നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു നിയോഗം പോലെ - കഥോദയം - 2.

Image may contain: 1 person, smiling, selfie and closeup

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഒരാൾക്കൂട്ടത്തെ ആകർഷിക്കാൻ തക്ക കെല്പ് അയാൾക്കുള്ളത് കൊണ്ടാണല്ലോ അയാൾക്കു ചുറ്റും ജനം തിങ്ങി നിറഞ്ഞിരിക്കുന്നത്!!.
അയാളുടെ വാക്ചാതുര്യം തന്നെയാണ് എന്നെ അതിലേക്കടുപ്പിച്ചത്.ജീവിക്കാൻ വേണ്ടി കെട്ടിയാടുന്ന വേഷപകർച്ചകൾ ആണെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടത് കൈയ്യിലില്ലെങ്കിൽ ചിലപ്പോൾ ചുവടു പിഴക്കും .തിരിച്ചറിവിന്റെ നിശ്ചയദാർഢ്യം ആ മുഖത്തുണ്ട്.
ചുവന്ന സിഗ്നലുകൾക്കിടയ്ക്ക് നിശ്ചലമാവുന്ന വണ്ടികളിലെ ആളുകളുടെ നോട്ടവും അയാളിലേക്കായിരുന്നു.
"എന്താണ് നിങ്ങളെ
നിങ്ങളാക്കുന്നത് ?"
അയാളുടെ ചോദ്യം എന്നിലേയ്ക്ക് നീളുംവരെ സത്യത്തിൽ ഞാനൊരു മായികലോകത്തായിരുന്നു..
"ജീവിതയാത്രയ്ക്കിടയിൽ കയറിക്കൂടുന്ന മുഖം മൂടിക്കുള്ളിലാണല്ലോ നാമോരോരുത്തരും. ഈ പ്രച്ഛന്നവേഷ മത്സരം അവസാനിക്കുന്നിടത്ത് ചിലപ്പോ എന്നെ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ ഞാനിതൊന്നും അഴിച്ചുവെയ്ക്കാൻ തയ്യാറല്ല താനും.!!"
എന്റെ ഉത്തരം ഞാൻ പോലുമറിയാതെയാണ് പുറത്തേക്ക് വന്നത്.
ഈ വേഷപകർച്ചകളിൽ നിന്ന് മാറി എനിയ്ക്ക് ഞാനായി മാറണം എന്ന ചിന്തകളെല്ലാം എത്തി നിൽക്കുന്നത് ഈ നഗരത്തിൽ നിന്ന് മാറി ആറു കിലോമീറ്റർ അകലെയുള്ള സന്ധ്യേച്ചിയുടെ ബംഗ്ലാവിലേക്കാണ്.
ഞാനിവിടേക്കെത്തിയതും ഒരു നിമിത്തം പോലെയാണ്.
ചില ജന്മങ്ങൾക്ക് ഒരു നിയോഗമുണ്ട്.
ഞാനും അങ്ങനെയൊരു നിയോഗത്തിന്റെ പാതയിലാണ്.
എന്റെ കാത്തിരിപ്പിന് വിരാമമെന്നോണം ശങ്കരമ്മാമയുടെ കോൾ വന്നു. തിരിച്ചറിയാനുള്ള സാധ്യത കുറവായതിനാലാണ് ദേശാഭിമാനി ബുക്ക് ഹൗസിന് താഴെയുള്ള വലിയ ഭിത്തിയെന്ന് പ്രത്യേകം പറഞ്ഞത്.
ഒന്ന് രണ്ട് ദിവസമായി ബഹളങ്ങളിൽ നിന്നൊക്കെ മാറി നിൽക്കാൻ തുടങ്ങിയിട്ട്.
മൊബൈൽ ഡാറ്റ ഓൺ ചെയ്തതും വാട്സ് ആപ്പ് സന്ദേശങ്ങൾ തുരുതുരെ വരാൻ തുടങ്ങി.
ആർക്കൂട്ടത്തിൽ നിന്ന് മാറി നടക്കുന്ന അന്തർമുഖനായി മാറിക്കഴിഞ്ഞിരുന്നു.
"എപ്പോഴെങ്കിലും നവീനിന് തോന്നിയിട്ടുണ്ടോ സാധാരണ വിശേഷം പറച്ചിലിനും ഒരു പ്രയോജനവുമില്ലാത്ത നേരം പോക്കുകൾക്കുമപ്പുറം സോഷ്യൽ മീഡിയ വളർന്നെന്ന് !! "
ആൻഡ്രിയയുടെ പതിവ് ഫിലോസഫി സന്ദേശം വായിച്ചു ,മറുപടി അലസമായി ടൈപ്പ് ചെയതു.
"നാം കാണുന്നതും കേൾക്കുന്നതും സത്യമായി കൊള്ളണമെന്നില്ല. എന്നിട്ടും നീയെനിക്ക് സത്യമാണ്.അതു പോലെ ചില വിലപ്പെട്ട നിമിഷങ്ങൾ എനിക്ക് കിട്ടിയതും ഈ സോഷ്യൽ മീഡിയ വഴിയാണ്."
കുറച്ച് സമയത്തേക്ക് അവളിനി വരില്ല. പറഞ്ഞു പോയ വരികളിലെ തെറ്റ് ചികഞ്ഞ് കണ്ടുപിടിച്ച്
കുറ്റസമ്മതത്തിനുള്ള പുറപ്പാടിലാവും. എവിടെ ജനിച്ചാലും വളർന്നാലും പെണ്ണിന്റെ ആർദ്രതയ്ക്ക് മാറ്റമൊന്നുമില്ല.
എന്നെപ്പോലൊരാളെ ഉൾക്കൊള്ളാൻ പറ്റുന്ന പെണ്ണായിരുന്നു ആൻഡ്രിയ എന്ന സ്പാനിഷ് സുന്ദരി.
ചില കണ്ടുമുട്ടലുകൾക്ക് മനസ്സിലേക്ക് ചേക്കേറാൻ സമയദൈർഘ്യം ഒന്നും വേണ്ട.അല്ലെങ്കിൽ പിന്നെ ആസിഡ് അറ്റാക്ക് സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിൽ ഒരേയൊരു തവണ കണ്ടു പരിചയപ്പെട്ട ആ മുഖം എന്റെ ദിനചര്യകളുടെ ഭാഗമാകുമായിരുന്നോ?
ചെറിയ പ്രായത്തിനുള്ളിൽ അവൾ അവളുടെ വഴി തെരെഞ്ഞെടുത്തു കഴിഞ്ഞിരുന്നു.
ചിന്തകളിലും പ്രവർത്തിയിലും ഞങ്ങൾ ഒന്നാണ്. രണ്ടുപേരും അവരവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തവർ.
"നവീൻ എന്നെങ്കിലുമൊരിക്കൽ നമുക്ക് ഒരുമിച്ച് ജീവിക്കണം."
ആൻഡ്രിയ പറഞ്ഞതും ഞാൻ പറയാനിരുന്നതും ഒന്നായത് അതിനാലാണ്.
"കുട്ട്യേ? കണ്ണ് പിടിക്കാണ്ടായിരിക്കണ്. വളർന്നു വലുതായല്ലോ നീയ്യ് !! "
ശങ്കരമ്മാമയാണ്!!
"തലയിൽ മുടി കുറച്ചു കൊഴിഞ്ഞതൊഴിച്ചാൽ
ശങ്കരമ്മാമയ്ക്ക് ഒരു മാറ്റവുമില്ല."
ഞാൻ പറഞ്ഞത് കേട്ട്
വെറ്റിലക്കറയുള്ള പല്ല് കാട്ടി
ശങ്കരമ്മാമ വെളുക്കെ ചിരിച്ചു.
നമുക്ക് ഓട്ടോയ്ക്ക് പോവാം. ഈ സമയത്ത് ബസ്സ് കുറവാണ്.
എതിരെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തുന്നതിനിടയിൽ ശങ്കരമ്മാമ പറഞ്ഞു.
ഞാൻ നിശബ്ദനായി തലയാട്ടി.
നഗരവുമായി ബന്ധമുള്ള ഓർമ്മകൾ വളരെ കുറവാണ്. പതിനഞ്ചാം വയസ്സിലാണ് കൊൽക്കത്തയ്ക്ക് പറിച്ചുനട്ടത്..
അതിനിടയിൽ രണ്ടു മൂന്ന് തവണ മാത്രമാണ് ഈ നഗരത്തിലേക്ക് വന്നത്. ഒന്ന് സന്ധ്യേച്ചിയുടെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ്.
ഒരു വെളുത്ത അംബാസിഡർ കാർ എതിരെവന്ന് നിർത്തി. ഞാൻ കൗതുകത്തോടെ നോക്കി. ഏറെക്കാലത്തിന് ശേഷമാണ് ഒരെണ്ണം .കാറിനെത്തന്നെ നോക്കിയിരുന്നപ്പോൾ വംശനാശം സംഭവിച്ച ഒരു മൃഗത്തെ നോക്കും പോലെ തോന്നി.
നഗരകാഴ്ച്ചകൾ നേർത്ത് നേർത്ത് ഗ്രാമാന്തരീക്ഷത്തിലേക്ക് മാറാൻ തുടങ്ങി.തിരുവങ്ങാട് പണ്ട് നിറയെ തറവാടു വീടുകളാണ്. അമ്മാമയോടൊപ്പം അമ്പലത്തിലേക്ക് വരാറുണ്ട്. എന്നും അത്ഭുതത്തോടെ നോക്കാറുള്ള കീയന്തി മുക്കിലെ മാളിയേക്കൽ തറവാട് നിന്നിടം ഫുട്ബോൾ ഗ്രൗണ്ട് പോലെ ശൂന്യം.
"ഇതെപ്പോ സംഭവിച്ചു !!. മാളിയേക്കൽ തറവാട് !!.... "
വാക്കുകൾ മുറിഞ്ഞു ചോദ്യത്തിനുള്ള ഉത്തരം പ്രതീക്ഷിച്ചു.
"ഇളമുറക്കാർ പൊളിച്ചു വിറ്റു."പ്രതീക്ഷിച്ച ഉത്തരം.
"നഗരത്തിന്റെ തിരക്കിലേക്ക് ജനിച്ചു വീണതു കൊണ്ടാവാം പുത്തൻ തലമുറയ്ക്ക് പഴമയുടെ ഗന്ധം ഉൾക്കൊള്ളാൻ കഴിയാത്തത്. "
നെടുവീർപ്പോടെ പറഞ്ഞു തീർത്തു.
"കുട്ടിയപ്പോ അത്രേം പഴയതാണോ?" മാമ കളിയായി പറഞ്ഞതെങ്കിലും മനസ്സിലെ ബാല്യത്തിന് പഴമയുടെ മണമാണ്.
ഓട്ടോ മനയ്ക്കലെ വളവ് തിരിഞ്ഞതും ഒരു പതിനഞ്ച്കാരനിലേക്ക് മനസ്സ് പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഇരുമ്പ് ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു. മുല്ലയും, പിച്ചി
യും ,മഞ്ഞ കോളാമ്പിയും തലമുറകളുടെ ഓർമ്മകളും പേറി കാടുപിടിച്ച് കിടപ്പുണ്ട്.
വാരിയത്ത് തറവാട് ,സന്ധ്യേച്ചിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നത് ഇവിടെയാണ്. പിറക് വശത്തേക്ക് നടന്നു. എന്റെ വീടിരിക്കുന്നസ്ഥലത്ത് ഇന്ന് വലിയ ബംഗ്ലാവാണ്.
പുളിമരച്ചില്ലകളിൽ തട്ടി ഓർമ്മകാറ്റ് പഴയ പത്ത് വയസ്സുകാരനില്ലേക്ക്...
വടക്കേ മുറ്റത്തെ പുളിമരത്തിൽ നിന്ന് ചോണനുറുമ്പുകൾ വരിവരിയായി താഴോട്ട് പോവുന്നതും നോക്കി ഇരിക്കുവാരുന്നു.
വടക്കേമുറ്റത്തേക്കിറങ്ങണ്ട കുട്ട്യേ. അമ്മ അങ്ങനെ തന്നെയാ പറഞ്ഞേ !!. തേങ്ങാക്കൂടയുടെ നനഞ്ഞ ഓല ഇറയത്ത് നിന്ന് ചുവപ്പുപഴുതാര താഴേക്കിറങ്ങിവരുന്നതും കാണാൻ പറ്റുന്നുണ്ട്..
അമ്മേടെ നിലവിളി കേട്ടതും അടുക്കള പുറത്തേയ്ക്ക് ഓടിക്കയറിയതും, വീട്ടില് നിറയെ ആളു നിറഞ്ഞതും, മുറ്റത്തേക്ക് തലനീട്ടീയ മാവ് മുറിച്ചതും ഓർമ്മയുണ്ട്.
അന്നൊക്കെ എനിക്ക് പടം വരയ്ക്കാൻ ഇഷ്ടായിരുന്നു. ശരിയാവുകയുമില്ല എന്നാലും മാറ്റി മാറ്റി വരച്ചോണ്ടിരിയ്ക്കും. കോപ്പി ബുക്ക് കീറി അപ്പാപ്പന്റെ തല വരച്ചോണ്ടിരിയ്ക്കുമ്പോഴാ അമ്മ പറഞ്ഞേ അപ്പൂ നീ പോയി പല്ല് തേക്കെന്ന്. വടക്കേ കോലായുടെ ഇറയത്ത് മുളംതണ്ടിലാണ് അമ്മ ഉമിക്കരി വെയ്ക്കാറ്. മുറ്റത്തേക്ക് തലനീട്ടിയ വരിക്കപ്ലാവിന്റെ മണ്ടയിലോട്ട് നീട്ടി തുപ്പി തുപ്പി മണ്ട കറുപ്പ് നിറമായത് മനസ്സിൽ തെളിഞ്ഞു കാണാൻ പറ്റുന്നുണ്ട്.
അമ്മയെ ഇറയത്ത് കിടത്തുമ്പോ ഞാൻ വരച്ച അപ്പാപ്പന്റെ തല അവിടെ കിടപ്പുണ്ടായിരുന്നു!!. അതിൽ പിന്നെ ഞാൻ പടം വരച്ചിട്ടേയില്ല.
ചില ഓർമ്മകൾ അങ്ങനെയാണ് അടിത്തട്ടിലോട്ട് കൂട്ടിക്കൊണ്ടു പോവും. എങ്ങനെ താളപ്പെടുത്തി ക്രമീകരിച്ചു എന്നറിയാതെ...
നാടുമായി ചേർന്നു നിൽക്കുന്ന ഓർമ്മകളെല്ലാം എത്തിനിൽക്കുന്നത് സന്ധ്യേച്ചിയിലേക്കും ഈ വാരിയത്ത് തറവാട്ടിലേക്കുമാണ്.
ഞാനാദ്യമായി കഥയെഴുതി കാണിച്ചത് സന്ധ്യേച്ചിക്കാണ്. ചേച്ചിയുടെയടുത്ത് കണക്ക് പഠിക്കാൻ പോയപ്പോൾ മുതലുള്ള അടുപ്പമാണ്.
"അപ്പുണ്ണി അസ്സലായി
എഴുതുന്നുണ്ട് !! "
ചേച്ചി ചിരിച്ചോണ്ട് പുറത്ത് തട്ടി പറഞ്ഞു. അതിൽപ്പിന്നെ ചേച്ചിക്ക് കാണിക്കാനായി മാത്രം കഥയെഴുതാൻ തുടങ്ങി. മറ്റാരും വായിക്കണമെന്ന് നിർബന്ധവും ഉണ്ടായില്ല . പിന്നെ വീട്ടിലെ നിറയെ ബുക്കിരിക്കണ ഷെൽഫീന്ന് ഇഷ്ടമുള്ള പുസ്തകം എടുത്ത് വായിക്കാനുള്ള അനുവാദവും ചേച്ചി തന്നു.
ചേച്ചി കണക്ക് പഠിപ്പിക്കുമ്പോൾ ചേച്ചീടെ വെളുത്ത് നീണ്ട വിരലു നോക്കിയിരിക്കാറുണ്ട്‌.ആ വിരലുവെച്ച് ചേച്ചി ഒരുപാട് കവിതകളെഴുതിയിട്ടുണ്ട്. അതൊക്കെ എനിക്ക് കാട്ടി തരാറുമുണ്ട്.
ചേച്ചിയോട് എനിക്ക് സ്നേഹമായിരുന്നു. .
ചേച്ചിയോട് ഞാൻ പറഞ്ഞിട്ടും ഉണ്ട്.
"നിന്റെ പ്രായത്തിന് റ കുഴപ്പാ കുട്ട്യേ."
ചേച്ചി ചിരിച്ചോണ്ട് പറഞ്ഞിട്ടുണ്ട്. ആർക്കും മനസ്സിലാവാത്ത സ്നേഹമാണ് എനിക്ക് ചേച്ചിയോട് .പ്രണയമല്ലെന്ന് ഉറപ്പാണ്..
ചേച്ചി മിഡിൽ സ്കൂളിലെ രാമചന്ദ്രൻ മാഷുമായി പ്രണയത്തിലായിരുന്നു.രാമചന്ദ്രൻ മാഷ് ചേച്ചിക്ക് കൊടുക്കാൻ പുസ്തകങ്ങൾ എനിക്ക് തരാറുണ്ട് .അതിൽ ഒളിപ്പിച്ച പ്രണയലേഖനം ഞാൻ കണ്ടിട്ടുമുണ്ട്.
ഒഴിവു ദിവസങ്ങളിൽ രാവിലെ സന്ധ്യേച്ചീടെ വീട്ടിലെ അലസിച്ചെടിയും മുല്ലയും വേപ്പുമരവും തല നീട്ടി നിൽക്കണ മുറ്റത്ത് പോയി ഇരിക്കാറുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഒരു വികാരം വരും സന്തോഷാണോ എന്ന് ചോദിച്ചാൽ അറിയില്ല സങ്കടാണോ എന്ന്വെച്ചാ അതും . എംടിയേയും പത്മരാജനേയും ഒക്കെ വായിച്ചതും പ്രസിദ്ധീകരിക്കാനായി സന്ധ്യേച്ചി മാറ്റി വെച്ച കഥകളെഴുതിയതും അവിടെ വെച്ചാണ്.
സന്ധ്യേച്ചിക്ക് ഇൻകംടാക്സിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷിച്ചു.
ജ്യാമിതീയ രൂപങ്ങളിലിറങ്ങി മനസ്സ് മടുത്ത വൈകുന്നേരമാണ് സന്ധ്യേച്ചി പറഞ്ഞത്.
"അപ്പുണ്യേ ഭാസ്ക്കരൻ മാമയ്ക്ക് എതിർപ്പാണ് ഞങ്ങളുടെ വേളി നടക്കില്ല".
കവലകൾ തോറും ജ്യാതി വ്യവസ്ഥയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചു നടക്കുന്ന ഭാസ്ക്കരൻമാമ!!. ആദ്യമായി വെറുപ്പു തോന്നി.
ചിന്തയും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഓർത്തപ്പോൾ പുച്ഛവും.
സന്ധ്യേച്ചിയുടെ മുബൈയിലേക്കുള്ള പറിച്ചുനടൽ വെറും ഒളിച്ചോട്ടമാണെന്ന് മനസ്സിലായി.
"കുട്ട്യേ.. അകത്തളം കാണണ്ടേ."
മാമയാണ്.
എന്റെ ഓർമ്മകൾ വേരാഴ്ന്ന് കിടക്കുന്നുണ്ടിവിടെ !!
വടക്കേമുറിയിലായിരുന്നു സന്ധ്യേച്ചി കവിതകളെഴുതിയിരുന്നത്.
നാഗത്തറയിരിക്കുന്നിടത്തേയ്ക്ക് നോക്കി.
ഇല്ല അങ്ങോട്ട് പോവാൻ പറ്റില്ല. പാലമരവും പൂവാങ്കുരുന്നും ഇലഞ്ഞിയും കാണാനില്ല ..ഒക്കെ കാടുകയറി കിടക്കുകയാണ് !!
അവസാനമായി സന്ധ്യേച്ചിയോട് സംസാരിച്ചത് നാഗത്തറയിൽ വെച്ചാണ്.
അച്ഛൻ സുഗന്ധിയേച്ചിയെ കല്യാണം കഴിക്കുന്നു എന്നറിഞ്ഞപ്പോൾ ചുമരിലെ അമ്മയുടെ രൂപം നോക്കി കുറേക്കരഞ്ഞു. അത് കഴിഞ്ഞാണ് നാഗത്തറയിലേക്ക് ഓടിയത്.
സന്ധ്യേച്ചിയെ ആദ്യമായാണ് ഇത്രയും സങ്കടപ്പെട്ട് കണ്ടത്. എന്റെ സങ്കടമെല്ലാം ഉരുകിയൊലിച്ചു പോയി...
"അപ്പുണ്യേ ഞാൻ പോവാൻ തീരുമാനിച്ചു. തിരിച്ചു വരവ് ഉണ്ടാവുമോ എന്നറിയില്ല. അവിടെച്ചെന്ന് അഡ്രസ്സ് അയക്കാം. പുതിയ കഥയെഴുതിയാൽ ചേച്ചിക്കയക്കണം. എല്ലാം ചേർത്ത് പ്രസിദ്ധീകരിക്കണം."
ചേർത്ത്പിടിച്ച് ചേച്ചി കുറേക്കരഞ്ഞു.
ചില ബന്ധങ്ങൾ അങ്ങനെയാണ് അർത്ഥം കണ്ടെത്താൻ വിഷമമാണ്. സന്ധ്യേച്ചിയപ്പോൾ എനിക്കമ്മയായിരുന്നു. ചേച്ചി പിന്നെ തറവാട്ടിലേക്ക് വന്നതുമില്ല .
ഓർമ്മകൾ ഒരുപാടുണ്ട് അല്ലേ കുട്ട്യേ?"
സത്യമാണ്. ഒരുപാട് ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നുണ്ടിവിടെ !!.. ഈ രാത്രി എനിക്കിവിടെ കഴിയണം.
എന്റെ സന്ധ്യേച്ചിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന വടക്കേ മുറിയിൽ തന്നെ. ഞാനാദ്യം പുസ്തക ഷെൽഫ് വെച്ച മുറിയിലേക്ക് കയറി.
ഇതൊക്കെ?!!
"ഒക്കെ ഞാൻ വായനശാലയ്ക്ക് കൊടുത്തു കുഞ്ഞേ.. സന്ധ്യക്കുഞ്ഞിന് വേണ്ടി അതെങ്കിലും ചെയ്യേണ്ടേ.. ആരോടും ചോദിച്ചൊന്നും ഇല്ല. അല്ലെങ്കിലും ആരോട് ചോദിക്കാനാ!"
ശബ്ദമിടറിക്കൊണ്ടാണ് ശങ്കരമ്മാമ പറഞ്ഞത്.
ശരിയാണ് പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിച്ചതല്ലേ ചേച്ചി..
"അതു തന്നെയാണ് ശരി. " പറഞ്ഞെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന എവിടെയോ കൊരുക്കുന്നുണ്ടായിരുന്നു.
വടക്കേ മുറിയിലെ ജനാല മെല്ലെ തുറന്നിട്ടു. കറുത്ത പൊടി മുഖത്തും ദേഹത്തും ഒക്കെ വീണു.
പുറത്തെ പൂവാങ്കുരുന്നിൽ തട്ടി ഒരോർമ്മക്കാറ്റ് എന്നെ തഴുകി കടന്നു പോയി.
നാഗത്തറയിൽ വെച്ചാണെന്ന് തോന്നുന്നു ഞാനാ ചോദ്യം ചേദിക്കുമ്പോൾ എന്റെ അമ്മ മരിച്ചിട്ട് ഒരാഴ്ച്ച ആയിക്കാണും
"സന്ധ്യേച്ചിയേ ?
ചേച്ചിക്ക് അമ്മയും അച്ഛനും പോയപ്പോൾ തനിച്ചായതുപോലെ തോന്നാറുണ്ടോ?"
"അതിന് ആരാ തനിച്ചായത് അപ്പുണ്യേ.. അവരൊക്കെ നമ്മുടെ കൂടെയുണ്ട്.
അപ്പുണ്ണിക്ക് ഒരു കാര്യമറിയോ ?
മരണപ്പെട്ടവർക്ക് ഒരിക്കലും പ്രായമാവില്ല. എനിക്കും അപ്പുണ്ണിക്കും വയസ്സായാലും അവരൊക്കെ അതേ പ്രായത്തിലായിരിക്കും."
ഉള്ളിലെവിടെയോ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട് ക്ലാവു പിടിച്ച ഓർമ്മകൾ..
ശരിയാണ് എന്റെ മനസ്സിലെ സന്ധ്യേച്ചിക്കിപ്പോൾ എന്നേക്കാൾ ഇളപ്പമാണ്.
"സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും.."
ആരോ മൂളിയതു പോലെ!!
ഈ മുറിയിലെ ചുവരിനും ജനാലയ്ക്കും കട്ടിലപ്പടിക്കും വരെ മൂളാൻ ഒരുപാട് ഈരടികൾ കാണും.
സന്ധ്യേച്ചിക്ക് ചുള്ളിക്കാടിനെ വലിയ ഇഷ്ടമായിരുന്നു.
മുകളിലോട്ടൊന്നും കയറാൻ തോന്നിയില്ല. അല്ലെങ്കിലും അവിടെയൊക്കെ എനിക്കെന്ത്
കാര്യം !!
എന്തിനായിരിക്കാം സന്ധ്യേച്ചി എല്ലാവരിൽ നിന്നും ഓടിയൊളിച്ചത്?
പിടി തരാതെ ഒഴിഞ്ഞു മാറിയത്.
ഭാസ്ക്കരൻ മാമ മരിച്ചപ്പോൾ ശങ്കരമ്മാമ വിളിച്ചിരുന്നു. എന്റെ സന്ധ്യേച്ചിയെ അശാന്തിയിലേക്ക് തള്ളിവിട്ടയാളെ കാണാൻ തോന്നിയില്ല.
"കുട്ട്യേ?
എന്നാ മടക്കം. ഒക്കെ കഴിഞ്ഞിട്ടു പോയാൽ പോരേ."
അതെ ശങ്കരമ്മാമേ. വീടും സ്ഥലവും ട്രസ്റ്റിന് കൈമാറണം. മനയ്ക്കലെ പറമ്പ് ശങ്കരമായയ്ക്ക് എഴുതീട്ടുണ്ട്. ബാക്കിയൊക്കെ എനിക്കാണ് മാമേ.. അതും കൂടി ആർക്കേലും ഉപകാരപ്പെടണം .ഒരു തവണ കൂടി വരുന്നുണ്ട്. എന്റെ സ്ഥലത്ത് സന്ധ്യേച്ചിയുടെ ഓർമ്മയ്ക്ക് എന്തെങ്കിലും പണി കഴിപ്പിക്കണം.
ഒരുപാട് എഴുത്തുകൾ ഫോൺ നമ്പറടക്കം എഴുതി. മറുപടിയിൽ വിശേഷം പറച്ചിൽ ഒക്കെയുണ്ടായെങ്കിലും ചേച്ചിയുടെ മനസ്സിൽ പഴയ അപ്പുണ്ണിയും, എന്റെ മനസ്സിൽ പഴയ ചേച്ചിയും മതിയെന്ന് പറയും. അന്യേഷിച്ചു വരരുത് എന്ന അപേക്ഷയോടെയാവും എഴുത്തവസാനിപ്പിക്കുന്നത്.
ചേച്ചി പറഞ്ഞത് അനുസരിക്കാതിരിക്കാൻ തോന്നിയില്ല, ചെയ്തത് ശരിയോ തെറ്റോ എന്നറിയില്ല. ചേച്ചിയുടെ സന്തോഷം മാത്രമേ ചിന്തിച്ചുള്ളൂ.
അവസാനമായി ചേച്ചി ഒരേയൊരു തവണ വിളിച്ചു.
"അപ്പുണ്യേ !! ചേച്ചിക്ക് പോവാറായി. ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങി. എല്ലാം വിശദമായി എഴുതീട്ടുണ്ട്. എഴുത്തുകിട്ടുമ്പോൾ ചേച്ചിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കണം."
ഒന്നും പറയാനനുവദിക്കാതെ ഫോൺ കട്ടു ചെയ്തു.
ഫോൺ വെച്ചു കഴിഞ്ഞപ്പോൾ വികാര വിക്ഷോഭങ്ങളുടെ വേലിയേറ്റമായിരുന്നു.
ഒരു പരാതിയോ പരിഭവമോ പറയാതെ പറയാനനുവദിയ്ക്കാതെ എന്തിനായിരിക്കാം ഈ ശിക്ഷ ഏറ്റുവാങ്ങിയത്.
"എന്തായിരിക്കും ചേച്ചീടെ അസുഖം! എന്തിനാണീ പീഢനം. മരണമടുത്തപ്പോൾ പോലും ഒന്നു കാണാനനുവദിച്ചില്ലല്ലോ !! "
രണ്ട് ദിവസം കഴിഞ്ഞ് വിൽപത്രവും അവസാന ആഗ്രഹവും ഒക്കെ ചേർത്ത് നീണ്ടാരെഴുത്ത് കിട്ടി. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഇവിടെ.
ഇപ്പോഴും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ഈ മുറിക്കുള്ളിൽ എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കുന്നു.
ഒരു പക്ഷേ ഇന്നത്തെ ഈ രാത്രി ചേച്ചിയുടെ ആത്മാവ് ഇവിടെ വരുമായിരിക്കും!! എന്നോട് പറയുമായിരിക്കും എന്തിനായിരുന്നു എന്റെ ചേച്ചിയുടെ ഒളിച്ചോട്ടമെന്ന്. എന്തിനായിരുന്നു ഈ ഉത്തരവാദിത്ത്വം എനിക്കായി മാറ്റിവെച്ചതെന്ന് !!
(കവിതസഫൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot