Slider

കൃഷ്ണകൃപാസാഗരം

0
...Image may contain: 1 person, eyeglasses
~ ~ ~ ~ ~ ~ ~ ~ ~ ~ ~
വെളുപ്പാൻ കാലത്ത്, നാലു മണിക്ക് തന്നെ എണീറ്റ്, കുളിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ റെഡിയായി. വടക്കേ നടയിൽ കൂടി ഓടിക്കയറി, സീനിയർ സിറ്റിസണിന്റെ വരിയിൽ എങ്ങിനേയോ കയറിപ്പറ്റി.
ഭക്തിസാന്ദ്രമായ അന്തരീക്ഷം.എല്ലാവരുടെ ചുണ്ടുകളിലും ഒരേയൊരു മന്ത്രം..
''ഹരേ കൃഷ്ണ., ഹരേ കൃഷ്ണ".
ഞാനും അവരിലൊരാളായി....
കൂപ്പിയ കൈകൾ, ചുണ്ടിൽ കൃഷ്ണമന്ത്രം മാത്രം..! ഒരായിരം സങ്കടങ്ങൾ ന്റെ ഉണ്ണിക്കണ്ണനോട് പറയാനുണ്ട്. എപ്പോളാണാവോ ആ മുഖം ഒന്ന് ദർശിക്കാനാകാ..!
ക്യൂ മുന്നോട്ട് നീങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഉന്തിത്തള്ളി, ഒരു കണക്കിന് നടയിൽ എത്തിപ്പെട്ടു.ആ തിരുമുന്നിൽ കൈകൂപ്പി നിന്നപ്പോൾ പറയാനുള്ള പരിഭവങ്ങളെല്ലാം മറന്നു പോയി.
കണ്ണനെ കണ്ണു നിറയെ കാണാനുള്ള സമയം പോലും ഇല്ല. അതിനു മുന്നേ.., " നടക്കൂ..., മുന്നോട്ട് നടക്കൂ" എന്ന ഓർഡർ കേൾക്കാം.
തൊഴുത് കഴിഞ്ഞ്, പ്രസാദമെല്ലാം വാങ്ങി പുറത്തു കടന്നു. പ്രദക്ഷിണവഴിയിൽ നിറയെ ഭക്തജനങ്ങൾ, നാമജപങ്ങളുമായി ഇരിക്കുന്നുണ്ട്. ഞാനും അവിടെ ഒരു തൂണിന്റെ ചുവട്ടിൽ ഇരുന്നു.
എതിർവശത്തുള്ള മറ്റൊരു തൂണിൽ, കൃഷ്ണൻ മുട്ടുകുത്തി നിന്ന് വെണ്ണ കഴിക്കുന്ന വലിയൊരു ഫോട്ടോ കാണാം.
ആ ഫോട്ടോ നോക്കിയിരുന്നപ്പോൾ ഒന്നൊന്നായി സങ്കടങ്ങൾ ഉണ്ണിക്കണ്ണനോട് പറയാൻ ആരംഭിച്ചു..,
" എത്ര നേരാ നിന്നെ ഒരു നോക്കു കാണാനായി കാത്തു നിന്നേ..! അവസാനം ഒന്ന് കാണാറായപ്പോഴേക്കും നിന്റെ മുന്നിൽ നിന്നും മാറ്റിനിർത്തിയില്ലേ...! കൃഷ്ണാ..., ന്റെ സങ്കടങ്ങളെല്ലാം ഇനിയെന്നാ നിന്നോട് പറയുക...? ഇനി എന്ന് കാണും ഞാനാ തങ്കവിഗ്രഹം...?"
അപ്പോഴാണ് ശ്രദ്ധിച്ചത്, ഏകദേശം ഒരു വയസ്സ് തോന്നിക്കുന്ന ഒരു ബാലൻ..., കണ്ണെഴുതി, നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ട്, ഒരു കുട്ടിക്കസവുമുണ്ടും ചുറ്റി, ഭഗവാന്റെ നടയിൽ വെച്ചിട്ടുള്ള ഓട്ടുരുളിയിലെ കുന്നിക്കുരു വാരിക്കളിക്കുന്നു.
ഇടക്ക് ഓട്ടക്കണ്ണിട്ട് അവനെന്നെ നോക്കി ചിരിച്ചു.കാണാൻ നല്ല കൗതുകം, ഞാൻ പതുക്കെ അവന്റെ അരികിലേക്ക് നടന്നു.
ഞാനും ആ ഉരുളിയിൽ നിന്നും കുന്നിക്കുരു വാരി. ഞാൻ ചുറ്റും നോക്കി, ഇതാരുടെ കുട്ടിയാണാവോ! ഇവന്റെ അമ്മ ഇവനെ തിരഞ്ഞു നടക്കുന്നുണ്ടാകില്ലേ..!
അവന്റടുത്ത് മുട്ടുകുത്തിയിരുന്ന്, അവന്റെ കൈത്തലങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു,
"മോന്റമ്മയെവിടെ..? പാവം അമ്മ.., മോനെ തപ്പി നടക്കുന്നുണ്ടാകില്ലേ..?"
മറുപടി പറയാനുള്ള പ്രായമൊന്നും ആയിട്ടില്ല, ആ ഉണ്ണിക്കുട്ടന്. ഏങ്കിലും എന്റെ സംസാരത്തിൽ സന്തോഷവാനായ പോലെ അവൻ എന്നെ നോക്കിച്ചിരിച്ചു.
എന്നിട്ട് കുഞ്ഞിളം കാലുകൾ കൊണ്ട് പിച്ചവെച്ച് മുന്നോട്ട് പതുക്കെ നീങ്ങി.
ഇടക്കൊന്ന് എന്നെ തിരിഞ്ഞു നോക്കി. ഞാനും അവന്റെ പിന്നാലെ നടന്നു.
" ഉണ്ണീ.., നിൽക്കവിടെ, ഇതെവിടേക്കാ നീ ഓടുന്നത്..? നിന്റെ അമ്മ നിന്നെക്കാണാതെ അലഞ്ഞു നടക്കുന്നുണ്ടാകില്ലേ...? നിൽക്കൂ മോനെ.."
അവൻ പിന്നേയും ചിരിച്ചു.കുറച്ച് നടന്നു കഴിഞ്ഞ് തിരിഞ്ഞുനിന്നെന്നെ നോക്കിച്ചിരിച്ചു. അങ്ങിനെ ആ പ്രദക്ഷിണവഴി മുഴുവൻ എന്നെക്കൊണ്ട് ചുറ്റിച്ചു.
നടയിലെത്തിയപ്പോൾ, അവനാ തിരക്കിനിടയിലൂടെ എന്നെ നോക്കിച്ചിരിച്ചുകൊണ്ട് അമ്പലത്തിനുള്ളിലേക്ക് കയറി പോയി..!
" ഉണ്ണീ..., ഉണ്ണീ... "
"ഇതെന്താ അമ്മേ....! ആരേയാ വിളിക്കുന്നേ..., അമ്മ സ്വപ്നം കണ്ടോ..."?
വൈകുന്നേരത്തെ ചായയുമായി വന്ന മകൾ ചോദിച്ചു.
ഞാൻ ചുറ്റും നോക്കി..., അപ്പോഴാണ് ഞാനറിയുന്നത്, എന്റെ ഉണ്ണിക്കണ്ണന് വേണ്ടി മുല്ലപ്പൂമാല കെട്ടുന്നതിനിടക്ക് ഞാനൊന്നു മയങ്ങിപ്പോയി എന്ന്..!
സന്ധ്യക്ക് വിളക്ക് കത്തിച്ച്, ഞാൻ കെട്ടിയുണ്ടാക്കിയ മുല്ലപ്പൂമാല ഞാനെന്റെ ഉണ്ണിക്കണ്ണന്റെ കഴുത്തിലണിയിച്ചപ്പോൾ, അവനെന്നെ ഒരു കുസൃതിച്ചിരിയോടെ നോക്കുന്നതായി എനിക്ക് തോന്നി...!
~ ~ ~ ~ ~ ~ ~ ~ ~
Ambika Menon,
29/06/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo