Showing posts with label AnnaBenny. Show all posts
Showing posts with label AnnaBenny. Show all posts

ദൃശ്യം 3 - The Reality | Anna Benny


 "ഇല്ല തോമസ്.. നിർത്താറായില്ല, അയാൾ ഇനിയും കളിക്കട്ടെ, നമുക്കും ഒപ്പം കൂടാം" കയ്യിലിരുന്ന പേപ്പർ ചുരുട്ടിയെറിഞ്ഞ് ഗീതാ പ്രഭാകർ വണ്ടിയിലേക്ക് നടന്നു.
"നീ ഇതെന്തു ഭാവിച്ചാ ഗീതാ, നമ്മൾക്കയാളെ ജയിക്കാനാവില്ല.." ഈറനണിഞ്ഞ ശരീരത്തോടെ പ്രഭാകർ പുഴയിൽ നിന്നും അവരുടെ ഇടയിലേക്ക് കയറിവന്നു.
"അതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷേ സിസ്റ്റത്തിന്റെ ഭാഗത്തുനിന്നുo ഇനി വലിയൊരു സപ്പോർട്ട് നിങ്ങൾ പ്രതീക്ഷിക്കേണ്ട." ഐജി തോമസ് ബാസ്റ്റിൻ അവരോട് യാത്ര പറഞ്ഞിറങ്ങി..
"തോമസ് ഒരു മിനിറ്റ്.." ഗീത തോമസിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നുചെന്നു. "ഇത്രയ്ക്ക് കഴിവുണ്ടായിട്ടും, എല്ലാവരെയും സമർത്ഥമായി പറ്റിക്കാമെന്ന് ഉറപ്പുണ്ടായിട്ടും എന്തിനായിരിക്കും ജോർജുകുട്ടി ഒരു വക്കീലിനെ ഏർപ്പാടാക്കിയത്, അതും രേണുകയെപ്പോലെ തുടക്കക്കാരിയായ വക്കീലിനെ.. അയാൾക്ക് സ്വയം വാദിച്ചാൽ പോരായിരുന്നോ.."
"അത് മാഡം, അതും ആ കളിയുടെ ഭാഗമാണ്, ഷി വാസ് എ മീഡിയം ഒൺലി.. അയാൾ സ്വയം വാദിക്കുകയാണ് ചെയ്തത് അയാളുടെ പ്രവൃത്തികളിലൂടെ, പക്ഷേ കോടതിക്ക്‌ അങ്ങനെ തോന്നാതിരിക്കാൻ ഹി യൂസ്ഡ് ഹേർ.."
"ഉം..." കൈകൾ മടക്കിക്കെട്ടി ഗീത ഐജി തോമസ് ബാസ്റ്റിനെ കുറെനേരം നോക്കിനിന്നു, പിന്നെ വണ്ടിയിലേക്ക് കയറി.
ഗീതാപ്രഭാകർ വണ്ടിയിലിരുന്ന് കണ്ണുകളടച്ചു, കോടതിയിൽ നിന്നും സിഐ ഫിലിപ്പ് വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ മനസ്സിൽ കണ്ടു. DNA റിപ്പോർട്ട് പ്രകാരം മൃതദേഹ അവശിഷ്ടങ്ങൾ വരുണിന്റെയല്ല എന്നറിഞ്ഞപ്പോൾ ഞെട്ടിയ ജഡ്ജിയുടെ മുഖം, അത് ജഡ്ജി പറഞ്ഞുകേട്ടപ്പോൾ ഞെട്ടിത്തരിച്ച് നിന്ന അഡ്വക്കേറ്റ് രേണുകയും അഡ്വക്കേറ്റ് ജനാർദ്ദനനും, ഒപ്പം ഇതെല്ലാം ശാന്തതയോടെ കണ്ടുനിന്ന ജോർജ്ജുകുട്ടിയും..
കോടതിമുറിയിൽ ആ വാർത്ത ഏറ്റവും അവിശ്വസനീയതയോടെ കേട്ടത് രേണുകയാണ്, അഡ്വക്കേറ്റ് രേണുകയും അപ്പോൾ അയാളുടെ കയ്യിലെ ഒരു കളിപ്പാട്ടം മാത്രമാണ്, അവൾക്ക് ഇതൊന്നും നേരത്തെ അറിയാമായിരുന്നില്ല.
പ്രഭാകറിനെ വീട്ടിലാക്കി ഗീത നേരെപോയത് കോടതിയിലേക്കാണ്, അവിടെനിന്നും അഡ്വക്കേറ്റ് രേണുകയുടെ അഡ്രസ്സ് സംഘടിപ്പിച്ചു. പഴയൊരു വീടിനു മുന്നിലെത്തി മൂന്നാലു തവണ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു, പ്രതീക്ഷപോലെ രേണുകയായിരുന്നു വാതിൽ തുറന്നത്.
"മാഡം കയറിവരൂ, മാഡം വരുമെന്ന് ജോർജച്ചായൻ പറഞ്ഞിരുന്നു." രേണുക ഗീതയെ അകത്തേക്ക് വിളിച്ചു.
രേണുക ചായ എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ ഗീത ചുറ്റും നോക്കി, ഇനിയും പണികൾ ബാക്കിയുള്ള ചെറിയൊരു വീട്, മുറികളിലൊന്നിൽ രേണുകയുടെ ഗൗണുകൾ തൂങ്ങിക്കിടക്കുന്നു, ഹാളിന്റെ മൂലയിൽ അവൾക്ക് കിട്ടിയ മെഡലുകളും.
രേണുക തിരിച്ചുവന്നപ്പോൾ ഗീത ആ മെഡലുകൾ തിരിച്ചും മറിച്ചും നോക്കുകയായിരുന്നു, രേണുക ചായ മേശമേൽ വെച്ചു, "എനിക്കൊരു വോളിബോൾ പ്ലെയർ ആകാനായിരുന്നു മാഡം ആഗ്രഹം, ഇതെല്ലാം അതിന് കിട്ടിയതാ."
"എന്നിട്ടെന്താ ആ വഴിക്ക് പോകാഞ്ഞത് " ഗീത ചൂട് ചായ ഊതിക്കുടിച്ചു.
"കുറെനാൾ ആ വഴിക്ക് നടന്നു, പിന്നെ അതുകൊണ്ട് ജീവിക്കാനൊക്കില്ല എന്നു മനസ്സിലായപ്പോൾ പല ജോലികളും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ജോർജച്ചായൻ എന്നെത്തേടി വന്നു, വക്കീലാകാൻ എല്ലാ സഹായവും ചെയ്തുതരാമെന്ന് പറഞ്ഞു, ഞാനത് സമ്മതിച്ചു. എന്നെ പഠിപ്പിച്ച് വക്കീലാക്കി, എന്റെ കല്യാണം ഉൾപ്പെടെ എല്ലാം അച്ചായൻ മുൻകൈയെടുത്താണ് നടത്തിയത്.."
"രേണുകക്ക്‌ വേറെ ആരൊക്കെയാ ഉള്ളത്." കാലിയായ ചായഗ്ലാസ് ഗീത നിലത്തുവെച്ചു .
"അപ്പൻ ഞങ്ങളുടെ പള്ളിയിലെ പണ്ടുതൊട്ടെയുള്ള കുഴിവെട്ടുകാരനാണ്, എന്നാലിപ്പോൾ വയ്യാതെ കിടപ്പിലാണ്, അമ്മ കുറച്ചു നേരത്തെ പുറത്തേക്ക് പോയി, എന്റെ ഇന്റർകാസ്റ്റ് മാര്യേജാണ്, അവിടെ വീട്ടിൽ അത്ര രസത്തിലല്ല... പേരുമാറ്റിയിട്ടും...
കുറിതൊട്ട് നടന്നിട്ടും എന്നെ ഒരു അന്യമതസ്ഥയായാണ് കാണുന്നത്.
അപ്പനെ നോക്കാനെന്ന പേരും പറഞ്ഞ് കുറച്ചുനാളായി ഞാൻ ഇവിടെത്തന്നെയാ.."
"ജോർജുകുട്ടി ഇവിടെ വരാറുണ്ടോ??."
"അപ്പനെ കാണാൻ ഇടയ്ക്ക് വരാറുണ്ട്, കഴിഞ്ഞ മാസം ചേച്ചിയേം പിള്ളേരേം കൂട്ടിയാ വന്നത്. അവരു വന്നപ്പോൾ അപ്പൻ പുറത്തുകിടക്കുന്നതുകണ്ട് കുറച്ചുപണം തന്നു, മുറിയൊക്കെ കുറച്ചൊന്നു ശരിയാക്കി അപ്പനെ അകത്തുകിടത്താൻ അതുകാരണം സാധിച്ചു.."
"മാഡം ഒരു മിനിറ്റ്.." അപ്പുറത്തെ മുറിയിൽ നിന്നും ഞെരക്കം കേട്ടതും രേണുക എഴുന്നേറ്റു നടന്നു, ഗീതയും പിന്നാലെക്കൂടി,
കട്ടിലിൽ ചുരുണ്ടുകിടന്ന മെല്ലിച്ച മനുഷ്യന്റെ അടിത്തേയ്ക്ക് ഗീത മെല്ലെ നടന്നു, എന്നിട്ട് പതിയെ ചോദിച്ചു,
" എന്താ തന്റെ പേര്?"
"പത്രോസ്" രേണുകയാണ് പുറകിൽ നിന്നും പറഞ്ഞത്..
ഒരു നിമിഷം ഗീത തരിച്ചുനിന്നു, ആ പേര് വീണ്ടും മനസ്സിൽ ഉരുവിട്ടു തളർന്ന ശരീരത്തോടെ ആ വീടിന്റെ പടിയിറങ്ങി.
ഗീത ഫോണെടുത്ത് വിളിച്ചു, "തോമസ്.. എനിക്കൊന്നു സംസാരിക്കാനുണ്ട് "
ഗീത ഐജിയുടെ ഓഫീസിലേത്തുമ്പോൾ, അയാൾ എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു, കസേര വലിച്ചിട്ട് ഗീത അതിലിരുന്നു.
"തോമസ്, ഐ ഹാവ് ആൻ ഇൻഡ്യൂഷൻ.."
"യാ ടെൽ മി." തോമസ് പേനയും പേപ്പറും മാറ്റിവച്ച് കസേരയിൽ അമർന്നിരുന്നു.
"നമ്മൾ പോലീസ് സ്റ്റേഷന്റെ തറകുഴിച്ച ദിവസം ജോർജുകുട്ടി ഓഫീസിൽ ഉണ്ടായിരുന്നില്ല, അയാൾ അപ്പോൾ കുട്ടികളുടെ കൂടെ പാമ്പുംകോണിയും കളിക്കുകയായിരുന്നെന്ന് സരിതയും സാബുവും പറഞ്ഞു. എന്നും കൃത്യമായി ഓഫീസിൽ വരുന്ന അയാൾ അന്ന്‌ മാത്രം വന്നില്ല, മാത്രമല്ല തിയേറ്ററിനകത്തു മാത്രം ക്യാമറ വെക്കാതെ എന്തുകൊണ്ടാണ് പുറത്തുംകൂടി അയാൾ ക്യാമറ വെച്ചത്, അതും ഇതെല്ലാം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം.. പോലീസ് സ്റ്റേഷൻ കുഴിക്കുമെന്നും, വരുണിന്റെ അസ്ഥികൂടം കണ്ടെത്തുമെന്നും അയാൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു... നമ്മൾ പോലീസ്റ്റേഷൻ കുഴിക്കുകയല്ല അയാൾ നമ്മളെക്കൊണ്ട് കുഴിപ്പിക്കുകയായിരുന്നു തോമസ്, എന്നിട്ട് ഇതെല്ലാം തന്റെ വീട്ടിലിരുന്നുകൊണ്ട് അയാൾ കണ്ടാസ്വദിച്ചു... ലക്ഷ്യത്തിലേക്ക് കയറിക്കയറി ജയിക്കാറാകുമ്പോൾ ഒറ്റയടിക്ക് വിഴുങ്ങി പടുകുഴിയിലേക്ക് തള്ളിവിടുന്ന പാമ്പിനെപ്പോലെ അയാൾ നമ്മളെ വിഴുങ്ങി, ഹി സ്വാളോവഡ് അസ് ലൈക്‌ എ സ്നേക്ക്.."
"ഐ നോ ഗീത, പക്ഷേ നമ്മൾ കൂടുതൽ കുരുക്കാൻ ശ്രമിക്കുന്തോറും അയാൾ കൂടുതൽ സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്, ഡാമിറ്റ്...."
" തോമസ്.. നമ്മൾ ഒരു കാര്യംകൂടി വിട്ടുപോയി, ജോസിനെ അറിയില്ലെന്ന് ജോർജ് പറഞ്ഞതും നുണയാണ്, ഹി വാസ് ലയിങ്.... എല്ലാ പത്രങ്ങളും ചാനലുകളും അരിച്ചുപെറുക്കുന്ന അയാൾ സ്വന്തംനാട്ടിൽ ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ട് അയാളറിഞ്ഞില്ലെന്നോ, നോ വേ... ജോസിനെയും അയാളെയും തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് അവർക്കിടയിലുണ്ട്, അത് കണ്ടെത്തിയാലേ ഇനിയും മുന്നോട്ട് പോകാനാകു.."
ചെറുതായി ചുമച്ചുകൊണ്ട് തോമസ് ടേബിളിൽ കൈകുത്തി മുന്നിലേക്ക് ആഞ്ഞിരുന്നു, "വരുണിന്റെ ബോഡി റിമെയിൻസ് അയാൾ മാറ്റിയെന്നുറപ്പാണ്. അയാളത് എങ്ങനെമാറ്റി, എവിടെവച്ച് മാറ്റി, മാറ്റിവെച്ച അസ്ഥിക്കൂടം ആരുടെയാണ്, ഈ വഴിക്കാണ് എനിക്ക് അന്വേഷിക്കാൻ തോന്നുന്നത്... ഒന്നുകിൽ നമ്മളിൽ ആരെങ്കിലും അയാളെ രഹസ്യമായി സഹായിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ലാബിൽ എത്തുന്നതിനു മുമ്പുള്ള വഴിയിലെവിടെയോ വച്ച് അയാളത് എക്സ്ചേഞ്ചു ചെയ്തു, പക്ഷേ ആ പെട്ടിയുടെ സീലുപോലും ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല.."
"ഒക്കെ തോമസ്, നിങ്ങളാ വഴിക്ക് അന്വേഷിക്കൂ, എല്ലാവരെയും പറ്റിച്ചു കൊണ്ടുള്ള അവന്റെ ചിരിയുണ്ടല്ലോ അത് എന്നന്നേക്കുമായി മായുന്നത് എനിക്ക് കാണണം അതുവരെ എനിക്ക് വിശ്രമമില്ല." ഗീത പുറത്തേക്കിറങ്ങി.
ഇതേസമയം മേരിയും ജോസും ജോർജുകുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു, അയാൾ കവലയിൽ കാർ നിർത്തി അവരുടെനേരെ തിരിഞ്ഞിരുന്ന്‌ ഒരു കവർ ജോസിന് നേരെനീട്ടി.. "പത്തുലക്ഷമാണ് നമ്മുടെ കരാർ, അതിൽ അഞ്ച് പോലീസുകാർ നിനക്കു തന്നു, ബാക്കി അഞ്ച് ഇതിലുണ്ട്.."
ജോസ് പണവുമായി മേരിക്കൊപ്പം പുറത്തിറങ്ങി പത്തടി നടന്നശേഷം തിരികെ ജോർജൂകുട്ടിയുടെ അടുത്തേക്കെത്തി "അച്ചായാ, അളിയന്റെ അസ്ഥിക്കൂടം തിരിച്ചുകിട്ടില്ലേ...."
"പോലീസുകാർ DNA ടെസ്റ്റ്‌ നടത്തും, വൈകാതെ നിങ്ങൾക്കുതന്നെ തിരികെക്കിട്ടും.."
"അപ്പോൾ പത്രത്തിൽ നോക്കിയല്ലേ, അച്ചായനത്....." മേരി പറഞ്ഞുവന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ജോസവളുടെ കൈപിടിച്ചു വലിച്ചു നടന്നു..
ഇതെല്ലാം കണ്ടുനിന്ന സുലൈമാനിക്ക നരച്ച നെഞ്ചിൽതടവി വിളിച്ചുചോദിച്ചു "ജോസേ ഇപ്പെന്തായി, ഞാനപ്പ്ളേ പറഞ്ഞില്ലേ ജോർജൂട്ടിയെ ചെന്നുകണ്ടാൽ എല്ലാം ശരിയാകൂന്ന്..."
"ഇക്കാ രണ്ടുകുല കായകൂടിയുണ്ട്, വൈകീട്ട് കൊണ്ടുവരാം" സുലൈമാനിക്കയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ജോർജ്കുട്ടി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..
അല്പസമയം കഴിഞ്ഞപ്പോൾ ഗീതാ പ്രഭാകർ ഒരിക്കൽക്കൂടി രാജാക്കാട് പോലീസ് സ്റ്റേഷന്റെ പടികടന്നു. ദീർഘമായി ശ്വസിച്ചുകൊണ്ട് ജോർജുകുട്ടി കണ്ണുകളടച്ചു, പിന്നെ പതിയെ കണ്ണുകൾ തുറന്ന് പേനയും പേപ്പറും കയ്യിലെടുത്തു, പുതിയൊരു കഥയെഴുതാൻ ...
NB : തെറ്റു കുറ്റങ്ങളേറെ ഉണ്ടാവും, സിനിമ കണ്ട ഒരു വീട്ടമ്മ മനസ്സിൽ വന്നത് വെറുതെ കുറിക്കുന്നു.....
Written by
Anna Benny,
Nallezhuth

കാരമുള്ളിനിടയിലെ കുറിപ്പ് (കഥയെഴുത്ത് മത്സരം ) - Entry 37


പതിവുപോലെ ഗ്രൗണ്ടിനുചുറ്റും പത്തുറൗണ്ട്  ഓടിക്കഴിഞ്ഞ്  ഫുട്ബോൾ പോസ്റ്റിൽ കൈചാരി നിൽക്കുമ്പോളാണ് അവിചാരിതമായി മഴവന്നത്, അൽപ്പം താഴേക്കുമാറി വലിയൊരു ആഞ്ഞിലിമരമുണ്ട് വലതുകൈപ്പത്തി  തലക്കുകുറുകെ പിടിച്ചുകൊണ്ട് ഞാനതിന്റെ കീഴേക്കോടി. മഴക്കധികം ശക്തിയൊന്നുമില്ല, പക്ഷെ ഇപ്പോളൊന്നും തോരുന്ന ലക്ഷണമില്ല, ചെറുതല്ലാത്ത കാറ്റുണ്ട്, ആകാശം നല്ലവണ്ണം ഇരുണ്ടിരിക്കുന്നു.


പെട്ടുപോയെങ്കിലും മഴ നല്ലവണ്ണം ആസ്വദിക്കാൻ പറ്റുന്നുണ്ട്, ജീവിതത്തിനൊരു ലക്ഷ്യമുണ്ടായത് ഇപ്പോളാണ്. രണ്ടുവർഷത്തെ പരിശ്രമം എസ് ഐ റാങ്ക്ലിസ്റ്റിൽ പേരുവന്നു, വൈകാതെ മെഡിക്കലും ട്രെയിനിങ്ങും തുടങ്ങും, തള്ളിപ്പറഞ്ഞവർക്കുമുന്നിൽ തലയുയർത്തി നടക്കണം, മനസ്സിലെ ചിരി ചുണ്ടിലൂടെ ഒഴുകിയെത്തി..  

കാറ്റ് കൂടിവരുന്നു ഞാൻ മരമുത്തശിയോട് കൂടുതൽ ചേർന്നുനിന്നു, തലയിലെന്തോ കുത്തുന്നപോലെ, തിരിഞ്ഞു നോക്കിയപ്പോൾ കാരമുള്ളുകൾ,  ഒന്നല്ല മൂന്നെണ്ണം,  അതിനടിയിലൊരു കറുത്ത കടലാസ്സും അത് മൂന്നായി മടക്കിയിരുന്നു, ഞാനതു തുറന്നു നോക്കി ഒന്നുമതിൽ എഴുതിയിട്ടില്ല.. ഒഴുകുന്ന വെള്ളത്തിലേക്ക് അതിനെയിറക്കിവെക്കാൻ   കയ്യുയർത്തിയപ്പോളാണ് മിന്നല് വന്നത്, ആ വെളിച്ചത്തിൽ അതിനുള്ളിൽ മൂന്നക്ഷരങ്ങൾ തെളിഞ്ഞു L-R-P, എന്തോ എനിക്കത് കളയാൻ തോന്നിയില്ല അവിടെത്തന്നെ കുത്തിവെച്ചിട്ട് ഞാനവിടെ നിന്നു, വൈകാതെ മഴമാറി വീട്ടിലേക്ക് നടന്നു..

പതിവുപോലെ അമ്മച്ചി സീരിയലിലാണ്,  കുഞ്ഞൻ സോഡാക്കണ്ണടയും വെച്ച് മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നു, എന്നേക്കാൾ പന്ത്രണ്ടോണം കുറച്ചുണ്ടിട്ടുള്ളു കുഞ്ഞനെന്നു ഞാൻ വിളിക്കുന്ന എന്റനിയൻ,  അവന്റെ തലക്കിട്ടൊന്നു കിഴുക്കിക്കൊണ്ട് ഞാൻ റൂമിലേക്ക് കടന്നു. അമ്മാമ്മ എന്റെ കട്ടിലിൽ ചാരിയിരിക്കുന്നുണ്ട്, അമ്മാമ്മക്ക് സീരിയലിനോടൊന്നും താൽപ്പര്യമില്ല വൈകുന്നേരമായാൽ ശാലോം ടിവി കാണണം, അമ്മയതു വെക്കാൻ സമ്മതിക്കുമില്ല. അക്കാര്യത്തിൽ അമ്മായമ്മയും മരുമോളും ചേരാണ്ടായപ്പോൾ നിവൃത്തിയില്ലാതെ അപ്പൻ വേറൊരു ടിവി വാങ്ങി ഹാളിൽവെച്ചു, പഴയത് എന്റെ മുറിയിലുമെത്തി..   

ചെവിക്ക് അൽപ്പം പതമുള്ളതുകൊണ്ട് നല്ലയുറക്കെയാണ് അമ്മമ്മ ടിവി വെക്കാറ്, ശീലമായതുകൊണ്ട് ഞാനതൊന്നും കാര്യമാക്കാറില്ലിപ്പോൾ, നാടുകാക്കേണ്ട പോലീസുകാരന് വീട്ടുകാരുടെ ചെറിയ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കാൻ മടിപാടില്ലല്ലോ..

തോർത്തെടുത്തു കുളിക്കാൻ കേറി, ഷവറിനു കീഴെ നിൽക്കുമ്പോളും വ്യക്തമായിക്കേൾക്കാം, പുത്തൻപുരക്കലച്ചന്റെ പ്രസംഗ0. നർമത്തിൽ പൊതിഞ് കുറിക്കുകൊള്ളുന്ന ഭാഷയിൽ കുടുംബജീവിതത്തെ വർണിക്കുന്ന ജോസഫ് പുത്തൻപുരക്കലച്ചൻ.. 

"പച്ചമരത്തിൽ മൂന്നാണിയിൽ തറക്കപ്പെട്ട  മൂന്നാംനാൾ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട യേശുക്രിസ്തു, മിന്നലിൽനെയും മഴയെയും ശാന്തമാക്കിയവൻ അവന്റെ നാമത്തിൽ നിങ്ങൾ പരസ്പരം ക്ഷമിച്ചുനോക്കിക്കെ മക്കളെ..... ജീവിതം സ്വർഗ്ഗമാകും". 

പെട്ടെന്നാ മിന്നൽ ഒരിക്കൽ കൂടി മനസ്സിൽ, ആ അക്ഷരങ്ങൾ വീണ്ടും കണ്മുന്നിൽ , കയ്യിൽതടഞ്ഞത് തോർത്തായിരുന്നു, അതുചുറ്റിക്കൊണ്ടുതന്നെ ഞാനിറങ്ങിയോടി, ഗ്രൗണ്ടിലേക്ക് അധികദൂരമില്ല പക്ഷെ അവിടെച്ചെല്ലുമ്പോൾ, ആ കാരമുള്ളും പേപ്പറും അവിടെയുണ്ടായിരുന്നില്ല.. 

തലയിൽപ്പതപ്പിച്ച ഷാംപൂ കഴുത്തിലൂടെ ഒഴുകുന്നു, ചെരിപ്പില്ലാത്ത കാലുകൾ ചരലിൽ പതിയുമ്പോൾ ചെറുതല്ലാത്ത വേദനയും, ഞാനെന്തിനാണ് ഇങ്ങനെയോടിയത്, മര്യാദക്ക് തുണിപോലുമുടുക്കാതെ.. തിരിച്ചു പടികേറുമ്പോൾ താടിക്കു കയ്യും കൊടുത്തുകൊണ്ട് അമ്മയും കുഞ്ഞനും എന്നെമാത്രം നോക്കുന്നു, ചമ്മൽ പുറത്തുകാണിക്കാതെ തോർത്തിന്റെ വശം ഒന്നുകൂടെ കൂട്ടിപ്പിടിച്ചുകൊണ്ട്  നിലത്തുനോക്കി ഞാനകത്തേക്കുകയറി,  ഭാഗ്യം അമ്മൂമ്മയൊന്നും അറിഞ്ഞമട്ടില്ല, ഞാൻ പിന്നെയും ഷവറിന്റെ ചുവട്ടിലെത്തി, അപ്പോളും  മനസ്സിൽ  ഒന്നുമാത്രം L-R-P..

കുളികഴിഞ്ഞു മേശമേലിരുന്നു ആയക്ഷരങ്ങൾ പേപ്പറിൽ പകർത്തി, കണ്ണുകളടച്ചു തലകസേരയിലമർത്തി.. മൂന്നാണിമേൽ തൂങ്ങിമരിച്ചു മൂന്നാംനാൾ ഉയർത്തെണീറ്റ യേശു, സ്നേഹത്തിന്റെ പുതിയ നിയമം ഭൂമിയിൽ സ്ഥാപിച്ചവൻ… പുതിയനിയമം മൂന്ന്…  L ലൂക്ക….  ഇനിയുള്ളത് R-P….   R-പതിനെട്ടാം അക്ഷരം….. P-പതിനാറ്.....  ലൂക്ക-പതിനെട്ട് -പതിനാറ് ..

ബൈബിൾ തുറന്നു അതിങ്ങനെ വായിച്ചു "കുഞ്ഞുങ്ങൾ എന്റെയടുത്തുവരാൻ അനുവദിക്കുവിൻ, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്". എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, തന്റെ അടുത്തെത്തുന്ന കുഞ്ഞുങ്ങളെ യേശു അനുഗ്രഹിക്കുന്ന ഭാഗം, അതും ഈ പേപ്പറുമായി എന്തു ബന്ധം, ആരാണ് അത് എടുത്തുകൊണ്ടുപോയത്, മനസ്സിലൊന്നും തെളിയുന്നില്ല,  കുറെയെല്ലാം ആലോചിച്ചു,  എപ്പോളോ ഉറങ്ങിപ്പോയി...

പിറ്റേന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് അമ്മ പറഞ്ഞത് "കുഞ്ഞനെ നീ പള്ളിയിൽ കൊണ്ടുവിടണം".. 

"പള്ളിയിൽ ഇപ്പോളോ" അതിനിപ്പോൾ കുർബാനയില്ലല്ലോ. 

"നമ്മുടെ പള്ളിയിലല്ല, രൂപതയിലാ, വെക്കേഷൻ ക്യാമ്പ്, മൂന്ന് ദിവസം താമസിച്ചുള്ള ക്യാമ്പ്". 

മൂന്നു ദിവസം, ഇന്ന് പതിനാറാം തിയതി, പതിനാറു മുതൽ പതിനെട്ടുവരെ..  എല്ലാം ഞാൻ ഒന്നുകൂടെ മനസ്സിൽ ആലോചിച്ചു… സ്വർഗ്ഗരാജ്യം കുഞ്ഞുങ്ങൾക്കുള്ളതാണ്...

"അമ്മമ്മേ, സ്വർഗത്തിൽ പോകാൻ ഞാനെന്ത് ചെയ്യണം". ചെറുപ്പത്തിൽ എന്റെ സംശയമായിരുന്നു.

"അതിനു നല്ല കാര്യങ്ങൾ ചെയ്യണം"

"ഞാൻ നല്ല കുട്ടിയല്ലേ, അപ്പൊ എനിക്കിപ്പോ സ്വർഗത്തിൽ പൊക്കൂടെ".

"കൊറേ പ്രായമായി മരിച്ചതിനു ശേഷമേ അവിടേക്ക് മാലാഖ കേറ്റൂ" തലയിൽ തടവിക്കൊണ്ട് അമ്മമ്മ ചുമരിൽ ചിരിക്കുന്ന അപ്പാപ്പനെ നോക്കി..... 

കേവലമൊരു സംശയത്തിന്റെ പുറത്ത്  നീങ്ങിയാൽ അതൊരു വലിയ പ്രശ്നമാകും.. കാര്യങ്ങൾ പൂർണമായും മനസ്സിലാക്കുന്നവരെ പുറത്തറിയരുത്.. മൂന്നാല് ഷർട്ടും ജീൻസുമെടുത്തു ഞാനും ബാഗെടുത്തു, ജോണിനെയും വിളിച്ചുപറഞ്ഞു, ഈ വർഷം ലിസ്റ്റിൽ പേരില്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ വലിയ ഇഷ്ടമാണവന് ... കാര്യങ്ങളറിഞ്ഞപ്പോൾ ഒറ്റവാക്കിലവൻ പറഞ്ഞു, "ഞാനെത്തി അളിയാ".. 

വൈകാതെ കുഞ്ഞനെയും കൂട്ടി ഞങ്ങളവിടെത്തി, പല പള്ളികളിൽ നിന്നും കുട്ടികളുണ്ട് ഏകദേശം അഞ്ഞൂറോളം, ഏഴാം ക്ലാസ്സ്‌ മുതൽ പത്തുവരെയുള്ള കുട്ടികൾ..

ജോണിന്റെ പള്ളിയാണ്, അതുകൊണ്ട് വളണ്ടിയറായി അവിടെക്കേറുവാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല..  ഞങ്ങൾ അവിടമെല്ലാം ചുറ്റിനടന്നു പള്ളിഹാളെല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്, സ്റ്റെജിൽ എല്ലാവിധ മ്യൂസിക് ഇൻസ്ട്രുമെൻറ്സും ബോസ്സിന്റെ കിടിലൻ സൗണ്ട് സിസ്റ്റവും.. 

എല്ലായിടത്തും ഓടിപ്പാഞ്ഞുകൊണ്ട് കൊച്ചച്ചൻ നടക്കുന്നുണ്ട്, ഞങ്ങൾ അടുത്തേക്ക് ചെന്നു. "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ". 

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

"നല്ല ഗ്രാന്റ് സെറ്റപ്പാണല്ലോ ഫാദർ, ഇതൊക്കേ”..

"ആ, ദൈവാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയാകുന്നു".

"ഇതുനുള്ള ഫണ്ടൊക്കെ പള്ളിക്കുണ്ടോ".

'ഇല്ല, പള്ളിക്കു ചെലവൊന്നുമില്ല, ഫ്രാൻസിലെ ആസ്ഥാനമായ ഒരു പ്രാർത്ഥന ഗ്രൂപ്പുണ്ട്, അവരുടെ ബാംഗ്ലൂർ ഓഫീസിലെ ആളുകളാ ഇതിനുള്ള സകല ചെലവും വഹിക്കുന്നത്''

'അച്ചാ, അവരുടെ അഡ്രെസ്സൊ ഫോൺ നമ്പറോ കയ്യിലുണ്ടോ".

അച്ഛനൊരു നോട്ടീസ് ഞങ്ങളുടെ നേരെ നീട്ടി, അഗാത്തെ റിട്രീറ് സെന്റർ ബാംഗ്ലൂർ. ഞാൻ ഫോണെടുത്തു വിളിച്ചു.

"ഗുഡ് മോർണിംഗ്, അഗാത്തെ റിട്രീറ് സെന്റർ".

"മാഡം, ആം ജെറാൾഡ് ഫ്രം കൊച്ചിൻ,  വാണ്ട് ട്ടു കണ്ടക്ട്  റിട്രീറ്  ഇൻ ഔർ ചർച്"

"മലയാളത്തിൽ പറഞ്ഞാൽ മതി, ചിരിച്ചു കൊണ്ടായിരുന്നു അതിനുള്ള മറുപടി"  

"അതേയ്, ഞങ്ങടെ പള്ളിയിലൊരു ക്യാംപ് നടത്തുന്നതിനെക്കുറിച്ചു ആലോചിക്കാൻ വിളിച്ചതാ".

ഒന്ന് ഹോൾഡ് ചെയ്യണേയെന്നു പറഞ് അവർ ഫോൺ നിലത്തുവെച്ചു, മറ്റൊരു ഫോണിൽ ആരോടോ സംസാരിക്കുന്നകേട്ടു, അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ ഞങ്ങൾക്കുള്ള മറുപടി കിട്ടി "ഇല്ല സാർ, ഇനിയീ വർഷം നടക്കില്ല,  പത്തൊൻപത്തിനു തങ്കച്ചൻ ബ്രദറും സംഘവും തിരികെ ഫ്രാൻസിലേക്കുപോകും".      

 ഫോൺ വെച്ച് തിരിഞ്ഞപ്പോളാണ് അവളെക്കണ്ടത് , അലീന.. പത്തുവരെ കൂടെപ്പഠിച്ചതാണ്, ചെറുതല്ലാത്ത ഇഷ്ടം മനസ്സിലുണ്ടായിരുന്നെങ്കിലും അന്നത് പറയാൻ പേടിയായിരുന്നു, ഇന്നുമാ പേടി അങ്ങനെതന്നെ ഉണ്ടുതാനും…

"അലീന എന്താവിടെ".

"ചേച്ചിയുടെ മോളുണ്ട് ഇതിൽ, അതുകൊണ്ട്".....

"അപ്പോളാണ് ഞാനവളുടെ കൈ ശ്രദ്ധിച്ചത് വെളുത്തുതുടുത്ത വിരൽത്തുമ്പിൽ എന്തോ ചുവന്ന പൊട്ടുപോലെ".

"എന്ത് പറ്റിയതാ കയ്യിൽ’'

""അതൊരു മുള്ളു കൊണ്ടതാ'.

''ഇയാളിപ്പോ ജോലിക്കൊന്നും പോകുന്നില്ലേ"

"ഉവ്വ, ഒരു പ്രൈവറ്റ് ബാങ്കിലാ, ലീവെടുത്തു മൂന്നു ദിവസം".

അപ്പോളേക്കും മറ്റൊരു പെൺകുട്ടിയും അവിടേക്ക് കടന്നുവന്നു, അലീനയുടെ കൈപിടിച്ചുകൊണ്ട് അവരങ് അൽപ്പം മാറിനിന്നു, പക്ഷെ അവർ പറയുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു.

"എന്താടീ, ഇവിടൊരു ചുറ്റിക്കളി, അതാരാ ആ ചുള്ളൻ" ചുള്ളനെന്നു വിളിച്ചത് എന്നെയാണെന്നറിഞ്ഞപ്പോൾ ഉയരം പിന്നെയും കൂടിയപോലെ, പക്ഷെ അടുത്ത നിമിഷത്തിൽ അത് പാതാളത്തോളം താഴ്ന്നു.

"അതൊരു പഴയ കൂട്ടുകാരനാ, ഒരു വായ്നോക്കി".    

വേണ്ടായിരുന്നു, എങ്ങനേലും രക്ഷപ്പെടാമെന്ന ചിന്തയിൽ നടക്കാൻ തുടങ്ങി, അവരുടെ സംഭാഷണം അപ്പോളും തുടർന്നുകേട്ടു "എടീ, നിന്റെ ലീവ് പണ്ടേ തീർന്നതല്ലേ, ഇനിം ചെന്നില്ലേൽ പണിയാകില്ലേ". 

അവൾ ചുറ്റും പരിഭ്രമത്തോടെ നോക്കിക്കൊണ്ട്, നടന്നുപോയി. ജോൺ എന്നെ നോക്കി..

തങ്കച്ചൻ ബ്രദർ, ഇന്ത്യയിലെ അറിയപ്പെടുന്ന ബൈബിൾ പ്രഘോഷകരിലൊരാൾ, ചാരിറ്റികളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം, ഒരുപക്ഷെ പത്മ പുരസ്കാരത്തിനുപോലും ഈ വർഷം പരിഗണിക്കപ്പെടുമെന്നു വിശ്വസിക്കുന്നയാൾ, ലോകത്തങ്ങോളമിങ്ങോളം പല ഭാഷകളിൽ ധ്യാനങ്ങളും സെമിനാറുകളും നടത്തുന്നു, കൂടുതലും കുട്ടികൾക്കായുള്ള പരിപാടികളാണ്.. ബ്രദർ എവിടെത്തുകാരനാണെന്നോ ആരാണെന്നോ ആർക്കും അറിയില്ലെങ്കിലും ഒരാൾക്കുപോലും അദ്ദേഹത്തെക്കുറിച്ച തെറ്റായ അഭിപ്രായം ഉണ്ടായിരുന്നില്ല.. 

അലീന, അവളിൽ സംശയിക്കാൻ ഒരുപാടുണ്ട്.. അവളെന്തിനാണ് ലീവിലാണെന്നു കള്ളം പറഞ്ഞത്, ആ കൈകളിൽ മുള്ളുകൊണ്ട് മുറിഞ്ഞത്  അതാ പേപ്പറെടുക്കമ്പോളല്ലേ….

ഈ മാസം നാലിടത്താണ് ബ്രദറും സംഘവും ഇതുപോലെ സംഘടിപ്പിച്ചത്, ആദ്യം ഗോവയിൽ, പിന്നെ ആന്ധ്രയിൽ, ബീഹാറിൽ ഇപ്പോൾ കേരളത്തിലും.. ഇതിലെന്തെങ്കിലും കോമൺ ഫാക്ടർ  ഉണ്ടോയെന്ന് കണ്ടെത്താനായിരുന്നു എന്റെ ശ്രമം, പാർട്ടി ജില്ലാ സെക്രട്ടറി വഴി ഹോം മിനിസ്ട്രിയിൽ ഒന്നന്വേഷിച്ചപ്പോൾ മനസ്സിലായി, അവിടെയെല്ലാം അവസാന ദിവസം കുട്ടികളെ കാണാത്തിയിട്ടുണ്ട് ഗോവയിൽനിന്നും നാലുപേർ, ആന്ധ്രയിൽനിന്നും മൂന്ന്, ബീഹാറിൽ രണ്ട്…. അപ്പോൾ മറ്റന്നാൾ ഇവിടെനിന്നും....  മറ്റൊരു കാര്യം കൂടെ കാണാതായ കുട്ടികൾക്കെല്ലാം ഫുഡ് പോയ്സൺ അടിച്ചിരുന്നു, അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിയാണ് കാണാതായിട്ടുള്ളത്.. പക്ഷേ ഒരിടത്തും അന്വേഷണത്തിൽ ബ്രദറെയോ അദ്ദേഹത്തിന്റെ ധ്യാനകേന്ത്രത്തെയോ സംബന്ധിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.. 

ഉച്ച കഴിഞ്ഞു തങ്കച്ചൻ ബ്രദർ ക്ലാസ് തുടങ്ങി, ആരെയും പിടിച്ചിരുത്തുന്ന ശൈലി കളിയും ചിരിയുമായി കുട്ടികൾക്കൊപ്പം "എന്റെ കുഞ്ഞു  മക്കളേ, എങ്കിലൊരു കഥ പറയാം.. മലമുഴക്കി വേഴാമ്പലിനെ ശബ്ദം കേട്ട് അതിനൊപ്പം സിംഹവാലൻ കുരങ്ങനെപ്പോലെ ചാടിച്ചാടി നടന്ന ഒരു കുറുമ്പനെ കഥ"..

  സിംഹവാലൻ മലമുഴക്കി, അതിരപ്പിള്ളി ..ചാലക്കുടി. അപ്പോൾ ബ്രദർ ചാലക്കുടിക്കാരനാണോ.. ജോണിനോട് പറഞ്ഞുകൊണ്ട് ഞാൻ ബൈക്കുമെടുത്തു പുറത്തിറങ്ങി, അങ്കമാലി വഴി നേരെ ചാലക്കുടിക്ക്..

മണിച്ചേട്ടന്റെ നാട്ടിൽച്ചെന്നു അന്വേഷിച്ചെങ്കിലും ടിവിയിലും മറ്റും കണ്ട ഓർമ പറയുന്നതല്ലാതെ നേരിട്ടാരും ബ്രദറിനെ കണ്ടിട്ടില്ല,തിരികെപ്പോകാൻ കൂട്ടാക്കാതെ അതിരപ്പിള്ളി ഭാഗത്തേക്ക് ഞാൻ കൂടുതൽ നീങ്ങി,  പലയിടത്തും അന്വേഷിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.

വഴിയിൽക്കണ്ട മാടക്കടയിൽനിന്നും ചായ കുടിച്ചിറങ്ങാൻ നേരം പ്രായമേറെച്ചെന്ന ഒരുകാരണവർ അവിടിരുന്നു ചുമക്കുന്നു, വായിലേക്കിറങ്ങുന്ന കഫം പിന്നെയും  വലിച്ചകത്തേക്കു കേറ്റുന്നു..  ഉള്ളിലെ ദേഷ്യവും സങ്കടവും  മറച്ചുവെക്കാതെ തന്നെ ഞാനെണീറ്റു, അവസാന ശ്രമമെന്നോണം ആ കടക്കാരനെ ഫോണിലെ പടം കാണിച്ചുകൊടുത്തു, വരത്തനായതുകൊണ്ട് അയാൾക്ക് അറിയില്ലപോലും..

ബൈക്ക് സ്റ്റാർട്ടാക്കി ഹെൽമെറ്റ് വെക്കാൻ നേരം ചുമയ്ക്കിടയിൽ നിന്നൊരു ശബ്ദം, അത്  വക്കച്ചനാ.. ഞാനോടി അകത്തുചെന്നു ഇത് തങ്കച്ചൻ ബ്രദറല്ലേ…. അല്ല അയാൾ ഉറപ്പിച്ചാണ് പറയുന്നത്..

ഒന്നും മനസ്സിലാകാതെ നിന്ന എന്നെനോക്കി അയാൾ പിന്നെയും പറഞ്ഞു, അവർ ഇരട്ടകളാ,  തങ്കച്ചനും വക്കച്ചനും..

"അവരെ തിരിച്ചറിയാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ" കയ്യിലിരുന്നതിൽ വലിയ നോട്ടൊരെണ്ണം നീട്ടികൊണ്ട് ഞാനാ കാർന്നോരോട് കൂടുതൽ അടുത്തിരുന്നു..

'വക്കച്ചൻ എടംകയ്യനാ, പിന്നെ ചെറുപ്പത്തി ജെന്നി വന്നകൊണ്ട് എപ്പളും  അവൻ പെടലി വെട്ടിക്കും".

'അവരിപ്പോൾ എവിടെയെന്നറിയുമോ"

'ഇല്ല , പത്തുവർഷത്തെ മേപ്രയായി അവര് പോയിട്ട്".

പിറ്റേന്ന് മുഴുവൻ ഞാനയാളെ ശ്രദ്ധിക്കുകയായിരുന്നു ഇടതുകൈയിലാണ് അയാൾ മൈക്ക് പിടിക്കുന്നത്, ഇടതുകൈ കൊണ്ടാണ് എഴുതുന്നത്, മാത്രമല്ല കൂടെക്കൂടെ അയാൾ തലയും വെട്ടിക്കുന്നുണ്ട്, ഇത് വക്കച്ചൻ തന്നെ, പക്ഷെ എന്താണ് തെളിവ്, ഇത് വക്കച്ചനാണെകിൽ ഇതിലെല്ലാം ബ്രദർ തങ്കച്ചനുള്ള പങ്കെന്താണ് , ബ്രദർ എവിടെയാണ്, അയാൾക്കെന്താണ് പറ്റിയത്..

എല്ലാത്തിനും ഒരേയൊരു ഉത്തരമേയുള്ളൂ നാളത്തെ പകൽ, മൂന്നാം ദിവസത്തെ സൂര്യൻ...  

ഉച്ചയാകാറായി ഞാൻ കുഞ്ഞനെ അടുത്തേക്ക് വിളിച്ചു "കുഞ്ഞാ, ചേട്ടനൊരു ഗെയിം കളിയ്ക്കാൻ പോകാ, നീയും കൂടുന്നോ".

"ഏതു ഗെയിമാ  ചേട്ടാ, പബ്‌ജിയാണോ"

"അതൊന്നുമല്ലെടാ അതുക്കും മേലേയാ, നീയാ ഷർട്ട്  മാറി ഇതിട്ടോളു'.

'’ഭക്ഷണത്തിനുള്ള സമയമായി, ചോറും കറികളും വലിയ ചെരിവത്തിൽ നിറച്ചു വെച്ചിരിക്കുന്നു, അപ്പുറത്തു മാറി ഫ്രഷ് ഓറഞ്ചുജൂസ് പ്ലാസ്റ്റിക് ഗ്ലാസ്സുകളിലാക്കി മൂടിയടച്ചു  വെച്ചിരിക്കുന്നു, ഞാനതിന്റെ ചുറ്റും നടന്നു അതിലൊരെണ്ണത്തിൽ കറുത്ത പേപ്പർ കഷണം ഒട്ടിച്ചു വെച്ചിരിക്കുന്നു, ആഞ്ഞിലിമരത്തിൽ കണ്ട അതേ പേപ്പർ..

"കുഞ്ഞാ, ജ്യൂസ് കണ്ടില്ലേ, അതിലെ വലതുവശത്തു അഞ്ചാമാതിരിക്കുന്ന ഗ്ലാസ് നീയെടുക്കണം, പക്ഷെ കുടിക്കരുത്. എന്നിട്ട് കുറച്ചു കഴിയുമ്പോൾ വയറുവേദന അഭിനയിക്കണം സ്ക്കൂളിൽ പോകാതിരിക്കാൻ കാണിക്കുന്നപോലെ, ഒന്ന് തലകറങ്ങി വീഴുകയും വേണം"..

'ഒക്കെ ചെയ്യാം, പക്ഷെ എനിക്ക് പുതിയ ടാബ് വാങ്ങിച്ചുതരണം"

"ഏറ്റെടാ, ചേട്ടായി വാങ്ങിത്തരാം" അവന്റെ നെറുകയിൽ തലോടി ആ കവിളിൽ നുള്ളുമ്പോൾ അപ്പച്ചനായിരുന്നു മനസ്സുനിറയെ, സ്വർഗത്തിലിരുന്നു അപ്പച്ചൻ പ്രാർത്ഥിക്കുന്നുണ്ടാകും, കാത്തോളണേ പുണ്യാളാ ന്റെ പിള്ളേരേന്നു..   

'നീയെന്തിനാ കുഞ്ഞനെവെച്ചു പരീക്ഷിക്കുന്നെ, ഇത് റിസ്കാ". ജോണിനത് അംഗീകരിക്കാൻ കഴിഞ്ഞില്ല  

'ഇല്ലടാ, റിസ്ക് ഇല്ല  നീയാലോചിച്ചു നോക്കിക്കേ, ഇതുവരെ കാണാതായ കുട്ടികളുടെ ബോഡിയോ മറ്റെന്തെങ്കിലും തെളിവുകളോ പുറത്തു വന്നിട്ടുണ്ടോ, ഇത് നൂറു ശതമാനവും കുട്ടികളെ കടത്തിക്കൊണ്ടുപോകാനുള്ള പരിപാടിയാണ്, അതിനുള്ള മറയാണ് ഇതെല്ലാം..  പിന്നെ കുഞ്ഞൻ അവനെന്റെ അനിയനാടാ ഞാനവന്റെ ചേട്ടനും, വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയ വേറെയാരാ നമുക്കുള്ളത്"..

കുഞ്ഞൻ നന്നായി അഭിനയിച്ചു, രണ്ടുപേർ കുഞ്ഞനെ കാറിൽക്കയറ്റി   ഹോസ്പിറ്റലിലേക്കെന്ന വ്യാജേന കൊണ്ടുപോയി, അവന്റെ ഷർട്ടിന്റെ കുടുക്കിൽ ഒളിപ്പിച്ച GPS  വഴി ഞങ്ങളവനെ പിന്തുടർന്നു, സംശയിക്കാതിരിക്കാൻ അത്യാവശ്യം ഗാപ് ഇട്ടുകൊണ്ടാണ് ഞങ്ങൾ യാത്ര ചെയ്തത്..

'നിന്നെയവർ വണ്ടിയിൽക്കയറ്റും, പേടിക്കരുത്  പിന്നാലെ ഞങ്ങളുണ്ടാകും, തലകറങ്ങുന്നപോലെ കിടക്കണം, കുറേക്കഴിയുമ്പോൾ വണ്ടി നിർത്തി നിന്നെയവർ പുറത്തിറക്കും അപ്പോൾ ഈ ബട്ടണിൽ ഒന്നുകൂടെ അമർത്തണ0 അപ്പോൾ കാമറ  ഓണാകും" പറഞ്ഞപോലെ കുഞ്ഞൻ ചെയ്തു ..

ടൗണിൽത്തന്നെയുള്ള വലിയ വീടാണ്, വലിയ ചുറ്റുമതിലും ഗേറ്റുമുള്ള വീട്, അതെല്ലാം ഞങ്ങൾക്ക് മൊബൈലിൽ കാണാം, എന്തൊക്കെയോ പറഞ്ഞുകൊണ്ട് കുഞ്ഞനെയവർ അകത്തേക്ക് കൊണ്ടുപോകുന്നു, ഒരുവാതിലിനു മുന്നിലവർ നിൽക്കുന്നു അതിൽ മൂന്നുതവണ കൊട്ടിയപ്പോൾ അതവർക്കായി തുറക്കപ്പെട്ടു..

ഉള്ളിൽ ഒൻപതു കുട്ടികൾ, എല്ലാവരും അവശരാണ് മുറിയുടെ മൂലയ്ക്കൽ കൈകാലുകൾ കെട്ടിയ നിലയിൽ ബ്രദർ തങ്കച്ചനും..

പിന്നെയും കുറേയാളുകളുടെ ശബ്ദവും അട്ടഹാസവും കേൾക്കാം, ഹീറോയിസം കാണിക്കാനുള്ള സമയമല്ലിത് ഞാൻ ഫോണെടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, മിനിറ്റുകൾക്കുള്ളിൽ അവരെത്തി , പിന്നെയെല്ലാം പെട്ടെന്നായിരുന്നു കേരളാപോലീസിന്റെ ചുണക്കുട്ടന്മാർ ആ വീടിനെ വളഞ്ഞു,അരമണിക്കൂറിനുള്ളിൽ കുട്ടികളെ മോചിപ്പിച്ചു ആശുപത്രിയിലേക്ക് മാറ്റി..

വിവരമറിഞ്ഞ ചാനലുകാർ മൈക്കുമായി പാഞ്ഞെത്തി സ്ഥലം SI അവർക്കുമുന്നിൽ നടന്ന സംഭവങ്ങൾ വിവരിച്ചു, അവർക്കിടയിലൂടെ കുഞ്ഞന്റെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്കു നടന്നു..

പിറ്റേന്ന് , പതിവുപോലെ ഗ്രൗണ്ടിനുചുറ്റും പത്തുറൗണ്ട്  ഓടിക്കഴിഞ് ഫുട്ബോൾ പോസ്റ്റിൽ കൈചാരി നിൽക്കുമ്പോളാണ് അവിചാരിതമായി മഴവന്നത്, അൽപ്പം താഴേക്കുമാറി വലിയൊരു ആഞ്ഞിലിമരമുണ്ട് വലതുകൈപ്പത്തി  തലക്കുകുറുകെ പിടിച്ചുകൊണ്ട് ഞാനതിന്റെ കീഴേക്കോടി.

കാറ്റ് കൂടിവരുന്നു ഞാൻ കൂടുതലാ മരമുത്തശിയോട് ചേർന്നുനിന്നു, തലയിലെന്തോ കുത്തുന്നപോലെ, ഞാൻ തിരിഞ്ഞു നോക്കി കാരമുള്ളുകൾ,  ഒന്നല്ല മൂന്നെണ്ണം,  അതിനടിയിലൊരു കറുത്ത കടലാസ്സും, ഞാനതു പുറത്തെടുത്തു അത് മൂന്നായി മടക്കിയിരുന്നു, ഞാനതു തുറന്നു നോക്കി ഒന്നുമതിൽ എഴുതിയിട്ടില്ല..

എങ്കിലും ഒരു ചിരിയപ്പോൾ എന്റെ കാതുകളിൽ മുഴങ്ങി, പതിനഞ്ചാം വയസ്സിൽ എന്നെ മോഹിപ്പിച്ച ചിരി, ഞാൻ കണ്ണടച്ച് നിന്നു, ആ ചിരിയപ്പോൾ കൂടുതൽ കൂടുതൽ അടുത്ത് വന്നു, ആ ചിരിയെന്റെ ചുണ്ടുകളിൽ മുട്ടിയപ്പോൾ ഞാനവളെ മാറിലേക്ക് ചേർത്ത് പിടിച്ചു..
"നീ മനഃപൂർവം എന്നെ ഇതിലേയ്ക്ക് എത്തിച്ചതാണല്ലേ? "
"അതെ, എന്നെ അവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ നിനക്ക് മാത്രേ  സാധിക്കൂന്നെനിക്ക് അറിയാമായിരുന്നു.." 

Written by: 
Anna Benny


കുള്ളന്റെ മകൾ

Image may contain: 1 person, smiling, eyeglasses, closeup and indoor
Anna Benny

"അപ്പനിന്ന് കോളേജിൽ വന്നില്ലേലും കുഴപ്പമില്ല''.
''അതെന്താമോളെ , ഇന്ന് മീറ്റിങ്ങുള്ളതല്ലേ''.
'' സാരല്യ, ഞാൻ മാനേജ് ചെയ്തോളാം''.
''നിനക്ക് ഞാൻ മാത്രല്ലേള്ളു, പേരന്റ്സ് മീറ്റിങ്ങിനു വേറാരാ''.....
''വേറാരുല്ല, അതോണ്ടാ അപ്പൻ വരണ്ടാന്നു പറഞ്ഞേ.. കൂട്ടുകാരൊക്കെ കളിയാക്കി ചിരിക്കും "..
അങ്ങേത്തലക്കൽ ഫോൺ നിശബ്ദമായി.
അവൾ വളർന്നിരിക്കുന്നു.. തന്നോളം, അല്ല തനിക്കപ്പുറം.. അയാൾ ഉറക്കെചിരിച്ചു, ശബ്ദമില്ലാതെ.. ആ ചിരിയിൽ കുഞ്ഞുകുടമ്പ ഇളകിയാടി..
വാതിലിന്റെ പുറകിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് കുടഞ്ഞെടുത്തിട്ടശേഷം സാക്ഷ മാറ്റി പടിക്കുതാഴെക്കിടന്ന ലുണാറിട്ടു അയാൾ പുറത്തിറങ്ങി, അടുത്തുവന്ന കാപ്പാട് ബസ്സിൽക്കയറി സീറ്റിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചു വെറുതെ പുറത്തേക്കുനോക്കി നിന്നു. ഉച്ചയോടടുത്തെങ്കിലും ബസിൽ സാമാന്യം തിരക്കുണ്ട് അതുകൊണ്ടുതന്നെ ഓരോ വളവുതിരിയുമ്പോഴും നിലത്തുവീഴാതിരിക്കാൻ നന്നേ പണിപ്പെടേണ്ടിവന്നു, അതുകണ്ടു തന്നിലേക്ക് നീണ്ടുവന്ന പലതരം ചിരികളെ അയാൾ തള്ളിക്കളഞ്ഞു, ഒരു കൊച്ചുകുട്ടിയുടെ നേർക്കുമാത്രം തിരിച്ചു ചെറിയൊരു ചിരിയെറിഞ്ഞു..
ബീച്ചിലിറങ്ങി നേരെ ടെന്റിലേക്കു നടന്നു, പന്ത്രണ്ടുമണിക്ക് കളിയുള്ളതാണ്, പാന്റും ഷർട്ടും മൂലക്കലേക്കെറിഞ്ഞശേഷം ബഹുവർണ വസ്ത്രങ്ങളണിഞ്ഞു, ഇടതുകൈയിൽ കണ്ണാടിയുംതൂക്കിപ്പിടിച്ചു മുഖത്തു പലനിറത്തിലുള്ള ചായങ്ങളടിച്ചു, മൂക്കിനുമുകളിൽ ബോളെടുത്തുവെച്ചു, കുഞ്ഞുകാലുകളുമായി റിങ്ങിലേക്കിറങ്ങി ..
അയാൾ മുന്നിലേക്ക് നോക്കി.. ശരിയാണ്,മോള് പറഞ്ഞത് ശരിയാണ്.. എല്ലാവരും തന്നെനോക്കി ചിരിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന കുഞ്ഞു അമ്മയെനോക്കി പറയുന്നു ''അമ്മെ, നോക്കിയേ… കുള്ളൻ''.
അതൊന്നുമയാൾ ശ്രദ്ധിച്ചില്ല, നിലത്തെ ചാരത്തിൽക്കിടന്നുരുണ്ടും, തലകുത്തിമറിഞ്ഞുo, കുരങ്ങനെപ്പോലെ മുടിയിൽപ്പിടിച്ചു വലിച്ചും, ശരീരംകൊണ്ടു കോപ്രായം കാട്ടിയും അയാൾ പലതരം ശബ്ദങ്ങളുണ്ടാക്കി, പലതരത്തിൽ ചിരിച്ചു, മറ്റുള്ളവരെ ചിരിപ്പിച്ചു..
ഒരുകയിൽ കഞ്ഞികൊണ്ട് ഏമ്പക്കം വരുമ്പോൾ, പകുതിപ്പഴത്തിൽ വയറുനിറയുമ്പോൾ അതൊരു അനുഗ്രഹമായാണ് തോന്നിയിരുന്നത്.. അമ്മയില്ലാത്ത കുഞ്ഞുമായി സാമൂതിരിയുടെ നാട്ടിലെത്തിയപ്പോൾ അന്നമൂട്ടിയത് ജംബോയാണ്, ജംബോ സർക്കസ്.. കോമാളിയായും മാജിക്കിന്റെ സഹായിയായും റിങ് മാസ്റ്ററായുമെല്ലാം പകർന്നാടി ലക്ഷ്യമൊന്നെ ഉണ്ടായിരുന്നുള്ളു , തന്റെ മോള്..
ഓരോദിവസവും കളികഴിഞ്ഞു വരുമ്പോളും തന്റെ കൈപ്പത്തി കൊണ്ട് അയാളവളെ അളന്നു, പിന്നീട് കൈകൊണ്ടളന്നുനോക്കി, തന്റെ അളവിനപ്പുറം അവൾ വളരുന്നത് സന്തോഷത്തോടെ തിരിച്ചറിഞ്ഞു.
കുള്ളന്റെ മോളെന്നു വിളിച്ചവന്റെ മൂക്കിനിടിച്ച കുറ്റത്തിന് സ്കൂളിലേക്ക് വിളിപ്പിച്ചപ്പോൾ സങ്കടത്തെക്കാളേറെ അഭിമാനമാണ് തോന്നിയത്,മോൾക്ക് തന്നോടുള്ള സ്നേഹത്തെയോർത്.. പക്ഷെ പതിയെ അവളും ആ സത്യത്തെ അംഗീകരിച്ചു, തങ്ങളെനോക്കി ചിരിക്കുന്നവരെക്കാണുമ്പോൾ അകലം പാലിക്കാൻ തുടങ്ങി, അപ്പനൊപ്പമുള്ള യാത്രകൾ ഒഴിവാക്കാൻ തുടങ്ങി, ഇപ്പോളോ ഒരുപാടകലെ എറണാകുളത്തെ കോളേജിൽ ഹോസ്റെലിൽനിന്നു പഠിക്കാൻ തുടങ്ങി.
ഒന്നിനും അയാൾ എതിർപ്പുപറഞ്ഞില്ല, പതിവുപോലെയെന്നും ചായങ്ങളണിഞ്ഞു..പലതരത്തിൽ ചിരിച്ചു, മറ്റുള്ളവരെ ചിരിപ്പിച്ചു..
അടുത്ത വെള്ളിയാഴ്ച കോളേജുകഴിഞ്ഞതും അവൾ വീട്ടിലേക്ക് വന്നു, ഇനി രണ്ടുമാസം അവധിയാണ്.
അകലേക്കുമറയുന്ന സൂര്യനെനോക്കി ഉമ്മറത്ത് കാലുംനീട്ടിയിരുന്ന അയാളുടെ അടുത്തെത്തി അവൾ വിളിച്ചു ''അപ്പാ"...
"എന്താ മോളെ''.. അരയിലെ കള്ളിമുണ്ട് ഒന്നുകൂടെ അഴിച്ചുകുത്തി അയാൾ തലയുയർത്തി..
''എനിക്ക് ഒരാളെ ഇഷ്ടമാണ്.. പക്ഷേ''...
വലതുകൈകൊണ്ട് നെഞ്ചിലെ രോമങ്ങൾ തടവിക്കൊണ്ടിരുന്നതല്ലാതെ ഒന്നുമയാൾ തിരിച്ചുപറഞ്ഞില്ല..
''അപ്പാ, അത് .... അത്''....
''മോള് പറ''..
''എന്റെ എല്ലാക്കാര്യങ്ങളും അവനു അറിയാം, അവനു പ്രശ്നമൊന്നുമില്ല... പക്ഷേ വീട്ടുകാർ''..
"വീട്ടുകാർ'' .....
"വീട്ടുകാർ സമ്മതിക്കില്ല..... അവർക്കു നാണക്കേടാ.. അപ്പനിങ്ങനെ...... എനിക്കവനെ വേണമപ്പാ''... കൈത്തലം കൊണ്ട് കണ്ണുതുടച്ചുകൊണ്ട് അവളകത്തേക്കുപോയി..
അയാളെഴുന്നേറ്റു.. ഉറക്കെചിരിച്ചുകൊണ്ട് മുറ്റത്തെ മണ്ണിൽക്കിടന്നുരുണ്ടു, തലകുത്തിമറിഞ്ഞു, ആർതാർത്ചിരിച്ചു.. ചമയങ്ങളില്ലാതെ, കാഴ്ചക്കാരില്ലാതെ, ജീവന്റെ ഭാഗമായിത്തീർന്ന മൂക്കിൻത്തുമ്പിലെ ഗോളമില്ലാതെ....
രാത്രിക്കളിക്കുമുന്നെ അയാൾ കുളിച്ചൊരുങ്ങി, മുടിചീവി വൃത്തിയാക്കി, ഉള്ളതിലേറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞു, പതിവിലുമധികം ചമയങ്ങളണിഞ്ഞു, റിങ്ങിനുള്ളിൽ പാറിനടന്നു, ചാടിമറഞ്ഞു, മതിവരുവോളം കരണം മറിഞ്ഞു, ലോകമാകേകേൾക്കേ പൊട്ടിച്ചിരിച്ചു, ചുറ്റുമുള്ളവരെയൊന്നുമയാൾ കണ്ടില്ല.. അന്നയാൾ കളിച്ചത് തനിക്കുവേണ്ടിമാത്രമായിരുന്നു , സന്തോഷിപ്പിക്കാൻ ശ്രമിച്ചത് സ്വന്തം മനസ്സിനെ മാത്രമായിരുന്നു..
റിങ്ങിലെ കളികഴിഞ്ഞു, ഇനി മാജിക്ക് കാരന്റെകൂടെ.. വേഷം മാറാതെ തന്നെ അയാൾ വീണ്ടും അരങ്ങിലെത്തി, കൈകാലുകൾ ചേർത്തുപിടിച്ചു ചങ്ങലകൊണ്ട് മാന്ത്രികൻ അയാളെ ബന്ധിച്ചു, ശവമഞ്ചം പോലൊരു പെട്ടിയിലാക്കി ആ പെട്ടി മറ്റൊരു ഇരുമ്പുകൂടിനുള്ളിൽ ഇറക്കിവെച്ചു, പിന്നീടത് അവിടെയുള്ള വലിയൊരു കുളത്തിലേക്ക് ക്രെയിനുപയോഗിച്ചു ഇറക്കിവെച്ചു..
ഇരുമ്പുകൂടിനുള്ളിൽ വെള്ളം നിറയാൻ തുടങ്ങി, അയാൾ തന്റെ നാവിന്നടിയിലൊളിപ്പിച്ച താക്കോലെടുത്തു പല്ലിനിടയിൽ പിടിച്ചു, നിമിഷനേരംകൊണ്ട് പൂട്ടുകൾതുറന്നു രഹസ്യവാതിലിലൂടെ കാണികളുടെ പിന്നിലെത്താം, കയ്യടിക്കേൾക്കാം... ഒരുപാടുതവണ അത് ചെയ്തിട്ടുമുള്ളതാണ് ..
അയാൾ ആദ്യത്തെ പൂട്ടുതുറന്നു, ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ മോളോടൊരു കഥപറയണം ,മനസ്സിലുറപ്പിച്ചു..
ഒരു കുള്ളന്റെ കഥ, കൊൽക്കത്തയിലെ ഇന്ത്യൻ സർക്കസിലെ കോമാളിയുടെ കഥ, അന്നൊരു രാത്രി ചോരപൊടിയുന്ന കുഞ്ഞിനെ തന്നെയേല്പിച്ചു ഇരുളിലെ തീവണ്ടിശബ്ദം തേടിപ്പോയ മാനേജരുടെ മോളുടെ കഥ, അച്ഛനാരെന്നറിയാത്ത അമ്മയില്ലാത്ത കുഞ്ഞിനെയുംകൊണ്ട് കേരളത്തിലേക്ക് വണ്ടികേറിയ പെണ്ണിന്റെ ചൂരറിയാത്ത ഒരപ്പന്റെ കഥ..
അയാൾ ആഞ്ഞുചിരിച്ചു, ശരീരം മുഴുവൻ ഇളകിമറിഞ്ഞു, ആ ചിരി കുഞ്ഞുകുമിളകളായി മുകളിലേക്കുനീങ്ങി, പതിയെ ആ കുമിളകളിൽ ഉപ്പുരസം നിറഞ്ഞു, പല്ലിനിടയിൽനിന്നും താക്കോലിനെ അയാൾ ദൂരേക്ക് തുപ്പിക്കളഞ്ഞു.. ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി, നെഞ്ചും കണ്ണും വിരിച്ചു കുള്ളൻ അലറി.. "ഇതെന്റെ മാത്രം കഥ. ഇതിലെനിക്ക് ജയിക്കണം, അതിനെന്റെ മോള് ജീവിക്കണം.. കുള്ളന്റെ മകളായിത്തന്നെ''..
കുള്ളൻ പിന്നെയും ചിരിച്ചു, ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു..
കുളത്തിലെ വെള്ളം നിശ്ചലമായി, കുള്ളനെയും കാത്തു ജനക്കൂട്ടം വെള്ളത്തിലേക്ക്തന്നെ നോക്കിനിന്നു.......

Written by Anna Benny @ Nallezhuth

“സൗന്ദര്യം”…

Image may contain: 1 person, smiling, closeup-അന്ന ബെന്നി
“എനിക്ക് വലുതാകുമ്പോൾ അയാളെ പോലൊരാളെ കല്യാണം കഴിച്ചാൽ മതി”
ടീവിയിൽ കലാഭവൻ മണിയെ ചുണ്ടി കുഞ്ഞി പറഞ്ഞപ്പോൾ പ്രിയക്ക് അത്ഭുതമായി…
അംഗൻവാടിയിൽ അടുത്തിരുന്ന കറുത്ത കുട്ടിക്ക് മിഠായി പോലും കൊടുക്കാതെ വഴക്കുണ്ടാക്കിയ ആളാണ്‌...
അന്ന് താൻ അവളോട്‌ പറഞ്ഞു
“എല്ലാ കുട്ടികളെയും ദൈവം സൃഷ്ടിച്ചതാ കറുത്തവരേയും വെളുത്തവരേയും എല്ലാം…
മോൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള ജെംസ്‌ മിഠായി ഇല്ലേ...അതുപോലെ പല നിറം പുറത്തുണ്ടെങ്കിലും വായിൽ ഇത്തിരി നേരം അലിയിക്കുമ്പോൾ അതിനൊക്കെ ഒരേ നിറവും രുചിയുമാകും…”
അങ്ങനെ പലതും പറഞ്ഞു കൊടുത്തിട്ടും ആൾക്ക് ഒട്ടും തൃപ്തി വന്നതായി എനിക്കന്ന് തോന്നിയില്ല… പക്ഷെ അവൾ ഇന്ന് ഇതു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി…
“മോൾ എന്താ അങ്ങനെ പറഞ്ഞേ??”
എന്റെ ചോദ്യം അവൾ കേട്ടില്ലെന്നു തോന്നുന്നു….അല്ലെങ്കിലും കുഞ്ഞുങ്ങൾ എപ്പോളും അവരുടേതായ ഒരു ലോകത്തല്ലേ….കളിക്കാനായി തന്റെ പാവക്കുട്ടിയെയും എടുത്തവൾ പുറത്തേക്കൊടി…
6 മാസം മുൻപുള്ളൊരു ഞായറാഴ്ച….
എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾ തറവാട്ട് വീട്ടിൽ പോകും... ഒരു ഞായർ ജോയലിന്റെ അപ്പച്ചനെയും അമ്മച്ചിയെയും കാണാൻ പോയാൽ…. പിന്നത്തെ ഞായർ എന്റെ വീട്ടിൽ...
അന്ന് എന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ... നേരം കുറെ വൈകിയിരുന്നു….
കുഞ്ഞ് ഉറങ്ങാൻ സാധ്യത ഉള്ളതുകൊണ്ട് പുറകിൽ സീറ്റ്‌ ബെൽറ്റ്‌ ഇട്ടാണ് അവളെ ഇരുത്തിയിരുന്നത്.
ഞാൻ ജോയലിനൊപ്പം മുൻസീറ്റിലും...
ക്ഷീണം കാരണം ഞാനുമൊന്ന് മയങ്ങി.
വലിയൊരു ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്…
നോക്കുമ്പോൾ കാർ റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചു നിൽക്കുന്നു.. എന്റെ മുന്നിലുണ്ടായിരുന്ന ചില്ലൊക്കെ പൊട്ടി മുത്തുമണികൾ പോലെ എന്റെ മടിയിലും ദേഹത്തും...
“ജോയൽ…. എന്ന് ഉച്ചത്തിൽ വിളിച്ച് കൊണ്ട്
ഞാൻ വേഗം കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി പുറകിലെ സീറ്റിൽ നിന്നും മോളേ എടുത്തു... എന്നിട്ട്
മുന്നിൽ ചെന്ന് ജോയലിനെ ഇറക്കി…
ജോയലിനു കാൽ നിലത്തു കുത്താൻ ആവുന്നില്ല…. കാൽമുട്ട് എന്തിലോ തട്ടി ചതഞ്ഞിരിക്കുന്നു... കൂടാതെ കയ്യിലും മുറിവുകളുണ്ട്…
ഞാൻ വേഗം എന്റെ ചുരിദാറിന്റെ ഷാൾ വലിച്ചു കീറി….മുറിവ് കെട്ടി…
അപ്പോളേക്കും എതിരെ ഒരു വണ്ടി വന്നു
ആ വണ്ടിയുടെ ലൈറ്റിൽ എന്റെ മുഖം കണ്ട ജോയൽ “അയ്യോ” എന്ന നിലവിളിയോടെ ബോധം കെട്ടു വീണു.
അപ്പോളാണ് എനിക്കു മുഖത്ത് നീറ്റൽ അനുഭവപ്പെട്ടത്…
അത് അങ്ങനെ ആണല്ലോ.. പ്രിയപ്പെട്ടവർക്കു നൊന്താൽ… സ്വന്തം വേദനയൊക്കെ ആരു വക വെക്കാൻ??
കൈ കൊണ്ടു പതുക്കെ മുഖത്തു തൂത്തപ്പോൾ നനഞ്ഞ മണൽ തരികളിൽ തോടും പോലെ...
നല്ല വേദനയും…
പിന്നെയാണ് മനസിലായത്.
കാറിന്റെ ഫ്രണ്ട് ഗ്ലാസ്‌ പൊട്ടി തെറിച്ച ചില്ലുകൾ മുഖമാകെ തുളഞ്ഞു കയറിയിരിക്കുന്നു
പിന്നെയൊക്കെ പെട്ടെന്നായിരുന്നു
എതിരെ വന്നെന്നു പറഞ്ഞ ആ വണ്ടിയിൽ ഉണ്ടായിരുന്നവർ ഞങ്ങളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു..
ജോയലിനും മോൾക്കും പരിക്ക് സാരമില്ല
അവർക്ക് പ്രാഥമിക ശ്ശ്രുക്ഷ നൽകി….
അവർ പക്ഷേ എന്റെ മുഖത്തു മാത്രം തൊട്ടില്ല.ഉള്ള നേരത്തേ എറണാകുളം സ്പെഷ്യലിസറ്റ് ആശുപത്രിയിലേക്ക് പൊക്കോളാൻ പറഞ്ഞു..
അവിടെ ചെന്ന്… മണിക്കൂറുകളോളം നീണ്ട ശാസ്ത്രക്രിയക്കു ശേഷം എന്നെ icu വിലേക്ക് മാറ്റി..
പിറ്റേന്ന് റൂമിൽ വന്നത്തിനു ശേഷം അമ്മ കരഞ്ഞു കൊണ്ട് പറയുമ്പോളാണ്… എന്റെ മുഖമാകെ മുറിവ് പറ്റിയെന്നും
തുടയിലെ മാംസം എടുത്താണ് മുഖത്തു വച്ചു പിടിപ്പിച്ചിരിക്കുന്നതെന്ന് ഒക്കെ അറിയുന്നത്…
തലേന്ന് എന്നോട് എല്ലാം പറഞ്ഞിരുന്നു അത്രേ
“ആവോ ഞാൻ ഒന്നും ഓർക്കുന്നില്ല…
ഏതൊക്കെയോ പേപ്പറിൽ ഒപ്പിട്ടതൊക്കെ ചെറുതായി ഓർമ്മ വരുന്നു."
മൂന്ന് ദിവസത്തിനു ശേഷം കണ്ണാടിയിൽ സ്വന്തം മുഖം കണ്ട ഞാൻ അലറി വിളിച്ചു പോയി… മുഖം ആകെ നീരുകൊണ്ടു വീർത്തു വികൃതമായിരുന്നു...
എല്ലാവരും അസൂയയോടെ മാത്രം നോക്കിയിരുന്ന മുഖത്തെക്ക് എനിക്ക് പോലും പേടിയോടെ നോക്കാൻ പറ്റാത്ത അവസ്ഥ…
പിന്നീടു എന്റെ മുഖത്തെ മുറിവുകൾ ഉണങ്ങി പൊറ്റം പൊളിഞ്ഞു തുടങ്ങി…
കണ്ണാടിയിൽ നോക്കുമ്പോളൊക്കെ സ്വയം കരച്ചിൽ വരും... അപ്പോൾ കൗൺസിലർ പറഞ്ഞത് ഓർക്കും…
"ആക്‌സിഡന്റിൽ മറ്റൊന്നും പറ്റിയില്ലല്ലോ മുഖത്തെ ഈ മുറിവുകൾ അല്ലേ
പ്ലാസ്റ്റിക് സർജറി ചെയ്തത് കൊണ്ട് കുറച്ചു നാളുകൾക്കകം പഴയ പോലെ ആയി കൊള്ളും .പ്രിയ എത്ര ലക്കി ആയിട്ടാണ് കാഴ്ച നഷ്ടപ്പെടാതെ രക്ഷപെട്ടത്… കണ്ണിന്റെ വെള്ളയിൽ നിന്നും എത്ര പീസ് ഗ്ലാസ്‌ കിട്ടിയെന്ന് അറിയില്ലേ… എന്നിട്ടും കൃഷ്ണമണിക്ക് ഒരു പോറൽ പോലും പറ്റാത്തെ രക്ഷപ്പെട്ടില്ലേ...
അതോർത്തു ദൈവത്തോട് നന്ദി പറയു.. "
ശരിയാണ്…
അങ്ങനെ ഓരോന്നും ഓർത്ത് സ്വയം സമാധാനിച്ചു വരികയായിരുന്നു…
എന്നാൽ ജോയലിനു വന്ന മാറ്റാമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
സമയം കിട്ടുമ്പോളൊക്കെ പുറത്തു പോകാൻ നിർബന്ധച്ചിരുന്നയാൾ…. അടുത്ത ബന്ധുക്കളുടെ കാര്യങ്ങൾക്ക് പോലും എന്നെ കൂടെ കൂട്ടാതായി…
ഓഫീസിൽ നിന്നും വീട്ടിലേക്കു വരുന്ന സമയത്തിനും അക്കങ്ങൾ കൂടി വന്നു കൊണ്ടേയിരുന്നു…
ശരിക്കു പറഞ്ഞാൽ ഞങ്ങൾ തമ്മിൽ ഇപ്പോൾ സംസാരം പോലും കുറഞ്ഞു…
എന്തേലും മിണ്ടാൻ ചെന്നാൽ ഫോണിൽ നോക്കി വെറുതെ മൂളും….
_ എന്താ ജോയൽ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് ?
_ ഞാൻ അവോയ്ഡ് ഒന്നും ചെയ്യുന്നില്ല നിനക്ക് വെറുതെ തോന്നുന്നതാണ്
_ അല്ലാ… എന്തോ ഉണ്ട്… എന്നോട് പറഞ്ഞേ പറ്റു
_ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ
_ ഒന്നുമില്ലാഞ്ഞിട്ടാണോ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തെ??
_ നിന്നോട് എന്താ ഞാൻ പറയേണ്ടത്
എനിക്ക് നിന്റെ മുഖം കാണുമ്പോൾ തന്നെ പേടിയാകുന്നെന്നോ…
ഫേസ്ബുക്കിലോക്കെ മുഖത്ത് ആസിഡ് വീണ പെൺകുട്ടിയെ കല്യാണം കഴിച്ച ആളുകൾ ഉണ്ടാകും ...
പക്ഷേ ഞാൻ നിന്റെ സൗന്ദര്യം കണ്ടു കെട്ടിയത് തന്നെയാണ്.
മറ്റുള്ളവർക്ക് മുന്നിൽ ഈ മുഖം വച്ചു നിന്നെ എങ്ങനെ കൊണ്ടു പോകും
ആളുകൾ എന്നെ നോക്കുന്നത് എങ്ങനെയാകും…?
_“മതി… നിർത്ത് ജോയൽ” ഒരു ഭ്രാന്തിയെ പോലെ ഞാൻ അലറി
“ഇനി ഒരക്ഷരം നീ മിണ്ടരുത്...നിനക്കു നാണമില്ലേ ഇങ്ങനെ ഒക്കെ പറയാൻ
ഞാൻ നിന്റെ കാമുകിയല്ല….
നിന്റെ ഭാര്യയാണ്… നിന്റെ കുഞ്ഞിന്റെ അമ്മയും...
ഇത്രയും വർഷം നിന്നെ പോലെ ഒരുത്തനെയാണോ ഞാൻ സ്നേഹിച്ചത്..
നിനക്കാണല്ലോ ഞാൻ സ്നേഹത്തോടെ ഭക്ഷണം ഉണ്ടാക്കി വിളമ്പിയത്.
മോൾ ഉണ്ടായപ്പോൾ നിന്നിൽ വന്ന മാറ്റത്തിനും കാരണം അപ്പോൾ സൗന്ദര്യം തന്നെ ആയിരുന്നല്ലേ...?
എനിക്ക് എന്നോട് തന്നെ അറപ്പു തോന്നുന്നു…”
_ “അതു തന്നെയേ ഞാനും പറഞ്ഞോളു നിന്റെ മുഖം കണ്ടാൽ അറപ്പാകുമെന്ന്”
_ “കഷ്ടം ജോയൽ...
എന്റെ മുഖത്തിലും വികൃതം നിന്റെ മനസ്സിനാണ്…
എനിക്ക് ഈ അപകടം പറ്റിയതിൽ ഒത്തിരി സങ്കടപ്പെട്ടിരുന്നു
പക്ഷേ ഇപ്പോൾ ഇല്ല….
നിന്നെ പോലെ ഒരു നീചനെ മനസിലാക്കാൻ ദൈവം തന്ന അവസരമാണ്.
ഇനി ഒരു നിമിഷം നിനക്കു ശല്യമായി ഞാനും മോളും ഇവിടെ നിൽക്കില്ല…”
അങ്ങനെ പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോളും ഇതെല്ലാം
ഒരു ദുഃസ്വപ്നം മാത്രം ആകണേന്നു പ്രാർത്ഥിച്ചിരുന്നു…
------------------------------
“അമ്മേ എനിക്ക് വിശക്കുന്നു”
“വാ... അമ്മ കുഞ്ഞിക്ക് ചോറ് വാരിതരാം…
ഉപ്പ് ഒഴിച്ച ചൂടു ചോറിൽ അല്പം ക്യാരറ്റ് തോരനും ഒരു പപ്പട കഷ്ണവും ചേർത്ത് ഞാനത് ഉരുളയാക്കി
എന്നിട്ട് അവളുടെ വായിലേക്ക് വക്കും മുൻപ്
ആ കുഞ്ഞി താടയിൽ പിടിച്ചു കൊണ്ടു ചോദിച്ചു “എന്താ കുഞ്ഞി.. ടീവിയിൽ കണ്ട ചേട്ടനെ പോലത്തെ ആളെ കല്യാണം കഴിച്ചാ മതീന്ന് മോള് പറഞ്ഞത്??
മോൾക്ക്‌ കറുത്ത ആളുകളെ ഒട്ടും ഇഷ്ടം അല്ലായിരുന്നല്ലോ”
“അതമ്മേ…. അങ്ങനെ ഉള്ള ആൾ ആണെങ്കിൽ കുഞ്ഞിക്കു വാവു വന്നാലും…പിണങ്ങി… .ഇട്ടിട്ടു പോകില്ലാലോ...”
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ച് തകർന്നു… ഒന്നും മറുപടി പറയാനാകാത്തെ ഞാനെന്റെ മോളേ കെട്ടി പിടിച്ചു…
കൈയിൽ ഇരുന്ന ചോറുരളയിൽ എന്റെ കണ്ണുനീർ തുള്ളികൾ വീണു കുതിർന്നു…
ആരു പറഞ്ഞു….കുഞ്ഞുങ്ങൾ അവരുടേതായ ലോകത്തു മാത്രമാണെന്ന്…
അവർക്ക് നമ്മളെക്കാളും തിരിച്ചറിവുണ്ട്.
പലപ്പോളും അവർ കാണുന്നതും കേൾക്കുന്നതും അവർക്കു മനസ്സിലായില്ല… അല്ലേൽ ആകില്ല എന്ന് നമ്മൾ വിചാരിക്കും… അല്ലേൽ ആശ്വസിക്കും…
അതൊക്കെ അവരുടെ ഉള്ളിൽ റെക്കോർഡ് ആകുന്നുണ്ട്…
ഉപേക്ഷിക്കപ്പെട്ട അമ്മമാർ വളർത്തുന്ന മക്കൾക്ക്‌ കൊടുക്കുന്ന ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല…
അവരുടെ കണ്ണുനീർ ആ രുചി പകർന്നോളും...

ചാറ്റിങ് ആത്മഹത്യാ

Image may contain: 1 person

- അന്ന ബെന്നി
ചുമ്മാ ഫോണിൽ തോണ്ടി ഇരിക്കുമ്പോളാണ് അവന്റെ റിക്വസ്റ്റ് വരുന്നത്.
ഫേക്കാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം!.
എന്നിട്ടും അവൾ അവനെ ആഡ് ചെയ്തു...
ഉടനെ തന്നെ ഒരു... "ഹായ് " വന്നു.
"ഹലോ"
"ആരാണെന്ന് മനസ്സിലായോ...?"
"ഞാൻ തമിഴ് സിനിമ കാണാറുണ്ട്...
നടൻ വിജയ് അല്ലേ???"
"തമാശക്കാരി ആണല്ലേ?"
"ഇതിൽ എന്തായിത്ര തമാശ?"
"ഇതു താങ്കൾ പോക്കിരിയിൽ അഭിനയിച്ചപ്പോൾ എടുത്ത ഫോട്ടോ അല്ലേ??
ഞാൻ ടീവിയിൽ കുറേ പ്രാവശ്യം കണ്ട സിനിമയാണ്.
അല്ല മലയാളം ഒക്കെ അറിയുമോ??"
"അയ്യോ! ഞാൻ സിനിമാ നടനൊന്നുമല്ല...
പ്രൊഫൈൽ പിക് വിജയ്യുടെ ഇട്ടന്നേ ഉള്ളു"
"ആണോ??.... മനസിലായതേ ഇല്ല"
"ഇയാൾ എന്താ കിടക്കാത്തെ...?"
"ആരു പറഞ്ഞു ഞാൻ കിടന്നില്ലെന്ന് "
"കൊച്ചുകള്ളീ അപ്പോൾ കിടന്നോണ്ടാണല്ലേ ചാറ്റ്?"
"രാത്രി എന്നും ചാറ്റിങ് ആണോ ??"
"അതേ... എന്താ?"
"ആരോടാ ചാറ്റിങ് ?"
"മനുഷ്യരോട് "
"ആണിനോടാണോ പെണ്ണിനോടണോ എന്നാ ചോദിച്ചത് "
"രണ്ടും മനുഷ്യർ തന്നെ അല്ലേ ?"
"തുറന്നു ചോദിക്കുന്നത് കൊണ്ടു വിരോധം തോന്നരുത് ."
"ഇല്ല"
"സെക്സിനോട് താത്പര്യം ഉണ്ടോ...?"
"ഉണ്ട് "
"ശരിക്കും ഇയാള് ഒർജിനൽ ഗേൾ അല്ലേ...?"
"പ്രൊഫൈൽ നോക്കിയിട്ട് എന്താ തോന്നിയെ?"
"ഒർജിനൽ ആണെന്ന് ."
"പിന്നെന്താ സംശയം?"
"ഏയ് ഒന്നുമില്ല."
"ഒരു ഫോട്ടോ തരുമോ?"
"പ്രൊഫൈലിൽ ഉണ്ടല്ലോ"
"അതല്ല... ഇപ്പോളത്തെ കിടന്നു കൊണ്ടുള്ളത്"
"എന്തിനാ?"
"ഒന്നു കാണാൻ"
"നാളെ പത്രം നോക്കിയാൽ മതി"
"അതെന്താ"
"ഞാൻ മരിക്കാനായി കൈയിലെ ഞെരമ്പു മുറിച്ചിരിക്കുകയാണ്.. .. അപ്പോളാ താൻ വന്നത് "
"അയ്യോ! എന്തിനാ...?"
"മരിക്കാൻ തന്നെ "
"ചുമ്മാ പറയല്ലേ"
"അതു രാവിലെ അറിയാലോ"
"ശരിക്കും പറഞ്ഞതാണോ...?
ഒരു ജീവിതം അല്ലേ ഉള്ളു?
എന്തിനാ വെറുതെ നശിപ്പിക്കുന്നത്...?
ആത്മഹത്യാ ഭീരുക്കളല്ലേ ചെയ്യുന്നത്??
വേഗം വീട്ടുകാരെ വിളിക്കു ഹോസ്പിറ്റലിൽ പോകൂ...."
"ഇല്ല എനിക്ക് മരിക്കണം.... പിന്നെ ഒരു സന്തോഷം ഉണ്ട്....
തന്നെ പോലുള്ള ഒരു ഞരമ്പനെ കുടുക്കാനും പറ്റിയല്ലോ..."
"എന്ത്?.....ഞാനെങ്ങനെ കുടുങ്ങും....?
"ഞാൻ മരിച്ചാൽ എന്റെ ഫോൺ പോലീസ് ചെക്ക് ചെയ്യും
അതിൽ ലാസ്റ്റ്...... ഇത്രയും നേരം സംസാരിച്ചത് ആരോടാണെന്നും അവരറിയും.
അങ്ങനെ നാളെ മുതൽ തന്റെ ജീവിതവും മാറി മറിയും..."
"അയ്യോ ചതിക്കല്ലേ പെങ്ങളെ
എനിക്കു ഭാര്യേം രണ്ടു മക്കളും ഉണ്ട്.
അതിൽ ഒന്ന് പെൺകുട്ടിയും ആണ്.
അവർക്കു ഞാനല്ലാതെ മറ്റാരുമില്ല."
"ഇത്രയും കുടുംബ സ്നേഹം ഉള്ള ആളാണോ
രാത്രി ഫേക്ക് ഐഡിയും ആയി പെണ്ണുങ്ങളെ തേടി ഇറങ്ങുന്നത്.?"
"തെറ്റു പറ്റി പോയി
ഇനി ഒരിക്കലും ആവർത്തിക്കില്ല
ആരോടേലും പറഞ്ഞു വേഗം ഹോസ്പിറ്റലിൽ പോകുമോ??"
"ഇല്ല "
"എന്നാൽ എനിക്കും ആത്മഹത്യ മാത്രമെ വഴിയുള്ളൂ"
"ചെയ്‌തോളൂ"
"$@@£€<<@$$"
"ഹി...ഹി...
മരിക്കും മുൻപുള്ളതല്ലേ സാരമില്ല
നാളെ ഭാര്യയും മക്കളും എല്ലാം അറിയുമ്പോൾ... ഹി...ഹി..."
"നിനക്കു ശരിക്കും വട്ടാണല്ലേ??"
"അതെല്ലോ
നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ അവർ താൻ മൂലം നാണിച്ചു തല താഴ്ത്തും
ചിലപ്പോൾ അവരും ആത്മഹത്യ ചെയ്‌യുമായിരിക്കും..."
"എടി പിശാശേ..നിനക്ക് ഇതൊക്കെ ചെയ്താൽ എന്തു കിട്ടും?
നമ്മൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഇല്ലാലോ
ഇന്ന് ഞാൻ റിക്വസ്റ്റ് അയച്ചിട്ടേ ഇല്ലെന്നു കരുതിക്കൂടെ"
"ഡി...
വീണാ....
വീണേ...
മിണ്ടു....
ഹേയ്
........."
10മിനിറ്റുകൾക്ക് ശേഷം
"ഹലോ വിജയ്.."
"നിനക്ക് ഒന്നും പറ്റി ഇല്ലല്ലോ...ലെ?"
"ഇല്ല.... പക്ഷേ ഈ കഴിഞ്ഞ പത്തു മിനിറ്റു കൊണ്ട് താൻ എല്ലാ ലോകവും കണ്ടെന്ന് എനിക്കറിയാം
താൻ ഇതുവരെ കാമം എന്ന വികാരം കൊണ്ട് സ്വർഗ്ഗം അല്ലേ കണ്ടിട്ടുള്ളു.
ഭയം എന്ന വികാരം കൊണ്ട് നരകം കാട്ടാനും ഞങ്ങൾ പെണ്ണുങ്ങൾക്കറിയാഡോ....
വീട്ടിലെ പണികളും ഓഫീസിലെ ടെൻഷൻസും കഴിഞ്ഞ് , പണ്ടു വല്ല സീരിയലും കണ്ടിരുന്ന ഞങ്ങളെ
വാർത്തയോ, സ്പോർട്സോ ഒന്നുമില്ലേൽ നാപ്ടോൾ ചാനൽ വച്ചിട്ടാണേലും എണ്ണീൽപ്പിച്ചു വിടും....
എന്നാൽ രാവിലെ മുതലുള്ള കാര്യങ്ങൾ ലഘുവായി വിവരിക്കാമെന്നോർത്താൽ ആ ഫോണിൽ നിന്നും തലയൊന്നുയർത്തിയാലല്ലേ വല്ലതും അങ്ങു കേൾക്കു
ബെഡ്‌റൂമിൽ എത്തിയാലും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല...
അങ്ങനെ ഇരിക്കുമ്പോളാകും ഞങ്ങൾക്കും ഒരു തോണ്ടൽ ഫോൺ കിട്ടുന്നത്.
കിട്ടിയാൽ ഉടനെ തന്നെ എഫ്ബിയിൽ ഒരു അക്കൗണ്ടങ്ങ് തുടങ്ങും. ആദ്യം തന്നെ ഒരു ഫാമിലി ഫോട്ടോ അങ്ങിടും. പിന്നെ മക്കളുടെ കഴിവുകൾ...കെട്ടിയോന്റെ സ്നേഹസമ്മാനങ്ങൾ അടുത്ത ബന്ധുകളുടെ കല്യാണം നൂല്കെട്ട് തുടങ്ങിയ ചടങ്ങുകൾ....(അതൊക്കെ ഇടുന്നതിനുമുണ്ട് കാരണങ്ങൾ....ഭർത്താവ് വാങ്ങി തന്ന പുതിയ സാരി...ആഭരണങ്ങള്... എല്ലാം എല്ലാരേം ഒന്നു കാണിക്കാം)
ഞങ്ങൾ സന്തോഷത്തോടെ തന്നെയാണ് കഴിയുന്നതെന്ന് കാട്ടാൻ പുറത്തു പോയി സാധനങ്ങൾ വാങ്ങുന്നത് മുതൽ ഇടയ്ക്കു വീണു കിട്ടുന്ന ട്രിപ്പുകളുടെ ഫോട്ടോസും ഇടും...
അതിന് കിട്ടുന്ന ഓരോ ലൈക്കും കമന്റും വലിയ ആവേശം തന്നെയാണ് തരുന്നത്.
പിന്നെ കുറച്ചു പാചക ഗ്രൂപ്പുകളും സാരി ചുരിദാർ അഭരണ ഗ്രൂപ്പുകൾ വേസ്റ്റ് സാധനങ്ങളിൽ നിന്നും വരെ കരകൗശല വസ്തുകളുടെ നിർമാണം വീഡിയോകൾ
അങ്ങനെ ഓരോ ദിവസം കഴിയും തോറും പുതിയ പുതിയ ഗ്രൂപ്പുകൾലും എല്ലാം ആണ് ഓരോ വീട്ടമ്മയുടെയും ഫേസ്ബുക് അക്കൗണ്ട്.
അതിനിടയിൽ ഇൻബോക്സിൽ മെസ്സേജ് വന്നു നിറയുന്നുണ്ടാകും.
ഭൂരിപക്ഷം പേരും അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമായി പോലും കരുതിയിട്ടുണ്ടാവില്ല. ചിലരാവട്ടെ നന്നായി അറിയാവുന്നവർക്കു മാത്രം മറുപടി നൽകും...ചിലർ വിശേഷ ദിവസങ്ങളിൽ ആശംസകൾ അയക്കാനായി ഉപയോഗിക്കും...വളരെ കുറച്ചു പേർ എല്ലാത്തിനും മറുപടി
അയക്കും...
ഇവരാണ് താങ്കളെ പോലെ ഉള്ള കോഴികളുടെ ടാർഗറ്റ്....
അതിലും രണ്ടു വിഭാഗമുണ്ട്.
വേണ്ടിടത് ആളുകളെ നിർത്താൻ കഴിവുള്ളവരും.....പറ്റിക്കപ്പെടാൻ താൻ തയ്യാറാണെന്ന് പറയുന്നവരും!.
അവസാനം പറഞ്ഞവർ ചതികുഴികളിൽ വീണു കൊണ്ടേ ഇരിക്കും....
ഒരോ വിവാഹേതര ബന്ധങ്ങളും പെണ്ണിന്റെ കഴിവുകേടാണ്. തന്റെ ഭർത്താവിനേക്കാൾ മറ്റാർക്കും തന്നെ സ്നേഹിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും സ്വയം വിഡ്ഢിയാകാനുള്ള ശ്രമം !!. അതുപോലെ തന്നെയാണ് ആണുങ്ങളുടെ വിവരക്കേടും.... തന്നെ എത്ര സ്നേഹിക്കുന്നെന്ന് പറയുന്നവളും തന്റെ ചന്തവും പൈസയും കുറയുമ്പോൾ ഇട്ടിട്ടു വേറെ ആളെ നോക്കുമെന്ന് അറിയാതെ ഉള്ള പടപുറപ്പാട്....
എല്ലാത്തിനും അവസാനം സ്വന്തം ഇണ മാത്രമേ കാണൂ.... ഏകാന്തതയിലും അവശതയിലും....
എനിക്കു ഉറക്കം വരുന്നു....വിജയ് ചേട്ടൻ പോയി കിടന്നുറങ്ങാൻ നോക്ക്...
ബൈ....."

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo