നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

“സൗന്ദര്യം”…

Image may contain: 1 person, smiling, closeup-അന്ന ബെന്നി
“എനിക്ക് വലുതാകുമ്പോൾ അയാളെ പോലൊരാളെ കല്യാണം കഴിച്ചാൽ മതി”
ടീവിയിൽ കലാഭവൻ മണിയെ ചുണ്ടി കുഞ്ഞി പറഞ്ഞപ്പോൾ പ്രിയക്ക് അത്ഭുതമായി…
അംഗൻവാടിയിൽ അടുത്തിരുന്ന കറുത്ത കുട്ടിക്ക് മിഠായി പോലും കൊടുക്കാതെ വഴക്കുണ്ടാക്കിയ ആളാണ്‌...
അന്ന് താൻ അവളോട്‌ പറഞ്ഞു
“എല്ലാ കുട്ടികളെയും ദൈവം സൃഷ്ടിച്ചതാ കറുത്തവരേയും വെളുത്തവരേയും എല്ലാം…
മോൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള ജെംസ്‌ മിഠായി ഇല്ലേ...അതുപോലെ പല നിറം പുറത്തുണ്ടെങ്കിലും വായിൽ ഇത്തിരി നേരം അലിയിക്കുമ്പോൾ അതിനൊക്കെ ഒരേ നിറവും രുചിയുമാകും…”
അങ്ങനെ പലതും പറഞ്ഞു കൊടുത്തിട്ടും ആൾക്ക് ഒട്ടും തൃപ്തി വന്നതായി എനിക്കന്ന് തോന്നിയില്ല… പക്ഷെ അവൾ ഇന്ന് ഇതു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി…
“മോൾ എന്താ അങ്ങനെ പറഞ്ഞേ??”
എന്റെ ചോദ്യം അവൾ കേട്ടില്ലെന്നു തോന്നുന്നു….അല്ലെങ്കിലും കുഞ്ഞുങ്ങൾ എപ്പോളും അവരുടേതായ ഒരു ലോകത്തല്ലേ….കളിക്കാനായി തന്റെ പാവക്കുട്ടിയെയും എടുത്തവൾ പുറത്തേക്കൊടി…
6 മാസം മുൻപുള്ളൊരു ഞായറാഴ്ച….
എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾ തറവാട്ട് വീട്ടിൽ പോകും... ഒരു ഞായർ ജോയലിന്റെ അപ്പച്ചനെയും അമ്മച്ചിയെയും കാണാൻ പോയാൽ…. പിന്നത്തെ ഞായർ എന്റെ വീട്ടിൽ...
അന്ന് എന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ... നേരം കുറെ വൈകിയിരുന്നു….
കുഞ്ഞ് ഉറങ്ങാൻ സാധ്യത ഉള്ളതുകൊണ്ട് പുറകിൽ സീറ്റ്‌ ബെൽറ്റ്‌ ഇട്ടാണ് അവളെ ഇരുത്തിയിരുന്നത്.
ഞാൻ ജോയലിനൊപ്പം മുൻസീറ്റിലും...
ക്ഷീണം കാരണം ഞാനുമൊന്ന് മയങ്ങി.
വലിയൊരു ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്…
നോക്കുമ്പോൾ കാർ റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചു നിൽക്കുന്നു.. എന്റെ മുന്നിലുണ്ടായിരുന്ന ചില്ലൊക്കെ പൊട്ടി മുത്തുമണികൾ പോലെ എന്റെ മടിയിലും ദേഹത്തും...
“ജോയൽ…. എന്ന് ഉച്ചത്തിൽ വിളിച്ച് കൊണ്ട്
ഞാൻ വേഗം കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി പുറകിലെ സീറ്റിൽ നിന്നും മോളേ എടുത്തു... എന്നിട്ട്
മുന്നിൽ ചെന്ന് ജോയലിനെ ഇറക്കി…
ജോയലിനു കാൽ നിലത്തു കുത്താൻ ആവുന്നില്ല…. കാൽമുട്ട് എന്തിലോ തട്ടി ചതഞ്ഞിരിക്കുന്നു... കൂടാതെ കയ്യിലും മുറിവുകളുണ്ട്…
ഞാൻ വേഗം എന്റെ ചുരിദാറിന്റെ ഷാൾ വലിച്ചു കീറി….മുറിവ് കെട്ടി…
അപ്പോളേക്കും എതിരെ ഒരു വണ്ടി വന്നു
ആ വണ്ടിയുടെ ലൈറ്റിൽ എന്റെ മുഖം കണ്ട ജോയൽ “അയ്യോ” എന്ന നിലവിളിയോടെ ബോധം കെട്ടു വീണു.
അപ്പോളാണ് എനിക്കു മുഖത്ത് നീറ്റൽ അനുഭവപ്പെട്ടത്…
അത് അങ്ങനെ ആണല്ലോ.. പ്രിയപ്പെട്ടവർക്കു നൊന്താൽ… സ്വന്തം വേദനയൊക്കെ ആരു വക വെക്കാൻ??
കൈ കൊണ്ടു പതുക്കെ മുഖത്തു തൂത്തപ്പോൾ നനഞ്ഞ മണൽ തരികളിൽ തോടും പോലെ...
നല്ല വേദനയും…
പിന്നെയാണ് മനസിലായത്.
കാറിന്റെ ഫ്രണ്ട് ഗ്ലാസ്‌ പൊട്ടി തെറിച്ച ചില്ലുകൾ മുഖമാകെ തുളഞ്ഞു കയറിയിരിക്കുന്നു
പിന്നെയൊക്കെ പെട്ടെന്നായിരുന്നു
എതിരെ വന്നെന്നു പറഞ്ഞ ആ വണ്ടിയിൽ ഉണ്ടായിരുന്നവർ ഞങ്ങളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു..
ജോയലിനും മോൾക്കും പരിക്ക് സാരമില്ല
അവർക്ക് പ്രാഥമിക ശ്ശ്രുക്ഷ നൽകി….
അവർ പക്ഷേ എന്റെ മുഖത്തു മാത്രം തൊട്ടില്ല.ഉള്ള നേരത്തേ എറണാകുളം സ്പെഷ്യലിസറ്റ് ആശുപത്രിയിലേക്ക് പൊക്കോളാൻ പറഞ്ഞു..
അവിടെ ചെന്ന്… മണിക്കൂറുകളോളം നീണ്ട ശാസ്ത്രക്രിയക്കു ശേഷം എന്നെ icu വിലേക്ക് മാറ്റി..
പിറ്റേന്ന് റൂമിൽ വന്നത്തിനു ശേഷം അമ്മ കരഞ്ഞു കൊണ്ട് പറയുമ്പോളാണ്… എന്റെ മുഖമാകെ മുറിവ് പറ്റിയെന്നും
തുടയിലെ മാംസം എടുത്താണ് മുഖത്തു വച്ചു പിടിപ്പിച്ചിരിക്കുന്നതെന്ന് ഒക്കെ അറിയുന്നത്…
തലേന്ന് എന്നോട് എല്ലാം പറഞ്ഞിരുന്നു അത്രേ
“ആവോ ഞാൻ ഒന്നും ഓർക്കുന്നില്ല…
ഏതൊക്കെയോ പേപ്പറിൽ ഒപ്പിട്ടതൊക്കെ ചെറുതായി ഓർമ്മ വരുന്നു."
മൂന്ന് ദിവസത്തിനു ശേഷം കണ്ണാടിയിൽ സ്വന്തം മുഖം കണ്ട ഞാൻ അലറി വിളിച്ചു പോയി… മുഖം ആകെ നീരുകൊണ്ടു വീർത്തു വികൃതമായിരുന്നു...
എല്ലാവരും അസൂയയോടെ മാത്രം നോക്കിയിരുന്ന മുഖത്തെക്ക് എനിക്ക് പോലും പേടിയോടെ നോക്കാൻ പറ്റാത്ത അവസ്ഥ…
പിന്നീടു എന്റെ മുഖത്തെ മുറിവുകൾ ഉണങ്ങി പൊറ്റം പൊളിഞ്ഞു തുടങ്ങി…
കണ്ണാടിയിൽ നോക്കുമ്പോളൊക്കെ സ്വയം കരച്ചിൽ വരും... അപ്പോൾ കൗൺസിലർ പറഞ്ഞത് ഓർക്കും…
"ആക്‌സിഡന്റിൽ മറ്റൊന്നും പറ്റിയില്ലല്ലോ മുഖത്തെ ഈ മുറിവുകൾ അല്ലേ
പ്ലാസ്റ്റിക് സർജറി ചെയ്തത് കൊണ്ട് കുറച്ചു നാളുകൾക്കകം പഴയ പോലെ ആയി കൊള്ളും .പ്രിയ എത്ര ലക്കി ആയിട്ടാണ് കാഴ്ച നഷ്ടപ്പെടാതെ രക്ഷപെട്ടത്… കണ്ണിന്റെ വെള്ളയിൽ നിന്നും എത്ര പീസ് ഗ്ലാസ്‌ കിട്ടിയെന്ന് അറിയില്ലേ… എന്നിട്ടും കൃഷ്ണമണിക്ക് ഒരു പോറൽ പോലും പറ്റാത്തെ രക്ഷപ്പെട്ടില്ലേ...
അതോർത്തു ദൈവത്തോട് നന്ദി പറയു.. "
ശരിയാണ്…
അങ്ങനെ ഓരോന്നും ഓർത്ത് സ്വയം സമാധാനിച്ചു വരികയായിരുന്നു…
എന്നാൽ ജോയലിനു വന്ന മാറ്റാമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
സമയം കിട്ടുമ്പോളൊക്കെ പുറത്തു പോകാൻ നിർബന്ധച്ചിരുന്നയാൾ…. അടുത്ത ബന്ധുക്കളുടെ കാര്യങ്ങൾക്ക് പോലും എന്നെ കൂടെ കൂട്ടാതായി…
ഓഫീസിൽ നിന്നും വീട്ടിലേക്കു വരുന്ന സമയത്തിനും അക്കങ്ങൾ കൂടി വന്നു കൊണ്ടേയിരുന്നു…
ശരിക്കു പറഞ്ഞാൽ ഞങ്ങൾ തമ്മിൽ ഇപ്പോൾ സംസാരം പോലും കുറഞ്ഞു…
എന്തേലും മിണ്ടാൻ ചെന്നാൽ ഫോണിൽ നോക്കി വെറുതെ മൂളും….
_ എന്താ ജോയൽ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് ?
_ ഞാൻ അവോയ്ഡ് ഒന്നും ചെയ്യുന്നില്ല നിനക്ക് വെറുതെ തോന്നുന്നതാണ്
_ അല്ലാ… എന്തോ ഉണ്ട്… എന്നോട് പറഞ്ഞേ പറ്റു
_ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ
_ ഒന്നുമില്ലാഞ്ഞിട്ടാണോ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തെ??
_ നിന്നോട് എന്താ ഞാൻ പറയേണ്ടത്
എനിക്ക് നിന്റെ മുഖം കാണുമ്പോൾ തന്നെ പേടിയാകുന്നെന്നോ…
ഫേസ്ബുക്കിലോക്കെ മുഖത്ത് ആസിഡ് വീണ പെൺകുട്ടിയെ കല്യാണം കഴിച്ച ആളുകൾ ഉണ്ടാകും ...
പക്ഷേ ഞാൻ നിന്റെ സൗന്ദര്യം കണ്ടു കെട്ടിയത് തന്നെയാണ്.
മറ്റുള്ളവർക്ക് മുന്നിൽ ഈ മുഖം വച്ചു നിന്നെ എങ്ങനെ കൊണ്ടു പോകും
ആളുകൾ എന്നെ നോക്കുന്നത് എങ്ങനെയാകും…?
_“മതി… നിർത്ത് ജോയൽ” ഒരു ഭ്രാന്തിയെ പോലെ ഞാൻ അലറി
“ഇനി ഒരക്ഷരം നീ മിണ്ടരുത്...നിനക്കു നാണമില്ലേ ഇങ്ങനെ ഒക്കെ പറയാൻ
ഞാൻ നിന്റെ കാമുകിയല്ല….
നിന്റെ ഭാര്യയാണ്… നിന്റെ കുഞ്ഞിന്റെ അമ്മയും...
ഇത്രയും വർഷം നിന്നെ പോലെ ഒരുത്തനെയാണോ ഞാൻ സ്നേഹിച്ചത്..
നിനക്കാണല്ലോ ഞാൻ സ്നേഹത്തോടെ ഭക്ഷണം ഉണ്ടാക്കി വിളമ്പിയത്.
മോൾ ഉണ്ടായപ്പോൾ നിന്നിൽ വന്ന മാറ്റത്തിനും കാരണം അപ്പോൾ സൗന്ദര്യം തന്നെ ആയിരുന്നല്ലേ...?
എനിക്ക് എന്നോട് തന്നെ അറപ്പു തോന്നുന്നു…”
_ “അതു തന്നെയേ ഞാനും പറഞ്ഞോളു നിന്റെ മുഖം കണ്ടാൽ അറപ്പാകുമെന്ന്”
_ “കഷ്ടം ജോയൽ...
എന്റെ മുഖത്തിലും വികൃതം നിന്റെ മനസ്സിനാണ്…
എനിക്ക് ഈ അപകടം പറ്റിയതിൽ ഒത്തിരി സങ്കടപ്പെട്ടിരുന്നു
പക്ഷേ ഇപ്പോൾ ഇല്ല….
നിന്നെ പോലെ ഒരു നീചനെ മനസിലാക്കാൻ ദൈവം തന്ന അവസരമാണ്.
ഇനി ഒരു നിമിഷം നിനക്കു ശല്യമായി ഞാനും മോളും ഇവിടെ നിൽക്കില്ല…”
അങ്ങനെ പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോളും ഇതെല്ലാം
ഒരു ദുഃസ്വപ്നം മാത്രം ആകണേന്നു പ്രാർത്ഥിച്ചിരുന്നു…
------------------------------
“അമ്മേ എനിക്ക് വിശക്കുന്നു”
“വാ... അമ്മ കുഞ്ഞിക്ക് ചോറ് വാരിതരാം…
ഉപ്പ് ഒഴിച്ച ചൂടു ചോറിൽ അല്പം ക്യാരറ്റ് തോരനും ഒരു പപ്പട കഷ്ണവും ചേർത്ത് ഞാനത് ഉരുളയാക്കി
എന്നിട്ട് അവളുടെ വായിലേക്ക് വക്കും മുൻപ്
ആ കുഞ്ഞി താടയിൽ പിടിച്ചു കൊണ്ടു ചോദിച്ചു “എന്താ കുഞ്ഞി.. ടീവിയിൽ കണ്ട ചേട്ടനെ പോലത്തെ ആളെ കല്യാണം കഴിച്ചാ മതീന്ന് മോള് പറഞ്ഞത്??
മോൾക്ക്‌ കറുത്ത ആളുകളെ ഒട്ടും ഇഷ്ടം അല്ലായിരുന്നല്ലോ”
“അതമ്മേ…. അങ്ങനെ ഉള്ള ആൾ ആണെങ്കിൽ കുഞ്ഞിക്കു വാവു വന്നാലും…പിണങ്ങി… .ഇട്ടിട്ടു പോകില്ലാലോ...”
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ച് തകർന്നു… ഒന്നും മറുപടി പറയാനാകാത്തെ ഞാനെന്റെ മോളേ കെട്ടി പിടിച്ചു…
കൈയിൽ ഇരുന്ന ചോറുരളയിൽ എന്റെ കണ്ണുനീർ തുള്ളികൾ വീണു കുതിർന്നു…
ആരു പറഞ്ഞു….കുഞ്ഞുങ്ങൾ അവരുടേതായ ലോകത്തു മാത്രമാണെന്ന്…
അവർക്ക് നമ്മളെക്കാളും തിരിച്ചറിവുണ്ട്.
പലപ്പോളും അവർ കാണുന്നതും കേൾക്കുന്നതും അവർക്കു മനസ്സിലായില്ല… അല്ലേൽ ആകില്ല എന്ന് നമ്മൾ വിചാരിക്കും… അല്ലേൽ ആശ്വസിക്കും…
അതൊക്കെ അവരുടെ ഉള്ളിൽ റെക്കോർഡ് ആകുന്നുണ്ട്…
ഉപേക്ഷിക്കപ്പെട്ട അമ്മമാർ വളർത്തുന്ന മക്കൾക്ക്‌ കൊടുക്കുന്ന ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല…
അവരുടെ കണ്ണുനീർ ആ രുചി പകർന്നോളും...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot