Slider

ഒരിക്കൽ കൂടി

0

Image may contain: 1 person, beard

മരണം വന്നു വിളിക്കുമ്പോൾ അയാൾ അല്പം തിരക്കിലായിരുന്നു ..ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യേണ്ട കാശ് ഒന്നുകൂടി എണ്ണിനോക്കി - ഇന്നലത്തേക്കാൾ കളക്ഷനുണ്ട്.. മുഖത്തൊരു പുഞ്ചിരി താനെ വന്നു.
ഭാര്യ പച്ചക്കറികൾ അരിയുന്നതിന്റെ ഒരു നിഴൽ ചിത്രം അടുക്കളയിൽ കാണുന്നുണ്ട്. അവൾ കൊണ്ടുവെച്ച ചായ തണുത്തു കഴിഞ്ഞു.
ആറു മാസം പ്രായമുള്ള ഇളയ മകൻ തൊട്ടിലിൽ ചെരിഞ്ഞു കിടന്നു ഒന്നെടുക്കാനായി ചിരിച്ചു മയക്കുന്നു.
മുറ്റത്തേക്കൊന്നു പാളി നോക്കിയപ്പോൾ ആരോ നട്ട നാലുമണിപ്പൂച്ചെടി മദ്ധ്യാഹ്നം കഴിയാൻ അക്ഷമയോടെ കാത്തു നിൽക്കുന്നത് കണ്ടു.
തൊടിയുടെ അറ്റത്തുള്ള മൂവാണ്ടൻ മാവിൽ കാക്കകൾ പതിവ് പോലെ പായ്യാരം പറയുന്നു..
റോഡിനപ്പുറം ഇതര സംസ്ഥാന തൊഴിലാളികളുടെ ചിരി കോൺക്രീറ്റ് മിശ്രിതത്തിൽ ഉരുകിത്തീരുന്നതിന്റെ പുകപടലങ്ങൾ നിറയുന്നുണ്ട്.. അരയാലിന്റെ ചില്ലകൾക്കിടയിൽ കുരുങ്ങിപ്പോയ സൂര്യൻ കൂടുതൽ കരുത്തുകാട്ടി അവർക്ക് പിന്നാലെ ഓടാൻ വെമ്പുന്നു.
കലപില കുട്ടികൾ സ്‌കൂളിലേക്ക് കളിയൊച്ചകളായി ഒഴുകുന്നു...
ഇടവഴിയുടെ ഊർന്നുവീണ നഗ്നതയിൽ ഒരു സ്ത്രീയും പുരുഷനും ആരും കാണുന്നില്ലെന്ന് നിനച്ചു കൺകോണുകളിൽ കാമം കൊറിക്കുന്നു.
ഒരു വൃദ്ധൻ തന്റെ ഒടിഞ്ഞുകുത്തിയ താടിയെല്ലുകളിൽ ഒരു കൊട്ടാരം സ്വപ്നം കാണുന്നു.
അല്പം ദൂരെ, പിറകിൽ നിന്ന് നോക്കുമ്പോൾ പെണ്ണിനെപ്പോലെയും മുന്നിൽ നിന്ന് നോക്കുമ്പോൾ ആണിനെപ്പോലെയുമുള്ള ഒരു ജീവി കഞ്ചാവ് ആഞ്ഞു വലിക്കുന്നു, ഒരു കഠാര ആരുടെയോ വയറ്റിൽ സംഗീതം ഉതിർത്തത്തിന്റെ പ്രതിധ്വനി കാറ്റിൽ പറന്നു വരുന്നു...
ഒരു മാറ്റവുമില്ലാത്ത ഒരു ദിവസം തന്നെ. ഇന്നലെത്തെപ്പോലെ ...നാളത്തെപ്പോലെ.
അടുത്ത മുപ്പത് സെക്കൻഡുകൾക്കുള്ളിൽ അയാൾ മരിച്ചു.
ശേഷം, എണ്ണാൻ പറ്റാതിരുന്ന എത്രയോ സെക്കൻഡുകൾ കഴിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ആരോ തുറന്നു കൊടുത്തു.. .
അയാൾ മരിച്ചത് പച്ചക്കറി അരിയുന്ന ഭാര്യ അറിഞ്ഞിട്ടില്ല...തൊട്ടിലിൽ കുഞ്ഞ് ഇപ്പോഴും ചിരിക്കുന്നു. മഴ പെയ്തില്ല, സൂര്യൻ പിൻവാങ്ങിയില്ല, തൊഴിലാളികൾ ചിരി നിർത്തിയില്ല, കഞ്ചാവ് വലിക്കുന്നവരും കാമം കൊറിക്കുന്നവരും അനങ്ങിയില്ല...കുട്ടികൾ കളിച്ചുകൊണ്ടേയിരുന്നു...എല്ലാം പഴയതുപോലെ തന്നെ... നീ മരിക്കുന്നത് ഈ ഭൂമി പോലും താങ്ങില്ല എന്ന് പറഞ്ഞ കൂട്ടുകാരന്റെ കണ്ണിൽ വല്ലാത്തൊരു തിളക്കം...
അയാൾ മരിച്ചപ്പോൾ ഈ ഭൂമിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്ന് അയാൾ അറിഞ്ഞു. അയാളുടെ കണ്ണുകൾ ചിരിക്കുകയും ഹൃദയം കിടിലം കൊള്ളുകയും ചെയ്തു..
"ഇനി ബസ് കിട്ടില്ലെന്ന്‌ തോന്നുന്നു... ഇന്നും വൈകും. എന്തൊരു ഉറക്കമാണിത് ?!" ഭാര്യ ചായയുമായി വന്നപ്പോൾ അയാൾ മരണത്തിന്റെ നേർത്ത പുതപ്പ് നീക്കി എഴുന്നേറ്റിരുന്നു.
അയാൾ ഉറങ്ങിയ ഒൻപത് മണിക്കൂറിൽ ലോകത്തിന്റെ പല കോണുകളിൽ പല പ്രായത്തിൽ അന്പതിനായിരത്തിലധികം മനുഷ്യർ മരിച്ചുപോയിട്ടുണ്ട്. അമ്പതിനായിരം കണ്ഠങ്ങളിൽ കാലം കൈവിരലുകൾ തൊട്ടു. പിന്നെ അമ്പതിനായിരം ഊർധശ്വാസങ്ങൾ, ഇടർച്ചകൾ, കണ്ണീരുകൾ, പുഞ്ചിരികൾ, പ്രതീക്ഷകൾ….
ഒന്നുകൂടെ പുതപ്പ് തലയിലേക്ക് വലിച്ചിട്ടു അയാൾ ആലോചിച്ചു...ഈ പതിനായിരങ്ങൾ ഏതൊക്കെ വിധമായിരിക്കും മരിച്ചിട്ടുണ്ടാവുക? അവസാനം അവർ ആരോടായിരിക്കും മിണ്ടിയിട്ടുണ്ടാവുക? എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക? എങ്ങിനെയായിരിക്കും അവരെ ഭൂമി തിരിച്ചെടുത്തിട്ടുണ്ടാവുക? കുറെ പേരെ ശവപ്പെട്ടിയിൽ, കുറെ പേരെ കൃത്യമായ അളവുകളുള്ള കുഴിമാടത്തിൽ, കുറെ പേരെ അഗ്നിയുടെ തണുത്ത മെത്തയിൽ, ചിലർ ഏതോ താഴ്വാരത്തിൽ, ചിലർ കടലിനടിയിൽ, പിന്നെ ചതുപ്പുനിലങ്ങളിൽ ആണ്ടുപോയവർ, മരുഭൂമിയിൽ തൊണ്ടപൊട്ടി മരിച്ചവർ, ഓവുചാലിൽ അഴുകിപ്പോയർ, ഗുഹ്യാവയവങ്ങളിലൂടെ ഒഴുകിപ്പോയ ചോരയിൽ മുങ്ങി മരിച്ചവർ, കഴുകനും പട്ടിക്കും വിശപ്പിന്റെ കുപ്പായം കീറി വലിക്കാൻ വിധിക്കപ്പെട്ടവർ……
എന്നിട്ടും പുതിയൊരു മഴ എങ്ങും പെയ്തില്ല, പുതിയൊരു സൂര്യനും പിറന്നില്ല. …
.
ചീകാത്ത മുടിയും വാർ കെട്ടാത്ത ചെരിപ്പുമായി തോളിലെ സഞ്ചിയും തൂക്കി ബസിനായി ഓടുമ്പോൾ ഇന്ന് കാലത്ത് കൂട്ടിനു വന്ന കറുത്ത മരണം അയാൾ മറന്നിരുന്നു. പകരം പാലിന്റെ നൈർമല്യവും തേനിന്റെ മാധുര്യവും പഞ്ഞിക്കെട്ടിന്റെ ഭാരവുമുള്ള ഒരു മരണം അയാൾ സ്വപ്‍നം കണ്ടു
.
വീണ്ടും പിറക്കാൻ കൊതി തോന്നിപ്പിക്കുന്ന, പ്രകാശമുള്ള, നിറയെ വർണങ്ങളുള്ള ഒരു പുതിയ മരണത്തിനായി അയാളുടെ ചുണ്ടുകൾ പുഞ്ചിരിച്ചു.
(ഹാരിസ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo