നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാഴ്ചയ്ക്കപ്പുറം



''മോളേ..ഒന്നിങ്ങ് വര്വോ?''
അടുക്കളവശത്തെ മതിലരികിൽ നിന്ന് പരിചിതമല്ലാത്ത ശബ്ദം കേട്ടാണ് ആശ അവിടേക്ക് ചെന്നത്.
പുറകുവശത്തെ വീട്ടിൽ ഇന്ന് പുതിയ താമസക്കാർ വരുമെന്നു, പറഞ്ഞ് കേട്ടത് അപ്പോളാണവളോർത്തത്.
മതിലിനപ്പുറമായതിനാൽ മദ്ധ്യവയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീരൂപത്തിന്റെ മുഖം മാത്രം കാണാം. ആഢ്യത്വം തുളുമ്പുന്ന മുഖം. കണ്ണുകളിൽ വിഷാദഭാവം. മുടിയിഴകളിൽ ഏറെയും വെള്ളിവരകൾ കയ്യടക്കിക്കഴിഞ്ഞു. അറിയാതെയെങ്കിലും ഒരു പുഞ്ചിരി സമ്മാനിച്ചുപോകുന്ന ഒരു മുഖമാണ് അവർക്കെന്ന് ആശയ്ക്ക് തോന്നി.
ആശയെ കണ്ടതും അവർ കയ്യിൽ പിടിച്ചിരുന്ന അടുക്കുപാത്രം മതിലിനു മുകളിലൂടെ അവൾക്ക് നേരെ നീട്ടി.
''കുറച്ച് പായസാ മോളേ..താമസത്തിന് ആരേം വിളിച്ചൊന്നുല്ലേ . ഞങ്ങൾ മോനും കുടുംബോം മാത്രം. അയലോക്കത്തൊക്കെ ഇച്ചിരി മധുരം കൊടുക്കാന്ന് കര്തി ഇണ്ടാക്കീതാ''.
അങ്ങനെയൊരു കൊടുക്കൽ വാങ്ങലുകൾ പരിചയമില്ലാത്തത് കൊണ്ട് അല്പം ജാള്യതയോടെയാണ് അവളത് വാങ്ങാൻ ചെന്നത്.
മതിലിനടുത്ത് ചെന്നപ്പോളാണ് ആകെ ക്ഷീണിച്ച ശരീരമാണ് അവരുടേതെന്നത് അവൾക്ക് മനസ്സിലായത്. സെറ്റും മുണ്ടും അവർക്ക് നന്നായി ചേരുന്നുണ്ട്. കാതിലെ മൊട്ടുകമ്മൽ മാത്രമുണ്ട് ആഭരണമെന്ന് പറയാൻ.
''ഞാൻ ഇന്ദിര. ഇന്ദിരാമ്മ ന്നാ എല്ലാരും വിളിക്കാറ്. മോളും അങ്ങനന്നെ വിളിച്ചോളാ..എന്താ മോളുടെ പേര്?''
''ആശ''
''ഭർത്താവും കുട്ട്യോളും?''
''ചേട്ടൻഒരു പ്രൈവറ്റ് കമ്പനിയിൽ സൂപ്പർവൈസറാ. ഒരു മോൻ. സെവൻതിൽ പഠിക്കുന്നു.''
'' ഞങ്ങൾക്കും ഒരു മോനാ. അവന് എറണാളത്താ ജോലി. മരുമോൾ കൊല്ലംകാരിയാ. അവർക്കും ഒരു മോൻ 4വയസ്സാവണു.
നേരം കിട്ടുമ്പോ ഇങ്ങോട്ട് വായോ...... അന്നേരം കാര്യായിട്ട് പരിചയപ്പെടാല്ലോ.
അങ്ങട് ചെല്ലട്ടേട്ടോ മോളേ...എല്ലാം ഒന്നു ശരിയാക്കാന്ണ്ട്'' ഇന്ദിരാമ്മ പോകുന്നതും നോക്കി കുറച്ച് നേരം അവളവിടെ നിന്നു.
അകത്തേക്ക് കയറുമ്പോളെല്ലാം ആ വീടിന്റെ മെയിന്റനൻസിന് വന്ന മേസ്തിരി രവിച്ചേട്ടന്റെ വാക്കുകളായിരുന്നു അവളുടെ ഓർമ്മയിൽ വന്നത്
'' എന്ത് പറയാനാ മോളേ...ഇന്നലെ വിളിച്ചിട്ട് രണ്ടു ദെവസം കൊണ്ട് മെയിന്റനൻസ് തീർക്കണംന്ന്. മൂന്നിന്റന്ന് താമസക്കാർ വരൂന്ന്.ഒരുമുറിയിൽ തന്നെ ബാത്റൂമും വേണം. കിച്ചൺ ശരിയാക്കണം. പൊട്ടിയ ഓട് മാറ്റണം. ഇതെല്ലാം രണ്ടു ദിവസം കൊണ്ട് ശരിയാക്കാൻ...എങ്ങനണ്ട് ?. ഞാൻ പറഞ്ഞു നടക്കില്ലെന്ന്.... ശരിക്കുള്ള കാര്യം കേക്കണോ?
ഇപ്പ ഈ പണിയണതുണ്ടല്ലാ വയസ്സായ അച്ഛനും അമ്മയ്ക്കുവാ. ആകെ ഒറ്റ മോനെ ഉള്ളൂ. എറണാകുളത്ത് നല്ല എണ്ണം പറഞ്ഞ ഫ്ലാറ്റൊക്കെയുണ്ട്. നല്ല ജോലീം സാമ്പത്തികോം ഒക്കെ ഉള്ള ചെറുക്കനാ. ആ കാർന്നോര് ഇച്ചിരി അടിക്കണ കൂട്ടത്തിലാ. അത് മോനും കെട്ടിയോൾക്കും പോരായ്ക. അതോണ്ട് അച്ഛനേം അമ്മേം അവിടന്ന് മാറ്റാനാ ഈ വീട് പുതുക്കി പണിയണത്.
അവിടെന്ന് വേഗം ഒഴിപ്പിക്കണ്ടേ.....എന്തൊരു കാലമാ ഈശ്വരാ. ദേ ഒരു സെന്റ് സ്ഥലം ഒഴിച്ചിട്ടേക്ക്ട്ടാ ആവശ്യം വരും. ഹഹഹ!!!'' അയാളുടെ ചിരി നാളേയ്ക്കുള്ള താക്കീത് പോലെ ഇപ്പോഴും കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

''നീ എന്താ ദിവാസ്വപ്നം കാണുവാണോ?'' ജോലി കഴിഞ്ഞു വരുമ്പോളുള്ള പതിവ് ചായ അന്വേഷിച്ചെത്തിയ മോഹനന്റെ ചോദ്യം കേട്ടപ്പോളാണ് ആശ ചിന്തയിൽ നിന്നുണർന്നത്.
''ഏയ് അപ്പുറത്ത് പുതിയ താമസക്കാർ വന്നിട്ട്ണ്ട്. അവിടത്തെ അമ്മ കുറച്ച് പായസം തന്നു. എന്തൊരൈശ്വര്യാ ആ അമ്മയെ കാണാൻ....പാവം...''
''ഉം...നീ ചായ എടുക്ക്''.
''മോഹനേട്ടാ ഇപ്പ ഈ പായസം കുടിക്ക്. നേരിയ ചൂടുണ്ട്.'' മോഹനന് ചൂട്പായസം ഗ്ലാസ്സിലേക്ക് പകർന്ന് കൊടുത്തുകൊണ്ട് അന്നത്തെ ദിവസത്തെക്കുറിച്ചവൾ വാചാലയായി.
******** ************* ***********
''അച്ഛമ്മ ഞ്ഞി ഇവ്ടേ നിക്കണേ? എപ്പ്ളാ മ്മടെ വീട്ടീ വന്നേ?...ഞാൻ ഉച്ചുളീപോണ കാണണ്ടേ?'' പേരക്കുട്ടിയുടെ ചോദ്യത്തിന് ഇന്ദിരാമ്മയ്ക്ക് പെട്ടെന്നൊരുത്തരം കിട്ടിയില്ല.
അവർ അവനെ എടുത്ത് മടിയിലിരുത്തിക്കൊണ്ട് പറഞ്ഞു
''അതിനെന്താ മോനൂട്ടന് കാണണോന്ന് തോന്നുമ്പോളൊക്കെ അച്ഛമ്മ വരൂല്ലോ''
മോനെ മടിയിലെടുത്ത് പുന്നാരിക്കുന്ന അമ്മയെതന്നെ നോക്കി നിൽക്കുകയാണ് ഗോകുലും ശ്രുതിയും.
ഗോകുലിന്റെ മ്ലാനമായ മുഖം കണ്ട ഇന്ദിരാമ്മ എഴുന്നേറ്റ് അവന്റെയടുത്തേക്ക് ചെന്ന്..
''മോൻ വിഷമിക്കണ്ട ഇത് തന്ന്യാ ശരി.
കുറച്ച് ദിവസാണെങ്കിലും നമ്മളൊന്നിച്ച് താമസിച്ചില്ല്യേ...ദേവീടെ അനുഗ്രഹത്താൽ അത് നടന്നില്ലേ .ബാക്കിയൊന്നും സാരില്ല.'
പെട്ടെന്നാണ് പുറത്ത് അട്ടഹാസവും അസഭ്യം പറച്ചിലുമൊക്കെ കേൾക്കാൻ തുടങ്ങിയത്
''ചേകപ്പറമ്പിലെ നായൻമാരെ തർവാടികളാ...അവർക്ക് അച്ചി വക സ്തൽത്ത് കെടക്കണ്ട ഗതികേടൊന്നുമില്ലെടീ......അയ്ന് ഈ രമേശനെ കിട്ടില്ല...അവളും അവള്ട മോനും...പ്ഫ തൂ.....'' രമേശൻ നായർ കേട്ടാലറയ്ക്കുന്ന തെറികൾ വീണ്ടും വീണ്ടും പുലമ്പിക്കൊണ്ട് കുപ്പിയിലെ അവസാന തുള്ളിയും ഊറ്റിക്കുടിച്ച് അത് ദൂരേക്ക് വലിച്ചെറിഞ്ഞു.
കുപ്പി ഉടയുന്ന ശബ്ദം കേട്ട് മോനൂട്ടൻ പരിഭ്രമിച്ച് ശ്രുതിയുടെ അടുത്തേക്ക് ചെന്നു.
''അമ്മേ..അച്ചാച്ഛൻ പാട്ട് തൊട്ങ്ങി''
എല്ലാ മുഖങ്ങളും സംഭ്രമത്താൽ മുറുകാൻ തുടങ്ങി.
''ഈശ്വരാ....ഇനി ഇവിടേം കൂടി നാറാനുള്ളൂ..'' തലയിൽ കൈവച്ചുകൊണ്ടാണ് ഇന്ദിരാമ്മ അത് പറഞ്ഞത്.
അമ്മയുടെ നിസ്സഹായാവസ്ഥ ഗോകുലിന്റെ കണ്ണുകളിൽ അച്ഛനോടുള്ള വിദ്വേഷത്തിന്റെ കനൽ തെളിയിച്ചുകൊണ്ടിരുന്നു.
അത് മനസ്സിലാക്കിയെന്നോണം ഇന്ദിരാമ്മ സമചിത്തത വീണ്ടെടുത്തു. തന്റെ നേരിയൊരു ഭാവമാറ്റം പോലും മകനെ എത്രകണ്ട് അസ്വസ്ഥമാക്കുമെന്ന് ആ അമ്മയ്ക്ക് നന്നായറിയാം..
ഏത് നേരവും പൊട്ടിത്തെറിക്കുമെന്ന നിലയിൽ നിൽക്കുന്ന മകനെ ഇന്ദിരാമ്മ തന്നോട് ചേർത്തണച്ചു.
''ഒന്നും നമ്മൾ നിശ്ചയിക്കണ പോലല്ലല്ലോ മോനേ. ഒക്കെ നല്ലയ്നാ. നിങ്ങളിപ്പോ പൊയ്ക്കോ..നേരമിരുട്ടാറായി അത്രേടം വരെ പോണ്ടതല്ലേ''
''ചെല്ല് മോളേ''.എല്ലാം കണ്ട് മൂകസാക്ഷിയായി നിൽക്കുന്ന ശ്രുതിയുടെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു. മോനൂട്ടന് കവിളിൽ നിറയെ ഉമ്മകൾ നൽകി.
കലുഷിതമായ മനസ്സോടെയാണ് ഗോകുൽ അവിടെ നിന്നിറങ്ങിയത്. ഉള്ളിലെ ദേഷ്യത്തെ അടക്കി വയ്ക്കാൻ സാധിക്കാത്തതിനാലും, തന്റെ ദേഷ്യത്തിന്റെ ബാക്കി പത്രം അമ്മയുടെ നേർക്കായിരിക്കും എന്നറിയാവുന്നത് കൊണ്ടും അച്ഛനോട് യാത്ര പറയാൻ അവൻ മുതിർന്നില്ല. നെഞ്ചിലെ വിങ്ങൽ മറച്ചുവച്ച് ഇന്ദിരാമ്മ അവരെ നിർബന്ധിച്ച് അവിടെ നിന്നും യാത്രയാക്കി.
അവർ കാറിൽ കയറി പോകുന്നത് പടിക്കൽ നിർന്നിമേഷയായി നോക്കിക്കൊണ്ട് നിൽക്കുമ്പോഴും കഴിഞ്ഞു പോയ ദിവസങ്ങളായിരുന്നു ഇന്ദിരാമ്മയുടെ മനസ്സിൽ.
മകന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു കാലങ്ങളായി കഴിഞ്ഞിരുന്ന കുടുസുമുറിയിൽ നിന്നും സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറുക എന്നത്. ഒടുവിൽ സ്വന്തമായി അദ്ധ്വാനിച്ചും കടമെടുത്തും ഒരു ഫ്ലാറ്റ് വാങ്ങി അവിടേക്ക് തന്നെയും കൊണ്ട് കയറുമ്പോൾ എന്തൊക്കെയോ വെട്ടിപ്പിടിച്ച ഒരു രാജാവിന്റെ ഭാവമായിരുന്നു അവന്.
അധികമൊന്നും ആ സന്തോഷത്തിന് ആയുസ്സില്ലായിരുന്നു. ഭയപ്പെട്ടത് തന്നെ സംഭവിച്ചു....
'' മിസ്റ്റർ ഗോകുൽ...സീ..ഈ ഫ്ലാറ്റിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് ഈ കൂടി നിൽക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഇവിടെ കൂടുതലും ഹൈ സൊസൈറ്റി ആളുകളാണ് താമസിക്കുന്നതെന്ന് ഗോകുലിനറിയാല്ലോ..
ഇവിടെ താമസിക്കുന്നതിന് പല റൂൾസും ഉണ്ട്. അതൊക്കെ ഫോളോ ചെയ്യാത്തവരെ ഇവിടെ താമസിപ്പിക്കരുതെന്നാണ് നിയമം''
''സർ പറഞ്ഞു വരുന്നതെന്താണെന്ന് മനസ്സിലായില്ല''
''സീ..മിസ്റ്റർ..ഇവിടെ ഡ്രിങ്കിങ്ങ് അല്ലോഡ് ആണ്. ബട് അത് മറ്റുള്ളവർക്ക് ഡിസ്റ്റർബ് ആവാൻ പാടില്ല എന്നു മാത്രം. നിങ്ങളുടെ ഫാദർ ഡെയ്ലി ഡ്രിങ്ക് ചെയ്ത് എന്തെല്ലാം ഫൂളിഷ്നെസ് ആണ് കാണിക്കുന്നത്. രാത്രി ആയാൽ മറ്റ് ഫ്ലാറ്റ് ഓണേഴ്സിനെ ഇൻസൽട്ട് ചെയ്യുക, ഒച്ചയുണ്ടാക്കുക. എന്തെല്ലാം റബ്ബിഷ് വേർഡ്സാണ് അയാൾ യൂസ് ചെയ്യുന്നത്.....ഇന്നലെ അത് ചോദിക്കാൻ ചെന്ന എന്നെ അയാൾ വിളിച്ച തെറികൾ...ഹോ...നിങ്ങളെ ഓർത്തുകൊണ്ടു മാത്രമാണ് ഞാൻ ആക്ഷൻ എടുക്കാതിരുന്നത്. സോ...ഞങ്ങളെല്ലാവരും കൂടി ഡിസൈഡ് ചെയ്തതെന്തെന്നാൽ...അയാളെ ഇനി ഇവിടെ ആർക്കും സഹിക്കാൻ പറ്റില്ല. ഒന്നില്ലെങ്കിൽ നിങ്ങൾ ഈ ഫ്ലാറ്റ് ഒഴിയണം. അല്ലെങ്കിൽ അയാളെ എവിടെയെങ്കിലും റീഹാബിലിറ്റേഷൻ സെന്ററിൽ കൊണ്ടുപോയി ആക്കണം. എത്രയും പെട്ടെന്ന് ഒരു ഡിസിഷൻ ഞങ്ങൾക്കറിയണം..രണ്ടു ദിവസം വെയിറ്റ് ചെയ്യാം..''
അങ്ങേരുടെ മുന്നിൽ മാത്രമല്ല തന്റെ മകന് തല താഴ്ത്തി നിൽക്കേണ്ടി വന്നിട്ടുള്ളത്. കുട്ടിക്കാലം മുതൽക്കേ എവിടെയും അങ്ങനെതന്നെ. സ്വയബോധമില്ലാതെ അച്ഛൻ വന്നു കയറുന്ന വൈകുന്നേരങ്ങളെ ഭയപ്പെട്ട് തന്റെ സാരിത്തുമ്പിലൊളിക്കുന്ന, വീട്ടിലിരുന്ന് പഠിക്കാനാവാതെ കൂട്ടുകാരുടെ വീടുകളിൽ അഭയം തേടുന്ന മകന്റെ ഭീതീതമായ മുഖം, എന്നും താഴ്ന്നു തന്നെ ഇരുന്നിട്ടുള്ളൂ എന്നത് ഇന്ദിരാമ്മ വിങ്ങലോടെ ഓർത്തു.
ഇനിയെങ്കിലും ആ ശിരസ്സ് ഉയർന്നുതന്നെ ഇരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് എത്രയൊക്കെ പറഞ്ഞിട്ടും മകനെയെതിർത്ത് തനിക്ക് അവകാശം കിട്ടിയ സ്ഥലത്തേക്ക് അച്ഛനോടൊപ്പം തനിച്ച് മാറാമെന്ന കടുത്ത തീരുമാനമെടുത്തത്.
''അമ്മയെന്തായീ പറയണേ...ഇതിനാണോ ഇത്രേം കഷ്ടപ്പെട്ടത്....വേണ്ട ഞാൻ സമ്മതിക്കില്ല. എങ്ങോട്ടും പോകുന്നില്ല..അച്ഛൻ...അച്ഛനെ ഡിഅഡിക്ഷൻ സെന്ററിൽ ഒന്നുകൂടി കൊണ്ടോവാം...''
'' ഞാൻ പറേന്നത് കേക്ക് മോനേ..അതൊന്നും ഇനി ശരിയാവില്ല. അതൊക്കെ കുറേ നമ്മൾ ശ്രമിച്ചതല്ലേ..ഒന്നും വേണ്ട...അമ്മയുടെ വീതം കിട്ടിയ വീടുണ്ടല്ലോ...ആ വാടകക്കാരെ ഒഴിപ്പിച്ച് അങ്ങോട്ട് മാറാം...''
''അമ്മേ...ഒറ്റയ്ക്ക്...അവിടെ...അത് വേണ്ടമ്മേ....ശരിയാവില്ല...ഏങ്കിൽ നമുക്കൊന്നിച്ച് മാറാം അതാ നല്ലത്.''
''വേണ്ട....മോന്റെ ജോലി, മോനൂട്ടന്റെ സ്കൂൾ എല്ലാം സൗകര്യം ഇവിടാ...ഈ ഫ്ലാറ്റിന്റെ കടം ഒക്കെ ഇല്ലേ...അതൊക്കെ ഇവിടെ നിന്നേ പറ്റൂ...ഞങ്ങളങ്ങോട്ട് മാറും....ഇനി അതിനെക്കുറിച്ച് സംസാരിക്കണ്ട. ഞാൻ തീരുമാനിച്ച് കഴിഞ്ഞു.''
ആദ്യമായാണ് മകനോട് അത്ര കടുപ്പിച്ച് സംസാരിക്കുന്നത്. അമ്മയിൽ നിന്നും ആദ്യമായി അങ്ങനൊരു ഭാവമാറ്റം അവൻ പ്രതീക്ഷിച്ചു കാണില്ല. വല്ലാത്ത അമ്പരപ്പും സങ്കടവും അവന്റെ മുഖത്ത് നിന്ന് അന്നേരം വായിച്ചെടുക്കാമായിരുന്നു. വേണം അത് തന്നെയാണ് ശരി.
അവന്റെ ഭാവിക്ക് അതാ നല്ലത്. ഇനിയെങ്കിലും അവൻ സമാധാനമെന്തെന്നറിയണം. നെഞ്ചിലെ ഭാരം അവരുടെ കൺകോണിലൂടെ ഉറവയായി ഊർന്നിറങ്ങിക്കൊണ്ടിരുന്നു.
ആ നേരത്ത് രമേശൻ നായർ ആശയുടെ വീടിന് നേരെ നോക്കി വായിൽ തോന്നിയതെന്തൊക്കെയൊ പറഞ്ഞ് ആക്രോശിക്കുന്നുണ്ടായിരുന്നു.
***** ******* ******
റോഡ് സൈഡിൽ ഒതുക്കിയിട്ട കാറിനകത്തിരുന്ന് ശ്രുതി ഗോകുലിന്റെ സംസാരം ശ്രദ്ധിക്കുകയാണ്.
''ഹലോ ബിജൂ...ഞാൻ ഗോകുലാണ്. ഞാനന്ന് സൂചിപ്പിച്ചില്ലേ എറണാകുളത്ത് ഫ്ലാറ്റ് കൊടുക്കാനുണ്ടെന്ന് അതിന് ആളെ നോക്കിക്കോ...നല്ല വില തന്നെ കിട്ടണം..ഇ എം ഐ അടച്ച് തീർക്കാനുണ്ടെന്നേ.. ങേ?...ഞാനോ? ഞാൻ കുളത്തുപ്പുഴ അമ്മയ്ക്ക് വീതം കിട്ടിയ സ്ഥലമുണ്ട് അങ്ങോട്ടേക്ക് മാറുവാ...അവിടെ വീടുണ്ട്. ഓ ജോലിക്ക് പോയി വരാൻ വണ്ടിയുണ്ടല്ലോ... പിന്നെന്താ..ഇതൊന്ന് വേഗം സ്പീഡപ് ചെയ്യണേ..''
ഫോൺ കട്ട് ചെയ്തതും കാറിന്റ സൈഡ് സീറ്റിലിരുന്ന് തന്റെ മുഖത്തു നോക്കി അർത്ഥഗർഭത്താൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ശ്രുതിയെയാണ് ഗോകുൽ കണ്ടത്. ഒരു കള്ളച്ചിരിയോടെ അവളെ രണ്ട് കണ്ണും ചിമ്മി കാണിച്ച് അവൻ വണ്ടി സ്റ്റാർട്ടാക്കി. ആ ചിരിയ്ക്ക് അമ്മയുടെ ഛായയുണ്ടെന്ന് തോന്നി ശ്രുതിക്ക്. തന്റെ നെഞ്ചിൻ ചൂടുപറ്റി ഉറങ്ങുന്ന മോനൂട്ടനെ അവൾ ഒന്നുകൂടി ഇറുക്കി പുണർന്ന് അവന്റെ മൂർദ്ധാവിൽ ചുംബിച്ചു.
****************************************

ബിനിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot