നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കണ്ണീർ മഴയത്ത്... കഥോദയം -2

Image may contain: 1 person, selfie and closeup

"മനുവേട്ടാ ! ഞാനും വരട്ടെ "?.
"എന്റെ പാറൂ ! നീ ഇങ്ങനെ വാശി പിടിക്കല്ലേ. ഡോക്ടർ പറഞ്ഞതല്ലേ മൂന്ന് മാസം യാത്രയൊക്കെ ഒഴിവാക്കണമെന്ന്".
"അതെനിക്കറിയാം മനുവേട്ടാ ! നാളെ മനുവേട്ടൻ ലീവ് തീർന്ന് അങ്ങ് പോകും.പിന്നെ ബൈക്കിന്റെ പിറകിലിരുന്ന് ഒന്ന് പോകാൻ രണ്ട് വർഷം കാത്തിരിക്കണം. "
"കുഞ്ഞുണ്ടാകുമ്പോൾ എങ്ങനെയെങ്കിലും ലീവ് ശരിയാക്കി ഞാനിങ്ങ് വരും പെണ്ണേ ".
"ചുമ്മാതാ, ഇവിടുന്ന് പോയാൽ പിന്നെ നമ്മളേപ്പറ്റി ഒരു വിചാരവുമില്ല. ഈ ഒച്ച ഒന്ന് കേൾക്കണമെങ്കിൽ നല്ല നേരം നോക്കണം. അവിടെ വല്ലോ അറബിപെണ്ണും ഉണ്ടോന്നാ എന്റെ സംശയം. "
"പാർവതി എന്ന പാറൂട്ടീ!! നീയല്ലേ എന്റെ ഓരോ ശ്വാസത്തിലും. "
"ഊം, ഞാൻ വിശ്വസിച്ചു. "
"ജോലി കഴിഞ്ഞ് റൂമിലെത്തുമ്പോളേക്കും ഇവിടെ പാതിരാത്രി ആയിട്ടുണ്ടാവും. ഉറങ്ങുന്ന നിന്നെ വിളിച്ചെഴുന്നേൽപ്പിക്കാനുള്ള മടികൊണ്ടാണ് പലപ്പോഴും വിളിക്കാതിരിക്കുന്നത്. പക്ഷേ ഇനി എത്ര രാത്രി ആയെങ്കിലും നിന്നേ വിളിച്ചിരിക്കും ".
ട്രെയിനിന്റെ ഒച്ച കേട്ടാണ് പാർവ്വതി ഞെട്ടി കണ്ണ് തുറന്നത്.സ്വപ്നത്തിലാണെങ്കിലും കുറച്ചു നേരം മനുവേട്ടൻ കൂടെ ഉണ്ടായിരുന്നു. മൊബൈൽ എടുത്തു നോക്കി. മനുവേട്ടൻ ഇതുവരെ വിളിച്ചിട്ടില്ല. സമയം 12 മണി കഴിഞ്ഞിരിക്കുന്നു.
പാർവ്വതി എഴുന്നേറ്റ് ജനാലവിരി മാറ്റി പുറത്തേക്ക് നോക്കി. കട്ടപിടിച്ച ഇരുട്ടിലൂടെ ട്രെയിനിന്റെ പിറകിലെ ചുവന്ന വെട്ടം അകന്നു പോയപ്പോൾ അവൾ കട്ടിലിലേക്ക് വന്നിരുന്നു.
കട്ടിലിൽ സുഖമായുറങ്ങുന്ന പൊന്നോമനയുടെ മുഖത്തേക്ക് നോക്കി പാർവ്വതി പതിയെ പറഞ്ഞു.
'എന്റെ കണ്ണാ ! നിന്റെ അച്ഛൻ ഇതുവരെ വിളിച്ചില്ലല്ലോ.നീയുണ്ടാകുമ്പോൾ വരാമെന്ന് പറഞ്ഞ ആളാ, ഇപ്പോ പറയുവാ, അറബി ലീവ് തരുന്നില്ലന്നോ, ഇഖാമ പുതിക്കിയില്ലന്നോ ഒക്കെ.എന്റെ കണ്ണന്റെ ബർത്ഡേയ്ക്കേലും അച്ഛൻ വരുമോ എന്തോ '?.
അപ്പുറത്തേ മുറിയിൽ അച്ഛന്റെ ഫോൺ റിങ്‌ ചെയ്തത് കേട്ട് അവൾ ഒരു നിമിഷം ചെവിയോർത്തു. ഈ സമയത്ത് ആരാണാവോ വിളിക്കുന്നേ ?
അവൾ മൊബൈൽ എടുത്ത്‌ മനുവുമായി ഒരുമിച്ചുള്ള ഫോട്ടോകൾ ഒക്കെ നോക്കിക്കൊണ്ടിരുന്നു. പലപ്പോഴും മുന്നോട്ടുള്ള ചുവടുകൾക്ക് ശക്തി കിട്ടുന്നത്, പ്രിയ നിമിഷങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ഈ ഫോട്ടോകളിൽ നിന്നാണ്. ആ ഓർമ്മകളിലേക്കൊന്ന് മുങ്ങിത്താഴാൻ അവൾ കണ്ണടച്ചു.
ഓർമ്മയുടെ ചെപ്പ് തുറന്നപ്പോൾ തന്നെ കതകിൽ തട്ടിക്കൊണ്ടുള്ള അച്ഛന്റെ വിളി കേട്ട് പാർവ്വതി ചാടി എഴുന്നേറ്റു.
കതക് തുറന്നപ്പോൾ അച്ഛനും, അമ്മയുമുണ്ട്.രണ്ടുപേരുടെയും മുഖത്ത്‌ കണ്ണീർതുള്ളികൾ മായ്ച്ച പാട്. തന്നോട് എന്തോ പറയാൻ കഴിയാതെ അവർ വിഷമിക്കുന്നുണ്ടന്ന് അവൾക്ക് തോന്നി.
എന്തോ ഒരു വല്ലാത്ത ഭീതി അവളിൽ നിറഞ്ഞു.
"എന്ത് പറ്റി അച്ഛാ "?.
അച്ഛൻ കണ്ണുകൾ അടച്ചു .കണ്ണീർതുള്ളികൾ താഴേക്കു വീഴുന്നു. അമ്മ മുഖം പൊത്തി വിതുമ്പുന്നു.
"എന്താ അമ്മേ "?.
പെട്ടന്ന് അമ്മ അവളെ നെഞ്ചോട് ചേർത്തു പൊട്ടിക്കരഞ്ഞു.
അച്ഛൻ കണ്ണുകൾ തുറന്നു പറഞ്ഞു.
"മോൾ തളർന്നു പോകരുത്. മനുവിന് എന്തോ അപകടം.... "
പാർവ്വതി പെട്ടന്ന് അമ്മയുടെ കരവലയത്തിൽ നിന്ന് കുതറിമാറി. ഓടിച്ചെന്ന് കട്ടിലിൽ നിന്ന് മൊബൈൽ എടുത്ത് മനുവിന്റെ നമ്പർ ഡയൽ ചെയ്തു.അപ്പുറത്ത് അറബിയിൽ എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ടായി. വിറയ്ക്കുന്ന വിരലുകൾ അവൾ വീണ്ടും, വീണ്ടും പച്ച ബട്ടണിൽ അമർത്തികൊണ്ടിരുന്നു.
'എന്നേ വിളിച്ചാൽ കിട്ടുന്നില്ലെങ്കിൽ വിളിക്കാനായി വേറൊരു നമ്പർ തന്നിട്ടില്ലേ പാറൂ '. മനുവേട്ടൻ അടുത്തിരുന്ന് പറയുന്നത് പോലെ തോന്നിയപ്പോൾ അവൾ മൊബൈലിൽ ആ നമ്പറിന് വേണ്ടി പരതി .
"ഹലോ !!,മനുവേട്ടന്റെ കൂട്ടുകാരൻ ആണോ" ?.
"അ.. അതേ, മനുവിന്റെ വൈഫ്‌
ആണോ "?.
"അതേ. മനുവേട്ടന് എന്താ പറ്റിയത്"?.
"അത്... "
'എടാ സിജു മനു നമ്മളെ വിട്ട് പോയോടാ '
"എടാ മിണ്ടാതിരി, മനുവിന്റെ വൈഫാ ഫോണിൽ ".
അവ്യക്തമായി പാർവ്വതി അത് കേട്ടു. ഫോൺ അവളുടെ കയ്യിൽ നിന്നും താഴേക്ക് വീണു. കൂടെ അവളും.
--------------------------------------------------------------
"ഒന്നെഴുന്നേറ്റ് ഇച്ചിരി കഞ്ഞി കുടിക്ക് മോളേ ".
പാർവ്വതിയേ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മനുവിന്റെ അമ്മ പറഞ്ഞു.
അമ്മയുടെ കൈകൾ പാർവ്വതി തന്റെ കവിളിലേക്ക് അമർത്തി. നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അമ്മയുടെ കൈകളേ നനയിച്ചു.
"എനിക്ക് വേണ്ടമ്മേ, മനുവേട്ടൻ അവിടെ തണുത്ത്‌ വിറച്ച് കിടക്കുമ്പോൾ..... "
ഒരേങ്ങലടിയോടെ പാർവ്വതി പറഞ്ഞു.
"അവന്റെ അമ്മയല്ലേ ഞാൻ, എനിക്ക് സങ്കടം ഇല്ലേ ?,നമ്മൾ സഹിച്ചല്ലേ പറ്റൂ, പാല് കുടിക്കുന്ന കുഞ്ഞിനേ ഓർത്തെങ്കിലും കുറച്ച് കഞ്ഞി കുടിക്ക് മോളേ !".
പുറത്ത് ആരോ വിളിച്ചപ്പോൾ അമ്മ എഴുന്നേറ്റ് പോയി.
ആരായിരിക്കും ?,
മനുവേട്ടൻ കാശ് കൊടുക്കാനുള്ള ആരെങ്കിലും ആവുമോ ?.
ഇത്ര അധികം കടങ്ങൾ ഉള്ള കാര്യം മനുവേട്ടൻ ആരെയും അറിയിച്ചില്ല. എല്ലാം ഉള്ളിലൊതുക്കി തങ്ങളുടെ സന്തോഷം മാത്രം നോക്കി.
സംസാരം കേട്ടപ്പോൾ പാർവ്വതിക്ക് മനസ്സിലായി അമ്മാവനാണ് വന്നിരിക്കുന്നത്.
അമ്മാവന്റെ മകളുടെ കല്യാണത്തീയതി രണ്ട് പ്രാവശ്യം മാറ്റി വെച്ചു. മനുവേട്ടന്റെ ശവദാഹം കഴിയാത്തതിനാൽ അവർക്ക് കല്യാണം നടത്താൻ കഴിയുന്നില്ല.
മനുവേട്ടൻ മരിച്ചിട്ട് ഇന്ന് രണ്ട് മാസം. നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി മനുവേട്ടന്റെ ജീവനില്ലാത്ത ശരീരം ഇപ്പോഴും അവിടെ.പരസ്പ്പരം ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ മൂന്ന് ജന്മങ്ങൾ ഉള്ളിൽ കനലുമായി ഇവിടെ.
ട്രെയിനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവൾക്ക് തോന്നും. തനിക്കും പോകണം മനുവേട്ടന്റെ കൂടെ.പക്ഷേ കുഞ്ഞിന്റെ മുഖം തന്നെ തളർത്തിക്കളയുന്നു. പാറൂട്ടിന്ന് വിളിക്കാൻ മനുവേട്ടൻ ഇല്ലന്ന് ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
----------------------------------------------------------------
M L A ബോർഡ് വെച്ച കാർ കണ്ടപ്പോൾ മനുവിന്റെ അച്ഛൻ സോമന് അല്പം ആശ്വാസം ആയി. അയാൾ വേഗം നടന്നു.
മുറ്റത്ത്‌ നിൽക്കുന്ന ഖദർധാരികളുടെ ഇടയിൽ സോമൻ ഒരു മുഖം തിരഞ്ഞു.
പിന്നിൽ നിന്നും 'സോമേട്ടാ !!' എന്ന് വിളിച്ചുകൊണ്ട് ആ മുഖം ഓടിയെത്തി.
"എന്താ താമസിച്ചേ?നമ്മൾക്ക് തന്ന ടൈമിൽ വേറെ ആള് കയറി. ഇനി ഇപ്പോ എങ്ങനെയാണോ ആവോ "?.
"അങ്ങനെ പറയല്ലേ മോനേ !,ഒരു വല്ലാത്ത അവസ്ഥയിലാണ് ഞാൻ ".
കപടദേഷ്യത്തിൽ സംസാരിച്ച ചോട്ടാനേതാവ് സ്വരം ഒന്ന് മയപ്പെടുത്തി.
"ആ.. നോക്കട്ടെ.ഞാൻ വിളിക്കാം. ഇവിടെ കണ്ടേക്കണം. നമ്മുക്കുള്ളത് കൊണ്ടു വന്നിട്ടില്ലേ ?.
"ഉവ്വ് ".
"സാറിനേ കണ്ടിട്ട് ഗേറ്റിന് പുറത്ത് നിന്നേക്കണം. ഞാൻ അങ്ങ് വന്നേക്കാം."
സോമൻ തലയാട്ടി.
ഖദർധാരി അകന്ന് പോയപ്പോൾ അടുത്ത് കണ്ട സിമന്റ് ബഞ്ചിലേക്ക് അയാൾ ഇരുന്നു.നിറഞ്ഞ് വന്ന കണ്ണുകൾ പുറംകയ്യാൽ തുടച്ച് അയാൾ മുകളിലേക്ക് നോക്കി.
'ഏതെങ്കിലും ദൈവങ്ങൾ തങ്ങളുടെ ഈ അവസ്ഥ കാണുന്നുണ്ടോ ? മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുന്നതാണ് ഏറ്റവും വലിയ ദുഃഖമെന്ന് സോമന് തോന്നി. അവസാനമായി ഒരു നോക്ക് കാണാനാവാതെ അവൻ ഇപ്പോഴും കടലുകൾപ്പുറത്ത്‌ ഏതോ മോർച്ചറിയിൽ. ഒരു അപ്പനും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ.
പാർവ്വതിയുടെ കാര്യമോർത്തപ്പോൾ സോമന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ഉണ്ണുന്നില്ല, ഉറങ്ങുന്നില്ല.
മനുവിന്റെ ഫോട്ടോയിൽ മുഖം അമർത്തി ഒരേകിടപ്പ്.കരയാനുള്ള ശേഷി പോലും ഇല്ലന്നായിരിക്കുന്നു. കുഞ്ഞിന്റെ കരച്ചിൽ പോലും അവളെ സ്പർശിക്കുന്നില്ല.
"സോമൻചേട്ടാ ! പെട്ടന്ന് വാ ".
ഖദർധാരി വന്ന് വിളിച്ചപ്പോൾ സോമൻ
M L Aയുടെ മുറിക്കകത്തേക്ക് കയറി.
ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന
M L A ഇരിക്കാൻ ആംഗ്യം കാട്ടി. സോമൻ കസേരയിലേക്കിരുന്നു.
ഫോൺ താഴെ വെച്ചിട്ട് M L A പറഞ്ഞു.
"സോമൻ ചേട്ടാ ! സൗദിയിലെ ഒരു മലയാളി സംഘടനയുടെ ആളെയാ ഇപ്പോ ഞാൻ വിളിച്ചത്. അവർ പോയി സ്പോൺസറുമായി സംസാരിച്ചു. മനുവിന്റെ ഇഖാമയും, ഇൻഷ്വറൻസും പുതുക്കാത്തതിന് സ്പോൺസറായ ആ അറബിക്ക് പിഴ ചുമത്തി.ഇൻഷ്വറൻസ് പുതുക്കിയില്ലാത്തതിനാൽ ഇൻഷ്വറൻസ് കമ്പനി കാശൊന്നും തരില്ല. സ്പോൺസർ പിഴ അടക്കുന്ന കാശ് മനുവിന്റെ ആശ്രിതർക്ക് ലഭിക്കും. പക്ഷേ അയാൾ ഇപ്പോ പറയുന്നത് പിഴ അടക്കാനുള്ള കാശ് നമ്മൾ കൊടുക്കണമെന്ന്.എങ്കിലേ അയാൾ പേപ്പറുകളിൽ ഒക്കെ സൈൻ ചെയ്യൂ. "
മനു കാശ് കൊടുക്കാനുണ്ടന്നു പറഞ്ഞ് വന്നവരുടെ മുഖങ്ങൾ സോമന്റെ മനസ്സിലേക്ക് ഓടിയെത്തി. മനുവിന്റെ ഇൻഷ്വറൻസ് തുക കിട്ടുന്നതും പ്രതീക്ഷിച്ചിരിക്കുന്നവർ. ഇനി അറബിക്ക് കൊടുക്കാനുള്ള തുക എങ്ങനെ ഉണ്ടാക്കണമെന്ന് അറിയില്ലെങ്കിലും സോമൻ ചോദിച്ചു.
"അത്...എന്ത് മാത്രം വരും സാറേ" ?.
"നമ്മൾ കൂട്ടിയാൽ കൂടില്ല സോമാ. ആ മലയാളി സംഘടനയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അവർ എങ്ങനെയെങ്കിലും ഉണ്ടാക്കി കൊടുക്കാം എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്.പ്രിയപ്പെട്ടവർ ആരെങ്കിലും മരണപ്പെട്ടാൽ നമ്മൾക്ക് ഒത്തിരി സങ്കടം ഉണ്ടാവും. പക്ഷേ രണ്ട്, മൂന്ന് ദിവസങ്ങൾക്കകം അവരേ മറവ് ചെയ്താൽ ആ സങ്കടത്തിനു ചെറിയ ഒരാശ്വാസം കിട്ടും. അതിന് കഴിയാതെ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ എനിക്ക് മനസ്സിലാവും. തളർന്നു പോകരുത്. വേറെന്താ ഞാൻ പറയുക. "
സോമൻ എഴുന്നേറ്റു കൈകൾ കൂപ്പി. പൊട്ടിയൊലിച്ചൊഴുകിയ കണ്ണീർചാലുകൾ ഒപ്പി അയാൾ പുറത്തേക്കിറങ്ങി.
ഗേറ്റിന് പുറത്ത് ഖദർധാരി കാത്തുനിൽപ്പുണ്ടായിരുന്നു. വണ്ടിക്കൂലിക്കുള്ള മുപ്പത് രൂപ പോക്കറ്റിൽ ഇട്ട് ബാക്കി വിറയാർന്ന കൈകളോടെ അയാൾക്ക്‌ നേരെ നീട്ടി.
"മുഴുവൻ ഇല്ല... ഇത്രയേ കഴിഞ്ഞുള്ളൂ. ബാക്കി ഞാൻ താമസിയാതെ കൊണ്ട് വന്ന് തരാം ".
ഖദർധാരി ഒരു നിമിഷം സോമന്റെ കൈകളിൽ ഉള്ള കാശിലേക്കും, മുഖത്തേക്കും മാറി, മാറി നോക്കി. അടുത്ത നിമിഷം അയാൾ സോമന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
"എന്നോട് ക്ഷമിക്കൂ ചേട്ടാ !! എനിക്കറിയില്ലായിരുന്നു ഇത്രയും വലിയ ദുഖവും പേറിയാണ് അങ്ങ് ഇവിടെ വന്നിരുന്നത് എന്ന്. ചെയ്തുപോയ തെറ്റിന് എപ്പോഴെങ്കിലും പ്രായശ്ചിത്തം ഞാൻ ചെയ്തിരിക്കും.തളർന്നു പോകരുത് ചേട്ടാ. ഞങ്ങളൊക്കെ കൂടെയുണ്ട് ".
സോമന്റെ മനസ്സിൽ ഒരു കുളിർക്കാറ്റിന്റെ തണുപ്പുണ്ടായി.ഖദർധാരിയുടെ കൈകൾ ഒന്ന് അമർത്തിയിട്ട് സോമൻ തിരിഞ്ഞു നടന്നു.തളരാൻ പാടില്ല എന്നുറപ്പോടെ.
By.. ബിൻസ് തോമസ്..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot