നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കലോറിയും കൊളസ്ട്രോളും ചിക്കനും.

Image may contain: 3 people
ഒരു അവധി ദിവസം കുറച്ചു വരട്ടിയ ഇറച്ചിയും കൈയിലെടുത്ത് മോഹൻലാലിന്റെ ഒരു സിനിമ കാണാൻ ഇരിക്കുമ്പോഴാണ് അവളൊരു പേപ്പറും നിവർത്തിപ്പിടിച്ച് പാഞ്ഞു വന്നത്.
"ദേ നോക്കിയേ ചേട്ടാ, നിങ്ങടെ കൊളസ്ട്രോള് കണ്ടമാനം കൂടിയേക്കണ്”
ഞാൻ കൈയിലെടുത്ത ഇറച്ചിക്കഷണം പാത്രത്തിലേക്കിട്ട് അവളെ നോക്കി.
"കുരിശ്, ഇത് തിന്നു കഴിഞ്ഞട്ട് പറഞ്ഞാ പോരായിരുന്നോ നിനക്ക് “ഞാനവളെ അരിശപ്പെട്ട് നോക്കി.
"നമുക്ക് കുറച്ച് എക്സർസൈസൊക്കെ ചെയ്യണം ചേട്ടാ.രാവിലെ എഴുന്നേറ്റ് ഓടിയാലോ.കുറച്ച് കലോറി കുറച്ചാലേ കൊളസ്ട്രോള് കുറഞ്ഞു കിട്ടൂ “
"ബെസ്റ്റ്, രാവിലെ നിന്നെ എത്ര കുത്തുകുത്തിയാലാ കിടക്കേന്ന് എഴുന്നേറ്റ് ഒരു ചായ കിട്ടണത്. ആ നീയാണോ രാവി ലെ എഴുന്നേറ്റ് ഓടുന്നത്?" വീണ്ടുവിചാരമുണ്ടായ പോലെ അവളെന്നെ നോക്കി
"അല്ലേലും ഈ ഓടിയാലൊന്നും കലോറി കൊറയാൻ പോണില്ല. നമുക്ക് യോഗ ചെയ്താലോ?" ഇവള് വിടുന്ന ഭാവമില്ലല്ലോ ഈശ്വരാ.
" അല്ല എന്റെ കൊളസ്ട്രോളല്ലേ കൂടിയേക്കണ് അതിന് നീയെന്തിനാ യോഗ ചെയ്യണേടീ? "ഞാനവളെ സംശയിച്ചു നോക്കി. ഇനി ഇവൾക്കും കൊളസ്ട്രോൾ?
"അതെ സ്ട്രെസ് വന്നാലും കൊളസ്ട്രോള് കുടും. ഞാൻ കേട്ടിട്ടുണ്ട്. "ഹോ എനിക്ക് കൊളസ്ട്രോള് ഇത്തിരി കൂടീപ്പോഴേക്കും പെണ്ണിന്റെ ഒരു ടെൻഷനേ, ഇങ്ങനെ വേണം ഭാര്യമാര്. എന്നാലും ഒന്നറിയാം ടെൻഷന്റെ കാരണം
" നിനക്കെന്തിനാടീ ടെൻഷൻ? എനിക്ക് കൊളസ്ട്രോള് കൂടീട്ടാ?”
"അല്ല ചേട്ടാ കൊളസ്ട്രോള് കൂടിയാ ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഒക്കെ വരില്ലേ?”
അപ്പോ അതാണ് കാര്യം.വീടിന്റെ ലോണൊക്കെ ആരടയ്ക്കും മനുഷ്യാ ന്നായിരിക്കും ഇവളിപ്പോ ചിന്തിക്കുന്നത്. എന്തെങ്കിലുമാവട്ടെ യോഗയെങ്കി യോഗ.
രണ്ടു ദിവസം വല്യ കുഴപ്പമില്ലാണ്ട് പോയി. മൂന്നാമത്തെ ദിവസം തുടങ്ങി ശ്വാസം വലിച്ച് പിടിച്ച് കണ്ണുകളടച്ച് കിടക്കുമ്പോ ഉറക്കം വരുന്നു.
" നിങ്ങള് എന്തൂട്ട് ആസനാ കാണിക്കണേ?കൂർക്കം വലി ആസനാ ?” "ഒന്ന് കണ്ണടഞ്ഞു പോയി അതിനാ കൂർക്കം വലി പോലും. എന്റെന്ന് ചവിട്ട് കിട്ടാണ്ട് അങ്ങട് മാറിയിരുന്നോ. എനിക്ക് നല്ല ചവിട്ടാസനോം അറിയാം" എന്തായാലും അതോടെ യോഗ സ്വാഹ.
രണ്ടു ദിവസം കഴിഞ്ഞില്ലാ ദേ അടുത്തതും പൊക്കിപ്പിടിച്ചോണ്ട് വരുന്നു.
"നോക്ക് ചേട്ടാ, ഇ ബേയില് കണ്ടതാ. ഇത് വാങ്ങിച്ചാ മതി. പല ടൈപ്പില് എക്സർസൈസ് ചെയ്യാം. നിലത്ത് പായ യൊന്നും വിരിച്ച് സർക്കസ് കാണിക്കണ്ട.ഈ സ്പ്രിങ്ങ് കണ്ടോ ഇത് പിടിച്ച് വലിച്ചാ മതി.”
ആദ്യം തന്നെ വില നോക്കി, വലിയ കുഴപ്പമില്ല ഒപ്പിക്കാം. ഓഫീസിലെ അരുണും പറഞ്ഞു വയറിത്തിരി കൂടുന്നുണ്ട് ട്ടോ ചേട്ടാ ന്ന്. അവന്റെ തെറിച്ചു നിൽക്കുന്ന മസ്സിലിലേക്ക് അസൂയയോടെ ഞാൻ നോക്കി.
"നീയി തെങ്ങനെ ഒപ്പിക്കുന്നെടാ ?”
"ചേട്ടാ വിൽ പവ്വറ് വേണം. അതുണ്ടെങ്കി എന്തും നടക്കും.”
"നിങ്ങളെന്താ ആലോചിക്കുന്നേ? നമുക്കിത് വാങ്ങിയാലോ? " ചിന്തകളിൽ നിന്നും അവളെന്നെ പിടിച്ചു വലിച്ച് സ്പ്രിങ്ങ് മെഷീനിലേക്ക് കൊണ്ടുവന്നു. അല്ലേലും ഇവളോട് പറയാൻ പറ്റുമോ മറ്റേ ലവൻ പറഞ്ഞ വയറു ചാടിയ കാര്യം. അപ്പഴേ ഞാൻ പറഞ്ഞതാന്നും പറഞ്ഞ് തുടങ്ങും, മിണ്ടാതിരിക്കുന്നതാണ് എന്തു കൊണ്ടും നല്ലത്.
എന്തായാലും ശരവേഗത്തിൽ സ്പ്രിങ്ങ് മെഷീൻ എത്തി.
"നീ തന്നെ ഉദ്ഘാടിക്ക് " ഞാൻ ഉപകരണം അവൾക്ക് കൈമാറി.
അവള് കാലുകൾ രണ്ടും പെഡലിൽ ഇട്ട് കൈ കൊണ്ട് ഹാൻഡിലിൽ പിടിച്ച് ആഞ്ഞു വലിക്കാൻ തുടങ്ങി. എവിടെ, സ്പ്രിങ്ങ് ഒരിഞ്ചുപോലും അനങ്ങിയില്ല. അവളെന്നെ ദയനീയമായി നോക്കി.
എങ്കിലും പരാജയം സമ്മതിക്കുമോ?
" അതേ ചേട്ടാ ഇത് പുരുഷന്മാർക്ക് വേണ്ടി സ്പെഷലായി ഉണ്ടാക്കിയതാന്നാ തോന്നണേ, നിങ്ങള് നോക്ക് “
ഞാനും ആഞ്ഞുവലിക്കാൻ തുടങ്ങി. എന്റെ പെടലി ഒന്നു തിരിഞ്ഞതല്ലാതെ കാര്യമായി ഒന്നും സംഭവിച്ചില്ല.അതെടുത്ത് അവളുടെ തലമണ്ടക്ക് ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും ആത്മനിയന്ത്രണമാണ് സമാധാനത്തിന്റെ ആദ്യപടി എന്നറിയാവുന്നതു കൊണ്ട് ആ കുന്ത്രാണ്ടമെടുത്ത് കട്ടിലിനടിയിലേക്ക് ഒരു വീക്കു കൊടുത്തു.
അങ്ങനെ കുറച്ചു കാശും പോയി അവളൊന്നടങ്ങിയെങ്കിലും അരുൺ എന്നെ വിടാൻ ഭാവമില്ലായിരുന്നു. അവനെന്റെ ചാടി വരുന്ന വയറിനെ പല രീതിയിൽ വിമർശിച്ചു കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും കൈയിലേയും നെഞ്ചിലേയും മസ്സിലൊക്കെ പെരുപ്പിച്ച് അവനെന്റെ സമാധാനം കെടുത്തി.
"ചേട്ടാ ഞാൻ പോണ ജിമ്മില് ഇപ്പോ ഡിസ്കൗണ്ട് ഉണ്ട്.ഒന്നു നോക്കിക്കൂടേ “
അവൻ വിൽ പവ്വറിനെപറ്റി വിളമ്പാൻ തുടങ്ങിയപ്പോഴേക്ക് ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. അല്ലെങ്കി വില്ലും പവറും ഒക്കെ പോയി ഞാനവനിട്ട് ഒന്ന് താങ്ങും.
എന്തായാലും ഒരു നല്ല കാര്യമല്ലേ. നിന്നെ ശരിയാക്കി എടുത്തേ പറ്റൂ കുട്ടാ, ഞാൻ എന്റെ വയറിനെ ഒന്ന് തലോടി.
"എടിയേ, വീട്ടി ചെന്നപാടെ ഭാര്യയെ നീട്ടി വിളിച്ചു.
"നമ്മള് നാളെ തുടങ്ങി ജിമ്മില് പോണു "ഒരു സർപ്രൈസ് പൊട്ടിക്കും പോലെ ഞാനവളെ നോക്കി.
"നമ്മളോ, ഞാനെങ്ങും ഇല്ല. നല്ല കഥയായി ജിമ്മിലേ " അവള് അന്തം വിട്ട് എന്നെ നോക്കി.
"എടീ രണ്ടു പേര് ചേർന്നാലേ ഡിസ്കൗണ്ട് ഉള്ളു."അല്ലെങ്കി ആര് ഇവളേം പിടിച്ച് വലിച്ച് കൊണ്ടു പോവുന്നു.
അങ്ങനെ ട്രെയിനർ ഓരോന്ന് പരിചയെപ്പെടുത്തുകയാണ്.സ്റ്റെയർ മാസ്റ്ററുടെ അടുത്തെത്തി.
" ഇത് സ്റ്റെയർകേസ് കേറുന്ന പോലെ വെറുതെ കയറിയാൽ മതി. സ്പീഡ് കൂട്ടാം കുറക്കാം, ഇതാണ് സ്വിച്ച് "അയാൾ പോയി.
ഇതൊക്കെ പുല്ല്. സ്വിച്ചമർത്തി കയറിത്തുടങ്ങി.സ്പീഡിത്തിരി കൂടുന്നുണ്ടോ? ഏയ്,ആയാസപ്പെട്ട് കയറിത്തുടങ്ങി. നെറ്റി പതുക്കെ വിയർക്കാൻ തുടങ്ങി.പെട്ടെന്ന് സ്പീഡ് വളരെ കൂടി. നടന്നു കയറിയ ഞാൻ ഓടിക്കയറാൻ തുടങ്ങി. എത്ര ആഞ്ഞ് ഓടിയിട്ടും സ്പീഡ് നിയന്ത്രിക്കാൻ മുകളിലെ സ്റ്റെപ്പിലെത്തുന്നില്ല. ഏതോ കാലമാടൻ ഇത് മാക്സിമത്തിലാണ് സെറ്റ് ചെയ്ത് പോയത്. ദൈവമേ, താഴെയിറങ്ങാൻ ഒരു വഴിയുമില്ലല്ലോ. നെഞ്ചിടിപ്പു കൂടി കൂടി വന്നു. കലോറിയും കൊളസ്ട്രോളും പോയിട്ട് ജീവൻ വരെ പോകുമെന്ന അവസ്ഥയായി.ഏതോ ഭാഗ്യത്തിന് ട്രെയിനർ ഓടി വന്ന് മെഷീൻ ഓഫാക്കി.അല്ലെങ്കി എന്റെ പതിനാറടിയന്തിരം ഇവിടെ നടത്തേണ്ടി വന്നേനെ.
കിതച്ച് കിതച്ച് ഒരു സ്റ്റെപ്പിൽ തളർന്നിരുന്ന് എന്റെ കൂടെ വന്നവളെ നോക്കി. അവളതാ ഒരു ട്രെഡ് മില്ലിൽ കയറി അന്നനട നടക്കുന്നു. പതുക്കെ ചെന്ന് അവളെ തോണ്ടി. അവള് തിരിഞ്ഞു നോക്കി
"നിങ്ങക്കെന്തു പറ്റി ചേട്ടാ, വലu്ലാണ്ട് കിതയ്ക്കുന്നുണ്ടല്ലോ?”
" നിന്റെ കലോറി വല്ലതും പോയോടീ? എന്റെ ഒറ്റയടിക്ക് ഒരു അറുന്നൂറെങ്കിലും പോയിക്കാണും.”
"എന്റെ രണ്ടു കലോറി പോയി ചേട്ടാ, ദേ ഇതില് എഴുതി കാണിക്കുന്നുണ്ട്‌.”
" നീ താഴെയിറങ്ങ് നമുക്ക് വീട്ടിൽ പോയി എന്തെങ്കിലും കഴിക്കാം.
" അയ്യോ ചേട്ടാ വീട്ടില് ഒന്നുമിരിപ്പില്ല”
" നീ സമാധാനപ്പെട്, നമുക്ക് പോണ വഴി എന്തെങ്കിലും കഴിക്കാം.”
കെഎഫ്സിയിൽ ഇരുന്ന് ചിക്കൻ കടിച്ചു പറിക്കുന്നതിനിടയിൽ അവളുടെ ഒരു ചോദ്യം
" അല്ല ചേട്ടാ, നമ്മള് രണ്ട് കലോറി കളഞ്ഞിട്ട് ഇപ്പോ ഇരുന്നൂറ് കലോറിയല്ലേ അകത്താക്കണ്?”
"എടീ ദൈവം കുറച്ചു നാളത്തേക്ക് ഒരു വിസിറ്റിംഗ് വിസ തന്നാ ഈ ഭൂമിയിലേക്ക് വിട്ടേക്കണേ. അതെന്തിനാ? സമാധാനായിട്ടും സന്തോഷായിട്ടും കഴിയാനാ. നിനക്ക് കലോറി കുറയണെങ്കിൽ ചിക്കൻ എന്റെ പാത്രത്തിലോട്ടിട്ടോ.”
അവള് ചിക്കനിലേക്ക് സംശയിച്ചു നോക്കി പറഞ്ഞു
"എനിക്ക് കലോറി വേണ്ട ചേട്ടാ ചിക്കൻ മതി. ഇന്നത്തെ ഒരു ദിവസം നമുക്ക് കലോറിയും കൊളസ്ട്രോളും മറക്കാം " ചിക്കൻ കടിച്ചു അവളെന്നെ നോക്കി കണ്ണിറുക്കി.
✍️ ഡിന്റാ ജോമോൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot