Slider

നിറം മങ്ങിയ അക്ഷരങ്ങൾ

0

എന്തോ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്...
മുറിയുടെ മൂലയിൽ ഒരു വൃദ്ധൻ, അരയിൽ മുഷിഞ്ഞ തോർത്തു മാത്രം ചുറ്റി ,ദയനീയ ഭാവത്തിൽ , തോളു കുനിച്ച്, തൊഴുകൈയ്യോടെ നിൽക്കുന്നു..
ആരാണ് നിങ്ങൾ .? എന്തുവേണം..??
എന്നെ മനസിലായില്ലേ ..സാറേ... ?
ഞാൻ ഓർമ്മകളിൽ പരതി. . .വൃക്തമായി ഓർക്കുന്നില്ല.. എങ്ങോ കണ്ടുമറന്ന മുഖം..
ആരാണ്..?..പറയൂ..? മറുപടിയെന്നോണം അയാൾ ചിരിച്ചുകൊണ്ടു പാടി...
"മങ്കമാരുടെ കല്ലാണത്തിനു
പിള്ളേരാരും പോകരുതേ.."
ഓർക്കുന്നു ഞാൻ....
മുകളിലെ പഴയ പെട്ടിയിൽ..എന്റെ അക്ഷരങ്ങൾക്കിടയിൽ നിന്നും "അച്ഛുതൻ വാപ്പൻ "
വർഷങ്ങൾക്കു മുൻപ് നഗരത്തിലെ ഏകാന്ത വാസത്തിൽ ഞാൻ സൃഷ്ടിച്ച ആ കഥാപാത്രം. . "അച്ഛുതൻ വാപ്പനല്ലേ?"
മനസ്സിലായി അല്ലേ. .എന്റെ സൃഷ്ടി കഴിഞ്ഞ് സാറ് കുറേ കരഞ്ഞതാ..
വാപ്പാ എന്ന് വിളിച്ച്. .ഞാനും അന്ന് കരഞ്ഞു..
ശരിയാണ്..ഞാൻ ഓർക്കുന്നു. .വിരസമായ ഏതോ പകലിൽ എന്റെ ഹൃദയാക്ഷരങ്ങൾ ജീവനേകിയ "അച്ഛുതൻ"..അന്ന്
പ്രായകൂടുതൽ മൂലം അച്ഛുതനെ ഞാൻ വാപ്പനെന്നു വിളിച്ചു. .
സന്തോഷം വന്നാൽ.. സങ്കടം വന്നാൽ. ...മഴ വന്നാൽ. .
പാട്ടുപാടുന്ന ഒരു പാവം...
പിന്നീടെപ്പോഴോ മുറിയുടെ മുകളിലെ മൂലയിലെ പെട്ടിയിലേക്ക് തള്ളപ്പെട്ട വയോവൃദ്ധൻ...
ഉം പറയൂ ..എന്തു വേണം വാപ്പന് ?
മടുത്തു സാറേ..ആ പെട്ടിയിൽ നിറം മങ്ങിയ അക്ഷരങ്ങൾക്കിടയിൽ വെറുതേ കിടന്നു മടുത്തു. . സാറിപ്പോൾ ഫെയ്സ് ബുക്കിലൊക്കെ എഴുതുവല്ലേ..?എന്നെ കൂടി ഒന്ന് പോസ്റ്റ് ചെയ്തുകൂടെ?
പണ്ടത്തെ സൃഷ്ടി അല്ലേ വാപ്പാ നീ . . അതും പത്തിരുപത് കൊല്ലം മുൻപ്. .ഇന്ന്..അതുവേണ്ട. .ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ആർക്കും ഇഷ്ടമാവില്ല. .ലൈക്കുകൾ കുറയും..
ഞാനെഴുതുന്ന സതൃമായ അക്ഷരങ്ങളോടു പോലും പലർക്കും പകയും, ദേഷൃവും ,വെറുപ്പുമാണ്..
ചിലർ മിണ്ടാതെ. ..ചിലർ മുഖം തിരിച്ച്..അപ്പോളാണോ ഷർട്ടുപോലും ഇടാത്ത ,കുറ്റിത്താടിയുള്ള,മുഷിഞ്ഞ തോർത്തുടുത്ത .. ഛേ..വേണ്ട ...പോയി പെട്ടിയിൽ കിടക്ക്..
എന്നെ ഒന്ന് പരിഷ്കരിച്ച് പോസ്റ്റ് ചെയ്യ് സാറേ..ഒരു ഷർട്ടും ,പാൻസും ഇടീച്ച് ..കണ്ണടയും വയ്പ്പിച്ച്. .
ആരും ഉള്ളിലോട്ടൊന്നും നോക്കില്ലെന്നേ...പണ്ട് ഓണത്തിന് വിളക്ക് കത്തിച്ചുവച്ച് വീണ വായിച്ചു പുള്ളോനും, പുള്ളോത്തിയും പാടുന്ന പാട്ടില്ലേ ..അതു പാടിത്തരാം ഞാൻ. .
കണ്ണുകൾ അടച്ച് വാപ്പൻ പാടുന്നു വീണ്ടും. ...
"ആനത്തലയോളം വെണ്ണ തരാമെടാ..
ആനന്ദ ശ്രീകൃഷ്ണാ നീ വാ മുറുക്ക്. ."
വാപ്പാ..അതൊക്കെ പോയില്ലേ..
ഊഞ്ഞാലും ..ഓണവും..ഒത്തൊരുമയും എല്ലാമെല്ലാം..... സെലിബ്രറ്റീസിന്റെ ടെലിവിഷൻ ഓണത്തിന് എന്തിനാ വാപ്പാ പുള്ളോൻ പാട്ട്..ഓണ സദൃകൾ ഹോട്ടലുകളിൽ ബുക്ക് ചെയ്ത് സെറ്റ് സാരിയുടേയും , കസവുമുണ്ടിന്റേയും ഫാഷൻ ഷോയായി മാറിയില്ലേ ഇന്നത്തെ ഓണം..
മദൃത്തിന്റെ റെക്കോർഡ് വില്പ്ന നടത്തി ലഹരിയിൽ മയങ്ങുന്ന ഓണം
ടെലിവിഷനിൽ ഷോകളുടെ ചാനലുകൾ മാറ്റി നിർവൃതിയടയുന്ന ഓണം..
ഈ ഓണത്തിന് മാവേലി ആയിട്ടെങ്കിലും.. സാറേ.. ഒരു വയസ്സന്റെ അപേക്ഷയാണ്.. എന്നെ വേണ്ടെന്ന് വയ്ക്കല്ലേ...
ഇല്ല വാപ്പാ..നീ ഇന്നലെകളുടെ നന്മയാണ്..
തമ്മിൽ തമ്മിൽ മത്സരിക്കുന്ന ജീവിത നാടകങ്ങളുടെ കാലത്ത് ആർക്കും ആരേയും വേണ്ട .. പോ...അച്ഛുതൻ വാപ്പാ പോ...
തൊഴുകൈയ്യോടെ ആ വൃദ്ധൻ എന്നെ കുറച്ചുനേരം നോക്കിനിന്നു. പെട്ടിയിലെ പഴയ നിറം മങ്ങിയ അക്ഷരങ്ങളിലേക്ക് കയറുമ്പോൾ അയാൾ കരയുന്ന കണ്ണുകളോടെ എന്നെ നോക്കി..പിന്നെ ശബ്ദം ഇടറി വീണ്ടും പാടി. .
"മാവേലി നാടുവാണീടും കാലം
മാനുഷൃരെല്ലാരും ഒന്നുപോലെ"
....പ്രേം ...

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo