നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിന്താജാരൻ

Image may contain: 1 person, sitting and indoor
***************
എന്തൊക്കെയായാലും താനൊരു ജാരനാണെന്ന് ചിലപ്പൊഴൊക്കെ അയാൾക്ക് മനസ്സിൽ തോന്നാറുണ്ട്. അതൊരു സത്യമാകാം എന്നല്ല സത്യമാണ്. ആവർത്തിച്ചാവർത്തിച്ച് നിഷേധിക്കുകയും നിരസിക്കുകയും ചെയ്തതിനു ശേഷം, സ്വതസിദ്ധമായിത്തന്നെ , സത്യത്തെ ഒരു നീറ്റലോടെ അംഗീകരിക്കേണ്ടി വരുന്നു എന്ന ഷോപ്പൻഹോവറിന്റെ സിദ്ധാന്തത്തെ ജാരന് ഇടക്കിടക്ക് ഓർമ്മിക്കേണ്ടി വരുന്നു.
സ്വച്ഛന്ദമായ ചില രാത്രികളിൽ, മനസ്സിൽ അക്കരപ്പച്ചയെന്നപോലെ രതിയൂറുമ്പോൾ, ജാരൻ തന്റെ തയ്യാറെടുപ്പുകൾ തുടങ്ങും. രാത്രിയിൽ ചെയ്തു തീർക്കാൻ ഓഫീസിൽ ചില ജോലികളുണ്ടെന്നോ മറ്റോ പറഞ്ഞ്, ഭാര്യക്ക് കുറച്ചു നല്ല വാക്കുകളും ഒരുമ്മയും എറിഞ്ഞുകൊടുത്തിട്ട് അയാൾ കാറുമായി മുങ്ങും. നാട്ടിൽ, വിവരസാങ്കേതികവിദ്യ വിപ്ലവ പുഷ്പങ്ങൾ ചൊരിഞ്ഞപ്പോൾ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും ചില്ലുസൗധങ്ങളിലെ ഓഫീസുകളിലേക്ക് കയറിച്ചെല്ലാമെന്നത് ഒരനുഗ്രഹമായി. ആരും ഒളിഞ്ഞു നോക്കാനില്ലാത്ത, സ്വകാര്യതയുടെ പറുദീസയിൽ ജാരന് ആറാടാം.
കഴക്കൂട്ടം ഹൈവേയിൽ കാർനിർത്തിയതിന് ശേഷം, നാശോന്മുഖമായ പുഞ്ചവയലിനോട് ചേർന്നുള്ള ഒറ്റയടിപ്പാതയിലൂടെ കുറച്ചുനേരം നടക്കണം. വയലുകളെയെല്ലാം വിഴുങ്ങിക്കൊണ്ട് ആഡംബരസൗധങ്ങളുയരുന്നു. ഇപ്പോൾ അങ്ങനെയാരും ഉപയോഗിക്കാത്ത വിജനമായ പാത. ജാരന് വേണമെങ്കിൽ ലക്ഷ്യസ്ഥാനം വരെ കാറിൽ പോകാം. പക്ഷെ എന്തിനീ ആർട്ടിഫീഷ്യൽ ഇന്റലിജൻസിനേയും, പ്രണയിനിയുടെ വീടുമുറ്റത്തെ നിരീക്ഷണ ക്യാമറകളെയും നേരിടണം? അതിനാൽ അയാൾ, രതിയാത്രകളിൽ കുറച്ചൊക്കെ യാഥാസ്ഥിതികത്വം പുലർത്തിപ്പോരുന്നു. നിശബ്ദമായി നടന്ന്, പുരാതനമായ ആ എട്ടുകെട്ടിനു പിന്നിലെ മൂവാണ്ടൻ മാവിലേക്ക് കയറി, ചില്ലകളിലൂടെ മട്ടുപ്പാവിലേക്ക് ഊർന്നിറങ്ങി പ്രണയപുഷ്പങ്ങൾ ശേഖരിക്കുകയാണ് പതിവ്.
അങ്ങനെ അയാൾ നടന്നു. എല്ലാ ജാരൻമാരുടേയും യാത്ര അവസാനിക്കുന്നത് രതിമൂർച്ഛയിലാണ്. ഒരു വക്രരാഗത്തിന്റെ ആരോഹണക്രമം പോലെയാണ് ജാരന്റെ യാത്ര. മോഷ്ടിച്ചെടുത്ത ആനന്ദത്തിനുശേഷം രതിയടങ്ങുമ്പോൾ, രാഗത്തിന്റെ അവരോഹണമെന്നപോലെ അയാൾ തിരികെ മടങ്ങുന്നു. ഇതിനെക്കുറിച്ചോർത്ത് ചരിത്രാന്വേഷിയായ ജാരൻ ചിരിനിറഞ്ഞ വീർപ്പുമുട്ടൽ അനുഭവിക്കാറുണ്ട്.
യാത്രയിലുടനീളം, രാഗത്തിലെ സ്വരങ്ങൾ എന്നപോലെ ചിന്തകൾ ജാരനെ ഭരിക്കുന്നു. പാതയോരത്തെ ചില കാഴ്ചകൾ അയാളെ ചിന്തയിലേക്ക് നയിക്കുന്നു. മുന്നോട്ട് പോകുമ്പോൾ, നുകരാനിരിക്കുന്ന തേൻരുചിയെ ഓർത്ത്, പിന്നോട്ട് വലിക്കുന്ന കാഴ്ചകൾക്കു നേരെ ജാരൻ കണ്ണടച്ചു കളയും. രതിയകന്ന് തിരികെയിറങ്ങുമ്പോൾ, വിരസതയും ജാള്യതയുമോടെ അയാൾ മൂകനായി നടക്കും.
വയലിനരികിലെ പണിതുയർത്തുന്ന ഫ്ലാറ്റിനു മുന്നിൽ, കണ്ണുതട്ടാതിരിക്കാനായി കെട്ടിയുയർത്തിയിരിക്കുന്ന കോലത്തിനെക്കണ്ട്, ജാരൻ പരിഹാസച്ചുവയോടെ ഒന്നുചിരിച്ചു. പണ്ട് ഈ ദേശത്ത് ജീവിച്ചിരുന്ന ആറ്റിപ്രക്കാക്കയെ പോലുണ്ട്. അയാളെ താൻ കണ്ടിട്ടില്ല. പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛനൊക്കെയറിയാം. ആറ്റിപ്രക്കാക്ക എന്നു പറഞ്ഞാൽ ദേശമറിയും. മണ്ണിനേയും മനുഷ്യനേയും ഒരുപോലെ പുണർന്നവൻ. ഇക്കണ്ട പാടങ്ങളൊക്കെയും അയാളുടേതായിരുന്നു. എണ്ണിയാലൊടുങ്ങാത്ത കാളകളുടേയും കാളവണ്ടികളുടേയും ഉടമ. ഗവൺമെന്റ്, ടെക്നോപാർക്ക് കൊണ്ടുവന്നതോടെ, സ്വകാര്യ കമ്പനികൾ വയലുകൾ കുട്ടത്തോടെ വാങ്ങാൻ തുടങ്ങിയപ്പോൾ മോൻ ബാപ്പയോട് പറഞ്ഞു:
"ഉപ്പ ഈ കാളയേയും ചേറിനേയും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നോ.ബാപ്പൂട്ടിയും വറീദും, കണ്ടം പൊന്നിൻ വിലയ്ക്ക് വിറ്റു. കമ്പനി പുതിയ വീടും കൊട്ക്ക്ണ്. കാലംമാറി. അള്ളാഹുനെയോർത്ത് സമ്മതിക്കിൻ.. ഇനീം ഈ ചേറിൽക്കിടക്കാൻ എനിക്കും ഫാത്തിമക്കും പറ്റൂലാ"
കാക്കയുടെ മരണത്തെ പറ്റി രണ്ടിരുപക്ഷമുണ്ട്. വീട് പൊളിക്കാൻ മണ്ണുമാന്തി യന്ത്രം വന്നപ്പോൾ കാക്ക ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും ഇല്ലെന്നും. ബാങ്കുവിളിക്കുന്ന മൗലവിയാര് എപ്പോഴും പറയും:
" യന്ത്രം തിരിച്ചു പോകുമ്പോൾ എന്നേയും കൂടി അതിലിട്ട് കബർസ്ഥാനിലേക്കെടുക്കിനെടാ നായ്ക്കളെ എന്നും പറഞ്ഞല്ലെ ഓൻ കണ്ണടച്ചത്. ശാപമല്ലേ കൊടും ശാപം! മക്കളിലേതെങ്കിലും ഒരുത്തൻ രക്ഷപ്പെട്ടാ? ഒരുത്തി തൂങ്ങിച്ചാവുകയും ചെയ്ത്"
കാക്ക ഒരു വയൽക്കോലമായി കാറ്റത്താടുന്നു. ജാരൻ ഒരരുകിലൂടെ കടന്നുപ്പൊയ്ക്കളഞ്ഞു തന്റെ യാത്രയെ അപഹാസ്യതയുടെ ജ്വരം ബാധിച്ചിരിക്കുന്നു. ഉന്നത പദവിയും, പ്രബുദ്ധതയും, അഭിമാനവുമൊക്കെയുള്ള താൻ, രാത്രിയിൽ ഒരു കുറ്റവാളിയെപ്പോലെ നടക്കുന്നതിലെ ജാള്യത. പക്ഷെ അതിനും മുകളിലേക്ക് രതിദാഹം ചിറകടിച്ചുയരുന്നു.
ചരിത്രത്തിൽ ഗവേഷണ വിദ്യാർത്ഥിയായ തനിക്ക്, പുരാവസ്തു വകുപ്പിൽ പ്രമോഷൻ കിട്ടിയതിനു തൊട്ടു പിന്നാലെയാണ് വകുപ്പു മുഴുവനും കംപ്യൂട്ടർ വത്ക്കരിക്കണമെന്ന് സർക്കാർ തീരുമാനമെടുത്തത്. ആർക്കിയോളൊജിക്കൽ സർവ്വേയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. അതിനായി, സർക്കാർ ടാറ്റാ കൺസൽട്ടൻസി സർവ്വീസുമായി കരാറുണ്ടാക്കുകയും ചെയ്തു. ചരിത്രത്തിനേയും അതിന്റെ ശേഷിപ്പുകളേയും ചുമന്നുകൊണ്ട്, താൻ ഡെപ്പ്യൂട്ടേഷനിൽ കമ്പനിക്ക് സഹായിയായി വന്നു. അവളും വന്നത് ഒരു നിയോഗമായിരിക്കാം.
അവളെ ജാരന് ഇതിനു മുൻപേ അറിയാം. എന്നാൽ അക്കാര്യങ്ങളൊന്നും, ഭോഗത്തിലേക്ക് നടന്നടുക്കുമ്പോൾ അയാൾ ഓർക്കാറേയില്ല. തിരുവനന്തപുരത്തുകാരിയായതുകൊണ്ടും, ചരിത്രത്തിലൊക്കെ അല്പം താൽപര്യമുള്ളതുകൊണ്ടുമാവണം കമ്പനി പുള്ളിക്കാരിയെത്തന്നെ ഇതിന്റെ ടീം ലീഡറായി നിയോഗിച്ചത്.
" എനിക്ക് ചരിത്രമിഷ്ടമാണ്. പക്ഷെ അത് ചലനാത്മകമല്ല. അതങ്ങനെ പൂതലിച്ചു കിടക്കുകയാണ്. മനുഷ്യന്റെ ചലനാത്മകത മുഴുവനും ആധുനികതയിലാണ്. അതുകൊണ്ടാണ് ചരിത്ര സ്നേഹത്തെ തൽക്കാലം ഉപേക്ഷിച്ച്, സോഫ്റ്റ്വെയർ രംഗം പയറ്റിനോക്കിയത്. കുറഞ്ഞപക്ഷം അത്, മുന്നാം ലോക രാഷ്ട്രങ്ങളെ വികസിത രാജ്യങ്ങളോട് അനായാസേന ബന്ധിപ്പിക്കുന്നു. അതിന്റെ ഉൽപ്പന്നമായ വ്യക്തി സ്വാതന്ത്രവും സ്വകാര്യതയും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്"
ഒരിക്കലവൾ ജാരനോട് പറഞ്ഞു.
പൊടിയടിച്ചുകിടക്കുന്ന ചരിത്രഫയലുകൾ ഉൾപ്പടെ ആർക്കൈവ്സിലുള്ള എല്ലാം കംപ്യൂട്ടറിലാക്കണം. അതിനുശേഷം, സർക്കാറിനും, ഗവേഷണ വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഫലപ്രദമായ രീതിയിൽ സോഫ്റ്റ്വയറുകൾ മെനയണം.
"ആഗോളവത്ക്കരണം നമ്മുടെ ചരിത്രത്തെ അപ്പാടെ വിഴുങ്ങുന്നു" അയാൾ ഒരു പരിഹാസത്തോടെ മനസ്സിൽ പറഞ്ഞു.
വെർച്വൽ ലോകത്തിൽ സമയപരിധികളൊന്നും തന്നെയില്ല. വൈകുന്നേരമാകുമ്പോൾ വീട്ടിൽ പോകണമെന്നുള്ളവർക്ക് പോകാം. അല്ലാത്തവർക്ക്, കടുപ്പത്തിലൊരു കോഫിയും കുടിച്ചുകൊണ്ട് അവിടെത്തന്നെ തുടരാം. എന്തുകൊണ്ട് തുടർന്നുകൂടാ? ആധുനികത കനിഞ്ഞുനൽകുന്ന വിശാലതയാണത്.
ചരിത്രം ഭക്ഷിക്കുന്നയാളും, ചരിത്രത്തെ സ്നേഹിച്ചിരുന്നവളും ഏതാനും മണിക്കൂറുകൾ കൂടി അവിടെത്തന്നെ തുടർന്നു. ദേശവിപ്ലവങ്ങളും, ചത്തവൻമാരുടെ ജാതകങ്ങളും, മഞ്ഞിച്ച ഫയലുകളിൽ വ്യാപരിച്ചു കിടക്കുന്നു.
ഇത്ര ധൃതി പിടിച്ച് വീട്ടിൽ പോയിട്ടെന്ത്? അയാൾ ചിന്തിച്ചു. ചൂടാറിയ ഒരു ഭോഗവസ്തു അവിടെക്കിടപ്പുണ്ട്. അതിനും മുകളിൽ കൂമ്പാരംകൂടിക്കിടക്കുന്നു ഉത്തരവാദിത്വങ്ങൾ.. കാലം വിരസതയുടെ കരിമ്പടം പുതപ്പിക്കുമ്പോൾ ആധുനികത ഉദ്ഘോഷിക്കുന്നു " പുതിയതിനെ തേട്. പതുങ്ങിയിരിക്ക്, അവസരം കിട്ടുമ്പോൾ ഭീരുവാകാതെ പ്രവർത്തിക്ക്"
അയാൾക്ക് ആദ്യം ഭീതിയുണ്ടായിരുന്നു. ഏറെ സമയമെടുത്ത്, പലതരം ചിന്തകൾക്കും, മനസ്സാക്ഷിയുടെ മാറ്റിമറിക്കലുകൾക്കും ശേഷം, അയാൾ, അറിയാത്ത ഭാവത്തിൽ, ലാപ്ടോപ്പിലെ കീബോർഡിൽ വച്ച്, അവളുടെ കൈവിരലുകളിലൊന്നിൽ തൊട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ അവർ, ജോലി സംബന്ധമെന്നവണ്ണം ചരിത്രസംഭവങ്ങളെ അയവിറക്കി.
മനഃപൂർവ്വം ചരിത്രത്തിലെ സൂരി നമ്പൂതിരിപ്പാടുകളുടെ സംബന്ധങ്ങളിലേക്കും ,മാർത്താണ്ഡവർമ്മക്ക് മുറപ്പെണ്ണിനെ കെട്ടിച്ചു കൊടുക്കാത്ത സംഭവങ്ങളിലേക്കുമൊക്കെ ചെന്നു മുട്ടി. പകൽ മുഴുവനുമുള്ള സൈബർ മൽപ്പിടുത്തങ്ങൾ കഴിഞ്ഞ്, ക്ഷീണിച്ച ,മിഴുക്കു കലർന്ന രണ്ടു മുഖങ്ങൾ. ക്രമേണ, കണ്ണുകൾ പരസ്പരം ഇടറുന്ന സമയങ്ങൾ തമ്മിലുള്ള ദൈർഘ്യം കുറഞ്ഞുവന്നു. ആരുമില്ല , പരസ്പരമണയ് എന്നു വിളിച്ചുപറയുന്ന രണ്ട് ഉൾമൃഗങ്ങൾ സൃഷ്ടികൊണ്ടു. ഐസ്ബെർഗ് പൊട്ടിക്കാനായി, മൃഗങ്ങൾക്കനുകൂലമായൊരു ഉപബോധതലം അവരെക്കൊണ്ട് തമാശകൾ പറയിപ്പിച്ചു. പിന്നെയത് വ്യക്തി ഹാസ്യത്തിലേക്ക് പരിണമിച്ചു. കൈകൊണ്ട്, പരസ്പരം ചെറിയ അടികളും നുള്ളലുമായി. കരം ഗ്രഹിച്ചു കളിച്ചു. മനം കലങ്ങി. പിന്നെയും സമയമെടുത്ത്, ഏതാനും ദിവസങ്ങൾക്ക് ശേഷം, ഒരു ദിവസം അയാൾ തന്റെ ഇടതു കൈകൊണ്ട് പെൺകുട്ടിയെ അരയ്ക്ക് ചുറ്റിപ്പിടിച്ചടുപ്പിച്ചു. സമ്മതം നിഴലിക്കുന്ന ഒരു പുഞ്ചിരിയോടെ അവൾ കുതറിമാറി മുന്നോട്ടോടി. അയാൾ പിൻതുടർന്ന് പുണർന്ന്, അവളുടെ പിൻകഴുത്തിലും കാതുകളിലും കടിച്ചു. കരതലങ്ങൾ തടവി. ദാഹം മിഴികളിലൊഴുകുന്നു. അവളുടെ ചുണ്ടുകളിൽ, അല്പനേരത്തിനു മുമ്പ് കുടിച്ച നെസ്കഫെയുടെ മണവും മധുരവും. അയാൾ ഒരു ജാരനായി രൂപാന്തരപ്പെട്ടു തുടങ്ങി.
പഴക്കം, ഉപചാരങ്ങളെയെല്ലാം അസ്ഥാനത്താക്കിയതിനു ശേഷം ഒരു ദിവസമവൾ, അയാളുടെ ചെവികടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു:
" എനിക്ക് നിംഫോമാനിയയാണ്. അവനെപ്പോഴും മഴയിൽ കുതിർന്ന്, ആറിത്തണുത്തവനാണ്. നിനക്കറിയാമല്ലോ. എന്റെ മനസ്സാരോട് തുറക്കാൻ. അങ്ങനെയൊരു സമൂഹമല്ലല്ലോ നമുക്കുള്ളത്. ഡാം നാരോ!!"
അവളിലെ കാമനകളുടെ ആഴവും, സ്വപ്നത്തിൽ സൂക്ഷിച്ചിരുന്ന ഭോഗരീതികളുടെ വൈവിധ്യവും കേട്ട് അയാൾ അത്ഭുതപ്പെട്ടുപോയി. ഓഫീസിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് ഒളിച്ചിരിക്കേണ്ട അവസ്ഥ വന്നപ്പോൾ മൃഗങ്ങൾ പല്ലുകടിച്ചു. അടുത്തമാസമാദ്യം അവനെ അവന്റെ കമ്പനി ജപ്പാനിലേക്കയക്കുമെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കിൽ ഈ നശിച്ച പമ്മിയിരിപ്പ് അവസാനിപ്പിക്കണം. അയാൾ വിചാരിച്ചു.
ഇതൊക്കെയാണ് ജാരന്റെ ചരിത്രം. അയാൾ നടക്കുകയാണ്. എട്ടുവീടിനു പിന്നിലെ മൂവാണ്ടൻ മാവ് കണ്ടുതുടങ്ങി. പുരാതനമായ ആ മാളികയുടെ മേൽക്കൂര കാണുമ്പോഴെല്ലാം ചരിത്രം അയാളെ മാടിവിളിക്കും. ചരിത്രതാളുകളിൽ കുറിക്കപ്പെട്ട ഏറ്റവും വലിയൊരു ജാരനെ അയാൾ ഓർക്കും. സാക്ഷാൽ കാവുങ്കൽ ശങ്കരപ്പണിക്കർ!
ഇത്രയും പ്രതിഭാധനനായ മറ്റൊരു ജാരനെക്കുറിച്ച്, തന്റെ മുപ്പത്തിനാല് വർഷങ്ങൾക്കിടക്ക് അയാൾക്കറിവില്ല. ശങ്കരപ്പണിക്കർ. ആട്ടക്കഥയിൽ ശ്രേഷ്ഠൻ. പച്ചയിലും കത്തിയിലും വിദഗ്ധൻ. നവരസങ്ങളിൽ പട്ടിക്കാംതൊടിയും, കവളപ്പാറയും തോൽക്കും. പക്ഷെ പറഞ്ഞിട്ടെന്ത്? ജാരനായി ഭ്രഷ്ടായപ്പോൾ വേഷങ്ങളില്ലാതെ അലഞ്ഞു നടന്നു. കുറിയേടത്ത് ധാത്രിയുടെ മണിയറയിൽ കീചകനായി അലറിയവന്റേയും സ്മാർത്തനാട്ടിയവന്റേയും മുന്നിൽ കളിയോഗങ്ങൾ വാതിലുകൾ കൊട്ടിയടച്ചു.
കളിയില്ല. പഷ്ണിക്ക് വകയില്ല. നാലാൾ കൂടുന്നിടത്ത് ചെല്ലുമ്പോൾ പരിഹാസം:
" പമ്പു പറഞ്ഞ് തിരികെ വരാൻ വല്ല മോഹ്ണ്ടോ പണിക്കരേ.."
അതുകഴിഞ്ഞ് പണിക്കർ തിരുവിതാംകൂറിലേക്ക് യാത്ര ചെയ്തുവല്ലോ. അയാൾ ഈ ഇല്ലത്തിലും ഒരു ജാരനായി കടന്നുകൂടിയിട്ടുണ്ടാകുമോ? അതോ ഇനി ചുട്ടികുത്താനൊരു അവസാരവും യാചിച്ച് കടന്നുവന്നിട്ടുണ്ടാകുമോ?
പണിക്കർ ആട്ടക്കഥയെ മനകളിൽ നിന്നും ഇല്ലങ്ങളിൽ നിന്നും മാറ്റി പാടങ്ങളിലേക്ക് പ്രതിഷ്ഠിച്ചു എന്നാണ് ചരിത്രം പറയുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹം ഈ വയലേലകളിലും ഏകലോചനം നടത്തിയാടിയിട്ടുണ്ടാവണം. കത്തുന്ന നിലവിളക്കിനു മുന്നിൽ, ചെണ്ടയുടെ താളമേളങ്ങളോടെ പണിക്കർ കീചകനായി അലറുന്നത് ജാരൻ ഭാവനയിൽ കണ്ടു.
ധാത്രിക്ക് പണിക്കരോടല്ല, പണിക്കരിലെ കീചകനോടായിരുന്നത്രെ ദാഹം. അതുപോലെ ഇവൾക്കിനി എന്നിലെ ചരിത്രകാരനോടായിരിക്കുമോ കമ്പം?
അയാൾ മാവിന്റെ ചില്ലകളിൽ തൂങ്ങി മട്ടുപ്പാവിലേക്ക് ചാടി.
" നീ എന്തിനാണീ വിക്ടോറിയൻ കാലഘട്ടത്തിലെ മദാമ്മകളെപ്പോലെ കെട്ടിയൊരുങ്ങി നിൽക്കുന്നത്?" അയാൾ ചോദിച്ചു.
"നിന്നിലെ ചരിത്രകാരനെ മോഹിപ്പിക്കാൻ. അല്ലാതെന്തിന്?"
നൂറ്റാണ്ടുകൾ പഴക്കമുള്ളതും, ചിത്രപ്പണികളാൽ അലങ്കരിച്ചതുമായ തൂക്കുകട്ടിലിൽ മൃഗങ്ങൾ പിണഞ്ഞു പുളഞ്ഞു തളരുന്നു. വഴങ്ങിക്കൊടുക്കേണ്ടതായ കാമനകളിലേക്ക് ജാരൻ ഊളിയിടുന്നു. പുരുഷമേനിയിൽ മധുരമുന്തിരിപ്പഴങ്ങൾ വിതറി നുകരുന്ന ഭോഗലീല. ചന്ദനത്തിൽ തീർത്ത കട്ടിലിന്റെ മുകുടങ്ങളിലേക്കോ ചങ്ങലകളിലേക്കോ, ഇരു കൈകളും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒടുങ്ങാത്ത ഫീമെയിൽ ഡൊമിനേഷൻ. സ്ഖലനത്തിനു സഹായിക്കുന്ന, വിരുതു നിറഞ്ഞ പെൺകല.
രതിമൂർച്ഛക്ക് ശേഷം ജാരൻ പതിവുപോലെ മ്ലാനതയിലേക്കും വ്യാകുലതകളിലേക്കും കൂപ്പുകുത്തി. കട്ടിലിൽ കമിഴ്ന്നു കിടക്കുമ്പോൾ, തന്നെ ഒരു ജാരനായി ചിത്രണം ചെയ്തുകൊണ്ട്, ചരിത്രവുമായി ബന്ധപ്പെടുത്തി ന്യായീകരണം കണ്ടെത്താൻ അവൾ തുനിഞ്ഞത് അയാളിൽ അമർഷമുണ്ടാക്കി.
" നീ ഇങ്ങനെ ടെൻഷനടിക്കുന്നതെന്തിന്?" അവൾ ചോദിച്ചു.
"ചരിത്രം മുഴുവനും ജാരൻമാരുടെ അയ്യരുകളിയാണടേ" അവൾ തുടർന്നു. "എട്ടുവീട്ടിൽ പിള്ളമാർ. മഹാരാജാവിനും എട്ടരയോഗത്തിനും മുകളിൽ പ്രതാപവും പിടിപാടും. പക്ഷെ എന്താ കുലത്തൊഴിൽ? ജാരപ്പണി! ഹ ഹ! ചരിത്രം ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ. പറഞ്ഞുവരുമ്പോൾ ഞാൻ രാമനാമഠത്തിന്റെ കുടുംബത്തിലുള്ളതാണ്. അവൻ കഴക്കൂട്ടത്ത് പിള്ളയുടെ വംശത്തിലുള്ളവനും. നിനക്കറിയാമല്ലോ. മാർത്താണ്ഡവർമ്മ പിള്ളമാരെ കഴുവിൽ കയറ്റിയപ്പോൾ, എല്ലാ കുടുംബത്തിൽ നിന്നും വേണ്ടപ്പെട്ട ചിലരൊക്കെ തെറ്റിയും തെറിച്ചും വേണാട് കടന്ന് രക്ഷപ്പെട്ടോടി. എങ്ങനെയോടി? ജാരൻമാരുടെ സ്വാധീനം. അല്ലാതെന്ത്! അല്ലെങ്കിൽ തന്നെ കൂടമണ്ണിലും കുളത്തൂരും കരിയലറിയപ്പോൾ, ഈ എട്ട്കെട്ട് മാത്രമെന്തേ നശിപ്പിക്കപ്പെടാതെ ഇങ്ങനെ അവശേഷിച്ചു? വൈ ഡിഡ് ദ കിംഗ് സ്പേർ ഇറ്റ്?"
" കൂടുതൽ സാഹിത്യം വേണ്ട" ജാരൻ പറഞ്ഞു.
" സാഹിത്യമല്ല വസ്തുതയാണ് പറയുന്നത്. രാജകുടുംബത്തിലുള്ളവരിലാരെങ്കിലുമൊക്കെ ഇവിടെ ജാരൻമാരായി വിലസിയിരുന്നിരിക്കണം. രാജാവിനെ സ്വാധീനിക്കാൻ കഴിവുള്ളവർ. അകത്തമ്മമാർ വിളക്കുകൾ കത്തിച്ച് കാത്തിരുന്നിട്ടുണ്ടാകണം. എന്താ കഥ! അതുപോട്ടെ. നീ ഈ മോതിരം കണ്ടോ? മധുവിധു സമയത്ത് അവൻ സമ്മാനിച്ചതാണ്. മുന്നൂറ്റിയൻപത് വർഷത്തിലധികം പഴക്കമുള്ള പുഷ്യരാഗമാണത്രേ. നോക്കുമ്പോഴുണ്ട് രാമനാമഠത്തിന്റെ മുദ്ര. എങ്ങനെ അതിവിടെ വന്നു? ജാരൻമാർ കയറിയിറങ്ങിയതിലൂടെ. അല്ലാതെ ഒഫീഷ്യലായി കുടുംബങ്ങൾ തമ്മിൽ ഇങ്ങനെയൊരു മോതിരം കൈമാറുന്ന പതിവുണ്ടായിരുന്നില്ലല്ലോ. എവിടെ നോക്കിയാലും സർവ്വത്ര ജാരൻമാർ! ഹഹ.. രാമനാമഠം സ്ത്രീ വിഷയത്തിൽ അതിഗംഭീരൻ! അടുത്തത് ചിലമ്പനഴിയത്ത് കളിയുടയാൻ ചന്ത്രക്കാറൻ. അയാളും ഒട്ടും കുറക്കാൻ തരമില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിൽ എന്റെ മുതുമുത്തച്ഛൻ മേമ്പ്രടത്ത് വാസുദേവമിളയിടം. ഇഷ്ടൻ സ്ഥലത്തെ ഏറ്റവും വിശിഷ്ടനായ ജാരനായിരുന്നു എന്ന് ഡാഡി പറയാറുണ്ട്. മൂപ്പർ അതിൽ അഭിമാനം കൊണ്ടിരുന്നുവത്രേ! അതുകൊണ്ട് എടാ വരുണേ നീ ഒന്നുകൊണ്ടും പേടിക്കണ്ടാടാ ഉവേ"
തികഞ്ഞ അപഹാസ്യതയിൽ, ഈ ഏടാകൂടങ്ങിലൊന്നും ചെന്നുപെടരുതായിരുന്നെന്നും, ഇനിയുമിങ്ങനെ വച്ചു നീട്ടാനനുവദിക്കാതെ എല്ലാം അവസാനിപ്പിക്കണമെന്നും ജാരനു തോന്നും. പക്ഷെ ലിഖിതങ്ങളേയും ബന്ധങ്ങളേയുമെല്ലാം താറുമാറാക്കി കുതിക്കുന്ന മാംസരാഗം, തന്നെ വീണ്ടുമിവിടെയെത്തിക്കുമെന്നും അയാൾക്കറിയാം. ഒരു ജാരൻ എപ്പോഴും തകർന്നവനും ബന്ധനസ്ഥനുമാണ്.
അയാൾ മുവാണ്ടൻ മാവിറങ്ങി നടന്നു. പതിവുപോലെ മനസ്സിൽ വെറുപ്പും ഏകാന്തതയും അനുഭവപ്പെട്ടു. ചരിത്രകൗതുകിയായിരുന്ന താനെങ്ങെനെ നീചനായൊരു ജാരനായി മാറി. തിരികെയുള്ള യാത്രകളിൽ, കൃത്യം ആ സ്ഥലത്തെത്തുമ്പോഴാണ് നീചൻ എന്ന പദം അയാളുടെ മനസ്സിലേക്ക് കടന്നുവരാറുള്ളത്. ദൂരെ, മുസ്ലീം പള്ളിയുടെ ഗോപുരം അവ്യക്തമായി കാണുന്നതാകാം അയാളിൽ ആ ചിന്ത ഉണർത്തുന്നത്. ഒറ്റയടി പാതക്ക് നേരെ, ഹൈവേയ്ക്ക്മപ്പുറം കബർസ്ഥാനിലേക്കുള്ള പാതയാണ്. അതിനരികിലായി പള്ളി സ്ഥിതി ചെയ്യുന്നു. ഇന്നാകട്ടെ ഗോപുരത്തിനരികിലായി പൂർണ്ണ ചന്ദ്രനുദിച്ചു നിൽക്കുന്നു. ഒന്ന് സൂക്ഷിച്ചുനോക്കിയാൽ ജാരന് കാണാം. ചന്ദ്രൻ തന്നെ നോക്കി പരിഹസിക്കുകയാണ്:
" ഹ ഹ ഒറ്റെടാ ഒറ്റ്..സ്വന്തം മനസ്സാക്ഷിയെ ഒറ്റിക്കൊട്. എന്നിട്ട് ,നീയുണ്ടെങ്കിൽ കണ്ണാടി വേണ്ടെന്നും പറഞ്ഞ് കൂടെനടന്നവനെത്തന്നെ വഞ്ചിച്ച്, അവന്റെ പെണ്ണിന്റെയടുത്തുചെന്ന് കെട്ടിമറിഞ്ഞ് കിടക്ക്"
ഒരിക്കൽ ഈ ഇല്ലത്തിൽ, തികഞ്ഞ സ്വാതന്ത്യത്തോടെ കയറിയിറങ്ങിയിരുന്ന താൻ, ഒരു ജാരനായി പാത്തുനടക്കേണ്ടി വന്ന അവസ്ഥയോർത്തുകൊണ്ട് അയാൾ, ചുണ്ടു പിളർന്നൊരു കത്തിവേഷത്തെപ്പോലെതല കുനിച്ച് നടന്നു.
ജാരൻ തന്റെ കുട്ടിക്കാലമോർത്തു. കൂട്ടുകാരനുമൊത്ത് ഈ വയലേലകളിൽ പട്ടം പറത്തിയിരുന്നത്, ആദിച്ചനല്ലൂർ പോറ്റിയുടെയടുത്ത് രണ്ടാളും ഒരുമിച്ച് മൃദംഗം പഠിക്കാൻ ചേർന്നത്, പിൽക്കാലത്ത്, ചരിത്രം ഐച്ഛീകവിഷയമായി എടുക്കാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാരൻ അനുമോദിച്ചത്, അവന്റെ വിവാഹത്തിന് സദ്യ വിളമ്പിയത് എല്ലാം അയാൾ ഓർത്തു. ഒരുമിച്ചു വളർന്ന രണ്ടുപേരിൽ , ഒരാൾ ചരിത്രത്തിലേക്കും മറ്റൊരാൾ ആധുനികതയിലേക്കും പിന്തിരിഞ്ഞു പോയി. എന്നാൽ വൈരുദ്ധ്യമെന്ന് പറയട്ടെ, ചരിത്രം കൗശലക്കാരനായും ആധുനികത അന്തർമുഖനും ആറിത്തണുത്തവനുമായും പരിണമിച്ചു. മാറാപ്പ് ചുമക്കുവാൻ, വിധി തന്റെ ജീവിതത്തിൽ പതിയിരുന്നുവെന്ന് ജാരൻ സ്വയം വിചാരിച്ചു.
പാതയ്ക്കരികിലെ ആറ്റിപ്രാക്കാക്കയുടെ കോലം ദൂരെ കണ്ടു തുടങ്ങി. കോലമൊരു കുമ്മാട്ടിയായി പാടുന്നു:
" നുകമുടയോൻ ഞാൻ
വയലുകാത്തേൻ,
ചേറിൽ കിടന്നു ഞാൻ
ഞാറു നട്ടേൻ,
പുഞ്ച വിളഞ്ഞപ്പോൾ
കതിരുകൊയ്യാൻ,
അഗമൃഗമനപ്പക്ഷി
പാറിവന്നേൻ..
ഹൂ ഹോയ്! ഹൂ ഹോയ്!"
കുമ്മാട്ടിയുടെ പാട്ടിനെ പരിഹസിച്ചവഗണിച്ച് കടന്നു പോകാൻ, മറു കൂവലോടെ, ജാരൻ ഒരു തീത്തെയ്യമായി കുതിച്ചു.
" ഹൂ ഹൂ ഹൂവേ ഹൂ ഹൂ!"
പതിവ്പോലെ, തപ്തചിന്തകളെയെല്ലാം വകഞ്ഞുമാറ്റിക്കോണ്ട് മുന്നേറാൻ കഴിഞ്ഞെങ്കിലും, ഇറങ്ങാൻ നേരത്ത് അവൾ എടുത്തവായ്ക്ക് പറഞ്ഞ വാക്കുകൾ അയാൾക്ക് മനംപുരട്ടുണ്ടാക്കി.
" പെണ്ണുങ്ങളുടെ മനഭോഗത്തെപ്പറ്റി നിനക്കെന്തറിയാം. നീ നോക്കിയിരുന്നോടാ.. നിന്റെ ഇല്ലത്തിലും ഒരു ഭീമസേനനോ അർജ്ജുനനോ നിശാസന്ദർശനം നടത്തിയേക്കാം"
പാടത്ത് നിലവിളക്കെരിയുന്നു. ചെണ്ടതാളമുയരുന്നു. കാവുങ്കൽ പണിക്കർ കീചകനാടുകയാണ്. വലലനായ ഭീമന്റെ കൈയ്യാൽ നിഗ്രഹിക്കപ്പെടുന്നതിനുമുമ്പ്, കീചകൻ, രൗദ്രഭാവത്തോടെ, തന്റെ മുന്നിൽ ഉയർത്തിയിരിക്കുന്ന തിരശ്ശീലയുടെ അരിക് പിടിച്ചു കുലുക്കിക്കൊണ്ട് അലർച്ച പകരുന്നു:
"ഗോഗ്വാ...ഗോഗ്വാ"
ജാരൻ കീചകനായി അലറി. പലതവണ.
" എന്റെ വീട്ടുപടിക്കൽ പരപുരുക്ഷനോ! കഴിവേറ്ടെമോളുടെ പള്ളക്ക് പിച്ചാത്തി കയറ്റും ഞാൻ !"
അലർച്ചയെ വിജനത അപ്പാടെ വിഴുങ്ങി.
പിന്നേയും കുറേ നടന്നപ്പോൾ കീചകനൊടുങ്ങി. അകലെ, പാർക്കുചെയ്തിരിക്കുന്ന തന്റെ കാർ കാണാം. ഹൈവേയിലൂടെ രാത്രിപകൽ ഭേദമന്യേ ആധുനികത ഒഴുകുന്നു. പണിക്കരെപ്പോലെ, തന്നെയും ഒരു ജാരനായി മുദ്രണം ചെയ്ത് ചരിത്രത്തിലേക്ക് വലിച്ചെറിയുമോ? നേർത്തുവരുന്ന ചിന്തകളിൽ അയാൾ, ആത്മാവിന്റെ നേരീയ അംശം മാത്രമുള്ളൊരു ജഢമായി മാറി. പിന്നെ, നടകളിൽ മൗനം പൂണ്ട് സ്വയം നിർവ്വചിക്കാൻ ശ്രമിച്ചു. ചിന്താജാരൻ!
ഹരീഷ് ബാബു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot