നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടലിന്നഗാധമാം നീലിമയിൽ - കഥോദയം - 2


By സജി വർഗീസ്.
ആ റിസോർട്ടിലെ ഏറ്റവും വിലകുറഞ്ഞ നോൺ എ.സി. മുറിയാണയാൾ എടുത്തത്.മുഷിഞ്ഞ വേഷം, കുഴിഞ്ഞ കണ്ണുകൾ, മഞ്ഞയും കറുപ്പും ചതുരക്കള്ളികളുള്ള ഷർട്ടും,കറുത്ത, നരച്ചജീൻസുമാണ് വേഷം.
അയാൾ ജനാലകൾ തുറന്നിട്ടു പുറത്തേക്ക് നോക്കി. കനത്ത മഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രകൃതി. അയാൾ കട്ടിലിൽക്കയറിക്കിടന്നു.
അയാൾ ഉറക്കത്തിലാണ്. ഉറക്കത്തിലയാൾ എന്തൊക്കെയോ കാഴ്ചകൾ കാണുന്നുണ്ട്. വിനയചന്ദ്രന് അവിടെ വന്നതിന് പ്രത്യേകിച്ച് ഉദ്ദേശ്യം ഒന്നുമില്ലായിരുന്നു. ഒരു പകലും രാത്രിയും മുഴുവനായ് കിടന്നുറങ്ങുക. അയാളുടെ കറുത്ത ഹാൻഡ് ബാഗിൽ പുസ്തകങ്ങൾ കുത്തിനിറച്ചു വച്ചിട്ടുണ്ട്. എല്ലാം അയാൾ എഴുതിയത് തന്നെയാണ്.
വർത്തമാനകാലത്തു നിന്നും ഒളിച്ചോടിയാലോയെന്നയാൾക്കു തോന്നി. എല്ലാവരും അവരവരുടെ പ്രവർത്തിയിൽ മുഴുകിയിരിക്കുന്നു. ജീവിതത്തോട് വല്ലാത്ത മടുപ്പയാൾക്കു തോന്നി.കാമത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ.. ജീവിതത്തിന്റെ അടിസ്ഥാനം കാമംമാത്രമാണോ? ലൈംഗികതയില്ലാത്ത ജീവിതം ഇരുട്ടറയിൽ കണ്ണുതുറന്നിരിക്കുന്നതു പോലെയാണല്ലേ? അമേരിക്കൻ പ്രസിഡണ്ടായാലും തെങ്ങുകയറ്റക്കാരൻ ഗോപാലനായാലും ഇവരുടെയൊക്കെജീവിതത്തിന്റെ വസന്തകാലം ലൈംഗികതയുമായ് ബന്ധപ്പെട്ടതാണല്ലോ. വിനയചന്ദ്രൻ സിഗരറ്റ് ആഞ്ഞു വലിച്ചു.പുറത്തേക്ക് നോക്കിയപ്പോൾ രണ്ടു പ്രാവുകൾ മുട്ടിയുരുമ്മി നിൽക്കുന്നു. താനും ആശയും സന്തോഷത്തോടെ ഇരുന്നിട്ടെത്രനാളായ്. കിടപ്പറയിൽ രാത്രിയുടെ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ കേട്ടാണ് താനുറക്കത്തിലേക്ക് വഴുതിവീഴാറ്.
ദാരിദ്ര്യത്തിന്റെ കയ്പ്പുനീർ അനുഭവിച്ചവർ, ഭക്ഷണത്തിനായ് തെണ്ടുന്നവർ,ജീവിതച്ചൂടിൽ പോരാടുന്നവർ.. ചികിത്സിക്കാൻ പണമില്ലാത്തവർ.... ഇവരുടെയൊക്കെ മുഖങ്ങൾ രാത്രികളിൽ വിനയനെ അസ്വസ്ഥനാക്കി.ഒരു പാട് എഴുതിക്കൂട്ടി... കഥകൾ.. കവിതകൾ..
"ജീവിത നാടകത്തിൽ തോറ്റ് പോയവൻ ഞാൻ..." എഴുതിയതിനെല്ലാം തീ കൊടുത്ത് വിനയചന്ദ്രൻ പൊട്ടിച്ചിരിച്ചു.. ഇത് കണ്ട് ആശ വിതുമ്പിക്കരഞ്ഞു.
'ജനനം മുതൽ മരണം വരെ ഒരു പോരാട്ടമാണല്ലോ. അവസാനം മണ്ണോടലിഞ്ഞു ചേരുമ്പോൾ ., എന്തിനീ ജീവിതമെന്നാണ് ആത്മാവ് ചോദിക്കുന്നത്.ശരീരമില്ലാത്ത ആത്മാക്കളുടെ സഞ്ചാരമായിരുന്നു ഭൂമിയിൽ നല്ലത്.ശരീരത്തിന്റെ തിളക്കത്തിലുള്ള വേഴ്ചകൾ ഉണ്ടാവുകയില്ലായിരുന്നല്ലോ'.
"നിങ്ങൾക്ക് മുഴുവട്ടാണല്ലേ "
അവളുടെ ആലിലവയറിലൂടെ അയാൾകൈവിരൽചലിപ്പിച്ചു.
തണുത്ത ശുദ്ധജലം ലഭിച്ച മുല്ലമൊട്ടുകൾ വിടർന്നു. മനോഹരമായ സുഗന്ധം മുറിയിൽ പരന്നു. ആശ അയാളെ ഭ്രാന്തമായ് ചുംബിച്ചു.അവളുടെ മാറിടം ഉയരുന്നതിന്റെ ശ്വാസ ചലനം ശ്രദ്ധിച്ചു കൊണ്ട് വിനയചന്ദ്രൻ പാടി
"ദിനംതോറും പ്രതീക്ഷകളുമായ് കുളിച്ചൊരുങ്ങി,
കളഭക്കുറിച്ചാർത്തിയവൾ അണിഞ്ഞൊരുങ്ങി "
"ഒന്നു പോടാ.."
ആശ അയാളുടെ കവിളിൽ നുള്ളി.ചന്ദ്രബിംബം മെല്ലെ മാഞ്ഞു തുടങ്ങി. രാപ്പാടിയുടെ കേഴൽ മുഴങ്ങിക്കേട്ടു. തണുത്ത കാറ്റ് വീശി.
അർദ്ധരാത്രിയിൽ എഴുന്നേറ്റിരിക്കുന്ന വിനയചന്ദ്രനെക്കണ്ട് ആശ ചോദിച്ചു "ഈ പണ്ടാരക്കാലനുറക്കമില്ലേ"
"എന്തു പറ്റി.. "
"എനിക്ക് ദൂരെ ദൂരേയ്ക്കൊരു യാത്ര പോകണം"
"നീണ്ട ധ്യാനത്തിലിരിക്കണം. ആരുടെയും ശല്യമില്ലാതെ".
"മുഴുവട്ടു തന്നെ "
ആശ വിനയചന്ദ്രനെ ഭ്രാന്തമായി ചുംബിച്ചു. അവളുടെ മുടിയിഴകളെ വകഞ്ഞു മാറ്റി വിനയചന്ദ്രൻ കഴുത്തിന്റെ പുറകുവശത്ത് മൃദുവായ് ചുംബിച്ചു. കൂമ്പിയടഞ്ഞ കണ്ണുകളുമായ് നിൽക്കുന്ന അവളെ തന്നോട് ചേർത്തു നിർത്തി.
" എന്നെ അവഗണിക്കുമ്പോൾ ആണ് വിനയേട്ട,എനിക്ക് നിരാശ തോന്നുന്നത് "
"പിന്നെ മനസ്സ് ഒരു പാട് കലങ്ങിമറിയും,നിങ്ങൾക്ക് മറ്റു വല്ല ബന്ധവും അതെന്നെ അലട്ടും "
"നിനക്ക് ഈയിടെയായി തടി അല്പം കൂടിയിട്ടുണ്ട് "
വിനയചന്ദ്രൻ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
''നമുക്കൊരു കുഞ്ഞിക്കാൽ കാണണ്ടേ"
" ഒരു വർഷം കഴിയട്ടെ എന്റെ കടലിന്നഗാധമാം നീലിമയിൽ എന്ന കഥാസമാഹാരം പൂർത്തിയാകട്ടെ, അതു മാത്രമല്ല നിന്റെ പ്രൊബേഷനും കഴിയട്ടെ ".
സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻജോലി ആശയ്ക്ക് കിട്ടിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ.
" എനിക്ക് ജോലിയൊന്നും വേണ്ട വിനയേട്ടാ, ഞാൻ ഇവിടെ വച്ചുവിളമ്പി നിന്നോളാം". വിനയൻ അവളെ തന്നോട് ചേർത്തുപിടിച്ചു.
"എന്താ വിനയേട്ടാ ഒരു താല്പര്യക്കുറവ് "
" നിനക്കറിയില്ലേ ഞാൻ കഥകളെഴുതുമ്പോൾ എന്റെ കോൺസൻട്രേഷൻ അതിൽ മാത്രമാണെന്ന് ".
"നിങ്ങൾക്ക് കഥയുംകവിതയും ഈ പെണ്ണിന്റെ വികാരവിചാരങ്ങൾ അറിയേണ്ടല്ലേ.. ".
അടുക്കളയിലെ പാത്രങ്ങൾ എടുത്തെറിയുന്ന ശബ്ദം.
അഴിച്ചിട്ടമുടിയുമായി ഭ്രാന്തിയപ്പോലെ ആശ.
"നീയെന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്, ഞാനീക്കഥയൊന്നെഴുതി തീർക്കട്ടെ ".
"എന്താണ് നിന്റെ പ്രശ്നം പറയൂ ".
"ഓരോരുത്തരും സുഖം അനുഭവിക്കുന്നത് പലരൂപത്തിലല്ലേ വിനയേട്ടാ.. വല്യ എഴുത്തുകാരനാ പോലും എന്നിട്ടെന്താ മനസ്സിലാക്കാത്തത്,
നിങ്ങൾക്ക് എഴുതിക്കഴിയുമ്പോൾ സുഖം കിട്ടി,
അധികാരമുള്ളവർക്ക് അധികാരത്തിന്റെ സുഖം".
"നീയെന്താണ് പറഞ്ഞു വരുന്നത് "
"എന്നെപ്പോലൊരു സാധാരണപെണ്ണിന് നിങ്ങൾ തരുന്ന പരിഗണനയാണ് വിനയേട്ടാ വലുത് ,
എന്നെ മറന്ന് നിങ്ങൾ എഴുതരുത് ".
"എന്നാൽ ഞാനിത് പൂർത്തിയാക്കട്ടെ "
"നിങ്ങളുടെ ഒരു കഥ "
അവൾ വിനയചന്ദ്രന്റെ കൈകളിൽ ഉണ്ടായിരുന്ന പേപ്പറുകൾ വലിച്ചുകീറി ദൂരേയ്ക്കെറിഞ്ഞു.
വിനയചന്ദ്രൻ കോപം കൊണ്ട് വിറച്ചു.അവളുടെ മുടിക്കുത്തിനു പിടിച്ച് ഭിത്തിയിൽ ആഞ്ഞിടിച്ചു.പിന്നീടൊന്നും ഓർമ്മയില്ല
ഐ സി യു വിന്റെ മുന്നിലെ നീണ്ട കാത്തിരിപ്പുകൾ!
"നീയെന്റെ മോളുടെ ജീവിതം തകർത്തു,
നിനക്ക് കഥാഭ്രാന്തുണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ഞാൻ കണക്കിലെടുത്തില്ല"
ആശയുടെ അച്ഛൻ വിനയചന്ദ്രന്റെ കോളറിനു കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
"ഒന്നും പറയേണ്ട... നമ്മടെ മോളുടെ തലേവിധി, അല്ലാണ്ടെന്തു പറയാനാ".
ആശയുടെ അമ്മയുടെ കുത്തുവാക്കുകൾ.
ഇതൊന്നും വിനയചന്ദ്രൻ കേൾക്കുന്നുണ്ടായിരുന്നില്ല.
ഇതേ സമയം വിനയചന്ദ്രൻ കടലിന്നഗാധമാംനീലിമയുടെ ക്ലൈമാക്സിന്റെ ആലോചനയിൽ ആയിരുന്നു.
"വിനയൻ ആരാ..?
ഐസിയുവിന്റെ കിളിവാതിലിലൂടെ നഴ്സിന്റെ ചോദ്യം.
"ഞാനാ.. ".
വിനയചന്ദ്രൻ പെട്ടന്ന് ഞെട്ടിയുണർന്നു
"വിനയേട്ടാ..."
ആശ നേർത്തസ്വരത്തിൽ വിളിച്ചു. "സോറി വിനയേട്ടാ.. വിനയേട്ടൻ എത്ര വേണെങ്കിലും എഴുതിക്കോ ".ആശ ആ കൈകളിൽ ചേർത്തുപിടിച്ചു.
നമ്മൾ ഒരു ട്രിപ്പ് പോകുന്നു.
"എവിടേക്ക്?
"അങ്ങ് കണ്ണൂരിലേക്ക്, നീയിതുവരെ തെയ്യം കണ്ടിട്ടില്ലല്ലോ"
" ഈ എറണാകുളത്തിനപ്പുറം പോകാത്ത ഞാനെന്തു തെയ്യം കാണാനാ".
"എന്നാൽ നാളെ ഉച്ചയ്ക്ക് മുന്നേ നമ്മൾ പുറപ്പെടുന്നു,രാത്രിയാകുമ്പോൾ എത്തും "
നാഗംതാന്ന മുഖത്തെഴുത്തും പൂക്കട്ടിമുടിയുമായി വാളും പരിചയുമേന്തിയ കതിവന്നൂർവീരന്റെ ആയുധാഭ്യാസങ്ങൾ ആശ അത്ഭുതത്തോടെ നോക്കിനിന്നു. ചേതോഹരമായ കാഴ്ചയിലങ്ങനെ ലയിച്ചുനിൽക്കുകയാണ്.
"കതിവന്നൂർവീരന്റെ കഥയെന്താണ് ?വിനയേട്ടാ "
"ഞാൻ ചുരുക്കിപ്പറയാം ".
"മന്ദപ്പനെന്നാണ് കതിവന്നൂർവീരന്റെപേര് "
"ഓ,അപ്പം വിനയേട്ടന് ചേരും".
"ഒന്നു പോടി..നീയെന്താ വിചാരിച്ചത് ആള് മന്ദനാണെന്നോ... ആളു വല്യ പോരാളിയാ.... "
"എന്നാൽ കതിവന്നൂർവീരന്റെ ഐതിഹ്യത്തിലേക്ക് വരാം ".
'മാങ്ങാട്ട് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായിട്ടാണ് മന്ദപ്പൻ പിറന്നത്. മന്ദപ്പൻ യാതൊരു വിധ പണിയുമെടുക്കാതെ കറങ്ങി നടന്നതിന് കുമരച്ചൻ ചീത്ത പറഞ്ഞു. "കൂലിം വേലേം ഇല്ലാതെ തെണ്ടിത്തിരിഞ്ഞോ.. ഇതു കേട്ട് മന്ദപ്പൻ പിണങ്ങി കുടകിലേക്ക് പോയി. കുടകിലേക്ക് കൂട്ടുകാരോടൊത്താണ് മന്ദപ്പൻ പോകാനിറങ്ങിയത്. എന്നാൽ കൂടെ കൊണ്ടുപോകാൻ മടിച്ച കൂട്ടുകാർ മദ്യം കൊടുത്തു മയക്കി കിടത്തിയെങ്കിലും ഉറക്കമുണർന്ന മന്ദപ്പൻ കൂട്ടുകാരുടെ കാളകൾ നടന്ന വഴിയേ യാത്ര തിരിക്കുകയും കുടകിൽ ( കർണ്ണാടക) എത്തിച്ചേരുകയും ചെയ്തു. അവിടെ കുടിയേറിപ്പാർത്ത അമ്മാവന്റെ കൂടെ താമസമാക്കുകയും ചെയ്തു.കുടകങ്ങാടിയിൽ എണ്ണയാട്ടി വിൽക്കുന്നതിനിടെ ചെമ്മരത്തിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു.
"എന്നാൽ ചെമ്മരത്തിക്ക് നിന്റെ സ്വഭാവമായിരുന്നു.?
"എന്റെ സ്വഭാവമോ ?
"അതെ, സംശയരോഗം ".
അങ്ങനെ മന്ദപ്പൻ ചെമ്മരത്തിയുമായി വഴക്കിട്ടു വീടുവിട്ടിറങ്ങുകയും കുടകു പടയും മലയാളപ്പടയും തമ്മിൽ നടന്ന പോരിൽ മലയാളപ്പടയോടൊപ്പം പോരാടുകയും കുടകുപടയെ തോൽപ്പിക്കുകയും ചെയ്തു. എന്നാൽ പടയ്ക്കിടയിൽ മന്ദപ്പന് മോതിരവിരൽ നഷ്ടമാവുകയും ചെയ്തു. മോതിരവിരൽ നഷ്ടപ്പെട്ട മന്ദപ്പൻ ദു:ഖിതനാവുകയും തൊട്ടടുത്ത ദിവസത്തെ പടയ്ക്കിടയിൽ പട നടുവിൽ ചാടിവീണ് വീരചരമം പ്രാപിക്കുകയും ചെയ്തു.മന്ദപ്പന്റെ മരണത്തിലുള്ള കുറ്റബോധത്താൽ ചെമ്മരത്തി മന്ദപ്പന്റെ ചിതയിൽചാടി മരിച്ചു.കതിവന്നൂർതറവാട്ടിലെ കദളിവാഴക്കയ്യിൽ മോതിരവിരലുമായ് പറന്നിരുന്ന കാക്കയാണ് മച്ചുനിയൻ അണ്ണക്കനെ ദു:രന്തകഥ അറിയിച്ചത്.
ശവസംസ്ക്കാര ചടങ്ങുകഴിഞ്ഞ് കുളത്തിൽ കുളിക്കുമ്പോൾ മറുകരയിൽ മന്ദപ്പന്റെ ദിവ്യസാന്നിധ്യം കണ്ടറിഞ്ഞാണ് ദൈവക്കോലം കെട്ടിയാടാൻ നാട്ടുകൂട്ടം തീരുമാനിച്ചത്.കതിവന്നൂർ വീരൻ ആരാധ്യ ദൈവമായത് അന്നു മുതലാണ്.വീട്ടുപറമ്പിലും വയൽ നടുവിലും ചെമ്മരത്തിത്തറ തയ്യാറാക്കിയാണ് കതിവന്നൂർ വീരൻ കെട്ടിയാടുന്നത്.
"വിനയേട്ടാ... "
ആശ വിനയചന്ദ്രനെ മുറുകെ പിടിച്ചു.
അതാ കതിവന്നൂർ വീരൻ വാളും പരിചയുമായി ആശയ്ക്കു നേരെ പാഞ്ഞടുക്കുന്നു.
"ചെമ്മരത്തീ... "
ആശ മുടിയഴിച്ചിട്ട് ആളിക്കത്തുന്ന അഗ്നികുണ്ഡത്തിനു നേരെ തിരിച്ചു.
"ആശാ.... "
വിനയചന്ദ്രൻ അവളെ അരയ്ക്കു വട്ടംപിടിച്ചു.
"ഞാൻ ചെമ്മരത്തിയാണ് " . കുതറിക്കൊണ്ട് ആശ ബഹളം വച്ചു.സ്ത്രീകളുംകുട്ടികളുമടങ്ങുന്ന ജനക്കൂട്ടം പേടിച്ചു വിറച്ചു.കതിവന്നൂർ വീരന്റെ മുൻപിലേക്കവൾ തളർന്നുവീണു.
തെയ്യത്തിന്റെ സഹായി ഓടിവന്ന് ആശയുടെ മുഖത്ത് വെള്ളംതളിച്ചു. കണ്ണു തുറന്ന് ആശ വിനയചന്ദ്രനെ നോക്കി.
"മന്ദപ്പനെന്താണ് ,ഈ ചെമ്മരത്തിയെ പ്രാപിക്കാത്തത്?
"ആരാണ് വശീകരിച്ചത്.? ആശ പിറുപിറുത്തു.
ആശ ചെമ്മരത്തിയായ് മാറിക്കഴിഞ്ഞിരുന്നു.
"എന്നെ ഉപേക്ഷിക്കരുതേ..... ഏതു പെണ്ണുടലാണ് നിങ്ങളെ അന്ധനാക്കിയത്? അവൾ പുലമ്പിക്കൊണ്ടിരുന്നു.
"വേഗം തന്നെ ആശുപത്രീലെത്തിക്കുന്നതാണ് നല്ലത്"
കൂട്ടത്തിലുള്ളകാരണവർ പറഞ്ഞു.
******************
ആശുപത്രി കിടക്കയിൽനിന്നും വിനയചന്ദ്രൻ ചാടിയെഴുന്നേറ്റു
"ചെമ്മരത്തീ മാപ്പ്.. "
"വിനയേട്ടാ...", ആശ കരഞ്ഞുകൊണ്ട് വിളിച്ചു. എറണാകുളത്തെ കുസുമഗിരിമാനസികാരോഗ്യകേന്ദ്രത്തിലെ ഇരുന്നൂറ്റിയൊന്നാം നമ്പർ മുറിയിലെ കട്ടിലിൽ കിടക്കുന്ന വിനയചന്ദ്രൻ കണ്ണുതുറന്ന് ചുറ്റും നോക്കി.
"വിളിക്കേണ്ട, റിലാക്സ് ചെയ്യട്ടെ "
ഡോ.കോശി പറഞ്ഞു.
"വിനയചന്ദ്രൻ ,ഇപ്പോൾ എങ്ങനെയുണ്ട് "
"ശരീരത്തിന്റെ ഭാരം കുറഞ്ഞുവന്ന് പറന്നുപോകുന്നതുപോലെ തോന്നുന്നു ഡോക്ടർ ".
"ഇപ്പോൾ മനസ്സിനു നല്ല സുഖം തോന്നുന്നുണ്ട് "
"ആശ റൂമിലേക്ക് വരൂ, അല്പം സംസാരിക്കാനുണ്ട് ".
"വരാം ,ഡോക്ടർ ".
"ആശ ഇരിക്കൂ".
ഡോ.കോശി അലമാരയ്ക്കുള്ളിൽ നിന്നൊരു ചാർട്ട് പുറത്തേക്കെടുത്തു.
അതിൽ ഒരു വേൾഡ് മാപ്പ് വരച്ചിട്ടുണ്ട്. അതിനു നടുക്ക് ചുഴിയായ് രൂപാന്തരപ്പെട്ട തരംഗങ്ങളും വരച്ചിട്ടുണ്ട്.
"ഒരു എഴുത്തുകാരന്റെ മനസ്സ് സഞ്ചരിക്കാത്ത സ്ഥലമില്ല, ചിലപ്പോൾ അത് ചുഴിയിലകപ്പെട്ട് നിശ്ചലമാകാതെ കറങ്ങിക്കൊണ്ടിരിക്കും ",
"ഒരു രാത്രി മുഴുവൻ വിനയചന്ദ്രനെന്ന എഴുത്തുകാരന്റെ മനസ്സങ്ങ് വഴുതി മാറി സഞ്ചരിച്ചതാണ്.ഒരു ഭാഗത്ത് ആശ, മറുഭാഗത്ത് എഴുത്ത്, അതിനിടയിലെ ആത്മ സംഘർഷം. ഭാര്യയെ സന്തോഷിപ്പിക്കുവാൻ കഴിയാത്ത തോന്നൽ ഇതിൽ നിന്നുമുണ്ടായതാണെല്ലാം ".
"പാത്രങ്ങൾ തല്ലിയുടയ്ക്കുന്ന ശബ്ദം അയാളുടെ മനസ്സിന്റെ താളം കുറച്ച് സമയത്തേക്ക് തെറ്റിക്കും ",
"ഞാൻ കൗൺസിലിങ്ങ് നടത്തിയതിൽ നിന്നും മനസ്സിലാക്കിയതാണ് "
"അയാളുടെ അച്ഛൻ മദ്യലഹരിയിൽ വന്ന് അടുക്കളയിലെ പാത്രങ്ങൾ എറിഞ്ഞുടയ്ക്കുന്ന ശബ്ദം അയാളിൽ ഭയം ജനിപ്പിച്ചിരുന്നു. അപ്പോൾ ഭ്രാന്തമായ് അലറിവിളിക്കുവാൻ അയാൾക്ക് തോന്നും. ചിതറിത്തെറിച്ചുവീണ ചോറുകളിൽ തന്റെ അമ്മയുടെ രക്തം കലരുമോയെന്ന ഭയം കുഞ്ഞു മനസ്സിൽ ഉടലെടുത്തതു കൊണ്ട് സംഭവച്ചതാണത്"
"ആശ പേടിക്കേണ്ട,വിനയചന്ദ്രൻ നല്ല എഴുത്തുകാരനാണ് ".
"ഒരെഴുത്തുകാരന്റെ ഭാര്യയെന്ന നിലയിൽ ആശ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു രചന പൂർത്തിയാകുന്നതുവരെ അയാളൊരു ഗർഭിണിയായ സ്ത്രീയെപ്പോലെയാണ്. എഴുത്തിന്റെ ബീജം ഉടലെടുക്കുന്നതു മുതൽ ഒരു സൃഷ്ടി ജനിക്കുന്നതു വരെ. അതു കഴിഞ്ഞാൽ വിനയചന്ദ്രൻ റിലാക്സാവും".
"പ്രസവവേദന അനുഭവിച്ച സ്ത്രീ കുഞ്ഞിനെ കാണുമ്പോൾ എല്ലാം മറക്കുന്നതു പോലെ,അതുപോലെയാണയാൾക്ക് രചനകളും ".
"നന്ദി ഡോക്ടർ ".
"എന്നാൽ ശരി നമുക്ക് വിനയചന്ദ്രന്റെ അടുത്ത് പോകാം ".
"വിനയചന്ദ്രൻ എന്തായി?
"പൂർത്തിയായി ഡോക്ടർ ".
ഒരു രാത്രി കൊണ്ട് തന്റെ മനസ്സ് സഞ്ചരിച്ച് ആശ ചെമ്മരത്തിയാകുന്നതുവരെയുള്ള കാര്യങ്ങൾ വിനയചന്ദ്രൻ ഡയറിയിൽ എഴുതിയത് ഡോ.കോശിക്ക് നൽകി.
'ആ റിസോർട്ടിലെ ഏറ്റവും വിലകുറഞ്ഞ നോൺ എ.സി മുറിയാണയാൾ എടുത്തത്.. ഡോ. കോശി വായിച്ചു.
"എക്സലന്റ് വർക്ക്, കടലിന്നഗാധമാം നീലിമയിൽ...... അതെ മനസ്സിന്റെ അടിത്തട്ടു വരെ പോയുള്ള രചന ".
"എന്തായാലും ക്ലൈമാക്സ് കിട്ടിയില്ലേ.. "
"അബ്സല്യൂട്ട്ലി എ ക്ളാസിക്കൽ ഷോർട്ട് സ്റ്റോറി ".
"ഇനി ആശയോടൊപ്പം ചിലവഴിക്കൂ... "
ഡോ. കോശി ചിരിച്ചു കൊണ്ട് പറഞ്ഞു.
*****************
"ചെമ്മരത്തീ..... "
"പോടാ മന്ദപ്പാ.... "
കിടപ്പറയിലേക്ക് പാലുമായി നവവധു വിനേപ്പോലെ വന്ന ആശ നാണിച്ചു തലതാഴ്ത്തി നിന്നു.വിനയചന്ദ്രൻ അവളുടെ മുഖം പിടിച്ചുയർത്തി.
'പ്രണയത്തിൻ താജ് മഹലിൽ നിനക്കായ് ഞാനൊരു ഹൃദയ താക്കോൽ സൂക്ഷിച്ചിട്ടുണ്ട്;
തുറക്കുന്നനേരം നിന്നരക്കെട്ടിലെ പ്രണയത്തിന്റെയരഞ്ഞാണമഴിച്ച് പ്രണയ നദിയിൽക്കുളിച്ച് ,
നിന്റെ കരിമഷിക്കണ്ണുകളിലിളകിയാടുന്ന രതിമേഘങ്ങളെ നോക്കിയിരിക്കുമ്പോൾ,
നിന്റെ വിറയ്ക്കുന്ന ചുണ്ടിൽ നിന്നുതിരുന്ന മധുകണങ്ങളെ ഒപ്പിയെടുത്ത് മാറോട് ചേർക്കുമ്പോൾ,
ആലിലവയറിലൂടെ വീണമീട്ടുമ്പോൾ;
അഴിഞ്ഞുലഞ്ഞകാർകൂന്തൽ പുറകോട്ടൊതുക്കി,
നിന്റെകഴുത്തിലെ നീലഞരമ്പിനെ ചുംബിച്ച് ത്രസിപ്പിച്ച്;
കൊത്തിവച്ച ശില്പംപോലെകിടക്കുന്ന നിൻ മൃദുമേനിയിൽ ഒച്ചിഴയുന്ന വേഗത്തിലിഴഞ്ഞ്, ഉത്തുംഗശൃംഗത്തിലെത്തി നിന്നിലാകെ കത്തിപ്പടർന്ന്,
കൂമ്പിയടഞ്ഞ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോഴെന്റെ പ്രണയം സ്വർഗ്ഗമാകുന്നു.'
"ഈ കവിതയെങ്ങനെയുണ്ട്?, ഇതാണ് ഇപ്പോൾ അനുയോജ്യമായ കവിത"
"ഒന്നു പോ, വിനയേട്ടാ, ഇന്നാദ്യായിട്ട് കാണുന്നതുപോലെ "
ആശ നാണത്തോടെ വിനയചന്ദ്രന്റെ മാറിലേക്ക് മുഖം ചേർത്തു നിന്നു.
"ഈ ചെമ്മരത്തിക്ക് കതിവന്നൂർ വീരനെ എപ്പോഴും വേണം കെട്ടോ ".
" കടലിന്നഗാധമാം നീലിമയിൽ കഴിഞ്ഞു,ഇനി നമുക്ക് ഹിമാലയത്തിലേക്കൊരു യാത്ര പോയാലോ ".
"തൽക്കാലം, മന്ദപ്പൻ എങ്ങോട്ടും പോകേണ്ട, നമുക്ക് കെട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടക്കാം ".
ആശ വിനയചന്ദ്രന്റെ കയ്യിൽ നിന്നും ഡയറി പിടിച്ചുവാങ്ങി മേശപ്പുറത്തു വച്ചു .
(അവസാനിച്ചു)
സജി വർഗീസ്
Copyrightprotected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot