നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൃഷ്ണ



ഇത് പ്രണയമല്ല കൃഷ്ണാ..വെറും കാമം മാത്രമാണ്. നീ അതിനെ എത്രയേറെ പവിത്രീകരിച്ചാലും".
കയ്യിലുള്ള പായസപാത്രം താഴെവച്ചുകൊണ്ടു
ഗയ പറഞ്ഞു.അവളുടെ ശബ്ദത്തിലെ മൂർച്ച തിരിച്ചറിഞ്ഞ കൃഷ്ണ ജനലരികിൽനിന്നും അവളിലേക്ക് തിരിഞ്ഞു.
"പ്രണയത്തിൽ ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമാണ് ഗയാ. എന്റെ പ്രണയം കാമവും കൂടിച്ചേരുമ്പോളാണ് പൂർണ്ണമാവുന്നത്. ആ നിമിഷങ്ങളിലാണ് ഞാനേറ്റവും കൂടുതൽ പ്രണയമറിയുന്നത്."
"പക്ഷെ നീയൊരു വിധവയാണെന്നത് നീ മറക്കരുത് കൃഷ്ണ.. നമ്മുടെ സമുദായത്തിൽ വിധവകൾക്ക് പുനർവിവാഹം പോലും വിലക്കപ്പെട്ടതാണെന്നു നിനക്കറിയില്ലേ?
അങ്ങനെയുള്ളൊരു സമൂഹം നിന്റെയീ പ്രണയം അനുവദിച്ചുതരുമെന്നു തോന്നുന്നുണ്ടോ നിനക്ക്?"
"വെറും പതിനാറു വയസുള്ളപ്പോളാണ് ഗയാ ഞാൻ സുമംഗലി ആയത്. അതും എന്നേക്കാൾ മൂന്നിരട്ടിയിലധികം പ്രായമുള്ളയാളുമായി. അയാളുടെ
ഭാര്യ മരിച്ചു ആറുമാസം പോലും തികഞ്ഞിട്ടില്ലായിരുന്നു അന്ന്.
പുരുഷനില്ലാത്ത വിലക്കുകൾ സ്ത്രീയ്ക്ക് മാത്രമെന്തിന് ?
"അന്നുമുതൽ നാലുവർഷം മാസമുറയ്ക്കിടയിൽ പോലും അയാളുടെ ഏറ്റവും ക്രൂരമായ പീഡനങ്ങൾക്ക് വിധെയയായവളാണ്‌ ഞാൻ. ഇതിനിടയിൽ ഒരിയ്‌ക്കൽപോലും ഞാനെന്നെയറിഞ്ഞിട്ടില്ല.
ഒരു വയസൻ സിംഹത്തിനു മുന്നിൽ കിട്ടിയ സ്വാദിഷ്ടമായ മാംസക്കഷ്ണം മാത്രമായിരുന്നു ഞാൻ."
"പക്ഷെ അയാൾ നിന്റെ ഭർത്താവായിരുന്നു കൃഷ്ണാ.." ഗയയുടെ ശബ്ദമുയർന്നു.
"അതെന്റെ തെറ്റല്ല ഗയാ..എങ്കിലും ഞാനെന്റെ കടമകൾ ഭംഗിയായി നിർവ്വഹിച്ചു.അയാളുടെ അവസാനദിവസം വരെ എന്റെ ഭാര്യാധർമ്മം നിറവേറ്റിയിട്ടുണ്ട് ഞാൻ. വിധവവേഷം നീട്ടിത്തന്ന സമൂഹത്തിനു മുന്നിൽ വീണ്ടും രണ്ടുവർഷം പൂർണ്ണമായും ഞാനൊരു വിധവയായിത്തന്നെ ജീവിച്ചു"
"പിന്നെന്തിനീ നിറമുള്ള വസ്ത്രങ്ങൾ,ആഭരണങ്ങൾ?"
കടും ചുവപ്പ് നിറമുള്ള മൃദുവായ സാരിയിൽ എടുത്തുകാണിക്കുന്ന ഉടലഴകുമായി,തിളങ്ങുന്ന മുഖശോഭയോടെ തന്റെ മുന്നിൽ നിൽക്കുന്ന കൃഷ്ണയെ ഗയ അസ്വസ്ഥതയോടെ നോക്കി. അവളുടെ അസാമാന്യ വലിപ്പമുള്ള മാറിടങ്ങൾ അന്നുമിന്നും എന്തിനാണ് തന്നെയിങ്ങനെ അസ്വസ്ഥയാക്കുന്നതെന്നു ഗയക്കറിയില്ലായിരുന്നു. തങ്ങളുടെ സമുദായത്തിലെ മറ്റു സ്ത്രീകൾക്കില്ലാത്ത അസാധാരണമായ തീക്ഷ്ണസൗന്ദര്യമായിരുന്നു കൃഷ്ണയ്ക്ക്.
മുന്നഴകും പിന്നഴകും മുടിയഴകും മുഖമഴകും ഒരുപോലെ ഒത്തുവന്ന കന്യക കുലം മുടിയ്ക്കുമെന്ന ഒറ്റപ്രവചനത്തിൽ അവളുടെ വിധി നിശ്ചയിക്കപ്പെട്ടു. ഒരു വയസൻ തമ്പുരാന്റെ വിധവയായി നാലുവർഷങ്ങൾക്ക് ശേഷം വീണ്ടും ഈ അഗ്രഹാരത്തിലേക്കവൾ
തിരിച്ചെത്തി. അവളുടെ വിധിയിൽ സഹതപിക്കാൻ പോലും ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന
അച്ഛൻ മൂന്നുവർഷം മുൻപേ മരിച്ചിരുന്നു.
"ഋഷിയെ നീ വശീകരിച്ചെടുത്തെന്നും പറഞ്ഞു പുറത്തുനടക്കുന്ന കോലാഹലങ്ങൾ നീയറിയുന്നുണ്ടോ കൃഷ്ണാ? കുറ്റബോധം
തോന്നുന്നില്ലേ നിനക്ക് ? ഈ സമുദായത്തിന്റെ എല്ലാവിധ അവകാശാധികാരങ്ങളും ഇനി
കൈകളിൽ എന്തേണ്ടവനാണ് ഋഷി.
അവനുണ്ടാവുന്ന പുത്രനിലൂടെ മാത്രം അനുവർത്തിച്ചുപോരേണ്ടുന്ന ക്ഷേത്രാചാരങ്ങൾ., എല്ലാം നീ മറന്നുപോയോ ?"
അടുക്കളയിൽനിന്നും എടുത്തുകൊണ്ടുവന്ന
പാത്രത്തിലേക്ക് കയ്യിലുള്ള തൂക്കുപാത്രത്തിലെ പായസം പകരുന്ന ഗയയിലേക്ക് തിരിഞ്ഞു കൃഷ്ണ.
"വശീകരിച്ചതല്ല ഞാൻ. ഋഷിയെന്നിലേക്ക് വന്നുചേരുകയായിരുന്നു. അവന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ... "ഏതോ ഒരു ജന്മത്തിൽ ഒരുപാട് പ്രണയിച്ചൊന്നായി.. പരസ്പരമറിഞ്ഞുതുടങ്ങും മുന്നേ മരണത്താൽ വേർപെട്ടുപോയ രണ്ടാത്മാക്കൾ"
" അവനെന്നിലേക്കണയുമ്പോൾ ഞാനതറിയുന്നു.. ഒരു യഥാർത്ഥ പുരുഷന് തന്റെ നോട്ടം കൊണ്ടുപോലും അവന്റെ പെണ്ണിനെ പ്രണയാതുരയാക്കാൻ കഴിയുമെന്ന് അവനെന്നെ പഠിപ്പിച്ചു.
ഒരു പൂവിതൾപോലെ അവനെന്നെ വിടർത്തുമ്പോൾ ആക്രമണത്തിന്റെ കാഠിന്യം കുറയാനായി വയസൻസിംഹം വരുമ്പോൾ സ്വയം തൊലിയുരിഞ്ഞു അവന്റെ മുന്നിൽ
നിൽക്കേണ്ടിവന്ന മാൻപേടയെ മറന്നുപോയി ഞാൻ. "
"പക്ഷെ കൃഷ്ണാ, നമ്മുടെ സമുദായം..."
ഗയയുടെ വാക്കുകൾ പൂർണ്ണമായില്ല..
കൃഷ്ണയുടെ മുഖം ചുവന്നു.
"ഇല്ല ഗയാ.. അദ്ദേഹത്തിന്റെ പ്രണയം വേണ്ടെന്നുവയ്ക്കാൻ ഇനിയെനിക്ക് കഴിയില്ല. എന്നെ പിരിയാൻ അദ്ദേഹത്തിനും കഴിയില്ല.
ഓരോനിമിഷവും അദ്ദേഹമെന്നെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോളൊരു തലോടലായി, കുളിർതെന്നലായി, വിരലുകളാൽ..ചുണ്ടുകളാൽ..
അടക്കാനാവാത്ത പേമാരിയായി.. തമ്മിലലിഞ്ഞൊന്നായി തളർന്നുറങ്ങുന്ന നിമിഷങ്ങളിൽ കൺപോളയിൽ മൃദുവായി ചുംബിച്ചു കൈകൾക്കുള്ളിലൊതുക്കി...
ചെവിയിൽ "കൃഷ്ണാ",..
എന്ന് വിളിക്കുമ്പോൾ...
ആ നിമിഷം എല്ലാം അവസാനിച്ചു
അവനിൽ ലയിച്ചുചേരാൻ എന്റെ
ആത്മാവ് പിടയാറുണ്ട്."
ഗയയുടെ മുഖം വിവർണ്ണമായി..
"നിന്റെയിഷ്ടത്തിനു ഞാനെതിരല്ല കൃഷ്ണ..
ഇന്ന് അമ്പലത്തിൽ പോകുംവഴി ഋഷിയേട്ടന്റെ അമ്മയെ കണ്ടിരുന്നു. ഭാഗീരഥിയമ്മയും അറിഞ്ഞിരിക്കുന്നു കഥകളൊക്കെ. അവരുടെ ദുഃഖം കണ്ടതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.. ഋഷിയെട്ടന്റെ പേരിലായിരുന്നു ഇന്ന് പൂജ. അതിന്റെ പ്രസാദമാണീ പായസം. നിനക്കായ് കൊണ്ടുവന്നതാണ് ഞാൻ.."
ദീപ്തമായ മുഖത്തോടെ കൃഷ്ണ പായസപാത്രം കയ്യിലെടുത്തു നെഞ്ചോട് ചേർത്തുപിടിച്ചു.
**** **** **** **** **** ****
താഴെനിന്നുള്ള അമ്മയുടെ പരിഭ്രാന്തമായ വിളിയൊച്ച മുകളിലേക്ക് കയറിവരുന്നതും കേട്ടുകൊണ്ട് അതിദ്രുതം മിടിക്കുന്ന ഹൃദയവുമായി ബാൽക്കണിയിൽ പുറത്തേക്ക് നോക്കി ഗയ നിന്നു.
"മോളെ...നമ്മുടെ കൃഷ്ണ.."
പുറകിൽ അമ്മയുടെ വിങ്ങുന്ന ശബ്ദം..
"പായസത്തിൽ വിഷം ചേർത്ത് കഴിച്ചതാണത്രേ.." വൈകിട്ട് വന്ന
ഋഷിയാണ് കണ്ടത്.."
മുഴുവൻ കേട്ടില്ല..അതിനുമുന്നെ അവൾ ഇറങ്ങിയോടിക്കഴിഞ്ഞിരുന്നു...
കൃഷ്ണയുടെ വീട്ടിലേക്കോടാതെ ഋഷിയുടെ അഗ്രഹാരത്തിലേക്ക് ഓടിക്കയറിപ്പോകുന്ന ഗയയെ നോക്കി അമ്പരപ്പോടെ ബാൽക്കണിയിൽ നിന്നു അമ്മ.
**** ****** ***** ******* ******
പൂജാമുറിയിൽനിന്നും ഇറങ്ങിവന്ന ഭാഗീരഥിയമ്മയ്ക്കു മുന്നിൽ ഒരു കിതപ്പോടെ ഗയ നിന്നു. കയ്യിലെ തളികയിൽനിന്നും സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ തൊട്ടുകൊണ്ട് അവർ പതുക്കെ ചോദിച്ചു
"തീർന്നോ ?"
ഒരുനിമിഷം .. ശ്വാസമെടുത്തുകൊണ്ട്
ഗയ മന്ത്രിച്ചു..
"ഉവ്വ്"...
വ്യവച്ഛേദിച്ചറിയാനാവാത്ത ഒരായിരം
ഭാവങ്ങൾ അവരുടെ കണ്ണുകളിൽ മിന്നിമറഞ്ഞു..ആശ്വാസത്തിന്റെ നെടുവീർപ്പോടെ അവർ ഗയയുടെ
ചുമലിൽ കൈവച്ചു..
"അന്നും ഇന്നും ഈ ഭാഗീരഥിയമ്മയ്ക്ക് ഒറ്റവാക്കേയുള്ളൂ.. എന്റെ ഋഷിക്ക് നിന്നിലുണ്ടാവുന്ന പുത്രൻ മാത്രമായിരിക്കും എല്ലാത്തിന്റെയും അവകാശി"..
അന്ധവിശ്വാസങ്ങളുടെ കുടിലത ബാധിച്ച കണ്ണുകളാൽ ആ അമ്മ വിജയലഹരിയോടെ, പ്രണയാന്ധത ബാധിച്ച അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു..
വിനീത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot