Slider

ഒരു പരീക്ഷ പ്രതികാര അപാരത.

0
.....................
എസ്.എസ്.എൽ.സി പരീക്ഷ അടുത്തതോടെ എനിക്കിത്തിരി പേടി അങ്ങനെ അങ്കുരിച്ച് വരാതിരുന്നില്ല.. ഒരു വെല്ല് വിളിയാണ് എല്ലാത്തിനും കാരണം. അതാണേൽ നാലാൾ കേൾക്കുകയും ചെയ്തു. അപ്പഴേ ചങ്ക് ചങ്ങായി ആസിഫ് പറഞ്ഞതാണ് അടങ്ങ് മോനേന്ന്.. പക്ഷേ ആവേശം ഇച്ചിരി കടന്ന് പോയി.
സംഭവം അധികം പഴക്കമില്ലാത്ത ഒരു വീര ചരിത്രമാണ്. മദ്രസേ ലെ പൊതു പരീക്ഷ റിസൽട്ട് വന്ന സമയം.. കൂടെ പഠിക്കണ പി.പി പാത്തുമ്മക്കുട്ടിക്ക് ഫസ്റ്റും ... ഈയുള്ളവന് സെക്കന്റും...
അതിന് തൊട്ടടുത്ത നബി ദിനത്തിന് ഞങ്ങൾക്കതിന് പല സമ്മാനങ്ങൾ കിട്ടി.. കൂട്ടത്തിൽ ഒരെണ്ണം സ്പോൺസർ ചെയ്തത് പാത്തുമ്മക്കുട്ടീടെ ഗൾഫുകാരൻ ഇക്കാക്ക.. ഓൾക്ക് ചൂട് തണിയാത്ത ചോറു പാത്രം.. ഞമ്മക്ക് സാധാരണ സ്റ്റീൽ പാത്രം.. എന്നിട്ട് അത് വാങ്ങീട്ട് ഓൾ പറഞ്ഞ വർത്താനം.. സെക്കന്റ് കിട്ടിയോലൊക്കെ തണുത്ത ചോർ തിന്ന മതിയെന്ന്.. അത് കേട്ട് ചിരിക്കാൻ കുറെ ആൾക്കാരും.. അന്ന് കേവലമൊരു ആത്മഗഥത്തിൽ ഒതുക്കിയാൽ സംഗതി തീർന്നേനെ.. പക്ഷേ ഞാനൊരു എമണ്ടൻ വെല്ലുവിളിയങ്ങ് നടത്തി.. അടുത്ത എസ്.എസ്.എൽ.സി പരീക്ഷക്ക് ഓളേക്കാൾ ഒരു മാർക്കെങ്കിലും അധികം വാങ്ങുമെന്ന്... ആ പരീക്ഷയാണ് ഈ പരീക്ഷ!
പരീക്ഷയുടെ തിയ്യതി വന്ന ദിവസം ഞാനൊരു പരിപാടി ചെയ്തു.. ഒരു കസേരയും മേശയും മുറ്റത്തെ മാവിൻ ചുവട്ടിലിട്ട് അവിടുന്നായി പഠിത്തം.. മൂരാച്ചികളായ ഇത്തമാരുടെ ശല്യം കൊണ്ട് വിഗ്നം വരരുതല്ലോ..
മാവിൻ ചുവട്ടിലെ കൊണ്ട് പിടിച്ച പഠിത്തത്തിന് കൂട്ട് ആസിഫാണ്.. ജീവൻ മരണ പോരാട്ടം ആയത് കൊണ്ട് ബുദ്ധിക്കൊരു ഉണർവ്വ് കിട്ടാൻ ഉമ്മനെ ചാക്കിട്ട് ഞാനുണ്ടാക്കിപ്പിച്ച ഹോർലിക്സ് മടു മടാ കുടിച്ചപ്പോൾ ഓനൊരു പരമ സത്യം പറഞ്ഞു.. ഇങ്ങനൊരു വെല്ല് വിളി വേണ്ടായിരുന്നു! ഓൾ പഠിക്കണത് പേര് കേട്ട സ്കൂളായ WMO ൽ.. നമ്മളാണേലോ... കുന്നുമ്മൽ ഹൈസ്കൂളിൽ..! സംഗതി ശരിയാണ്.. ഏഴ് കഴിഞ്ഞപ്പോൾ ഓളെ ബാപ്പ ഫീസ് കൊടുത്ത് അവിടെ ചേർത്തി.. ആദർശവാനായ നമ്മുടെ പിതാവ് എന്നെ ചേർത്തിയത് ഒരു തൊയിലാപ്പി ഗവ: സ്കൂളിലും..
എന്നാലും തളരരുതല്ലോ.. ഇടക്ക് അവൾടെ വീട്ടിലൊക്കെ വെറുതെ പോയി ഓൾ പഠിക്കണ ഗൈഡൊക്കെ നോക്കി വെച്ച് പോരും.. ഓൾടെ ഉമ്മയോട് പറയും ഞാനും ആസിഫും ഒന്നും പഠിക്കണില്ല.. പഠിച്ചിട്ട് ഒരു കാര്യവുമില്ല.. ഗ്രേഡിംഗ് പരിപാടിയൊക്കെ ശുദ്ധ മണ്ടത്തരമാണെന്നൊക്കെ... ഇതൊക്കെ അവളൂടി കേൾക്കുന്ന തരത്തിലാണ് പറയുക.. എന്നിട്ട് സമയം പാഴാക്കാതെ പോയി പഠിക്കും...
അങ്ങനെ പരീക്ഷകളൊക്കെ കഴിഞ്ഞു.വെല്ല് വിളി പാത്തുമ്മക്കുട്ടി മറന്നെന്നാണ് ഞാൻ വിചാരിച്ചത്.എന്നാൽ റിസൾട്ട് വരുന്നതിന്റെ തലേന്ന് ഒരു കല്ല്യാണപ്പുരയിൽ വെച്ച് ഞാനും ആസിഫൂടി ബാക്കിയുള്ള ബിരിയാണി പൊതിഞ്ഞെടുക്കുമ്പോൾ ഓൾ അതിലൂടി വന്ന് ചോദിക്കാ.. കുണ്ടനിപ്പോഴും തണുത്ത ചോറാണോ കഴിക്കുന്നതെന്ന്! ഞാനൊന്നും മിണ്ടാൻ പോയില്ല.. ആസിഫ് ചിരി അടക്കി നിൽക്കുന്നുണ്ടായിരുന്നു..
വരാനുള്ളത് വഴീൽ തങ്ങൂലാന്ന് പറഞ്ഞ പോലെ റിസൾട്ട് കൃത്യ സമയത്ത് വന്നു.. എന്റെ അതി കഠിനമായ പ്രാർഥനകളാണോ പേപ്പർ നോക്കിയവരുടെ കുഴപ്പമാണോ അതോ ഗ്രേഡിംഗ് ആയിട്ടാണോന്നറിയില്ല.. ഞങ്ങളുടെ നാട്ടിൽ കൂടുതൽ മാർക്ക് എനിക്ക്... രണ്ടാമത് ആസിഫ്... അതും കഴിഞ്ഞ് പി.പി പാത്തുമ്മക്കുട്ടി.
വായനശാലയിലെ സമ്മാന ദാനത്തിന് എനിക്ക് വലിയൊരു ട്രോഫീം രണ്ടായിരം രൂപേം കിട്ടി..ആസിഫിന് ചെറിയ ട്രോഫീം ആയിരവും.. പാത്തുമ്മ കുട്ടിക്കാണേൽ ഒരു കിടുക്കാമണി ട്രോഫീം ഇരുന്നൂറ് രൂപയും.. എത്ര മനോഹരമായ ആചാരങ്ങൾ..
സമ്മാനമാക്കെ വാങ്ങി ഞാൻ സിനിമ സ്റ്റൈലിൽ അവളുടെ അടുത്ത് ചെന്ന് ശുചായിയായി
ചോദിച്ചു.. കുറച്ച് ചൂടുള്ള ചോറ് തരുമോ പാത്തുമ്മക്കുട്ടീ.... അടുത്തുള്ള എല്ലാവരും ആർത്ത് ചിരിച്ചു... ആസിഫും തല തല്ലി ചിരിക്കുന്നുണ്ടായിരുന്നു...അവസാനം അവളും ചിരിച്ചു പോയി.. പ്രതികാരം തീർന്നത് കൊണ്ടാവാം.. ആ ചിരിക്ക് അത് വരെ കാണാത്ത ഒരു പ്രത്യേക മൊഞ്ചുണ്ടായിരുന്നു...
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo