Slider

ആ ദിവസം - ഭാഗം - 5

0
Image may contain: 1 person, smiling, hat

For all previous parts :
https://www.nallezhuth.com/search/label/SaminiGirish

മരണത്തിന്റെ പടിവാതിലുകൾ ചവിട്ടിക്കയറാൻ ധൃതിയോടെ അയാൾ നടന്നു. എല്ലാം ഒരു നിമിഷംകൊണ്ട് അവസാനിക്കണം. ഈ നശിച്ച ജീവിതം, ഒന്നും നേടാൻ കഴിയാതെ പോയ ഈ നരക ജീവിതം ഇവിടംകൊണ്ട് അവസാനിക്കണം. തീവണ്ടിയുടെ നീണ്ട അലർച്ചയിൽ തന്റെ നിലവിളി ആരും കേൾക്കാതെ അലിഞ്ഞു പോകണം. നിശ്ചയദാർഢ്യത്തോടെ അയാൾ മുന്നോട്ട് നടന്നു.
റെയിൽവെ പ്ലാറ്റ്ഫോമിൽ അയാൾ പലകുറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തന്റെ മരണത്തിന് പറ്റിയ സ്ഥലം തിരയുകയായിരുന്നു അയാൾ. പക്ഷെ പകൽനേരമായിരുന്നതിൽ ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. രാത്രിയാണ് അനുയോജ്യമായ സമയം എന്നയാൾക്ക് തോന്നി. കാത്തിരിക്കാൻ അയാൾ നിർബന്ധിതനായി. പടിഞ്ഞാറേക്ക് സഞ്ചരിക്കുന്ന സൂര്യനെ അയാൾ നോക്കി. തന്റെ സമയം അടുക്കുന്നു. അയാൾ ക്ഷമയോടെ കാത്തിരുന്നു.
വരുന്നതും പോകുന്നതുമായ തീവണ്ടികൾ നോക്കി അയാൾ ഇരുന്നു. ഇടക്കെപ്പോഴോ താനിരിക്കുന്ന ബെഞ്ചിന്റെ അറ്റത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അയാൾ അവളെ നോക്കി. തന്റെ മകളുടെ പ്രായമുണ്ടായിരിക്കണം. വാത്സല്യത്തോടെ അവളെ അയാൾ നോക്കിക്കൊണ്ടിരുന്നു. ആ നോട്ടത്തിൽ അലോസരം തോന്നിയ പെൺകുട്ടി അവിടെനിന്നും എഴുന്നേറ്റ് മറ്റൊരു ബെഞ്ചിലേക്ക് ഇരുന്നു.
അയാൾക്ക് ചിരി വന്നു. സ്വയം പരിഹസിച്ചുള്ള ചിരി. അത് തന്റെ മകളാണെങ്കിൽ പോലും തിരിച്ചറിയാൻ കഴിയില്ല. അത്രക്കും ഭാഗ്യദോഷിയാണ് താൻ. അയാൾക്കുള്ളിൽ തന്റെ പ്രിയതമയുടെ മുഖം തെളിഞ്ഞു വന്നു. ഓർമ്മകളിൽ പഴയകാലം ഒരു ചലച്ചിത്രം പോലെ മിന്നിമറഞ്ഞു.
******
സാമ്പത്തികമായി അല്പം ഉയർന്ന ഒരു തറവാട്ടിലെ സന്തതിയായിരുന്നു താൻ. എപ്പോഴും കുടുംബ മഹിമയും തറവാടിത്തവും മാത്രം പറയുന്ന അച്ഛൻ. മനുഷ്യത്വം എന്നതിനേക്കാൾ അന്തസ്സും അഭിമാനവും ഒക്കെയായിരുന്നു അദ്ദേഹത്തിന് പ്രാധാന്യം. പക്ഷെ അമ്മ നേരെ തിരിച്ചായിരുന്നു. അമ്മയെപ്പോലെ ആയിരുന്നു താനും. എല്ലാവരോടും സ്നേഹം മാത്രം. പക്ഷെ പെണ്ണായി പിറന്നു പോയതുകൊണ്ട് അച്ഛനെ ഭയന്ന് ജീവിക്കാൻ മാത്രമേ അമ്മ എന്നും ശ്രമിച്ചിട്ടുള്ളു. ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരാൻ അമ്മക്ക് കഴിയുമായിരുന്നില്ല.
കോളേജിൽ ഉറ്റചങ്ങാതിയായിരുന്നു രാജശേഖരൻ. എന്തിനും ഏതിനും ഒറ്റക്കെട്ടായിരുന്നു രണ്ടുപേരും. കൂട്ടുകാരൻ എന്നതിലുപരി സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിച്ചു. ഒരു ഉത്സവത്തിന് രാജന്റെ വീട്ടിൽ വിരുന്നിനു പോയപ്പോഴാണ് രാജിയെ ആദ്യമായി കാണുന്നത്. രജനി എന്ന് പേരുള്ള രാജി. കൂട്ടുകാരന്റെ പെങ്ങളെ മറ്റൊരു കണ്ണോടെയും കാണരുതെന്ന് മനസ്സ് വിലക്കിയെങ്കിലും അവളൊരു സ്വപ്നമായി നെഞ്ചിൽ കൂടുകൂട്ടുകയായിരുന്നു.
പലപ്പോഴായി അവന്റെ വീട്ടിലേക്കുള്ള യാത്രകൾ അവളെ കാണാൻ വേണ്ടി മാത്രമുള്ളതായി. അവളും അടുപ്പത്തോടെ പെരുമാറാൻ തുടങ്ങിയപ്പോൾ പറ്റിയ അവസരത്തിൽ അവളോട് മനസ്സ് തുറന്നു. നിറഞ്ഞ ചിരിയായിരുന്നു മറുപടി. അതിന്നും മനസ്സിനുള്ളിൽ തെളിഞ്ഞ് കാണാം. അവളെ താനൊരുപാട് സ്നേഹിച്ചു. ഒരുപാടൊരുപാട്...
രാജിക്ക് തുടരെ തുടരെ വിവാഹാലോചനകൾ വരാൻ തുടങ്ങിയപ്പോൾ ആധിയായിരുന്നു മനസ്സിൽ. അവളെ പിരിയുക എന്നത് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. ഒടുവിൽ രാജനോട് തന്റെ ഇഷ്ടം അവതരിപ്പിച്ചു. അച്ഛനില്ലാത്തതിനാൽ അവനായിരുന്നു കുടുംബത്തിലെ കാരണവർ. ആദ്യമൊക്കെ അവൻ ശക്തമായി എതിർത്തു. പിന്തിരിപ്പിക്കാൻ രണ്ടുപേരെയും ശ്രമിച്ചു. പക്ഷെ അവളും ഞാനും ആത്മാർത്ഥമായി സ്നേഹിക്കുന്നതുകൊണ്ട് പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവൻ മൗനസമ്മതം നൽകി.
വിവാഹക്കാര്യം അമ്മക്ക് എതിർപ്പില്ലാത്ത കാര്യം ആയിരുന്നു. എന്റെ ഇഷ്ടത്തിനപ്പുറം അമ്മക്ക് ഒന്നുമില്ലായിരുന്നു. പക്ഷെ, അച്ഛന് ജാതിയും പണവും തറവാടും ഒക്കെ പ്രശ്നമായി. രാജിയെ അംഗീകരിക്കാൻ അദ്ദേഹം ഒരുവിധത്തിലും തയ്യാറായില്ല. അവളെ മറക്കാൻ കഴിയില്ല എന്നതുകൊണ്ട് ഞാൻ രാജന്റെ സഹായത്തോടെ അവളെ രെജിസ്റ്റർ വിവാഹം കഴിച്ചു.
അമ്മയുടെ നിർബന്ധപ്രകാരമാണ് വീടിനടുത്ത് തന്നെ ഒരു വാടക വീടെടുത്ത് താമസമാക്കിയത്. അമ്മക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. രണ്ടുമാസങ്ങൾക്കപ്പുറം അവൾ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അറിയിക്കാൻ വീട്ടിലേക്ക് പോയപ്പോൾ തന്നെ അച്ഛനെന്നെ ആട്ടിയിറക്കി. എങ്കിലും ഞാനും അവളും അച്ഛനില്ലാത്ത നേരങ്ങളിൽ അമ്മയെ കാണുവാൻ പോകാറുണ്ടായിരുന്നു.
മാസങ്ങൾ കടന്നു പോയി. രാജിക്ക് പ്രസവത്തിന്റെ സമയം ഏതാണ്ടടുത്തു. അവളെ പ്രസവത്തിനു വീട്ടിലേക്ക് പറഞ്ഞയക്കാൻ എനിക്ക് തോന്നിയില്ല. എന്നെ തനിച്ചാക്കി പോകാൻ അവൾക്കും. രാജിയുടെ അമ്മ ഞങ്ങളുടെ കൂടെ വന്നു നിന്നു. ആ ആശ്വാസത്തിൽ പ്രസവസമയം അടുത്തിട്ടും ഞാൻ ജോലിക്ക് പോയിരുന്നു.
അങ്ങനെ ഒരു ദിവസത്തിലാണ് ആ ദുരന്തം സംഭവിച്ചത്. എന്റെ ജീവിതത്തിൽ സന്തോഷവും ദുഃഖവും കോപവും ഒക്കെ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ ദിവസം. അമ്മയെ കാണാൻ അച്ഛനില്ലാത്ത തക്കം നോക്കി അവൾ വീട്ടിലേക്ക് പോയി. പക്ഷെ അപ്രതീക്ഷിതമായി അച്ഛൻ തിരികെയെത്തി. വീട്ടിൽ അവളെ കണ്ടതും അയാൾ വല്ലാതെ ക്രുദ്ധനായി. കൈയിൽ കിട്ടിയ വാക്കത്തിയുമായി അയാൾ എന്റെ രാജിയെ...
ആ നിമിഷം അവൾ അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ആരൊക്കെയോ ചേർന്ന് അവളെ ആശുപത്രിയിൽ എത്തിച്ചു. അവളെ രക്ഷിക്കാനായില്ലെങ്കിലും എന്റെ മോളെ രക്ഷിച്ചെടുത്തു.
മോളെ കാണുന്നതിന് മുൻപ് എന്റെ രാജിയുടെ രക്തത്തിന് പകരം ചോദിക്കണം എന്നെനിക്ക് തോന്നി. ഒരു നിമിഷം പോലും വൈകാതെ ഞാൻ അയാളുടെ അടുക്കലേക്ക് ചെന്നു. പോലീസുകാർ കൊണ്ടുപോകുന്നതിന് മുൻപ് അവളനുഭവിച്ച വേദന എന്താണെന്ന് ഞാൻ അയാൾക്ക് മനസ്സിലാക്കി കൊടുത്തു. ശ്വാസത്തിനായി അയാൾ പിടയുന്നത് ഞാൻ ആത്മനിർവൃതിയോടെ കണ്ടു നിന്നു.
രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചില്ല. മരുമകളെ കൊന്ന കേസിൽ അയാൾ ജയിലിൽ പോകുന്നതിന് പകരം അച്ഛനെ കൊന്ന കുറ്റത്തിന് ഞാൻ ജയിലിൽ പോയി. ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. അവസാനമായി രാജിയെ ഒന്നുകാണുവാൻ പോലും ഞാൻ പോയില്ല. ജീവനില്ലാത്ത അവളുടെ മുഖം കാണുവാൻ എനിക്കാവില്ലായിരുന്നു.
എനിക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടായില്ല. ആരും എന്നെ അന്വേഷിച്ച് വന്നില്ല. ഒരു മകൾ ജനിച്ചുവെന്ന് മാത്രം അറിഞ്ഞു. അവളെ ഒന്ന് കാണുവാൻ മനസ്സ് കൊതിച്ചു. പക്ഷെ അതിനും ഭാഗ്യം ഉണ്ടായില്ല. ജീവിതം ആ തടവറക്കുള്ളിൽ അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് എങ്ങനെയൊക്കെയോ ശിക്ഷയിൽ ഇളവ് ചെയ്ത് കിട്ടുന്നത്. എന്റെ പൊന്നോമനയെ ഒരിക്കലെങ്കിലും ഒന്ന് കാണുക എന്ന ഒറ്റ ഉദ്ദേശ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.
വലിയ ശബ്ദത്തോടെ ഒരു തീവണ്ടി കടന്നു പോയപ്പോൾ അയാൾ ഓർമ്മകളിൽ നിന്നും ഉണർന്നു. ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു. തന്റെ സമയം ആയിരിക്കുന്നു. പക്ഷെ എന്തുകൊണ്ടോ അയാൾക്കതിനായില്ല. എന്തോ ചെയ്യാൻ ബാക്കിയുള്ളതുപോലെ അയാൾക്ക് തോന്നി. എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ തിരിഞ്ഞു നടന്നു.
******
ജനലിനപ്പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ട്. നല്ല തണുപ്പുള്ള അന്തരീക്ഷം. മഴയുടെ ശബ്ദത്തിനപ്പുറം ആളുകൾ വളരെ സ്വകാര്യമായി മാത്രം സംസാരിക്കുന്നതിന്റെ മർമ്മരങ്ങൾ കേൾക്കാം. വിശാലമായ മുറിയായതിനാൽ നേർത്ത മുഴക്കങ്ങൾ മാത്രമേ കേൾക്കുന്നുള്ളു.
അപരിചിതങ്ങളായ ഒരുപാട് മുഖങ്ങൾ. പ്രാർത്ഥനയോടെ ചിലർ കണ്ണടച്ചിരിക്കുന്നു. ചിലർ വ്യസനത്തോടെ വാതിലിനു നേരെ നോക്കിയിരിക്കുന്നു. ചിലർ ഒന്നും ശ്രദ്ധിക്കാനാവാതെ പുറത്തേക്ക് നോക്കിയിരിക്കുന്നു. മറ്റുചിലർ ഇരിപ്പുറപ്പിക്കാനാവാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
പുറത്തെ തണുപ്പ് ആരുടേയും ഉള്ളം കുളിർക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വല്ലാത്ത ഭീതിയാണ് ഓരോ മുഖങ്ങളിലും. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ അത്തരം കാഴ്ചകൾ മാത്രമേ കാണാൻ കഴിയൂ...
വിശാലമായ ആ മുറിയുടെ ഒരു അരികിൽ തളർന്ന മട്ടിൽ ഇരിക്കുകയാണ് മാളവിക. ദിവസങ്ങൾകൊണ്ട് അനുഭവിക്കുന്ന ടെൻഷൻ അവളെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഇടയ്ക്കിടെ പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടച്ച് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എല്ലാം കണ്ടുകൊണ്ട് രാജശേഖരൻ ചുമരിൽ ചാരി നിൽക്കുന്നുണ്ട്. അയാൾക്ക് സ്വസ്ഥമായി ഒന്നിരിക്കാൻ പോലും കഴിയുന്നില്ല. ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയും പോലെ അസ്വസ്ഥനാണ് അയാൾ. ഇടയ്ക്കിടെ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിന് നേരെ നോക്കുന്നുണ്ട്.
"മോഹനന്റെ കൂടെ ഉള്ളതാരാ...?"
ആ ശബ്ദം കേട്ടപാടെ അയാളുടെ ഉള്ളിൽ നെഞ്ചിടിപ്പ് വർദ്ധിച്ചു. ഭീതിയോടെ അയാൾ മാളുവിനെ നോക്കി. അസ്വസ്ഥതയോടെ അവൾ തിരിച്ചും. അവളുടെ നോട്ടത്തെ അവഗണിച്ച് ധൃതിയിൽ അയാൾ വാതിലിന് നേരെ നടന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

Check this page after one hour---- Part six will be online
https://www.nallezhuth.com/search/label/SaminiGirish
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo