നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രക്തം



ഇരുട്ടിനെ മൊബൈൽ വെളിച്ചം കൊണ്ട് പ്രതിരോധിച്ചു മുന്നോട്ടു നീങ്ങുമ്പോഴാണ് അടുത്തുള്ള ബസ് സ്റ്റോപ്പിന്റെ പരിസരത്തു നിന്നും ചെറിയൊരു ഞെരുക്കം കേട്ടത്.... ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടി ചെന്നു നോക്കുമ്പോൾ ചോരയിൽ കുതിർന്നു കിടക്കുന്ന ഒരു മനുഷ്യനെയും ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള വളവിലായി ഒരു ബൈക്കുമാണ് കണ്ടത്...
രക്തം പൊതുവെ പേടിയായതിനാൽ ആദ്യമൊന്നു പകച്ചുവെങ്കിലും സ്ഥലകാല ബോധം വീണ്ടെടുത്തു , വീണു കിടക്കുന്ന മനുഷ്യനെ ഉയർത്താനൊരു ശ്രമം നടത്തി . ശ്രമം വിഫലമായെങ്കിലും മൊബൈൽ വെളിച്ചത്തിൽ ആ മുഖം കണ്ടപ്പോൾ ഉള്ളിലൂടെ നഷ്ടങ്ങളുടെ പഴയ കാല ഓർമ്മകൾ മിന്നി മറിഞ്ഞു..
ഓർമ്മകൾ ഓരോന്നായി മുന്നിലേക്ക് തികട്ടി വന്നപ്പോൾ കൂട്ടുകാരനെ വിളിക്കാനായി , കാൾ ലിസ്റ്റിലേക്ക് നീണ്ട കൈകൾ ഉള്ളിലെ വൈരാഗ്യ ബുദ്ധി ആവർത്തിച്ചു പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതു പോലെ.. പക്ഷെ കൈയിൽ നിന്നും മൊബൈൽ സ്ക്രീനിലേക്ക് ഇറ്റുവീണുകൊണ്ടിരുന്ന രക്തതുള്ളികൾ എന്നിലെ മനസാക്ഷിയെ പിടിച്ചു കുലുക്കിയപ്പോൾ വിരലുകൾ വീണ്ടും ഹാരിസ് എന്ന പേരിലേക്കമർന്നു...
ഓട്ടോയുമായി വന്ന ഹാരിസും ആ മനുഷ്യന്റെ മുഖം കണ്ടൊന്നു പതറി , സംശയത്തോടെയെന്നെയൊന്നു നോക്കി.
"ഹാരിസേ.. വേഗം വണ്ടിയിലേക്ക് കയറ്റൂ.."
മറുത്തൊന്നും പറയാതെ , വണ്ടിയിലേക്ക് കയറ്റി എന്റെ മടിയിലേക്ക് തല വെച്ചു തന്നു കൊണ്ടവൻ പെട്ടെന്ന് തന്നെ ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു തൊട്ടടുത്തുള്ള ആശുപത്രി ലക്ഷ്യം വെച്ചു മുന്നോട്ടു കുതിച്ചു... അയാളുടെ നെറ്റിയിൽ നിന്നുമുതിർന്നു വീഴുന്ന ചോര , പോക്കറ്റിൽ നിന്നു തുവാലയെടുത്തു ഒപ്പിയെടുക്കുമ്പോഴും ഉള്ളിൽ ആഞ്ഞു വീശുന്ന കൊടുങ്കാറ്റ് ഞാനപ്പോഴും അറിയുന്നുണ്ടായിരുന്നു...
"പഴയതെല്ലാം നീ മറന്നിട്ടില്ലല്ലോ... "
ആശുപത്രിയിലെത്തിച്ചു , തിരിച്ചു പോകാനായി മടിച്ചു നിന്ന എന്നോടായി അവൻ ചോദിച്ചു..
"അത്ര വേഗത്തിൽ മറക്കാൻ പറ്റുമോടാ.. "
അതു വരെ പിടിച്ചു നിന്ന ഞാൻ , അവന്റെ ചുമലിലേക്ക് ചാഞ്ഞപ്പോൾ കണ്ണിൽ നിന്നുതിർന്ന കണ്ണുനീരിനോടൊപ്പം ഓർമകളുടെ ഭാണ്ഡവും കെട്ടഴിഞ്ഞു വീഴുകയായിരുന്നു...
******
എന്നത്തെയും പോലെ ഞായറാഴ്ച കുർബാനയും കഴിഞ്ഞു , ഞങ്ങൾ സ്ഥിരം ഒത്തുകൂടാറുള്ള വായനശാലയിലിരിക്കുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത് ... ഡിസ്പ്ലേയിൽ അമ്മ എന്നു തെളിഞ്ഞു കണ്ടപ്പോൾ , രാവിലെ വീട്ടിലേൽപ്പിച്ച ഇറച്ചിക്കു ചേർക്കാനായുള്ള മസാല വാങ്ങാനുള്ള ഓർമപ്പെടുത്തലാണെന്ന് കരുതി കാൾ കട്ട്‌ ചെയ്തു .... വീണ്ടും മൊബൈൽ ശബ്ദിച്ചുവെങ്കിലും സംസാരത്തിനു അലോസരമായി തോന്നിയതിനാൽ സൈലന്റ് മോഡിലാക്കി.. തൊട്ടടുത്ത നിമിഷം തന്നെ ഹാരിസിന്റെ മൊബൈലിലേക്ക് അമ്മ വിളിച്ചപ്പോഴാണ് മറ്റെന്തോ കാര്യമാണെന്നു മനസിലായത്..
അമ്മയെ തിരിച്ചു വിളിച്ചപ്പോഴേക്കും 'നീ വേഗം വീട്ടിലേക്കു വാ ' എന്നു പറഞ്ഞു കൊണ്ടമ്മ ഫോൺ വെച്ചപ്പോൾ ആ ശബ്ദത്തിലൊരു പതർച്ച പോലെ തോന്നി.. ഹാരിസിനോട് പലയാവർത്തി ചോദിച്ചുവെങ്കിലും പെട്ടെന്ന് ഓട്ടോയിലേക്ക് കയറാനാണ് പറഞ്ഞത്... വീടെത്തുന്നതു വരെയുള്ള അവന്റെ മൗനം ഉള്ളിലൊരു അപായ സൂചന സൃഷ്ടിക്കുന്നതായിരുന്നു... അപ്പോഴും അരുതാത്തതൊന്നും സംഭവിക്കരുതെയെന്ന പ്രാർത്ഥനയായിരുന്നു..
ഓട്ടോയുടെ ശബ്ദം കേട്ടു മുറ്റത്തേക്കിറങ്ങി വന്ന അമ്മയുടെ കണ്ണുനീർ വീണ്ടും അതേ അപായ മണി തന്നെ മുഴക്കി...
" മോനെ... പപ്പക്ക് തീരെ വയ്യ.. . "
അമ്മ പറഞ്ഞു പൂർത്തിയാക്കും മുൻപേ അകത്തേക്ക് ഓടി ചെന്നപ്പോൾ , ഇൻഹേലർ ( Inhaler ) കൊണ്ടു ശ്വാസം വലിക്കാൻ കഷ്ടപ്പെടുന്ന പപ്പയെയാണ് കണ്ടത്... പപ്പയെ കോരിയെടുത്തു ഓട്ടോയിലേക്ക് കയറി ... പോക്കറ്റ് റോഡിൽ നിന്നും ഹൈവേയിലേക്ക് കയറിയ വണ്ടി പെട്ടന്നൊരു നിമിഷം നിലച്ചു ...
"എന്താടാ ഹാരിസേ വണ്ടിക്കു പറ്റിയത് ?"
"എടാ... വണ്ടിക്കല്ല .. പോലീസ് വണ്ടി തടയുന്നുണ്ട് ... കാര്യം അറിയില്ല , ഞാൻ പോയി അന്വേഷിച്ചു വരാം ... "
വേഗം ഓട്ടോയിൽ നിന്നിറങ്ങി അവൻ തൊട്ടടുത്ത കാർ യാത്രക്കാരനോട് അന്വേഷിച്ചു , വീണ്ടും മുന്നോട്ട് പോയി കൂടെ ഒരു പോലീസ്കാരനെ കൂട്ടിയാണവൻ തിരിച്ചു വന്നത്... ഓട്ടോയിലേക്ക് കണ്ണുകൾ പാളി നോക്കികൊണ്ടയാൾ പറഞ്ഞു....
" കേന്ദ്രത്തിൽ നിന്നുള്ള VIP ആണ് ... ആക്രമണസാധ്യതയുള്ളതിനാൽ അദ്ദേഹത്തിന്റെ സുരക്ഷയാണെനിക്ക് മറ്റെന്തെനേക്കാളും പ്രധാനം... നിങ്ങൾക്കു മറ്റു വഴിയെ പോകാം... അര മണിക്കൂർ കഴിയാതെ ഒരു വാഹനങ്ങളും കടത്തി വിടുന്നതല്ല.. "
"സർ.. പ്ലീസ് സർ ... പപ്പക്ക് തീരെ വയ്യ... ഇപ്പോൾ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ഒരു പക്ഷെ... "
വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ഞാൻ പപ്പയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.... എവിടെ നിന്നോ കിട്ടിയ ഊർജത്താൽ ഓട്ടോയിൽ നിന്നുമിറങ്ങി പൊരി വെയിലിൽ ആശുപത്രിയിലേക്ക് ഓടുമ്പോഴും ഹാരിസിനോട് കയർത്തുകൊണ്ടയാൾ പറഞ്ഞത് എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു..
" ഈ ഒരാൾ മരിച്ചാലും പ്രതേകിച്ചു നഷ്ടങ്ങളൊന്നുമുണ്ടാകില്ല.. പക്ഷെ അദ്ദേഹത്തിന്റെ സുരക്ഷയിൽ എന്തെങ്കിലും സംഭവിച്ചാൽ അതു ഇന്ത്യക്കു മുഴുവനും നഷ്ടമായിരിക്കും...കേരളത്തിനാകമാനം കളങ്കമാകും... അതു മാത്രമല്ല ഞങ്ങളുടെ ജോലി എല്ലാം.. "
പപ്പയെ ആശുപത്രിയിലെത്തിച്ചു തളർന്നു , പിന്നാലെ ഓടി വന്ന ഹാരിസിന്റെ ചുമലിലേക്ക് ചായുമ്പോൾ ഉള്ളു നിറയെ എപ്പോഴത്തെയും പോലെ ഒന്നും സംഭവിക്കരുതെയെന്ന പ്രാർത്ഥന മാത്രമായിരുന്നു..
നിമിഷങ്ങൾക്കു ശേഷം ഡോക്ടർ ICU വിൽ നിന്നുമിറങ്ങി വന്നു
'ഒരു അര മണിക്കൂർ മുൻപെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു..."
****
"പേഷ്യന്റിന് നിങ്ങളെയൊന്നു കാണണമെന്നു പറയുന്നു.. "
നഴ്സിന്റെ വാക്കുകളാണ് ചിന്തയിൽ നിന്നുണർത്തിയത്...
"എങ്ങനെയുണ്ട് സിസ്റ്റർ ... "
"കുഴപ്പമൊന്നുമില്ല... തലയിടിച്ചു വീണതു കൊണ്ട് ഒരു ചെറിയ മുറിവുണ്ട്... ഒരു കൈയും കാലും ഒടിഞ്ഞിട്ടുണ്ട്... ഒരു രണ്ടു മാസമെങ്കിലും റസ്റ്റ്‌ വേണ്ടി വരും...നാളെ റൂമിലേക്ക് മാറ്റും.. കയറി കണ്ടോളൂ.. "
ICU വിലേക്ക് കയറി ചെന്നയെന്നെ കണ്ടപ്പോൾ അയാളും ഒന്നു പതറിയെങ്കിലും പിന്നീടാ മുഖത്തു മിന്നി മറഞ്ഞതു കുറ്റബോധത്തിന്റെയും നന്ദിയുടെയും പല ഭാവങ്ങളായിരുന്നു..
" തനിക്ക് എന്നോട് ഒരു ദേഷ്യവുമില്ലേ ? തന്റെ അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടു , അതിന്റെ പേരിൽ കേസു കൊടുത്ത തന്നെ കേസ് ഒതുക്കി തീർത്തു ശാരീരികമായും മാനസികമായും ഞാനിത്രയൊക്കെ ഉപദ്രവിച്ചിട്ടും.. "
വാക്കുകൾ കിട്ടാതെ അയാൾ കുഴങ്ങുന്നുണ്ടായിരുന്നു..
"പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ദേഷ്യമുണ്ട് ... അതിനുമപ്പുറം ഒരു ജീവന് എത്രത്തോളം വിലയുണ്ടെന്നു എനിക്കു നന്നായി അറിയാം... അതിപ്പോൾ ഒരു സാധാരണക്കാരന്റെ ജീവനായാലും ഒരു VIP യുടെയായാലും... "
ഞാനിത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അയാളുടെ കണ്ണിൽ നിന്നിറ്റു വീണ നീർതുള്ളികൾ എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot