നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജാതകത്തിലെ രണ്ടാംകെട്ട്....

Image may contain: നൂറനാട് ജയപ്രകാശ്, sky, sunglasses, outdoor and closeup

പടനിലം ഹൈസ്കൂളിലെ എട്ട് സീയിൽ നിന്നും രാഘവൻനായർ സാർ തന്ന ഔറംഗസീബിന്റെ ഭരണപരിഷ്ക്കാരങ്ങൾ നൂറ് തവണത്തേയ്ക്കുള്ള എമ്പോസിഷനും വാങ്ങി മൂന്ന് കിലോമീറ്റർ നടന്ന് വീട്ടിലെത്തുമ്പോൾ നന്നേ ക്ഷീണമുണ്ടായിരുന്നു ഈയെനിക്ക്.
എത്ര പഠിച്ചാലും തലയിൽ കയറാത്ത ഒന്നായിരുന്നു ചരിത്രം.
എന്നാച്ചോദിക്കും അപ്പോ ബാക്കിയെല്ലാം തലയിൽ കയറുവായിരുന്നോ അതിനൊക്കെ നല്ല മാർക്കും കിട്ടിയിരുന്നോ എന്ന്...?
എവിടെ..... നൂറിൽ ഇരുപതിൽ കൂടുതൽ കിട്ടിയിരുന്നത് ബയോളജിക്ക് മാത്രമായിരുന്നു.
അതാവുമ്പം പഠിക്കാൻ ഇത്തിരി എരീം പുളീം ഒക്കെയുണ്ടായിരുന്നേ.....
കറത്ത വീതിയുള്ള റബ്ബർ കുരിശുപോലെ വലിച്ചിട്ട മൂന്ന് പുസ്തകങ്ങൾ എടുത്ത് തിണ്ണയ്ക്ക് കിടന്ന മൂന്നുകാലൻ മേശയിലേയ്ക്ക് ഒരേറും കൊടുത്ത് അടുക്കളയിലേയ്ക്ക് കയറുമ്പം ഒരാനയെത്തിന്നാനുള്ള വിശപ്പുണ്ടായിരുന്നു എനിക്ക്.
രാവിലെ അമ്മ തന്നുവിട്ട റേഷനരിയുടെ ഉരിയ വറ്റും മുളക് മാത്രം ചുട്ടരച്ച് വെളിച്ചെണ്ണയില്ലാത്ത വെളിച്ചെണ്ണക്കുപ്പി അതിന് മുകളിലൂടെ ഒന്ന് കറക്കിയെടുത്തതും ഈ വയറ്റിലേയ്ക്കൊന്ന് പറഞ്ഞു വിടാൻ ഈയുള്ളവന് ആ പതിവ് പണിതന്നെ ചെയ്യേണ്ടി വന്നു.
മുട്ടക്കള്ളൻമാരിൽ നിന്നും രക്ഷപെടാനായി ചെമ്പകശ്ശേരിപ്പടീറ്റതിലെ സിന്ധു തന്റെ സ്റ്റീൽ വട്ടപ്പാത്രത്തിൽ പൊരിച്ച മുട്ടയെ കിടത്തി അതിന് മുകളിൽ കുത്തരിച്ചോറ് വിളമ്പി അടച്ചു കൊണ്ടുവന്നത് ആ അടപ്പിൽ തന്നെ പാത്രം കമഴ്ത്തിത്തുറന്ന് ആ പൊരിച്ച മുട്ടയെ വിളിച്ചുണർത്തേണ്ടി വന്നു എനിക്ക്..
അടുക്കളയിൽ തിരികമേൽ ഇരുന്ന അലൂമിനിയം കലത്തിൽനിന്ന് വെളിയിലേയ്ക്ക് നോക്കിനിന്ന തുടുപ്പ്
വലിച്ചൂരിയെടുത്ത് അതിൽ പറ്റിപ്പിടിച്ചിരുന്ന ചക്ക വേയിച്ചതിൽ ഇത്തിരി തോണ്ടി വായിലേയ്ക്കിട്ട് തെക്കേമുറ്റത്തേക്കിറങ്ങുമ്പോൾ മണി അഞ്ചര.
ഉച്ചയ്ക്ക് വേയിച്ച ചക്കയുടെ കൂഞ്ഞരിഞ്ഞ് ചക്കക്കുരുവും കൂടിയിട്ട് വൈകിട്ടത്തേയ്ക്കൊരു തോരൻ ഒരുക്കുന്ന തിരക്കിലാണ് അമ്മ.
കഴിഞ്ഞയാഴ്ച്ച ഇതുപോലൊരു ചക്കക്കുരു മെഴുക്കുപുരട്ടിയുണ്ടാക്കിയ നാണക്കേടും ക്ഷീണവും എനിക്കിനീം മാറിയിട്ടില്ല അതിനിടയ്ക്കാണ് അമ്മയുടെ അടുത്ത ചക്കക്കുരു സ്പെഷ്യൽ.
ചക്കക്കുരു കഴിച്ച് പിറ്റേന്ന് കാലത്ത് സ്കൂളിൽ ചെന്ന എന്നോട് ചക്കക്കുരു കഴിച്ചതിന്റെ റിസൾട്ടറിയിച്ച വയറിനോട് തനിക്കെന്തെങ്കിലും പറയാൻ കഴിയും മുമ്പേ ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു.
പച്ചണ്ടി എന്ന ഇരട്ടപ്പേരുള്ള പോറ്റിസാറ്
ആ പീരീഡ് മുഴുവൻ തന്നേ വെളിയിൽ നിർത്തി.വെളിയിൽ നിൽക്കുന്നത് എങ്ങനേം സഹിക്കാം.
പിന്നെ നമ്മളേക്കാണുമ്പം വാ പൊത്തിച്ചിരിക്കുന്ന ചില പെമ്പിള്ളേരുണ്ട് അതാ സഹിക്കാൻ മേലാത്തത്.
അമ്മ വീണ്ടും എന്നേ നാണം കെടുത്താനുള്ള പുറപ്പാടിലാണല്ലോ എന്ന് മനസ്സിലോർത്ത് അമ്മയ്ക്കരികിലേയ്ക്ക് നടന്നടുത്തപ്പോളാണ് കണ്ടത് അമ്മ കൂഞ്ഞരിയുന്ന മുറത്തിന് മറുവശത്ത് അച്ഛന്റെ ഏക പെങ്ങൾ ഭവാനിയപ്പിച്ചിയിരുന്ന് ചക്കക്കുരു പൊളിക്കുന്നു.
എന്നേക്കണ്ടപ്പോൾ അമ്മയുടെ മുഖമൊന്ന് വാടി.അപ്പച്ചിയുടെ മുഖത്തിന് തിളക്കം കൂടി.
അരിയാൻ മറന്നുപോയ ഒരു ചക്കച്ചുളയെടുത്ത് എനിക്ക് നേരേ നീട്ടി അപ്പച്ചിയുടെ ആദ്യഡയലോഗ്.
"മം..... കൊച്ചു കള്ളൻ ......രണ്ട് കെട്ടാം"
ഒന്നും മനസ്സിലാകാത്ത ഞാൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.
വിഷാദഭാവത്തിൽ അമ്മയും തലയിളക്കി....
"ആടാ..... ചെക്കാ ചുമ്മാ പറഞ്ഞതല്ല ദേ..... ഞാനും നാത്തൂനും കൂടി നമ്മുടെയാ മേപ്പാട്ടേ പണിക്കരുടെയടുത്ത്പോയി നിന്റെ ജാതകം എഴുതിച്ചിട്ട് ഇപ്പോ വന്നതേയുള്ളു"
"അയാള് തലകുത്തിനിന്ന് മാറീം തിരിഞ്ഞും നോക്കീട്ടും നിനക്ക് രണ്ട് കെട്ടാനാ യോഗം. അതിൽ രണ്ടാമത്തേതേ വാഴു..... "
ഈ പതിമൂന്ന്കാരന്റെ മനസ്സിൽ അപ്പോൾ പൊട്ടിയത് ലഡുവായിരുന്നില്ല
ശർക്കര നിറച്ചുവച്ചിരുന്ന ഒരു മൺഭരണിയായിരുന്നു.
ഓ.... അതിനിനി എത്രവർഷം കഴിയണം എന്നുള്ള ചിന്ത ആ മധുരത്തിന്റെ തീവൃത കുറച്ചു കളഞ്ഞു.
ഭവാനിയപ്പച്ചി ചക്കക്കറ പുരണ്ട കൈകൊണ്ട് എന്റെ കവളിൽ ഒന്നു നുളളിയിട്ട് "മം.... കൊച്ചു.... ഗള്ളൻ.."
എന്നൊരു ഡയലോഗും കാച്ചി നടന്നകന്നു.
അപ്പച്ചിയുടെ കൈയ്യിൽ കിട്ടിയതല്ലേ അവരങ്ങോട്ടിറങ്ങി ഒരു അഞ്ഞൂറ് നോട്ടീസങ്ങടിച്ചു.
അപ്പച്ചിയുടെ മോൾ ഗംഗയേക്കൊണ്ട് എന്നേ കെട്ടിക്കണം എന്നൊക്കെ അച്ഛന്റെയും അപ്പച്ചിയുടെയും ഇടയിൽ ഒരു ചെറിയ കുശുകുശുപ്പ് ഉണ്ടെന്ന് അമ്മ പണ്ടെന്നോട് പറയുമ്പോൾ അമ്മയുടെ മുഖത്ത് കടുത്ത നിരാശയുണ്ടായിരുന്നു.
അതിന് കാരണം അമ്മയുടെ ആങ്ങള പങ്കജാക്ഷൻ അമ്മാവന്റെ മോൾ ചിത്രയേക്കൊണ്ട് എന്നേ കെട്ടിക്കണം എന്ന അമ്മയുടെ ആഗ്രഹം പൊലിഞ്ഞു പോയതിനാലായിരുന്നു.
രണ്ടാം കെട്ടിന്റെ വിവരം അറിഞ്ഞപ്പോൾ മുതൽ ഗംഗ എന്റെ ഏഴയലത്ത് വരില്ല അപ്പച്ചിയൊട്ട് വിടുകേമില്ല.
നാട്ടിലും സ്കൂളിലും തീരെ മോശമല്ലാത്ത ഒരു പഞ്ചാരയടി മിഷീന്റെ ഉടമയായിരുന്നു ഞാൻ.
ഈ... ഊളപ്പണിക്കര് കാരണം ആ മിഷീന്റെ മോട്ടറാ കത്തിപ്പോയത്.
അത്തരത്തിലൊരു താങ്ങാണല്ലോ അയാളെനിക്കിട്ട് താങ്ങിയത്.
ഒറ്റ പെമ്പുള്ളാര് തിരിഞ്ഞ് നോക്കാതായി.
ഭവാനിയപ്പച്ചിയുടെ നോട്ടീസ് വായിച്ച ഏതോ ഒരുവനോ, ഒരുവളോ അത് മലയാളം പഠിപ്പിക്കുന്ന ശോശാമ്മട്ടീച്ചറുടെ ചെവിയിലുമെത്തിച്ചു.
ചക്കക്കുരു തീറ്റ കാരണം "വെടിയൻ" എന്നെനിക്ക് കൂട്ടുകാർ ചാർത്തിയ പേര് ശോശാമ്മട്ടീച്ചർ "രണ്ടാംകെട്ട് "
എന്നാക്കിയത് മിച്ചം.
പത്താംക്ലാസ് കഴിഞ്ഞ് കോളേജിൽ പോകുമ്പഴെങ്കിലും ഒന്ന് ലൈനടിക്കാം എന്ന എന്റെ മോഹം കൂടെപ്പഠിച്ചതും ആ കോളേജിൽത്തന്നെ അഡ്മിഷൻ കിട്ടിയതുമായ ഏതോ ഒരു സാമദ്രോഹി
അത് വെറും വ്യാമോഹമാക്കി മാറ്റി.
എനിക്ക് നഷ്ടമായത് ഒരു കൗമാരക്കാരന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കുറച്ചു സമയങ്ങളായിരുന്നു.
രണ്ട് കെട്ടാനുള്ളതല്ലേ വല്ല പണിയും പഠിച്ചില്ലെങ്കിൽ പണി പാളും രണ്ട് പോയിട്ട് ഒന്നു പോലും കെട്ടാൻ പറ്റില്ല എന്ന വീണ്ടുവിചാരം എന്നേ അലട്ടിക്കൊണ്ടിരുന്നു.
വടക്കേ ഇന്ത്യയിൽ പോയി പണിയും പഠിച്ച് ഒരു മൂന്നാല് വർഷം കഴിഞ്ഞ് കറങ്ങിത്തിരിഞ്ഞ് വന്നപ്പോളൊരിക്കൽ അമ്മ അച്ഛനോട് പറഞ്ഞെന്ന്
"ചെറുക്കനേ തെക്കേ മുറ്റത്ത് നിൽക്കണ നമ്മുടെ കുലയ്ക്കാറായ ആ ഏത്തവാഴയേക്കൊണ്ട് അങ്ങ് കെട്ടിച്ചാലോ...
ഒന്നാം കെട്ടിന്റെ ദോഷം അങ്ങനങ്ങ് മാറട്ടെന്ന്.... "
അച്ഛൻ ഒന്നാംതരം കമ്യൂണിസ്റ്റ് കാരനായതു കൊണ്ട് അമ്മേ ഒരു കൂട്ടം ഭാഷ വിളിച്ചേച്ച്....
"നീ.... പോയി നിന്റെ പണി നോക്കടീ "
എന്ന് പറഞ്ഞെന്ന്.
ഇതെന്നോട് പറഞ്ഞത് മ്മടെ.... പെങ്ങള് പെണ്ണാണേ.....
അടുത്ത പ്രാവശ്യം നീ വരുമ്പോ.... നിന്റെ കല്യാണം നടത്തണം പെണ്ണും വളർന്നു വരുന്നു.... ( പെങ്ങള് പെണ്ണ് )
അച്ഛനത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പണ്ട് പൊട്ടിക്കിടന്ന ആ ശർക്കര ഭരണിയിൽ നിന്നും ഇത്തിരി ശർക്കര ഒഴുകിയിറങ്ങി.
അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ നാട്ടിലെ അറിയപ്പെടുന്ന നാല് ബ്രോക്കറന്മാരുടെ കൂടെ പെണ്ണ് കാണാൻ പോകാൻ ഈയുള്ളവന് ഭാഗ്യം ലഭിച്ചു.
ഓരോ പ്രാവശ്യവും എന്റെ ചായകുടീം നടന്നു, ബ്രോക്കറുടെ വീട്ടിലെ അരി വാങ്ങിരും നടന്നു എന്നുള്ളതല്ലാതെ ഒന്നും സംഭവിച്ചില്ല.
എങ്ങനെ സംഭവിക്കും......?
പാറായിച്ചെല്ലപ്പൻ എന്നു പറയുന്നൊരു വടുവന് ഒരു ചായക്കടയുണ്ട് ഞങ്ങടെ മുക്കിന്.ഞാൻ പെണ്ണ് കാണൽ തുടങ്ങിയ അന്ന് മുതൽ എന്റെ വീട്ടിൽ വന്നേച്ച് ആര് ഇറങ്ങിപ്പോയാലും നിർബന്ധിച്ച് അവനവരേ ചായ കുടിക്കാൻ വിളിക്കും.
അവന്റെ ചായ സൽക്കാരം കഴിയുമ്പോഴേയ്ക്കും ചായ കുടിക്കുന്ന ആൾ എന്റെ കാര്യം വേണ്ടാന്ന് വച്ച് കടന്നുകളയും. അമ്മാതിരി തള്ളല്ലിയോ ആ വടുവൻ തള്ളിവിടുന്നത്....
അല്ല..... ഈ പാറായിച്ചെല്ലപ്പന് ഞങ്ങളോട് ഒരു കലിപ്പുണ്ട് പണ്ടേ....
എനിക്ക് രണ്ടാം കെട്ടേ വാഴു എന്ന് നാട്ടിലൊക്കെ പാട്ടായ സമയത്ത് ഈ പാറായിയുടെ മകൾ ഒരു തളന്തിക്കൊച്ചുണ്ട് അതിനേ ഇന്നാ അവനേക്കൊണ്ടങ്ങ് കെട്ടിച്ചാലോ.. എന്ന് അച്ഛനോടെങ്ങാണ്ട് ചോദിച്ചു പോലും.
അവന്റെ ദോഷോം തീരും എന്റെ കൊച്ചിനൊരു കല്യാണഭാഗ്യവും ഉണ്ടാവും എന്ന്.
അച്ഛൻ പറഞ്ഞു എന്നാപ്പിന്നെ ഞങ്ങടങ്ങത്തെ അവള് പറഞ്ഞ പോലെ അവനേ ഞങ്ങടെ തൊടീൽ നിൽക്കണ വാഴേക്കൊണ്ട് കെട്ടിച്ചേനേന്ന്.....
അങ്ങനെ ചെയ്താലും നിന്റെ തളന്തിയെ വേണ്ടാന്ന്...... അതാ പാറായിക്കിത്ര കലിപ്പ് ഞങ്ങളോട്...
എന്തായാലും കല്യാണം എന്ന മോഹം തൽക്കാലം ഉപേക്ഷിച്ച് ഞാൻ വടക്കേഇന്ത്യയ്ക്ക് വണ്ടി കയറാൻ തീരുമാനിച്ചു.
പോകുന്ന വഴിക്ക് ഞാൻ മേപ്പാട്ട് കയറി രണ്ട് കെട്ടാൻ യോഗം വിധിച്ച പണിക്കരേ ഒന്ന് കണ്ടു.
അല്ല പണിക്കരേ..... രണ്ട് കെട്ടാനുള്ള യോഗം പോയിട്ട് ഒന്നു പോലും നടക്കുന്നില്ലല്ലോ....?
അപ്പം പണിക്കര് പറഞ്ഞ മറുപിടി
"സമയമാകുമ്പം എല്ലാം നടക്കും ദാസാ എന്നാണ് "....
കായംകുളത്തു നിന്നും ബിക്കാനേർ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോRAC യാ കിട്ടിയത്.
പോകണ സമയത്ത് RAC കൺഫോമായോന്ന് ചാർട്ടിൽ നോക്കിയപ്പം ഒരുപാതി സീറ്റ് കൺഫോമായി മറുപാതി സീറ്റ് ഏതോ ഒരു ഫീമെയിൽ 21ന് ആണ്.
പ്ലാറ്റ്ഫോമിൽ അപ്പോൾ നിന്ന 21 ഫീമെയിലുകളേ എല്ലാം ഒന്ന് ഇരുത്തി വീക്ഷിച്ചു.... ഇതിലേതെങ്കിലും ആകുമോ ആ ഫീമെയിൽ എന്നൊന്നറിയാൻ...
വണ്ടി നീങ്ങി ഫീമെയിൽ 21 വന്നില്ല.
ഞാൻ നീണ്ട്നിവർന്ന് സീറ്റിൽ കിടന്നു.ചെങ്ങന്നൂര് ആയപ്പം ഒരു മൂപ്പീന്ന് മൂന്നാല് ബാഗ് കൊണ്ടുവന്ന് സീറ്റിൽ തലങ്ങും വിലങ്ങും വച്ചു.
ഒരെണ്ണം എന്റെ കാലിലും.
ഇതെന്റെ സീറ്റാന്ന് പറഞ്ഞപ്പം പിറകിൽ നിന്നും ഒരു ഫീമെയിൽ ശബ്ദം
" പകുതി സീറ്റ് എന്റെയാണ് മാഷേന്ന് "
ഓ.... അത് ശരി ഇതാകും ആ ഫീമെയിൽ 21..... എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
രണ്ടര ദിവസത്തേ യാത്രയിൽ എന്റെ ജാതകത്തിലെ രണ്ടാം കെട്ട് ഉൾപ്പെടെ എല്ലാ വിവരങ്ങളും ഞാനവൾക്ക് കൈമാറിയിരുന്നു.
"എന്നാപ്പിന്നെ ഇതിലൊന്നും വിശ്വാസമില്ലാത്ത ഒരു കുട്ടിയേ കെട്ടിക്കൂടേ മാഷേന്നായി അവൾ "
അതിന് അങ്ങനെ ഒന്നിനേ കിട്ടേണ്ടേ എന്ന് ഞാനും......
" അത് ഞാനായാലോന്ന് "അവളുടെ ചോദ്യം എന്റെ മനസ്സിനേ കുളിരണിയിച്ചു. ഒന്നും ആലോചിക്കാതെ നൂറ് വട്ടം സമ്മതമെന്ന് ഞാനും പറഞ്ഞു.....
എന്റെ വീട്ടിലെ അഡ്രസ് വാങ്ങുമ്പം ഒരു കാര്യം ഞാനവളേ ഓർമ്മിപ്പിച്ചു. തിരക്കാൻ പോന്നവരാരായാലും അവരോട് വീട്ടീന്നേ ചായ കുടിക്കാവു ചായക്കടയിൽ കയറി ചായ കുടിക്കരുതെന്ന് പ്രത്യേകം പറയണമെന്ന് പറഞ്ഞു.
അവളത് അംഗീകരിക്കുകയും ചെയ്തു. തിരക്കാൻ പോയതോ...
ആ ലഗേജൊക്കെയെടുത്ത് എന്റെ കാലിലിട്ട ആ മൂപ്പിന്ന് ... അച്ഛനാണ് പോലും അച്ഛൻ......
അയാളാണെങ്കി വീട്ടീന്നിറങ്ങിയപ്പം പതിവുപോലെ പാറായി ചായ കുടിക്കാൻ വിളിച്ചു. ചായ വേണ്ടാന്ന് പറഞ്ഞ മൂപ്പീന്നിനോട് പാറായി തന്റെ വക ഒരു തള്ള്....
" അറിഞ്ഞോണ്ട് അബദ്ധത്തിൽ ചെന്ന് ചാടണോന്ന് "
ഈ... പെൺമക്കളുള്ള മൂപ്പീന്നൻമാർക്ക് അത് കേട്ടാൽ പോരയോ.... അയാളും കയറി പാറായിയുടെ ചായ കുടിക്കാൻ.
ബിക്കാനേർ എക്സ്പ്രസിൽ കുളിരണിഞ്ഞ എന്റെ മനസ്സിൽ പിറ്റേന്ന് കനലെരിഞ്ഞത്
പരീക്ഷണത്തിന് അച്ഛൻ തയ്യാറല്ലെന്ന് ആ ഫീമെയിൽ 21 എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പഴാണ്....
അച്ഛനേ ധിക്കരിക്കാൻ ആവുന്നില്ല മാഷേന്ന് ഒരു ന്യായീകരണവും.... ആ..... അതൊക്കെ ഒരു കാലം......
യ്യോ..... പറഞ്ഞു മുഴുമിപ്പിച്ചില്ലല്ലോ....
പാറായിയുടെ കടയിൽ നിന്നും ചായ കുടിച്ചിട്ടും തീരുമാനത്തിൽ നിന്നും പിൻമാറാത്ത ഒരു മൂപ്പീന്നിന്റെ മോളാ 25 ഉം, 19 ഉം വയസ്സുള്ള എന്റെ രണ്ട് പെൺകുട്ടികളുടെ അമ്മയായി ഇപ്പം എന്റെ കൂടെ കഴിയുന്നത്.....
ആ... രണ്ടാം കെട്ട് എന്ന മോഹം ഞാൻ എന്നേ ഉപേക്ഷിച്ചു കേട്ടോ...
ഇവള് വന്നു കഴിഞ്ഞ് കുറച്ചു നാളൂടെ ഞാനാ മോഹം താലോലിച്ച് കൊണ്ടു നടന്നിരുന്നു.... സലീംകുമാർ ഏതോ ഒരു സിനിമയിൽ പറയും പോലെ....
"ഇനി എങ്ങാനം ബിരിയാണി വിളമ്പിയാലോ..."
ഓ.... പിന്നെ മനസ്സിലായി ഇവളെന്നേം കൊണ്ടേ പോവുള്ളു എന്ന്... അന്ന് ആ മോഹം ഞാൻ അടുപ്പിൽ തുപ്പി....
അല്ല.... ഇനിയിപ്പം മോഹിച്ചിട്ടും കാര്യമില്ല വയസ്സും ചെന്നു വടിയും തോളേലായി...
ആറ് മാസം കഴിയുമ്പം ഒരു അപ്പൂപ്പനാകും അപ്പോഴാ ഒരു രണ്ടാം കെട്ട് മോഹം......
മേപ്പാട്ടേ പണിക്കരുടെ വീടിന്റെ മുന്നിലേ റോഡിൽ കൂടി ഒരിക്കൽ ഞാനവളേ പിറകിലിരുത്തി വണ്ടിയിൽ പോയപ്പം പണിക്കരേ അടക്കിയ പട്ടടയിലേ തെങ്ങിൽ നിന്ന് ഒരു വലിയ കരിക്ക് അടന്നു വീണത് ഞങ്ങളുടെ വണ്ടിയുടെ പിറകിൽ.
അതും അവളേ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ..... അന്നെനിക്ക് മനസ്സിലായി പട്ടടേക്കിടന്നോണ്ടും പണിക്കർ എന്റെ ജാതകം ഓർക്കുന്നുണ്ടെന്ന്.......
നൂറനാട് ജയപ്രകാശ്........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot