നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാല്‍പ്പായസം

Image may contain: Anish Francis, standing, ocean, sky, outdoor and water
*************************
കുട്ടികള്‍ ഉറങ്ങിയിട്ടുണ്ടാകുമോ ?അയാള്‍ ആധിയോടെ ഓര്‍ത്തു.
ദേവിക ലാപ്ടോപിന്റെ മുന്‍പിലായിരിക്കും.ദര്‍ശന്‍ ടി.വിയുടെ മുന്‍പിലും.ദേവിക ഈ വര്‍ഷം ആറിലാണ്.പക്ഷേ ഹോംവര്‍ക്കും പ്രോജക്റ്റും ഒക്കെ ലാപ്ടോപ്പില്‍ നോക്കിയാണ് ചെയ്യുന്നത്.അവളും അവളുടെ നാല് കൂട്ടുകാരും ഒരു ഗാങ്ങ് ഉണ്ടാക്കിയിട്ടുണ്ട്.അവള്‍ സ്കൂളിലെ സയന്‍സ് ക്ലബിലെ മെമ്പറാണ്.യൂ.എന്നില്‍ സയന്റിസ്റ്റായി ജോലി ചെയ്യണം.ദേവിക ഇപ്പോഴേ അവളുടെ ലൈഫ് ഗോള്‍ തീരുമാനിച്ചു കഴിഞ്ഞു.ദര്‍ശന്‍ രണ്ടാം ക്ലാസ്സിലാണ്.പക്ഷേ അച്ഛനെപോലെ പോലീസാകാന്‍ അവന് ഇഷ്ടമല്ല.ഒരു സ്പേസ്ഷിപ്പ് പൈലറ്റ് ആവാനാണ് അവനിഷ്ടം.അവന്‍ വലുതാകുമ്പോള്‍ വിമാനങ്ങള്‍ പോലെ സ്പേസ്ഷിപ്പുകളും സാധാരണമാകുമായിരിക്കും.
എന്നാലും മായ ,അവള്‍-
തനിക്കൊരിക്കലും അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.തന്റെ വിദൂര ചിന്തകളില്‍ പോലും അതില്ലായിരുന്നു.ഒരു ദിവസം തന്നെയും മക്കളെയും ഉപേക്ഷിച്ചു അവള്‍ ഒളിച്ചോടുമെന്ന്.
ഇന്നലെ എസ്‌.പിയുടെ ഓഫീസില്‍ ജില്ലയിലെ സ്ത്രീകളുടെ മിസ്സിംഗ് കേസുകളുടെ ബ്രീഫിംഗ് ആയിരുന്നു.ഇനിയും ക്ലോസ് ചെയ്യാത്ത കേസുകളുടെ കാര്യം എടുത്തിട്ട് എസ്.പി നിര്‍ത്തിപ്പൊരിച്ചു.
“ജനം മുഴുവന്‍ പോലീസിന് എതിരാണ്.കൊത്തിപ്പറിക്കാന്‍ കാത്തിരിക്കുകയാണ് ചാനലുകള്‍.”എസ്.പി മുന്നറിയിപ്പ് നല്‍കി.
തിരികെ വന്നപ്പോള്‍ ഏറെ വൈകി.
മായ ഹാളില്‍ മൊബൈല്‍ഫോണില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്.അവളുടെ മുഖത്ത് ഒരു കാളിമ ഉണ്ടായിരുന്നോ ??
“രാജീവേട്ടാ ,ഫുഡ് എടുത്തുവയ്ക്കട്ടെ ..”അവളുടെ സ്വരത്തിന് ഒരു പതര്‍ച്ചയുണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.അവള്‍ക്ക് തന്നോട് എന്തോ പറയാനുണ്ടായിരുന്നു.
“വേണ്ട.കഴിച്ചു.”
ക്ലബില്‍ നിന്ന് ടീച്ചേഴ്സ് വിസ്ക്കിയുടെ നാല് ലാര്‍ജ് വിഴുങ്ങിയിരുന്നു.ചെവിയില്‍ ഇപ്പോഴും എസ്.പിയുടെ വാക്കുകള്‍-
“രാജീവ്‌ ,യൂ വേര്‍ സോ ഷാര്‍പ്പ് .ഈ കേസുകള്‍ ഒക്കെ തനിക്ക് ഈസിയായി നെയില്‍ ചെയ്യാവുന്നതല്ലേ?”
സോ ഷാര്‍പ്പ്.
ഡ്രസ്സ്‌ ഊരിയിട്ട് കട്ടിലില്‍ പോയി ഒറ്റക്കിടപ്പായിരുന്നു.വാതില്‍ക്കല്‍ വന്നു മായ അല്‍പ്പനേരം നോക്കിനിന്നായിരുന്നുവോ ?
ഇല്ല.അറിയില്ല.
രാവിലെ എഴുന്നേറ്റു.കുട്ടികള്‍ രണ്ടും ഉറങിക്കിടക്കുകയാണ്.ഈ സമയമാകുമ്പോള്‍ മായ ചായ റെഡിയാക്കി എല്ലാവരെയും വിളിച്ചെഴുന്നെല്‍പ്പിക്കുന്നതാണ്.ഇന്ന് മായയെ കാണുന്നില്ല.ഇവളിതെവിടെപ്പോയി?
തലക്ക് നല്ല പെരുപ്പ്‌.ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ അടുക്കളയില്‍ കയറി.ഫ്ലോറില്‍ പുട്ട്പൊടി ചിതറിക്കിടക്കുന്നു.ഇപ്പോള്‍ കേറി ചവിട്ടണ്ടതായിരുന്നു.
“മായേ.....നാശം!! “
ഉറക്കെവിളിച്ചു.മറുപടിയില്ല.
ചൂല്‍ എവിടെ ??അടുക്കളയുടെ ഏറ്റവും മുകളിലത്തെ കോണ്‍ക്രീറ്റ് അറയില്‍ ചൂല്‍ ഇരിക്കുന്നു.സാധാരണ അവിടെയെവിടെയെങ്കിലും ചാരിവയ്ക്കുകയാണ് ചെയ്യുന്നത്.
മെല്ലെ ചൂല്‍ വലിച്ചെടുത്തു.അപ്പോഴാണ് കണ്ടത്.
ചൂലിന്റെ കെട്ടില്‍ ഒരു കടലാസ് ക്ഷണം മടക്കിത്തിരുകി വച്ചിരിക്കുന്നു.
“രാജീവേട്ടാ ,
ഞാന്‍ പോകുന്നു.ഈ ജീവിതം എനിക്ക് മടുത്തു.പല പ്രാവശ്യം തുറന്നുപറയണമെന്ന് കരുതിയതാണ്.രാജീവേട്ടന് കേള്‍ക്കാന്‍ നേരമില്ലായിരുന്നു.ഞാന്‍ കുറ്റപ്പെടുത്തുകയില്ല.ഒരു മകള്‍,അമ്മ ,ഭാര്യ എന്ന ജോലികള്‍ അല്ലാതെ സ്വയം ഞാന്‍ ആരാണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞാനൊരാളെ പരിചയപ്പെട്ടു.എനിക്കും സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെന്ന് മനസ്സിലായത് അയാളുമായി സംസാരിച്ചപ്പോഴാണ്.ഇരുട്ട് നിറഞ്ഞ ഒരു തടവ്‌ മുറിയാണ് എന്റെ തലച്ചോര്‍.ഞാന്‍ ഇവിടെ കഴിയുന്ന ഓരോ നിമിഷവും നിങ്ങളെയും കുട്ടികളെയും വഞ്ചിക്കലാണ്.എന്നെ ശപിക്കുമെന്നറിയാം.ഇനി എന്നെ ദയവ് ചെയ്തു അന്വേഷിക്കരുത്.
മായ.
ആ കത്ത് വായിച്ചപ്പോള്‍ ഒരു കൂടം കൊണ്ട് തലക്ക് അടികിട്ടിയത് പോലെ തോന്നി. ധാരാളം ആത്മഹത്യാകുറിപ്പുകളും ,വീട് വിട്ടു പോകുന്ന കുട്ടികള്‍ എഴുതിവയ്ക്കുന്ന കത്തുകളും വായിച്ച അയാള്‍ക്ക് ആ വരികളിലെ ഗൗരവം ഒരു നിമിഷംകൊണ്ട് മനസ്സിലായി.
കുട്ടികള്‍ ആ കത്ത് വായിക്കാതിരിക്കാന്‍ അവള്‍ കത്ത് ചൂലിന്റെ ഉള്ളില്‍ വച്ചു.താന്‍ അത് കണ്ടെത്തുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു.
ദൃശ്യം സിനിമ കണ്ടതിനു ശേഷം എസ്.പി പറഞ്ഞത് മനസ്സിലോടി വന്നു.
ക്ലെവര്‍.വെരി ക്ലെവര്‍.
തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു.അപ്പോള്‍ കുട്ടികള്‍ ??
ആ കത്ത് അയാളുടെ കയ്യിലിരുന്നു വിറച്ചു.
“അച്ഛാ ,അമ്മ എവിടെ ??”പുറകില്‍ നിന്ന് ദേവികയുടെ ഒച്ച.
“അമ്മ ,അമ്മ തിരുവനന്തപുരം വരെ പോയി മോളെ..”പെട്ടെന്ന് തോന്നിയ കള്ളം പറയുമ്പോള്‍ അയാള്‍ടെ ഒച്ച വിറച്ചു.
“ഇത്ര രാവിലെയോ ?എന്തിനു പോയതാ.എന്നിട്ട് ഇന്നലെ ഒന്ന് പറഞ്ഞു പോലുമില്ലല്ലോ.??”
“അവിടെ ,അമ്മയുടെ ഒരു എഴുത്ത് വാട്സാപ്പ് ഗ്രൂപ്പില്ലേ ,അതിന്റെ അഡ്മിനെ കാണാന്‍..അവരുടെ ഗ്രൂപ്പ് മീറ്റ് ഓര്‍ഗനൈസ് ചെയ്യുന്നതിനു വേണ്ടി..”
“പക്ഷെ ഫോണ്‍ എടുക്കാതെയാ പോയിരിക്കുന്നെ ..”
“ഡോണ്ട് വറി.ഷീ വില്‍ മാനേജ് മോളെ..മോള്‍ പോയി വേഗം സ്കൂളില്‍ പോകാന്‍ റെഡിയാകു.മോനെയും വിളിക്ക്.”
“ഡി.വൈ.എസ്.പി രാജീവ്‌ നായരുടെ ഭാര്യയല്ലേ അമ്മ.ഷീ വില്‍ മാനേജ് അച്ഛാ..” ദേവിക കളിയാക്കിക്കൊണ്ട് ഓടുന്നു.
ഡി.വൈ.എസ്.പി രാജീവ്‌ നായരുടെ ഭാര്യ.
ഫ്ലാറ്റിലെ സെക്യൂരിറ്റിയെ വിളിച്ചു മൂന്നു പേര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് പാര്‍സല്‍ വരുത്തി.
മോന് പല്ല് തേക്കാന്‍ പേസ്റ്റ് എടുത്തു ബ്രഷില്‍ വച്ച് കൊടുത്തു.അവന്‍ ബാത്ത്റൂമില്‍ സ്പേസ്ഷിപ്പ് ഓടിക്കുകയാണ്.
“ഇതല്ല,ഇത് വെള്ളയാ അച്ഛാ.എന്റെ ചുമന്ന പേസ്റ്റ് താ..”ദര്‍ശന്റെ ശബ്ദം.
‘അച്ഛാ,ക്യൂബ് റൂട്ട് ഓഫ് ടെന്‍ എങ്ങിനെയാ എളുപ്പം കണ്ടുപിടിക്കുക.”ഹോം വര്‍ക്ക് ചെയ്യുന്നതിനിടയില്‍ ദേവികയുടെ സംശയം.
അതിനിടയില്‍ എസ്.ഐ ഹരികുമാറിന്റെ ഫോണ്‍.
“സര്‍ ,ഒരു പ്ലസ് ടൂ പെണ്‍കുട്ടി മിസ്സ്‌ ആയിട്ടുണ്ട്.സെന്‍സിറ്റിവ് ഇഷ്യൂ ആകാന്‍ ചാന്‍സ് ഉണ്ട്.ചാനലുകാരെല്ലാം പാഞ്ഞു വന്നിട്ടുണ്ട്."
“യൂ സ്റ്റാര്‍ട്ട് കോംമ്പിങ്ങ് ദ ഏരിയാ.ഞാന്‍ കുട്ടികളെ ഒരുക്കിയിട്ട് ഉടനെ എത്താം.”
അപ്പുറത്ത് എസ്.ഐ വാ പൊളിച്ചിട്ടുണ്ടാകും.ഡി.വൈ.എസ്.പി എന്നാണു അമ്മയുടെ റോളിലേക്ക് മാറിയത്.?
കുട്ടികളെ യൂണിഫോം ഇടുവിച്ചു.ദേവികയുടെ മുടി പിന്നി റിബണ്‍ കെട്ടിയപ്പോഴേക്കും അയാള്‍ തളര്‍ന്നു പോയി.അപ്പോഴൊക്കെ ഉള്ളില്‍ ഒരു മന്ത്രം പോലെ മായയുടെ ചിന്തകള്‍ അയാളില്‍ നിറയുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായി.
ഇപ്പോഴും കതിര്‍മണ്ഡപത്തില്‍ അവളോടൊപ്പം നിന്നത് ഓര്‍മ്മയിലുണ്ട്.പിന്നെ പല സ്ഥലങ്ങളില്‍ ,പല പോലീസ് ക്വാര്‍ട്ടട്ടേഴ്സുകളില്‍ ജീവിതം.
ഇതിനിടയില്‍ രണ്ടു കുട്ടികള്‍.
ആദ്യവര്‍ഷങ്ങളില്‍ അവള്‍ ധാരാളം സംസാരിക്കുമായിരുന്നു.പിന്നെ പിന്നെ കുറഞ്ഞു വന്നു.
ഒരിക്കലും തീരാത്ത തന്റെ ജോലിഭാരം.കേസുകള്‍.കോടതികള്‍.
ഇതിനിടയില്‍ ട്രാന്‍സ്ഫറുകള്‍ .പ്രമോഷനുകള്‍.
ഒഴുകുകയായിരുന്നു.
“സാര്‍ ഫ്ലാറ്റ് എത്തി.”ഡ്രൈവറുടെ ശബ്ദം കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു.
ലിഫ്റ്റില്‍ നില്‍ക്കുമ്പോള്‍ മായയില്ലാത്ത പകല്‍ വീണ്ടും തെളിഞ്ഞുവന്നു.
കുട്ടികളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ടു കഴിഞ്ഞപ്പോള്‍ എസ്.പിയുടെ ഫോണ്‍ വന്നു.
സിറ്റി പോലീസ് സ്റ്റേഷനിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ച് ഉണ്ടത്ത്രെ.പോലീസ് കസ്റ്റഡി മരണങ്ങള്‍ക്കും ,സ്ത്രീകളുടെ കൊലപാതകങ്ങള്‍ക്കും എതിരെയുള്ള പ്രതിക്ഷേധം.അത് അക്രമാസക്തമാകുമെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.അപ്പോള്‍ അങ്ങോട്ട്‌ കൂടുതല്‍ ഫോഴ്സിനെ വിന്യസിക്കണം.
അതിനിടയില്‍ ഹരികുമാറിന്റെ ഫോണ്‍ വീണ്ടും .അവിടെയും കൂടുതല്‍ ഫോഴ്സ് വേണം.പെണ്‍കുട്ടിയുടെ എന്തെങ്കിലും വിവരം ഉടന്‍ കിട്ടിയില്ലെങ്കില്‍ അതും ചാനല്‍ ഹോട്ട് ന്യൂസാകും.
അതിനിടയില്‍ മായ –
രണ്ടു ദിവസം ലീവ് എടുത്തു മായയെ അന്വേഷിച്ചാലോ.?
എസ്.പിയോട് എന്ത് കാരണം പറയും ?
“സര്‍ എന്റെ ഭാര്യ ഒളിച്ചോടിയിരിക്കുന്നു.ആ കേസ് അന്വേഷിക്കാന്‍ രണ്ടു ദിവസത്തെ സമയം തരണം.”
അല്ലെങ്കില്‍ ഹരികുമാറിനെ വിളിച്ചാലോ ?
“എടോ ,ഒരു വുമന്‍ മിസ്സിംഗ് കേസ് കൂടി രജിസ്റ്റര്‍ ചെയ്യണം. മുഖത്ത് കവിളിനു കീഴെ ഒരു പുള്ളി.വെളുത്ത നിറം.അഞ്ചടി ഉയരം.പേര് മായ രാജീവ്‌.മറ്റേ പെണ്‍കുട്ടിയുടെ അന്വേഷണം നിര്‍ത്തിവച്ച് ഈ കേസ് അന്വേഷിക്കൂ.കാരണം ഇത് എന്റെ ഭാര്യയാണ്. ”
ആ സംഭാഷണങ്ങള്‍ ആലോചിച്ചപ്പോള്‍ അയാള്‍ടെ ചുണ്ടില്‍ പുച്ഛം നിറഞ്ഞ ഒരു ചിരി തെളിഞ്ഞു.
ഒരു വിധത്തില്‍ രണ്ടു സ്ഥലങ്ങളിലേക്കും ഫോഴ്സിനെ അറേഞ്ചു ചെയ്തു.
സിറ്റി പോലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്.
ബാരിക്കേഡിന് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഉള്ളിലേക്ക് വീണ്ടും മായ –
എന്തിനാണ് അവള്‍ പോയത് ?
ആരുടെ കൂടെയാണ് പോയത് ?
അവള്‍ ഓരോ തവണയും സംസാരിക്കാന്‍ വരുമ്പോഴും തനിക്ക് നേരമില്ലായിരുന്നു.
“നമ്മുക്ക് ഒരു ടൂര്‍ പോയാലോ രാജീവേട്ടാ-“
“രാജീവേട്ടാ നമ്മുക്ക് മൂകാംബികയില്‍ പോയാലോ കുട്ടികളുമായി- “
“എനിക്ക് ഈ സിറ്റിയിലെ ഫ്ലാറ്റ് മടുത്തു രാജീവേട്ടാ –“
“ഇത്തിരി നേരത്തെ വന്നു കൂടെ രാജീവേട്ടാ-“
“എന്നും ഇങ്ങനെ കുടിക്കാതെ രാജീവേട്ടാ-“
അവളുടെ ഓരോ ആവശ്യങ്ങള്‍ക്കും മുന്‍പില്‍ ഓരോ കാരണങ്ങള്‍ മതില് പോലെ ഉയര്‍ന്നുവന്നു.മാര്‍ച്ചുകള്‍ ,ഹര്‍ത്താലുകള്‍ ,കൊലപാതകങ്ങള്‍,മോഷണങ്ങള്‍-
അവള്‍ ആരോടോപ്പമാണ് പോയത് ?
കഴിഞ്ഞ കുറെനാളുകളായി അവളില്‍ എന്തോ മാറ്റം ഉണ്ടായിരുന്നു.കൂടുതല്‍ നേരം അവള്‍ ഫെയ്സ്ബുക്കിലും വാട്സാപിലും ചെലവഴിച്ചു.
അത് നന്നായി എന്ന് ഉള്ളില്‍ തോന്നിയിരുന്നു.അവളുടെ പരാതികള്‍ കേള്‍ക്കണ്ടല്ലോ.
പക്ഷെ അത് ഇത് പോലെ ഒരു ദുരന്തത്തിലേക്കായിരുന്നു നയിക്കുന്നത് എന്ന് അറിഞ്ഞില്ല.അയാള്‍ക്ക് കഠിനമായ ദേഷ്യം തോന്നി.ചതി.കൊടും ചതി.കുട്ടികളുടെ ജീവിതമെങ്കിലും അവള്‍ ഓര്‍ക്കേണ്ടതായിരുന്നു.സമൂഹത്തിലെ തന്റെ സ്റ്റാറ്റസ്,തന്റെ ജീവിതം ഒക്കെ തുലയുകയാണ്.
“ഒന്നിനും കൊള്ളാത്ത പോലീസേ ,ഒരു കേസെങ്കിലും തെളിയിക്കൂ –“പ്രാസമൊപ്പിച്ച മുദ്രാവാക്ക്യം വിളി.ഉന്തും തള്ളും മുഴങ്ങുന്നു.
പെട്ടെന്നാണ്‌ അതുണ്ടായത്‌.നെറ്റിയില്‍ കൂടി ഒരു മിന്നല്‍ കടന്നു പോയത് പോലെ അയാള്‍ക്ക് തോന്നി.
ആരോ കല്ലെറിഞ്ഞിരിക്കുന്നു.ചോര ചീറ്റി.
ഒരു ചൂല്‍ -അതിനിടയില്‍ ഒരു വെളുത്ത കടലാസ്സ്‌-ഞാന്‍ പോകുന്നു-എന്നെ അന്വേഷിക്കണ്ട-
തല പൊട്ടിപിളരുന്നു.
-കുട്ടികള്‍ അതിനി നിങ്ങളുടെ തലവേദനയാണ്-.
ദേഷ്യം കൊണ്ട് അയാള്‍ക്ക് കണ്ണ് കാണാതായി.
“ചാര്‍ജ് !!”അയാള്‍ അലറി.
പോലീസ് ഇരമ്പിയാര്‍ത്തു.സമരക്കാര്‍ നാലുപാടും ചിതറിയോടി.
അല്പം കഴിഞ്ഞു വയര്‍ലസ്സിലൂടെ എസ്.പിയുടെ ശകാരം.
“രാജീവ്‌ താന്‍ എന്ത് കോപ്പിലെ പണിയാടോ കാണിച്ചത്!!ടി.വി മുഴുവന്‍ അവന്മാര്‍ ലാത്തിച്ചാര്‍ജ് കാണിക്കുകയാണ്.അതിനുമാത്രം ടെന്‍ഷന്‍ അവിടെയില്ലായിരുന്നല്ലോ.മിനിസ്റ്ററുടെയും ഡി.ജിയുടെയും വായില്‍ നിന്ന് ഇനി കേള്‍ക്കാന്‍ ബാക്കിയൊന്നുമില്ല.”
ഒന്നും പറയാന്‍ കഴിഞ്ഞില്ല.
“തനിക്ക് എന്ത് പറ്റി??”എസ്.പി ചോദിക്കുന്നു.
ഉള്ളില്‍ മറുപടി പറഞ്ഞു.
“എന്റെ ഭാര്യ ഒളിച്ചോടി സര്‍.ഒരു ചൂലിന്റെയുള്ളില്‍ ഒരു കത്തെഴുതിവച്ച് ഇന്ന് രാവിലെ അവള്‍ എന്നെ വിട്ടുപോയി.സമരക്കാരന്‍ കല്ലെറിഞ്ഞത് പൊട്ടിപിളരാന്‍ തുടങ്ങുന്ന ശിരസ്സിലേക്കായിരുന്നു.”
ഫ്ലാറ്റിന്റെ വാതില്‍ തുറന്നു അകത്തു കയറി.
ദര്‍ശന്‍ വീഡിയോ ഗെയിം കളിക്കുകയാണ്.അച്ഛനെ കണ്ടതും അവന്‍ മുഖം വീര്‍പ്പിച്ചു.
ദേവിക പഠിക്കുകയാണ്.
സോഫയില്‍ വന്നിരുന്നയുടനെ ദേവിക വന്നു.
“അമ്മ ഇത് വരെ വന്നില്ല അച്ഛാ.വിളിച്ചുമില്ല.അച്ഛനെ വിളിച്ചോ?”
ഇല്ല .ഇന്ന് കൂടി, ഒരു ദിവസം കൂടി അവര്‍ അത് അറിയണ്ട.തങ്ങളുടെ അമ്മ ഒളിച്ചോടിപ്പോയെന്ന വിവരം.ഇന്ന് കൂടി അവര്‍ സമാധാനമായി ഉറങ്ങട്ടെ.
“അമ്മ,അവിടുത്തെ അമ്മായിടെ വീട്ടില്‍ പോയിരിക്കുകയാ മോളെ.ഇന്ന് രാത്രി അവിടെയാ.അവിടെ ഒട്ടും മൊബൈല്‍ റേഞ്ചില്ല,നാളെ വരും.നാളെ-“
അയാളുടെ സ്വരം പതറി.
“അച്ഛന്‍ മറന്നു.ഇന്ന് ദര്‍ശന്റെ ബര്‍ത്ത് ഡേയാ..” അവള്‍ പറഞ്ഞു.
താന്‍ അതും മറന്നു.
അയാള്‍ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വച്ചു.
“സോറി മോനെ,അച്ഛന്‍ മറന്നു പോയി.മോന് നാളെ ഞാന്‍ ഗിഫ്റ്റ് വാങ്ങിത്തരാം.”
“അമ്മയും മറന്നു പോയല്ലോ “അവന്റെ സ്വരത്തില്‍ നിരാശ.
“സാരമില്ല മോനെ.അച്ഛന്‍ ഉണ്ടല്ലോ..”സ്വരത്തില്‍ ധൈര്യം പുരട്ടി അയാള്‍ പറഞ്ഞു.
“മക്കള്‍ എന്തെങ്കിലും കഴിച്ചോ ?”അയാള്‍ ചോദിച്ചു.
“ഇല്ല.അച്ഛന്‍ വരട്ടെന്ന് വിചാരിച്ചു.”
അയാള്‍ അടുക്കളയില്‍ കടന്നു.
കുന്നു കൂട്ടിയിട്ട പാത്രങ്ങള്‍.ഗാസ് സിലിണ്ടർ.കുക്കര്‍.ഫ്രിഡ്ജ്.സിങ്ക്.ആ അടുക്കള മുഴുവന്‍ അയാളെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ.
ദേവിക ഫ്രിഡ്ജ് തുറന്നു.
“അച്ഛാ ,ഇതാ പാല്‍പ്പായസം.അമ്മ അവന്റെ ജന്മദിനം മറന്നിട്ടില്ല.”
എല്ലാ ജന്മദിനങ്ങളിലും മായ പാല്‍പ്പായസം ഉണ്ടാക്കാറുണ്ട്.നല്ല രുചിയുള്ള പായസം.ഇത് അവള്‍ ഈ അടുക്കളയില്‍ കുടുംബത്തിനു വേണ്ടി അവസാനമുണ്ടാക്കിയ ഭക്ഷണമാണ്.
അയാള്‍ ആ പാത്രം എടുത്തു തുറന്നു.പായസത്തിന്റെ ഗന്ധം മൂക്കിലേക്ക് കയറി.
ചതിയുടെയും വഞ്ചനയുടെയും ഗന്ധമാണിത്.തന്റെ മക്കള്‍ക്ക് ഇത് വേണ്ട.
അയാള്‍ അത് സിങ്കിലേക്ക് ഒഴിച്ച് കളഞ്ഞു.
താന്‍ ഒരു പോലീസ് ഓഫീസറാണ്.കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രപതിയുടെ ഏറ്റവും നല്ല ഇന്‍വെസ്റ്റിഗെറ്റിംഗ് ഓഫീസറുടെ അവാര്‍ഡ് വാങ്ങിയ വ്യക്തി.
ഈ കുട്ടികളെ താന്‍ തന്നെ വളര്‍ത്തും.പോകുന്നവര്‍ പോകട്ടെ.അവര്‍ക്ക് അച്ഛന്‍ മതി.
താന്‍ ഒരു നല്ല ഭര്‍ത്താവ് അല്ലായിരിക്കും.ഒരുപാട് സംസാരിക്കുവാനും അവളെ മനസ്സിലാക്കാനും തനിക്ക് കഴിയാതെ പോയിട്ടുണ്ടാകും.എങ്കിലും താന്‍ പരാജയപ്പെടുമെന്നും അവളെ തേടി പോകുമെന്നും അവള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ മായക്ക് തെറ്റി.എല്ലാവര്‍ക്കും തെറ്റി.
കുട്ടികള്‍ അമ്പരന്നു നില്‍ക്കുകയാണ്.
“അത് കൊള്ളില്ല മക്കളെ. അതില്‍ ഒരു വണ്ട്‌ ചത്തു കിടപ്പുണ്ട്.മക്കള്‍ക്ക് വേറെ നല്ല ചൂടുള്ള പാല്‍പ്പായസം അച്ഛന്‍ ഉണ്ടാക്കിത്തരും.”
യൂട്യൂബില്‍ പാല്‍പ്പായസം ഉണ്ടാക്കുന്ന വീഡിയോ അയാള്‍ തിരയാന്‍ തുടങ്ങി.
(അവസാനിച്ചു)
(ഇതിഹാസകഥാകാരിയുടെ ആത്മാവിനോട് മാപ്പ് ചോദിക്കുന്നു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot