
ചാറ്റല്‍ മഴയുള്ള സന്ധ്യക്ക് അരക്കെട്ടില്‍ ഇന്ദ്രജാലം ഒളിപ്പിച്ച് വച്ച് ആ തവള ചാടി ചാടി വന്നത് എന്‍റെ മുറ്റത്തേക്ക് മാത്രമായിരുന്നില്ല , എന്‍റെ താളം തെറ്റിയ ജീവിതത്തിലേക്കുമായിരുന്നു......!
ഈയാംപാറ്റകളെ നാക്കിട്ട് പിടിക്കാനായി എത്ര അധികാരഭാവത്തോടെയാണവള്‍ എന്‍റെ ഉമ്മറത്തേക്ക് ചാടി കയറിയത്.
തോണ്ടിയെറിയാന്‍ നോക്കി. പോയില്ലവള്‍.
ചെരുപ്പാലെറിഞ്ഞ് നോക്കി. അനങ്ങിയില്ലവള്‍.
ഒടുവില്‍ അറപ്പോടെ എന്‍റെ വലം കൈ വിരലുകളാ അരക്കെട്ട് ലക്ഷ്യമാക്കി നീങ്ങി.
എടുത്ത് ദൂരെ കളയുകയായിരുന്നു ലക്ഷ്യം.
വഴു വഴുത്ത ആ അരക്കെട്ടില്‍ പിടിയമര്‍ത്തും നേരം മനംപുരട്ടി.
കൈക്കുള്ളില്‍ കിടന്നവള്‍ നിലത്ത് നിന്ന് പൊങ്ങി.
കളയാന്‍ ആകെയുള്ളൊരിടം കുളവാഴയുള്ള കുളത്തിന്‍ കരയായിരുന്നു.
കളഞ്ഞിട്ട് തിരിച്ച് പോരും നേരം വിരലുകളിലെന്തോ പശപശപ്പ്.
അത് കഴുകി കളഞ്ഞപ്പോഴും വിരലുകളിലെന്തോ നഷ്ടബോധത്തിന്‍റെ ചെറു ചലനങ്ങള്‍.
ഇരുന്നിട്ട് ഇരുപ്പുറച്ചില്ല.
കുറച്ച് നേരം കൈകളില്‍ ഒരു ജീവനെ ചേര്‍ത്ത് നിര്‍ത്തിയതിന്‍റെ അനുഭൂതി ഞാന്‍ തിരിച്ചറിഞ്ഞു.....!
ചാറ്റല്‍ മഴയുടെ പതിഞ്ഞ താളം പുറത്ത് കേള്‍ക്കുന്നുണ്ടായിരുന്നു.
കുളത്തില്‍ നിന്ന് ആണ്‍ തവളയുടെ ഇണയെ തിരഞ്ഞുള്ള കരച്ചില്‍ ഉച്ചസ്ഥായിയായി.
ആ വലിയ വീട്ടില്‍ തനിച്ചാണെന്ന ബോധ്യം അപ്പോഴേക്കും എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.
ഒരു ദീര്‍ഘനിശ്വാസത്താല്‍ ചാരിയിരുന്ന നേരം എന്‍റെ വലം കൈ വിരലുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.
ആ വിരലുകളെന്നെ എന്തോ ഓര്‍മ്മപ്പെടുത്തുന്നത് പോലെ....!
കട്ടിലില്‍ നിന്ന് ഞാന്‍ മെല്ലെ എഴുന്നേറ്റു.
കട്ടിലിനടിയില്‍ വച്ച ടോര്‍ച്ചെടുത്ത് തെളിയുന്നുണ്ടോന്ന് നോക്കി.
വാതില്‍ തുറന്ന് പുറത്തിറങ്ങി. ആ കുളമായിരുന്നെന്‍റെ ലക്ഷ്യം.
ടോര്‍ച്ചടിച്ച് ഞാനവിടം പരതി.
വച്ചിടത്ത് തന്നെ ഉണ്ടായിരുന്നവള്‍.
ഇണയെ വിളിക്കുന്ന ആണ്‍ തവളക്കരികിലേക്ക് അവളിതുവരെ പോയിട്ടില്ല.....!
അവളെന്നെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നിച്ചു.
ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ആ കണ്ണുകള്‍ എന്നെ തുറിച്ച് നോക്കി.
എനിക്ക് അറപ്പും വെറുപ്പും തോന്നിയില്ല.
വിരലുകള്‍ ആ അരക്കെട്ടില്‍ ഒരിക്കല്‍ കൂടി പിടിയമര്‍ത്തി.
ഉയര്‍ത്തിയെടുത്ത് ഞാന്‍ തിരിച്ച് നടന്നു.
കൊലായിലെ വെട്ടത്തില്‍ ഞാനവളെ എന്‍റെ നേരെ പിടിച്ചു . ആ കണ്ണുകള്‍ ഒന്നൂടെ തുറിച്ചെന്നെ നോക്കി.
എന്നെ തിരികെ കൊണ്ടു വരാന്‍ മാത്രമുള്ള എന്ത് മായാജാലമാണ് നീ നിന്‍റെ അരക്കെട്ടില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് ചോദിച്ച് ആ കണ്ണുകളിലേക്ക് ഞാന്‍ മാറി മാറി നോക്കി.....!
എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.....!
ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു , എന്‍റെ ഭൂതകാലമായിരുന്നു.
കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലുകള്‍ കണ്ടു . കുളവും തൊടിയും കണ്ടു. തലയുയര്‍ത്തി നില്‍ക്കുന്ന പടിപ്പുര കണ്ടു , വീട് കണ്ടു. സ്നേഹം മാത്രം തന്ന് വളര്‍ത്തിയ അച്ഛനേയും അമ്മയേയും കണ്ടു.
വലതുകാല്‍ വച്ച് ഈ വീട്ടിലേക്ക് കയറി വന്ന എന്‍റെ ഭാര്യയെ കണ്ടു.
അവളുടെ കുറ്റവും കുറവും നിരത്തി എന്നും കലഹിക്കുന്ന എന്നിലെ ഭര്‍ത്താവിനെ കണ്ടു.
സഹനത്തിന്‍റെ ആള്‍രൂപമായി എന്‍റെ ആട്ടും തുപ്പും സഹിച്ച അവളുടെ വിറങ്ങലിച്ച് പോയ മനസ്സ് കണ്ടു.
എന്‍റെ തൊണ്ടയിടറി. കൈകളയഞ്ഞു.
കൈക്കുള്ളില്‍ നിന്ന് സ്വതന്ത്രയായപ്പോള്‍ ചാടി ചാടി അവളെങ്ങോ പോയ് മറഞ്ഞു.
മഴ കനത്തു തുടങ്ങി.
കൊലായിലേക്ക് കയറി ഞാന്‍ തറയിലിരുന്നു.
തെങ്ങിന്‍ തലപ്പുകള്‍ കാറ്റില്‍ ഉളകിയാടുന്നുണ്ടായിരുന്നു.
നഷ്ടപ്പെടലിന്‍റെ വിങ്ങല്‍ മനസ്സിനെ മദിക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു.
ചുമരില്‍ തൂക്കിയിട്ട അച്ഛന്‍റേയും അമ്മയുടേയും ചിത്രങ്ങള്‍ ഇടി മിന്നലിന്‍റെ ചെറു വെട്ടത്തില്‍ കണ്‍മുന്നിലിങ്ങനെ മിന്നി മാഞ്ഞു.
ഒരു നിമിഷം പോലും ഒറ്റക്കിരിക്കാന്‍ എനിക്കാവുമായിരുന്നില്ല.
ഒറ്റപ്പെടലിന്‍റെ വേദനയെന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി, ചെയ്ത് പോയ തെറ്റുകള്‍ വേട്ടയാടാന്‍ തുടങ്ങിയിട്ടും നാളേറെയായി.
ഇനിയും വൈകിക്കാന്‍ എനിക്കാവുമായിരുന്നില്ല.
മുറ്റത്തേക്കിറങ്ങി കാറിന്‍റെ ഡോര്‍ തുറന്നു.
കാര്‍ മുന്നോട്ടെടുത്തു . ചുവന്ന മണ്ണ് പാകിയ വഴിയിലൂടെ മുന്നോട്ട് നീങ്ങി.
കണ്ണെത്താ ദൂരം പരന്ന് കിടന്ന വയലുകളെല്ലാം ഞാനാണ് മണ്ണിട്ട് തൂര്‍ത്തത് , ഞാനാണവിടെ തേക്കും മാഞ്ചിയവും നട്ടത് , ഞാനാണ് ചിരുതയുടേയും കോരന്‍റേയും കൊയ്ത്തു പാട്ടിന് വിരാമമിട്ടത് , ഞാനാണ് ഈ പ്രകൃതിയെ നശിപ്പിച്ചത് , ഞാനാണ് തവളയ്ക്കും ഒച്ചിനും കിടപ്പാടം ഇല്ലാണ്ടാക്കിയത്.
മരണക്കിടക്കയില്‍ വച്ച് അച്ഛന്‍ പറഞ്ഞിരുന്നു , ആ വയലുകള്‍ വരും തലമുറയ്ക്കായി കരുതി വക്കണമെന്ന് , ആ വയലുകള്‍ മനുഷ്യരുടേത് മാത്രമല്ലെന്ന് , അത് തവളയുടേയും ഒച്ചിന്‍റേതും സര്‍വ്വ ജീവജാലങ്ങളുടേതും കൂടിയാണെന്ന് .
തലതിരിഞ്ഞ ഈ മകനുണ്ടോ അച്ഛന്‍റെ വാക്കിന് വില കല്പിക്കുന്നു.
മരണക്കിടക്കയില്‍ വച്ച് കൊടുത്ത വാക്ക് തെറ്റിക്കാന്‍ മരിച്ചതിന് ഒരാണ്ട് പോലും വേണ്ടി വന്നില്ലെനിക്ക്.
കുത്തഴിഞ്ഞ എന്‍റെ ജീവിതം ശരിയാക്കാന്‍ ഒന്നു കൂടി ചെയ്ത് വച്ചിട്ടാണ് അച്ഛന്‍ പോയത് , കാര്യസ്ഥന്‍ ശങ്കരേട്ടന്‍റെ മോള് നീലാംബരിയെ മോന് വേളി കഴിപ്പിച്ച് കൊടുത്തിട്ടൊരു പരീക്ഷണം.
അച്ഛനത് പറയുമ്പോള്‍ ആനന്ദ കണ്ണീരോടെ കൈ കൂപ്പി നിന്ന ശങ്കരേട്ടന്‍റെ മുഖം ഇന്നും ഓര്‍മ്മയുണ്ട്.
എന്‍റെ മോള്‍ടെ മുജ്ജന്മ സുകൃതം എന്നാണ് ഇടറിയ ശബ്ദത്താല്‍ ശങ്കരേട്ടന്‍ പറഞ്ഞത്.
കെട്ടിയതിന്‍റെ മൂന്നാം നാള്‍ ഉമ്മറത്തിരിക്കുന്നെനിക്ക് മദ്യം ഒഴിച്ച് തരാനായി ഉറക്കെ വിളിച്ചിട്ടും അവളത് കേട്ടില്ല.
നടുമുറ്റത്ത് ഇറ്റിറ്റ് വീഴുന്ന മഴ വെള്ളം നോക്കി ആസ്വദിച്ചിരിക്കുകയായിരുന്നവള്‍.
അന്നായിരുന്നു ആ മുഖത്ത് എന്‍റെ കൈകള്‍ ആദ്യമായി പതിച്ചത്. പിന്നീട് പലയാവര്‍ത്തി.
എന്നിട്ടൊന്നും അവള്‍ കരഞ്ഞില്ല . പക്ഷെ ഒരിക്കല്‍ കരഞ്ഞു , പൊട്ടി പൊട്ടി കരഞ്ഞു , മഴയെ ഒരുപാട് സ്നേഹിച്ച അവളുടെ അടുക്കിവച്ച കവിതകള്‍ ഉന്മാദലഹരിയില്‍ ഞാന്‍ ആ നടുമുറ്റത്ത് പിച്ചി കീറിയിട്ട് കത്തിച്ചപ്പോള്‍.
അവളെന്നെടൊന്നും ആവശ്യപ്പെടാറുണ്ടായിരുന്നില്ല , പക്ഷെ ഒരിക്കലതുണ്ടായി , ഒരു മഴയുള്ള രാത്രിയില്‍ രതിയുടെ അവസാന അപഗ്രഥനത്തിനൊടുവില്‍ ഒരു വേട്ടമൃഗത്തെ പോലെ തളര്‍ന്ന് കിടന്നെന്‍റെ കാതില്‍ ഭയത്തോടെ വന്നവള്‍ ചോദിച്ചു , മുറ്റത്തുള്ള ആ പുളി മരത്തിന്‍റെ ചോട്ടില്‍ കൊണ്ട് പോയി ഈ മഴയത്ത് എന്‍റെ അരക്കെട്ടില്‍ ചേര്‍ത്ത് പിടിച്ച് എന്നെ ഒന്നാ നെഞ്ചില്‍ ചേര്‍ത്ത് നിര്‍ത്തുമോന്ന്.
മറുപടിയായി എന്നില്‍ നിന്ന് വച്ച പുച്ഛ രസം കാരണമാകാം അങ്ങേ തലയ്ക്കല്‍ വിതുമ്പി കരയുന്നത് കേള്‍ക്കേണ്ടി വന്നത്.
പിന്നീടെന്തിനാണ് അവളുടെ കയ്യില്‍ ചുറ്റി പിടിച്ച് ഞാന്‍ ശങ്കരേട്ടന്‍റെ വീട്ടിന്‍റെ ഉമ്മറത്തേക്ക് ഉപേക്ഷിച്ചിട്ട് ഉറക്കെ വിളിച്ച് പറഞ്ഞത് , എനിക്ക് നിങ്ങളുടെ മകളെ വേണ്ടെന്നും , ബന്ധം പറഞ്ഞ് ആരെങ്കിലും ആ പടി കയറി വന്നാല്‍ കാല് വെട്ടി കളയുമെന്നും.
അറിയില്ല . അല്ലെങ്കിലും ഞാനായിരുന്നില്ലല്ലോ ഇതൊന്നും ചെയ്തിരുന്നത് . എന്നെ വിഴുങ്ങിയിരുന്ന ലഹരിയായിരുന്നല്ലോ , എന്നെ ഗ്രസിച്ച അഹന്തയായിരുന്നല്ലോ.
ദിക്കൊട്ട് മുഴങ്ങുമാറുള്ളൊരിടിയാണ് ചിന്തയില്‍ നിന്നെന്നെ ഉണര്‍ത്തിയത്.
ഞാനൊരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ആ ചെമ്മണ്‍ പാത അവസാനിക്കാറായിരിക്കുന്നു.
ഒരിക്കല്‍ മാത്രം ഞാന്‍ കണ്ട ആ വീടും പറമ്പും എനിക്ക് വേഗം തിരിച്ചറിയാനായി. കാറ് ആ വീട് ലക്ഷ്യമാക്കി നീങ്ങി.
കാറിന്‍റെ വെളിച്ചം മുറ്റത്തെത്തിയപ്പോള്‍ അകത്ത് നിന്നൊരു മെല്ലിച്ച രൂപം പുറത്തേക്ക് വന്നു.
ശങ്കരേട്ടനായിരുന്നത്. ഒരുപാട് മാറിയിരിക്കുന്നു ആ മനുഷ്യന്‍.
കാറില്‍ നിന്നിറങ്ങിയ എന്നെ കണ്ടതും വെപ്രാളപ്പെട്ട് നില്‍ക്കുന്നുണ്ടായിരുന്നു.
കൊലായിലെ മൂലയിലിരിപ്പുള്ള കസേരയിലെ പൊടി തട്ടാനായി തോളത്തെ തോര്‍ത്തു മുണ്ടെടുത്തോടുന്നുണ്ടായിരുന്നു.
ഇരിക്കാനായി ക്ഷണിച്ച് ആശങ്കകളോടെ എന്നെ നോക്കി നിന്നു.
ഉമ്മറത്തെ വാതിലിന് പുറകില്‍ ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേള്‍ക്കുന്നുണ്ടായിരുന്നു.
എന്‍റെ മോള്‍ടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ മോനതെല്ലാം പൊറുത്തു തരണം , അവകാശം പറഞ്ഞ് ഒരാളും ആ പടി കയറി വരില്ല എന്നൊക്കെ പറഞ്ഞ് ശങ്കരേട്ടന്‍ കൈ കൂപ്പി വിതുമ്പുന്നുണ്ടായിരുന്നു.
ഇരുന്നിടത്ത് നിന്ന് ഞാനെണീറ്റ് ശങ്കരേട്ടന്‍റെ അരികിലേക്ക് നടന്നു.
ഇടറിയ പാദങ്ങളാല്‍ ഒരടി പുറകിലേക്ക് മാറി നിന്ന ആ കൈകളില്‍ ഞാനെന്‍റെ കൈകളാല്‍ ചേര്‍ത്ത് പിടിച്ചു.
നീലാംബരിയെ കൊണ്ട് പോവാനാണ് ഞാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ആദ്യം കേട്ട തേങ്ങല്‍ ആ വാതില്‍ പടിക്കകത്ത് നിന്നായിരുന്നു.
കൊലുസണിഞ്ഞ രണ്ടു പാദങ്ങള്‍ വാതിലിന്‍റെ മറവില്‍ നിന്ന് മുന്നോട്ട് വരുന്നത് ഞാന്‍ കണ്ടു . ആ തല കുനിഞ്ഞിട്ടുണ്ടായിരുന്നു , ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.
വാക്കുകള്‍ക്ക് പ്രസക്തിയില്ലാത്ത ആ നിമിഷങ്ങളില്‍ ഞാന്‍ കണ്ടു , ആവിടെ കൂടി നിന്ന കണ്ണുകളില്‍ നിന്നെല്ലാം ആനന്ദാശ്രു പൊഴിയുന്നത്.
ആ വലം കൈ പിടിച്ച് ഞാനവളെ കാറിലേക്ക് കയറ്റി.
മഴ കോരി ചൊരിയുന്നുണ്ടായിരുന്നു.
അവള്‍ സന്തോഷിക്കുമ്പോള്‍ മഴക്ക് ആര്‍ത്തലച്ച് പെയ്യാതിരിക്കാനാവുമായിരുന്നില്ലല്ലോ.....!
വന്ന വഴിയെ തിരികെ പോരുമ്പോള്‍ ആ കാറിനകം നിശബ്ദമായിരുന്നു.
ഇടയ്ക്ക് വച്ച് ഞാനവളുടെ കണ്ണിലേക്കൊന്നു നോക്കി.
അവിശ്വസനീയത തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.
വീടിന്‍റെ മുന്നിലെത്തി. വണ്ടി നിര്‍ത്തി. നിശബ്ദതയില്‍ തീര്‍ത്ത ഒരു നിമിഷം കടന്ന് പോയി.
കാറില്‍ നിന്നിറങ്ങിയ എന്നെ വരവേറ്റത് കുളക്കരയില്‍ നിന്നുള്ള ആണ്‍ തവളയുടെ ഇണയെ തേടിയുള്ള ഉച്ചത്തിലുള്ള കരച്ചിലായിരുന്നു.
കുടക്കീഴില്‍ കാറിറങ്ങിയ അവള്‍ കൊലായിലേക്ക് കയറും നേരം ഞാനാ കൈ ചേര്‍ത്തങ്ങ് പിടിച്ചു.
കൊലായിലേക്ക് വച്ച വലം കാല്‍ പതിയെ അവള്‍ തിരികെയെടുത്ത് വച്ചു.
മുഖത്തോട് മുഖം നോക്കി നിന്ന നിമിഷം.
തണുത്ത കാറ്റ് വന്ന് ദേഹമാസകലം മൂടി.
അവളുടെ കയ്യില്‍ നിന്നും കുട പതിയെ താഴെ വീണു.
ഇടിമിന്നലിന്‍റെ വെട്ടത്തില്‍ ആ നെറ്റിയിലെ സിന്ദൂരം ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു.
ആ കരം പിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു. എന്നെ മാത്രം നോക്കി ആശ്ചര്യത്തോടെ അവള്‍ പുറകെയും.
ഞാന്‍ നടത്തം നിര്‍ത്തി.
പുളിമരത്തിന്‍റെ അരികിലെത്തിയിരുന്നു ഞങ്ങള്‍....!
ഞാനവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പുളി മരത്തിലേക്ക് ചാരിയ നേരം അവളൊരു നിമിഷം സ്തംഭിച്ച് നിന്നു.
ഒരു തേങ്ങലോടെ പിന്നെന്‍റെ നെഞ്ചിലേക്ക് വീണവള്‍ പൊട്ടിക്കരയുകയായിരുന്നു.
എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല . പക്ഷെ ഒന്നറിയാം , ആര്‍ത്തലച്ച് പെയ്യുന്ന മഴയോടൊപ്പം അവളുടെ മനസ്സിലെ വേദനകളെല്ലാം അലിഞ്ഞില്ലാതാവുകയായിരുന്നെന്ന്.
നശിപ്പിക്കുകയും വേര്‍പ്പെടുത്തുകയും ചെയ്തിരുന്ന എന്‍റെ കൈകള്‍ അന്നാദ്യമായി ചേര്‍ത്ത് നിര്‍ത്തലിന്‍റെ സുഖമറിഞ്ഞു , സംരക്ഷിക്കലിന്‍റെ ശക്തിയറിഞ്ഞു.
പെണ്ണെന്ന ഈ പ്രകൃതിയുടെ അരക്കെട്ടില്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ അതെന്‍റെ മേല്‍ സ്നേഹ വാത്സല്ല്യമായി ചൊരിഞ്ഞതും ഞാനറിഞ്ഞു.
ഇണ വന്നണഞ്ഞത് കൊണ്ടാവും , കുളത്തില്‍ നിന്നുള്ള ആണ്‍ തവളയുടെ കരച്ചിലപ്പോഴേക്കും നേര്‍ത്ത് നേര്‍ത്ത് ഇല്ലാണ്ടായിരുന്നു.......!
By Magesh Boji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക