
ഓട്ടോറിക്ഷയിലിരുന്നുകൊണ്ട് ഞാൻ അലക്ഷ്യമായി പുറത്തേക്ക് മിഴികൾ പായിച്ചു .വഴിവിളക്കുകൾക്കും ചുറ്റും പാറിക്കളിക്കുന്ന ഈയാംപാറ്റകളെ കണ്ടപ്പോൾ അറിയാതെയെന്നവണ്ണം എന്റെ കരളൊന്നുപിടഞ്ഞു .ഏതാനും സമയം കഴിയുമ്പോൾ ആയുസുതീർന്നു ചിറകറ്റുവീഴാൻ വിധിക്കപെട്ട പാവം പ്രാണികൾ .മനുഷ്യന്റെ ജീവിതവും ഇതുപോലെതന്നെയാണെന്ന കാര്യം ഞാനോരുനിമിഷം മനസ്സിലോർത്തു .
ഈ സമയം ഓട്ടോറിക്ഷാ മെയിൻറോഡ് പിന്നിട്ടുകൊണ്ട് ചെമ്മൺപാതയിലേക്ക് തിരിഞ്ഞിരുന്നു .ഇതുവഴിയിലൂടെ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ എന്റെ വീടെത്തും .ഇലഞ്ഞേലിത്തോടിന്റെ പാലത്തിലൂടെ ഓട്ടോറിക്ഷ കടന്നുപോയപ്പോൾ ഒരു നിമിഷം എന്റെ മനസ്സ് പഴയകാല ഓർമകളിലേക്ക് ഊളിയിട്ടു .
ഇളഞ്ഞേലിത്തോടൊഴുകുന്നത് സൈനുവിന്റെ വീടിനുമുന്നിലൂടെയാണ് .എത്രശക്തമായ വേനലിലും വറ്റാത്ത തോട് .ചിലപ്പോളെല്ലാം താൻ സൈനുവിനെയും കൂട്ടി സായന്തനങ്ങളിൽ തോടിന്റെ കരയിൽ ചെന്നിരിക്കും .തന്റെ മടിയിൽതലവെച്ചുകൊണ്ട് കിടക്കുന്ന സൈനുവിന്റെ കണ്ണുകളിലേക്ക് നോക്കി ഞാനങ്ങനെ ഒരുപാട് നേരമിരിക്കും .പലപ്പോഴും ഞാനവൾക്ക് ഓരോരോ കഥകൾ പറഞ്ഞുകൊടുക്കും .ഇടക്കെല്ലാം ഞാനവളുടെ കൈകളിൽ മയിലാഞ്ചികൊണ്ട് ചിത്രങ്ങൾ തീർക്കും .അവൾക്കത് വലിയകാര്യമാണ് .അതുകൊണ്ട് തന്നെ അവൾ കൈകളിലെ മൈലാഞ്ചി മഞ്ഞാൽ എന്റെ അടുക്കലെത്തും കൈകളിൽ മൈലാഞ്ചി ഇടീക്കാനായി .
അങ്ങനെ വർത്തമാനം പറഞ്ഞിരുന്ന ഒരുസായന്തനത്തിലാണ് പെട്ടെന്നവൾക്കൊരു വയറുവേദനയും തലചുറ്റലുമുണ്ടായത് .അന്നതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പലയാവർത്തി അതുണ്ടായപ്പോൾ അവളെ വീട്ടുകാർ വിശദമായ പരിശോധനക്ക് വിദേയയാക്കി .അപ്പോളാണ് ആ നടുക്കുന്ന സത്യമറിയുന്നത് .
സൈനുവിന്റെ വയറ്റിൽ ഒരുമുഴവളരുന്നു .അവൾക്ക് ക്യാൻസറാണ് .അതിന്റെയാണ് ഈ വയറുവേദനയും തലചുറ്റലുമെല്ലാം .അന്ന് അവളെക്കാൾ കൂടുതൽ തകർന്നുപോയത് ഞാനും അവളുടെ വീട്ടുകാരുമൊക്കെയാണ് .
പിന്നീടുള്ള ദിനങ്ങൾ കണ്ണീരും സങ്കടവും നിറഞ്ഞതായിരുന്നു .ഒരുപാട് യാത്രകൾ ,പല ആശുപത്രികൾ ,വിവിധ ടെസ്റ്റുകൾ ,ഓപ്പറേഷൻ , കീമോതെറാപ്പി .മാനസികവും സാമ്പത്തികവുമായി തകർന്ന ദിവസങ്ങൾ .എല്ലാത്തിനും അവളുടെവീട്ടുകാർക്കൊപ്പം താനും കൂടി .നിർധനരായ അവളുടെ കുടുംബത്തിനുള്ള ഏക ആശ്രയം ഞാനും എന്റെ വീട്ടുകാരുമായിരുന്നു .
പക്ഷേ ,അവൾക്കു സ്വാന്തനം പകർന്നുകൊണ്ടും അവരുടെ വീട്ടുകാർക്ക് സഹായമേകിക്കൊണ്ടും അധികനാൾ നാട്ടിൽ നിൽക്കാനായില്ല .എന്റെ വീട്ടിലാണെങ്കിൽ വിവാഹപ്രായമെത്തിനിൽകുന്ന രണ്ടു സഹോദരിമാർ .ഹാർട്ട്‌രോഗിയായ ബാപ്പ .എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ .ഒടുവിൽ വീട്ടുകാരെയും തന്റെ പ്രിയതമയേയും വിട്ടുപിരിഞ്ഞുകൊണ്ട് കണ്ണീരോടെ സുഹൃത്തിന്റെ പരിചയത്തിൽ ബോംബെയിലൊരു കമ്പനിയിലേക്ക് ജോലിതേടി താൻപോയി .അന്നുപോകാൻ നേരം നിറകണ്ണുകളോടെ മൈലാഞ്ചിയണിഞ്ഞ കൈകൾ വീശികാണിച്ചുകൊണ്ട് സൈനു അവളുടെ വീടിന്റെ പൂമുഖത്തുനിന്നുകൊണ്ട് എന്നെ യാത്രയാക്കി .
ജോലിസ്ഥലത്തെ വിരസതനിറഞ്ഞ ഓരോദിനങ്ങളിലും സൈനുവിന്റെ മുഖം നോവുപടത്തിക്കൊണ്ടെന്റെ മനസ്സിൽ തെളിഞ്ഞുനിന്നു .എല്ലാദിവസവും വിശേഷങ്ങൾ തിരക്കിക്കൊണ്ട് അവളുടെ ഫോൺകോളുകൾ എന്നെത്തേടിയെത്തിക്കൊണ്ടിരുന്നു .എല്ലാത്തിലും രോഗവിവരവും കീമോയുടെ അസ്വസ്ഥതകളും മെല്ലാം നിറഞ്ഞുനിന്നു .ആ സമയങ്ങളിലെല്ലാം അവളുടെ അടുക്കലിരിക്കാനും അവൾക്ക് ആശ്വാസം പകരാനും കഴിഞ്ഞില്ലല്ലോ എന്നോർത്ത് എന്റെ മനസ്സ് തേങ്ങിക്കൊണ്ടിരുന്നു .
ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞേതാനും നാൾ കഴിഞ്ഞപ്പോൾ അവളുടെ വയറ്റിൽ വീണ്ടുമൊരു മുഴകൂടി പ്രത്യക്ഷപ്പെട്ടു .അതിന്റെ ഓപ്പറേഷൻ കഴിഞ്ഞയാഴ്ചയായിരുന്നു .അതിനുമുന്നോടിയായിക്കൊണ്ട് പോൺ വിളിച്ചപ്പോൾ അവൾ പറഞ്ഞു .
''അബ്‌ദു ...എനിക്കുവേണ്ടി പ്രാർത്ഥിക്കണം .നാളെയാണ് എന്റെ ഓപ്പറേഷൻ .''
അന്ന് അവളെ ആശ്വസിപ്പിച്ചുകൊണ്ട് താൻ ഫോൺ വേച്ചു .എന്നാൽ ഓപ്പറേഷൻ കഴിഞ്ഞതിന്റെ പിറ്റേദിവസം എന്നെത്തേടിവന്ന ഫോൺകോൾ എന്നെയാകെ തളർത്തികളഞ്ഞു .''സൈനുവിന്റെ ആരോഗ്യസ്ഥിതി വളരെമോശമാണ് .മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല .അധികനാൾ അവൾ ഇനിജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല .അതാണ് ഡോക്ടറന്മാർ പറയുന്നത് .''ഉമ്മാ ഫോൺവിളിച്ചതു പറയുമ്പോൾ താൻ നിയത്രണംവിട്ടുപൊട്ടിക്കരഞ്ഞുപോയി .
സൈനുവിന്റെ വീടിനുമുന്നിൽ ഓട്ടോറിക്ഷ ചെന്നുനിൽക്കുമ്പോൾ എങ്ങും നിലാവ് പരന്നുകഴിഞ്ഞിരുന്നു . വീടിനുമുന്നിൽ വലിച്ചുകെട്ടിയ ടാർപോളിനും ട്യൂബ് ലൈറ്റിന്റെ വെളിച്ചവും ഞാൻ കണ്ടു .എന്റെ വരവുകാത്തിരുന്ന ബന്ധുക്കളുടെ കണ്ണുകൾ എന്റെനേർക്ക് നീണ്ടുവന്നു .
ഓട്ടോറിക്ഷചാർജുകൊടുക്കാൻ നേരം ഡ്രൈവർ എന്തൊക്കെയോ മനസിലായതുപോലെ എന്നെ അനുതാപപൂർവം നോക്കി .എന്നിട്ട് പൈസയുംവാങ്ങി യാത്രപറഞ്ഞുപോയി .എന്നെ അറിയാവുന്നതുകൊണ്ടാവും അയാളിൽ ഒരാത്മാർത്ഥത നിറഞ്ഞുനിൽക്കുന്നതുപോലെ എനിക്ക് തോന്നി .
മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാനവളുടെ വീട്ടുമുറ്റത്തേക്കുള്ള നടക്കല്ലുകൾ കയറി .എരിഞ്ഞടങ്ങുന്ന ചന്ദനത്തിരിയുടെ ഗന്ധവും സ്മശാനമൂകതയും എന്നെയപ്പോൾ വേട്ടയാടി .അവ്യക്തമായ ഖുർആൻ പാരായണത്തിന്റെയും തേങ്ങലുകളുടെയും ശീലുകൾ എന്റെകാതിൽ വന്നുതട്ടി .
തിങ്ങിനിറഞ്ഞ ആളുകൾക്കിടയിലൂടെ സൈനുവിനെ കിടത്തിയിരുന്ന മുറിയിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ കാലുകൾ ഇടറി .കണ്ണുകൾ നിറഞ്ഞുതൂവി .
''അബ്‌ദു നീ ഭയക്കുന്നപോലെയൊന്നുമില്ല .നീ മടങ്ങിവരുന്നതും കാത്തു ഞാനിരിക്കുവാ .അത്രവേഗനൊന്നും എന്നെ അള്ളാഹുവിളിക്കില്ല .നീ മടങ്ങിയെത്തിയിട്ടു വേണം നിന്നെക്കൊണ്ട് എന്റെകൈയിൽ മൈലാഞ്ചി പൂക്കൾ വരപ്പിക്കാൻ .എന്റെ കൈകളിലെ മൈലാഞ്ചിയാകെ മാഞ്ഞുപോയിരിക്കുന്നു .നീ എത്രയും വേഗം മടങ്ങിവരണേ .''അവസാനമായി വിളിച്ചപ്പോൾ സൈനു തന്നോട് പറഞ്ഞ വാക്കുകൾ ഒരിക്കൽകൂടി എന്റെ കാതിൽ മുഴങ്ങി .
''എന്തൊക്കെ ചെയ്തിട്ടും,എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും,നേർച്ചകളും കാഴ്ചകളും നടത്തിയിട്ടും . സൈനു നമ്മളെയൊക്കെ വിട്ടുപോയല്ലോ മോനേ .''സൈനുവിന്റെ ഉമ്മയുടെ നിലവിളി എന്റെനെഞ്ചിനെ പിടിച്ചുലച്ചു .അവളുടെ സഹോദരിമാരുടെ തേങ്ങലുകൾ എന്റെ മിഴികളെ ഈറനണിയിച്ചു .
ഇടറുന്ന കാലടികളോടെ ഞാൻ സൈനുവിനെ കിടത്തിയിരുന്ന കട്ടിലിന്റെ അരികിൽ മുട്ടുകുത്തിയിരുന്നു .എന്നിട്ടവളുടെ വലതുകൈ കവർന്നെടുത്തുകൊണ്ട് അമർത്തിച്ചുംബിച്ചു .എന്റെ കണ്ണുനീർത്തുള്ളികൾ അവളുടെ കൈയിൽ നനവുപടർത്തി .തുടർന്നുഞാൻ എന്റെ ബാഗിൽനിന്നും അവൾക്കായി വാങ്ങിയ റ്റൂബ്മൈലാഞ്ചി പുറത്തെടുത്തു .തെറ്റാണെന്നറിഞ്ഞിട്ടും ഞാനാ മൈലാഞ്ചികൊണ്ട് അവളുടെ കൈയിൽ ഏതാനും പൂക്കൾ വരച്ചു .
'' പ്രിയപ്പെട്ട സൈനു ...ജീവനോടെയിരുന്ന സമയത്തു ഇത് നിന്റെ കൈയിൽ അണിയിക്കാൻ എനിക്ക് കഴിഞ്ഞില്ല .ഈ ഒരുനിമിഷത്തിനായി നീ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് എനിക്കറിയാം .പക്ഷേ ,എനിക്കതിനുള്ള യോഗമുണ്ടായില്ല .ഞാനെത്തിയപ്പോൾ വൈകിപ്പോയി എന്നോട് ക്ഷമിക്കൂ .''എന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അടർന്നുതറയിൽ വീണുചിതറി .ഈ കാഴ്ചകണ്ടുനിന്ന അവളുടെ കുടുംബാംഗങ്ങൾ അലമുറയിട്ടുകരഞ്ഞു .
''നേരം പുലരുന്നതുവരെയെങ്കിലും ആ മൈലാഞ്ചി ചുവപ്പ് അവളുടെ കൈയിൽ കുളിരുപകരട്ടെ .അതുകണ്ട് അവളുടെ ആത്മാവ് സന്തോഷിക്കട്ടെ .''മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തേങ്ങുന്നമനമോടെ മെല്ലെ മുറിവിട്ടുപുറത്തേക്കിറങ്ങി .
സൈനുവിന്റെ കബറടക്കവും മരണാനന്തര ചടങ്ങുകളും കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുശേഷം പൂവണിയാത്തമോഹങ്ങളും അടങ്ങാത്തദുഃഖവും മനസ്സിൽപേറി ഞാൻ ജോലിസ്ഥലത്തേക്ക് യാത്രപുറപ്പെട്ടു .
പോകുന്നവഴി ഞാനോരുനിമിഷം സൈനുവിന്റെ വീടിനുനേർക്ക് നോക്കി . അവൾ വീടിന്റെ മുറ്റത്തുനിന്നുകൊണ്ട് എന്നെനോക്കി കൈവീശി കാണിക്കുന്നതായി എനിക്കുതോന്നി. അവളുടെ കൈയിൽ ആ സമയം ഞാനണിയിച്ച മൈലാഞ്ചിപ്പൂക്കൾ ചുവപ്പുപടർത്തിക്കൊണ്ട് തിളങ്ങിനിൽക്കുന്നതു ഞാൻ കണ്ടു .
------------------------------------
രചന-അബ്ബാസ് ഇടമറുക്
------------------------------------
രചന-അബ്ബാസ് ഇടമറുക്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക