Showing posts with label SreelalSreelayam. Show all posts
Showing posts with label SreelalSreelayam. Show all posts

സവാരി

Image may contain: 2 people, including Sreelal Sreelayam, beard and closeup
..............
ജങ്ഷനിൽ ആളെ ഇറക്കി ഓട്ടോ തിരിക്കാൻ തുടങ്ങുമ്പോൾ ആണ് ആ അമ്മ അയാളെ വിളിച്ചത്. അയാൾ വണ്ടി നിർത്തി. അവർ പതിയെ വണ്ടിയിലേക്ക് കയറി.
ഈ സവാരി സവാരി പോകുമോ ??ചിരിച്ചുകൊണ്ട് അവർ ചോദിച്ചു...
അതിനെന്താ ഈ സവാരി സവാരിയെ പോകു. അമ്മയ്ക്ക് എവിടെയാ പോകണ്ടേ ???. അയാളും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. എന്നെ ആ കൃഷ്ണന്റെ അമ്പലത്തിന്റെ അവിടെ വിട്ടാൽ മതി രവിയെ. അവരും മറുപടി പറഞ്ഞു. അയാൾ വണ്ടി മുന്നോട്ട് എടുത്തു.
ഓട്ടോയുടെ പേരാണ് ""സവാരി""..എന്തോ ആ പേരിനോട് ഒരു ഇഷ്ടം തോന്നി ഇട്ടതാ. ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും. വണ്ടികൾ പലതും മാറി വന്നെങ്കിലും ""സവാരി""എന്ന ഈ പേര് മാത്രം മാറിയില്ല.
കാറുകൊണ്ട് നിന്ന ആകാശത്തെ സാക്ഷിയാക്കി ഓട്ടോ മുന്നോട്ട് പോയിക്കൊണ്ടിരുന്നു... അമ്പലത്തിനടുത്തു എത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു...
കുടയുണ്ടോ കയ്യിൽ ??.
മറുപടി വൈകിയതിനാൽ അയാൾ തിരിഞ്ഞു നോക്കി. അവർ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരിക്കുന്നു.. അയാൾ പുറകിലേക്ക് വന്നു തട്ടിവിളിച്ചു. ഇല്ല അനക്കം ഇല്ല....
ഓട്ടോ മെഡിക്കൽകോളേജിന്റെ ഗേറ്റ് കടന്നപ്പോഴേക്കും മഴ കടുത്തിരുന്നു. അത്യാഹിതത്തിലെ ബെഡിലേക്ക് കിടത്തിയപ്പോൾ അവർ ഒന്ന് ഞെരങ്ങി.അയാളോട് എന്തോ പറയാൻ ശ്രെമിച്ചു. അപ്പോഴേക്കും ഡോക്ടർ വന്നു അയാളോട് പുറത്തേക്കു നിൽക്കാൻ പറഞ്ഞു. പോകാൻ തുടങ്ങിയ അയാളുടെ കയ്യിൽ അവർ പിടിച്ചു.. രവി എനിക്കല്പം വെള്ളം വേണം... വയ്യ എങ്കിലും ഒരുവിധം അവർ പറഞ്ഞൊപ്പിച്ചു. അയാൾ വെള്ളം വാങ്ങാൻ ആയി പുറത്തേക്ക് പോയി.
വീടിന്റെ അടുത്ത കവലയിൽ ഉള്ള പോലീസുകാരന്റെ അമ്മയാണ്. ഇടക്കിടക്ക് ഓട്ടോയിൽ കയറും. അങ്ങനെ തുടങ്ങിയ പരിചയം ആണ്..
വെള്ളം കൊടുത്തശേഷം അയാൾ വീണ്ടും പുറത്തേക്കു ഇറങ്ങി.. ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന പോലീസ്കാരനോട് അവരുടെ മകനെ ഒന്ന് വിവരം അറിയിക്കാൻ പറഞ്ഞേല്പിച്ചു.
കസേരയിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർ ഇറങ്ങി വന്നു. അയാൾ ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
പേടിക്കാൻ ഒന്നും ഇല്ല. ഒരു ചെറിയ നെഞ്ച് വേദന. കുറച്ചു റസ്റ്റ്‌ എടുക്കട്ടെ അഡ്മിറ്റ്‌ ചെയ്യണം. കയറി കണ്ടോളു... അയാൾ അകത്തേക്ക് കയറി...
രവി ഇതുവരെ പോയില്ലേ??
തളർന്ന ശബ്ദത്തിൽ അവർ ചോദിച്ചു...
ഇല്ല. വീട്ടിൽ അറിയിച്ചിട്ടുണ്ട്. ആരെങ്കിലും വന്നിട്ട് ഞാൻ പൊക്കോളാം. വയ്യഞ്ഞത് കൊണ്ടാകാം അതിനു മറുപടി ഒന്നും പറയാതെ അവർ കണ്ണടച്ച് കിടന്നു. കട്ടിലിന്റെ അടുത്ത് കിടന്ന സ്റ്റൂൾ വലിച്ചിട്ടു അയാൾ അതിലേക്കു ഇരുന്നു...
ആശുപത്രിയുടെ അന്തരീക്ഷവും, മരുന്നിന്റെ മണവും എല്ലാം അയാളെ വല്ലാതെ അസ്വസ്ഥനാക്കി...
ക്യാൻസർ കാർന്നു തിന്ന തന്റെ മകളുടെ ശോഷിച്ച മുഖവും കുറെ മരുന്ന് ഡപ്പികളും ആണ് അപ്പോൾ അയാളുടെ മനസിലേക്ക് വന്നത്...
നിറയെ മുടി ഉണ്ടായിരുന്നു അവൾക്ക്. കീമോയുടെ ചൂടിൽ അവ വേരോടെ പിഴുതുപോയപ്പോൾ അവൾക്കു വല്ലാത്ത സങ്കടം ആയിരുന്നു. ഒടുവിൽ ഇതുപോലെ മഴ പെയ്ത ഒരു സന്ധ്യയിൽ തിരിച്ചു വരാത്ത ദൂരത്തേക്ക് അവൾ പോയി.....
അപ്പോഴേക്കും അവരുടെ വീട്ടിൽ നിന്നും ആൾ എത്തിയിരുന്നു. അവരെ വീട്ടുകാരെ ഏല്പിച്ചശേഷം അയാൾ ആശുപത്രിക്ക് വെളിയിലേക്ക് ഇറങ്ങി വന്നു...
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.തോരാൻ കാത്തുനിൽക്കാതെ നനഞ്ഞു തന്നെ അയാൾ വണ്ടിക്കുള്ളിലേക്ക് കയറി.. ഫോൺ ബെല്ലടിക്കുന്നു.. ഭാര്യ ആണ്. നല്ല മഴ നിങ്ങൾ എവിടെയാ ??ഇപ്പോൾ വരുമോ ??...ഇല്ല അല്പം കൂടി കഴിയും. അയാൾ ഫോൺ കട്ട്‌ ചെയ്തു വണ്ടി മുന്നോട്ട് എടുത്തു...
മകളെ കാർന്നു തിന്ന ക്യാൻസർ കോശങ്ങൾ ഇപ്പോൾ ഭാര്യയേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.. എല്ലാത്തിനോടും അവൾക്കു ഇപ്പോൾ ഭയം ആണ്.. ഇടക്കിടക്ക് ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും..
അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു. മഴ ഒന്ന് കുറഞ്ഞു. ചെറിയ ചാറ്റൽ മാത്രം.
മഴത്തുള്ളികൾ വീണ ഗ്ലാസ്സിലൂടെ അയാൾ സൂക്ഷിച്ചു നോക്കി വണ്ടി ഓടിച്ചുകൊണ്ടിരുന്നു... റോഡ് സൈഡിൽ നിന്നും ഒരു അമ്മയും, മോളും കൈകാണിച്ചു. അയാൾ വണ്ടി അവരുടെ അടുത്തേക്ക് നിർത്തി.
എങ്ങോട്ടാ ??
കൃഷ്ണന്റെ അമ്പലം വരെ...
കയറിക്കോ..... അവർകയറി...
വണ്ടിക്കുള്ളിലെ മൂകതയിലും പുറത്തു പെയ്യുന്ന ചാറ്റൽമഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട് അസ്തമിക്കാത്ത
പ്രതീക്ഷകളും ആയി അയാൾ ""സവാരി"" തുടർന്നു...
By
ശ്രീലാൽ ശ്രീലയം.

പൂച്ച

Image may contain: 2 people, including Sreelal Sreelayam, beard and closeup
........
അമ്മേ, അമ്മേ ഇങ്ങുവന്നേ. മോളുടെ വിളികേട്ട് അടുക്കളയിൽ നിൽക്കുകയായിരുന്ന അവൾ ബെഡ്റൂമിലേക്ക് ഓടി വന്നു.. മുറിയിലെ കാഴ്ച കണ്ട് എന്തു ചെയ്യണം എന്നറിയാതെ നിന്നു..
അച്ഛൻ കുളിച്ചിട്ട് ഇറങ്ങിയില്ലേ മോളെ ?
ഇല്ലമ്മേ ഇപ്പോൾ ഇറങ്ങും. പറഞ്ഞു തീർന്നതും അയാൾ ഇറങ്ങി വന്നു.. കട്ടിലിലേക്ക് നോക്കിയ അയാൾ ഒരു അലർച്ച ആയിരുന്നു....
ബോംബെ നഗരത്തിന്റെ തിരക്കുകളിലൂടെ വണ്ടി ഓടിച്ചു വരുമ്പോൾ ആണ് റോഡരുകിൽ നിന്നും അയാൾക്ക്‌ ആ പൂച്ചയെ കിട്ടിയത്. അയാൾ അതിനെ ഒരു കിറ്റിലാക്കി വീട്ടിലേക്കു കൊണ്ടുവന്നു.
ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ ആ പൂച്ചയെ ഓമനിക്കുന്നത് അയാൾക്ക് ഒരു വിനോദം ആയി മാറി.
പൂച്ച കാലിൽ മുട്ടിയുരുമ്മുമ്പോൾ അയാൾക്ക്‌ അമ്മയെ ഓർമ്മ വരും.
നാട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച. തെങ്ങിൻചുവട്ടിൽ അമ്മ മീൻ വെട്ടാനിരിക്കുമ്പോൾ ആ പൂച്ചയും വരും. അമ്മ ആ പൂച്ചയോട് വർത്തമാനം പറഞ്ഞിരുന്നു മീൻ വെട്ടും. അതൊരു രസമുള്ള കാഴ്ച ആയിരുന്നു..
അമ്മ മരിച്ചതിനു ശേഷം പിന്നെ നാട്ടിലേക്ക് പോയിട്ടില്ല.. അമ്മയില്ലാത്ത വീട്ടിലേക്കു പോയിട്ടു എന്തിനാ ??ഇപ്പോൾ ഇവിടെ ഇങ്ങനെ ഈ തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടി.........
ദിനങ്ങൾ കഴിഞ്ഞുപോയി. പൂച്ച വളർന്നു. കൂടെ ഭാര്യയുടെ പരാതികളും കൂടി. സ്കൂളിൽ പോകാൻ തേച്ചുവെച്ച മോളുടെ യൂണിഫോം പൂച്ച വൃത്തികേടാക്കിയതും, പുറത്തുപോയപ്പോൾ അടയ്ക്കാൻ മറന്ന ജനലിൽ കൂടി കയറി മീൻ കറിയും പാത്രങ്ങളും തട്ടിമറിച്ചിട്ടതും ഒക്കെ ഭാര്യ പരാതിയായി നിരത്തി. പൂച്ചയെ കൊണ്ട് കളയണം അതാണ്‌ പ്രതിവിധി... അയാൾ അയാളുടെ ന്യായങ്ങൾ നിരത്തി അതിനെ എല്ലാം എതിർത്തു.. പക്ഷെ ഇപ്പോൾ....
അയാളുടെ അലർച്ചയിൽ ആ വീട് പ്രകമ്പനം കൊണ്ടു. പേടിച്ചരണ്ട പൂച്ച അയാളുടെ കാലിനിടയിലൂടെ പുറത്തേക്കു ജീവനും കൊണ്ടു പാഞ്ഞു.
അപ്പോഴും ഭാര്യക്കും, മകൾക്കും ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
അല്ലേലും അവനവനു വരുമ്പോഴെ പഠിക്കു..എന്താന്നു വെച്ചാൽ ചെയ്യ്. എന്നെ ഒന്നിനും വിളിച്ചേക്കരുത്..ഇതും പറഞ്ഞു ഭാര്യ അടുക്കളയിലേക്ക് പോയി..
അയ്യേ ഈ ലാപ്ടോപ് ഇനി എന്തിനു കൊള്ളാം.. കൊണ്ടുപോയി കള അച്ഛാ അത്..ഹ പൂച്ച അപ്പിയിട്ട ലാപ്ടോപ്... അയാളെ നോക്കി ചിരിച്ചു കൊണ്ടു മോൾ പറഞ്ഞു..
അയാൾ ഒന്നും മിണ്ടാതെ ലാപ്ടോപ്പും നോക്കി നിന്നു...പിന്നെ ആ പൂച്ചയെ ആ വീട്ടിൽ ആരും കണ്ടിട്ടില്ല...
By
ശ്രീലാൽ ശ്രീലയം.

ഭാഗ്യംവിൽക്കുന്നയാൾ

Image may contain: 2 people, beard and closeup

അന്നത്തെ കച്ചവടം കഴിഞ്ഞു ബാക്കി വന്ന ലോട്ടറി ടിക്കറ്റുകൾ കക്ഷത്തിൽ ഇരുന്ന ബാഗിലേക്ക് വെച്ചു അയാൾ നടന്നു..
അയാളുടെ മനസ് ശൂന്യം ആയിരുന്നു. നെറ്റിയിലും, നരച്ച കുറ്റിത്താടിയിലും വിയർപ്പു തുള്ളികൾ പറ്റിപിടിച്ചിരുന്നു..
നാലുദിവസം കൂടി കഴിഞ്ഞാൽ മകളുടെ കല്യാണം ആണ്. ഇതുവരെ ഒന്നും ആയിട്ടില്ല. എന്താകും എന്ന് അറിയില്ല. "ഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യക്കേട്" അല്ലാതെ എന്തു പറയാൻ...
അയാൾ മെയിൻ റോഡിൽ നിന്നും പൂഴി വിരിച്ച ഇടറോഡിലേക്ക് തിരിഞ്ഞു. എതിരെ വന്നവർ അയാളോട് എന്തൊക്കയോ വിശേഷങ്ങൾ തിരക്കി. അയാൾ എന്തൊക്കയോ മറുപടി തിരിച്ചു പറയുകയും ചെയ്തു...
സ്ഥിരമായി സഞ്ചരിക്കുന്ന വഴി അയാളുടെ കാൽപാദങ്ങൾക്ക് പോലും പരിചിതമായതുകൊണ്ടാകാം യാന്ത്രികമായി അയാൾ വീടിനു അടുത്തെത്തി. നിറയെ ചുവന്ന ചെമ്പരത്തി പൂവുകൾ പൂവിട്ടു നിൽക്കുന്ന വേലിക്കെട്ട് കടന്നു അയാൾ മുറ്റത്തേക്ക് കയറി. മുറ്റത്തു ഒരു പന്തൽ ഉയരുന്നുണ്ട്. ഒരു കല്യാണവീടിന്റെ ആരവങ്ങൾ അവിടെ ഇല്ല. ശോകമൂകമായി ഇരിക്കുന്നു. ആരോടും ഒന്നും മിണ്ടാതെ അയാൾ മുറിക്കുള്ളിലേക്ക് കയറി പോയി. ബാഗ് കട്ടിലിൽ ഇട്ടു, ഷർട്ട് ഊരി അയയിൽ തൂക്കി, മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു അയാൾ കട്ടിലിലേക്ക് കിടന്നു.
പൊട്ടിയ ഓടിന്റെ വിടവിലൂടെ വന്ന വെട്ടം അയാളുടെ മുഖത്തു അടിച്ചു. കുറേനേരം അയാൾ ആ വെളിച്ചത്തിലേക്ക് നോക്കി കിടന്നു.
ക്ലോക്കിൽ സമയം അഞ്ചര. അയാൾ മെല്ലെ എഴുന്നേറ്റു മുറിയിൽ ആകെ നോക്കി. അയയിൽ കിടന്ന ഭാര്യയുടെ സാരി എടുത്തു കസേര വലിച്ചിട്ടു അതിൽ കയറി നിന്ന് ഒരുതുമ്പു ഫാനിൽ കെട്ടി.മറ്റേ തുമ്പു ഉറപ്പുള്ള ഒരു കുരുക്കാക്കി കഴുത്തിലേക്കിട്ടു.
പൊട്ടിയ ഓടിന്റെ വിടവിലൂടെ അയാളെ ആരൊക്കയോ വിളിക്കുന്ന പോലെ തോന്നി. തോന്നൽ അല്ല സത്യം ആണ്. മൂകമായി കിടന്ന വീട്ടിൽ പെട്ടന്ന് അനക്കം വെച്ചപോലെ. അയാൾ ചെവി വട്ടം പിടിച്ചു. പുറത്തു ഭാര്യ തന്നെ വിളിക്കുന്നു. "നിങ്ങൾ ഒന്നിങ്ങു ഇറങ്ങി വന്നേ നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ടിക്കറ്റിന് സമ്മാനം ഉണ്ടെന്നു.. നമ്മുടെ വിളി ഈശ്വരന്മാർ കേട്ടു".അയാൾ ആ വാക്കുകൾ കേട്ടു. ഒരായിരം പൂത്തിരി ഒന്നിച്ചു വിരിഞ്ഞ പോലെ...
അയാൾ കസേരയിൽ നിന്നും ഇറങ്ങാനായി തിരിഞ്ഞു. ഒരുനിമിഷം ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് തട്ടി മുന്നോട്ടു ആഞ്ഞു. കസേര ഒന്ന് ഇളകി മറിഞ്ഞു. പിടിച്ചു നിൽക്കാനുള്ള അയാളുടെ ശ്രെമങ്ങളെ കഴുത്തിൽ മുറുകി വന്ന കുരുക്ക് സമ്മതിച്ചില്ല.
ഒന്ന്,രണ്ടു പിടച്ചിലുകൾക്ക് ശേഷം അയാളുടെ പ്രാണൻ ആ പൊട്ടിയ ഓടിന്റെ വിടവിലൂടെ പുറത്തേക്കു പാഞ്ഞു....
"ഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യമില്ലായ്മ"അല്ലാതെ എന്തു പറയാൻ.........
By :ശ്രീലാൽ ശ്രീലയം...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo