
അന്നത്തെ കച്ചവടം കഴിഞ്ഞു ബാക്കി വന്ന ലോട്ടറി ടിക്കറ്റുകൾ കക്ഷത്തിൽ ഇരുന്ന ബാഗിലേക്ക് വെച്ചു അയാൾ നടന്നു..
അയാളുടെ മനസ് ശൂന്യം ആയിരുന്നു. നെറ്റിയിലും, നരച്ച കുറ്റിത്താടിയിലും വിയർപ്പു തുള്ളികൾ പറ്റിപിടിച്ചിരുന്നു..
നാലുദിവസം കൂടി കഴിഞ്ഞാൽ മകളുടെ കല്യാണം ആണ്. ഇതുവരെ ഒന്നും ആയിട്ടില്ല. എന്താകും എന്ന് അറിയില്ല. "ഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യക്കേട്" അല്ലാതെ എന്തു പറയാൻ...
അയാൾ മെയിൻ റോഡിൽ നിന്നും പൂഴി വിരിച്ച ഇടറോഡിലേക്ക് തിരിഞ്ഞു. എതിരെ വന്നവർ അയാളോട് എന്തൊക്കയോ വിശേഷങ്ങൾ തിരക്കി. അയാൾ എന്തൊക്കയോ മറുപടി തിരിച്ചു പറയുകയും ചെയ്തു...
സ്ഥിരമായി സഞ്ചരിക്കുന്ന വഴി അയാളുടെ കാൽപാദങ്ങൾക്ക് പോലും പരിചിതമായതുകൊണ്ടാകാം യാന്ത്രികമായി അയാൾ വീടിനു അടുത്തെത്തി. നിറയെ ചുവന്ന ചെമ്പരത്തി പൂവുകൾ പൂവിട്ടു നിൽക്കുന്ന വേലിക്കെട്ട് കടന്നു അയാൾ മുറ്റത്തേക്ക് കയറി. മുറ്റത്തു ഒരു പന്തൽ ഉയരുന്നുണ്ട്. ഒരു കല്യാണവീടിന്റെ ആരവങ്ങൾ അവിടെ ഇല്ല. ശോകമൂകമായി ഇരിക്കുന്നു. ആരോടും ഒന്നും മിണ്ടാതെ അയാൾ മുറിക്കുള്ളിലേക്ക് കയറി പോയി. ബാഗ് കട്ടിലിൽ ഇട്ടു, ഷർട്ട് ഊരി അയയിൽ തൂക്കി, മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു അയാൾ കട്ടിലിലേക്ക് കിടന്നു.
പൊട്ടിയ ഓടിന്റെ വിടവിലൂടെ വന്ന വെട്ടം അയാളുടെ മുഖത്തു അടിച്ചു. കുറേനേരം അയാൾ ആ വെളിച്ചത്തിലേക്ക് നോക്കി കിടന്നു.
ക്ലോക്കിൽ സമയം അഞ്ചര. അയാൾ മെല്ലെ എഴുന്നേറ്റു മുറിയിൽ ആകെ നോക്കി. അയയിൽ കിടന്ന ഭാര്യയുടെ സാരി എടുത്തു കസേര വലിച്ചിട്ടു അതിൽ കയറി നിന്ന് ഒരുതുമ്പു ഫാനിൽ കെട്ടി.മറ്റേ തുമ്പു ഉറപ്പുള്ള ഒരു കുരുക്കാക്കി കഴുത്തിലേക്കിട്ടു.
പൊട്ടിയ ഓടിന്റെ വിടവിലൂടെ അയാളെ ആരൊക്കയോ വിളിക്കുന്ന പോലെ തോന്നി. തോന്നൽ അല്ല സത്യം ആണ്. മൂകമായി കിടന്ന വീട്ടിൽ പെട്ടന്ന് അനക്കം വെച്ചപോലെ. അയാൾ ചെവി വട്ടം പിടിച്ചു. പുറത്തു ഭാര്യ തന്നെ വിളിക്കുന്നു. "നിങ്ങൾ ഒന്നിങ്ങു ഇറങ്ങി വന്നേ നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ടിക്കറ്റിന് സമ്മാനം ഉണ്ടെന്നു.. നമ്മുടെ വിളി ഈശ്വരന്മാർ കേട്ടു".അയാൾ ആ വാക്കുകൾ കേട്ടു. ഒരായിരം പൂത്തിരി ഒന്നിച്ചു വിരിഞ്ഞ പോലെ...
അയാൾ കസേരയിൽ നിന്നും ഇറങ്ങാനായി തിരിഞ്ഞു. ഒരുനിമിഷം ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് തട്ടി മുന്നോട്ടു ആഞ്ഞു. കസേര ഒന്ന് ഇളകി മറിഞ്ഞു. പിടിച്ചു നിൽക്കാനുള്ള അയാളുടെ ശ്രെമങ്ങളെ കഴുത്തിൽ മുറുകി വന്ന കുരുക്ക് സമ്മതിച്ചില്ല.
ഒന്ന്,രണ്ടു പിടച്ചിലുകൾക്ക് ശേഷം അയാളുടെ പ്രാണൻ ആ പൊട്ടിയ ഓടിന്റെ വിടവിലൂടെ പുറത്തേക്കു പാഞ്ഞു....
"ഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യമില്ലായ്മ"അല്ലാതെ എന്തു പറയാൻ.........
"ഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യമില്ലായ്മ"അല്ലാതെ എന്തു പറയാൻ.........
By :ശ്രീലാൽ ശ്രീലയം...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക