നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നോടോ ബാലാ


"എനിക്കെന്റെ വീട്ടിലൊന്നു പോകണം "
കുറച്ചു ദിവസമായി ഇവളിതു തുടങ്ങിയിട്ട്.
"എന്താടി അവിടെ ആനമുട്ട പുഴുങ്ങി വെച്ചിട്ടുണ്ടോ? "
പിന്നല്ലാതെ എപ്പോ നോക്കിയാലും വീട്ടിൽ പോണം. ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ ആണോ? അവരുടെ വീട്ടിൽ പോകാനുള്ള ഉത്സാഹം കണ്ടാൽ താജ്മഹൽ കാണാൻ പോകുന്ന പോലാ.
"ഇവിടെ പിന്നെ ആനമുട്ട പോയിട്ടു ഒരു കോഴിമുട്ട എങ്കിലും പുഴുങ്ങി വെച്ചിട്ടുണ്ടോ? ആനമുട്ട പോലും ദേ എനിക്ക് പോണം എന്ന് പറഞ്ഞാൽ പോണം "
"എടീ നീ പത്തിരുപതു കൊല്ലം അവിടെ തന്നെയാരുന്നില്ലേ? വന്നിട്ട് ഒരു വർഷം അല്ലേ ആയുള്ളൂ?? "
"നിങ്ങൾ ഈ ഇരുപത്തിയഞ്ചു കൊല്ലോം അതിനകത്തു തന്നെ ആയിരുന്നില്ലേ? ഇനിം ഉള്ള കാലം മുഴുവനും വരെ ഇവിടെ തന്നെയല്ലേ? എന്റെ വീട്ടിൽ വന്നാൽ ഒരു രാത്രി കിടക്കുമോ മനുഷ്യാ നിങ്ങൾ? അമ്മയെ കാണണം അച്ഛന്റെ മരുന്ന് വാങ്ങണം ന്നു പറഞ്ഞു ഒടുക്കത്തെ കള്ളം പറഞ്ഞു മുങ്ങില്ലേ? "
എന്താ പറയുക !
"അത് നിന്റെ വീട്ടിൽ ഭയങ്കര കൊതുകാ... അതാ. പിന്നെ രാത്രി ആകുമ്പോൾ മാത്രം ഒരു കറുത്ത വണ്ട് വരും അയ്യേ.. ഛീ "
"ഓഹോ നിങ്ങളുടെ വീട്ടിലെ കൊതുക് പിന്നെ സ്വർണം കൊണ്ടുണ്ടാക്കിയതാണോ? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ ഉച്ചക്കത്തെ ബസിനു പോകും ശനി ഞായർ രണ്ടു ദിവസം കഴിഞ്ഞു വരാം. ഇനി എന്നെ കാണണം എന്ന് തോന്നിയാൽ അങ്ങോട്ട്‌ പോരെ "
"പിന്നെ എന്റെ പട്ടി വരും.. നീ പോക്കോടി ഞാൻ എന്റെ കൂട്ടുകാരൊത്തു ഒന്നു കൂടും കല്യാണം കഴിച്ചേ പിന്നെ സ്വസ്ഥത ഉണ്ടാരുന്നോ? ഹോ എവിടെ പോയാലും ഫോൺ വിളി... നീ വേഗം പോ.. ഉച്ചക്കാക്കണ്ട രാവിലെ തന്നെ പൊയ്ക്കോ "
അവൾ ചവിട്ടി തുള്ളി അകത്തേക്ക്
"എന്നോടാ ബാല.. എനിക്ക് പുല്ല് ആണ് പുല്ല് "
അവൾ തുണി ഒക്കെ മടക്കി ബാഗിൽ വെയ്ക്കുന്നത് കണ്ടു ഞാൻ നിന്നു
"പോയിട്ടു വിളിക്കാട്ടോ "
അവൾ കെട്ടിപിടിച്ചു എന്റെ കവിളിൽ ഒരു ഉമ്മ.
"ഈശ്വര.. തീർന്നു "
"കണ്ട്രോൾ തരൂ ആഞ്ജനേയാ..കണ്ട്രോൾ തരൂ "
. "പോകണ്ട എന്ന് ഇനി പറഞ്ഞാൽ ബാക്കി ഉള്ള കാലം മുഴുവൻ ഇവൾ എന്നെ കളിയാക്കി കൊല്ലും.
അവൾ പോയപ്പോൾ തുടങ്ങി ഒരു വല്ലായ്മ. ലോകത്തുള്ള എല്ലാ ഭർത്താക്കന്മാർക്കും ഭാര്യ സ്വന്തം വീട്ടിൽ പോകുന്നത് അത്ര ഇഷ്ടം അല്ല. അതെന്താണാവോ?. പിന്നെയൊരു വല്ലായ്മ, ശുണ്ഠി, ആകെയൊരു അല്ഗുല്ത്ത് ആണ്. കൂട്ടുകാരൊപ്പം കൂടുമെന്നു വെറുതെ പറഞ്ഞതാണ്. അത് കേട്ടാൽ അവൾ പോകില്ല എന്ന് വെറുതെ തെറ്റിദ്ധരിച്ചു. ഈ പെണ്ണുങ്ങളുടെ ഹൃദയം കല്ലാണ്. കാരിരുമ്പാണ്. ദുഷ്ട !
വീട്ടിലെത്തിയിട്ടു വിളിച്ചില്ലല്ലോ?
അവരെയൊക്കെ കണ്ടപ്പോൾ എന്നെ മറന്നു കാണും... കൂടെയുള്ളപ്പോൾ എന്താ പഞ്ചാര...
ഒടുക്കം അങ്ങോട്ട്‌ വിളിച്ചു
"എന്താടീ വിളിക്കാഞ്ഞേ? "
"നിങ്ങളല്ലേ പറഞ്ഞേ ഞാൻ വിളിക്കുന്നത്‌ ശല്യം ആണെന്ന് "
"എത്തി "എന്ന് വിളിച്ചു പറയുന്നത് വലിയ ശല്യമല്ല "ഗൗരവത്തിൽ ഞാൻ
അവളുടെ വള കിലുങ്ങും പോലെയുള്ള ചിരി
"വെക്കട്ടെ.. അമ്മാവനും മോനുമൊക്ക വന്നിട്ടുണ്ട്.. പിന്നെ വിളിക്കാം "
ങേ.. അമ്മാവന്റെ മകനോ... ഇവളെ കല്യാണം കഴിക്കാൻ പുറകെ നടന്ന ഇവൾ സിനിമ നടനെ പോലെയാണ് എന്ന് പറയുന്ന ആ കരിംകൊരങ്ങനോ?
സമാധാനം പോയല്ലോ ദൈവമേ... വൈകിട്ടുള്ള ബസ് പോയോ ആവോ?
"എന്താ ഇങ്ങു പൊന്നെ? "
"എവിടെ നിന്റെ ബന്ധുക്കളൊക്കെ? "
"ആര് ? "
"അല്ല അമ്മാവനും മകനും "
അവൾ പൊട്ടിച്ചിരിച്ചു
"നിങ്ങൾ വരുമൊന്നറിയാൻ ഒരു നമ്പർ ഇട്ടതല്ലേ?.... അപ്പോൾ കൊതുകുമില്ല വണ്ടുമില്ല..കൊച്ചുഗള്ളൻ .. "
ഞാൻ ചമ്മി. എന്നാലും സാരമില്ല
എന്നെ പിരിഞ്ഞിരിക്കാൻ അവൾക്കും അവളെ പിരിഞ്ഞിരിക്കാൻ എനിക്കും പറ്റില്ല എന്ന് ഞങ്ങൾ പരസ്പരം സമ്മതിക്കുകയൊന്നുമില്ല പക്ഷെ അതാണ്‌ സത്യം...

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot