നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും അച്ഛനും വെങ്ങര സ്കൂളിലേ കണക്കുടീച്ചറും..

Image may contain: 1 person, standing, beard and outdoor

വെങ്ങര ഹിന്ദു എൽ പി സ്കൂളിൽ അഞ്ചാംതരം ബി ഡിവിഷനിൽ 1st ഈയറിനു പഠിക്കുന്ന കാലം.
ഒന്നാമത്തെ പീരിയഡ് ക്ലാസ് മാഷായ കുഞ്ഞമ്പുമാഷുടെ വിഷയമായ മലയാളം കഴിഞ്ഞു.
രണ്ടാമത്തെ പീരിയഡിന്റെ വിഷയം കണക്കാണ്. ടീച്ചറാണ് കണക്ക് പഠിപ്പിക്കുന്നത്.കണക്കിൽ പണ്ടേ താൽപ്പര്യമില്ലാത്തതുകൊണ്ടു ടീച്ചർ പഠിപ്പിക്കുമ്പോൾ മുഖത്തേക്ക് തന്നെനോക്കിക്കൊണ്ടു കണ്ണുതുറന്നു ഉറങ്ങുകയാണ് പതിവുശീലം.
കണക്കുകൾ തെറ്റിച്ചതിനും ഹോംവർക്ക് ചെയ്യാത്തതിനും ടീച്ചറുടെ കയ്യിൽനിന്നു ദിവസവും തല്ലുവാങ്ങണമെന്നു ക്ലാസ്സിൽ നേർച്ചയുള്ളവരിൽ ഒരാളായിരുന്നു ഞാനും.
(അന്നും ഇന്നും കണക്കുകൂട്ടലുകളിൽ വളരെ പിറകിലാണ്.എങ്ങനെ കൂട്ടിയാലും കിഴിച്ചാലും ഗുണിച്ചാലും ഹരിച്ചാലും അവസാനം ഞാനെന്ന പൂജ്യം മാത്രം ശിഷ്ടം വരുന്നതുകൊണ്ട് കുറച്ചുകാലമായി കണക്കുകൾ നോക്കാതെയാണ് ജീവിതം)
ടീച്ചർ പതിവുപോലെ ക്ലാസ്സിലെത്തി തലേന്നു നൽകിയ ഹോംവർക് പരിശോധിച്ചു.
പിൻവശത്തെ ബഞ്ചിലെ ഞാനടക്കമുള്ള തല്ലിപ്പൊളി തല്ലുകൊള്ളികൾക്ക് ഹോംവർക്ക് തെറ്റിച്ചതിനു മരത്തിന്റെ 30 ഇഞ്ച് നീളമുള്ള സ്കൈൽ ചെരിച്ചുപിടിച്ചുകൊണ്ടു പതിവു നേർച്ച തല്ലും കൊടുത്തശേഷമാണ് ടീച്ചർ ഉസാഘ യോ ലാസാഗു വോ (ഏതാണെന്ന് ഓർമ്മയില്ല)പഠിപ്പിക്കുവാൻ തുടങ്ങിയത്.
കുറച്ചുനേരം അതൊക്കെ പറഞ്ഞുതന്നത്തിൽ പിന്നെയാണ്് എല്ലാവരോടും കണക്കുബൗണ്ട് തുറക്കുവാനും പറയുന്ന നോട്ടെഴുതിയെടുക്കുവാനും ടീച്ചർ ആവശ്യപ്പെട്ടത്......!
നാലാംതരത്തിലേക്ക് പാസായപ്പോൾ വാങ്ങിയ മഷിനിറയ്ക്കുന്ന ഫൗണ്ടേൻ പേനയായിരുന്നു ഞാനപ്പോൾ ഉപയോഗിച്ചുകൊണ്ടിരുന്നത്....!
ആഴ്ചയിൽ രണ്ടു തവണ അഞ്ചുപൈസയ്ക്ക് വീതം മഷി നിറയ്ക്കും.....!
എഴുതുവാൻ ബുദ്ധിമുട്ടുതോന്നുമ്പോൾ പത്തുപൈസ കൊടുത്തു പുതിയ നീബ്ബ് വാങ്ങിയിടും മറ്റൊരു മൈൻന്റെൻസിന്റെയും ആവശ്യമില്ല....!
വെറുതേയിരിക്കുമ്പോൾ നഖം കടിച്ചു തലങ്ങുംവിലങ്ങും തുപ്പുക......!
മാഷ് പഠിപ്പിക്കുമ്പോൾ കടലാസ് പെൻസിലിന്റെ മുനയില്ലാത്ത ഭാഗം കടിച്ചൊതുക്കുക തുടങ്ങിയ നല്ല ശീലങ്ങൾ കാരണം നാലാംതരത്തിൽ തന്നെ കണക്കുമാഷായ ശങ്കരന്മാഷ് പെൻസിൽ ഉപയോഗിക്കുന്നതിനു എനിക്ക് വിലക്കേർപ്പെടുത്തിയിരുന്നു.....!
എന്നിട്ടും വലിയ മെച്ചമൊന്നുമില്ല.....!
ഉപയോഗിച്ചുകൊണ്ടിരുന്ന ഫൗണ്ടേൻ പേനയുടെ രണ്ടറ്റവും കടിച്ചൊതുക്കിയത് കാരണം വവ്വാൽ ചപ്പിയ കശുമാങ്ങ പോലെയുണ്ടായിരുന്നു.....!
ടീച്ചർ പറഞ്ഞുതുടങ്ങിയത് എഴുതിയെടുക്കുന്നതിനിടയിലാണ് പേന തെളിയാതെയാകുവാൻ തുടങ്ങിയത്.......!
പതിയെ ഒന്നു കുടഞ്ഞുനോക്കിയെങ്കിലും തെളിയുന്നില്ല......!
അടുത്തിരിക്കുന്ന മുരളീകൃഷ്ണനെ തോണ്ടി വിളിച്ചുകൊണ്ടു പേനയും കാണിച്ചു ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തൊക്കെയോ എഴുതികൂട്ടുന്നതിനിടയിൽ എന്താണെന്ന അർത്ഥത്തിൽ ഒരു കീരിയെപ്പോലെ അവനെന്റെ മുഖത്തേക്ക് തുറിച്ചുനോക്കികൊണ്ടു പല്ലിളിച്ചു...!
"പെന്നിലെ മഷി തീർന്നു റണ്ടിറ്റ് മഷി കടം തര്വാ നാളെ വാങ്ങീറ്റ് തിരിച്ചുതെരാം...."
കാറ്റിന്റെ ശബ്ദത്തിൽ മടിച്ചുമടിച്ചു പതിയെയാണ് ചോദിച്ചത്.
"ഇന്നലെ വൈന്നേരമല്ലേ നായിന്റമോനെ നിനിക്ക് നാലിറ്റ് മഷി തന്നത്...."
ഇടതു തുടയിൽ ഒരു നുള്ളുതന്നുകൊണ്ടു കൂട്ടിലുള്ള സിംഹത്തെപ്പോലെ അരിശത്തോടെ അവൻ മുരണ്ടു.
"റണ്ടിറ്റ് മതി നാളെ എന്തായാലും തെരും....."
അവനു കേട്ട ഭാവമില്ല..
"നിന്റെ കയ്യിൽ വേറെ പെന്നുണ്ടോ....."
ഇടതുവശത്തിരിക്കുന്ന രാജീവനോടാണ് ഇത്തവണ ചോദിച്ചത്.
പല്ലി ചിലയ്ക്കുന്ന രീതിയിൽ നാക്കിനെക്കൊണ്ടു പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ടു അവനും നിഷേധാർത്ഥത്തിൽ തലങ്ങും വിലങ്ങും തലയാട്ടി......!
"നിന്റെ കയ്യിൽ കടലാസ് പെൻസിലുണ്ടോ...."
മുന്നിലെ ബഞ്ചിലിരിക്കുന്ന ബൈജുവിന്റെ ഷർട്ടിൽ പിടിച്ചുവലിച്ചുചോദിച്ചപ്പോൾ അവനും കൈ മലർത്തി......!
2
പിൻനിരയിൽ ചെറിയ അനക്കവും കുശുകുശുക്കലും കേട്ടതുകൊണ്ടാകണം നോട്ടുപറഞ്ഞുകൊടുക്കുന്നതിനിടയിൽ ടീച്ചറും ഇടംകണ്ണാലെ അങ്ങോട്ട് ശ്രദ്ധിക്കുവൻ തുടങ്ങിയപ്പോഴാണ് എന്റെ തുടയിൽ ഒരിക്കൽ കൂടെ പകയോടെ അമർത്തിനുള്ളിയശേഷം മുരളീകൃഷ്ണൻ അവന്റെ പേന കുടഞ്ഞുകൊണ്ടു രണ്ടിറ്റു നീലമഷി ഡസ്കിലേക്ക് കുടഞ്ഞുതന്നത്.
മഷിയില്ലാത്ത എന്റെ പേനയുടെ നിബ്ബ്‌ മഷിയോട് ചേർത്തു വയ്‌ക്കേണ്ട താമസം.....!
ദാഹിച്ചുവലഞ്ഞ കന്നുകാലി കാടിവെള്ളം കുടിക്കുന്നതുപോലെ പകുതി വരണ്ടുണങ്ങി കിടക്കുന്ന ഡസ്കും ബാക്കി ഗതികെട്ട എന്റെ പേനയും ചേർന്നു നിമിഷനേരംകൊണ്ടു വലിച്ചുകുടിച്ചുതീർത്തു......!
ടീച്ചർ പറയുന്ന നോട്ടുകൾ വീണ്ടും എഴുതിതുടങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞില്ല മഷിയില്ലാത്ത പേന വീണ്ടും പണിമുടക്കി....!
ഇനിയെന്തു ചെയ്യും.......!
നിരാശയോടെ ചുറ്റും നോക്കിയശേഷം പേടിയോടെ ടീച്ചറുടെ മുഖത്തേക്ക് മിഴികൾ പായിച്ചപ്പോൾ ടീച്ചർ എന്റെ ഓരോ നീക്കവും ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായതോടെ വീണ്ടും ഭീതികൂടി....!
അപ്പോഴാണ് ക്ലാസ്സിലെ മുഖ്യഉപദേശിയായിരുന്ന മുരളീകൃഷ്ണൻ എഴു്തുന്നതുപോലെ അഭിനയിക്കുവാൻ കണ്ണുകൾകൊണ്ടു നിർദ്ദേശിച്ചത്....!
അതൊരു നല്ല ഐഡിയ ആണെന്നുതോന്നിയതുകൊണ്ടു മറ്റൊന്നും ആലോചിക്കാതെയും ടീച്ചറുടെ മുഖത്തേക്ക്‌നോക്കാതെയും തലയും താഴ്ത്തിപ്പിടിച്ചുകൊണ്ടു വരയില്ലാത്ത കണക്കുബൗണ്ടിൽ തെളിയാത്ത പേനകൊണ്ടുള്ള എഴുത്തുതുടങ്ങി.....!
വെള്ളത്തിനുമുകളിൽ പെയിന്റടിക്കുന്നത്പോലെ....!
"പ്രദീപ് സ്റ്റാന്റെപ്പ്....."
അഞ്ചുമിനിറ്റ് കഴിഞ്ഞില്ല ഇടിവെട്ടുന്നതുപോലെ് കണക്ക് ടീച്ചറുടെ ശബ്ദം ചെവിയിൽ വന്നലച്ചപ്പോൾ വിറച്ചുപോയി.
അപ്പോഴേക്കും "നോട്ടിങ്....താ....."
എന്നുപറഞ്ഞുകൊണ്ടു ടീച്ചർ എനിക്കുനേരെ കൈ നീട്ടിയിരുന്നു....!
കൊടുക്കുകയല്ലാതെ നിർവാഹമില്ല....!
മഷിവാങ്ങുവാൻ അഞ്ചുപൈസയില്ലാതെപോയ ഗതികേടിനെക്കാൾ അപ്പോഴേന്നെ അലട്ടികൊണ്ടിരുന്നത് കള്ളത്തരം കാണിച്ചതിന്റെ കുറ്റബോധവും പിടിക്കപ്പെട്ടത്തിന്റെ നാണക്കേടുമായിരുന്നു....!
ടീച്ചർ നോട്ടു ബുക്ക് വാങ്ങി ഒന്നേ നോക്കിയുള്ളൂ....
തൂവെള്ള കടലാസിൽ അമർത്തിയെഴുതിയ നിബ്ബിന്റെ അടയാളം മാത്രം....!
അവരുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു.....
കണ്ണുകൾ കലങ്ങി....
"മുട്ടയിൽ നിന്നും നിവരുംമുന്നേ കള്ളത്തരം കാണിക്കുന്നോ ......"എന്നുചോദിച്ചുകൊണ്ടു കയ്യിലുള്ള മരത്തിന്റെ സ്കൈൽ പൊട്ടുന്നതുവരെ തലങ്ങും വിലങ്ങും തല്ലികൊണ്ടേയിരുന്നു.
സ്കൈൽ പൊട്ടിയപ്പോൾ അതും വലിച്ചെറിഞ്ഞുകൊണ്ടു കൈകൾ കൊണ്ടായി പ്രഹരം.
ഓരോ അടി്തരുമ്പോഴും ടീച്ചർ ഒരേയൊരു വാക്കുമാത്രമാണ് ആവർത്തിച്ചുകൊണ്ടിരുന്നത്....
"പെന്നില്ലെങ്കിൽ നിനക്ക് എന്നോട് പറഞ്ഞാൽപോരെ ......
ഇനി ഇതുപോലുള്ള കള്ളത്തരം കാണിക്കുമോ....
കള്ളത്തരം പടിക്കുവാനാണോ സ്കൂളിൽ വരുന്നത്......"
പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതെ.......
ഒരുതുള്ളി കണ്ണീർപോലും വാർക്കാതെ ഓരോ അടിയും അക്ഷോഭ്യനായി നിന്നുകൊണ്ട് ഞാൻ ഏറ്റുവാങ്ങുമ്പോൾ മറ്റുകുട്ടികളൊക്കെ പരിഹസിച്ചു ചിരിക്കുകയായിരുന്നു....!
അടിച്ചുമതിയായശേഷമാണ് ....
"ഇനി നീയെന്റെ ക്ലാസ്സിലിരിക്കേണ്ട ......"എന്നുപറഞ്ഞുകൊണ്ടു ടീച്ചർ ചെവിയിൽ പിടിച്ചുവലിച്ചുകൊണ്ടെന്നെ ക്ലാസ്സിനു വെളിയിലിറക്കി വിട്ടത്....
അപ്പോഴാണ് ആദ്യമായിട്ടെന്റെ കണ്ണുനിറഞ്ഞുപോയതും.....!
അപ്പോഴേക്കും ക്ലാസ്സിലെ പരിഹാസച്ചിരി കൂട്ടച്ചിരിയായി മാറിക്കഴിഞ്ഞിരുന്നു.
എന്നെ വെളിയിൽ നിർത്തിയശേഷം ടീച്ചർ വീണ്ടും ക്ലാസ്സ്‌ തുടങ്ങിയപ്പോഴാണ് ഇങ്ങനെ പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്നു എനിക്കും തോന്നിതുടങ്ങിയത്.....
ഇനി ക്ലാസ്സിൽ കയറിയാൽ തന്നെ ഇത്രയും അടിവാങ്ങിയ ഞാൻ മറ്റുകുട്ടികളുടെ മുഖത്തെങ്ങനെ നോക്കും.....!
അതുമാത്രമല്ല ഈ ടീച്ചറുടെ ക്ലാസിലിരിക്കുവാനും ഞാനിനി തയ്യാറല്ല.....!
തീരുമാനങ്ങളൊക്കെ വളരെപ്പെട്ടെന്ന് ആയിരുന്നു....
ഒരു കൊടുങ്കാറ്റുപോലെ ക്ലാസ്സിലേക്ക് ഓടിക്കയറി പിൻ ബഞ്ചിൽ അനാഥമായി കിടന്നിരുന്ന പുസ്തകകെട്ടുമെടുത്തുകൊണ്ടു അതേ വേഗത്തിൽ തിരിഞ്ഞു നടന്നു.
ടീച്ചർ വെളിയിലിറക്കി പിന്നിൽനിന്നും വിളിക്കുമ്പോഴേക്കും ഞാനെന്ന പത്തുവയസുകാരൻ സ്കൂളിന്റെ പരിധിവിട്ടിരുന്നു......!
ആ നടത്തം അവസാനിച്ചത് മാടായിപ്പാറയുടെ നിഗൂഢതകളിലാണ്.അവിടെയെത്തി ഒരുമാവിന്റെ കൊമ്പിൽ അള്ളിപ്പിടിച്ചു കയറിയിരുന്നു ദാരിദ്യത്തിന്റെ ഗ്തികേടോർത്തു കുറേനേരം കരഞ്ഞു മനസിലെ ഭാരം മുഴുവൻ തീർത്തപ്പോഴാണ് ഉച്ചവരെ കാത്തിരുന്നു ഉപ്പുമാവ് വാങ്ങിയശേഷം ഇറങ്ങിപ്പോയാൽ മതിയായിരുന്നെന്ന പുനർവിചിന്തനമുണ്ടായത്......!
(അന്നായിരിക്കണം ഏതുവേദനകളും പങ്കുവയ്ക്കുവാനുള്ള ഒരു അത്താണിയാണ് മാടായിപ്പാറയെന്നും ഏത് പ്രശ്നങ്ങളും ഏറ്റെടുക്കുവാനും പരിഹാരം നിർദ്ദേശിക്കുവാനുമുള്ള കഴിവുകൾ മടായിപ്പാറയിലെ ജീവനില്ലാത്ത ശിലകൾക്കും അറബിക്കടലും കടന്നു ഏഴിമലയെ തഴുകിയെത്തി മാടായിപ്പാറയിൽ മർമ്മരം തീർക്കുന്ന കാട്ടിനുമുണ്ടെന്നു ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത്.
അന്നുമുതൽ നാട്ടിലുള്ളപ്പോൾ ആരോടു പങ്കുവച്ചാലും ആർക്കും. മനസിലാകാത്ത ചില നൊമ്പാരങ്ങൾ മാടായിപ്പാറയോടാണ് ഞാൻ പങ്കുവയ്‌ക്കുന്നത്......!
മാടായിപ്പാറയിലെ ശിലകൾക്ക്. ജീവനുണ്ടായിരുന്നെങ്കിൽ......
അവയ്ക്കൊരു ഹൃദയമുണ്ടായിരുന്നെങ്കിൽ എന്റെ സങ്കടങ്ങൾ കേട്ടുകൊണ്ട് അവയൊക്കെ എപ്പോഴേ ഉരുകിയൊലിച്ചുപോകുമായയിരുന്നു......!)
അതിനൊരു കാരണവുമുണ്ടായിരുന്നു മൂന്നാംക്ലാസ്സിൽ പഠിക്കുന്ന അനിയനും എനിക്കും ഉപ്പുമാവ് കിട്ടുമെങ്കിലും ഒരാളുടേത് മാത്രം രണ്ടുപേരും പങ്കിട്ടുകഴിച്ചശേഷം മറ്റെയാളുടേത് അച്ഛനും അമ്മയ്ക്കും വേണ്ടി വീട്ടിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.....!
അങ്ങനെ പറഞ്ഞാണ് കൊണ്ടുപോകുന്നതെങ്കിലും തേങ്ങയൊക്കെ ചേർത്തു ഒന്നുകൂടി വേവിച്ചു വറവുചേർത്തുകൊണ്ടു വൈകുന്നേരത്തെ ചായയുടെ പലഹാരമായി അമ്മയതുതന്നെയാണ് ഞങ്ങൾക്ക് നൽകിയിരുന്നത്..
അന്ന് ഉച്ചയ്ക്കുള്ള ബാങ്ക് വിളികേട്ടയുടനെ മാടായിപ്പാറയുടെ കുന്നിറങ്ങി സാധാരണ സമയത്തു വീട്ടിലെത്തി കഞ്ഞികുടിച്ചു.....!
ഉച്ചകഴിഞ്ഞുള്ള സമയം കുറവായതുകൊണ്ടു പുസ്തകങ്ങൾ അനിയനെയേല്പിച്ചുകൊണ്ടു നേരെ പോയത് വെങ്ങര മുക്കിലേക്കായിരുന്നു.
അവിടെയുള്ള നിരപ്പലകയിട്ട അമ്പുനായരുടെ ടൈലറിങ് ഷോപ്പായിരുന്നു ക്യാമ്പായി തെരഞ്ഞെടുത്തത്.
അവിടെയാകുമ്പോൾ പരിചയക്കാർ ആരെങ്കിലും വരുന്നത് ദൂരെനിന്നും കാണാം അടുത്തെത്തുമ്പോൾ മൂത്രമൊഴിക്കാനെന്നപോലെ കടയുടെ പിറകുവശത്തെക്കു പതിയെ വലിയുവാനും പറ്റും.
അല്ലാത്ത സമയങ്ങളിൽ തയ്യൽ മെഷ്യന്റെ കടകടാ ശബ്ദത്തോടൊപ്പം അമ്പുനായരുടെയും ചെങ്ങായിമാരുടെയും കഥകൾ കേൾക്കാം....
കടവറാന്തയുടെ മൂലയിലിരുന്നു കുടനന്നാക്കുന്ന രമേട്ടന്റെ അടുത്തിരുന്നാൽ കുടയുടെ റിപ്പയറിങ്ങും പഠിക്കാം ഒരുപാട് തെയ്യങ്ങളുടെയും പ്രേതങ്ങളുടെയും യക്ഷികളുടെയും കഥകളും പറഞ്ഞുതരും തുടങ്ങിയ ഒരുപാട് ഗുണങ്ങൾ ആ നിരപ്പലകയിട്ട കട വരാന്തയ്ക്ക് ഉണ്ടായിരുന്നു.
ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു......
കൃത്യമായി സ്കൂളിലേക്കെന്നു പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നിറങ്ങിയും കൃത്യസമയം തിരിച്ചെത്തിയും ഒന്നും രണ്ടും ദിവസമല്ല നാലാഴ്ചയാണ് അങ്ങനെ ഉച്ചയ്ക്കുള്ള ബാങ്ക് വിളികേൾക്കുന്നതുവരെ മാടായിപ്പാറയിലും ഉച്ചയ്ക്കശേഷമുള്ള ബാങ്ക് വിളിവരെ അമ്പുനായരുടെ കടവരാന്തയിലുമായി ഒളിച്ചുനടന്നത്....!
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ രാമേട്ടനു കുടതുന്നുന്നതിനുവേണ്ടി സൂചിയിൽ നൂൽകോർത്തുകൊടുക്കുന്നതിനിടയിലാണ് കണ്ണട മൂക്കിൻതുമ്പത്തേക്ക് താഴ്ത്തിക്കൊണ്ടു അമ്പുനായരുടെ അപ്രതീക്ഷിത ചോദ്യമുണ്ടായത്....
"അല്ല വാല്യക്കാരാ....നിനിക്ക് സ്കൂളിലൊന്നും പോണ്ടേ.......
കൊറേ ദിവസായല്ലോ ഈട്ന്ന് ചുറ്റി കറങ്ങ്ന്ന് .....
ആ വയലപ്ര മോട്ടക്ക്ന്ന് ഇത്രേം നടന്നിറ്റ് നീയെന്തിനാ ഈടാ വെര്ന്ന്....."
അത്തരമൊരു ചോദ്യം എപ്പോഴായാലും ഉണ്ടാകുമെന്ന് അറിയുന്നതുകൊണ്ടു മറുപടിയും മുന്നേ മനസിൽ കരുതിയിരുന്നു.
" എനക്ക് മഞ്ഞപ്പിത്തൂണ്ട്.....അതുകൊണ്ട് സ്കൂളിൽ പോണ്ടെന്നു പറഞ്ഞിന്.....
വീട്ടിലാരും ഇല്ലാതോണ്ടാന്ന് ഈടവന്ന് നിക്കുന്നത്...."
"അയ്യോ....പാവം....മഞ്ഞപ്പിത്തം ഇണ്ടെങ്കിൽ തീരെ വെയിലുകൊള്ളാൻ പാടില്ല....
നീയാ സ്റ്റൂളിന്റെമേല ഇരുന്നോ...."
അദ്ദേഹത്തിനു ഭയങ്കര സഹതാപം തോന്നിയിരിക്കണം.
അപ്പോൾ അവരുടെ പഴയ ഓടിട്ട വീടുപൊളിച്ചുമാറ്റി പുതിയ കോണ്ക്രീറ്റ് വീടിന്റെ പണി നടക്കുന്ന സമയാമായിരുന്നു അതുകൊണ്ട് പിറ്റേന്നു മുതൽ പണിക്കാർക്കുകൊണ്ടുവരുന്ന ചായയിൽ വൈകുന്നേരത്തെ ഓരോഹരി എനിക്കും കിട്ടിത്തുടങ്ങി.....!
മൂന്നാഴ്‌ച കഴിഞ്ഞശേഷം ഒരുദിവസം വൈകുന്നേരം അച്ഛൻ കള്ളുഷാപ്പിൽ നിന്നും മടങ്ങുമ്പോഴാണ് അമ്പുനായർ അച്ഛനോട് ചോദിച്ചത്......
"അല്ലെടോ കണ്ണാ.....
മഞ്ഞപ്പിത്തൂള്ള നിന്റെ മോനയെന്തിനാ സ്കൂളിൽപ്പോലും പറഞ്ഞയക്കാണ്ട് വെയിലുകൊള്ളിച്ചു അങ്ങോട്ടുമിങ്ങോട്ടുമിങ്ങാന നടത്തിക്കുന്നത്......
ഓനിപ്പം രണ്ടുമൂന്നായ്ചയായി എന്റെ പീടിയേന്റെ എറയത്ത് തന്ന്യാന്നല്ലാ....
ഓന വീട്ടില് നിർത്തിയാ പോരെ....
പാവം അയിന്റെ മുഖം കാണുമ്പോ വെഷമം തോന്നുന്ന്....."
അച്ഛൻ ഞെട്ടിപ്പോയി......!
ഞാനറിയാതെ എന്റെ മോന് മഞ്ഞപ്പിത്തമോ....!
"അയ്യോന്റെ അമ്പുവേട്ട......
നിങ്ങക്ക് ആള് തെറ്റിയതായിരിക്കും....
ഓന് മഞ്ഞപ്പിത്തം വന്നുമാറീറ്റ് ഒരു കൊല്ലം കയിഞ്ഞു ഓനിപ്പം സ്കൂളിപ്പോലുണ്ടല്ലോ....."
മകനെ അത്രയും വിശ്വാസമുള്ള അച്ഛൻ അതു നിഷേധിച്ചു.
"അല്ലടാ....കണ്ണാ......
നിന്റെ മോൻ തന്നെയാ....
ഓനയെന്താ എനക്കറിയൂലെ...."
കുട തുന്നിക്കൊണ്ടിരുന്ന രാമേട്ടനാണ് ഉറപ്പിച്ചു പറഞ്ഞത്.
വെങ്ങര പടിഞ്ഞാറു ഭാഗത്തുള്ള അച്ഛന്റെ തറവാട് വീടിനടുത്തു താമസിക്കുന്ന അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞപ്പോൾ അച്ഛന് എന്തോ പന്തികേട് തോന്നിയിരിക്കണം.
"എന്നാലും ഓനങ്ങനെ ചെയ്യോ.....
വീട്ടില് മിണ്ടാപ്പൂച്ചയാന്ന് പോരാഞ്ഞിറ്റ് ചെറുതും ആട തന്ന്യാ പടിക്ക്ന്നത് അങ്ങനെയാന്നെങ്കിൽ ഓൻ വീട്ടിൽ പറയൂലെ....."
അച്ഛന് വീണ്ടും സംശയം.....!
"അയിന് അവര് ഏട്ടനും അനിയനും ഒത്താപ്പോരെ കണ്ണാ......
തംശയിച്ചു നിക്കണ്ടാ നീയൊരു കാര്യം ചെയ്യു...
ഇപ്പം വീട്ടിൽപ്പോയാൽ ഒന്നും അറിഞ്ഞതായി നടിക്കോ ചോയ്ക്കൂം പറയൂം ഒന്നും വേണ്ട.....
കുഞ്ഞമ്പു മാഷ് നിന്ന പഠിപ്പിച്ച മാഷും കൂടെയല്ലേ രാവിലെപ്പോയി മാഷേ കണ്ടുനോക്കൂ ....
എന്നിറ്റ് ഓറെന്നാ പറയിന്ന് എന്നുനോക്ക്....."
അമ്പുനായരാണ് അങ്ങനെ ആശ്വസിപ്പിച്ചത്.
അന്നുരാത്രിയിൽ വീട്ടിലെത്തിയിട്ടും അച്ഛൻ അമ്മയോടടക്കം ആരോടും അധികമൊന്നും സംസാരിച്ചിരുന്നില്ല.....
സാധുബീഡിയും പുകച്ചു ദീർഘനിശ്വാസമുതിർത്തുകൊണ്ടു ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടോ എന്നൊരു സംശയം തോന്നിയിരുന്നു.
ചോറുപോലും കഴിക്കാതെയാണ് അച്ഛനന്ന് ഉറങ്ങിയത്.രാവിലെ എഴുന്നേറ്റ് അമ്മയോടുപോലും ഒന്നും പറയാതെ എങ്ങോട്ടോ പോകുന്നതും കണ്ടു.
പതിവുള്ള ഒളിച്ചു കളിക്കുപോകുവാനായി കുളിക്കുവാൻ തുവർത്തുമെടുത്തുകൊണ്ടു ധൃതിയിൽ കിണറിന്റെ കരയിലേക്ക് നടക്കുമ്പോഴാണ് ഓടിയടുക്കുന്നതുപോലെ കയ്യിലൊരു ചീമക്കൊന്ന കമ്പുമായി അച്ഛനും കിണറിനടുത്തേക്ക് വരുന്നത് കണ്ടത്.....!
ഓടി മറയുവാനൊന്നും സമയം കിട്ടിയില്ല......
ഓടണമെന്നു ആലോചിക്കുമ്പോഴേക്കും അച്ഛൻ പിടികൂടിയിരുന്നു.....
പിടികൂടിയയുടനെ കയ്യിലുണ്ടായിരുന്ന തുവർത്തു പിടിച്ചുവാങ്ങി അതുക്കൊണ്ടു കൈകൾരണ്ടും പിറകുവശത്തെക്കു പിടിച്ചുകെട്ടി.....
കയ്യിലുള്ള വടി ഒടിഞ്ഞു നുറുങ്ങുന്നതുവരെ തലങ്ങുംവിലങ്ങും അടിയോടടിയായിരുന്നു......!
"നിങ്ങൾക്ക് പ്രാന്തായോ ......"
എന്നു ചോദിച്ചുകൊണ്ട് പിടിച്ചുമാറ്റുവാനെത്തിയ അമ്മയ്ക്കും അതേ വടികൊണ്ടുതന്നെ കണക്കിനു കിട്ടി......
"മുട്ടയിൽ നിന്നും വളരുന്നതിനു മുന്നേ ഇത്രയും വലിയ തട്ടിപ്പു കളിക്കുന്ന ഇവൻ വളർന്നുവന്നാൽ ലോകം വെച്ചേക്കില്ല......"
എന്നു തൊണ്ടയിടറി പറഞ്ഞുക്കൊണ്ടായിരുന്നു ഓരോ അടിയും.......
കയ്യും കാലും ദേഹവും മുഴുവൻ തിണർത്തു പൊങ്ങി ചോരപ്പാടുകൾ വീണിട്ടും അച്ഛന്റെ സങ്കടവും അരിശവും അടങ്ങിയില്ല.
കിണറിന്റെ കരയിൽ നിന്നും പിന്നെയും വലിച്ചിഴച്ചുകൊണ്ടുപോയി ഇറയത്തു കിടത്തി ഓടി അകത്തെക്കുപോയി കറിക്ക് അരച്ചുവച്ചിരുന്ന മുളകെടുത്തു അതുകൊണ്ടു എന്റെ കണ്ണിൽ മഷിയെഴുതി......
പുകഞ്ഞു നീറിപ്പിടയുന്ന എന്നെയവിടെ വിട്ടുകൊണ്ടു "കള്ളനു ചൂട്ടുപിടിക്കുന്നവനെന്നു പറഞ്ഞു അനിയനെയും കൈകൊണ്ടു പൊതിരെ തല്ലിയനുശേഷമാണ് അച്ഛൻ രോഷവും സങ്കടവുമടങ്ങി ശാന്തനായത്.
പക്ഷെ അച്ഛനപ്പോഴും കരഞ്ഞുകൊണ്ട് പിറുപിറുക്കുന്നുണ്ടായിരുന്നു....
"കല്ലിനും പാറയ്ക്കും വീണുകൊണ്ടു വെയിലും മഴയുംകൊണ്ടു നയിച്ചു ......
ഞാനിവനെ ചോറുകൊടുത്തു വളർത്തുന്നത് നുണ പറഞ്ഞും കള്ളത്തരം കാണിച്ചും പടിക്കാനല്ല.....
കണ്ണുകൾ നീറിയും വേദാനകൊണ്ടുപുളഞ്ഞും അമ്മയെയും വാല്യമ്മയെയും സഹായത്തിനു വിളിച്ചു വാവിട്ടുകരയുമ്പോഴും ഞാനോർത്തുകൊണ്ടിരുന്നത് എന്നെയിങ്ങനെ കണ്ണിൽചോരയില്ലാതെ തല്ലുമ്പോഴും അച്ഛനെന്തിനാണ് കരയുന്നതെന്നായിരുന്നു.....!
അപ്പോഴേക്കും അമ്മയും വല്യമ്മയുമൊക്കെ ഓടിയെത്തി എന്നെപ്പിടിച്ചു കിണറിന്റെ കരയിലേക്കുകൊണ്ടുപോയി മുഖം കഴുകിച്ചു കുളിപ്പിച്ചു തുടങ്ങിയിരുന്നു.
അന്നത്തെ ദിവസം അച്ഛൻ തന്നെയാണ് സ്കൂളിൽ കൊണ്ടുവിട്ടിരുന്നത്......
കവിളിൽ വിരൽപ്പാടുകളും കൈതണ്ടകകളിലും കാൽ വണ്ണകളിലും പുറത്തും നിറയെ വടികൊണ്ടുള്ള അടിയേറ്റ ചുവന്നു തിണർത്ത പാടുകളുമായി അച്ഛന്റെ പിന്നാലെ എങ്ങലടിച്ചും കണ്ണുകൾ തുടച്ചും നീങ്ങുമ്പോൾ ആ പത്തുവയസുകാരൻ പിന്നെയും പിന്നെയും തന്റെ ജന്മത്തെ ശപിച്ചുകൊണ്ടേയിരുന്നു.....!
വഴിയരികിലെ കിട്ടേട്ടന്റെ കടയിൽനിന്നും അച്ഛൻ സ്നേഹപൂർവ്വം വാങ്ങിനല്കിയ മിട്ടായി അവനു തിന്നുവൻ തോന്നിയില്ല.....!
അച്ഛൻ നോക്കിനിൽക്കെ അവനത് തോട്ടിലേക്ക് വലിച്ചെറിഞ്ഞു......!
അച്ഛൻ എന്നെയും കൊണ്ടു നേരെപോയത് എന്റെ ക്ലാസിലേക്ക് തന്നെയായിരുന്നു.....
ടീച്ചറെ പുല്ലുവിലകൽപ്പിച്ചുകൊണ്ട് സ്കൂളിൽ നിന്നും ഇറങ്ങിപ്പോയതുകാരണം ക്ലാസ്സിലെ മറ്റുള്ളവരുടെയൊക്കെ കൊച്ചുമനസുകളിൽ അപ്പോഴേക്കും എനിക്കൊരു ഹീറോയുടെ പരിവേഷം ലഭിച്ചതുകൊണ്ടു കൂട്ടുകാരൊക്കെ ആർപ്പുവിളികളോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.....!
ചിലരൊക്കെ വീരാരാധനയുടെ നക്ഷത്രകണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
3
അവരോടെല്ലാം അച്ഛനൊന്നേ പറയുവാനുണ്ടായിരുന്നുള്ളൂ.....
"ഇവനെ കളിയാക്കരുത് ......
ആരെങ്കിലും കളിയാക്കിയാൽ ഞാൻ പോലീസിനെ വിളിക്കും അവർ വന്നു പിടിച്ചുകൊണ്ടുപോകും പറഞ്ഞേക്കാം....."
എല്ലാവരും സമ്മതഭാവത്തിൽ പേടിയോടെ തലകുലുക്കി സമ്മതിച്ചപ്പോൾ എനിക്കു പകുതി സമാധാനമായി.
പിന്നീട് പോയത് ഓഫീസുമുറിയിലേക്കായിരുന്നു.
അവിടെയിരുന്നു എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന അച്ഛന്റെയും അധ്യാപകനായിരുന്ന ഹെഡ്മാസ്റ്റർ കുഞ്ഞമ്പുമാഷ് ഞങ്ങളെ കണ്ടയുടനെ കണ്ണടയൂരി മേശപ്പുറത്ത് വച്ചുകൊണ്ടു എന്നെ രൂക്ഷമായൊന്നു നോക്കി.
"ബ....ബ.... ബ.....ഓ പെരുങ്കള്ളൻ വന്നോ....."
അല്പം വിക്കുള്ള ക്ലാസ് ടീച്ചർ കൂടെയായ ഹെഡ്മാസ്റ്റർ അങ്ങനെ ചോദിച്ചുകൊണ്ടാണ് ഞങ്ങളെ സ്വീകരിച്ചത്.
"പോട്ടേ മാഷേ.....
ഒന്നും പറയേണ്ട
ഇനിയങ്ങനെയോന്നുമുണ്ടാകില്ല.....
എന്തോ സമയദോഷമാണ് പിന്നെന്തു പറയാനാണ്....."
അച്ഛൻ താഴ്മയോടെ അപേക്ഷിച്ചു കൊണ്ടു മാഷുടെ മുഖത്തേക്ക് നോക്കി.
"ങും .....ഒന്നും പറയുന്നില്ല പക്ഷേ ഒരുമാസത്തോളം അറ്റൻഡൻസ് ഇല്ലാത്തതുകൊണ്ട് ഈ വർഷം എങ്ങനെ പഠിച്ചാലും പാസാക്കുവാൻ പറ്റില്ല......
അടുത്ത വർഷവും അഞ്ചിൽ തന്നെ ഇരിക്കേണ്ടിവരും....."
കണ്ണട തുടച്ചുകൊണ്ടു മാഷങ്ങനെ പറഞ്ഞപ്പോൾ അച്ഛൻ സമ്മതഭാവത്തിൽ തലയാട്ടി.
"എങ്ങനെയെങ്കിലും പത്താംതരം വരെയെങ്കിലും പഠിപ്പിച്ചു പട്ടാളത്തിലോ പോലീസിലോ ചേർക്കണം എനിക്ക് അത്രയേ ആശയുള്ളൂ....
ഞാൻ കാഷ്ടപ്പെടുന്നതുപോലെ കൈക്കോട്ട് പണിയെടുത്തുകൊണ്ടു ഇവരും കഷ്ടപ്പെടരുത്.....
എന്നാൽ ഞാനിറങ്ങട്ടെ മാഷേ....
മറ്റുള്ള മാഷന്മാരോടും ടീച്ചർമാരോടും കുട്ടികളോടും ഓന കളിയാക്കുവാനോ മറ്റൊന്നും പറയാനോ പറയണം മാഷേ....."
തൊണ്ടയിടറികൊണ്ടു അങ്ങനെ പറഞ്ഞശേഷം എന്നെ അവിടെതന്നെയിരുത്തി ഉടുത്തിരുന്ന ലുങ്കിയുടെ കോന്തല ഉയർത്തി കണ്ണുതുടച്ചു ഓഫീസുമുറിയുടെ പടിയിറങ്ങുന്ന അച്ഛന്റെ രൂപം 34 വര്ഷങ്ങൾക്കുശേഷവും എന്റെ കണ്മുന്നിൽ ജീവനോടെയുണ്ട്.
മണിയടിച്ചപ്പോൾ മാഷുടെകൂടെ ക്ലാസ്സിലെത്തി ക്ലാസ്സിലെത്തി അസംബ്ലിയിൽ വരിവരിയായി നിൽക്കുന്നതിനിടയിൽ പുറത്തേക്ക് നോക്കിയപ്പോൾ ഒരു വഴിപോക്കനെപ്പോലെ അച്ഛൻ അതിലൂടെ ഒരു തവണ പോകുന്നതു കണ്ടു.....!
ക്ലാസ് തുടങ്ങി കുറച്ചുകഴിഞ്ഞു ജനലിലൂടെ നോക്കിയപ്പോഴും അച്ഛൻ അതിലൂടെ പോകുന്നുണ്ടായിരുന്നു.....!
മൂന്നാമത്തെ പിരീഡായിരുന്നു കണക്ക്....
ടീച്ചറെ അഭിമുഖീകരിക്കുവാൻ വല്ലാത്ത പ്രയാസം തോന്നി.....
അതിനെക്കുറിച്ചോർത്തു വ്യാകുലപ്പെട്ടിരിക്കുമ്പോഴാണ് 3 ബി യിലെ ആരോ വന്നുകൊണ്ട് ടീച്ചർ വിളിക്കുന്നു എന്നറിയിച്ചത്......
മറ്റുക്ലാസ്സുകളിലെ അധ്യാപകരെയും കുട്ടികളെയും അഭിമുഖീകരിക്കുവാൻ മടിയായതുകൊണ്ടു ക്ലാസ്സിനുവെളിയിലൂടെ തൊട്ടടുത്ത കെട്ടിടത്തിലുള്ള 3 ബി യിലേക്ക് വിറയ്ക്കുന്ന കാലടികളോടെ അവന്റെ പിന്നാലെ നടക്കുമ്പോൾ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ മനസിൽ വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
പക്ഷെ......
എന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ടു മൂന്നാംതരം A യുടെ വാതിൽക്കൽ തന്നെ ടീച്ചർ ഞങ്ങളെയും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു..
എന്നെ കണ്ടയുടനെ അവർ ഉറക്കെച്ചിരിച്ചുകൊണ്ടു അടുത്തേക്ക് വന്നു "എന്താ കുട്ടീ.....നീ കാണിച്ചുകൂട്ടിയത്..... ""യെന്ന് ചോദിച്ചു എന്റെ കൈയിൽ പിടിച്ചുകൊണ്ടു സാധാരണ ടീച്ചർമാർ വിശ്രമിക്കുന്ന 3എ യുടെ മൂലയിലേക്ക് കൊണ്ടുപോയി.അവിടെ മറ്റുള്ള ടീച്ചർമാരെ കൂടെ കണ്ടപ്പോൾ ഞാൻ ലജ്ജകൊണ്ടും കുറ്റബോധംകൊണ്ടും ചൂളിപ്പോയി....!
"നീ പഠിക്കാത്തതുകൊണ്ടും കള്ളത്തരം കാണിച്ചതുകൊണ്ടുമല്ലേ ടീച്ചർ തല്ലിയത്.....
അതിനു ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകുവാനൊക്കെ പാടുണ്ടോ....
അതൊക്കെ മോശമല്ലേ......"
വാത്സല്യത്തോടെ ടീച്ചർമാരുടെ അടുത്തുള്ള ബഞ്ചിൽ പിടിച്ചിരുത്തിയാണ് ടീച്ചറുടെ ഉപദേശം.....!
എന്തോ അപകർഷതയിൽ അധ്യാപകരോടൊക്കെ അകലം പാലിക്കുന്ന എനിക്കതൊക്കെ പുതിയൊരു അനുഭവമായിരുന്നു.....!
"നോക്ക് .....എനിക്കിപ്പോൾ ഈ സ്കൂളിൽ ഏറ്റവും ഇഷ്ടമുള്ള കുട്ടി നീയാണ് കോട്ടോ .....
ഇനി നമുക്ക് നല്ലപോലെ പഠിക്കണം....
എന്നിട്ട് അച്ഛന്റെ പ്രതീക്ഷയ്ക്കൊത്തു വളരണം..."
ചുമലിൽ തട്ടിക്കൊണ്ടു ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ കുറ്റബോധം കൊണ്ടു എന്റെ കണ്ണുകളിൽ കണ്ണീർപാടകൾ കെട്ടിയിരുന്നു....!
"നിന്നെ ഇവിടെയിരുത്തുവാൻ അച്ഛന് തീരെ സമാധാനമില്ല .....
അച്ഛൻ അപ്പുറം നിൽക്കുന്നുണ്ട് .....
അവർ പറയുന്നത് നിന്നെ ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുപോയി നാളെ അയക്കാം എന്നാണ്...
നീ ഇപ്പോൾ അച്ഛന്റെ കൂടെ പോകുന്നോ...."
ടീച്ചർ അങ്ങനെ ചോദിച്ചപ്പോഴാണ് ഞാൻ ഞെട്ടിപ്പോയത്.....!
അച്ഛൻ ഇതുവരെ പോയില്ലേ ഇവിടെ ചുറ്റികറങ്ങുകയാണോ.....!
"ഇപ്പോൾ അച്ഛന്റെ കൂടെ പോകേണ്ട കേട്ടോ നമുക്കിവിടെയിരുന്നു അതുപോരെ......"
സ്നേഹത്തോടെയുള്ള ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് വീട്ടിലുള്ള അമ്മയെ ഓർമ്മ വന്നുപോയി.....!
അമ്മയുടെ അടുത്തിരിക്കുന്ന സുരക്ഷിതത്വവും...!
ചോദ്യത്തെ എനിക്കു നിഷേധിക്കുവാൻ തോന്നിയില്ല.....!
അതുകൊണ്ട് സമ്മതത്തിൽ തലയാട്ടി.
"എന്നാൽ അച്ഛനോട് വരുന്നില്ലെന്നു പറഞ്ഞിട്ടുവാ എന്നിട്ട് നമുക്ക് ക്ലാസ്സിലേക്ക് പോകാം...."
പുറത്തിറങ്ങി നോക്കുമ്പോൾ ഓഫീസുമുറിക്കടുത്ത ആകാശമുല്ല ചോട്ടിൽ അച്ഛൻ നിൽക്കുണ്ടായിരുന്നു...!
അവിടെയിറങ്ങി അച്ഛനോട് ഇപ്പോൾ വരുന്നില്ലെന്നു പറഞ്ഞപ്പോൾ കൈകൾകൊണ്ടു മുടിയൊക്കെ മാടിയൊതുക്കിത്തന്നശേഷമാണ് മടങ്ങിയത്.
ഉച്ചഭക്ഷണം കഴിക്കുവാൻ വീട്ടിൽപ്പോയപ്പോഴും "ഇന്ന് പോകുന്നില്ലെങ്കിൽ പോകേണ്ട നാളെ പോയാൽമതിയെന്നു അച്ഛൻ പറഞ്ഞെങ്കിലും ഉച്ചയ്ക്കശേഷവും കണക്കിന്റെ പീരിയഡ് ഉള്ളതുകൊണ്ട് പോകാതിരിക്കുവാൻ തോന്നിയില്ല.
എന്നെയും അനിയനെയും സന്തോഷിപ്പിക്കുവാനും അച്ഛന്റെ കുറ്റബോധം തീർക്കാനുമൊക്കെ അന്ന് രാത്രിയിൽ പലഹാരങ്ങളും പായസവും അത്താഴത്തിനു രണ്ടുകൂട്ടം കറിയുമൊക്കെയുണ്ടായിരുന്നു.
എല്ലാം മൂക്കുമുട്ടെ കഴിച്ചതുകൊണ്ടും അടികൊണ്ട വേദനയും അലറി കരഞ്ഞതിന്റെ ക്ഷീണവുമൊക്കെയായി വേഗം ഉറങ്ങിപ്പോയിരുന്നു.
പാതിരാത്രിയിൽ ആരോ തടവുന്നതുപോലെ തോന്നിയപ്പോഴാണ് ഉറക്കം ഞെട്ടിയത്.
പതിയെ കണ്ണുതുറന്നു നോക്കുമ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ടു അച്ഛൻ കത്തിച്ചുപിടിച്ച മണ്ണെണ്ണ വിളക്കുമായി അടികൊണ്ടു തിണർത്തു പൊങ്ങിയ ഭാഗങ്ങളിൽ വെളിച്ചെണ്ണ പുരട്ടിതരികയായിരുന്നു.
അതുകണ്ടതും അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിതുടങ്ങി....!
അച്ഛൻ കാണാതിരിക്കുവാൻ ഉറക്കത്തിലെന്നപോലെ ഞാൻ കമിഴ്ന്നു കിടന്നു.
ഇതാണ് ഇതുമാത്രമാണ് അച്ഛൻ.....
അത്രയും പറയുവാനാണ് നിങ്ങളെയൊക്കെ മടുപ്പിച്ചുകൊണ്ടു എന്റെ അനുഭവം തന്നെ ഞാനിങ്ങനെ നീട്ടിവലിച്ചെഴുതിയത്.
ഫിഫ്ത്തിൽ 2nd ഈയർ പഠിക്കേണ്ടിവന്നെങ്കിലും എന്റെ പ്രീയപ്പെട്ട കണക്കു ടീച്ചർക്ക് പിന്നീടൊരിക്കലും എനിക്കുനേരെ നേരെ വടിയുയർത്തേണ്ടി വന്നില്ല.....
എന്റെ ആഗ്രഹം പോലെതന്നെ എന്റെ രണ്ടുമക്കളെ 5 വർഷം വീതവും ഒരാളെ 2 വർഷവും അതേ ടീച്ചറുടെ ശിഷ്യണത്തിൽ അതേ സ്കൂളിൽ പഠിപ്പിക്കുവാൻ പറ്റിയത് എന്റെയും മക്കളുടെയും അനുഗ്രഹമായും ഞാൻ കരുതുന്നു.
അതുപോലെ ടീച്ചറുടെ യാത്രയയപ്പ് ദിവസം മക്കളെയും കൂട്ടിപ്പോയി അനുഗ്രഹം വാങ്ങുവാൻ സാധിച്ചത് വലിയൊരു ഭാഗ്യമായും കാണുന്നു.
കൗമാരത്തിന്റെ അവസാന ഘട്ടത്തിലും യൗവനത്തിന്റ ആരംഭത്തിലുമൊക്കെയായി അച്ഛന്റെ അവസനകാലംവരെ എന്റെ ചില ശരികൾ അച്ഛന്റെ തെറ്റായും....
അച്ഛന്റെ ചില തെറ്റുകൾ എനിക്കു ശരിയായും തോന്നിയതുകൊണ്ടു ഞങ്ങൾ ചിലപ്പോഴൊക്കെ ആടുതോമായും ചാക്കോ മാഷുമായി മാറിയിട്ടുണ്ടെങ്കിലും അച്ഛന്റെ വിലക്ക് ലംഘിച്ചുകൊണ്ടു ഞാനെന്തെങ്കിലും ചെയ്യുകയോ.....
ആദ്യം എതിർക്കുമെങ്കിലും പ്രണയവും വിവാഹവുമടക്കം എന്റെ ഇഷ്ടങ്ങളെല്ലാം സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റിക്കൊണ്ട് നിറഞ്ഞമനസോടെ അച്ഛൻ നടത്തിതന്നിട്ടുമുണ്ട്.
By
Chathoth Pradeep Vengara Kannur

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot