നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതീന്ദ്രിയം - കഥോദയം 2

Image may contain: 1 person, smiling, closeup and indoor

അയാൾ തെളിച്ചു കൊടുത്ത വഴിയിലൂടെ അവൾ മുന്നോട്ടേക്ക് നടക്കുകയായിരുന്നു. അയാളുടെ കയ്യിലെ പിടി വിടാതെ അവൾ ഒരു നിമിഷം നിന്നു. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
നമ്മൾ എങ്ങോട്ടേയ്ക്കാ പോവുന്നത്?
അവൾക്ക് ഉള്ളിൽ ചെറിയൊരു ഭയം നാമ്പിട്ടിരുന്നു.
അയാൾ ചിരിച്ചു, മൃദുവായ ഒരു പുഞ്ചിരി. മറുപടി പറയാതെ അയാൾ അവളുടെ കയ്യിൽ മുറുകെപ്പിടിച്ചു. മുന്നോട്ടു നടക്കുവാനുള്ള ഒരു ആജ്ഞ അതിലടങ്ങിയിരിക്കുന്നുവെന്ന് അവൾക്ക് തോന്നി. അവൾ എതിർപ്പൊന്നും കൂടാതെ അയാളോടൊപ്പം മുന്നോട്ട് നടന്നു.
ലക്ഷ്യസ്‌ഥാനത്ത് എത്തിയെന്നു തോന്നിയപ്പോൾ അയാൾ നടത്തം നിർത്തി. അവൾ കയ്യിലെ പിടി വിട്ട് അയാളുടെ മുഖത്തേക്ക് നോക്കി നിന്നു.
അയാൾ കുറച്ചു മുന്നിലുള്ള കുരിശിലേക്ക് നോട്ടമയച്ച ശേഷം അവളുടെ മുഖത്തേക്ക് അർത്ഥഗർഭമായി നോക്കി. അവൾ അയാൾക്കും കുരിശിനും നേർക്ക് പലവുരു മാറി നോക്കി. അവൾക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അയാൾ അവളെ വിട്ട് മുന്നോട്ടേക്ക് നടന്നു. കുറച്ചൊന്ന് ആലോചിച്ചു നിന്ന ശേഷം അവൾ അയാൾക്ക്‌ പിന്നാലെ നടന്ന് കുരിശിനടുത്തെത്തി.
കുത്തനെയുള്ള ഒരു കുന്നിനു മുകളിൽ, ആരും തന്നെ കടന്നു വരാനിടയില്ലാത്ത ഈ സ്‌ഥലത്ത്‌ ആരാണ് ഇങ്ങനെയൊരു കുരിശ് സ്‌ഥാപിച്ചതെന്നോർത്ത് അവൾ അതിശയിച്ചു. മരം കൊണ്ടുള്ള ആ കുരിശിനു മൂന്നാൾപ്പൊക്കത്തോളമുണ്ടായിരുന്നു. അവൾ അതിന്റെ ഉച്ചിയിലേക്ക് മിഴികളുയർത്തി നോക്കി. അന്തരീക്ഷത്തിൽ ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു. ഒരു നിമിഷം തിരിഞ്ഞു നോക്കുമ്പോൾ അയാളെ നിന്നയിടത്ത് കാണാതെ അവൾ അമ്പരന്നു. അയാളെ ആദ്യമായി പരിചയപ്പെട്ടത് മുതൽ ഇപ്പോൾ ഈ കുന്നിന്റെ മുകളിലെത്തി നിൽക്കുന്നത് വരെയുള്ള കാര്യങ്ങൾ എത്ര വിചിത്രമാണെന്ന് അവൾ അപ്പോഴോർത്തു.
വളർന്ന് ഒരാളോളം പൊക്കമുള്ള പോതപ്പുല്ലിന്റെ ഇലകൾ വകഞ്ഞു മാറ്റി അയാൾ അവളുടെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
അയാൾ എവിടെയോ നിന്ന് തപ്പിയെടുത്തു കൊണ്ടു വന്ന മരക്കമ്പ് അവളുടെ കൈകളിൽ വെച്ചു കൊടുത്തു. അവൾ അന്ധാളിച്ച് അയാൾക്ക്‌ നേരെ നോക്കി.
'ഇതെന്തിനാണ്?'
അവൾ സ്വയം ചോദിച്ചു. അയാളോട് ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല.
'കുഴിയ്ക്ക്.. '
അയാൾ പരുക്കൻ ശബ്ദത്തിൽ ആജ്ഞാ സ്വരത്തിൽ പറഞ്ഞു. അയാളുടെ വിരൽ നീണ്ട പ്രതലത്തിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു ചെന്നു. കുരിശ് നിലത്തുറപ്പിച്ച ഇടമായിരുന്നു അത്!
മിനിറ്റുകൾ മണിക്കൂറുകൾക്ക് വഴി മാറിയിരുന്നു. അവൾ കഴുത്തിലേയ്ക്കൂർന്ന വിയർപ്പുതുള്ളികൾ മണ്ണ് പുരണ്ട കൈ കൊണ്ടു തുടച്ചു. കയ്യിലിരുന്ന കമ്പ് അവൾ തറയിലേക്ക് വെച്ച് മുഖം കുനിച്ചിരുന്നു.
'സമയമില്ല, വേഗം തീർക്കണം!'
ചെവിയ്ക്കുള്ളിലെ ശബ്ദം ഇത്തവണ അവളെ ഭയപ്പെടുത്തിയില്ല. കഴിഞ്ഞു പോയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഓരോ തവണ ആ ശബ്ദം ചെവിക്കുള്ളിൽ മുഴങ്ങുമ്പോഴും അവൾ ഞെട്ടിത്തരിക്കുകയും ഇനിയൊരിക്കലും അത് കേൾക്കാതിരിക്കാനെന്നോണം ഇരു ചെവികളും മുറുകെ അടച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന ശബ്ദത്തേക്കാളേറെ ഒളിഞ്ഞിരുന്ന് തന്നെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ആകെ തളർത്തിയിരുന്നു.
അത്രയും നേരം ചെറുതായി ചാറിയിരുന്ന വെള്ളത്തുള്ളികൾ പൊടുന്നനെ ശക്തിയോടെ മഴയായി മാറി. അവൾ നിസ്സഹായതയോടെ കുരിശിനോട് ചേർന്നു നിന്ന് തന്റെ ദേഹം മഴയിൽ നിന്ന് മറച്ചു വെയ്ക്കാൻ വ്യർത്ഥമായി ശ്രമിച്ചു കൊണ്ടേയിരുന്നു. കണ്ണീർത്തുള്ളികൾ മഴവെള്ളത്തോടൊപ്പം കലർന്ന് നിലത്തേക്ക് വീണു മണ്ണിലേക്കൂർന്നിറങ്ങി.
സന്ധ്യയുടെ ചുവപ്പ് കുന്നിനു മുകളിൽ പ്രതിഫലിച്ചു. കയ്യിലുള്ള ചെറിയ ഇരുമ്പു പെട്ടി അവൾ ശരീരത്തോട് ഒന്നുകൂടി ചേർത്തു പിടിച്ചു. ആകാംക്ഷയോടെ ഓരോ തവണ പെട്ടിയിലേക്ക് നോക്കുമ്പോഴും ചെവിയ്ക്കുള്ളിൽ ശകാരങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ചിരപരിചിതമായ വഴികളിലൂടെയെന്നതു പോലെ യാതൊരു നിർദ്ദേശവും കൂടാതെ അവൾ കുന്നിറങ്ങി താഴേക്കു നീങ്ങിക്കൊണ്ടിരുന്നു.
തികച്ചും അപ്രതീക്ഷിതമായി അയാൾ മുന്നിലേക്ക് വന്നതും അവൾ പകച്ചു പോയി.
'ആരാ നിങ്ങൾ?'
അവൾ വിറയലോടെ അയാൾക്ക്‌ നേരെ നോക്കി. അയാൾ മറുപടി പറയാതെ പെട്ടി അവളുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത് നെഞ്ചിൽ ചേർത്തു വെച്ച് എന്തൊക്കെയോ പിറുപിറുത്തു. ശേഷം അവളുടെ ഇരു പുരികത്തിന്റെയും ഒത്ത നടുക്ക് കൈവിരൽ പതിയെ അമർത്തി. അതേ വിരൽ ചെറുതായി ഒന്നു മടക്കി മുന്നോട്ടു നടക്കുമ്പോൾ പുറകിൽ ഇലപ്പടർപ്പുകൾ ഞെരിച്ചമർത്തി ഒരാൾ വീണ ശബ്ദം അയാൾ കേട്ടു. ചുണ്ടിൽ നിഗൂഢമായൊരു പുഞ്ചിരി ഒളിപ്പിച്ച് അയാൾ തിരിഞ്ഞു നോക്കാതെ നടന്നു.
മൂന്നു ദിവസത്തിനു ശേഷമുള്ള ബുധനാഴ്ചയായിരുന്നു അന്ന്. അയാൾ മുറിക്കുള്ളിലിരുന്ന് പത്രം മറിച്ചു നോക്കി. ഉൾപ്പേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അജ്ഞാതയുടെ മൃതദേഹം ഇലഞ്ഞിക്കുന്നിന് താഴെ കണ്ടെത്തിയെന്ന വാർത്ത അയാൾ ചെറു പുഞ്ചിരിയോടെ വായിച്ചു. ഇത്തരത്തിൽ ഇലഞ്ഞിക്കുന്നിലെ മൂന്നാമത്തെ മരണമാണിതെന്ന വാചകത്തിനു താഴെ അയാൾ ചുവന്ന മഷി കൊണ്ട് അടിവരയിട്ടു. ടീപ്പോയിലിരുന്ന ജാക്ക് ഡാനിയേൽ ബോട്ടിലെടുത്ത് അയാൾ ഗ്ലാസ്സിലേക്ക് ശ്രദ്ധാപൂർവം പകർന്നു. ശേഷം ഗ്ലാസ് കയ്യിലെടുത്തു പിടിച്ച് അയാൾ ഉള്ളിലെ മുറിയിലേക്ക് നടന്നു. തടി കൊണ്ടു നിർമിച്ച പഴയ രീതിയിലുള്ള അലമാര തുറന്ന് അയാൾ തന്റെ കൈവശമെത്തിച്ചേർന്ന മൂന്ന് ഇരുമ്പു പെട്ടികളിലേയ്ക്കും മാറി മാറി നോട്ടമയച്ചു. തന്റെ നിയന്ത്രണത്തിനു വിധേയരായി അടിമകളെപ്പോലെ തന്നെ അനുസരിച്ച് ഈ പെട്ടികൾ സ്വന്തമാക്കാൻ സഹായിച്ച യുവതികളെയോർത്ത് അയാൾ ഉറക്കെച്ചിരിച്ചു.
തന്റെ ലക്ഷ്യം നിറവേറാൻ ഇലഞ്ഞിക്കുന്നിൽ കുരിശിനു താഴെയുള്ള നാലാമത്തെ പെട്ടി കൂടി തനിയ്ക്കാവശ്യമാണ്. അയാൾ ചുണ്ടിൽ ചിരിയൊളിപ്പിച്ച് ലാപ്‌ടോപ്പിന് ചുവട്ടിലേക്ക് നടന്നു. ആയിഷ ഖലീം എന്ന പ്രൊഫൈലിലേക്ക് റിക്വസ്റ്റയച്ച ശേഷം അയാൾ മിഴികളടച്ച് പിന്നിലേക്ക് ചാരിയിരുന്നു.
കൃത്യം ഒൻപതിനായിരത്തി ഇരുപത്തിയെട്ട് മൈലുകൾക്കപ്പുറത്ത് ആയിഷ ഖലീമെന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഒരു ഉൾവിളി പോലെ, പഠിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വെച്ച് മൊബൈൽ കയ്യിലെടുത്തു. ഡാറ്റ ഓൺ ചെയ്ത് നോട്ടിഫിക്കേഷൻ ബാറിൽ വന്നു കിടന്നിരുന്ന ഫ്രണ്ട് റിക്വസ്റ്റിൽ, സ്വീകരിയ്ക്കുക എന്ന ഓപ്ഷനിലേക്ക് അവളുടെ ചൂണ്ടു വിരൽ നീണ്ടു ചെന്നു!
(അവസാനിച്ചു )
ആതിര സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot