Showing posts with label പ്രേംമധുസൂദനൻ. Show all posts
Showing posts with label പ്രേംമധുസൂദനൻ. Show all posts

....വിശക്കുന്ന ആത്മാവ്....


....വിശക്കുന്ന ആത്മാവ്....
താഴെ ചില മരങ്ങളുടെ പച്ചപ്പുകൾ പ്രതീക്ഷയായി കാണാം. അകലെ വിളറിയ പുഴയിലൂടെ ചെറിയ നൂലുപോലെ വെള്ളം ഒഴുകുന്നുണ്ട്. ഞാനാരാണെന്നോ എങ്ങോട്ടു പോകുന്നുവെന്നോ അറിയില്ലായിരുന്നു.
ഓർക്കുവാൻ ശ്രമിക്കുമ്പോളെല്ലാം ചിന്തകൾ ചിതറി തെറിച്ചു വായുവിൽ ഭാരമില്ലാതെ ഞാനൊഴുകി നടന്നു.
തളർന്നപ്പോൾ പുഴക്കരയിലെ ഇലയൂർന്ന മരക്കൊമ്പുകളിലിരിക്കുവാൻ ഒന്നു ശ്രമിച്ചു നോക്കി.
ഇല്ല. .. ഒരിടത്തും ഇരിക്കാനാവുന്നില്ല. ഒരിടത്തും ദൃഷ്ടി ഉറയ്ക്കുന്നുമില്ല..
വീണ്ടും.ഓർക്കുവാൻ ശ്രമിച്ചു.ഒരു ചുടു കാറ്റിന്റെ കൈകളാൽ എന്റെ കണ്ണുകൾ മൂടപ്പെട്ടു.ഇരുട്ടു പടർന്ന വായുവിലൂടെ ദിക്കറിയാതെ ഞാൻ അലഞ്ഞു.
അടിവയറ്റിൽ വല്ലാത്ത ഒരു പരവേശം. കൈകൾ കൊണ്ടു വയറു തിരുമ്മുവാൻ ശ്രമിച്ചു.അതിനാവാതെ വന്നപ്പോൾ കൈകൾ വീണ്ടും വിടർത്തി .. സ്ഥിരമായി ഒരിടത്തും ഇരിക്കാനാവാതെ ഒന്നിലും ദൃഷ്ടി പതിപ്പിക്കാനാവാതെ ഞാൻ .. ആയാസപ്പെട്ടു താഴേയ്ക്കു കണ്ണുകളയച്ചു.
വരണ്ടുണങ്ങിയ മഞ്ഞ പാടങ്ങൾക്കു മുകളിലൂടെ മങ്ങിയ കാഴ്ചകളുമായി ഞാൻ ചിറകുകളില്ലാതെ പറന്നു നടന്നു.. ഇടയ്ക്കു ഇരുട്ടു വീണ ആകാശത്തിലേക്കു ഞാൻ ഉയർന്നു പൊയി. തല കുനിച്ചു ആഞ്ഞപ്പോൾ ഉയരം കുറഞ്ഞു അവ്യക്തമായ കാഴ്ചകൾ അടുത്തു വന്നു.
എനിക്കു വിശക്കുന്നു... ഞാനുറക്കെ വിളിച്ചു പറഞ്ഞു. വീശിയടിച്ച കാറ്റിൽ ശബ്ദം അലിഞ്ഞു തീർന്നു..
അപ്പോൾ അതു ഞാൻ കണ്ടു.
പാടത്തിനരുകിൽ പഴയ ഓടിട്ട ഒരു വീട്.
പാറിയ മുടികളും കുഴിഞ്ഞ കണ്ണുകളുമായി ഒരു സ്ത്രീ.
അവളുടെ മടിയിൽ തളർന്നുറങ്ങുന്ന ഒരു കുഞ്ഞ്.
അവൾ കരയുകയാണോ ...?
കുറച്ചകലെ പാടത്തിനരുകിൽ ആരും കാണാതെ കമഴ്ന്നു കിടക്കുന്ന ചലനമറ്റ ഒരു ശരീരം..
ആരുടെയാണാ ശരീരം.. ഞാനുറക്കെ വിളിച്ചു ചോദിച്ചു.
ശബ്ദം ഉറഞ്ഞു പോയിരുന്നു. ഏതോ ഉഷ്ണക്കാറ്റിൽ ഞാൻ വീണ്ടും ഉയർന്നു പൊങ്ങി..
അപ്പോൾ...
ഇരുട്ടു പടർന്ന ബോധമണ്ഡലങ്ങളിലേക്ക് കൊക്കിൽ നെൽ കതിരുമായി ഒരു പച്ചത്തത്ത തേങ്ങലോടെ പറന്നടുക്കുന്നുണ്ടായിരുന്നു.
... പ്രേം...

.. ബെല്ലി പാവ...


.. ബെല്ലി പാവ...
മുല്ല പൂക്കൾ വിരിഞ്ഞു നിന്ന ആ സായംസന്ധ്യയിൽ അകത്തെ മുറിയിൽ നിന്നു മിനിക്കുട്ടി വിളിച്ചു ചോദിച്ചു..
അമ്മേ ബെല്ലിയേ കണ്ടോ?
അവളുടെ അമ്മ തിരക്കിട്ട പണിയിലായിരുന്നു. അവരതു കേട്ടില്ല. അതു കൊണ്ടു തന്നെ മറുപടിയും വന്നില്ല.
മിനിക്കുട്ടി പലയിടത്തും അവനെ തിരഞ്ഞു .കട്ടിലിനടിയിലും, അലമാരിയിലെ തുണികൾക്കിടയിലും പുസ്തക ഷെൽഫിലും എല്ലാം. പക്ഷെ അവിടെയെങ്ങും അവൾക്കു ബെല്ലിയെ കണ്ടെത്താനായില്ല.
അപ്പോഴേയ്ക്കും അവൾ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു..
ആരാണു ഈ ബെല്ലി അല്ലേ?
കഴിഞ്ഞ അവധിയ്ക്ക് അവളുടെ അച്ഛൻ വന്നപ്പോൾ കൊടുത്ത ഒരു വെള്ളക്കരടി പാവ.
പുസ്തക ഷെൽഫിലാണു സാധാരണ അവനിരിക്കുക.. പഠിക്കുമ്പോൾ ഇടയ്ക്ക് മിനിക്കുട്ടി അവനെ നോക്കും. മുകളിലെ തട്ടിൽ തവിട്ടു കണ്ണുമായി അത്ഭുതത്തോടെ അവൻ ഒന്നും മിണ്ടാതെ അവളെ നോക്കിയിരിക്കും. .
അവധി ദിവസങ്ങളിൽ വടക്കു പുറത്തു ആളൊഴിഞ്ഞ സ്ഥലത്തു അടച്ചിട്ട കെട്ടിടത്തിലെ ഇളം തിണ്ണയിൽ മിനിക്കുട്ടി ബെല്ലിയുമായിരുന്നു കളിക്കും.കുളക്കരയിലെ കടമ്പ മരത്തിലെ ചുവന്ന പൂക്കുലകൾ അതു കണ്ടു ചിരിയ്ക്കും.
കൃഷ്ണൻ കാളിന്ദിയിലേക്കു ചാടിയതു കടമ്പയിൽ നിന്നാ .. അറിയുവോ?
അത്ഭുതത്തോടെ ബെല്ലി ആ പൂക്കളെ നോക്കും.
അമ്മൂമ്മേ എന്റെ ബെല്ലിയേ കണ്ടോ?
നാമം ചൊല്ലുകയായിരുന്ന അമ്മൂമ്മ അവളെ നോക്കി എന്തോ പറഞ്ഞു. എന്താണ് പറഞ്ഞതെന്നവൾക്കു മനസിലായില്ല.. എനിക്കും നിങ്ങൾക്കും അതു വ്യക്തമായതുമില്ല.
സന്ധ്യ കറുത്തു വന്നു. കിളിഞ്ഞിലിൽ ചുറ്റി നിന്ന മുല്ലയിൽ വിടർന്ന പൂക്കളുടെ ചിരി ഇരുട്ടിലും തെളിഞ്ഞു കണ്ടു.
മിനിക്കുട്ടി മുല്ല ചുവട്ടിലെത്തി പയ്യെ ചോദിച്ചു.
എന്റെ ബെല്ലിയെ കണ്ടോ..?
ഇളം കാറ്റിൽ കിളിഞ്ഞിലിനൊപ്പം ആടിച്ചിരിച്ചതല്ലാതെ മുല്ലയും ഒന്നും പറഞ്ഞില്ല..
ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഇളം തിണ്ണയിലെത്തി മിനിക്കുട്ടി പയ്യെ വിളിച്ചു
ബെല്ലി... എന്റെ പാവക്കുട്ടാ....
കടമ്പ മരത്തിലെ ചുവന്ന പൂക്കുലകൾ ആ വിളി കേട്ടു നിസഹായതയിൽ തലയാട്ടി.
മോളെന്തിനാ കരയുന്നേ ഇരുട്ടിൽ ഒരു ചോദ്യം ഉയർന്നു.
ചിണുങ്ങി അവൾ പറഞ്ഞു എന്റെ പാവ. ബെല്ലി..
കരയണ്ട ..മോൾക്കു പാവയേ വേണോ ?
അവൾ സംശയിച്ചു അയാളെ നോക്കി.
മോളു വാ..
ഒരു പൂവു പോലെ ,ആ കറുത്ത കരങ്ങൾ അവളെ എടുത്തുയർത്തി ഇരുട്ടിലേക്കു നടന്നകലവേ....
കിളിഞ്ഞിൽ ചില്ലകൾക്കൊപ്പം ആശ്രയമറ്റ മുല്ലവള്ളി ശക്തമായ കാറ്റിൽ മണ്ണിലേക്കു ഊർന്നു വീണു.
നീതിദേവത വീണ്ടും ഒരു കറുത്ത തുണി കൊണ്ടു സ്വന്തം കണ്ണുകൾ മറച്ചു.
കടമ്പ മരത്തിലെ ചുവന്ന പൂക്കൾ, നിസഹായരായി ഏങ്ങലടിച്ചു കരഞ്ഞു..
അപ്പോൾ ......
തുറന്നിട്ട ജനാലയിലൂടെ തവിട്ടു കണ്ണുകളുമായി മിണ്ടാതെ , അനങ്ങാതെ ബെല്ലി പുറത്തേക്കു എത്തി നോക്കി..
.... പ്രേം.....

പരമേശ്വരന്റെഹൃദയം .


Image may contain: 1 person, beard, tree, outdoor and closeup
കിഴക്കുവശത്തെ ചില്ലിതെങ്ങിനു മുകളിൽ ചോര വാർന്നു വിളറിയ ചന്ദ്രൻ എന്തോ എത്തി നോക്കുന്നതു കണ്ടപ്പോഴാണ് പരമേശ്വരനു ശക്തിയായ നെഞ്ചുവേദന തോന്നിയത്.
വേദന വയറ്റിലൂടെ വന്നു നെഞ്ചിലേക്ക് പടർന്നു..
പാർവ്വതീ....
പാത്രം കഴുകി കൊണ്ടിരുന്ന പാർവ്വതി വേദന നിറഞ്ഞ ആ വിളി കേട്ടു. ഈറൻ കൈ സാരിത്തുമ്പിൽ തുടച്ച് പാർവ്വതി ഉമ്മറത്തേയ്ക്കു ചെന്നു.
ഇടതു നെഞ്ചു പൊത്തി വേദനയോടെ അയാൾ പറഞ്ഞു.
" എന്റെ ഹൃദയം "
മുന്നിൽ വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ വാർത്തയുടെ വിശദീകരണം . ഇനി അതാണോ വേദനയ്ക്കു കാരണം.?
വിഷമിക്കണ്ട.. വരൂ... നടന്നിട്ടു വരാം.
ആശുപത്രിയിലേക്കു പോകാം എന്ന് പാർവ്വതി പറഞ്ഞില്ല. കാരണം പല തവണ പരമേശ്വരനു നെഞ്ചുവേദന വന്നതാണ്.വയറിൽ നിന്നുയർന്ന് നെഞ്ചിലൂടെ പടരുന്ന വേദന. ആദ്യത്തെ ആറു തവണ ആശുപത്രിയിൽ പോയി. പിന്നെ നെഞ്ചുവേദന വരുമ്പോൾ അവർ ഒരുമിച്ചു അമ്പലത്തെരുവിലേക്കു നടക്കും. ഇടതു നെഞ്ചു പൊത്തി പരമേശ്വരൻ അപ്പോൾ ഓരോരോ കാര്യങ്ങൾ പറയും.
ഇതാ ഈ ഷർട്ടിടൂ.. നമുക്ക് നടക്കാൻ പോകാം..
പരമേശ്വരൻ ഇടതു നെഞ്ചിൽ കൈയമർത്തി ദേഷ്യത്തിൽ ചോദിച്ചു.
"നാടു കത്തുവാ " അപ്പോളാണോ ഷർട്ട്.
വാതിൽ പൂട്ടി ഇറങ്ങുമ്പോൾ മുകളിൽ ചന്ദ്രൻ വിളറിയ ചിരിയോടെ അവരെ നോക്കി.ദാഹിച്ച ഏതോ പക്ഷിയുടെ വരണ്ട ചിലയ്ക്കൽ കേട്ടു.
ഭൂമി തീഗോളമാണ് പാർവ്വതി..
പാർവ്വതി മൂളി...
ഒരു കൈ ഇടതു നെഞ്ചിൽ അമർത്തി തീ ഗോളമായ ഭൂമിക്കു മുകളിലൂടെ, പരമേശ്വരൻ നടന്നു. അയാൾക്കു പിറകിൽ ഒരു നിഴലുപോലെ പാർവ്വതിയും നടന്നു..
പ്രിയപ്പെട്ട വായനക്കാരാ..
ആഗോളതപനത്തെ പറ്റിയും , മഴു വീണ വൃക്ഷങ്ങളെക്കുറിച്ചും പരമേശ്വരൻ വാചാലനാവുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കു തെറ്റി.
ഇനി അതല്ല അകന്നു പോകുന്ന ബന്ധങ്ങളെക്കുറിച്ചോർത്തു മനം നൊന്തു പരമേശ്വരൻ പൊട്ടിക്കരയുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കു പിന്നേയും തെറ്റി..
നടന്നു പോകവേ പാതയുടെ വലിയൊരു വളവിൽ വച്ചു പരമേശ്വരനും പാർവ്വതിയ്ക്കും ഒപ്പം ഈ കഥയും പെട്ടെന്ന് ഇന്നലെകളിലേക്കു തിരിയുകയാണ്.
അവിടെ തെരുവുവിളക്കിനു താഴെ ഓർമ്മകളുടെ ഒരു ദിവസത്തെ ആയുസ്സുമായി പാറിക്കളിക്കുന്ന ഈയാംപാറ്റകൾ.
പറന്നകന്നു പോയ ഇന്നലെകൾ ഒരു ചിത്രം പോലെ പരമേശ്വരന്റെ കണ്ണിൽ തെളിഞ്ഞു വന്നു.
നിറഞ്ഞൊഴുകുന്ന പുഴ .കുണുങ്ങി വരുന്ന കടത്തുവള്ളങ്ങൾ. ചുറ്റും മരങ്ങളുടെ പച്ചപ്പുകൾ. കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന പാടങ്ങൾ.
പാടങ്ങൾക്കു നടുവിലൂടെ കൈ ചാലുകൾ നീന്തി, പയ്യെ നടന്നു വരുന്ന യുവാവും ,യുവതിയും.
പരമേശ്വരനും അയാളുടെ കൈകൾ മുറുകെ പിടിച്ചു പാർവ്വതിയും..
ഉച്ചമയക്കത്തിനായി പടിഞ്ഞാറെ മുത്തശ്ശി പ്ലാവിന്റെ താഴെ പുൽപായ വിരിച്ചു കിടക്കവേ അവൾ അയാളുടെ നെഞ്ചിൽ ചെവി വച്ചു...
പട പടാന്ന് ഇടിക്കുവാ ... എന്താ ഈ ഹൃദയം പറയുന്നേ..!!
ആ ഹൃദയഭാഷ അവൾക്കന്ന് പുതിയതായിരുന്നു. പിന്നീട് അതു കേട്ട്
കാലചക്രങ്ങൾ ആദ്യം പയ്യെ ഉരുണ്ടു. പിന്നെ ചിറകുവച്ചു പറന്നു.
മകൻ ജോലിക്കായി പുറം നാട്ടിലേക്കു പോകവേ പാർവ്വതി പരമേശ്വരന്റെ ഹൃദയതുടിപ്പുകൾ പിന്നേയും കേട്ടു..
ആശ്വാസമായി,സ്നേഹമായി,തണലായി, വാത്സല്യമായി, വേദനയായി ആ തുടിപ്പുകൾ അവളോടു ചേർന്നു നിന്നു.
അവർ പിന്നേയും നടന്നു..
മുടിയും മിഴികളും പാറി ചങ്ങല പൊട്ടിച്ചു നടന്ന ഒരു ഭ്രാന്തൻ കാറ്റിന്റെ ബലിഷ്ഠകരങ്ങളേറ്റു വാടിയ ഇലകളുമായി വൃക്ഷങ്ങൾ നിസഹയതയോടെ തലയാട്ടി നിന്നു..
വരണ്ടുണങ്ങിയ പുഴകളും പാടങ്ങളുടെ അസ്ഥികൂടങ്ങളും മാഞ്ഞു പോയ നന്മയുടെ മുഖങ്ങളും എല്ലാം ഓർത്തു അവർ അമ്പലതെരുവിലെ അത്തിമരത്തിനു ചുവട്ടിൽ നിന്നു.
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങൾക്കിടയിലൂടെ അയാൾ നരച്ച ആകാശത്തെ നോക്കി..
പാർവതി അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.. പിന്നെ മുകളിലേക്കു വിരൽ ചൂണ്ടി ... ദാ നോക്കൂ...
നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ അയാളതു കണ്ടു
ശിഖരങ്ങളിൽ തിളങ്ങുന്ന പച്ചപൊടിപ്പുകൾ. .
പ്രതീക്ഷയുടെ പുതു നാമ്പുകൾ.. അതിലൊരു മരക്കൊമ്പിൽ പരമേശ്വരന്റെ ഹൃദയം ചുവന്ന പഴങ്ങളായി കായ്ച്ചു നിന്നു.
.... പ്രേം......

കുബേരൻ


Image may contain: 1 person, beard, tree, outdoor and closeup


അപ്പുവിന് എട്ടു വയസ്സാണ്. മീനു അവന്റെ ചേച്ചിയാണെങ്കിലും പേരാണ് അപ്പു വിളിക്കുക.
തെക്കുവശത്തെ ആഞ്ഞിലിമരത്തിനു മുകളിലായി വർണ്ണങ്ങളുടെ പൂക്കുടകൾ വിരിയുന്നതും നോക്കി അവർ ഇരുന്നു. അയലത്തെ വീട്ടിൽ വലിയൊരു മേശപ്പൂ കത്തി മുകളിലേക്ക് ഉയർന്നു പൊങ്ങവേ അപ്പു മീനുവിനെ തോണ്ടി വിളിച്ചു.
ദാ നോക്ക് .. നല്ല ഭംഗിയല്ലേ...?
ഞാൻ വലുതാവുമ്പോൾ നിനക്ക് പടക്കം വാങ്ങിത്തരാട്ടോ..
തലയാട്ടിക്കൊണ്ട് അവൾ അവനെ ചേർത്തു പിടിച്ചു.
അപ്പു നിനക്ക് കുബേരനെ അറിയുവോ.?
കത്തി ഉയരുന്ന മേശപൂവിന്റെ വെളിച്ചത്തിൽ അപ്പുവിന്റെ കണ്ണുകൾ തിളങ്ങി. ഇല്ല... ആരാ കുബേരൻ..?
വീട്ടിലോട്ടു പൈസാ കൊണ്ടുവരുന്ന.....
വാക്കുകൾ മുഴുമിപ്പിക്കാതെ മീനു വാക്കുകൾ വിഴുങ്ങി..
ഓട്ടുരളിയും അലക്കുവസ്ത്രവും കൊന്നപ്പൂവും വാൽക്കണ്ണാടിയും ഫലങ്ങളും മുന്നിലില്ലാത്ത കണ്ണൻ ഓടക്കുഴലുമായി പുഞ്ചിരിച്ചു നിന്നു. ഇടയ്ക്കെപ്പോഴോ ഒളി കണ്ണോടെ അപ്പുവിനെ നോക്കി.അപ്പു കണ്ണടച്ച് പ്രാർത്ഥിക്കുകയാണ്. ഇടയ്ക്ക് അവൻ തിരിഞ്ഞു നോക്കി.. മുകളിലെ തട്ടിൽ കുടവയറും ,നിറഞ്ഞ ചിരിയും പണപ്പെട്ടിയും ആയി കുബേരന്റെ പ്രതിമ ആരേയും നോക്കാതെ നോക്കി അനങ്ങാതിരുന്നു.
മാനത്തു കാർമേഘങ്ങൾ ഉരുണ്ടു കയറി. പ്രാർത്ഥനകൾക്കിടയിൽ അപ്പുവിന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നു കണ്ണന്റെ മുന്നിൽ വീണു.
" കണ്ണാ ന്റെ പ്രാർത്ഥന കേൾക്കണേ.അമ്മയേയും അച്ഛനേയും കാക്കണേ" ..
പുറത്തു മഴ പെയ്തു തുടങ്ങി. ആദ്യം തുള്ളി തുള്ളിയായി. പിന്നെ പെട്ടെന്ന് ഒത്തിരി പേരുടെ കണ്ണുനീരുമായി മഴയുടെ ശക്തി കൂടി വന്നു.
പ്രാർത്ഥനകൾ കേട്ട്, പുഞ്ചിരി മായാതെ ഓടക്കുഴലും പിടിച്ച് കണ്ണൻ കലങ്ങിയ കണ്ണുമായി പുറത്തേക്കു നോക്കി നിന്നു.
... പ്രേം...

....കുഞ്ഞാറ്റക്കിളികളുടെ പ്രണയം.....


....കുഞ്ഞാറ്റക്കിളികളുടെ പ്രണയം.....
മഞ്ഞ പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിൽ വച്ചാണ് ഞാൻ ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. പൂക്കൾക്കിടയിൽ നിന്നും ഒരു പൂമ്പാറ്റയെ പോലെ, പുഞ്ചിരിച്ചു കൊണ്ട് അവൾ പറന്നു പൊങ്ങി വന്നു. .കാറ്റിൽ അവളുടെ നേർത്ത മുടിയിഴകൾ പാറികളിക്കുന്നുണ്ടായിരുന്നു..
ആ വലിയ വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ പയ്യെ വിളിച്ചു
...മീര ..
കടലാസിലേക്ക് മീരയെ പകർത്തി ഞാൻ നടന്നു. തിരക്കിനിടയിൽ പിന്നെ ഞാനവളെ മറക്കുകയും ചെയ്തു.
മഴയും വെയിലും മഞ്ഞും മാറി മാറി കാലം കടന്നു പോയി.
പിന്നീടൊരിക്കൽ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നുപോകവേ ഒരു ഇടിമിന്നലിനോടൊപ്പം വെളുത്തു നേർത്ത ഒരു ചെറുപ്പക്കാരൻ ആകാശത്തിൽ നിന്നും ഇറങ്ങി വന്നു.
സുന്ദരനായ ആ ചെറുപ്പക്കാരനെ ഞാൻ ശങ്കറെന്നു വിളിച്ചു.
തോൾസഞ്ചിയിലെ പുസ്തകങ്ങളുടെ ഇടയിൽ എഴുതാൻ വച്ച കടലാസിലേക്ക് ഞാൻ ശങ്കറിനെ കോറിയിട്ടു...
പൂന്തോട്ടങ്ങളിൽ നിന്നു വന്ന സുന്ദരി ഇടിമിന്നലിൽ നിന്നിറങ്ങി വന്ന ചെറുപ്പക്കാരൻ.
പുസ്തകങ്ങൾ അടുക്കി വയ്ക്കുന്ന അലമാരിയിൽ അവർ കണ്ടുമുട്ടി.
അവിടെ വെളുത്ത കടലാസ്സുകൾക്കിടയിൽ മീരയും ശങ്കറും മിണ്ടാനാവാതെ അന്യോനം നോക്കിയിരുന്നു. വിശാലമായ കടൽത്തീരങ്ങളിൽ.. നഗരങ്ങളിലെ കൂറ്റൻ മാളുകളിൽ. റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കസേരകളിൽ
ബസ്സ് സ്റ്റാൻഡിലെ ചാരുബഞ്ചിൽ ഒക്കെ അവർക്കു പ്രണയിക്കുവാൻ, മൗനം വെടിയുവാൻ ഒരു സ്ഥലം തേടി ഞാൻ നടന്നു.
അവസാനം എന്റെ ഭാര്യ സഹായത്തിനെത്തി.
അവർക്കു സ്വസ്ഥമായി സംസാരിക്കുവാൻ ഒരു സ്ഥലം നിങ്ങൾക്ക് അത്രേല്ലേ വേണ്ടൂ..?
പരിമിതികൾ മറന്ന് ഞാൻ തലയാട്ടി.
പുസ്തകങ്ങൾ അടുക്കി വച്ച മുറിയിലെ കിടക്ക വിരി വൃത്തിയാക്കി അവൾ പറഞ്ഞു. അവരെ ഇങ്ങോട്ടു വിളിച്ചോളൂ
ഭാര്യ പോയപ്പോൾ കിടക്കയിലെ വിരി ഒന്നു കൂടി വൃത്തിയാക്കി ഞാൻ വിളിച്ചു
..വരൂ.. മീര..
കടലാസ്സുകളിൽ നിന്ന് സ്വർണ്ണ പാദസരങ്ങൾ ഇട്ട വെളുത്ത കണങ്കാലുകൾ ഇറങ്ങി വന്നു.പിന്നെ ഒരു ചെറു പുഞ്ചിരിയോടെ അവൾ കട്ടിലിൽ ഇരുന്നു.
പിന്നെയായിരുന്നു ശങ്കറിന്റെ ഊഴം.
ശബ്ദം കിട്ടിയ സന്തോഷത്തിൽ ഒരു കവിതാ ശകലവും മൂളി പയ്യെ അവൻ വന്നു. സ്വപ്നങ്ങൾ ഉറങ്ങുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ മിന്നലാട്ടങ്ങൾ.
ശബ്ദമില്ലാത്ത പ്രണയത്തിന്റെ പ്രതീകങ്ങളായി ഇതാ അവർ...
ശബ്ദം കിട്ടിയ അവർക്കു പറയുവാൻ ഒത്തിരി കഥകളുണ്ടാവും.
ഞാൻ ശല്യമാവാതെ പുറത്തേയ്ക്കു നടന്നു.
നീണ്ട മൗനങ്ങൾക്കു ശേഷം അവർ എന്താവും പറയുന്നത്??
പുറകിൽ എന്റെ ഭാര്യയുടെ കാൽപെരുമാറ്റം ഞാൻ കേട്ടു.
എന്തായി..അവൾ ചോദിച്ചു.
വീണ്ടും അകത്തു ചെല്ലുമ്പോൾ കട്ടിലിൽ അവർ അടുത്തടുത്ത് മുട്ടാതെ ഇരിക്കുകയായിരുന്നു.
എന്നെ കണ്ടതും അവർ എഴുന്നേൽക്കാൻ ഭാവിച്ചു.
വേണ്ട ഇരിക്കൂ...
മീരയാണ് പറഞ്ഞത്.
മാഷ് ഏതെങ്കിലും പീഡന കഥയിലെ നായിക ആക്കുമോ എന്ന പേടിയിലായിരുന്നു ..
ഞാൻ ഉറക്കെ ചിരിച്ചു പോയി.
ചിരി കേട്ട് ഭാര്യയും അകത്തേക്കു വന്നു.
ശങ്കർ എന്താ ഓർത്തത്?
ആദ്യം വിയറ്റ്നാമിൽ ഉണ്ടായ ഭക്ഷ്യ പ്രശ്നങ്ങൾ ഓർത്തു.. പിന്നെ..
പെൺകുട്ടികളുടെ അച്ഛൻമാരുടെ ആധിയെ പറ്റി..
തുറന്നിട്ട ജനാലയിലൂടെ മീര പുറത്തേയ്ക്കു നോക്കി.. പിന്നെ വേദനയോടെ പറഞ്ഞു..
മാഷേ... തെരുവിലെ വിശക്കുന്ന കണ്ണുകൾ.. അമർത്തപ്പെടുന്ന നെരാശ്യങ്ങൾ.. നിസഹായതകൾ.
പിന്നെ സ്വപ്നം കാണാൻ പറഞ്ഞു പഠിപ്പിച്ച മഹാനായ അദ്ദേഹത്തെക്കുറിച്ച്..
ഭാര്യ പെട്ടെന്ന് എന്നേയും വിളിച്ച് പുറത്തേയ്ക്കു നടന്നു.
എന്താ നിനക്കെന്തു പറ്റി?
നിങ്ങടെ കഥാപാത്രങ്ങൾക്കു വട്ടാണ്..നിങ്ങൾക്കും..
പ്രണയിക്കാൻ അറിയാത്ത വിഡ്ഢികൾ..
പ്രണയിക്കുമ്പോഴാ മുടിയും മിഴികളും പാറിയ തെരുവിന്റെ കഥ പറയുന്നത്
അപ്പോൾ ചാരിയ വാതിലിന്റെ വിടവിലൂടെ ഒരു പാട്ട് പുറത്തേക്ക് ഒഴുകി വന്നു..
കൂട്ടിനിളംകിളി കുഞ്ഞാറ്റ കിളി കൂടും വെടിഞ്ഞിട്ട് പോകല്ലേ..
കൂട്ടിനു കിട്ടിയ തോഴനെ വിട്ടീ കുഞ്ഞാറ്റ കിളി പോവില്ല..
അവർ പാടുകയായിരുന്നു..
ഭാര്യയുടെ മുഖം ചുവന്നു തുടുത്തു. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു..
ഇപ്പോ എങ്ങനെയുണ്ട് ?
അവളതിനു മറുപടി പറയുവാൻ തുനിയുമ്പോഴേയ്ക്കും ശങ്കറിന്റെ ഉറച്ച ശബ്ദം ഞാൻ കേട്ടു..
അഹിംസയെന്ന മാർഗ്ഗം മുറുകെ പിടിച്ച് രാജ്യത്തിനു വേണ്ടി പോരാടി വെടിയേറ്റു വീണ മഹാത്മാവിന്റെ കഥ..
ഇത്തിരി തുറന്നിട്ട വാതിലിലെ വിടവിലൂടെ ഞങ്ങൾ അകത്തേയ്ക്കു നോക്കി...
നിറഞ്ഞ കണ്ണോടെ മീര ശങ്കറിന്റെ കൈകളിൽ പിടിച്ച് കഥ കേട്ടിരുന്നു
പിന്നെ എപ്പോഴോ പരിസരം മറന്ന് അവൾ പൊട്ടിക്കരഞ്ഞു.
... പ്രേം...

... ചേരദംശനം....


... ചേരദംശനം....
ഞാൻ ഈയിടെ രണ്ട് പാമ്പുകളെ കണ്ടു...
ഒന്ന് ഉഗ്രവിഷമുള്ള ഒരു മൂർഖൻ..പത്തി വിരിച്ചുനിന്നപ്പോൾ നെറ്റിയിൽ മനോഹരമായ ചന്ദ്രക്കല..
എന്റെ പട്ടി കുരച്ചു ബഹളം വയ്ക്കവേ മൂർഖൻ കുറച്ചു നേരം പത്തി വിരിച്ചു നിന്നു. പിന്നെ പത്തി താഴ്ത്തി വളരെ സാവധാനത്തിൽ ശാന്തനായി എന്റെയും പട്ടിയുടെയും അരികിലൂടെ പുറത്തേയ്ക്ക് ഇഴഞ്ഞു..
ഉഗ്രവിഷമുള്ളതുകൊണ്ട് തന്നെ ഞാൻ പട്ടിയെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. 
രണ്ടാമത്തെ പാമ്പ് ഒരു പെൺ ചേരയായിരുന്നു. നേരെത്തെ പറഞ്ഞ മൂർഖനുമായി ഇഴഞ്ഞു നടക്കുക എന്നത് ചേരയുടെ ഒരു വിനോദമായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതകളിൽ ഒരു പരിധി വിട്ട് ഇടപെടാത്തവനായതു കൊണ്ട് അവർ ഒരുമിച്ചു ഇഴയുന്നതിൽ എനിക്കു യാതൊരു പരാതിയും ഇല്ലായിരുന്നു..
നാട്ടിലെ പശുവിനോടും, പട്ടിയോടും ആടിനോടും അവരുടെ സൗഹ്യദത്തെ പറ്റി വീമ്പിളക്കുന്നതു അതിനാൽ ഞാൻ കണ്ടില്ലെന്ന് നടിച്ചു
ഇക്കാലത്തിനിടയിൽ ഞാൻ ഒത്തിരി പാമ്പുകളെ കണ്ടിട്ടുണ്ട്. എത്രയോ രാജവെമ്പാലകൾ , എത്രയോ വെള്ളിക്കെട്ടൻമാർ.. എത്രയോ രക്ത അണലികൾ... അതിൽ പലതും ഞാനീ കണ്ട മൂർഖനേക്കാൾ വിഷമുള്ള പാമ്പുകളായിരുന്നു. അതു കൂടാതെ പാമ്പുകളെ റാഞ്ചി പറക്കുന്ന ഒത്തിരി പരുന്തുകളേയും എനിക്കറിയാമായിരുന്നു..
കഴിഞ്ഞ ദിവസം നാട്ടുവഴിയിലൂടെ നടക്കുമ്പോൾ വല്ലാത്ത ദുർഗന്ധത്താൽ ഞാൻ മൂക്കുപൊത്തി. സഹികെട്ടപ്പൊൾ എതിരെ വന്നവരോടു കാരണം തിരക്കി.
കാട്ടിൽ ഏതോ കൊച്ചു തെരുവുപട്ടി ചത്തു കിടപ്പുണ്ട് . അവർ പറഞ്ഞു.
പട്ടി ചത്തതിൽ എനിക്ക് ദുഃഖമൊന്നും തോന്നിയില്ല. വഴിക്കരുകിലെ പൊന്തക്കാട്ടിൽ നിന്നും അപ്പോൾ ഞാനൊരു ചിരി കേട്ടു.. നോക്കുമ്പോൾ ചേരയാണ്..
മൂർഖൻ നിൽക്കുന്ന പോലെ നിൽക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ചിരി വന്നു. പത്തിയില്ല.. ചന്ദ്രക്കലയില്ല.
എന്തേ ചിരിച്ചത്..?
ഞാനും മൂർഖൻ ചേട്ടനും കൂടിയാ ആ പട്ടിയെ കൊന്നത് ..ചേര പറഞ്ഞു.
ഞാൻ ചോദിച്ചു. അതെങ്ങനെ?
ഞാനും മൂർഖൻ ചേട്ടനും ഒരുമിച്ചാ ആ പട്ടിയെ ദംശിച്ചത്..
ഞാൻ ഇപ്പോൾ ഒരു സംശയത്തിന്റെ മുൾമുനയിലാണ്.
പ്രിയപ്പെട്ടവരെ ... നിങ്ങളോ ?
.... പ്രേം.....

...... കാട്ടരുവിയുടെ പുഞ്ചിരി......


...... കാട്ടരുവിയുടെ പുഞ്ചിരി......
രാഗിണി മുന്നിലാണ് നടന്നത്..
ചുവന്ന ടോപ്പും നീല ജീൻസുമായിരുന്നു അവളുടെ വേഷം.തോളിൽ കറുത്ത ഒരു ചെറിയ ബാഗ്.
കുത്തനെയുള്ള ഇറക്കങ്ങളിൽ അവൾ ആദ്യം ഇറങ്ങി തിരിഞ്ഞു നോക്കും. ഇടയ്ക്ക് കൈകളിൽ മുറുകെ പിടിച്ച് പറയും.. സൂക്ഷിച്ച് പയ്യെ..
സാധാരണ പുരുഷൻമാർക്കാണ് ധൈര്യം. നിനക്ക്.. അവളുക്കെച്ചിരിച്ചു..
ഇറക്കങ്ങൾ എനിക്ക് പേടിയാണ്. മാത്രവുമല്ല വഴിയരുകിൽ നിറച്ചു പാർത്ഥേനിയം ചെടി പിടിച്ചു നിന്നിരുന്നു.. ഒരു പക്ഷെ ശ്വാസമുട്ടുന്നതിന്റെ ഒരു കാരണം അതാവാം..
മുമ്പൊരിക്കൽ അവൾ പറഞ്ഞിരുന്നു.
രാത്രിയിൽ പുലിയും, ആനയും ഇറങ്ങുന്ന, മരങ്ങളും അരുവിയുമുള്ള ഈ സ്ഥലത്തെ പറ്റി.
ഭയം മറച്ചു വച്ച് ഞാൻ പയ്യെ നടന്നു.
നിരപ്പിലെത്തിയപ്പോൾ ആശ്വാസം തോന്നി.. നിറയെ മരങ്ങളാൽ നിറഞ്ഞു പകൽ ഇരുണ്ടു കിടന്നു.
രമേഷ് നീ തളർന്നോ... ഒന്നു തിരിഞ്ഞ് അവൾ ചോദിച്ചു
ഇല്ല.. കിതപ്പു കാണിക്കാതെ ഞാൻ വേഗം നടന്ന് അവളുടെ ഒപ്പമെത്തി.
വീണ്ടും കുത്തനെയുള്ള ഇറക്കം. വഴുക്കലുണ്ടായിരുന്നതിനാൽ അവളുടെ കൈ പിടിച്ച് പയ്യെ പടിയിറങ്ങി..
അകലെ വച്ചേ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു. ഒരു ചെറിയ അരുവി മലമുകളിൽ നിന്ന് വീണു ചിതറിയൊഴുകുന്നു .. അതിനു താഴെ കുറച്ചു പേർ ആർത്തുല്ലസിക്കുന്നു..
ചുറ്റും മരങ്ങളാൽ നിറഞ്ഞ് പാറകൾ കൂടി കിടന്ന മറ്റൊരിടം. അവിടെ നിന്ന് അകലങ്ങളിലേക്ക് മിനുസമാർന്ന ഉരുളൻ കല്ലുകൾ നിരപ്പാർന്നു കിടക്കുന്നു.
തള്ളി നിൽക്കുന്ന പാറയിടുക്കു ചൂണ്ടി അവൾ പറഞ്ഞു .. " രമേഷ് നോക്കൂ ".
മടിയിൽ തല വച്ചു കിടക്കുന്ന സ്ത്രീ രൂപം പോലെ ഒരു പാറ. അതിൽ മഞ്ഞ കോളാമ്പി പൂക്കൾ നിറഞ്ഞ വള്ളികൾ പടർന്നു കിടന്നു.
അരുവിയിൽ മുഖം കഴുകിയപ്പോൾ ഒരാശ്വാസം തോന്നി..
കുറച്ചകലെ വിജനമായ പ്രദേശം..
ഉരുളൻ കല്ലുകളിലൂടെ ഞങ്ങൾ വെറുതെ അങ്ങോട്ടു നടന്നു.. അകലേക്ക് വ്യാപിച്ചു കിടക്കുന്ന യൂക്കാലി മരങ്ങൾ...
കുറച്ചു നടന്നു തളർന്നപ്പോൾ ഇരുന്നു.. യൂക്കാലി മരങ്ങളെ തഴുകി വരുന്ന കാറ്റിൽ തണുപ്പും,സുഗന്ധവും ഉണ്ടായിരുന്നു.
" ഞാനൊരു കവിത പാടട്ടേ.".
ഉം... അവൾ മൂളി..
ഉരുളൻ കല്ലുകളിൽ ആകാശം നോക്കി മലർന്നു കിടന്നു.. അരുവിയുടെ പതം പറച്ചിൽ കേട്ട്.. അകലെ വെള്ളത്തൂവലുകൾ പാറി കിടന്ന ആകാശം കണ്ട് ഞാനുറക്കെ പാടി.. കാട്ടുചെടികൾ തലയാട്ടി താളം പിടിച്ചു..
എന്റെ കാലിൽ തല വച്ച് കിടന്നു അവൾ ചോദിച്ചു?
"നീ എന്താ നോക്കുന്നത്. ".?
"ഗന്ധർവ്വനെ... മേഘപാളികൾക്കിടയിലൂടെ സ്വർണ്ണ രഥത്തിൽ പച്ച പട്ടുടുത്തു വരുന്ന ഗന്ധർവ്വനെ."
നീയാ എന്റെ ......
ഞാനവളുടെ മുടികൾ തലോടി... അവളെന്റെ കൈകളിൽ മുറുകെ പിടിച്ചു..
' കോളാമ്പി ചെടികൾക്കിടയിലൂടെ പാറയിടുക്കിൽ നിന്ന് രണ്ടു യുവാക്കൾ ആ കാഴ്ച കണ്ടു.. ആളൊഴിഞ്ഞയിടത്ത് മിനുസമായ പാറയിൽ മലർന്നു കിടക്കുന്ന രണ്ടു പേരെ..സുന്ദരിയായ യുവതി. മെലിഞ്ഞു ശോഷിച്ച ഒരു യുവാവ്.
ആലിംഗനമോ ,ചുംബനമോ ഇല്ലാത്ത ആ തണുപ്പൻ പ്രണയരംഗം അവരെ നിരാശയിലാക്കി.. മുക്കാലും കാലിയായ മദ്യക്കുപ്പിയിൽ നിന്നും മാറി മാറി കുടിക്കവേ അവരുടെ കണ്ണുകളിൽ നിന്നും സ്വർണ്ണ പാമ്പിഴഞ്ഞിറങ്ങി അകലങ്ങളിലേക്ക് പറന്നു.
അപ്പോളാണ് അവർ അതു കണ്ടത്. യൂക്കാലി മരങ്ങൾക്കിടയിലൂടെ രണ്ടു പേർ അങ്ങോട്ടു നടന്നു വരുന്നു. ഒരാളുടെ കൈയ്യിൽ മുറുകെ പിടിച്ച കഠാര... ബലിഷ്ഠമായ കറുത്ത ശരീരം..
എല്ലാം കണ്ടിട്ടും ഒന്നുമറിയാത്തവളെ പോലെ ഒഴുകുന്ന അരുവി പുഞ്ചിരിച്ചു നിന്നു.
അവർ ആ രംഗം മനസ്സിൽ കണ്ടു.
ആകാശം നോക്കി കിടക്കുന്ന അവന്റെ മാറിൽ ആഴ്ന്നിറങ്ങുന്ന കഠാര... മിനുസമായ കല്ലുകളിൽ ഒഴുകുന്ന രക്തം
പിന്നെ യൂക്കാലി മരങ്ങൾക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകവേ ആ സുന്ദരിയുടെ നിസഹായമായ നിലവിളി..
അരുതേ എന്ന യാചന...
ആരായിരിക്കും അവളെ ആദ്യം.....?
പാറയിടുക്കിൽ തിളങ്ങുന്ന കണ്ണുകളുമായി അവർ കാത്തിരുന്നു...
..... പ്രേം.....

.... താരാട്ടു പാട്ട്.....


.... താരാട്ടു പാട്ട്.....
തണുപ്പുള്ള ഒരു രാത്രിയായിരുന്നു അത്.
മരക്കൊമ്പിൽ ചേക്കേറിയ ഇണകിളികളിലൊന്നു പെട്ടെന്നാണതു കണ്ടത്.
കടവിലെ, ആളൊഴിഞ്ഞ കോണിൽ സാരിത്തലപ്പു കൊണ്ട് തല മറച്ച ഒരു സ്ത്രീയും അവളുടെ കൈയ്യിൽ മുറുകെ പിടിച്ച ഒരു കുട്ടിയും.
കടവിൽ കെട്ടിയിട്ട വള്ളങ്ങൾ ഇരുട്ടിൽ ആർക്കോ വേണ്ടി വെറുതെ തലയാട്ടി നിന്നിരുന്നു.
അവർ എന്തിനാ അവിടെ...?
ആ ചോദ്യത്തിനു ഉത്തരം തേടി ആ കിളികൾ പറന്നുചെന്നു ചരിച്ചു നാട്ടിയ മരക്കുറ്റിയിൽ ഇരുന്നു.
മുകളിലെ ആകാശത്ത് കുന്നുകയറി പോകുന്ന ചന്ദ്രന്റെ വിളറിയ ചിരിയുടെ വെളിച്ചത്തിൽ കിളികൾ വ്യക്തമായി കണ്ടു ആ മുഖങ്ങൾ.
കുട്ടിയ്ക്ക് കഷ്ടിച്ച് അഞ്ചോ, ആറോ വയസ്സ് പ്രായം വരും . എണ്ണ കാണാതെ പാറി കിടക്കുന്ന മുടിയിഴകൾ. മുട്ടിനു താഴെ എത്തി നിൽക്കുന്ന നിക്കർ..
ദൂരെ അവ്യക്തമായി കാണുന്ന മറുകരയിലേക്ക് കണ്ണുകൾ നട്ട് അവർ അങ്ങനെ നിൽക്കുകയാണ്..
ഏതോ നിമിഷത്തിൽ മൗനം ഭേദിച്ച് കുട്ടി ചോദിച്ചു അമ്മേ... എവിടെ?..
മറുപടിയെന്നോണം ആ സ്ത്രീ അകലേക്ക് കൈ ചൂണ്ടി..
ആൺകിളി കായലിലേക്ക് നോക്കി
കറുത്ത കായലിൽ നഗര വെളിച്ചങ്ങൾ പ്രതിഫലിച്ചു കിടക്കുന്നുണ്ടായിരുന്നു.
ഏതോ വള്ളത്തിൽ കത്തിച്ചു വച്ച ഒരു വിളക്കിന്റെ നുറുങ്ങു വെട്ടം അകലെ ഇളകിയാടുന്നുമുണ്ടായിരുന്നു.
രണ്ടടി മുന്നോട്ട് വച്ച് ആ കുട്ടി പ്രതീക്ഷയോടെ , ഇരുണ്ട കായലിനെ ഒരു നിമിഷം നോക്കി നിന്നു.പിന്നെ കൈകൾ നീട്ടി ഉറക്കെ വിളിച്ചു
" അച്ഛാ.... വാ .... ഒന്നു വാ."
കാറ്റിൽ രാഗ സാന്ദ്രമായ ഏതോ ഒരു പാട്ട് പോലെ ആ വിളി അലിഞ്ഞകന്നു പോയി.
" ഒന്നു വാ " ... " എന്റെ പൊന്നച്ഛാ "..
കുട്ടി പിന്നേയും ഉറക്കെ വിളിച്ചു. ആ വിളിയുടെ പ്രതിധ്വനികൾ ഓളങ്ങളായി തീരത്ത് തലതല്ലിക്കരഞ്ഞു..
അമ്മേ എന്നെ വേണ്ടേ ..അച്ഛന്.?
വാക്കുകൾ കിട്ടാതെ ആ അമ്മ തെല്ലിട നിന്നു.പിന്നെ മകനെ വാരിയെടുത്തു. അവന്റെ ഇരു കവിളിലും ഉമ്മ വച്ചു.
" ന്റെ മോന് അമ്മയുണ്ട് "..
കുറച്ചേറേ നേരം അവരങ്ങനെ നിന്നു.പിന്നെ മെല്ലെ നടന്നു കടവിലെ ഒഴിഞ്ഞ കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു.
അമ്മയുടെ മടിയിൽ തല വച്ച് ആ കുട്ടി മുകളിലേക്ക് നോക്കിക്കിടന്നു.
അവരുറങ്ങാൻ പോകുവാണോ? പെൺകിളി ആൺകിളിയോട് ചോദിച്ചു.
പാടമ്മേ....ഒരു പാട്ടു പാടമ്മേ..
അമ്മ അവന്റെ മുടിയിൽ തഴുകി അകലേക്കു നോക്കിയിരുന്നു.. പിന്നെ തുടയിൽ മെല്ലെ തട്ടി പാടി..
"താമരത്തുമ്പീ വാ വാ
താരാട്ട് പാടാൻ വാ...
വാ.. താളം പിടിക്കാം ഞാൻ
കരൾ തംബുരു മീട്ടാം ഞാൻ വാ..."
പ്രകാശവർഷങ്ങൾക്കപ്പുറത്തു നിന്ന് ഏകാന്തനക്ഷത്രം അതു കേട്ട് വിറപൂണ്ടുനിന്നു.ക്ലേശത്രയങ്ങൾ മാറാൻ ശാന്തിമന്ത്രം ജപിച്ചു വന്ന ഒരിളം കാറ്റിൽ മരങ്ങൾ പീലി വിടർത്തിനിന്നാടി..
അപ്പോൾ ...
പുതിയ കഥയുടെ കതിരു കൊത്തി ആ കിളികൾ അകലേക്കു പറക്കുകയായിരുന്നു ....
...പ്രേം....

.....പ്രണയ ജല്പനങ്ങൾ....


.....പ്രണയ ജല്പനങ്ങൾ....
അവധി ദിവസമായതുകൊണ്ടാവും വണ്ടിയിൽ തിരക്കു കുറവായിരുന്നു.
ജനലിലൂടെ പുറകിലേക്ക് ഓടുന്ന വ്യക്ഷ കൂട്ടങ്ങളിലേക്ക് നോക്കിയിരുന്നു.. ക്ഷീണത്താൽ ഇടയ്ക്കെപ്പോഴോ ഉറക്കം കണ്ണുകളിൽ തൂങ്ങി മയങ്ങി നിന്നു..
എതിർവശത്തെ സീറ്റിൽ സുന്ദരിയായ ഒരു യുവതി അവളുടെ കാമുകന്റെ മുടിയിൽ തലോടുകയാണ്.. അവൻ അവളോട് ചേർന്നിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്.. പെട്ടെന്നാ ചെറുപ്പക്കാരൻ ചോദിച്ചു.
സാറിന്റെ പേര്...?
ഞാൻ പേരു പറഞ്ഞു..
ശങ്കരേട്ടന്റെ പ്രണയം എഴുതിയ.....
ഞാൻ തലയാട്ടി...തെങ്ങിനെ പ്രണയിച്ച ശങ്കരേട്ടൻ.. ഷർട്ടിടാതെ തോർത്തു മാത്രം ഉടുത്തു പ്രണയത്താൽ തെങ്ങിനെ കെട്ടിപ്പിടിച്ചു ചുംബിച്ച കാമുകൻ...
ദേഷ്യത്തിൽ ആ യുവതി എന്നെ നോക്കി പറഞ്ഞു..
ഇയാളൊരു പൊട്ടനായ കഥാകാരൻ ആണ്..
പരിഹാസം കേട്ട് ഉറക്കം പെട്ടെന്ന് എങ്ങോ ഓടിയൊളിച്ചു.. പുറകിലേക്ക് ഓടുന്ന തെങ്ങുകൾ അതു കേട്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
തെങ്ങിന്റെ ഭർത്താവാണോ കഥാകൃത്തേ ശങ്കരേട്ടൻ? തെങ്ങിന്റെ കാമുകനല്ലേ...?... അല്ലേ?...
ആരാണാ ചോദ്യം ചോദിച്ചത്?
ആ ചെറുപ്പക്കാരനാണോ? അതോ ആ സുന്ദരിയായ യുവതിയോ...?
അതെ... പ്രണയ വിവശനായ കാമുകനാണ് ശങ്കരേട്ടൻ...
എന്നിട്ടാണോ കഥാക്യത്തേ അയാൾ തെങ്ങിന്റെ മണ്ടയിൽ പിടിച്ച് ഇറങ്ങാതെ ഇരിക്കുന്നത്? ആരെങ്കിലും കാണില്ലേ?
ശരിയാണ് ഭർത്താവായിരുന്നെങ്കിൽ ശങ്കരേട്ടൻ ഉറപ്പായും അവിടെ തന്നെ ഇരു‌ന്നേന്നേ...ഇതിപ്പോൾ....?
പ്രണയം എഴുതാനറിയാത്ത ....
ആ സുന്ദരി പുച്ഛരസത്തിൽ വീണ്ടും എന്നെ നോക്കി...
ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തി. സുന്ദരി കാമുകന്റെ വിരലുകൾ വളച്ചൊടിക്കുവാൻ ശ്രമിക്കുന്നു.. വേദനയിലും കാമുകൻ ചിരിക്കുന്നു..
എനിക്ക് സങ്കടം വന്നു.കഴിഞ്ഞ ദിവസം ഭാര്യ അടുത്തിരിക്കവേ അവളുടെ വിരലിൽ മുറുകെ പിടിച്ചപ്പോൾ..
നിങ്ങൾ എന്റെ കൈ വിട്... വേദനിച്ചാൽ ഞാൻ...
പേടിയോടെയാണ് കൈ വിട്ടത്.ഉടൻ ദേഷ്യത്തിലൊന്നു നോക്കി അവൾ അടുക്കളയിലേക്ക് പോയി..
കുഞ്ഞേ... പൂയ്
ഞാൻ പുറത്തേക്കു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല.. സ്റ്റേഷനരുകിൽ ചാഞ്ഞു നിന്ന തെങ്ങിന്റെ മുകളിൽ തോർത്തുമുടുത്ത് അരിവാളുമായി ശങ്കരേട്ടൻ അതാ....
പ്രണയ വിവശനായ കാമുകൻ...
ശങ്കരേട്ടാ.... ഇറങ്ങ്.... വല്ലോരും കാണും..
നാണിച്ചു കൂമ്പിയ കണ്ണുമായി ഒരു തെങ്ങ്... കാറ്റിൽ മുടിയിഴകൾ പോലെ ഇളകുന്ന തെങ്ങോലകൾ...
ഇനി പ്രണയമെന്ന പേരിൽ ഇയാൾ തെങ്ങിനെ പീഡിപ്പിക്കുകയാണോ?
ശങ്കരേട്ടാ ..
എന്താ കുഞ്ഞേ അയാൾ വിളി കേട്ടു .
ഇവിടെ എഴുത്തുകാർ ഒരു പ്രശ്നം ഉണ്ടാവാൻ കാത്തിരിക്കുകയാണ്.. താഴെയിറങ്ങ്...
അവർ വെറുതെയിരിക്കില്ല. ഇൻഡ്യൻ പീനൽ കോഡിന്റെ സെക്ഷൻ ഉൾപ്പെടെ വിവരിച്ച് ......
കുഞ്ഞേ അവർക്ക് വേറേ ഒരു പണിയുമില്ലേ ... ചിരിച്ചുകൊണ്ടാണ് ശങ്കരേട്ടൻ അതു ചോദിച്ചത്.
വണ്ടി മെല്ലെ നീങ്ങി തുടങ്ങിയിരുന്നു.. ആയിരം കഥകൾ പറയുന്ന കണ്ണുമായി ഒരു വൃദ്ധ ആരെയൊക്കെയോ തുറിച്ചു നോക്കുന്നു..
ഞാൻ വീണ്ടും ചാഞ്ഞു നിന്ന തെങ്ങിലേക്ക് ഒന്നെത്തി നോക്കി
കുരുത്തോലകൾ കൂട്ടിപ്പിടിച്ച് ശങ്കരേട്ടൻ മണ്ടയിൽ തന്നെയിരിക്കുന്നു .
അപ്പോൾ....
ഉണങ്ങി വരണ്ട പുഴ കടന്ന ഒരിളം കാറ്റ് കവിതയുടെ ഈരടികൾ പാടി ഓടി വന്നു...
ആടിയുലയുന്ന വണ്ടിയിൽ വിറച്ചു വിതുമ്പുന്ന ചുണ്ടുകളോടെ ആ സുന്ദരി ശങ്കരേട്ടാ എന്ന വിളിയോടെ കാമുകനെ ചുംബിക്കുന്നു..
കാറ്റിൽ അവ്യക്തമായി ആ കവിത വീണ്ടും...
" പ്രണയം പേപ്പട്ടിയായി അലയും കാലം.......
.. പ്രേം....

.... ഇരുണ്ടു പോയ വെളിച്ചങ്ങൾ....


..... ഇരുണ്ടു പോയ വെളിച്ചങ്ങൾ....
മരുന്നുകളുടെ മണമായിരുന്നു മുറിയ്ക്ക്...
ഗുളികകളുമായി പത്മം വന്നപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നില്ല. എന്റെ നെഞ്ചിൽ കൈവച്ച് അവൾ പയ്യെ വിളിച്ചു.. ."മുകുന്ദേട്ടാ."..
ഉറക്കത്തിൽ നിന്നുണരുന്നപോലെ ഞാൻ കണ്ണു തുറന്നു..
കഴിഞ്ഞു പോയ മൂന്നു ദിവസങ്ങൾ...
ഡോക്ടറുടെ മുഖവും ശബ്ദവും വീണ്ടും ഓർത്തു.. സ്കാനിങ്ങ് റിപ്പോർട്ട്... തലച്ചോറിലെ ഞരമ്പിന്റെ ബലക്ഷയങ്ങൾ......
യൂ ആർ ലക്കി മേനോൻ... ഗീവ് താങ്ക്സ് റ്റു ഗോഡ്...
ഈശ്വരനുള്ള നന്ദി പറച്ചിൽ... അതോ...?
പിന്നെ എന്തോ ആലോചിച്ചു ഡോക്ടർ ചോദിച്ചു.
ഈ മറവി തുടങ്ങിയിട്ട് കുറേ നാളായോ..?
മറുപടി പറഞ്ഞത് പത്മം ആയിരുന്നു. ഇടയ്ക്കുള്ള എന്റെ മറവികൾ.. ദേഷ്യങ്ങൾ.. ചിലപ്പോൾ വരുന്ന തലചുറ്റൽ..
ഈ പ്രായത്തിൽ ഇനി സർജ്ജറി വേണ്ട.. പക്ഷെ ഗുളികകൾക്ക് മുടക്കം വരുത്തരുത്.. ബിപി കൂടാതെ നോക്കണം..
വയസ്സായവർക്കുള്ള പരിമിധികൾ.....പരിഗണനകൾ...
എന്താ മുകുന്ദേട്ടാ ആലോചിക്കുന്നത്?.
ഞാൻ വെറുതെ ചിരിച്ചു..
ഗുളികകൾ ഒരോന്നായി വിഴുങ്ങുമ്പോൾ പുറത്തേക്ക് നോക്കി..
തുറന്നിട്ട ജനാലയ്ക്കപ്പുറത്ത് റോസാ പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടം നിലാവെട്ടത്തിൽ ഇരുണ്ടു നിന്നു..
ഇരുട്ടിൽ ചില ചെടികൾ എന്നെ നോക്കി തലയാട്ടുന്നു.. ചില പൂക്കൾ ചിരിക്കുന്നു... ചിലവ കൊഴിയാറായി കൂമ്പി നിൽക്കുന്നു...
ലീവിനു വേണ്ടി അവൻ ശ്രമിക്കണുണ്ട്..
ഇടയ്ക്കിടെ വിളിക്കും...പത്മം ആരോടോ പറയുന്ന പോലെ പറഞ്ഞു..
അടുത്തെവിടെയോ "അച്ഛാ "എന്നു വിളിച്ചുറക്കെ കരയുന്ന ശബ്ദം... ആരുടേയൊക്കെയോ തേങ്ങലുകൾ..
മരണത്തിന്റെ കാലൊച്ചകൾ...
മുകുന്ദേട്ടാ...
ശ്രീക്കുട്ടിയുടെ പരീക്ഷയായതുകൊണ്ട് ദീപയ്ക്ക് വരാനാവില്ലത്രേ... ഫൈനൽ എക്സാമല്ലേ...
"ഉം " ഞാനൊന്നു മൂളി..
...പണ്ട്...
എന്റെ കൈവിരൽ തൂങ്ങി നടന്ന കുഞ്ഞുങ്ങൾ....
അച്ഛനോട് മോൾക്ക് എത്ര ഇഷ്ടം ഉണ്ട് ?
കുഞ്ഞി കൈകൾ വിരിച്ച് ചിരിച്ചോണ്ട് അവൾ പറയും.. "ഒത്തിരി വലിയ ഇഷ്ടം"..
മകൻ ചെവിയിൽ കൊഞ്ചി പറയും..
എനിച്ചാ ചേച്ചിയെക്കാൾ കൂടുതൽ അച്ഛനെ ഇട്ടം...
"വലിയ ചില്ലി തെങ്ങിന്റെ അത്രേം.."..
കാലം ഓടിയോടി പോയി... അവരും..
അവസാനം.....
അടുത്തിട്ടിരിക്കുന്ന കട്ടിലിലെ കിടക്ക കൊട്ടി വിരിക്കുമ്പോൾ ചെറിയ പരിഭവത്തിൽ അവൾ ചോദിച്ചു
എന്തിനാ ഇന്ന് കണ്ണട കാണാഞ്ഞിട്ട് വഴക്കിട്ടത് എന്നോട് ?..
ശരിയാണ്... വായിക്കാൻ കണ്ണട കാണാഞ്ഞപ്പോൾ...
ഒത്തിരി നേരം അതു തിരഞ്ഞു.. തിരയുമ്പോളെല്ലാം ഞാൻ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറയുകയും ചെയ്തു...
വാടി കൂമ്പിയ പൂവുകൾ പോലെ ഞാൻ താഴേയ്ക്ക് നോക്കിയിരുന്നു..
സാരക്കണ്ട നീ അത്.. പെട്ടെന്ന് ദേഷ്യം വന്നു അല്ലേ.... എനിക്ക്..?
അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി..
ഒരു നിമിഷത്തിലെ മൗനം ഭേദിച്ച് ഞാൻ ചോദിച്ചു
ഞാൻ വയസ്സായി അല്ലേ പത്മം...
ഇത്രേം നാളും എഴുപതു വയസ്സ് വയസ്സല്ല എന്നല്ലേ പറഞ്ഞത് എന്നിട്ടിപ്പോ എന്താ പെട്ടെന്ന്..
അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്. എങ്കിലും ആ ചിരിക്കിടയിൽ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...
ഇടയ്ക്ക് വെള്ളി വരകൾ വീണ മുടി ഒതുക്കി കെട്ടി അവൾ കിടക്ക വിരിച്ചു..
മങ്ങിയ വെട്ടത്തിൽ ഒന്നും മിണ്ടാതെ കിടന്നു.
തുറന്നിട്ട ജനാലയിലൂടെ കറുത്ത ആകാശത്തിൽ രണ്ട് നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്നുണ്ടായിരുന്നു..
ഉറങ്ങിയോ നീ...
ഇല്ല... എന്താ മുകുന്ദേട്ടാ?...
പത്മം... വയസ്സായാൽ ആർക്കും വേണ്ട .. ല്ലേ?
അവൾ എന്റെ അരികിൽ വന്നിരുന്നു.
ഒരുകൈ കൊണ്ട് എന്റെ കൈയ്യിൽ മുറുകെ പിടിച്ചു... പിന്നെ പയ്യെ പറഞ്ഞു..
എനിക്ക് വേണോല്ലോ... ഞാനില്ലേ നിങ്ങൾക്ക്... .
ആ കൈയ്യിൽ മുറുകെ ഞാനും പിടിച്ചു..
ഞാൻ പോയാൽ .. നിനക്ക്...?
വിളറിയ ചന്ദ്രൻ മാനത്ത് വിതുമ്പു നിൽക്കവേ...
എന്റെ അരികിലെ തേങ്ങലുകൾക്ക് സാന്ത്വനമായി ഒരു പടിഞ്ഞാറൻ കാറ്റ് ഓടി വന്നു ...
....പ്രേം..

......അഗാധതകൾ.....


......അഗാധതകൾ.....
വർഷങ്ങൾക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലായിരുന്നു അത്...
നട പാതയ്ക്കരികിലെ ഒഴിഞ്ഞ സിമിന്റ് ബഞ്ചിൽ കടലിനഭിമുഖമായി ഞങ്ങൾ മുട്ടാതെ അടുത്തിരുന്നു . പുറകിൽ അടക്കിപ്പിടിച്ച ചിരികളുമായി നഗരം കാഴ്ചകൾ കണ്ടു രസിച്ചു നിന്നു.
മൗനം ഉറഞ്ഞ നിമിഷങ്ങളെ മുറിച്ച് ഞാൻ ചോദിച്ചു
അശ്വതി.... പറയൂ?..
അങ്ങകലെ ദൂര കാഴ്ചയായി ഏതോ ചരക്കു കപ്പൽ.. അതിനു പുറകിൽ ക്ലാവു പിടിച്ച ആകാശത്തിൽ വാക പൂവുകൾ വിതറി അസ്തമിക്കാനൊരുങ്ങുന്ന സൂര്യൻ..
തേങ്ങുന്ന പടിഞ്ഞാറെ കാറ്റിൽ അവളുടെ മുടിയിഴകൾ എന്നെ തൊട്ടുതലോടുന്നുണ്ടായിരുന്നു ..
കുട്ടികൾ..?
ഇല്ല,,, അതു പറയുമ്പോൾ അസ്തമന സൂര്യൻ അവളുടെ കണ്ണിൽ നിരാശയായി പ്രതിഫലിച്ചിരുന്നു.
ഇന്നലെകളുടെ ആയിരം കൈകളുമായി തിരമാലകൾ ഓടി വന്നു..
ട്യൂഷൻ ക്ലാസ്സിൽ മേശക്കിരുവശവും ഇരുന്ന് കണ്ണുകളാൽ കഥ പറഞ്ഞ സായാഹ്നങ്ങൾ...
ശിവരാത്രി ദിവസം അമ്പലനടയിൽ തെളിച്ചു വച്ച വിളക്കിനു മുന്നിലെ വെളുത്ത ആ മുഖം ..
ഓർമ്മകളിൽ നിന്നുണർന്ന് ഞാൻ പതുക്കെ പറഞ്ഞു തുടങ്ങി.. അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ..
പണ്ടിവിടെ കടലിനോട് ചേർന്ന് ഒരു പാറയുണ്ടായിരുന്നു.. കടലിനെ നോക്കിയിരുന്ന ഒരു പാറ..
അവൾ ചെറുതായി ഒന്നു ചിരിച്ചു..
ആ പാറയോട് തിരമാലയ്ക്ക് പ്രണയം ഉണ്ടായി.. അവൾ ആയിരം കൈകളുമായി വന്ന് പാറയെ പുണർന്നു.. ആയിരം നാവുമായി വന്ന് പാറയെ ചുംബിച്ചു...
ചേക്കേറുവാനായി ഏതോ തുരുത്തിലേക്ക് പക്ഷികൾ കൂട്ടമായി പറന്നു പോകുന്നുണ്ടായിരുന്നു.. കൂട്ടം തെറ്റി പറന്നു പോകുന്ന പക്ഷിയിലേക്ക് ഞാൻ വിരൽ ചൂണ്ടി...
പറയൂ.. നീ...
അവസാനം പാറ അലിഞ്ഞു.. തിരമാല യെ പുണർന്ന് പാറ കരവിട്ട് കടലിന്റെ അഗാധതയിലേക്ക് ഉരുണ്ടു പോയി.. പക്ഷെ...
ഞാൻ അശ്വതിയെ നോക്കിയില്ല ..
കടലിന്റെ അഗാധതയിൽ തിരമാല ഉണ്ടായിരുന്നില്ല.. പാറ തിരമാലയെ കാത്ത് അവിടെ അനങ്ങാതെ കിടന്നു..
അവനെ തിരഞ്ഞു ആയിരം കൈകളുമായി തിരമാല കരയിലേക്ക് ഓടി വന്നു ...
അവനെ കാണാതെ കരഞ്ഞു തലതല്ലി പിൻതിരിഞ്ഞു നടന്നു..
പിന്നെ... ചുംബിക്കുവാൻ, പുണരുവാൻ അവൾ മറ്റൊരു പാറ തേടി എങ്ങോട്ടോ പോയി....
സൂര്യൻ പൂർണ്ണമായും മറഞ്ഞിരുന്നു..
അശ്വതി എന്റെ കൈയ്യിൽ മുറുകെ പിടിച്ചു....
അവൾ കരയുകയായിരുന്നു...
അവളുടെ കരച്ചിൽ മറയ്ക്കാനെന്നവണ്ണം ഇരുട്ടിന്റെ കരിമ്പടപുതപ്പുമായി ആകാശം താഴേയ്ക്കിറങ്ങി വന്നു....
[Inspiration - പത്മനാഭന്റെ ഗൗരി ]
...പ്രേം

മനസ്സ് എവിടെയാ ഇരിക്കുന്നത്?


ചർച്ച സൗന്ദര്യത്തെക്കുറിച്ചായിരുന്നു..
മനസ്സിന്റെ സൗന്ദര്യമാണ് പ്രധാനം..
നശ്വരമായ ശരീര സൗന്ദര്യം കണ്ട് ഭ്രമിക്കരുത്....
രാഘവേട്ടനാണ് ആദ്യം സംശയം ഉണ്ടായത്...
മനസ്സ് എവിടെയാ ഇരിക്കുന്നത്?
മഞ്ജു നെഞ്ചിൽ തൊട്ടു കാട്ടി..
വർഗ്ഗീസ് വയറിൽ....
പ്രദീപ് തലയിൽ....
ചിലർ ചുണ്ടിലും മറ്റു ചിലർ നാവിലും തൊട്ടു കാട്ടി..
അടുത്തിരുന്ന പത്തു വയസ്സുകാരൻ തല ചരിച്ച് എന്നെ നോക്കി..
ഞാൻ വെറുതെ ചിരിച്ചു..
അങ്കിൾ...
ശരീരമില്ലെങ്കിൽ മനസ്സുണ്ടാവുമോ?.
വെള്ളിത്തൂവലുകൾ ചിതറിയ ആകാശത്തേയ്ക്ക് നോക്കി..
വട്ടമിട്ടു പറക്കുന്ന ഒരു പക്ഷി.
മനസ്സിന് സന്തോഷം തോന്നി..
ഉത്തരം അറിയാതെ ഞാൻ മിണ്ടാതിരുന്നു......
...പ്രേം...

...കാത്തിരിപ്പുകൾ....


...കാത്തിരിപ്പുകൾ....
സാധനങ്ങൾ വാങ്ങി അടുക്കളയിൽ വച്ച് തിരിച്ചു വരുമ്പോഴേക്കും കൗണ്ടറിൽ ജയാ മാഡം എത്തിയിരുന്നു. യൂണിഫോമിടുന്നതിനു മുൻപ് ഒരു കട്ടൻ ചായ പതിവാണ്..
ചായ കുടിക്കുവാൻ നിന്നില്ല.. നേരെ മാഡത്തിനടുത്തേക്ക് ഓടി...
എന്താ സേതൂ?....
മുപ്പത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം. മിക്കവാറും സാരിയാണ് വേഷം..
ജയാ മാഡം മുതലാളിയുടെ അകന്ന ബന്ധുവും കൂടിയാണ്. നഗരത്തിലെ നാലു ഹോട്ടലുകളുടെ കണക്കും അവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്..
എനിക്ക് ഇന്ന് രണ്ടായിരം രൂപയുടെ ഒരാത്യാവശ്യമുണ്ടായിരുന്നു.
മാഡം ഒന്ന്....
"മുതലാളി വന്നോട്ടെ ട്ടൊ.. ഞാൻ പറയാം..
പത്തു മണി വരെ പലവക പണികൾ.. ഉച്ചയ്ക്ക് ഊണിനു മുമ്പ് " Meals " എന്നെഴുതിയ ബോർഡുമായി പുറത്തു നിൽക്കണം.. വരുന്ന വണ്ടികൾ സൗകര്യാർത്ഥം പാർക്കു ചെയ്യാൻ സഹായിക്കണം.
എടോ ചുണ്ടിലൊരു ചിരി വേണം. അവർ കാറിൽ നിന്നിറങ്ങുമ്പോൾ തല കുനിച്ച് നമസ്തേ പറഞ്ഞു ഒന്നു തൊഴണം..മുതലാളിയുടെ ട്രെയിനിങ്ങ് ഓർത്തു... മോക്ഷത്തിനല്ല ഞാൻ പൈസാ തരുന്നത്..
പലപ്പോഴും എനിക്കു തെറ്റും. ഒന്നെങ്കിൽ ചിരിക്കാൻ മറക്കും.. അഥവാ ചിരിച്ചാലോ നമസ്തേ പറയാൻ മറക്കും..
രണ്ടും ശരിയാകുമ്പോൾ "Meals " എന്നെഴുതിയ ബോർഡു ഉയർത്തിപ്പിടിക്കാൻ മറക്കും.
ഹോട്ടലിനു മുന്നിൽ വലിയൊരു തണൽമരമുണ്ട്.. മരത്തിനു താഴെ നിന്നാൽ ദൂരെ നിന്നു വരുന്നവർ കാണില്ല.റോഡിലേക്കു നീങ്ങി നിന്ന് കൈ കാട്ടി വിളിക്കണം
ഒരിക്കൽ നിർത്തിയ വണ്ടിയിലേക്കു പുഞ്ചിരിയോടെ തല കുനിച്ച് നമസ്തേ പറഞ്ഞു തല ഉയർത്തിയപ്പോൾ...
പണ്ട് സ്കൂളിൽ ഒരുമിച്ചു പഠിച്ച "മൈഥിലി "..
എങ്ങനെയോ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയി.. രക്ഷപ്പെടുവാനായി തണൽ മരച്ചോടിലേക്ക് ഓടി.. ചെന്നു നിന്നത് മുതലാളിയുടെ കണ്ണുകൾക്കു മുമ്പിൽ....
തന്റെ നിവൃത്തികേടുകൊണ്ടാണ് ഈ ജോലി തന്നത്. എനിക്ക് ചുണയുള്ള ആണുങ്ങളെ കിട്ടാത്ത കൊണ്ടല്ല.. മനസ്സിലായോ തനിക്ക്??.
മുതലാളി ദേഷ്യപ്പെട്ടതു പറഞ്ഞപ്പോൾ കൈ കെട്ടി താഴെ നോക്കി നിന്നു ഞാൻ..
മൈഥിലി കേട്ടുവോ ആവോ?..
ഹോട്ടൽ പണി ഇഷ്ടമുള്ളതു കൊണ്ടല്ല പക്ഷെ വൈകിട്ട് രാഘവേട്ടൻ വിളിക്കും..
സേതൂ... ഇങ്ങ് വാടാ...
വലിയ ഒരു പൊതി കെട്ടിത്തരും. ചിലപ്പോൾ എന്തെങ്കിലും സ്പെഷ്യൽ..
മക്കൾക്കു കൊടുക്കെടാ.. വീട്ടിലെത്തും മുമ്പ് വിളിച്ചു പറയും...
ഇന്ന് സ്പെഷ്യലാ ട്ടോ....
വീട്ടിലെത്തുമ്പോൾ ഒന്നുമറിയാത്ത പോലെ ഭാവം കാണിച്ച് മക്കൾ.. പിന്നെ തട്ടിപ്പറിച്ച് ഒരോട്ടമാണ്... പിന്നെ വഴക്കും ബഹളവും.. തട്ടിയെടുത്ത ഒരു കോഴിക്കാലിനായുള്ള യുദ്ധം..
ഒന്നും മിണ്ടാതെ നോക്കിയിരിക്കും..
മ്മടെ മക്കൾ വലുതാവുമ്പോൾ എല്ലാ ബുദ്ധിമുട്ടും മാറുമെടീ
അവളും തല കുലുക്കും.. ആ തല കുലുക്കൽ മാറുമെന്നാണോ മാറില്ലെന്നാണോ എന്നെനിക്കിതുവരെ മനസിലായിട്ടില്ല..
സ്കൂളിലെ ഫീസടിക്കണ്ട സമയം കഴിഞ്ഞു.. പിന്നെ കടം മേടിച്ച അഞ്ഞൂറു രൂപ... പിന്നെ ചില്ലറ സാധനങ്ങൾ..
ഇന്ന് മുതലാളി വന്നിട്ട് ... ജയാ മാഡം പറയാതിരിക്കില്ല..
ഇന്ന് മുതലാളി വരാതിരിക്കുമോ?
ഉച്ചവെയിൽ മൂത്തു തുടങ്ങും മുൻപ് ഞാൻ "Meals" എന്നെഴുതിയ ബോർഡ് കൈയ്യിലെടുത്തു.. മുടി ചീകി ഒതുക്കി വച്ചു.. റോഡിലേക്ക് ഇറങ്ങി നിന്നു...
ചീറി പാഞ്ഞു പോകുന്ന വണ്ടികൾ.
ബോർഡുയർത്തി ഞാൻ മറു കൈകാട്ടി വിളിച്ചു..
. ഇടയ്ക്കെപ്പോഴോ ചിന്തകൾ വീട്ടിലേക്കു കൂപ്പുകുത്തി..
എല്ലാം... ശരിയാവും. നിങ്ങള് വിഷമിക്കണ്ട ..അവളുടെ ശബ്ദം....
ഞാൻ അകലേക്കു നോക്കി..
മുതലാളി വരുന്നുണ്ടോ...?
ഉയർത്തി പിടിച്ച ബോർഡ്.. പുഞ്ചിരി.. തല കുമ്പിടൽ... നമസ്തേ..
എല്ലാം ശരിയാക്കി ഞാൻ കൈ കാട്ടി വിളിച്ചു.....
..പ്രേം...

.....ചുവന്ന കല്ലുള്ള മൂക്കുത്തി...


.....ചുവന്ന കല്ലുള്ള മൂക്കുത്തി...
ഏറ്റവും മികച്ച ഒരു പ്രോജക്ട് അവതരണം കഴിഞ്ഞപ്പോൾ കൈകൾ ചേർത്ത് പിടിച്ച് മരീന മാഡം പറഞ്ഞു.. പ്രൗഡ് ഓഫ് യൂ... ഡിയർ...
സന്തോഷം തോന്നി... ഏറ്റവും വലിയ പ്രതികാരം ഏറ്റവും വലിയ വിജയമാണ്..
ഒഴിഞ്ഞ മൂലയിൽ ഗ്ലാസ്സിൽ നുരയുന്ന സ്വർണ്ണ കുമിളകളുമായി ഇരിക്കവേ അജ്ഞലി പിള്ളയുടെ വെളുത്ത കാൽപാദങ്ങളിൽ പറ്റിക്കിടന്ന നേർത്ത സ്വർണ്ണപാദസ്വരങ്ങളിലേക്ക് കണ്ണുകൾ പാളി പോയി.. ഒരു ചെറിയ ചിരിയുമായി ആ പാദങ്ങൾ ഇന്നലെകളുടെ കഥ പറഞ്ഞു ചിരിക്കുന്നുണ്ടോ?..
ഫോൺ അടിച്ചപ്പോൾ നോക്കി ഭാര്യയാണ്...
"ഗോപിയേട്ടാ "...
.ഉം..
കുട്ടിയമ്മയ്ക്ക് സുഖയില്ലെന്ന്... ഒന്നു കാണണമെന്ന്
തിരക്കിലാണെന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്തു..
അശ്വനിയുടെ ചുവന്ന കല്ലുള്ള മൂക്കൂത്തിയുടെ തിളക്കം... ചുവന്ന ചുണ്ടുകൾ.... പ്രണയാർദ്ദമായ കണ്ണുകൾ...
ഗ്ലാസിൽ നുരയുന്ന സ്വർണ്ണ കുമിളകൾക്ക് നൃത്തവും സംഗീതവും ഉണ്ടെന്ന് തോന്നി...
വിജയാഘോഷങ്ങളിൽ ചില മുഖങ്ങൾ തിളങ്ങുന്നു.. നടന്നു കേറിയ പടികളിൽ എവിടെയോ ചില തേങ്ങലുകൾ ....
വൈകിയാണ് വീട്ടിലെത്തിയത്.. മൂന്നു മാസത്തെ കഠിനാദ്ധ്വാനത്തിന്റെ വിജയത്തെകുറിച്ച് വാ തോരാതെ ഭാര്യയോട് പറഞ്ഞു.. മധുരമായ പ്രതികാരങ്ങൾ...
ആരോടൊക്കെയോ ഉള്ള വാശി...
ഇല്ല.. കരയുന്ന കണ്ണുകളും, പിടയ്ക്കുന്ന മനസ്സുകളും നോക്കി നിൽക്കാൻ എനിക്ക് സമയമില്ല.. ആർക്കും വേണ്ടി കാത്തിരിക്കുവാനും വയ്യ...
അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. ശബ്ദം ഇടറി പിന്നെ പറഞ്ഞു..
അമ്മ വിളിച്ചിരുന്നു... "കുട്ടിയമ്മ പോയെന്ന്."...
കോളോൺ സുഗന്ധമുള്ള അഞ്ചലി പിള്ളയുടെ വെളുത്ത ശരീരം മനസ്സിൽ നിന്നു മാറി കറുത്തു ചുളിഞ്ഞ ഒരു വയസ്സിയുടെ മുഖം ഓടി വന്നു.. തുളസിയിലയിട്ടു കാച്ചിയ എണ്ണയുടെ ഗന്ധവും...
"കുഞ്ഞേ " എന്ന വിളി... മുഷിഞ്ഞ മുണ്ടും ബ്ലൗസും ധരിച്ച കുട്ടിയമ്മ...
എണ്ണ പുരട്ടിയ കാലുകൾ തഴുകി കൊച്ചു കാല് വളരൂ വളരൂ എന്നു പാടുന്ന ആ നേർത്ത ശബ്ദം..
വേലക്കാരിയായിരുന്നില്ല അവർ... മുറ്റമടിക്കാനും , പാത്രം കഴുകാനും , കഥകൾ പറയാനും എല്ലാം..
സർപ്പക്കാവിനടുത്തുള്ള ഒറ്റമുറി ഓടിട്ട വീട്ടിൽ ഒറ്റയ്ക്കു....
രാവിലെ വീട്ടിൽ വരും.. പുറം പണികൾ ചെയ്യും..
അമ്മ ജോലിക്ക് പോയാൽ എന്നെ ഒക്കത്തു വച്ച്....
നീ ഉറങ്ങിയില്ലേ?
അവളും ഉറങ്ങിയിരുന്നില്ല.. എത്രയോ പകലുകളിൽ അവൾക്കും അവർ കൂട്ടായിട്ടുണ്ട്..
ഗോപിയേട്ടാ.. നമ്മുടെ മോനെ കുളിപ്പിച്ചത്.. വാക്കുകൾ പകുതിയിലെവിടെയോ മുറിഞ്ഞു..
പിറ്റേന്ന് വീട്ടിലെത്തുമ്പോൾ അമ്മ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു..
അകലെ വച്ചേ ഞാൻ കണ്ടിരുന്നു വടക്കുവശത്തെ ഒറ്റമുറി കെട്ടിടത്തിനു മുന്നിലെ നീല ടർപോള പന്തൽ....
ഇത്ര വയ്യാതിരിക്കുവാന്ന് അമ്മയ്ക്കൊന്നു പറഞ്ഞു കൂടായിരുന്നോ?... ദേഷ്യത്തിലാണ് ചോദിച്ചത്...
അതിനു നീ വല്യ തിരക്കിലായിരുന്നല്ലോ? എത്ര പ്രാവശ്യം വിളിച്ചു നിന്നെ?
ശരിയാണ്... തിരക്കിനിടയിൽ മാറ്റി വച്ച ഫോൺ വിളികൾ...
നിന്നെ ഒന്നു കാണാൻ വല്യ മോഹമായിരുന്നു... പല പ്രാവശ്യം തിരക്കി... അമ്മ അതുപറയുമ്പോൾ എന്റെ മോനെ നോക്കുന്നുണ്ടായിരുന്നു.
വെളുത്ത തുണിയാൽ മൂടിയ ശരീരം.. തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്ക് .പുകയുന്നചന്ദനത്തിരികൾ .
ഉയരങ്ങൾ ചവിട്ടുന്ന എന്റെ കാലുകൾ വിറച്ചു. എനിക്കായി ഒരു പുഞ്ചിരി കൊളുത്തിയിട്ട് നെറ്റിയിൽ ചന്ദനം പൂശി അവർ കിടക്കുന്നു..
ഞാൻ ആ കാലടികൾ തൊട്ട് തൊഴുതു...
കറുത്തു മെലിഞ്ഞു ശോഷിച്ച കാൽവിരലുകൾ കൂട്ടി കെട്ടിയിരുന്നു...
അങ്ങകലെ അജ്ഞലി പിള്ളയുടെ സ്വർണ്ണപാദസ്വരമിട്ട തുടുത്ത കാലുകൾ ഒരു നിമിഷം മനസ്സിൽ ഓടി മറഞ്ഞു..
എനിക്കൊന്നുറക്കെ കരയുവാൻ തോന്നി...
സാറേ....
ഞാൻ തിരിഞ്ഞു നോക്കി..
ഒരു ചെറുപ്പക്കാരിയാണ്..
അപ്പച്ചി.... സാറു വരുമ്പോൾ കൊടുക്കണമെന്ന് പറഞ്ഞിരുന്നു..
ആ ചെറിയ പൊതി ഞാൻ വാങ്ങി.. എന്തായിരിക്കും കുട്ടിയമ്മ എനിക്കായി മാറ്റി വച്ചത്..?
വേലിയ്ക്കരികിലേക്ക് മാറി നിന്ന് ആ പൊതിയഴിച്ചു... വെളുത്ത ഓയിൽ പേപ്പറിൽ...
ചുവന്ന കല്ലുവച്ച ഒരു മൂക്കൂത്തി..
ഞാൻ കരയുകയായിരുന്നു.. ഏതോ തണുത്ത കാറ്റ് സ്വാന്തനിപ്പിക്കാനെന്നവണ്ണം ഓടിയെത്തി എന്നെ തഴുകി കൊണ്ടിരുന്നു.
.ഞാൻ ആ ശബ്ദം വ്യക്തമായി കേട്ടു ..
" കുഞ്ഞ് വന്നോ ".... എന്നെ കാണാൻ വരുമെന്ന് ഉറപ്പായിരുന്നു....
... പ്രേം...

....ശങ്കരേട്ടന്റെ പ്രണയം....


....ശങ്കരേട്ടന്റെ പ്രണയം....
കടൽത്തീരത്ത് അയാളോട് ചേർന്നവൾ ഇരുന്നു.. കാറ്റിന്റെ കൈകളാൽ താളമിട്ട് അവളുടെ മുടിയിഴകൾ വായുവിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു..
നിറകണ്ണോടെ അവൾ അവനെ നോക്കി..
ആ നിമിഷത്തിൽ അയാൾ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ ഒരുങ്ങവേ...
...ഒരു ശബ്ദം...
"കുഞ്ഞേ ".. ഏതു തെങ്ങാണ് കയറേണ്ടത്
ഞാൻ കഥയിൽ നിന്നുണർന്നു.. ഒരു റൊമാന്റിക് സീൻ നശിപ്പിച്ചതിന്റെ ഈർഷയിൽ ഞാൻ മുറ്റത്തേക്ക് നോക്കി.
തെങ്ങുകയറുന്ന ശങ്കരേട്ടനാണ്.. ഒരു തോർത്തുമുടുത്ത് കൈയ്യിൽ അരിവാളുമായി നിൽക്കുന്നു...
ചുംബന രംഗം എഴുതാതെ ഞാൻ അമ്മയെ വിളിച്ചു...
ഭയഭക്തി ബഹുമാനത്തോടെ അമ്മ ഇറങ്ങി വന്നു.. എന്നേയും എന്റെ കൈയ്യിലെ പേപ്പറിലേക്കും ദേഷ്യത്തിലൊന്നു നോക്കി വാതിൽക്കലെ വലിയ തെങ്ങിലേക്ക് അമ്മ വിരൽ ചൂണ്ടി...
വിറച്ചു വിതുമ്പുന്ന ചുണ്ടുകളുമായി എന്റെ കഥാനായിക പേപ്പറിൽ എന്നെ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടില്ലെന്ന് വച്ചു.. ശങ്കരേട്ടന്റെ കൈയ്യിലെ അരിവാളു നോക്കി കഥാനായകൻ പേടിച്ചു പതുങ്ങി നിൽക്കുന്നു..
എങ്ങനെ ഉമ്മ വയ്ക്കാനാണ് .അമ്മ നിൽക്കുന്നു... കറുത്ത ശരീരവുമായി തോർത്തുമുടുത്ത് ശങ്കരേട്ടൻ നിൽക്കുന്നു.... പേപ്പറുകൾ മടക്കി വച്ച് ഞാൻ മുറ്റത്തേയ്ക്ക് ഇറങ്ങി..
ഏണി ചാരി ശങ്കരേട്ടൻ തെങ്ങിന്റെ മുകളിലേക്ക് നോക്കി ചിരിച്ചു.. അപ്പോളാണ് ഞാനതു ശ്രദ്ധിച്ചത് ശങ്കരേട്ടന് എന്റെ കഥാപാത്രത്തിന്റെ മുഖമാണ്..
കാറ്റിൽ തെങ്ങോലകളിളക്കി കാമുകിയെ പോലെ വാതിൽക്കലെ തെങ്ങ്.
ശങ്കരേട്ടൻ കാമുകിയായ തെങ്ങിനെ പയ്യെ ഒന്നു തഴുകി ആദ്യം...
പിന്നെ കെട്ടിപ്പിടിച്ചു..
എന്റെ മോൻ അകത്തുനിന്ന് ഓടി വന്നു.
തെങ്ങിനെ പുണർന്ന് ശങ്കരേട്ടൻ മേലോട്ട് കയറി..
ഓർമ്മകളുടെ തെങ്ങിൻ പൂക്കുലയിൽ ഒരു പ്രണയകഥ വളരുകയാണ്..
കാറ്റിൽ ഇളകുന്ന മുടിയിഴകളായി ആദ്യം ഓലകൾ താഴേക്കു വന്നു.. മകൻ അത്ഭുതത്തോടെ നോക്കി...പിന്നെ വിരഹത്തിന്റെ കണ്ണീർ മുത്തുകൾ പോലെ കുറച്ചു തേങ്ങകൾ..
സൂപ്പർ അല്ലേ അച്ഛാ... മകൻ കൈയ്യടിച്ചു..
ഇന്നലെകളുടെ പരിഭവങ്ങളുമായി രണ്ട് കൊതുമ്പുകൾ വീണപ്പോൾ ഞാൻ ശങ്കരേട്ടനെ വീണ്ടും നോക്കി..
അയാൾ ആ തെങ്ങിനെ ഉമ്മവയ്ക്കുമോ?...
ശങ്കരേട്ടൻ ഇറങ്ങി വരാൻ ഞാൻ നിന്നില്ല.. ഞാനകത്തേയ്ക്ക് ഓടി
കടലാസ്സിൽ അതാ അക്ഷമരായ എന്റെ കഥാപാത്രങ്ങൾ...
കടലാസ്സിലെ കടൽത്തീരത്ത് ആകാശത്തിനു താഴെ അയാളോട് ചേർന്നവൾ ഇരുന്നു.
കാറ്റിന്റെ കൈകളാൽ താളമിട്ട് അവളുടെ മുടിയിഴകൾ വായുവിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു..
നിറകണ്ണോടെ അവൾ അവനെ നോക്കി നിൽക്കവേ...
പ്രിയപ്പെട്ടവരേ...
ചിന്തകളും, മനോഭാവങ്ങളും, വ്യത്യസ്തമായതിനാൽ...
പുതിയ കാലത്തിന്റെ കാഴ്ചകൾക്കായി
നിങ്ങളുടെ ഓരോരുത്തരുടേയും കൃഷ്ണമണികളുടെ മുന്നിലേക്ക് ഞാനീ കഥയുടെ തുടർച്ചയെ ക്ഷണിക്കുകയാണ്..
....പ്രേം..

..ഉണങ്ങാത്ത മുറിവുകൾ..


..ഉണങ്ങാത്ത മുറിവുകൾ..
കവിയ്ക്ക് ശക്തമായ നെഞ്ചുവേദന തോന്നി...
ശ്വാസം വിടുമ്പോൾ ബുദ്ധിമുട്ടുണ്ട്.. വേദന മുതുകിലേക്ക് വ്യാപിച്ചപ്പോൾ ഡോക്ടറെ കാണുവാൻ നിശ്ചയിച്ചു..
കുറച്ചു ദിവസം മുൻപ്.....
പകൽ വിട പറയാൻ തയ്യാറായി നിന്ന ഒരു സമയം..
ഒരു ബഹളം കേട്ടാണ് കവി അതു ശ്രദ്ധിച്ചത്.. രണ്ടു പേർ ചേർന്ന് ഒരാടിന് വിലപേശുന്നു..
തൊടിയിൽ തല താഴ്ത്തി പിന്നെ ചെവി വട്ടം പിടിച്ച് ഇടയ്ക്ക് പരിഭ്രമത്തോടെ തന്റെ കുഞ്ഞിനെ നോക്കി ആ പെണ്ണാട്..
അവസാനം കച്ചവടം ഉറപ്പിച്ചു..
കയറ് മാറ്റവേ ആ മിണ്ടാപ്രാണി ഓടി വന്ന് തന്റെ കുത്തോമനയെ ഉമ്മവച്ചു.പിന്നെ കരയുന്ന കണ്ണോടെ വളർത്തിയ യജമാനനെ നോക്കി കരഞ്ഞുകൊണ്ട് ഉരുമ്മി നിന്നു..
പോ.. പോക്കോ.... അയാളുടെ ശബ്ദം ദുർബലമായിരുന്നു...
മുടന്തി മുടന്തി ആ ആട് നടന്നകലവേ കവിയ്ക്ക് നെഞ്ചിൽ ആരോ മുറുക്കി പിടിച്ചതു പോലെ തോന്നി... പിന്നെ ചെറിയ വേദനയായി നെഞ്ചിൽ അതു പടർന്നു...
വീണ്ടും ഒരു യാത്രയിൽ പിന്നിലേക്കു ഓടുന്ന വൃക്ഷക്കൂട്ടങ്ങളിലേക്ക് നോക്കിയിരിക്കവേ പൊടുന്നനേ വരണ്ടുപോയ പുഴയുടെ അസ്ഥികൂടം കവിയുടെ മുന്നിലേക്ക് ഓടി വന്നു. നെഞ്ചു പൊത്തി ചുമച്ച് വേച്ചു വേച്ചു മന്ദം നടന്നകലുന്ന വൃദ്ധയെ പോലെ പുഴ ഒന്നുമാഗ്രഹിക്കാതെ ഒഴുകുന്നു... ശക്തമായ വേദന മുതുകിൽ പടർന്നിറങ്ങവേ ആരോ കവിയെ വിളിക്കുന്നു..
മാഷേ...
സുന്ദരിയായ ഒരു യുവതി.. കരി എഴുതിയ വലിയ കണ്ണുകൾ. നേർത്ത മുടിയിഴകൾ...തിളങ്ങുന്ന ചുണ്ടുകൾ..
ആരാണ് നീ....?
ടെസ്റ്റിൽ കവിയുടെ ഹൃദയത്തിൽ തറഞ്ഞിരിക്കുന്ന കഠാര കണ്ട് ഡോക്ടർ ഞെട്ടി..
പ്രിയപ്പെട്ട വായനക്കാരാ...
ആ കഠാരയുടെ ഉറവിടം തേടി ഞാനും നിങ്ങളും ആകാംക്ഷഭരിതരാണ്..
മിണ്ടാപ്രാണിയുടെ ദൈന്യതയുടെ ചിത്രത്തിലേക്കും ,പുഴയുടെ ചോര വാർന്നു വിളർത്ത ശരീരത്തിലേക്കും നമ്മൾ സംശയത്തോടെ നോക്കവേ...
വീണ്ടും ഒരു സംശയം ബാക്കി ?
ആരാണ് ആ സുന്ദരി?...
നെഞ്ചിൽ കൂടുകൂട്ടുന്ന വേദനകളുടെ ഉറവിടങ്ങൾ ചികയവേ..
എവിടെയോ ഏതോ വിമർശകന്റെ ചിരി ഉയർന്നു പൊങ്ങി.. ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ ഹൃദയവുമായി കവി കാത്തിരുന്നു.
പ്രേം......

...... പൂക്കാരനും ഞാനും.....


...... പൂക്കാരനും ഞാനും.....
കാറ്റിൽ എന്റെ ചില്ലകൾ ഇളകിയപ്പോളാണ്. ഞാനുണർന്നത്. .ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയിരുന്നു .താഴേയ്ക്ക് നോക്കി... പരമേശ്വരൻ പൂക്കൊട്ടയുമായി താഴെയുണ്ട്..
ഓ ഞാൻ പറയാൻ മറന്നു.. അമ്പലത്തെരുവിലെ ആ വലിയ ആൽമരമില്ലേ... അതാണു ഞാൻ..
മറന്നു പോയോ എന്നെ?..
മുൻപ് ഒരു കവി ബോധരഹിതനായി വീണത് എന്റെ ചുവട്ടിലായിരുന്നില്ലേ..? ഓർക്കുന്നുണ്ടോ നിങ്ങൾ?... വർഷങ്ങളായി ഞാനിവിടെ നില കൊള്ളുന്നു.. ഈ നാടിന്റെ പ്രതീകമായി.. ഇവിടെ നിന്നാൽ എനിക്ക് എല്ലാം കാണാം.. നാടും ,വീടും എല്ലാമെല്ലാം..
ദാ അമ്പലത്തിലേക്കു പോകുന്ന രണ്ടു പെൺകുട്ടികൾ ..പരമേശ്വരാ ഒന്നുറക്കെ ....
മുല്ലപൂ വേണോ പൂ....
ഇടറിയ ശബ്ദത്തിൽ പരമേശ്വരൻ വിളിച്ചു പറഞ്ഞത് അവർ കേട്ടിട്ടുണ്ടാവില്ല... പാവം... കുട്ടയിൽ ഇനിയും കുറേ പൂവുകൾ ബാക്കിയുണ്ടല്ലോ.. ഇതെപ്പോൾ വിറ്റു തീരാനാണ്.?
എനിക്ക് പരമേശ്വരനെ വളരെ ഇഷ്ടാണ്..പരമേശ്വരന്റെ അപ്പൂപ്പനും അച്ഛനും ഇവിടെ തന്നെയാണ് പൂ വിറ്റിരുന്നത്.. മൂന്നു തലമുറയുടെ ബന്ധം..
പിന്നെ പരമേശ്വരൻ ദേവിയെ മാത്രമല്ല തൊഴുന്നത്. വരുമ്പോളും, പോകുമ്പോളും എന്നേയും തൊഴും.. ചിലപ്പോൾ കാറ്റിനു അകമ്പടി സേവിച്ച് ചില്ലകളിലെ ഇലകളാട്ടി ഞാനും അയാളെ അനുഗ്രഹിക്കാറുണ്ട്..
കുറച്ചു നാൾ മുമ്പ് വരെ ഇവിടെ പരമേശ്വരൻ മാത്രമേ പൂക്കാരനായി ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ പടിഞ്ഞാറെ നടയിൽ മൂന്നു പൂക്കടകൾ.. വ്യത്യസ്ത ഇനം പൂക്കൾ..
പരമേശ്വരന്റെ കുട്ടയിൽ മുല്ല പൂ മാത്രമേ ഉള്ളൂ. അതാവും വണ്ടിക്കാരൊക്കെ ഇപ്പോൾ ............?
..മുല്ല പൂ വേണോ പൂ...
ഇങ്ങനെ ശബ്ദം ഇടറി വിളിച്ചാൽ ആരാ പൂ വാങ്ങുക അല്ലേ.. പക്ഷെ പാവാണ്.. പഞ്ച പാവം..
അമ്പലക്കുളത്തിന്റെ വടക്കു കിഴക്കേ മൂലയിലെ ആ ചെറിയ ഓടിട്ട വീടില്ലേ.. അതാണ് പരമേശ്വരന്റെ വീട്.. അവിടെ അയാളുടെ ഭാര്യയും വിവാഹപ്രായമെത്തിക്കഴിഞ്ഞ മൂന്നു പെൺകുട്ടികളും.. ആ കുട്ടികളാണ് മിക്കപ്പോഴും ഈ പൂവ് കെട്ടുന്നത്.. പൂക്കൊട്ട കൈയിൽ കൊടുക്കുമ്പോൾ എന്നും ഭാര്യ അയാളുടെ മുഖത്തു നോക്കാതെ പറയും.. തികയുവോ.. ആവോ..?
ദേ ആരോ പരമേശ്വരനോട് പൂ വാങ്ങാൻ വരുന്നു.. അമ്മയും രണ്ട് പെൺകുട്ടികളുമാണ്..
മുഴത്തിന് എന്താ വില...?
...ഇരുപത്. ...ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. എന്റെ ഇലകളിൽ തട്ടി നിന്ന കാറ്റിൽ ആ ശബ്ദം മുങ്ങിപ്പോയി...
അമ്മേ... ഇവിടുന്ന് വേണ്ട.. പടിഞ്ഞാറെ നടയിലെ പൂക്കടയിൽ നിന്നും വാങ്ങാം.. വാ...
കഴിഞ്ഞ കുറച്ചു മാസമായി പരമേശ്വരന് കച്ചവടം തീരെ ഇല്ലാട്ടോ.. ഇന്നലെ നാടുറങ്ങിക്കഴിഞ്ഞപ്പോൾ ഉറങ്ങാനാവാതെ പരമേശ്വരനും ഭാര്യയും പുറത്ത് വന്നിരുന്നു..
...നിങ്ങളു വിഷമിക്കാതെ... ദേവി കാത്തോളും..
... "എങ്കിലും മ്മടെ മക്കള് " ഭാര്യയോട് അതു പറയുമ്പോൾ പരമേശ്വരൻ വിതുമ്പുന്നുണ്ടായിരുന്നു...
അമ്പലത്തിലേക്കു വന്ന കുറേ സ്ത്രീകൾ.. കുട്ടയിൽ മിച്ചം വന്ന പൂക്കൾ കണ്ണീരോടെ അവരെ മാടി വിളിക്കുന്നുണ്ടായിരുന്നു.. പക്ഷെ അവർ ആ പൂക്കളെ നോക്കാതെ നടന്നകന്നു പോയി.
ആളൊഴിഞ്ഞ തെരുവിൽ കുട്ടയിലെ മിച്ചം വന്ന പൂക്കളുമായി പരമേശ്വരൻ ഇരുന്നു. നിയോൺ ബൾബുകളുടെ മഞ്ഞ വെളിച്ചത്തിൽ ഞാനാ മുഖം കണ്ടു. നിറഞ്ഞു തൂവാത്ത കണ്ണുകളോടെ അയാൾ എന്നെ തൊഴുതു...
ഇതാ ആർക്കും വേണ്ടാത്ത എന്റെ പൂക്കൾ..
അതു പറഞ്ഞപ്പോൾ ആ ചുണ്ടുകൾ വിറച്ചിരുന്നു.. കാറ്റിന്റെ അകമ്പടി സേവിച്ച് ഞാൻ ചില്ലകൾ താഴ്ത്തി.എന്തോ പിറുപിറുത്തു കൊണ്ട് അയാൾ മഞ്ഞ വെളിച്ചത്തിലൂടെ പയ്യെ വേച്ചു വേച്ചു ഇരുട്ടിൽ നടന്നു മറഞ്ഞു ..
വടക്കുകിഴക്കു മൂലയിലെ ഓടിട്ട വീട്ടിലെ നെടുവീർപ്പുകൾ കാതോർത്തിരിക്കവേ ഭ്രാന്തി കാളിത്തള്ളയുടെ പാട്ടു കേട്ടു.. തെരുവിലെ കളിത്തട്ടിൽ ഉറങ്ങാനുള്ള വരവാണ്..
.. "ആശ്രയമാരുമില്ലേ ഭഗവതി
അമ്മയല്ലാതിവർക്ക്...
ആരിലും നിന്റെ ശക്തി പ്രതിഫലിച്ചാ-
പത്തകറ്റീടേണേ...... "
പാട്ടു നിർത്തി കാളിത്തള്ള എന്റെ ചുവട്ടിലെ തറയിൽ ആർക്കും വേണ്ടാതെ കിടന്ന ആ പൂക്കൾ എടുത്തു.. പിന്നെ ഉറക്കെ ചിരിച്ചു കൊണ്ട് അതിൽ നിന്നും കുറച്ചു പൂക്കൾ തലയിലും കഴുത്തിലും ചൂടി നടയിലേക്കു ചെന്നു...
" ദേവീ " .... "ഭദ്രേ ".. നിനക്കും വേണ്ടേ ഈ പൂക്കൾ..? പിന്നെ നെഞ്ചിൽ ഇടിച്ച് ഉറക്കെ കരഞ്ഞു..
....വേണ്ടേ .... പറ ദേവീ....!!!
അപ്പോൾ.....
കഥയുടെ കതിരു തേടി എങ്ങുനിന്നോ പറന്നു വന്ന ഒരു വെള്ളരിപ്രാവ് എന്റെ ചുവട്ടിൽ ആർക്കും വേണ്ടാതെ ബാക്കി വച്ച പൂക്കളെ ലക്ഷ്യമാക്കി പറന്നു വന്നു...
.... പ്രേം.......
03/01/2017

...... പ്രതിബിംബങ്ങൾ......


ആൽച്ചുവട്ടിലെ കളിത്തട്ടിൽ വിശ്രമിക്കുമ്പോഴാണ് ശ്രദ്ധിച്ചത് ആ വ്യദ്ധ എന്നെയാണ് സൂക്ഷിച്ചു നോക്കുന്നത്...
ഏകദേശം എഴുപതിനു മുകളിൽ പ്രായം വരും.. ചുണ്ടിനു മുകളിൽ വലിയ കറുത്ത മറുക്.. വെളുത്ത തലയിൽ ഇടയ്ക്ക് ചില നര കേറാത്ത മുടിയിഴകൾ...മഞ്ഞ വെളിച്ചത്തിൽ കഴുത്തിലെ സ്വർണ്ണമാല തിളങ്ങുന്നു..
ഞാൻ പാട്ട് ശ്രദ്ധിച്ചിരുന്നു...
"പാലാഴി തന്നിലുള്ളോരനന്തനെ
ചേലോടെമെത്തയാക്കി
ആനന്ദമായി ശയിക്കും
ദേവാ... നിൻ പാദം നമിച്ചിടുന്നേൻ.."
പതുക്കെ അവർ അടുത്തേക്കു വന്നു..
ഉണ്ണിയല്ലേ...?
അല്ല.. ഞാൻ ചിരിച്ചു കൊണ്ടു തലയിളക്കി..
അവർ എന്റെ കൈകളിൽ മുറുകെ പിടിച്ചു.. മോൻ അമ്മയെ പറ്റിക്കണ്ട എനിക്കറിയാം....
എവിടെന്നോ ഒരു സ്ത്രീ ഓടിവന്നു.. ക്ഷമാപണത്തോടെ എന്നെ ഒന്നു നോക്കി..
വയസ്സായ ആ വൃദ്ധയെ പിടിച്ചോണ്ടു പോകുമ്പോൾ അവർ പിൻ തിരിഞ്ഞു എന്നെ നോക്കി ഉണ്ണിയെന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു...
ആരാണ് ഈ ഉണ്ണി...? ആ അമ്മയെന്തിനാണ് കരയുന്നത്.?
തിരികെ നടക്കുമ്പോൾ അമ്പലക്കുളത്തിൽ നിയോൺ ബൾബുകളുടെ പ്രതിബിംബങ്ങൾ വീണുകിടന്നിരുന്നു. ഓർമ്മകളെ പിന്നോട്ടു പായിച്ച് ആൽമരത്തിന്റെ ശിഖരങ്ങളിൽ പേരറിയാത്ത ഒരു കാറ്റ് പതുങ്ങി നിന്നു
ഓർമ്മകളുടെ നരച്ച കോശങ്ങളിൽ ആരോ വീണ്ടും തിരി തെളിക്കുന്നു..
ആ യുവതി.....!!
മുമ്പൊരിക്കൽ.... കടൽക്കരയിൽ..
ആയിരം നാവുമായി വന്ന തിരകളെനോക്കിയിരിക്കവേ...
സുന്ദരിയായ, വെളുത്ത നിറമുള്ള ആ യുവതി...
അവളുടെ ഒടിവുകളില്ലാത്ത സമൃദ്ധമായ തലമുടി കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു..
ചിരിച്ചപ്പോൾ ഒന്നു ശ്രദ്ധിച്ചു... അരിപ്പല്ലുകൾ... ദൃഡമായ ചെറു മാറിടങ്ങൾ..
കടലിലേക്ക് ഇറങ്ങവേയാണ് അവൾ ഓടി വന്നത്.. പോകല്ലേ ഉണ്ണിയേട്ടാ എന്ന് കരഞ്ഞുകൊണ്ട്...
എന്നെ കെട്ടിപ്പിടിച്ച്....
ഒരു നിമിഷം പകച്ചു നിന്നു പോയി
മുക്കാലും കഷണ്ടി കയറിയ ഒരു മദ്ധ്യവയസ്കൻ ബലം പ്രയോഗിച്ച് അവളെ എന്നിൽ നിന്നടർത്തി നടക്കവേ അവളും പിൻ തിരിഞ്ഞ് ഉണ്ണിയേട്ടാ പോകല്ലേ എന്നുറക്കെ കരയുന്നുണ്ടായിരുന്നു...
ശിഖരങ്ങളിൽ പതുങ്ങി നിന്ന കാറ്റ് ആരുടെയൊക്കെയോ തേങ്ങലായി താഴേയ്ക്ക് പറന്നു വന്നു.
ആരാണ് ഉണ്ണി..?
എന്നെയെന്തിനാണ്...?
ഒരു പക്ഷെ നഷ്ടപ്പെട്ടു പോയ ഒരു മകൻ..
വിട പറഞ്ഞകന്ന ഭർത്താവ്...
ലാളനകൾ പൂർത്തിയാക്കാതെ മറഞ്ഞു പോയ അച്ഛൻ...
മുടിയും മിഴികളും പാറിയ ഒരുപാട് മുഖങ്ങൾ തെളിയുന്നു മുന്നിൽ...
വീട്ടിലെത്തുമ്പോൾ ഭാര്യയും മകളും കാത്തിരിക്കുന്നുണ്ടായിരുന്നു.. എന്നെ കണ്ടപാടെ നാലുവയസ്സുള്ള എന്റെ മകൾ എന്റെ മടിത്തട്ടിലേക്ക് ഓടിക്കയറി കവിളിൽ ഉമ്മവച്ചു..
" മോളെ.... "
ഉം... അവൾ മൂളി...
അച്ഛനോട് മോൾക്ക് എത്ര ഇഷ്ടം ഉണ്ട്..
വാതിൽക്കലെ വലിയ ചില്ലി തെങ്ങിന്റെ മണ്ടയിലേക്ക് അവൾ വിരൽ ചൂണ്ടി...
.....അത്രേം... ഇഷ്ടം..
അച്ഛൻ മോളെ എന്താ വിളിക്കുക..
" അമ്മൂന്ന് " ... പഞ്ചാര അമ്മൂന്ന്...
അച്ഛനെ മോളെന്താ വിളിക്കുക..
അവളെന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു... പിന്നെ കൊഞ്ചിക്കുഴഞ്ഞു പറഞ്ഞു...
" ഉണ്ണീന്ന്....!!!
ഞാൻ ഞെട്ടിപ്പോയി... ആരാ ഈ...
അകത്തെ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ണാടിയിലേക്ക് നോക്കി... വിറച്ചു വിതുമ്പുന്ന ചുണ്ടുകളോടെ എന്റെ പ്രതിബിംബം തിരിച്ചെന്നെ നോക്കുന്നു..
" ഉണ്ണി "... ആരും കേൾക്കാതെ ഞാൻ പയ്യെ വിളിച്ചു...
പ്രതിബിംബത്തിലെ കരയുന്ന കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ ഒഴുകി താഴേയ്ക്ക് വീണു.....
....പ്രേം.

......കോഴിയന്നങ്ങൾ....


ഉത്സവ പറമ്പിൽ തിരക്കേറേയായിരുന്നു.... വർണ്ണങ്ങളിൽ, ബഹളങ്ങളിൽ കണ്ണു മഞ്ഞളിച്ചു നടന്നു ...
വടക്കേ തെരുവിലാണ് കോഴി അന്നങ്ങൾ കെട്ടിപൊക്കുന്നത്. അവിടെ അന്നങ്ങൾ കെട്ടി വയ്ക്കുന്ന പുരയുടെ മുമ്പിൽ കുറച്ചു പേർ..
റോഡരുകിൽ ഭീമന്റെ വലിയ രൂപം..
കൊമ്പൻ മീശ... ഊശാൻ താടി.. ചുവന്ന കണ്ണുകൾ...
ഗദയുയർത്തി നിൽക്കുന്ന ഭീമൻ....
ചില അമ്മമാർ ഭീമനെ കാട്ടി കുട്ടികളെ പേടിപ്പിക്കുന്നുമുണ്ട്...
വിസ്മയത്തോടെ, ഭയത്തോടെ നോക്കുന്ന കുരുന്നു കണ്ണുകൾ...
പുന്നച്ചുവടിനു താഴെ കഷ്ടിച്ചു ഏഴോ എട്ടോ വയസ്സുള്ള ഒരാൺകുട്ടി...
കെട്ടിപൊക്കിയ ഭീമനെ നോക്കി നിൽക്കുന്നു... ഇടയ്ക്ക് തല താഴ്ത്തുന്നു..
ആ കണ്ണുകളിൽ കൗതുകമല്ല.. പേടിയാണ്..
എന്തേ.?.. മോനെന്താ ഇവിടെ നിൽക്കുന്നത്?
എന്നെയവൻ ദയനീയമായി നോക്കി.
ഭീമനും... അച്ഛനും ഇഷ്ടാണ്.. .....
ചിരിച്ചു കൊണ്ടു ഞാൻ ചോദിച്ചു..
മോന്റെ അച്ഛന്റെ പേരെന്താണ്? അച്ഛൻ എവിടെ?
അതിനവൻ മറുപടി പറഞ്ഞില്ല. എന്നെ ഒന്നു നോക്കി.. പിന്നെ മരക്കൊമ്പുകൾക്കിടയിലൂടെ അവൻ ആകാശത്തേക്ക് വിരൽ ചൂണ്ടി..
നരച്ച ആകാശത്തിൽ ചിതറി കിടന്ന മേഘങ്ങളിലേക്ക് ഞാനും നോക്കി.
നിരത്തിലെ വർണ്ണങ്ങളിൽ നിന്ന് ഒരു തുമ്പി പഴമയുടെ കഥയുമായി പാറി വന്നു...
ശരിയാണ്... ഭീമനും ആ അച്ഛനും ഇഷ്ടാണ്...
...പ്രേം..

വെള്ളിത്തുട്ടുകൾ


ഉച്ചമുതൽ നന്നായി പനിക്കുന്നുണ്ടായിരുന്നു അവന്. കിടക്കയിൽ വെറുതെ അവനരികിൽ ഇരുന്നു.. നെറ്റിയിൽ കൈവച്ചു നോക്കുമ്പോൾ പൊള്ളുന്ന ചൂട്...
തുളസിയില ഇട്ട വെള്ളം ആവി പിടിപ്പിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ധൈര്യത്തിനായി പറഞ്ഞു.. മോന്റെ പനി ഇനി വേഗം മാറും.. ട്ടോ..
കുഞ്ഞിക്കണ്ണുകൾ വലിച്ചു തുറന്ന് അവനെന്നെ നോക്കി. പിന്നെ തലയാട്ടി..
ബിസിനസ്സ് നിർത്തുമ്പോൾ എട്ടു ലക്ഷം രൂപാ കടം.. ബന്ധുക്കൾ കൈയ്യൊഴിഞ്ഞു.. കടം വാങ്ങിയവരുടെ മുമ്പിൽ തല കുനിച്ച്...ചിലർ കണ്ടാൽ വഴി മാറി നടക്കുന്നു... ചിലരെ കണ്ടാൽ ഞാനും..
ചിലർ പിറുപിറുക്കുന്നു.
മേനോൻ സാറിന്റെ മകനാണ്.. സുകൃതക്ഷയം
ഇപ്പോഴത്തെ പനിയാ.. നമുക്കവനെ ഡോക്ടറുടെ അടുത്തു കൊണ്ടു പോകാം... ഭാര്യ പല തവണ ഓർമ്മിപ്പിച്ചു..
പേഴ്‌സിൽ മൂന്ന് വെള്ളി തുട്ടുകൾ മാത്രം..
ഹരിയെ കിട്ടുന്നില്ല.. ജോസഫിനെ ഒരു ചെറിയ അമാന്തത്തിൽ ഫോൺ ചെയ്തു... എനിക്ക് ഒരു മുന്നൂറ് രൂപാ കടം തരണം
വൈകിട്ട് തരാം.. മീറ്റിങ്ങിലാണ്..
ആരാണ് എനിക്ക് പൈസാ തരുവാൻ.. ഓർമ്മകളിൽ പലയാവർത്തി മുഖം തിരിച്ച മുഖങ്ങൾ മാത്രം.. ചിലർ സംസാരിക്കുന്നതിനു മുൻപേ....
ഞാൻ ഇനി ആരോടു ചോദിയ്ക്കും?
അങ്ങകലെ എവിടെയോ സർപ്പം പാട്ട് കേൾക്കാം..
മോനേ... ദേ കേൾക്കുന്നുണ്ടോ..?
"ആദരാലീക്കഥയെ സ്തുതിക്കുമ്പോൾ നാഗരാജൻ തുണയ്ക്ക "...
"ആദരാലീക്കഥയെ സ്തുതിക്കുമ്പോൾ
നാഗയക്ഷി തുണയ്ക്ക " ...
പുള്ളോർ കുടത്തിന്റെ തേങ്ങലുകൾ എവിടെയാണ്..? മയങ്ങുന്ന കണ്ണുകൾ മെല്ലെ അവൻ തുറന്നു.. കരിവാളിച്ച ചുണ്ടുകൾ എന്തോ പറയുന്നുണ്ട്..
..ന്താ മോനേ...? എന്തു വേണം.?
എന്നെ ...ആശുപത്രിയിൽ കൊണ്ടു പോകില്ലേ അച്ഛാ?..
വായിച്ച പുസ്തകങ്ങളിലെ അറിവുകൾ ചോർന്നു പോകുന്നു... വിശ്വാസങ്ങളും..
ജോസഫങ്കിൾ ഇപ്പോ വരും.. അച്ഛൻ മോനെ ഡോക്ടറുടെ ...
പേഴ്സ് തുറന്ന് ഒന്നൂടെ നോക്കി.. ഇടയിലെവിടെയെങ്കിലും ഒളിഞ്ഞു കിടക്കുന്ന ഒരു നോട്ട്...
പേഴ്‌സിനുള്ളിലെ നാണയങ്ങൾ എന്നെ നോക്കി ചിരിക്കുന്നു...
ആ പാട്ട് ഇപ്പോൾ വളരെ അടുത്തു കേൾക്കുന്നുണ്ട്..
" സൽകഥ കേട്ടവര് വസിക്കുന്നു
ത്യപ്തിയായി ഇന്നിവിടെ "......
കനം തൂങ്ങിയ നെഞ്ചുമായി ഞാൻ കാത്തിരുന്നു.....
...പ്രേം..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo