
എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം
ഇങ്ങനെ ഒറ്റ അലർച്ച ആയിരുന്നു, ഞാൻ അല്ല,നമ്മുടെ പുരുഷ കേസരി ആണ് അങ്ങനെ അലറിയത്. അലർച്ച കേട്ട് ആ ആശുപത്രിയിൽ ഉള്ള ഒരുവിധം ഗർഭിണികൾ ഒക്കെ മാസം തികയാതെ പ്രസവിച്ചു,പലരുടെയും ഗർഭം അലസി,ഇല്ലാത്തവർ തങ്ങൾക്കു ഗർഭം ഇല്ല വെറും ഗ്യാസ് ആണ് എന്ന് പറഞ്ഞു ഇറങ്ങി ഓടിത്തള്ളി
തൊട്ടടുത്ത് നിന്ന് ഈ അലർച്ച കേട്ട ഡോക്ടറിന്റെയും നെഴ്സിന്റെയും ചെവിയിൽ നിന്നും വെളുത്ത പുക വന്നു
ആട്ടെ ആരാണീ പുരുഷ കേസരി ? ഞങ്ങളുടെ ഒരു സുഹൃത്താണ് പുരുഷ കേസരി,വളരെ വ്യത്യസ്തവും പൌരുഷം തുളുമ്പുന്നതുമായ തീരുമാനങ്ങൾ തുടരെ എടുക്കുക വഴി ആണ്, അവനു ഞങ്ങൾ ഈ പട്ടം ചാർത്തിക്കൊടുത്തത്. നീയാണെടാ "പുരുഷകേസരി"
എന്തിനും ഏതിനും പുരുഷ കേസരി വളരെ ബോൾഡ് ആയ തീരുമാനങ്ങൾ ആണ് എടുക്കുക,ഭാര്യ ഗർഭിണി എന്ന് അറിഞ്ഞപ്പോൾ തന്നെ പീ കേസരി നെറ്റിൽ കേറി താമസം തുടങ്ങി,കുഞ്ഞിനെ വെള്ളത്തിൽ പ്രസവിക്കണോ, അതോ കരയിൽ പ്രസവിക്കണോ? കിടന്നു പ്രസവിക്കണോ, തല കുത്തി നിന്ന് പ്രസവിക്കണോ, സുഖ പ്രസവം വേണോ,സിസേറിയൻ വേണോ? ഗർഭസ്ഥ ശിശുവിനെ ഗീതയും ഖുറാനും ബൈബിളും കേൾപ്പിക്കണോ,അതോ ലെനിൻ സൂക്തങ്ങൾ കേൾപ്പിക്കണോ,ഭാര്യ കുങ്കുമപ്പൂ കഴിക്കണോ,അതോ ആ സീരിയൽ കാണണോ, അങ്ങനെ ഗൂഗിളോട് ഗൂഗിൾ
ഭാര്യമാരുടെ പ്രസവം എല്ലാം കഴിഞ്ഞവരും,ഇനി അതിനു സ്കോപ് ഇല്ലാത്തവരും ആയ ഞങ്ങൾ അസൂയയോടു കൂടി അതും നോക്കി ഇരുന്നു, രഹസ്യമായി രാത്രി കാലങ്ങളിൽ അവന്റെ വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞു .
ശ്യാമ പറഞ്ഞു , അജോയ് കണ്ടു പഠി ആ പീ കേസരിയെ.
പീ കേസരി ആണെങ്കിൽ ഒരു മാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ട പോലെ ആയിരുന്നു ,ആപ്പിൾ വാങ്ങുന്നു,മുന്തിരി വാങ്ങുന്നു, കല്യാണ സൌഗന്ധികം തേടി നടക്കുന്നു, കൊച്ചിന് തൊട്ടിൽ വാങ്ങുന്നു,പല നിറത്തിൽ ഉടുപ്പ് വാങ്ങുന്നു, ഭാര്യയുടെ വീർത്ത വയറു തടവുന്നു, അവിടെ ചെവി വെച്ച് കേൾക്കുന്നു,
എന്തരച്ഛാ സുഖങ്ങളൊക്കെ തന്നേ ? എന്ന് കൊച്ചു ചോദിക്കുന്നത് കേട്ടു എന്നാണ് കേസരി ഞങ്ങളോട് പറഞ്ഞത്,സ്കാൻ ചെയ്യാൻ നേരത്ത് ഡോക്ടർ കേസരിയോട് ചോദിച്ചു,
കേസരീ, സെക്സ്?
അയ്യേ , എന്താ ഡോക്ടർ ഈ പറയുന്നത്, അതൊക്കെ ഈ സമയത്ത് നിഷിധമല്ലേ? കേസരി നാണത്തോടെ ചോദിച്ചു,
ശെടാ, ഇയാൾടെ കാര്യം, അതല്ലാന്ന് ,കൊച്ചു ആണോ പെണ്ണോ എന്നറിയണോ ,കൊച്ചിന്റെ സെക്സ്, സെക്സ്
ഉടനെ തുടങ്ങിയല്ലോ കേസരി ,ശ്വാസ കോശം സ്പോഞ്ച് പോലെയാണ് എന്ന് പറയുന്ന ശബ്ദത്തിൽ
ജനിക്കാൻ പോകുന്നത് ഒരു മകൻ ആയാലും മകൾ ആയാലും,അത് എനിക്ക് ഒരു പ്രശ്നമല്ല,രാജ്യത്തിന് അഭിമാനമായി ആ കുഞ്ഞിനെ വളർത്തുക എന്നതാണ് ഒരു അച്ഛന്റെ കടമ,പെണ്‍കുട്ടികൾ രാജ്യത്തിന് അഭിമാനം,ഭ്രൂണ ഹത്യ മഹാപാപം,
അപ്പോൾ ഡോക്ടർ പറഞ്ഞു, സ്റ്റോപ്പ്,ഭ്രൂണ ഹത്യയോ? ആര് ഇതൊക്കെ പറഞ്ഞു,ഇയാള് വെറുതെ എഴുതാപ്പുറം വായിക്കല്ലേ, തനിക്കു വേണ്ടെങ്കിൽ എഴിച്ചു പോവുവേ അവിടന്ന്...
അങ്ങനെ പത്തു മാസം ഇതാ എന്ന് പറയും പോലെയോ അല്ലാതെയോ കഴിഞ്ഞു പോയി. പ്രസവം ഇന്നോ നാളെയോ എന്ന അവസ്ഥയിൽ ആയപ്പോഴാണ് കേസരി നേരത്തെ പറഞ്ഞ അലർച്ച നടത്തിയത്,
എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം , കണ്ടേ പറ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ
പ്രസവ സമയത്ത് അവനും കൂടി നിക്കണം , അതാണ് ഡിമാണ്ട് , പ്രസവിക്കാൻ ഉള്ള കാരണങ്ങൾ ഒപ്പിച്ചു കൊടുക്കും എന്നല്ലാതെ പ്രസവം എന്ന് കേട്ടാൽ ആശുപത്രിയുടെ മതിലും ചാടി ഓടുന്നവരും അങ്ങനെ ഓടിയവരും ആയ ഞങ്ങൾ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരുന്നു,
വെറും പഴഞ്ചൻ ആയ ഡോക്ടറും വായും തുറന്നിരുന്നു,പണ്ട്രണ്ടു ഈച്ചകൾ ഒരുമിച്ചു അകത്തു കയറി തിരുവാതിര കളിച്ചപ്പോൾ ആണ് ആ വാ ഡോക്ടർ അടച്ചത്
ഹേയ് അതൊന്നും ശെരിയാവില്ല,ഡോക്ടർ പറഞ്ഞു, തനിക്കു പ്രസവം കാണണമെങ്കിൽ ബ്ലെസ്സി അത് സിനിമയിൽ ആക്കിയിട്ടുണ്ട് .അത് കണ്ടാൽ പോരെ?
എന്തോ? ,കേസരി ചാടി എണീറ്റു, കസേര പുറകിലേക്ക് തെറിച്ചു
ഏതു ബ്ലെസ്സി, എനിക്കതൊന്നും കാണണ്ട.ഈ പ്രസവം ആണ് എനിക്ക് കാണേണ്ടത് ,എനിക്ക് അതിനുള്ള അവകാശം ഉണ്ട്,ഞാൻ ആ കൊച്ചിനെ,ദാണ്ടേ,ഈ കയ്യിലോട്ട് വങ്ങും,എന്നിട്ട് ലോകം കാണിച്ചു കൊടുക്കും,എന്റെ കയ്യിലെ ചൂട് വേണം ആ കുഞ്ഞ് ആദ്യം അനുഭവിക്കാൻ, അമേരിക്കയിൽ ഒക്കെ,അല്ല, ലോകത്ത് ഇവിടെ ഒഴികെ എല്ലായിടത്തും ഭർത്താക്കന്മാർ ആണ് വയറ്റാട്ടിയുടെ പണി ചെയ്യുന്നത്,ഇവിടെ മാത്രമേ ഉള്ളു,,,ഇങ്ങനെ...ഹും,,,
കേസരി വികരാധീനൻ ആയി. ഭാര്യ വികാരാധീന ആയി ,ഡോക്ടറും നേഴ്സും കെട്ടിപ്പിടിച്ചു കരഞ്ഞു,ആകെ ബഹളം ,ജന്നൽ വഴി ഈ ദൃശ്യങ്ങൾ കണ്ട ഞങ്ങൾ മാത്രം അസൂയ കൊണ്ട് മരിക്കുകയും സ്വന്തം സഞ്ചയന കാർഡ് അടിച്ചു വിതരണം ചെയ്യുകയും ചെയ്തു ,കാരണം ഇനി ഇങ്ങനെ ഒക്കെ കാണിക്കാൻ ഞങ്ങൾക്ക് അവസരം ഇല്ലല്ലോ.
അങ്ങനെ കാത്തിരുന്ന പ്രസവസമയം ആയി,സിനിമയിലെ പോലെ എന്റമ്മേ, അയ്യോ രക്ഷിക്കണേ, എന്ന് വശങ്ങളിലേക്ക് തലയാട്ടി അലറി വിളിച്ചു കരയുന്ന മിസിസ് കേസരിയെ ട്രോളിയിൽ കിടത്തി നേഴ്സുമാർ ഓടി,പുറകെ ഒന്നുമില്ല കുട്ടാ ,ചക്കരേ എന്നും പറഞ്ഞു കേസരിയും,ഇത് ഏതു സിനിമാ എന്നും ആലോചിച്ചു ഞങ്ങൾ പുറത്തു നിന്നു , ഈ കണ്ട കാര്യങ്ങൾ ഒരിക്കലും സ്വന്തം ഭാര്യമാരെ അറിയിക്കില്ല എന്ന് ദീപം സാക്ഷിയായി ശപഥവും ചെയ്തു,
അകത്തെ കാര്യങ്ങൾ ഞങ്ങൾ കാണാത്തതിനാൽ ഇനി ഉള്ളവ മിസിസ് കേസരി പറഞ്ഞത് വെച്ചാണ് എഴുതുന്നത്,
അതി ഭയങ്കര വേദന ആണ് പോലും ഈ പ്രസവ വേദന,വാരിയെല്ലെല്ലാം പടപടാ ഒടിയും,അല്ല, ഒടിയും പോലെ തോന്നും,അങ്ങനെ അലറി വിളിച്ചു കരയുന്നതിനിടയിൽ കണ്ണും തള്ളി നിന്ന കേസരി വന്നു കയ്യിൽ പിടിച്ചതെ ഓർമ്മയുള്ളു,ഒന്നും പേടിക്കണ്ട, ഞാൻ ഇല്ലേ ഇവിടെ എന്നും അവൻ പറഞ്ഞു പോലും,
പിന്നീട് കണ്ണ് തുറക്കുമ്പോൾ വീണ്ടും സിനിമയിലെ സീൻ,ചുവന്ന നിറത്തിൽ ഒരു കുഞ്ഞ്,അടുത്ത്, പാല് കൊടുക്കൂ എന്ന് ഡോക്ടർ,അപ്പോൾ ആണ് ഭാര്യ നോക്കുന്നത്, അവിടെയെങ്ങും കേസരി ഇല്ല,
ഡോക്ടർ ....കേസരി ചേട്ടൻ?
പറയാം, ആദ്യം പാല് കൊടുക്കൂ,അങ്ങനെ പാല് കൊടുത്തു,കുഞ്ഞ് ഉറങ്ങി, എന്നിട്ട് ഭാര്യ വീണ്ടും ചോദിച്ചു,
കേസരി ചേട്ടൻ?
അപ്പൊ ഡോകടർ പറഞ്ഞു,അതൊരു കഥ ആണ്,
ഇനി ഡോക്ടർ പറഞ്ഞ കഥ, പീ കേസരി തീയറ്ററിൽ കേറിയത് മുതൽ അവിടെ കണ്ട എല്ലാ ഉപകരണങ്ങളും സ്റെരിലൈസ് ചെയ്തോ, എല്ലാം വർക്ക് ചെയ്യുന്നുണ്ടോ എന്നെല്ലാം ചോദിച്ചു നടപ്പായിരുന്നു പോലും, അതിനിടക്കാണ്,പ്രസവ വേദന വന്നതും കേസരി വന്നു കയ്യിൽ പിടിച്ചതും,കുറച്ചു കഴിഞ്ഞു ബ്ലീഡിംഗ് തുടങ്ങി ആകെ രക്തവും ബഹളവും എല്ലാം,
അതിനിടയിൽ ഡോക്ടർ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് മുകളിലേക്ക് ഉയർന്നുയർന്നു പോകുന്ന കേസരിയുടെ കാലുകൾ ആണ്,പിന്നെ സ്ലോ മോഷനിൽ തെറിച്ചു പോകുന്ന കേസരിയുടെ കണ്ണാടിയും,,,രക്തം കണ്ട പാടെ തലയും കുത്തി വീണതാണ്, ഡാം ഡൂം ഡിഷ്
അയ്യോ..അദ്ദേഹം ,എന്റെ ചോട്ടൻ ഇപ്പോൾ എവിടെ ഡോകടർ,
പേടിക്കണ്ട, ഒരു മൈൽഡ് അറ്റാക്ക് ആണോ എന്ന് സംശയിച്ചു കാർഡിയോ വാർഡിൽ കൊണ്ട് പോയി
എന്റമ്മേ അയ്യോ ചേട്ടാ ...
വേണ്ട കരയണ്ട, അറ്റാക്ക് ഒന്നുമല്ല,ചെറിയ ഒരു ബോധക്ഷയം മാത്രം. രക്തം കണ്ടാൽ ഇത്ര പേടി ആണെന്ന് ആദ്യമേ പറയണ്ടേ, ബ്ലീഡിംഗ് തുടങ്ങിയ പാടെ തലയും അടിച്ച് ഒറ്റ വീഴ്ച ആയിരുന്നു, ഇന്ന് വൈകിട്ട് വിട്ടേക്കാം,
അപ്പോൾ കേട്ടു അതി ഭീകരമായ ഒരു അലർച്ച
എനിക്ക് ഇപ്പൊ എന്റെ കുഞ്ഞിനെ കയ്യിൽ കിട്ടണം ണം ണം ണം ണം ണം
കുറച്ചു കഴിഞ്ഞപ്പോൾ ഒരു നേഴ്സ് ചെവിയിൽ നിന്നും പുകയുമായി കാർഡിയോ വാർഡിൽ നിന്നും അതി വേഗം ഓടി വന്നു,നമ്മുടെ കേസരി ആണ് കാർഡിയോ വാർഡിൽ കിടന്നു കൊണ്ട് അലറിയത്,
കേസരി പറഞ്ഞു പോലും , എന്റെ കുഞ്ഞിനെ ഇപ്പോൾ എന്റെ കയ്യിൽ തരണം, ...ലോകത്ത് എല്ലായിടത്തും കാർഡിയോ വാർഡിൽ കൊച്ചിനെ കൊണ്ട് കാണിക്കാറുണ്ട് ..അത് ഒരച്ഛന്റെ അവകാശം ആണ്.കാരണം കൊച്ച് ഇപ്പഴേ ഇതെല്ലാം അറിയണം ,എന്നാലെ എന്നെ പോലെ റഫ് ആൻഡ് റ്റഫ് ആയി വളരൂ എന്ന്
ശുംഭൻ....സോറി...ശുഭം
അജോയ് കുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക