നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Murder @ The Mall - Part 3

Image may contain: 2 people, people smiling, text

പോലീസിന്റെ രഹസ്യ ഇന്ററോഗേഷൻ റൂം
..ഹലോ മിസ്റ്റർ ജയദേവൻ...
അയാളെ ഇരുത്തിയ ടേബിളിനു മുന്നിലെ കസേര വലിച്ചിട്ട് എഡ്വേർഡ് ഇരുന്നു..
ജയദേവന്റെ പ്രത്യാശ വറ്റിയ കണ്ണുകൾക്ക്‌ താഴെ കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കമില്ലായ്മ കറുത്ത പാടുകൾ വീഴ്ത്തിയിട്ടുണ്ട്..
കുറ്റിത്താടി വളർന്ന മുഖം , അലങ്കോലമായിക്കിടക്കുന്ന മുടി.
..ജയദേവൻ.. എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്.. നമ്മുക്ക് സമയം തീരെ കുറവാണ്...എന്റെ ചോദ്യങ്ങളോട് സഹകരിക്കണം.
ജയദേവൻ എഡ്വേർഡിന്റെ മുഖത്തേക്ക് നോക്കി.
പറയൂ..താങ്കളും ഈ കേസും തമ്മിൽ എന്താണ് ബന്ധം...?
ഒരു നിമിഷം അയാൾ കണ്ണുകളടച്ചു. ഓർമ്മകൾ പഴയ കാലത്തിലേക്ക് സഞ്ചരിക്കുകയായിരിക്കാം .
അയാൾ മെല്ലെ പറയാൻ തുടങ്ങി.
..സാറിന് അറിയേണ്ടതൊക്കെ ഞാൻ പറയാം.ഒരുപാട് നാളായി ഞാൻ ഈ ഭാരം ചുമന്ന് നടക്കാൻ തുടങ്ങിയിട്ട്..
അയാൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
എഡ്വേർഡ് ജയദേവന്റെ വാക്കുകൾ സൂക്ഷ്മതയോടെ കേട്ടിരുന്നു.
.. സർ ഒരുവർഷം മുൻപ് വരെ സന്തോഷവാനായ ഒരാളായിരുന്നു ഞാൻ.
ദുബായിൽ ബിസിനെസ്സ് ആണ് എനിക്ക്. കുടുംബസമേതം അവിടെയാണ്.
ഒരു വർഷം മുൻപ് ചില ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഒരാഴ്ച കൊച്ചി വരെ വരേണ്ടി വന്നു.
വന്ന് എത്രയും പെട്ടെന്ന് കാര്യങ്ങൾ തീർത്തു പോകുന്നതിനു പകരം ആ ഏഴുദിവസങ്ങൾ എല്ലാം മറന്നാഘോഷിക്കാൻ ഞാൻ തീരുമാനിച്ചു.
ഞാൻ ഒരു ഓൺലൈൻ എസ്കോർട് സൈറ്റിലെ ഒരു നമ്പറിൽ കോൺടാക്ട് ചെയ്തു. ആവശ്യക്കാർക്ക് സ്ത്രീകളെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരന്റെ നമ്പറായിരുന്നു അത്.
ബിസിനസ്സുകാരും , പണക്കാരായ പ്രവാസികളും സമൂഹത്തിലെ മറ്റ് പ്രമാണിമാരുമാണ് പ്രധാന കസ്റ്റമേഴ്സ്.
ഓൺലൈൻ പെൺവാണിഭം...?
താടി ചൊറിഞ്ഞു കൊണ്ട് എഡ്‌വേർഡ് ചോദിച്ചു,
അങ്ങനെയും പറയാം..
പക്ഷേ ഒറ്റനോട്ടത്തിൽ നോക്കിയാൽ ആർക്കും മനസ്സിലാകില്ല സർ. വിശ്വസിക്കാൻ പറ്റും എന്ന് തോന്നിയ കസ്റ്റമേഴ്‌സിനെ മാത്രമേ അവർ പ്രോത്സാഹിപ്പിക്കാറുള്ളൂ.
ആ നമ്പറിൽ വിളിച്ചപ്പോൾ റിപ്ലൈ ചെയ്തത് ഒരു ലേഡി ആയിരുന്നു
..ആരായിരുന്നു അത്?
അനിത. അതായിരുന്നു അവരുടെ പേര്.
പക്ഷേ അവർ വെറും ബിനാമി മാത്രമായിരുന്നു സർ. അതിന്റെ പുറകിൽ ഒരു മഹാമേരു പോലെ അയാളായിരുന്നു.
ആര്..?
ബിൽഡർ ജോയ്‌ അലക്സ്‌..
അയാളുടെ വേറൊരു മുഖമായിരുന്നു അത്.. അതുകൊണ്ട് തന്നെ സമൂഹത്തിലെ പല വമ്പന്മാരുമായി അയാൾക്ക്‌ നല്ല ബന്ധമായിരുന്നു.
ഒന്നുരണ്ട് പ്രാവശ്യം അയാളെ ചില മീറ്റിങ്ങുകളിൽ വെച്ച് കണ്ട് പരിചയപ്പെട്ടിരുന്നു.
എഡ്‌വേർഡ് ഒരു പേപ്പറിൽ എന്തോ കുത്തിക്കുറിച്ചു. എന്നിട്ട് തലയുയർത്തി ചോദിച്ചു.
...അതെങ്ങനെ നിങ്ങൾക്കറിയാം അയാളാണ് ഇതിന്റെ പിറകിലെന്ന് ..?
അനിതയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ഡീൽ ഉറപ്പിച്ചു.
ജോയ്‌ അലക്സിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ റൂം ബുക്ക് ചെയ്യാനാണ് അവൾ പറഞ്ഞത്. മുൻപേ അയാളെപ്പറ്റി അങ്ങനെ ഒരു സംസാരം ഞാനും കേട്ടിരുന്നു.
..എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു അത് സർ.
അയാളുടെ കണ്ണിൽ നിന്നും പശ്ചാത്താപത്തിന്റെ നീർമുത്തുകൾ കവിളിലേക്ക് ഒഴുകിയിറങ്ങി. വാക്കുകൾ മുറിഞ്ഞു. കുറച്ച് നേരം അയാൾ നിശബ്ദനായി ഇരുന്നു.
തുടരൂ...
എഡ്വേർഡ് അയാളെ ഉണർത്തി.
..മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഞാൻ റിസോർട്ടിലെത്തി.
..നവമ്പർ ഒന്നാം തീയ്യതി.. അല്ലേ.. .?
..അതെ സർ. നവംബർ ഒന്നിന്..
പക്ഷേ അനിത ഫോണിൽ പറഞ്ഞ പ്രകാരമുള്ള പെണ്ണല്ല അന്ന് രാത്രി എന്റെ മുറിയിലെത്തിയത് സർ...
മദ്യലഹരിയിലായിരുന്ന ഞാനത് അത്ര കാര്യമാക്കിയില്ല.
അയാളുടെ മുഖം കുനിഞ്ഞു.
...അവൾ എന്റെ മുന്നിൽ തൊഴുതു കരഞ്ഞു.. പക്ഷേ അമിതമായി മദ്യപിച്ചിരുന്ന ഞാൻ അവൾ പറഞ്ഞതൊന്നും കേട്ടില്ല. അവളുടെ ഓരോ എതിർപ്പും എന്നെ ആവേശം കൊള്ളിക്കുകയാണ് ചെയ്തത്..
അവളെ കീഴ്പ്പെടുത്തുമ്പോൾ ഞാനറിഞ്ഞില്ല അതെന്റെയും അവളുടെയും വിധി നിശ്ചയിച്ച രാത്രിയാണെന്ന്..
പിന്നെ ഏറെക്കഴിഞ്ഞു പുറത്തു നിന്നും വലിയ ശബ്ദം കേട്ടാണ് എന്റെ ഉറക്കം ഞെട്ടിയത്. സമയം പാതിരാവായിരുന്നു. ആ പെണ്ണ് എന്റെ മുറിയിൽ ഉണ്ടായിരുന്നില്ല.
പുറത്തേക്കിറങ്ങിയ ഞാൻ അനിതയെയും അവളെയും ഇടനാഴിയിൽ കണ്ടു.
പിന്നെ അവരോട് ഉറക്കെ സംസാരിക്കുന്ന ഒരാളും..
ആരായിരുന്നു അത്.. രാജശേഖരൻ .?.. സൈതലവി..?
അല്ല സർ.
അവർ രണ്ടാളെയും ഞാൻ റിസോർട്ടിൽ പരിചയപ്പെട്ടിരുന്നു.
ഇത് വേറൊരാളായിരുന്നു.
..അയാളുടെ മുഖം ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുമോ..?
ജയദേവന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയായിരുന്നു എഡ്വേർഡ് ചോദിച്ചത്
.. ഇത്രയും നാളായില്ലേ സർ.
ശരിക്ക് ഓർമ്മ കിട്ടുന്നില്ല.
നല്ല ഉയരമുണ്ടായിരുന്നു. അതിനൊത്ത വണ്ണവും.
ഉം..
എഡ്വേർഡ് ഒന്നിരുത്തിമൂളി.
അയാൾ ക്രൈം സീനുകളിൽ പതിഞ്ഞ മൂന്നാമത്തെ ഫൂട് പ്രിന്റ്സ് ഓർത്തു.
....ഓക്കെ .. അന്ന് രാത്രി പിന്നെ എന്താണ് സംഭവിച്ചത്..?
...അയാൾ അനിതയോട് പെൺകുട്ടിയെ തിരിച്ചു കൊണ്ടുവിടാൻ പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്നത് കണ്ടു.
അതിന് ശേഷം ഞാൻ റൂമിലേക്ക്‌ പോയി സർ.. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല.
പിറ്റേന്ന് ഞാൻ റൂം വെക്കേറ്റ് ചെയ്ത് തിരിച്ചു തിരുവനന്തപുരത്തെത്തി കോൺഫെറെൻസിൽ പങ്കെടുത്തു.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പത്രത്തിൽ പുഴയിൽ മരിച്ചു കിടക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ ഞെട്ടിപ്പോയി സർ.
അന്ന് രാത്രി എന്റെ കൂടെയുണ്ടായിരുന്ന പെണ്ണായിരുന്നു അത്.
രോഷ്നി..അതായിരുന്നു പേര്.
അയാൾ പെട്ടെന്ന് അസ്വസ്ഥനായത് പോലെ കാണപ്പെട്ടു.
...തിരിച്ചു ഗൾഫിൽ ചെന്ന ഞാൻ തിരക്കുകളിൽ മുഴുകി എല്ലാം മറക്കാൻ ശ്രമിച്ചതാണ്.
അപ്പോഴാണ് ആ കാൾ...
ആരായിരുന്നു അത്.. ?
എഡ്വേർഡ് ഒന്നിളകിയിരുന്നു.
ആ പെൺകുട്ടിയുടെ മരണത്തിൽ എന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ കയ്യിലുണ്ടെന്നും നാട്ടിലേക്കെത്താനും പറഞ്ഞു കൊണ്ടുള്ള കോളായിരുന്നു.
ഒരു സ്ത്രീ ശബ്ദമായിരുന്നു.
അനിതയായിരുന്നോ?
അല്ല സർ..
അതൊരു റെക്കോർഡഡ് ശബ്ദമായിട്ടാണ് എനിക്ക് തോന്നിയത്.
പിന്നെയും ഒന്നു രണ്ട് പ്രാവശ്യം അങ്ങനെയുണ്ടായി.
ഉം..
എഡ്വേർഡ് മുന്നിലെ പേപ്പറിൽ എന്തോ കുത്തിക്കുറിച്ചു. ചുണ്ടിൽ നേരിയൊരു പുഞ്ചിരിയോടെ അയാൾ തല കുലുക്കി .
പിന്നീട് ജയദേവനോട് പറഞ്ഞു.
..ഓക്കെ.. നേരത്തെ പറഞ്ഞ അനിത , സൈതലവി , പിന്നെ രാജശേഖരൻ ...
ഇവർ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കുന്ന കാര്യം താങ്കൾ അറിഞ്ഞു കാണുമല്ലോ.. ഇവരെല്ലാം നവംബർ ഒന്നാം തീയ്യതി അതേ റിസോർട്ടിൽ ഉണ്ടായിരുന്നു.. നിങ്ങളുടെ അടുത്തുള്ള മുറികളിൽ.
..സർ. റിസോർട്ടിൽ നിന്ന് പരിചയപ്പെട്ടതല്ലാതെ എനിക്ക് അവരെയൊന്നും മുൻപരിചയമില്ല.
അന്നത്തെ സംഭവത്തിന്‌ ശേഷം ബന്ധപ്പെട്ടിട്ടുമില്ല...
എഡ്വേർഡ് കുറച്ച് നേരം അയാളുടെ കണ്ണുകളിൽ നോക്കി.
കള്ളം പറയുന്നവരുടെ കണ്ണുകളിൽ ഒരു ചലനം ഉണ്ടാകും. കൃഷ്ണമണി ഒന്ന് പിടയും. അതൊളിക്കാനും സമർത്ഥർ ഉണ്ടെങ്കിലും അയാൾ പറയുന്നത് സത്യമാണെന്ന് എഡ്വേർഡിനു തോന്നി
..ഓക്കെ എഗ്രീഡ്..
പക്ഷേ വേറൊരു കാര്യമുണ്ടല്ലോ ജയദേവൻ. മരിക്കുന്നതിന് മുൻപ് മൂന്നുപേരുടെയും ഫോണിൽ നിന്ന് താങ്കളെ വിളിച്ചിട്ടുണ്ടല്ലോ...?
..ഉവ്വ് സർ... ആദ്യം അനിതയായിരുന്നു..
റൂമിലെത്തിയാൽ തെളിവുകൾ തരാം എന്നാണ് പറഞ്ഞത്. പക്ഷേ ചെന്നപ്പോൾ ചോരയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത് സർ....
പിന്നെ രണ്ട് പ്രാവശ്യം അതാവർത്തിച്ചു.
രാജശേഖരൻ ... പിന്നെ സൈതലവി...
രണ്ടുപേരും ഇതേകാര്യം തന്നെയാണ് പറഞ്ഞത്. പക്ഷേ അവർ വിളിച്ച സ്ഥലത്ത് ചെന്നപ്പോഴേക്കും അവർ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു സർ.
എനിക്കറിയില്ല അവരെന്തിനാണെന്നെ വിളിച്ചതെന്ന്..
..നിങ്ങൾ അവിടെ ചെല്ലുമ്പോൾ വേറെ ആരെയെങ്കിലും കണ്ടിരുന്നോ..?
..ഇല്ല സർ.. അവിടെ ആരുമുണ്ടായിരുന്നില്ല..
അയാൾ പെട്ടെന്നെന്തോ ഓർത്തു.
...സർ....സൈതലവി കൊല്ലപ്പെട്ട രാത്രി ഞാൻ അവിടെയെത്തുന്നതിനു മുൻപ് ഒരു മാരുതി കാർ അവിടെനിന്നും പോകുന്നത് കണ്ടിരുന്നു.
..ജയദേവൻ..
കൊല്ലപ്പെടുന്നതിന് മുൻപ് മൂന്നുപേരും അവസാനം വിളിച്ചത് താങ്കളെയാണ്. ക്രൈം സീനിൽ നിങ്ങളുടെ ഫൂട് പ്രിന്റ്സും , വിരലടയാളങ്ങളും പതിഞ്ഞിട്ടുണ്ട്.
പിന്നെ താങ്കൾ പൊലീസിന് കീഴടങ്ങുമ്പോൾ മൂന്ന് പേരെയും വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സർജിക്കൽ ബ്ലേഡ് താങ്കളുടെ കൈവശമുണ്ടായിരുന്നു.
അതും ജോയ്‌ അലെക്സിനെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ..
താങ്കളുടെ കയ്യിൽ അതെങ്ങനെ വന്നു
പറയൂ...?
..എനിക്ക് വന്ന മെസ്സേജ് പ്രകാരം മാളിലെ റൂഫ്‌ടോപ്പിലേക്കുള്ള താക്കോൽ കിട്ടിയ കവറിൽ ഒരു കുറിപ്പിന്റെ കൂടെ സർജിക്കൽ ബ്ലേഡും ഉണ്ടായിരുന്നു.
മെസ്സേജ് വന്ന ഫോൺ നമ്പർ സെയ്തലവിയുടേതായിരുന്നോ?...
..അതെ സർ..
ജോയ്‌ അലക്സാണ് അനിതയടക്കം മൂന്നുപേരെയും കൊന്നതെന്നും അയാളുടെ കയ്യിൽ എനിക്കെതിരെ തെളിവുകളുണ്ടെന്നും താക്കോൽ ഉപയോഗിച്ച് റൂഫ് ടോപ്പിലെ ഡോർ തുറന്നതിനു ശേഷം ജോയ്‌ അലക്സ്‌ സ്വിമ്മിംഗ് പൂളിനരികിൽ വരുന്നത് വരെ കാത്തുനിൽക്കുക എന്നുമായിരുന്നു
എഴുതിയിരുന്നത്.
അടുത്ത് ചെന്നപ്പോൾ അയാളുടെ പോക്കറ്റിൽ പിസ്റ്റൾ ഉണ്ടായിരുന്നു സർ.. സ്വയരക്ഷക്കാണ് ഞാൻ..
അയാൾ തലകുനിച്ചിരുന്നു..
താങ്കൾ ഒരിക്കൽ പോലും ചിന്തിച്ചില്ലേ..?
ആര് , എന്തിനായിരിക്കും ഇതൊക്കെ താങ്കളെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് ..?
അറിയില്ല സർ..എനിക്കിതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു.
..ജയദേവൻ തെളിവുകളൊക്കെ താങ്കൾക്കെതിരാണ്.
താങ്കൾ പറയുന്നതൊക്കെ ശരിയായിരിക്കാം.. പക്ഷേ കോടതിയിൽ തെളിവുകൾക്കാണ് പ്രാധാന്യം..
ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായിരിക്കാം സർ..
ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
ജയദേവന്റെ ശബ്ദം ഇടറിയിരുന്നു.
----------------------------------
..സർ അവരാണ് സിറ്റി മാളിൽ നിന്നും സംശയസാഹചര്യത്തിൽ പോലീസ് പിടികൂടിയ രണ്ടുപേർ..
ഗ്ലാസ്സ് വിൻഡോക്കപ്പുറം രണ്ട് വ്യത്യസ്തമുറികളിലായി ഇരിക്കുന്ന രണ്ടുപേരെ ചൂണ്ടി എഡ്വേർഡ് പറഞ്ഞു.
ഡി വൈ എസ്‌ പി റാം മാധവും , സി ഐ ഹമീദും അവിടെയുണ്ടായിരുന്നു
..സർ അത് മൻജിത്..
മാളിൽ നിന്നും സംശയസാഹചര്യത്തിൽ പിടികൂടിയ രണ്ടാമത്തെ ആൾ.
എഡ്വേർഡ് പറഞ്ഞു.
റൂമിന്റെ ഗ്ലാസ്സ് വിൻഡോക്കപ്പുറം വേറൊരു മുറിയിൽ മുകളിലെ ഒരു ബിന്ദുവിൽ കണ്ണുകൾ തറപ്പിച്ചു് അയാൾ ഇരിക്കുന്നുണ്ടായിരുന്നു.
നന്നേ മെലിഞ്ഞ , കട്ടിക്കണ്ണട ധരിച്ച
വിളറിയ ഒരു ചെറുപ്പക്കാരൻ.
..രണ്ടുപേരും കുറ്റം സമ്മതിച്ചോ..? ഇവരാണോ നഗരത്തെ വിറപ്പിച്ച മൂന്ന് കൊലപാതകങ്ങൾ ചെയ്തത്.?
സി ഐ ഹമീദ് എഡ്വേർഡിനോട് ചോദിച്ചു.
സർ..
കിട്ടിയ തെളിവുകളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ അങ്ങനെ ചിന്തിക്കുകയേ തരമുള്ളു.
പക്ഷേ ഇപ്പോഴും കുറേ ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നു.
എഡ്വേർഡ് താങ്കൾ അയാളിലേക്ക് എങ്ങനെയാണ് എത്തിയത്..?
മഞ്ജിത്തിനെ ചൂണ്ടി ഡി വൈ എസ്‌ പി റാം മാധവിന്റേതായിരുന്നു ചോദ്യം..
..മാളിലെ ജിം ഇൻസ്ട്രക്ടറെ ഞാൻ ഫ്രൈഡേ രാവിലെ കോൺടാക്ട് ചെയ്തിരുന്നു. മാളിലെ റൂഫ്‌ടോപ്പിന്റെ ഡോറിന്റെ താക്കോൽ ഒരാഴ്ച മുൻപ് ജിമ്മിൽ നിന്ന് കാണാതായിരുന്നു.
അന്നേ ദിവസം ജിമ്മിൽ ഉണ്ടായിരുന്ന ആൾക്കാരുടെ ലിസ്റ്റ് പരിശോധിച്ചപ്പോളാണ് ഒരാഴ്ച മുൻപ് മാത്രം ജോയിൻ ചെയ്ത സംസാരിക്കാൻ കഴിയാത്ത മൻജിത് എന്നയാളെപ്പറ്റി അറിഞ്ഞത്.. താക്കോൽ രണ്ട് ദിവസം കഴിഞ്ഞ് ജിമ്മിന്റെ അകത്തു തന്നെ കിട്ടിയതുകൊണ്ട് അവർ അത് കാര്യമായി എടുത്തില്ല.
പക്ഷേ ..എനിക്കതൊരു വിലപ്പെട്ട ഇൻഫോർമേഷൻ ആയിരുന്നു സർ..
കാരണം മാളിൽ വൈകിട്ട് 5 30 വരെ വിജനമായ സ്ഥലമാണ് സ്വിമ്മിംഗ് പൂൾ ഏരിയ. അതുവരെ ആ ഡോർ ലോക്ക്ഡ് ആയിരിക്കും.
കാണാതായ ആ താക്കോലിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നെനിക്കു തോന്നി.
മഞ്ജിത്തിന്റെ ഐ ഡി ജിമ്മിൽ നിന്ന് കിട്ടി.
അതിലെ അഡ്രസ് ഓർഫനേജിന്റെതായിരുന്നു..
അവിടെ കോൺടാക്ട് ചെയ്തപ്പോൾ പണ്ടെങ്ങോ ഒരു ഉത്തരേന്ത്യൻ സ്ത്രീ ഓർഫനേജിന് മുൻപിൽ ഉപേക്ഷിച്ചു പോയ അനാഥൻ ആണ് അവൻ എന്നാണറിയാൻ കഴിഞ്ഞത്.
ജന്മനാ സംസാരിക്കാൻ ശേഷിയില്ലാത്തവൻ .
ഫ്യൂച്ചർ മെഡിക്കൽ ഇൻസ്റ്റ്യൂട്ടിൽ മെഡിസിൻ സ്റ്റുഡന്റ് ആണ്.
അവിടെ കോൺടാക്ട് ചെയ്തപ്പോഴാണ് വിലപ്പെട്ട മറ്റൊരു വിവരം ലഭിച്ചത്.
ഒരുവർഷം മുൻപ് കൊല്ലപ്പെട്ട രോഷ്നിയും അവനും ഒരേ ക്ലാസ്സിലായിരുന്നു. അവളുടെ മരണശേഷം അവന്റെ മാനസികനില തെറ്റി കുറേക്കാലമായി ക്ലാസ്സിലൊന്നും പോകാറില്ല എന്നറിഞ്ഞു.
അവനും രോഷ്നിയും ഓർഫനേജിലെ അന്തേവാസികളായിരുന്നു. ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നു കളിച്ചു വളർന്നത്.
സമപ്രായക്കാർ. അനാഥർ... അതുകൊണ്ട് തന്നെ ഒരു വല്ലാത്ത മാനസിക അടുപ്പം അവർ തമ്മിലുണ്ടായിരുന്നു.
രോഷ്‌നിയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനും കൂടിയായിരുന്നു മൻജിത്.
ആ ബന്ധം ഫ്യൂച്ചർ കോളേജിലെ മെഡിസിൻ സ്റ്റുഡന്റ്സ് എന്ന നിലയിലേക്ക് വരെ വളർന്നു. പഠിക്കാനും മിടുക്കരായിരുന്നു അവർ രണ്ടുപേരും ..
രോഷ്നി അറിയാതെ അവളോട്‌ ഒരുതരം
തീവ്രമായ മാനസിക ബന്ധം അവനുണ്ടായിരുന്നു.
ഒരുപക്ഷെ അതവന് മനസ്സിലായത് രോഷ്നി ജോയ്‌ അലക്സിന്റെ മകൻ ആദവുമായി അടുത്തപ്പോളായിരിക്കാം.
ആദം അയച്ചതെന്ന് പറഞ്ഞ്
നവമ്പർ ഒന്നിന് രാവിലെ അനിത രോഷ്‌നിയെ കാണാൻ വന്നിരുന്നു.
പോയിട്ട് അവനെക്കണ്ട് തിരിച്ചുവരാം എന്ന് പറഞ്ഞ് പോയ അവൾ പിന്നെ വന്നില്ല.
കൂടെ ചെല്ലാൻ തുനിഞ്ഞ മഞ്ജിത്തിനെ രോഷ്നി വിലക്കി.
രോഷ്‌നിയുടെ മരണം അവനെ മാനസികമായി തളർത്തിയിരുന്നു.
അവളുടെ മരണത്തിനു കാരണക്കാരായവരോട് പ്രതികാരം ചെയ്യണമെന്നുള്ള ചിന്ത അവനിൽ തീവ്രമായിരിക്കാം..
പോലിസ് സ്റ്റേഷനിലേക്ക് വെള്ളിയാഴ്ച രാവിലെ വിളിച്ചത് മൻജിത് ആണെന്ന് തെളിഞ്ഞിട്ടുണ്ട് സർ.
സംസാരിക്കാൻ കഴിയാത്തത് കൊണ്ട്
അയാൾ തന്റെ ഫോണിൽ ടെക്സ്റ്റ്‌ ടു വോയിസ്‌ ചേഞ്ച്‌ അപ്പ് ഉപയോഗിച്ച് സ്ത്രീശബ്ദത്തിൽ റെക്കോർഡ് ചെയ്യുകയും അത് ഉപയോഗിച്ച് ലാൻഡ് ഫോൺ വഴി സ്ത്രീശബ്ദത്തിൽ പോലിസ് സ്റ്റേഷനിലേക്ക് വിളിക്കുകയുമാണ് ചെയ്തത്. .
സ്റ്റേഷനിലേക്ക് വിളിച്ച സമയം പരിശോധിച്ച് ടൗണിലെ ടെലിഫോൺ ബൂത്തിന് അടുത്തുള്ള കടയുടെ സി സി ടി വി യിൽ നിന്നും അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ രീതിയിൽ തന്നെയായിരിക്കും ഒരുപക്ഷെ ഇയാൾ ജയദേവനെയും മറ്റുള്ളവരെയും വിളിച്ചത്.
ജയദേവന് കിട്ടിയ കറുത്ത ബാഗ് കൊണ്ടുവെച്ചത് താനാണെന്ന് അയാൾ സമ്മതിച്ചിട്ടുണ്ട്.
പോലീസിന് കീഴടങ്ങുമ്പോൾ അയാളുടെ കയ്യിൽ കൊല്ലപ്പെട്ട സെയ്തലവിയുടെ ഫോൺ ഉണ്ടായിരുന്നു.
അതിൽ നിന്നും ജയദേവനെ ബന്ധപ്പെട്ടതിന് തെളിവുണ്ട്.
ക്രൈം സീനുകളിലെല്ലാം ഇയാളുടെയും ഫൂട് പ്രിന്റ്സ് , ഫിംഗർ പ്രിന്റ്സ് എന്നിവ പതിഞ്ഞിട്ടുമുണ്ട്.
ഒരു സ്പെഷ്യലിസ്റ്റിന്റെ സഹായത്തോടെയാണ് അവനെ ചോദ്യം ചെയ്തത് .
..എഡ്ഡി.. താങ്കൾക്കെന്തു തോന്നുന്നു..
സോ ഔവർ കേസ് ഈസ്‌ ഓവർ...?
ഈസ്‌ ഹി ദി കില്ലർ..?
ജയദേവൻ കൃത്യങ്ങളിൽ അയാളെ ഹെൽപ് ചെയ്യുകയായിരുന്നോ..?
ഡി വൈ എസ്‌ പി റാം നാഥ് ചോദിച്ചു.
..ഉറപ്പില്ല സർ..
എഡ്വേർഡ് നിഷേധഭാവത്തിൽ തലയാട്ടി. ആ മുഖം കണ്ടാലറിയാം ഇപ്പോഴും അയാളുടെ മനസ്സ് കണക്കുകൂട്ടലുകളിലും ആഴമേറിയ ചിന്തയിലുമാണെന്ന്..
.. ചോദ്യം ചെയ്യലിൽ സ്ഥലത്തെത്തുന്നതിനു മുൻപേ അവർ കൊല്ലപ്പെട്ടിരുന്നു എന്നാണ് മഞ്ജിത്തിന്റെ മൊഴി. അതൊന്നും ഒറ്റക്ക് ചെയ്യാനുള്ള ത്രാണി അവനില്ല എന്ന് ഞാനും കരുതുന്നു. കാരണം മരിച്ച രാജശേഖരനും സെയ്തലവിയും നല്ല ആരോഗ്യമുള്ള ശരീരമുള്ളവരായിരുന്നു.
ജയദേവന്റെ സഹായം സംശയിച്ചാൽ തന്നെ ജയദേവന് മഞ്ജിത്തുമായോ രോഷ്‌നിയുമായോ മുൻകാല ബന്ധങ്ങൾ ഉണ്ടെന്ന് കണ്ടെത്താൻ പറ്റിയിട്ടുമില്ല..
മാത്രമല്ല മൻജിത്തിന്റെ മൊഴിയിൽ കോളേജിൽ തന്നെക്കാണാൻ വന്ന ഒരാളെപ്പറ്റി പറയുന്നുണ്ട്.
..അതാരാണ് ആ പുതിയ കഥാപാത്രം.?
സി ഐ ഹമീദും , ഡി വൈ എസ്‌ പി റാം മാധവും ഒരേ സ്വരത്തിലാണ് ചോദിച്ചത്..
..രോഷ്നിയുടെ മരണത്തിനു കാരണക്കാരായവർ സമൂഹത്തിൽ സുഖമായി ജീവിക്കുന്നത് കണ്ട് മഞ്ജിത്തിന്റെ മനസ്സിൽ പക ഒരു പർവതം പോലെ വളർന്ന് കൊണ്ടിരിക്കുകയും ഒന്നും ചെയ്യാനാകാതെ നിരാശനായി ഒരുതരം ഡിപ്രെഷനിലേക്കു മനസ്സ് എത്തിച്ചേരുകയും ചെയ്തപ്പോളാണ് അയാളുടെ രംഗപ്രവേശം..
ആര്..?
...മിസ്റ്റർ എക്സ്...!!
അങ്ങനെയാണ് അയാൾ മഞ്ജിത്തിനു സ്വയം പരിചയപ്പെടുത്തിയത്.
ചാര നിറത്തിലുള്ള കണ്ണുകളുമായി ആറടി ഉയരത്തിൽ നീണ്ട മുടിയുള്ള ഒരാൾ കോളേജിൽ വന്ന് തന്നെ പരിചയപ്പെട്ടുവെന്ന് മൻജിത് സമ്മതിച്ചിട്ടുണ്ട്. മനസ്സിൽ പക കൂട്ടിവെച്ചു വെറുതെയിരിക്കുകയല്ല പ്രതികരിക്കണമെന്ന് അയാൾ ഉപദേശിച്ചുവെന്നും മൊഴിയിലുണ്ട്.
...ജയദേവനും മഞ്ജിതും വെറും കരുക്കൾ മാത്രമായിരിക്കാം സർ.. ഇപ്പോഴും തിരശീലക്കു പുറകിൽ നിൽക്കുന്ന ആരുടെയോ ചരടിനറ്റത്തുള്ള പാവകൾ മാത്രമാണവർ.
...അങ്ങനെ ചിന്തിക്കാൻ കാരണം..?
സി ഐ ഹമീദിന്റെതായിരുന്നു ചോദ്യം.
..കാരണമുണ്ട് സർ
ഈ രണ്ട് പേരെയും തന്ത്രപൂർവ്വം മിസ്റ്റർ എക്സ് ക്രൈം സീനിലേക്കു വിളിച്ചുവരുത്തിയതാണെന്ന് എനിക്ക് തോന്നുന്നു. രണ്ടുപേരുടെയും ഫൂട് പ്രിന്റസും ഫിംഗർപ്രിന്റ്‌സും പതിഞ്ഞിട്ടുണ്ട്.. അത് മാച്ചിംഗ് ആണ്.
പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കുക എന്ന ഉദ്ദേശമായിരിക്കാം അതിന് പിന്നിൽ.
പക്ഷേ ക്രൈം സീനിൽ നിന്നുള്ള മൂന്നാമത്തെ ഫൂട് പ്രിന്റ്സ് ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല.
അത് പരിശോധിച്ചപ്പോൾ ഒത്ത ഉയരവും വണ്ണവുമുള്ള ഒരാളുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അതേ സമയം വിരലടയാളം പതിയാതിരിക്കാൻ അയാൾ ശ്രദ്ധാലുവായിരുന്നു..കയ്യുറ ധരിച്ചിട്ടുണ്ടാകാം.
രാജശേഖരന്റെ ബോഡി കിടന്നിടത്തുനിന്നു കിട്ടിയ ചെയിൻ ലോക്കറ്റിന്റെ ബാക്കിയും മഞ്ജിത്തിൽ നിന്നോ ജയദേവനിൽ നിന്നോ കണ്ടെത്താനായിട്ടില്ല.
സെയ്തലവിയുടെ ഫോണും ആയുധമടങ്ങിയ കറുത്ത കവറും അയാളാണ് തനിക്ക് തന്നതെന്ന് മഞ്ജിത്തിന്റെ മൊഴിയിലുണ്ട്.
അയാളുടെ നിർദേശപ്രകാരമായിരുന്നു അവന്റെ ഓരോ ചുവടും..
..ഇതുവരെയുള്ള വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ മിസ്റ്റർ എക്സ് ഇവരെ തന്ത്രപൂർവം യൂസ് ചെയ്യുകയായിരുന്നു.
മിസ്റ്റർ എക്സ് ആണ് യഥാർത്ഥ കൊലയാളി എന്ന് ഞാൻ വിശ്വസിക്കുന്നു.
ഇതൊക്കെ എന്റെ അനുമാനങ്ങൾ ആണ്
തല്ക്കാലം ഇതൊക്കെ തെളിയിക്കാൻ എന്റെ കയ്യിൽ രേഖകൾ ഒന്നുമില്ല സർ.
ജയദേവന്റെ മൊഴിയിൽ ഒരാളെ അന്ന് രാത്രി റിസോർട്ടിൽ കണ്ടെന്ന് പറയുന്നു. അത് ആരാണെന്ന് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.
..മിസ്റ്റർ എക്സ് മഞ്ജിത്തിന്റെ ഭാവന മാത്രമാണെങ്കിൽ...?
അവൻ മെന്റലി സ്റ്റേബിൾ അല്ല എന്നല്ലേ പറഞ്ഞത്..
സി ഐ ഹമീദിന്റെതായിരുന്നു ചോദ്യം.
അതിനും സാധ്യത ഉണ്ട് സർ...
മഞ്ജിത്തിനെ ഒരു സൈക്കിയാട്രിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിച്ചാൽ അവന്റെ മനസികനിലയർക്കുറിച്ചു കൂടുതൽ വിവരങ്ങൾ കിട്ടിയേക്കാം.
നിർഭാഗ്യവശാൽ മിസ്റ്റർ എക്സിലേക്കെത്തിച്ചേരാൻ നമ്മുക്ക് വഴികളൊന്നുമില്ല. മഞ്ജിത്തുമായി ബന്ധപ്പെടാൻ അയാൾ സ്വന്തം ഫോൺ ഒരിക്കലും ഉപയോഗിച്ചിട്ടില്ല.
പുറകിൽ നിന്നും നിയന്ത്രിക്കുക മാത്രമാണ് അയാൾ ചെയ്തത്.
..മറഞ്ഞിരിക്കുന്ന ആ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു സർ.
സർ ഞാൻ കാത്തിരിക്കുകയാണ്.. അയാളിലേക്കെത്താനുള്ള ആ ലീഡിന് വേണ്ടി..
ജയദേവനെതിരെ ജോയ്‌ അലെക്സിനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്. രോഷ്‌നിയെ മാനഭംഗപ്പെടുത്തിയെന്നും അയാളുടെ കുറ്റസമ്മതമൊഴിയിൽ ഉണ്ട്.
ജോയ്‌ അലെക്സിന്റെ മൊഴിയെടുത്തു വിട്ടയച്ചു . തല്ക്കാലം അയാളെ അറസ്റ്റ് ചെയ്യാൻ മാത്രം സ്ട്രോങ്ങ്‌ ആയ തെളിവുകൾ നമ്മുടെ പക്കൽ ഇല്ല സർ.
അയാളുടെ മകൻ ആദം രോഷ്‌നിയുടെ മരണശേഷം അമേരിക്കയിലേക്ക് പോയിരുന്നു.
അവരുടെ പ്രണയം ആത്മാർത്ഥമായിരുന്നു. ജോയ്‌ അലക്സിന്റെ മൊഴിയിൽ നിന്നും അയാൾ കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞു .
അയാളുടെ മൊഴി ആവശ്യമെങ്കിൽ എടുക്കേണ്ടിയിരിക്കുന്നു.
കൂടുതൽ അന്വേഷണത്തിന് സമയം വേണം. മാത്രമല്ല രോഷ്നികേസ് റിപ്പോർട്ട്‌ ചെയ്തത് ഈ സ്റ്റേഷൻ പരിധിയിലല്ല സർ.
...ഏതായാലും ഈ അന്വേഷണം തുടരുക എഡ്ഡി. മറുഭാഗത്തു രോഷ്നി വധക്കേസിന്റെ അന്വേഷണവും നടക്കട്ടെ.
സത്യം പുറത്തു വരും എന്നായാലും.
എല്ലാക്കാലവും അതിനെ മൂടിവെക്കാൻ പറ്റില്ല...
ഡി വൈ എസ്‌ പി റാം മാധവ് ഇത്രയും പറഞ്ഞ് റൂമിന് വെളിയിലേക്കിറങ്ങി.
ഒരുനിമിഷം പിന്തിരിഞ്ഞു നിന്ന് അദ്ദേഹം ചോദിച്ചു.
... എന്തായിരിക്കും കൊലയാളി തിരക്കുള്ള സിറ്റി മാൾ തെരഞ്ഞെടുക്കാൻ കാരണം...? അവിടെ പിടിക്കപ്പെടാൻ സാധ്യത ഏറെയില്ലേ..?
അതൊരു സൈക്കോളോജിക്കൽ മൂവാണ് സർ..
അന്നായിരുന്നു രോഷ്നി വധം പ്രമേയമായുള്ള സിനിമയുടെ റിലീസ്.
അന്നുതന്നെ ഇത്രയും ആൾക്കാരുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ കൊലയാളികൾക്ക് ഒരു അന്തിമവിധി കല്പിക്കുക എന്നതായിരുന്നിരിക്കാം പ്ലാൻ..
പോസ്സിബിൾ..
സി ഐ ഹമീദ് പറഞ്ഞു
കറക്റ്റ്..
റാം മാധവ് ഒരു പുഞ്ചിരിയോടെ തലകുലുക്കി. അതിനുശേഷം പുറത്തെക്ക് നടന്നു. സി ഐ ഹമീദ് അദ്ദേഹത്തെ അനുഗമിച്ചു.
എഡ്വേർഡ് തന്റെ കയ്യിലുള്ള ലെറ്റർപാഡിലൂടെ ഒന്ന് കണ്ണോടിച്ചു.
അയാളുടെ അനുമാനങ്ങളും തിയറികളും മറ്റാർക്കും മനസ്സിലാകാത്ത , വൃത്തിയില്ലാത്ത അക്ഷരങ്ങളാൽ കുത്തിക്കുറിച്ചിട്ടിരിക്കുന്നു.
താൻ ലക്ഷ്യത്തിന് വളരെ അടുത്താണെന്നയാൾക്കു തോന്നി
പക്ഷേ മറഞ്ഞിരിക്കുന്ന ആ ഒരു കണ്ണികൂടി....
തുടരും
Check Nallezhuth App / Nallezhuth Page or Nallezhuth.com in One hour for next part

Sreejith Govind
16/06/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot