നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേതം



~~~~
അന്നൊരു ഒടുക്കത്തെ മഴ ദിവസമായിരുന്നു. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയി വരുന്ന വഴിക്ക് സിനിമയ്ക്കും കയറി. തുറന്നു പറയാല്ലോ രണ്ടെണ്ണം വീശിയിട്ടുണ്ട്. ഈ രണ്ട് എന്നതൊക്കെ ഒരു പറച്ചിൽ സുഖത്തിനു വേണ്ടി പറഞ്ഞതാണ്. എണ്ണമൊക്കെ അവന്റെ വീട്ടിൽ നിന്ന് തന്നെ എപ്പോഴേ തെറ്റി.
ടൗണിൽ വന്നു സിനിമ കഴിഞ്ഞു മദ്യത്തിന്റെ കെട്ടൊക്കെയിറങ്ങി. അല്ല എങ്ങനെയിറങ്ങാതിരിക്കും ?!!!
സിനിമക്ക് കയറിയിട്ട് അടുത്തിരുന്നവരൊക്കെ സിനിമ കാണാതെ എന്നെ ചീത്ത വിളിക്കുകയായിരുന്നു. എന്റെ കൂർക്കം വലി കാരണം അവർക്കൊന്നും സിനിമ കാണാൻ ഒത്തില്ലത്രേ. !!! അയിന് ഞാനെന്ത് പിഴച്ചു ? എന്റെ കാശ് കൊടുത്തു ടിക്കറ്റ് എടുത്താൽ ഞാൻ ചിലപ്പോ ഒറങ്ങും, പാട്ട് പാടും, കൂവും, ചിരിക്കും, അതെന്റെ ഇഷ്ടം. ശ്ശെടാ ഞാനും ഒരു ഇന്ത്യൻ പൗരനല്ലേ ? എനിക്കുമില്ലേ അവകാശങ്ങളും ഇഷ്ടങ്ങളും ? എന്റെ ഈ നല്ല സ്വഭാവം കാരണം എത്ര സ്ഥലത്ത് നിന്ന് എനിക്ക് തല്ല് കിട്ടിയിട്ടുണ്ടെന്നറിയാമോ. ### എന്നിട്ടത് മാറിയോ ? യേയ്... എവിടുന്ന് മാറാൻ ജാത്യാലുള്ളത് തൂത്താൽ പോകുമോ ? എന്നിട്ടതിന്റെ അഹങ്കാരം വല്ലതും എനിക്കുണ്ടോ ? യേയ്.. എവിടുന്ന്.. ഞാൻ നന്നാവത്തില്ലെന്നെ.. ആരാണ്ടൊക്കെ എഴുതി തള്ളിയ കേസാണ്. ങ്ങേ ഞാനിതെന്തൊക്കെയാ പറഞ്ഞു പോകുന്നത്. എങ്ങോട്ടാ നമ്മുടെ പോക്ക് ? മതി മതി നിർത്തിയെ. ബാ കഥയിലേക്ക് പോകാം.
ബൈ ദ ബൈ നമ്മളെവിടെയാ നിർത്തിയത് ഒന്ന് തുടങ്ങാനായിട്ടു. !!!!! കിട്ടിപ്പോയി. ++ അങ്ങിനെ സിനിമ കഴിഞ്ഞു പുറത്തിറങ്ങി. പച്ചയ്ക്ക് കിടന്നുറങ്ങിയാൽ വായ് കയ്ക്കും എന്നത് കൊണ്ട് ഞാൻ പുറത്തിറങ്ങി വീണ്ടും വെള്ളമടിക്കുന്നതിനെ കുറിച്ചു ചിന്തിച്ചു.
നേരെ പോയി ബാറിൽ കയറി രണ്ടെണ്ണം അടിച്ചു ..അയ്യയ്യോ !!! എന്റെ ഒരുകാര്യം പിന്നേം മറന്നു ... എഴുതിക്കാണിക്കണം... അല്ലാതെ ശരിയാവൂല്ല... കേസാകുന്ന വകുപ്പാണ്. ന്നാ പിടിച്ചോ ദേ കിടക്കണു
" ALCOHOL IS INJURIOUS TO HEALTH "
ബസിൽ കയറിയിരുന്നു. അപ്പോഴും ഞാൻ നല്ല നോർമൽ മൈണ്ടിലാണ്. നല്ല മഴ ...അവസാനത്തെ വണ്ടിയാണ്. സമയം പതിനൊന്ന് കഴിഞ്ഞത് ഞാൻ അവസാനം വാച്ചിൽ നോക്കിയപ്പോൾ കണ്ടതാണ്. പിന്നെ ഞാൻ നോക്കിയില്ല മറന്നോയി. അതോണ്ട് കൃത്യം പറയാനോക്കില്ല.
എന്റെ സ്റ്റോപ്പ് എത്തി. ഞാൻ അവരോട് മര്യാദക്ക് പറഞ്ഞതാ ഞാനിറങ്ങുന്നില്ല . വണ്ടിയിൽ കിടന്നോളാമെന്നു. പേടിച്ചിട്ടൊന്നുമല്ല അവർക്കൊരു കൂട്ടായിക്കോട്ടെ എന്നു കരുതി പറഞ്ഞതാണ് പക്ഷേ ആ ദുഷ്ടകശ്മലകൂണ്ടങ്ങൾ സമ്മതിച്ചില്ല. അവിടെത്തന്നെ ബലമായി ഇറക്കി പണ്ടാരമടങ്ങി.
വീട്ടിലേക്ക് പോകുന്ന വഴിയിൽ വെട്ടമൊന്നും ഇല്ല കറന്റ് കട്ടാണ്. എന്റെ കയ്യിലും വെളിച്ചമൊന്നുമില്ല. എന്നും പോകുന്ന വഴിയായത് കൊണ്ട് കയ്യും വീശി പാട്ടും പാടി നടന്നു. വഴിയൊന്നും കാണാനൊന്നുമില്ല ഇടയ്ക്ക് റോഡിൽ നിന്നും ചാലിലേക്കൊക്കെ കാൽ പോകുന്നുണ്ട്.
നിങ്ങളോർക്കും ഞാൻ അടിച്ചു ഫിറ്റായത് കൊണ്ടാകുമെന്നു. അല്ലെന്ന് കണ്ണ് കാണാഞ്ഞിട്ടാണ്. സത്യായിട്ടും.
അങ്ങിനെ ഇരുട്ടും ഞാനും തമ്മിലുള്ള കണ്ണുപൊത്തി കളി കളിച്ചു കുറച്ചു ദൂരം നടന്നപ്പോൾ പുറകിൽ നിന്നും ഒരു ചിലും ചിലും ചിലും ശബ്ദം.
ആദ്യം ഓർത്തു എനിക്ക് തോന്നിയതാകും. ഈ രാത്രി നേരത്ത് ആര് ഡാൻസ് പഠിക്കാനാണ്.
പിന്നേം പിന്നേം കേട്ടപ്പോൾ ഒരു ശങ്ക ഞാൻ നിന്നു. തിരിഞ്ഞു നോക്കി കൂരിരുട്ട് ഒന്നും കാണാനില്ല. ഞാൻ നിന്നപ്പോൾ ശബ്‌ദവും നിന്നു വീണ്ടും ഞാൻ നടന്നപ്പോൾ ശബ്ദം വീണ്ടും കേട്ടു തുടങ്ങി. ഞാൻ രണ്ടും കല്പിച്ചു നിന്നു.
" ആരാടാ അത് ? "
മറുപടിയില്ല.
വീണ്ടും നിശ്ശബ്ദത.
" ആരാന്ന ചോദിച്ചത് ? "
മറുപടി നഹി.
ഞാൻ കുറച്ചുനേരം മിണ്ടാതെ നിന്നു. ഉള്ളിൽ ചെറിയ പേടിയൊക്കെ വന്നു തുടങ്ങി. അന്നേ വരെ കേട്ടിട്ടുള്ള സകല പ്രേതകഥയും മനസ്സിലേക്ക് ഓടി വന്നു. അല്ലെങ്കിലും എന്താണെന്നറിയില്ല ചെറുപ്പം മുതലേ എനിക്കങ്ങിനെയാണ് രാത്രി ഒറ്റയ്ക്ക് പുറത്തേക്കിറങ്ങിയാൽ പിന്നെ ഓർമ്മ വരുന്നതൊക്കെ പ്രേതകഥകൾ മാത്രമാകും.
മഴയുടെ തണുപ്പ് അല്ലാതെ വേറെന്തൊക്കെയോ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോ വീണ്ടും ചോദിച്ചു..പക്ഷേ ഇത്തവണ ആദ്യത്തെ ഗൗരവം ഉണ്ടായിരുന്നില്ല.
" ആ...രാ... ? "
വന്നു മറുപടി. അതും സംഗീത രൂപത്തിൽ. നാഗവല്ലിയുടെ തോം തോം തോം ട്യൂണിൽ മൂന്നാല് ചിലങ്ക ശബ്ദം. പിന്നെ വല്ലാതെ ഒന്നും ചിന്തിക്കാൻ നിന്നില്ല ഒരോട്ടം.. അല്ല ഒന്നൊന്നര ഓട്ടം വെച്ച് കൊടുത്തു.
ചിലങ്കയുടെ ശബ്ദം അടുത്തടുത്ത് വരുന്നു ഞാനുറപ്പിച്ചു ഇത് യക്ഷി തന്നെ. കൃഷ്ണാ ! എവിടെയൊളിക്കും. ചോര കുടിച്ചു വറ്റിച്ച എന്റെ ശരീരം ഫുൾ hd ക്ലാരിറ്റിയിൽ മനസ്സിൽ തെളിഞ്ഞു...
ഓട്ടത്തിന്റെ സ്പീഡ് കൂടി ഇരുട്ട് കാരണം റോഡിൽ കൂടി തന്നെയാണോ ഓടുന്നതെന്നോ വല്ല പൊട്ടക്കിണറ്റിലും വീണു ചാവുമോയെന്നോ അതോ യക്ഷി പിടിച്ചു ചാവുമോയെന്നോ ഒരു ഐഡിയയും ഇല്ല. യക്ഷിയാണെങ്കിൽ പട്ടിണിയാണെന്നു തോന്നുന്നു വിടാതെ പിന്തുടരുവല്ലേ.
എന്തായാലും ഞാൻ മനസ്സിൽ ഉറപ്പിച്ചു മോനേ സജ്ഞയെ, നീ തീർന്നെടാ തീർന്ന്...
ഓടുന്നതിനിടയിൽ എന്റെ ചിന്ത എന്നാലും ഇതാരുടെ പ്രേതമായിരിക്കും എന്നായിരുന്നു. ഉറങ്ങുമ്പോൾ നിഷ്കളങ്കനായ എന്നോട് പ്രതികാരം ചെയ്യാനും മാത്രം ഏത് പ്രേതം ?. പെട്ടെന്ന് തന്നെ അതിനുത്തരം കിട്ടി. ആ വഴിയുടെ തുടക്കത്തിൽ തന്നെയുള്ള വീട്ടിലെ വല്ല്യമ്മ. മരിച്ചിട്ട് ഒരാഴ്ചയായിട്ടെ ഉള്ളൂ. ദഹിപ്പിക്കുന്ന അന്ന് ഞാനും പോയതാണ്. കാര്യം ജീവിച്ചിരിക്കുന്ന സമയത്ത് അഞ്ചാറു വട്ടം തെറിവിളിച്ചിട്ടുണ്ടെന്നു കരുതി ഈ പതിരാത്രിക്ക് ഇങ്ങിനെ ഇട്ടോടിക്കണോ ? പണ്ടാര തള്ള പാതിരാത്രിക്ക് ചിലങ്കയുമിട്ട് ഇറങ്ങിയെക്കുവാണ് പ്രതികാരം ചെയ്യാൻ. എന്റെ ശിവനേ ഈ തള്ള എന്നെകൊന്നാൽ തെളിയപ്പെടാത്ത ഒരു കേസായി ഞാൻ മാറുമല്ലോ. അതല്ല പ്രശ്നം പിന്നെ ഞാനും ഇതുപോലെ അലഞ്ഞു തിരിഞ്ഞു നടക്കണ്ടേ. അതും ഒരു തള്ള പ്രേതത്തിനൊപ്പം. എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടിയതെന്ന് എനിക്ക് തന്നെ അറിയില്ല. എന്തായാലും അതുവരെ വിയർപ്പ് എന്താണെന്നറിയാത്ത ഞാൻ വിയർത്തു. നല്ലോണം തന്നെ വിയർത്തു. എന്നാലും ഞാൻ വിട്ടുകൊടുത്തില്ല ഓടടാ ഓട്ടം. തള്ളയും വിട്ടു തരുന്നില്ല.
എന്റെ കഷ്ടകാലത്തിന് ആ വഴിയിലാണെങ്കിൽ വീടുകളും കുറവ്. കുറച്ചു ഓടിയപ്പിഴേക്കും ഭാഗ്യത്തിന് കറന്റ് വന്നു. വെളിച്ചം വന്നപ്പോൾ എനിക്ക് എവിടെ നിന്നോ ഭയങ്കര ധൈര്യം വന്നു. ഞാൻ നിന്ന് നല്ല അന്തസ്സായി കിതച്ചു കൊണ്ട് തന്നെ തിരിഞ്ഞു നോക്കി.
അതാ അപ്പുറത്തെ പോസ്റ്റിന്റെ വെളിച്ചത്തിലേക്ക് എന്നെ ഭയപ്പെടുത്തിയ തള്ളയുടെ പ്രേതം മെല്ലെ വരുന്നു. എന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന ആ രൂപം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്താ....??
ഏതോ വീട്ടിൽ നിന്നും ചങ്ങലയും പൊട്ടിച്ചു ഓടിയ പട്ടി...
എനിക്കങ്ങോട്ട് കലി കേറി.. റോഡിലെ കല്ലേൽ മുഴുവൻ കാലിലെ പെരുവിരൽ മുതലുള്ള എല്ലാ വിരലുകൊണ്ടും രക്തചുംബനം നടത്തിയിട്ടാണ് ഞാൻ ഇമ്മാതിരി മാരത്തോൺ റിലേ നടത്തിയത്. ഞാൻ ചുറ്റും നോക്കി ഭാഗ്യത്തിന് ആരും അറിഞ്ഞില്ല. ഞാൻ നോക്കിയപ്പോൾ റോഡ് പണിക്ക് വേണ്ടി കൂട്ടിയിട്ടിരിക്കുന്ന ആറിഞ്ചു മെറ്റൽ. കയ്യിൽ കിട്ടിയത് അത്രയും എടുത്ത് ഞാൻ പട്ടിയുടെ നേരെ ഓടി. ഓടുന്ന മുറയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു. എന്നെ ഇത്രയ്ക്ക് പേടിപ്പിച്ചു ഓടിപ്പിച്ച പട്ടിയെ ഞാനും ഓടിപ്പിച്ചു. പട്ടി പേടിച്ചു പഞ്ചായത്ത് കടന്നു കാണും. അല്ല പിന്നെ പട്ടിയാണെങ്കിലും നിനക്കൊന്നു മിണ്ടിക്കൂടെടാ പട്ടീ... എന്തായാലും പറ്റിയത് പറ്റി ആരോടും പറയണ്ട ഞാൻ മനസ്സിൽ ഉറപ്പിച്ചു.
പിറ്റേ ദിവസം വൈകുന്നേരം സ്ഥിരം ലൊക്കേഷൻ പഞ്ചായത്ത് കിണറിൽ ഇരിക്കുമ്പോൾ ഒരു കൂട്ടുകാരൻ എന്തോ ചിന്തിച്ചിരിക്കുന്നു. എല്ലാവരും അവനോട് എന്തെടാവേ എന്ന് ചോദിച്ചപ്പോൾ അവൻ പറയുവാ
" ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത് ".
" ഇല്ലെടാ നീ പറയ്."
" ഈ പ്രേതം ഉണ്ടെന്ന് പറയുന്നത് ഒക്കെ സത്യമാടാ. ഞാനിന്നലെ രാത്രി മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ റോഡിൽ ചിലങ്കയുടെ ശബ്ദം അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കുന്നുണ്ടായിരുന്നു. ആരോ അലറുന്നതും എന്തൊക്കെയോ വന്നു വീഴുന്ന ഒച്ചയും കേട്ടു. നിങ്ങൾക്കറിയോ ഞാനിന്നലെ മൂത്രമൊഴിക്കാതെയാ കിടന്നത്.. "
എല്ലാരും വാ പിളർന്നിരിക്കുകയാണ്.
ഞാനൊന്നും മിണ്ടിയില്ല. എന്തിനാ ബെർക്കനെ ഞമ്മ ചമ്മിയ കഥ പറേണ.
ആത്മാത്ര മിത്രത്തെ മാത്രം വിളിച്ചു മാറ്റിനിർത്തി രഹസ്യമായി പറഞ്ഞ്.
" ടാ അളിയാ, ഞാനൊരു കാര്യം പറഞ്ഞാൽ നീ ആരോടും പറയരുത് "
" ഇല്ലെടാ നീ പറയ് "
" അതേ... അതേ... അവൻ പറഞ്ഞ ആ ഇന്നലത്തെ പ്രേതം ഇല്ലേ "
" ആ... ആ പ്രേതം ? "
" അത് ഞാനാരുന്നെടാ... ഞാനായിരുന്നു. "
" ങ്ങേ... ? നീയോ ? അതെങ്ങിനെ ? "
ഞാൻ വള്ളിയും പുള്ളിയും തെറ്റാതെ വേണ്ടിടത്ത് വള്ളിയും പുള്ളിയും കൂട്ടിച്ചേർത്തു ആ കഥ അങ്ങോട്ട് വെടിപ്പായി പറഞ്ഞു കൊടുത്തു.
മുഴുവൻ കേട്ടപ്പോ ഓൻ ഒടുക്കത്തെ ചിരി. ഇന്നലെ പ്രേതത്തിനെ കണ്ടെന്ന് പറഞ്ഞവനെ നോക്കും എന്നെ നോക്കും ചിരിയോട് ചിരി.
എടാ മുടിഞ്ഞോനെ ചിരി നിർത്ത് നീ എല്ലാരോടും പറഞ്ഞു നാറ്റക്കേസാക്കല്ലേ. എല്ലാവരുടെയും മുമ്പിൽ വീരശൂര പരാക്രമിയായ ഞാൻ വെറും കൃമി മാത്രമാകും എന്ന് പറഞ്ഞപ്പോ ഓൻ ഒടുക്കത്തെ ഡിമാൻഡ്.
അവസാനം രണ്ട് ബീയറിൽ കേസ് കോമ്പ്രോമിസ്‌.
ബീർ അടിച്ചോണ്ടിരിക്കുമ്പോ ( വാണിംഗ് നേരത്തെ എഴുതിയത് മുകളിൽ കിടപ്പുണ്ട്. ആവശ്യമുള്ളവർ മുകളിൽ പോയി വായിച്ചിട്ട് തിരിച്ചു വരേണ്ടതാണ്. എപ്പോഴും എപ്പോഴും എഴുതാൻ എന്നെക്കൊണ്ട് വയ്യ ) ഓൻ ഓന്റെ കഥ പറഞ്ഞ്.
" അളിയാ നിനക്കൊരു കാര്യം അറിയോ. ആ പ്രേതത്തെ കണ്ടെന്ന് പറഞ്ഞില്ലേ അവന് മുടിഞ്ഞ പേടിയാടാ. ഇന്നാള് വേറെ സംഭവമുണ്ടായി... ഞാൻ ഒരീസം രാത്രി വരുമ്പോ സൈക്കിളിലാണ് വരവ്.......
ഹോ എഴുതി കൈ കഴച്ചു... ഇനി പിന്നെ പറയാം. നാളേം എന്തേലും പറയണ്ടേ.
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot