Slider

സ്നേഹം

0
"പനിയൊക്കെ മാറിയോ മാളു... ?"
"പനിയൊക്കെ മാറിയെടി പുള്ളേ.."
ങേ.. !
ഇത്തിരിയോളം പോന്ന അഞ്ചുവയസുകാരി എന്നെ എടി പുള്ളേ എന്ന്‌ വിളിക്കുന്നോ.. ? എന്റെ ഭർത്താവുപോലും ഇത്ര ലാഘവത്തോടെ എടി.. എന്ന്‌ വിളിച്ചിട്ടില്ല.. അപ്പോഴാ ഒരു നരന്ത് പെണ്ണ്.. ഹും.. !
ഹഹഹഹാ...
ആ ചിരി മാളുവിന്റെ അമ്മയും എന്റെ കൂട്ടുകാരിയുമായ റിയ യുടേതാണ്... മകളുടെ പറച്ചിൽ കേട്ടിട്ട് പൊട്ടി ചിരിക്കുന്നതാണവൾ.
"നീ എന്തിനാ ഇത്ര ചിരിക്കൂന്നേ.. ?"
"അതോ മമ്മിക്ക് വട്ടാ ആന്റീ.. !" അവളുടെ പത്തുവയസുകാരൻ കണ്ണൻ പറഞ്ഞു.
ഞാൻ അവനെ നോക്കി..! അവനപ്പോൾ മതിലേൽ വലിഞ്ഞു കേറുന്നു. അവന്റെ പുറകേ മാളുവും വലിഞ്ഞുകേറാനുള്ള ശ്രമത്തിലാണ്.. !
"എന്റെ കണ്ണാ നീ താഴേക്കിറങ്ങ്‌.. "
ഞാൻപറഞ്ഞു.. !
അവൻ കേട്ടഭാവം നടിച്ചില്ല..
മാളുവും അപ്പോഴേയ്ക്കും കേറിക്കഴിഞ്ഞു. അഞ്ചടി പൊക്കമുള്ള മതിലേൽ ആണ് കുട്ടികൾ രണ്ടുപേരും. ഒന്ന് കാൽ വഴുതിയാൽ മതി താഴെ കോൺക്രീറ്റ് തറയിൽ തലയിടിച്ചു വീഴാൻ.
എനിക്ക് പേടിതോന്നി..
"എടി.. റിയേ.. കുട്ടികളെ താഴെയിറക്കെടി.. "
"നിനക്കെന്തിയെ.. അതുങ്ങൾ അങ്ങനാടി.. രണ്ടും കുസൃതിയാ.. " റിയ ചിരിച്ചുകൊണ്ട് പറഞ്ഞു... !
റിയ എന്റെ വീട്ടിൽ ശനിയാഴ്ച ആഘോഷിക്കാൻ വന്നതാണ്. കുട്ടുകാരികളാണെങ്കിലും ഇതേപോലെ വല്ലപ്പോഴുമേ കാണാറുള്ളൂ.. കുറച്ചകലെയാണ് അവളുടെ വീട്.
അവളുടെ വരവ് ഞാൻ കാത്തിരുന്നതാണെങ്കിലും അവളുടെ കുട്ടികളെ കൊണ്ട് ഞാൻ സഹികെട്ടു.
എന്റെ സോഫയും , ബെഡും, ലൈബ്രറിയുമെല്ലാം ആകെ വ്യത്തികേടാക്കി. എന്റെ രണ്ട് പുസ്തകത്തിന്റെ പുറംചട്ട കീറി വള്ളമുണ്ടാക്കി കണ്ണൻ.
എന്റെ പുസ്തകം കീറിയത് എനിക്ക് സഹിക്കാൻ പറ്റാത്ത വേദനയായിപ്പോയി... !
റിയ ആണേൽ ഇതൊന്നും മൈറ്റ് ചെയ്യുന്നുമില്ല. ഇതൊക്കെയെന്തു എന്ന ഭാവത്തിൽ എന്നോട് കെട്ടിയോന്റെ കാര്യവും, അമ്മായിയമ്മയുടെ കുശുമ്പും എല്ലാം വാതോരാതെ പറഞ്ഞോണ്ടിരുന്നു.
ഞാൻ മൂളികേട്ടുകൊണ്ട് ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നു.. !
അപ്പോൾ ഒരു ശബ്‌ദം..
ചി... . ലിം..
ഞാനോടി വരുമ്പോൾ കാണുന്ന കാഴ്ച.. എന്റെ മൂവായിരം രൂപ വിലയുള്ള ഫ്‌ളവർ വെയ്സ് മൂവായിരം കഷ്ണങ്ങളായി ചിതറി കിടക്കുന്നു. മാളു അതിന്റെ അടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ നിന്ന് അടുത്ത കുരുത്തക്കേടിനായ് ചുറ്റും പരതുന്നു.
"ആ നീ ആന്റീടെ പൂക്കളെല്ലാം നശിപ്പിച്ചോ...? റിയ ചോദിച്ചു... ?
"നശിപ്പിച്ചതല്ല മമ്മി.. പൊട്ടിച്ചതാ.. "
എന്തിന്.. ?
"അതോ.. അതിന്റകത്തിരിക്കുന്ന ആ റെഡ് ഫ്‌ളവർ എടുക്കാനാ.. "
നിന്റെയൊരു കാര്യം.. റിയ മാളുവിനെ ചേർത്തുനിർത്തി ചിരിച്ചു. ഒപ്പം തറയിൽ കിടന്ന ചുവന്ന പൂക്കൾ അവൾക്കെടുത്തു കൊടുക്കുകയും ചെയ്തു.
എനിക്ക് ക്ഷമ തരണേ ദൈവമേ എന്ന്‌ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് മൂവായിരം പെറുക്കി കളഞ്ഞു തൂത്തു വൃത്തിയാക്കി.
അപ്പോഴേയ്ക്കും കണ്ണൻ കാട്ടിക്കൂട്ടിയത്.. ഒന്നും പറയണ്ട.. !
ഞാൻ സ്നേഹത്തെ വെറുത്തുപോയി. എങ്ങനെയെങ്കിലും അവരൊന്നു പോയാൽ മതിയെന്നായി. ഭർത്താവുവരുമ്പോൾ കേൾക്കുന്ന വഴക്ക് ഓർക്കാൻ വയ്യ.
"റിയേ.. നീ കുട്ടികളെ വഴക്ക് പറയാറില്ലേ.. ?" ഞാൻ ചോദിച്ചു..
"ചിലപ്പോ.. എന്തെങ്കിലും പറയും.. അവർ കുട്ടികൾ അല്ലേടി... "
"ശരിയാ..കുട്ടികളാണ്.. പക്ഷേ തെറ്റുകൾ കണ്ടാൽ വഴക്കുപറയാനും , ഒപ്പം തിരുത്താനും , ശ്രമിക്കണം. കുസൃതി എന്നപേരിൽ ഓരോ സാധനങ്ങൾ നശിപ്പിക്കുമ്പോൾ ചെറിയ ശിക്ഷയൊക്കെ കൊടുക്കാം.
നമ്മളൊക്കെ ഈ പ്രായത്തിൽ ഇങ്ങനാരുന്നോ.. ? ചെറിയൊരു തെറ്റിനുപോലും എന്തോരം തല്ലാണ് കിട്ടിയിരുന്നത്.
ഇന്നിപ്പോൾ കാലം മാറി. സൗകര്യങ്ങൾ കൂടി.. കുട്ടികൾ പറയുന്നതെന്തും വാങ്ങിക്കൊടുത്ത് അവരുടെ വാശിക്കൊപ്പം നിക്കുന്നു. ആരെയും പേടിയോ , ബഹുമാനമോ ഇല്ലാത്ത കുഞ്ഞുങ്ങൾ. അവരുടെ ഇമ്മിണി വല്യ കുസൃതികൾക്കൊപ്പം ചിരിക്കുന്ന മാതാപിതാക്കൾ .. അതല്ലേടി.. ഇപ്പോൾ എല്ലാവരും.. "
"മും.. ശരിയാണ് നീ പറഞ്ഞത്. "
എന്നാലും.. മക്കളല്ലേടി.. "
"അതെ..മക്കളാണ്... ! ആർക്കാണ് മക്കൾ.. ?
"നമുക്ക് "
"ആണല്ലോ.. അതാ ഞാൻ പറഞ്ഞേ നമ്മുടെ മക്കൾ നമ്മുക്കെ മക്കളാവുന്നുള്ളൂ.. ! മറ്റുള്ളവർക്ക് ഇന്നാരുടെ മോൻ.. അല്ലേൽ ആ വീട്ടിലെ കുട്ടി എന്നേ ഉള്ളൂ. ""
റിയ തലകുലുക്കി.. !
ഞാൻ തുടർന്നു...
"അതിനാൽ നമ്മുടെ മക്കളുടെ കുസൃതി നമ്മൾ സഹിക്കും.. പക്ഷേ.."
അപ്പോഴേയ്ക്കും കണ്ണനും മാളുവും പൊരിഞ്ഞ വഴക്കായി. പട്ടി , തെണ്ടി.. തുടങ്ങി .. അർത്ഥമില്ലാത്ത വാക്കുവരെയായി.. !
നല്ലൊരു വ്യക്തി ജനിക്കുന്നത് കുടുംബത്തിൽ നിന്നാണ്. സമൂഹം അവരെ മാനിക്കും. മക്കളാണ് നമ്മുടെയെല്ലാം. അവരുടെ മാർഗ്ഗ ദർശി നമ്മളും. മക്കളെകുറിച്ചു പൊങ്ങച്ചം പറയുന്ന മാതാപിതാക്കൾ ഇന്നത്തെ സമൂഹത്തിന്റെ ഒരു ശാപമാണ്.. !
എന്തായാലും ഞാൻ പറഞ്ഞതൊക്കെ റിയ കേട്ടു.. ഉച്ചയൂണും കഴിഞ്ഞു നാലുമണിക്കുള്ള ചായയും കുടിച്ച്‌ അവർ പോകാനിറങ്ങി.
യുദ്ധം കഴിഞ്ഞു അവശരായവരെപോലെ കണ്ണനും മാളുവും ഓടി ചെന്ന് കാറിൽ കയറി തളർന്നിരുന്നു.
റിയ എന്റെ കൈയിൽ പിടിച്ചു യാത്ര പറഞ്ഞു..
" ശരി..യെടി പിന്നെ കാണാം.. "
"ആയ്കോട്ടെ.. സമയം കിട്ടുമ്പോ വരണേ.. ട്ടോ.. "
"വരാ...ടി.. "
കണ്ണനും , മാളുവും റ്റാ..റ്റാ.. തന്നു.. !
അവരുടെ കാറ് അകന്നുപോകുമ്പോൾ ഞാൻ ദീർഘ നിശ്വാസം എടുത്തു. ഇനി വീടിനെ വീടാക്കി എടുക്കാൻ കുറെ പാടുപെടണം...
എന്നാലും ഇപ്പോൾ ഞാനനുഭവിക്കുന്ന മനസമാധാനം.. ഹാ... വൂ.. !!!
*************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo