നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അർവാചീനം

Image may contain: 1 person, smiling, closeup

*************
"എഴുത്തുകാർ മഴപോലെ പെയ്യണം. പെയ്തു പെയ്ത് മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലണം. അവിടെ വിത്തുകൾ പൊട്ടിമുളയ്ക്കണം."
എൻ്റെ ഒരു കഥയുള്ള ആ മാഗസിൻ്റെ പേജുകൾ മറിച്ചു നോക്കിക്കൊണ്ട് അയാളത് പറഞ്ഞപ്പോൾ ഞാനയാളെ അത്ഭുതത്തോടെ നോക്കി. ആ മുഖത്തെ ഭാവമെന്തെന്ന് എനിക്ക് മനസിലാക്കാനായില്ല.
"ഈ കഥ എങ്ങനെയുണ്ട് ?" ഞാൻ ആകാംഷയോടെ ചോദിച്ചു.
"നിൻ്റെ എല്ലാ കഥകളും പാശ്ചാത്യ സംസ്കാരത്തിൻ്റെ വിഴുപ്പു ചുമക്കുന്നു. ഇതും വ്യത്യസ്തമല്ല." അയാൾ എന്നെ നോക്കാതെ പറഞ്ഞു.
എനിക്ക് വിഷമം തോന്നി. ഒത്തിരി റിസർച്ച് ചെയ്ത് റഷ്യൻ ബാക്ക്ഗ്രൗണ്ടിൽ എഴുതിയ ഒരു കഥയായിരുന്നു അത്. അതിനു വേണ്ടിയെടുത്ത പരിശ്രമം ഓർത്തപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. എനിക്ക് വിഷമമായെന്നു മനസ്സിലാക്കിയാവണം അയാൾ ആർദ്രസ്വരത്തിൽ തുടർന്നു.
"നിൻ്റെ എഴുത്തുകൾ നന്നാവുന്നില്ലെന്നല്ല...പക്ഷെ എനിക്കിഷ്ടം മഴയും പുഴയും കുന്നും മലയുമൊക്കെയുള്ള നമ്മുടെ നാട് തന്നെയാണ്. എത്ര വർണ്ണിച്ചാലും വായിച്ചാലും മതിവരാത്ത നമ്മുടെ സ്വന്തം നാട്. നീ ആ നാടിനെക്കുറിച്ചെഴുതൂ...അവിടെ പെയ്യുന്ന മഴയെക്കുറിച്ചെഴുതൂ...".
അയാൾക്കിഷ്ടപ്പെട്ട കഥയും കവിതയുമെഴുതാൻ എത്രയോ കാലമായി ഞാൻ കൊതിക്കുകയാണെന്ന് തുറന്നു പറഞ്ഞാലോ എന്ന് ഞാനാലോചിച്ചു. പക്ഷെ പറഞ്ഞതിങ്ങനെയാണ്...
"അതൊക്കെ എഴുതാൻ ഞാൻ നമ്മുടെ നാടും മഴയുമൊക്കെ കണ്ടിട്ടെത്ര നാളായി എന്നറിയാമോ? ഞാനാകെ കാണുന്നത് ഇവിടെ പെയ്യുന്ന അമ്ലമഴയാണ്. അതു കാണുന്നതേ എനിക്ക് ദേഷ്യമാണ്. "
"നിനക്ക് എന്തുകൊണ്ട് ഒന്ന് നാട്ടിൽ പോയി വന്നു കൂടാ? അവിടെ ഇപ്പോൾ മഴക്കാലമല്ലേ? മനസ്സു നിറയെ മഴ കാണാം, മഴയിൽ കുളിക്കാം, മഴയെക്കുറിച്ച് എഴുതാം " അയാൾ മാസികയുടെ മറ്റുപേജുകളിലൂടെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.
അയാളങ്ങനെയാണ്. എൻ്റെ കണ്ണുകളിൽ നോക്കാറില്ല. അറിയാതെ എപ്പോഴെങ്കിലും നോക്കിപ്പോയാൽ എന്തോ വലിയ അപരാധം ചെയ്തത് പോലെ ഉടൻ കണ്ണുകൾ പിൻവലിക്കും. അയാളെൻ്റെ കണ്ണുകളിൽ ഒന്ന് നോക്കിയിരുന്നെങ്കിൽ, അവയിലെരിയുന്ന പ്രണയം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാനെപ്പോഴും കൊതിക്കാറുണ്ട്. പക്ഷെ അയാൾ എൻ്റെ കണ്ണുകളെ പേടിച്ചിട്ടെന്നവണ്ണം ഒഴിവാക്കിക്കൊണ്ടിരുന്നു
ഞാൻ അയാളെ കണ്ടു മുട്ടിയത് ഒരു ട്രെയിൻയാത്രയിലായിരുന്നു. ജനാലക്കരികിലുള്ള സീറ്റിൽ ആരെയും ഗൗനിക്കാതെ എം ടി യുടെ 'കാലം' വായിച്ചു കൊണ്ടിരുന്ന ആ താടിക്കാരൻ എങ്ങനെ എൻ്റെ ഉറക്കം കെടുത്തി എന്ന് എനിക്കിപ്പോഴും അറിയില്ല. എനിക്കയാളോട് തോന്നിയ പ്രണയം തുറന്നു പറയാൻ അഭിമാനം സമ്മതിക്കാതെ വർഷങ്ങളായി ഒരു നല്ല സുഹൃത്തെന്ന വ്യാജേന ഞാൻ അടുത്തിടപഴകുന്നു. രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു.
"ശരിയാണ്, ഈ മനം മടുക്കുന്ന അന്തരീക്ഷത്തിൽ നിന്ന് ഒരു മാറ്റം നല്ലതാണ്" ഞാൻ പറഞ്ഞു. ഒപ്പം ഞാനെഴുതുന്ന മഴക്കഥകളും കവിതകളും വായിച്ച് ആശ്ചര്യത്തോടെ എൻ്റെ കണ്ണുകളിലേക്കുറ്റു നോക്കുന്ന അയാളെ ഞാൻ മനക്കണ്ണിൽ കണ്ടു. എൻ്റെയുള്ളിൽ കുട്ടിക്കാലത്തെപ്പോഴോ മുത്തശ്ശിയുടെ ഒപ്പം ഉമ്മറത്തിരുന്നു കണ്ട മഴ കുളിരോടെ വീണ്ടും പെയ്തു. ആ മഴയിൽ ഞാൻ നനഞ്ഞു കുതിർന്നു.
**************** ************************* ******************
ഒരു മാസത്തെ അവധിക്കാലത്തിന്‌ ശേഷം ഞാൻ തിരിച്ചുള്ള യാത്രയിലായിരുന്നു. കുന്നും മലയുമിറങ്ങി പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ കാർ കുലുങ്ങിക്കുലുങ്ങി സഞ്ചരിച്ചു. ചിലയിടങ്ങളിൽ വഴിയിലേക്ക് മഞ്ഞിടിഞ്ഞു കിടന്നതു കാരണം മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു. ഡ്രൈവർ ഒരു സർക്കസുകാരൻ്റെ വൈഭവത്തോടെ കാർ തിരിച്ചെടുത്ത് ഇടവഴികളിലൂടെ താഴേക്ക് കുതിച്ചു.
എപ്പോൾ വേണമെങ്കിലും മണ്ണിടിഞ്ഞ് ഞങ്ങൾ മൂടപ്പെട്ടു പോയേക്കാമെന്നും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയേക്കാമെന്നും ഞാൻ ഭയപ്പെട്ടു. വഴികളൊക്കെ വിജനമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റപ്പെട്ട സ്കൂളുകളുടെ വരാന്തയിൽ ഒന്നുമറിയാത്ത കുറേ കുട്ടികൾ ഓടിക്കളിക്കുന്നത് കാണാമായിരുന്നു. മുറ്റത്തും വഴിയിലും കുറെ ചെറുപ്പക്കാർ മഴ നനഞ്ഞു നിന്ന് എന്തൊക്കെയോ കൂടിയാലോചിക്കുകയും ചിലർ അവിടവിടെ ഓടി നടക്കുകയും ചെയ്തു.
കൊച്ചി എയർപോർട്ട് പ്രളയം മൂലം അടച്ചിരുന്നതിനാൽ കമ്പം മെട്ട് ഇറങ്ങി കമ്പം വഴി ചെന്നൈയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ദുരിതാശ്വാസമെന്ന ബാനർ കെട്ടിയ മറ്റു സംസ്ഥാനങ്ങളുടെ കൂറ്റൻ ലോറികൾ വഴിയിലുടനീളം കയറ്റം കയറി വന്നു. ചിലവയിലെങ്കിലും ദുരിതാശ്വാസം മാത്രമല്ലെന്ന് ചെക്ക് പോസ്റ്റിനോടടുക്കവേ ഡ്രൈവർമാരുടെ മുഖം വിളിച്ചു പറഞ്ഞു.
കേരളം വെള്ളത്തിൽ മുങ്ങിയപ്പോഴും ചുട്ടുപൊള്ളുന്ന തേനിയിൽ കുറെ തമിൾ മക്കൾ കേരളത്തിന് വേണ്ടി കുടിവെള്ളം ശേഖരിക്കാൻ വേണ്ടി പിരിവ് നടത്തുന്നുണ്ടായിരുന്നു. നമുക്കു തരുന്ന വെള്ളത്തിനു കണക്കു പറയുന്നതിന് ദൈവം കൊടുത്ത ശിക്ഷയാണിതെന്നു പരസ്പരം പറഞ്ഞു കൊണ്ട് പലരും സന്തോഷത്തോടെ വലിയ തുകകൾ നിക്ഷേപിച്ചു.
എന്നെ എയർപോർട്ടിലാക്കി ഡ്രൈവർ തിരിച്ചു പോയി. വലിയ രണ്ടു പെട്ടികളും ഒരു ചെറിയ ബാഗുമായി ഞാൻ അകത്തേക്ക് നടന്നു. ഗേറ്റിൽ ടിക്കറ്റും പാസ്സ്പോർട്ടും കാണിച്ച് അകത്തേക്ക് നടക്കുമ്പോൾ വാതിൽക്കൽ നിന്ന പോലീസുകാർ പുറകിലാരെയോ തടഞ്ഞു നിർത്തി ഉച്ചത്തിൽ സംസാരിക്കുന്നതു കേൾക്കാമായിരുന്നു. ഞാൻ അത് ശ്രദ്ധിക്കാതെ മുൻപോട്ടു നടന്നു.
ചെക്ക് ഇൻ ചെയ്തപ്പോൾ കൗണ്ടറിൽ ഇരുന്ന പെൺകുട്ടി അത്ഭുതത്തോടെ പെട്ടികളിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. പിന്നെ അവൾ തൊട്ടടുത്ത കൗണ്ടറിൽ ഇരുന്ന ആളെ വിളിച്ച് എന്തോ കാണിച്ചു. അയാൾ പോയി മാനേജരെന്നു തോന്നിക്കുന്ന ഒരാളെ വിളിച്ചു കൊണ്ട് വന്നു. അയാൾ എന്നോട് പെട്ടികൾ തുറന്നു കാണിക്കാൻ ആവശ്യപ്പെട്ടു.
തെല്ലൊരു ചങ്കിടിപ്പോടെ പെട്ടി തുറന്ന ഞാൻ ഞെട്ടിപ്പോയി. ഞാൻ പായ്ക്ക് ചെയ്തു വച്ച ചക്കച്ചുള വറുത്തതും,വാഴക്കാ വറുത്തതും , ചക്കരവരട്ടിയും, അച്ചാറുകളുമൊന്നും അതിനുള്ളിലുണ്ടായിരുന്നില്ല...
പെട്ടിയുടെ ഒരുവശത്ത്, മണ്ണിടിഞ്ഞ് താഴേക്കു വീഴുന്ന ഒരു വീടിനെ ഒരുകയ്യാൽ താങ്ങിപ്പിടിച്ച് , മറുകയ്യാൽ ഒരു സ്ത്രീയേയും മൂന്നു ചെറിയ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് ഒരാൾ കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
പെട്ടിയുടെ മറ്റൊരു വശത്ത് ഉരുൾ പൊട്ടിയൊഴുകിയ വലിയൊരു ചാൽ കാണപ്പെട്ടു. അതിനരുകിൽ ഉറക്കെ കരഞ്ഞു കൊണ്ട് ദൂരെയെങ്ങോ പഠിക്കാൻ പോയ ഒരു പെൺകുട്ടിയും.
മറ്റൊരറ്റത്ത് മുട്ടൊപ്പം ചെളിയിൽ നഗ്നരായ കുറെ മനുഷ്യർ കൂനിപ്പിടിച്ചിരുന്ന് കണ്ണുനീർ കൊണ്ട് എന്തൊക്കെയോ കഴുകി.
മറ്റേ പെട്ടിക്കുള്ളിലൂടെ പെരിയാറും മീനച്ചിലാറും ഒഴുകുന്നുണ്ടായിരുന്നു. അവയുടെ ഇരുവശവുമുള്ള മരങ്ങളിൽ പ്ലാസ്റ്റിക് കൂടുകളും ഫ്ലെക്സുകളും പലനിറങ്ങളിൽ തോരണം ചാർത്തിയത് പോലെ തൂങ്ങിക്കിടന്നിരുന്നു. നദീതടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളും. രണ്ടു പുഴകൾക്കിടയിൽ നിന്ന് താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ ' മാ നിഷാദ ' എന്ന് ഉറക്കെക്കരഞ്ഞു.
ഞാൻ സ്തംഭിച്ചു നിൽക്കുമ്പോൾ മാനേജർ ഉച്ചത്തിൽ എന്നോട് പറഞ്ഞു.
"ഇതൊന്നും കൊണ്ട് പോകാൻ പറ്റില്ല"
ഞാൻ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ പെട്ടികളെടുത്തു കൊണ്ട് തിരിഞ്ഞു നടന്നു. പുറകിൽ വച്ചിരുന്ന വലിയൊരു വേസ്റ്റ് ബിന്നിലേയ്ക്ക് ഞാനാ പെട്ടികൾ കുടഞ്ഞിട്ടു. താഴേക്കു വീഴുന്നതിനിടയിൽ ആരോ എൻ്റെ വിരലിൽ മുറുകെ പിടിച്ചു. അതാ പെൺകുട്ടിയായിരുന്നു. എനിക്കവളോട് സഹതാപം തോന്നി. കണ്ണു തുടച്ചുകൊണ്ട് ഞാൻ വിരൽ ശക്തിയായി കുടഞ്ഞു. അവൾ ശൂന്യതയിലേക്കു തെറിച്ചു വീണു.
തിരികെ നടക്കുമ്പോൾ പിന്നിൽ നിന്നും ഉയർന്ന നിലവിളികൾ എൻ്റെ കാതുകളെ വേദനിപ്പിച്ചു. ഞാൻ ഇയർഫോണെടുത്ത് ചെവിയിൽ തിരുകി. മൊബൈൽ ഫോണിൻ്റെ പ്ലേ ലിസ്റ്റിൽ തപ്പി ഒരു ഭക്തി ഗാനം വച്ചു. പിന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും കണ്ടതൊക്കെ വാങ്ങി പെട്ടി നിറച്ച് വീണ്ടും അകത്തേക്ക് നടന്നു. അപ്പോൾ മനോഹരമായ ഒരു മഴക്കവിത എൻ്റെ മനസ്സിൽ രൂപം കൊള്ളുന്നുണ്ടായിരുന്നു.
ലിൻസി വർക്കി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot