Slider

സാലറി ചലഞ്ച്

0
Image may contain: 2 people, people smiling, text and outdoor


നാട്ടിലെ അവധി കഴിഞ്ഞ് തിരികെ എത്തിയതെ ഉണ്ടായിരുന്നുള്ളു.
മാനേജർ വന്ന് പറഞ്ഞു.
"പുതിയൊരു ലൊക്കേഷനിലാണ് ജോലി.
ഫുഡ് ഒക്കെ കിട്ടും, ഒരു പൈസയുടെ ചിലവ് പോലുമില്ല."
ഇതൊക്കെ കേട്ടാണ് ജോർജ് ഇവിടെയെത്തിയത്.
സൗദി ബോർഡറിലൊരു മരുഭൂമിയ്ക്ക് നടുവിലായ് നാല് ചുറ്റും വേലിയാൽ ചുറ്റപ്പെട്ട അകത്ത് കുറെ ലോറി കണ്ടെയ്നർ പോലെയുള്ള ചെറിയമുറികൾ.
ഒന്നിൽ രണ്ടും,നാലും, ആറും ഒക്കെ ആളുകൾ ഉണ്ടാകും താമസത്തിന്.
സഹമുറിയൻ നിഹാൽ ഇടയ്ക്കിടെ പറയുമായിരുന്നു.
"ജോർജ് നമുക്കിവിടിന്ന് പോയാലോ ?" ഇവിടെയെത്തിയിട്ട് മൂന്നു മാസമായില്ലേ ഇപ്പൊ എല്ലാം ശീലമായല്ലോ ഇനിയെന്തിന് പോകണം.
രാവിലെ ബസിൽ ഒരു മണിക്കൂർ യാത്ര. കടൽക്കരയിലെത്തും.
ഓയിൽ കമ്പനിയുടെ ബിൽഡിംഗ് കൺസ്ട്രക്ഷൻ നടക്കുവാണവിടെ.
ഉച്ചയ്ക്ക് ഭക്ഷണത്തിന് തിരികെയെത്തിക്കും. അത് കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയലേക്ക്.
ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം തിരികെ റൂമിൽ.
കാന്റീനിൽ ഫുഡ്.
കുടിക്കാൻ വെള്ളമുണ്ട്.
അലക്കാൻ ലൗഡ്രിയുണ്ട്.
ഒരു കടയോ ഒന്നും ക്യാമ്പിനകത്തില്ല. വന്നപ്പോൾ മൊട്ടയടിച്ചത് കാരണം മുടി വെട്ടേണ്ട ആവശ്യവും വന്നില്ല. സോപ്പ് ചീപ്പ് കണ്ണാടി ആവശ്യമായതെല്ലാം തരുന്നുണ്ട്.
രാവിലെ പോകും.
വരും.
ആടിനെ മേയ്ക്കാൻ കൊണ്ട് പോകുന്നത് പോലെ.
പക്ഷേ ആടിനെ പോലെയല്ല ഇത്.
മാസാമാസം ശമ്പളം ഉണ്ട്.
നല്ലൊരു തുക തന്നെ.
മാനേജൻ പറഞ്ഞത് ശരിയായിരുന്നു.
കുറ്റം പറയാൻ പറ്റില്ല ഒരു പൈസയുടെ ചിലവ് പോയിട്ട് ഒരു ഒറ്റ രൂപയെങ്കിലും കണ്ണിൽ കണ്ടിട്ട് മാസങ്ങളാകുന്നു.
ATM കാർഡ് സിറ്റിയിലുള്ള ചങ്ക് കൂട്ടുകാരനിലേക്ക് ഡ്രൈവർ വഴി എത്തിച്ചതിനാൽ
സാലറി വരുന്ന അന്നു തന്നെ കൃത്യമായി അതവൻ നാട്ടിലേക്കയച്ചിരുന്നു.
മൊബൈൽ ടവറിന് വേണ്ടി മരുഭൂമിയിൽ ചുറ്റി നടക്കുമ്പോൾ കിട്ടാറുണ്ട് ആ മെസേജുകൾ.
സാലറി വന്നിട്ടുണ്ട് എന്ന് ബാങ്കും,
അത് എടുത്തു. എന്ന് ചങ്കും,
പൈസ അയച്ചു.എന്ന് എക്സ്ചേഞ്ചും,
പൈസ കിട്ടിയെന്ന് പ്രിയതമയും.
നാട്ടിലാണേൽ പുറത്തിറങ്ങണമെങ്കിൽ കീശ നിറയെ കാശ് വേണമെന്ന് വാശി പിടിച്ചിരുന്ന ആൾക്കാരാണ്.
ഇപ്പൊ പൈസ ഒന്ന് കാണണമെങ്കിൽ പോലും മൊബൈലിലെ പഴയ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതെടുത്ത് നോക്കണം.
ആറു മാസം കൊണ്ട് ആ സാലറി ചലഞ്ചവസാനിച്ചു.
അബുദാബി സിറ്റിയിൽ തിരിച്ചെത്തി.
ഒരിടത്ത് ജോലിയുമായി.
ഒരു മാസം കഴിഞ്ഞ് സാലറിയും വന്നു.
നീണ്ട ഏഴ് മാസത്തിന് ശേഷം സാലറി കിട്ടിയ സന്തോഷം.
പുത്തൻ നോട്ടുകളുടെ മണം.
കുറെ നേരം അവനത് ആസ്വദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ ഒരു പ്രവാസിയുടെ സാലറി ഒരിക്കലുമവന് സ്വന്തമല്ല ഒരു ദിവസത്തേക്ക് പോലും.
അടുത്ത ഒരു മാസത്തേക്കുള്ള കള്ളിനും മറ്റ് അടിച്ച്പൊളിക്കുമായുള്ള പൈസ ഞാൻ പഴ്സിലേക്ക് മാറ്റിവച്ചു.
ബാക്കി ഉള്ളതുമായി എക്സ്ചേഞ്ചിലേക്കെത്തി. അവിടെയെത്തിയപ്പോൾ നാട്ടിലെ ബിവറേജിനെ വെല്ലുന്ന വരി പൈസ അയയ്ക്കാൻ.
"എന്തായാലും അയച്ചേക്കാം"
വരിയിൽ പുറകിലായി ഞാനും നിന്നപ്പോഴാണ് തൊട്ടു മുൻപിൽ നിൽക്കുന്ന തോമാച്ചനെ കണ്ടത്.
"എന്താ തോമാച്ചാ സാലറി വന്ന് ഒരു ഇരുപത്തിനാല് മണിക്കൂറെങ്കിലും തനിക്ക് കൈയ്യിൽ വച്ചിരുന്നു കൂടെ ?"
എന്റെ ചോദ്യത്തിന് മറുപടിയായി
"പിന്നെ നീയെന്തിനാടാ വന്നത് മാങ്ങ പറിക്കാനാണോ ?"
എന്നുള്ളയൊരു നോട്ടമായിരുന്നു.
പക്ഷേ തോമാച്ചൻ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.
"നീ പൈസ അയച്ചിട്ട് മിച്ചമുണ്ടേൽ ഒരു അമ്പതോ നൂറോ കടമായിട്ട് തരണം കേട്ടോ ഒരു പൈസയും ഇല്ലടേ എല്ലാം തീർന്നു.
ഒറ്റ രൂപ പോലും ഇനി ഇല്ല.
കണ്ടോ ?"
ഒരു കാലി പേഴ്സും തോമാച്ചൻ തുറന്ന് കാണിച്ചപ്പോഴും കൈകളിലൊന്നിൽ ഒരു കൂട്ടം നോട്ടുകൾ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു.
"എന്താ തോമാച്ചാ നിങ്ങൾക്ക് ഇതിൽ നിന്ന് നൂറോ ഇരുന്നൂറോ മാറ്റിയിട്ട് അയച്ചാൽ പോരേ "?
ഞാൻ കുറ്റപ്പെടുത്തലോടെ ചോദിച്ചു.
''അതുവേണ്ട അതുവേണ്ട റൗണ്ട് ആയിട്ട് അമ്പതിനായിരം നാട്ടിലേയ്ക്കയക്കണം.
ഇതീന്ന് എടുത്താ കുറയുമത്. " എന്ന് തോമാച്ചാൻ
"എന്തേയ് നാട്ടിലെന്താ അത്രയും പൈസയുടെ അത്യാവശ്യമുണ്ടോ ഇപ്പൊ?" എന്ന് ഞാൻ.
"ഏയ് അങ്ങനൊന്നുമില്ല ഒരു തുകയായിട്ട് അവളുടെ അക്കൗണ്ടിലേക്ക് ഇടുമ്പോൾ ഒരു സന്തോഷം. അവൾക്കും അതൊരു സന്തോഷമാകുമല്ലോ ?"
''ഒലക്കേരെ മൂട് തനിക്ക് പ്രാന്താണ്." എന്ന് മനസ്സിൽ പറഞ്ഞ ഞാൻ ചോദിച്ചത് ഇങ്ങനെ.
"അപ്പൊ ഇവിടത്തെ ചിലവിനോ തോമാച്ചായോ..?
"അത് ആരുടേലും അമ്പതോ നൂറോ കടം വാങ്ങാലോ ഇപ്പ കണ്ടില്ലേ നീയെനിക്കൊരു അമ്പത് തരില്ലേ "?
ആ ചോദ്യത്തിൽ ഞാൻ അറിയാതെ തന്നെ പേഴ്സിൽ വച്ച പൈസയിലേക്ക് മുറുകെ പിടിച്ചിരുന്നു.
വരിയിൽ മുന്നിലെത്തി. പൈസ അയച്ചു. തോമാച്ചൻ പോയി.
ഞാനും അയച്ചു.
പുറത്തേക്കിറങ്ങുമ്പോൾ ചങ്ക് ജയൻ പൈസ അയയ്ക്കാനായെത്തി.
അവൻ എന്നോട്. "എടാ സാലറി കിട്ടി ഒരു ഇരുപത്തിനാല് മണിക്കൂറെങ്കിലും നിനക്ക് കൈയ്യിൽ വച്ചു കൂടെ ?"
"ങേ...പിന്നെ നീയെന്തിനാ മാങ്ങ പറിക്കാനാണോ വന്നത് ?"
എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ കാലിയായ പഴ്സ് കാണിച്ചിട്ട്
ഞാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
"മച്ചാനെ അയച്ചിട്ട് ബാക്കിയുണ്ടേൽ എനിക്കൊരു അമ്പതോ നൂറോ കടമായി തരണേ..?
പോക്കറ്റിലെ പേഴ്സിൽ അവനന്നേരം ഒന്നു മുറുകെ പിടിച്ചുവോ ?
നാട്ടിലെ അവളുടെ അക്കൗണ്ടിലേക്ക് അപ്പൊ ഒരു തുക മുറിയാതെ റൗണ്ട് ആയി തന്നെ എത്തിയിട്ടുണ്ടായിരുന്നപ്പോഴേക്കും.
തിരിച്ച് അവളുടെ മെസേജും
"ഇച്ചായാ പൈസ കിട്ടി. എടുത്തു.
നല്ലൊരു പർച്ചേസിംങ്ങും കഴിഞ്ഞു. വീട്ടിലെത്തി.
നെറ്റ് കാർഡ് വാങ്ങാൻ മാത്രം മറന്നു പോയി.
ഇനി നാളെയോ മറ്റന്നാളോ വാങ്ങിയിട്ട് വിളിക്കാട്ടോ.. ഉമ്മ..."
സാലറി ചലഞ്ച് ഇനി അവിടെയാണ്.
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo