻ തറവാട്. .അവനും പപ്പയും മമ്മിയും ചേച്ചിയും അനിയനും വല്ല്യമ്മച്ചിയും.
മാമൻ കാര്യങ്ങൾ അവതരിപ്പിച്ചു. .ആദ്യം വല്ല്യമ്മച്ചിയും പിന്നെ അവന്റെ മമ്മിയും നിർത്താതെ എന്നെ പഴിച്ചു. .വളർത്തു ദോഷം ഉള്ള പെൺകുട്ടിയെ അവർക്കു വേണ്ട. അതുകൊണ്ടാണല്ലോ അന്യമതത്തിൽ പെട്ട
അവനെ വല വീശി പിടിച്ചത്..പിന്നെ അവന്റെ പപ്പയുടെ വക മാമനും കിട്ടി. .കുടുംബത്തിലെ
പെൺ കുട്ടികൾ വഴിപിഴച്ചു പോയാൽ.
കാർന്നോമ്മാരിങ്ങനൊക്കെ നാണം കെടേണ്ടി
വരും എന്നു വരെ പറഞ്ഞു. .
ഒന്നും മിണ്ടാതെ എല്ലാം കേട്ടശേഷം മാമൻ അലനോട് ചോദിച്ചു. ."എന്താ നിന്റെ തീരുമാനം എന്ന്." ..അവന്റെ മുഖത്ത് അതുവരെ കണ്ട അപരിചത്വത്തേക്കാൾ എന്നെ വേദനിപ്പിച്ചത്
"പപ്പയും മമ്മിയും പറയുമ്പോൾ ഞാനെന്തു പറയാൻ." ..എന്ന എങ്ങും തൊടാത്ത മറുപടി ആയിരുന്നു. .പൊട്ടിക്കരഞ്ഞുകൊണ്ട്
ഞാനിറങ്ങി ഓടി. ..വീടെത്തും വരെ മാമിയുടെ മടിയിൽ കിടന്നു കരഞ്ഞു ഞാൻ. ..ആരും എന്നെ
വഴക്ക് പറഞ്ഞില്ല...ശാസിച്ചില്ല...കൂടെ നിന്നു..
അഛനോട് മാപ്പ് പറയാൻ കൊതിച്ചെങ്കിലും തെറ്റ്
ചെയ്തവളുടെ കുറ്റബോധം അതിനനുവദിച്ചില്ല..
ആറു മാസം വരെ പ്രണയമാകുന്ന ഉമിത്തീയിൽ
എരിഞ്ഞു...അവനെ മറക്കാൻ കഴിയാതെ ...ആ ശബ്ദമെങ്കിലും ഒന്നു കേൾക്കാൻ വേണ്ടി... കൊതിച്ചു..വലിച്ചെറിഞ്ഞ ഫോണിലൂടെ വീണ്ടും വിളിച്ചു..ആ നമ്പർ പോലും നിലവിൽ ഇല്ലെന്നു മനസ്സിലാക്കി ഫോൺ തല്ലിത്തകർത്തു.
മാസങ്ങളോളം പുറത്തിറങ്ങാതെ വായിച്ചും എഴുതിയും മുറിയിലേക്ക് ഒതുങ്ങി. .
അപ്പോഴേക്കും മനസ്സും മരവിച്ചു തുടങ്ങി. .
അതിനിടെയാണ് മനുവിന്റെ ആലോചന വന്നത്
പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.."എന്താ മോളേ
പറയണ്ടെ "? എന്ന അഛന്റെ ചോദ്യത്തിന് മറുപടി പറയാൻ മുഖം ഉയർത്താൻ പോലും
അർഹത ഇല്ലെന്നു തോന്നി. ..വിവാഹം ഉറപ്പിക്കും
എന്നു മനസ്സിലായി. അവസാനമായി ഒന്നുകൂടി വിജിയോട് പറഞ്ഞു വിട്ടു...അവനൊന്നും മിണ്ടീല്ല
എന്ന പതിവ് മറുപടിയുമായി വിജി വന്നു. .കത്തി
ജ്വലിച്ച മൂന്നു വർഷത്തെ പ്രണയം അതോടെ മരിച്ചു എന്റെ മനസ്സിൽ. .പതുക്കെ ജീവിതം തിരിച്ചു വന്നു. ..മനു...മനുവേട്ടനായി...അഛനോട്
മാപ്പ് പറയാൻ മാത്രം ധൈര്യം വന്നില്ല..ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.ആഭരണങ്ങൾക്കോ
ആഘോഷങ്ങൾക്കോ...ഒന്നും കുറച്ചില്ല അഛൻ..
നാളെ പടിയിറങ്ങി പോകേണ്ട മകൾ ഇന്ന് ഇറങ്ങി പോയാൽ. ...ദൈവമേ. ..എന്റെ ഹൃദയം കിടുങ്ങി
ആലോചിച്ച് തളർന്നിരുന്നു ഞാൻ. ..എത്ര നേരം. ..അറിയില്ല. ..വിജി ഓടി വന്നു. ."സായൂ ..
ആകെ പ്രശ്നം ആകൂന്നു തോന്നുന്നു ..അവനിങ്ങോട്ട് കേറിവന്നു...നിന്റെ മാമൻ പിടിച്ചു പുറകിലേക്ക് കൊണ്ട് പോയി സംസാരിക്കയാണ്."എന്റെ തളർച്ച പൂർണമായി.
അമ്മ കേറി വരുന്നുണ്ട് കൂടെ മാമിയും.... പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ എന്റെ മുന്നിൽ കൈകൂപ്പി..."പൊന്നുമോളേ ചതിക്കല്ലേ....
അഛനെ കൊല്ലിക്കരുത് നീ.."മരവിച്ചു നിന്ന എന്റെ കൈയിൽ പിടിച്ചു മാമി..പിന്നെ പതുക്കെ പറഞ്ഞു ."വാ മോളേ...മുൻവശത്ത് ആരും ഒന്നും അറിഞ്ഞിട്ടില്ല. .നിനക്ക് മാത്രമേ കഴിയൂ ..ഇതിനൊരു തീരുമാനമുണ്ടാക്കാൻ...
മാമി എന്നെയും പിടിച്ചു നടന്നു കഴിഞ്ഞു. ..മുഖം തുടച്ച് പുറകെ അമ്മയും. .
കിണറ്റിന്റെ വശത്തൂടെ ഞങ്ങൾ പുറത്തിറങ്ങി. .വഴിയുടെ താഴെ കുറച്ചു പേർ.
മാമന്റെയും അലന്റെയും രൂപം അക്കൂട്ടത്തിൽ എനിക്ക് വ്യക്തമായി കാണാം.വിറക്കുന്ന എന്നെ
ചേർത്ത് പിടിച്ചു നടത്തി മാമി. .നടത്തത്തിനിടെ ഞാൻ കണ്ടു. ..വഴിയുടെ അരികിൽ നിലത്ത്. ..
അഛൻ തല കുമ്പിട്ട് ഇരിക്കയാണ്. ...എന്നെ നോക്കി പോലുമില്ല. ..കാലുകൾ വിറച്ച്.. വിയർപ്പൊഴുകി..എനിക്ക് നടക്കാൻ വയ്യ. .
ആയിരം കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്
എന്നു തോന്നി എനിക്ക്. ..
എന്റെ മുന്നിൽ വീണ്ടും ആ മുഖം. ..ജീവൻ കൊടുത്തു ഞാൻ സ്നേഹിച്ചവന്റെ മുഖം. ..
ഈ ജൻമം മാത്രമല്ല ഇനിയേഴു ജൻമവും ഒന്നു ചേരാൻ കൊതിച്ച മുഖം. ..വിയർത്തൊട്ടിയ അവന്റെ മുഖം എന്നെ കണ്ടതോടെ തിളങ്ങി..
വിജയസ്മിതത്തോടെ അവൻ റോഡിൽ കാത്തു നിൽക്കുന്ന ചങ്ങാതിമാരെ നോക്കി.
പുഞ്ചിരിയോടെ അവൻ പറയുന്നത് ഞാൻ കേട്ടു
എനിക്കറിയായിരുന്നു നീ വരുമെന്നു. ...ഒന്നും മിണ്ടാതെ പകച്ചു നിക്കയാണ് മാമൻ. ...
അവൻ കൈ നീട്ടി. ..".വാ സായൂ...ഇതു നമ്മുടെ ജീവിതം ആണ്. ..ആരും തടയില്ല "....
ഒരു നിമിഷം. ..ഞാൻ ശ്വാസം പിടിച്ചു നിന്നു. ...
പിന്നെ പതുക്കെ പറഞ്ഞു. .."ഞാൻ വരുന്നില്ല ...
ഞെട്ടി നിൽക്കുന്ന അവന്റെ മുഖത്ത്നോക്കി ഞാൻ തുടർന്നു.....ഒരുപാട് വളർത്തുദോഷം
ഉള്ള കുട്ടി ആയിരുന്നു ഞാൻ ...പക്ഷേ ഇന്നങ്ങനെയല്ല...ഇന്നെനിക്കറിയാം ..വിവാഹത്തലേന്ന് അഛനമ്മമാരെ ഉപേക്ഷിച്ചു.
വിഷമഘട്ടത്തിൽ മറന്നു കളഞ്ഞ ഒരാളുടെ പുറകെ പോകരുതെന്ന്..അതുകൊണ്ട് എനിക്ക്
വേണ്ടി ഇനിയിവിടെ നിൽക്കുകയും വേണ്ട "...
പറഞ്ഞു തീർത്ത് അടുത്ത നിമിഷം ഞാൻ തിരിച്ചു നടന്നു. ..വഴിയിൽ നിലത്ത് തളർന്നിരിക്കുന്ന എന്റഛന്റടുത്തേക്ക്...അഛന്റെ മുന്നിൽ നിലത്ത്
മുട്ടുകുത്തി ....അഛന്റെ കാലുകൾ രണ്ടും ചുറ്റിപ്പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ..."എന്നോടു ക്ഷമിക്കണേ അഛാ....
എന്റഛനെയും അമ്മയെയും വിഷമിപ്പിക്കുന്ന ഒന്നും ഞാനിനി ചെയ്യില്ല. .."
തളർന്നിരുന്ന അഛൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് വിങ്ങിക്കരഞ്ഞു...തിരിഞ്ഞു നോക്കാതെ ഞാൻ എന്റെ അഛന്റെയും അമ്മയുടെയും കൈകളിൽ ചേർന്ന് വീട്ടിലേക്ക് കയറി. ..
അതെ ഇപ്പോൾ നല്ല കുട്ടി ആണ് ഞാൻ. ..
മാതാപിതാക്കളുടെ സന്തോഷം ആണ് ഓരോ
മക്കളുടെയും സന്തോഷം എന്നെനിക്കറിയാം..
അങ്ങനെ ജീവിച്ചാൽ മതിയിനി എനിക്കും. .

By: 
Vineetha Anil

2 comments:

  1. നല്ലൊരു തിരിച്ചറിവ്...!

    ReplyDelete
  2. നന്നായ്‌ എഴുതി മോളെ കണ്ണു നിറഞ്ഞു സന്തോഷ കണ്ണീരാ ട്ടോ..... ബാബു വിദ്യാധരൻ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot