
എവിടെ മുതലാണ് നമുക്ക് സ്നേഹം നഷ്ടപ്പെട്ടു തുടങ്ങിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി അധികദൂരമൊന്നും പോകേണ്ടതായിവരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അതിനുള്ള ഉത്തരവും ഉത്തരവാദികളും നമ്മൾ തന്നെയാണ് എന്നാണ് എന്റെ വിലയിരുത്തൽ. യോജിപ്പോ വിയോജിപ്പോ വിമർശനമോ വന്നേക്കാം.
പക്ഷേ അതിനുമുമ്പ് ഒരു നിമിഷം നമുക്ക് ഒരല്പം പുറകിലേക്ക് സഞ്ചരിക്കാം. നിഷ്കളങ്കമായ സ്നേഹത്തിന്റെ ഒരു വസന്തകാലം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പീലിവിടർത്തിയാടിയ നമ്മുടെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര.
ഈ യാത്രയിൽ ആർക്കുവേണമെങ്കിലും പങ്കുചേരാം. രജിസ്ട്രേഷൻ ഫീസോ അച്ഛനമ്മമാരുടേയോ രക്ഷിതാക്കളുടേയോ സമ്മതം ചോദിക്കാതെതന്നെ നീങ്ങൾക്ക് ഓരോരുത്തർക്കും ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ കൂടെ വരാം. ഈ അവധിക്കാലം ആനന്ദകരമാക്കുവാൻ ഒരു പഠന, ഉല്ലാസയാത്ര..
നമ്മുടെ വിഷയം കുടുംബമായതിനാൽ നമുക്ക് ഓരോരുത്തർക്കും നമ്മുടെ ആ പഴയ കുടിലുകളിലേക്കു സഞ്ചരിക്കാം. കാരണം അന്നും ഇന്നും ഏറ്റവും കൂടുതൽ സ്നേഹം അനുഭവേദ്യമാകുന്നത് കുടിലുകളിലാണ് എന്നാണ് എന്റെ ഒരു വിശ്വാസം, മറ്റുള്ളവയെ അപേക്ഷിച്ച്.
മഴയെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? മനുഷ്യരിൽ കുറവായിരിക്കും അല്ലേ... പക്ഷേ മൃഗങ്ങളിൽ ചിലരൊക്കെയുണ്ട് കേട്ടോ. അതിൽ നമുക്ക് ഏറ്റവും പരിചയമുള്ള ഒരു ഉദാഹരണമാണ് പൂച്ച. മഴയും വെള്ളവുമാണ് അതിന് ഏറ്റവും ഭയം. പക്ഷേ ദാഹിച്ചാൽ വെള്ളം വേണം കേട്ടോ.
കുട്ടിക്കാലത്തായിരിക്കും നമ്മൾ ഏറ്റവുമധികം മഴ നനഞ്ഞതും മഴയിൽ കളിച്ചതും മഴയിൽ കുളിച്ചതും അല്ലേ? ഇനി ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം എന്നാൽ ഒരിക്കലെങ്കിലും നമ്മൾ ഓരോരുത്തരും തിരിച്ചുവന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാലവും അതുതന്നെയാണ്. സ്നേഹത്തിന് മാനദണ്ഡങ്ങൾ കല്പിച്ചിട്ടില്ലാതിരുന്ന കുട്ടിക്കാലം.
നമ്മുടെ യാത്ര ഭൂതകാലത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് മറക്കരുത്. കാരണം ഈ യാത്ര ജീവിതത്തിന്റെ യൗവ്വനം പിന്നിട്ടവരുടെ ജീവിതത്തിലൂടെയാണ് അധികവും കടന്നുപോകുന്നത്. ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായ ഒരു സുന്ദരകാലം.
മഴയെക്കുറിച്ച് ഒരുപാട് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവന്നില്ലേ?
സ്കൂൾ തുറന്ന് പുതിയ സ്ലേറ്റും പുസ്തകവും പുതിയ വസ്ത്രങ്ങളും ധരിച്ച് പുതിയ ക്ലാസ്സിലേക്ക് ആദ്യമായി പോകുന്ന സമയത്ത് വിളിക്കാതെ വരുന്ന വിരുന്നുകാരനായിട്ടായിരുന്നു എന്റെ കുട്ടിക്കാലത്തെ മഴയുടെ തുടക്കം. പക്ഷേ ആ ചാറ്റൽമഴയിൽ ഓടിച്ചാടി ഒരു യാത്ര കൂട്ടുകാരോടും വീട്ടിനടുത്തുള്ളവരോടുമൊത്ത് ഒരു യാത്ര. അറിവിന്റേയും സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും പുതിയ തലങ്ങൾ നമുക്ക് പരിചിതമാക്കിത്തരുന്ന ഒരുകൂട്ടം സേവനസന്നദ്ധരായ അദ്ധ്യാപകരുടേയും ഗുരുക്കന്മാരുടേയും അരികിലേക്ക്.
നിഷ്കളങ്കമായ കുഞ്ഞുമനസ്സുകളിലേക്ക് പ്രതിഫലമാഗ്രഹിക്കാതെ അറിവും സ്നേഹവും പറഞ്ഞുതരുന്ന ഒരു വിഭാഗമായിരുന്നു അന്ന് അദ്ധ്യാപകർ. അതുകൊണ്ടാവാം അന്ന് ഏറ്റവുമധികം ബഹുമാനിക്കപ്പെട്ടിരുന്നത് അദ്ധ്യാപകരായിരുന്നത്. കെജി ക്ലാസ്സുകളെല്ലാം അജ്ഞാതമായ അക്കാലത്ത് ഒന്നാം ക്ലാസ്സിലെ ടീച്ചറായിരുന്നു ഏവർക്കും അക്ഷരം പഠിപ്പിച്ചത്. അതുകൊണ്ടാവാം ഒന്നാം ക്ലാസ്സിൽ നമ്മൾ എന്ത് പഠിച്ചുവോ അത് ഒരിക്കലും മറക്കാതിരിക്കുന്നത്. ഗുരുവിന്റെ സ്ഥാനത്ത് ആദ്യമായി പ്രതിഷ്ഠിക്കുന്നത് ഒന്നാം ക്ലാസ്സിലെ ടീച്ചറായിരുന്നു.
ഒന്നാം ക്ലാസ്സിലെ ഓലമേഞ്ഞ മേൽപ്പുരയിലെ നീണ്ടുകിടക്കുന്ന ഓലയിലൂടെ വരിവരിയായി ഒഴുകി മഴത്തുള്ളികൾ ഒരേ താളത്തിൽ താഴേക്ക് പതിക്കുന്നത് നോക്കിയിരുന്ന കുട്ടിക്കാലം. ക്ലാസ്സ്ടീച്ചറുടെ കണ്ണുതെറ്റിയാൽ ആ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ കൈക്കുമ്പിളിലാക്കുവാൻ കൊതിക്കുന്ന കുട്ടിക്കാലം. ആ വെള്ളമെടുത്ത് കൂട്ടുകാരനെ എറിയുന്നതും ഉമിനീരുതൊട്ട് മായ്ക്കാറുള്ള സ്ലേറ്റ് ആ മഴത്തുള്ളിയിൽ നനയിച്ച് കുപ്പായത്തിന്റെ ഒരറ്റംകൊണ്ട് നനക്കുന്ന കുട്ടിക്കാലം. മഴയുടെ ശീതനടിയിൽ കൂട്ടുകാരോട് ചേർന്നിരിക്കുന്ന ക്ലാസ്സ് മുറികൾ.
സ്വന്തമായി ഒരു കുട എന്നത് അക്കാലത്ത് പലർക്കും ഒരു സ്വപ്നമായിരുന്നു. ജലദോഷവും പനിയും മൂക്കൊലിപ്പും വിട്ടുമാറാത്ത കുട്ടിക്കാലം പക്ഷേ മഴയിൽ കളിക്കാൻ കൊതികൂട്ടുന്ന കാലം. ഇടവഴികളും തോടുകളും കുളങ്ങളും നിറഞ്ഞൊഴുകുന്ന മഴക്കാലം. തോടുകളിലേയും നടവഴികളിലേയും ഒഴുകുന്നതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ കാലുകൊണ്ട് പടക്കം പൊട്ടിച്ചുള്ള ഓട്ടം. പുസ്തകത്തിലെ പഴയ പേജുകൾ കീറിയെടുത്ത് കളിവഞ്ചിയുണ്ടാക്കൽ, നിറഞ്ഞു കവിഞ്ഞിരിക്കുന്നു പാടങ്ങൾക്കിടയിലൂടെ ഒഴുകുന്ന തോടുകളിലെ പരൽമീനുകളേയും മറ്റും കൈക്കുമ്പിളിലൂടെ പിടിക്കുവാനുള്ള മോഹം, ഈരിഴത്തോർത്തുകൊണ്ട് കൂട്ടുകാരൊത്ത് അവയെ പിടിക്കുന്നതെല്ലാം ഇപ്പോൾ നിങ്ങൾ കാണുന്നില്ലേ.. എല്ലാം കഴിഞ്ഞ് പനി പിടിച്ച് മൂടിപ്പുതച്ചു കിടക്കുന്നതും അമ്മ നനഞ്ഞതുണി നെറ്റിയിൽ പതിക്കുന്നതും ഗുളിക കഴിക്കാതെ ഛർദ്ദിച്ചു കളയുന്നതും കരച്ചിലും അടിയും എല്ലാം കാണാം അല്ലേ?
അതെല്ലാം കഴിഞ്ഞ് അമ്മയുടെ തലോടലും ആശ്വസിപ്പിക്കലും മാറോടുചേർക്കലും മൂർദ്ധാവിൽ ചുംബിക്കുന്നതും എല്ലാം കണ്ടില്ലേ?
അതിനപ്പുറത്ത് മറ്റുചില കാഴ്ചകൾക്കൂടി നമുക്ക് കാണാം. വേനൽ കഴിഞ്ഞ് വർഷം വരുംമുമ്പ് തന്റെ ഓലപ്പുര മേയാനാകാത്ത പാവം ചില അമ്മമാരുടെ വേവലാതിയുടെ ചിത്രങ്ങൾ. ചെറ്റക്കുടിലിന്റെ ഓരോ മുക്കിലും മൂലയിലുംവരെ ചോരുന്ന പുരകൾ. പുറത്ത് പെയ്യുന്ന മഴയേക്കാൾ ശക്തമായി കുടിലിനകത്തു പെയ്യുന്ന മഴ. അവിടവിടെയായി നിരത്തിവെച്ച പാത്രങ്ങളിലേക്ക് ചോർന്നൊലിക്കുന്ന മഴവെള്ളം. അടുപ്പുകൾ പോലും നനഞ്ഞുകുതിർന്ന ചില അടുക്കളകൾ. പട്ടിണിപ്പാവങ്ങളുടെ കണ്ണുനീർച്ചാലുകളൊഴുകുന്ന മഴക്കാലം.
പുഴയിലൂടെ നീന്തിത്തുടിക്കുന്ന താറാവുകൾ കൂട്ടത്തോടെ ഒരു ചങ്ങാടംപോലെ ഒരേവേഗതയിൽ ഒച്ചയിട്ടുകൊണ്ട് ഒഴുകുന്ന കാഴ്ചകൾ. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ താറാക്കൂട്ടങ്ങളുമായെത്തുന്ന ചിലർ. അവയുടെ കരച്ചിലും ഇരതേടലും. കൂട്ടത്തിൽ തലയെടുപ്പോടെ അഴകാർന്ന തൂവലോടെ പൂവൻ താറാവുകൾ.
കരകവിഞ്ഞൊഴുകുന്ന കടൽ. തിരമാലകൾ തീരത്തിലമരുന്ന ശബ്ദം അകലേക്ക് പ്രതിധ്വനിക്കുന്ന മഴക്കാലം. പട്ടിണിയുടെ പരിവേഷമണിഞ്ഞ മുക്കുവക്കുടിലുകൾ. ഭീതിയോടെ രാവുപുലരുവോളം ഉറക്കമില്ലാതെ കാവലിരിക്കുന്ന മുക്കുവർ. ഏതു സമയവും കടൽത്തിരമാലകൾ തങ്ങളുടെ കുടിലുകൾ തകർത്ത് അവരുടെ സ്വപ്നങ്ങളെ കടലിലാഴ്ത്തിയേക്കാമെന്ന ഭീതിയോടെ കടലമ്മയുടെ കനിവിനായി പ്രാർത്ഥനയോടെ കഴിയുന്നവർ.
മഴക്കാഴ്ച്ചകൾ ഇനിയുമേറെ. അന്തിയായിട്ടും വീടണയാത്ത അച്ഛനേയുംകാത്ത് കത്തിച്ച ചിമ്മിനിവിളക്കുമായി ഇടക്കിടക്ക് ദൂരേക്ക് നോക്കി കാണാതാവുമ്പോൾ നെടുവീർപ്പിട്ട് വിശന്നു കരയുന്ന കുഞ്ഞിനെ മടിയിൽ കിടത്തി കണ്ണുനീർ വീഴ്ത്തുന്ന അമ്മമാർ. അകലെ അച്ഛന്റെ ടോർച്ചിലെ വെളിച്ചം കാണുമ്പോൾ ആശ്വാസത്തോടെ വീടിന്റെ ഉമ്മറത്തേക്കെത്തുന്ന അമ്മ. സ്നേഹത്തോടെ കൈയിലെ പൊതി അമ്മയുടെ കൈകളിൽ കൊടുക്കുന്ന അച്ഛൻ. തോളിൽ കിടക്കുന്ന തോർത്തെടുത്ത് അച്ഛന്റെ തലയിൽ തോർത്തിക്കൊടുക്കുന്ന അമ്മ. ചിരിച്ചുകൊണ്ട് അല്പസമയം അമ്മയുടെ സ്നേഹത്തിന് കൂട്ടുനിന്ന് ആ തോർത്തുവാങ്ങി സ്വയം തോർത്തുന്ന അച്ഛൻ.
അച്ഛൻ നൽകിയ പൊതിയഴിച്ച് കഞ്ഞിവെക്കാനൊരുങ്ങുന്ന അമ്മയെ നോക്കി തളർന്നുറങ്ങുന്ന മക്കളുടെ അരികിലേക്ക് മിഠായിയോ അരിമുറുക്കോ മറ്റുമായി അവരെ വിളിച്ചുണർത്തുന്ന അച്ഛൻ. അച്ഛന്റെ പാത്രത്തിൽ വിളമ്പിയ കഞ്ഞിയിൽനിന്ന് മക്കൾക്ക് കോരിക്കൊടുക്കുമ്പോൾ സ്നേഹത്തോടെ വഴക്കുപറഞ്ഞ് തന്റെ പാത്രത്തിലെ കഞ്ഞി കോരിക്കൊടുക്കുന്ന അമ്മ. ആൺമക്കൾക്ക് കൂടുതലും പെൺമക്കൾക്ക് അവരേക്കാൾ അല്പം കുറവ് ഭക്ഷണം വിളമ്പിക്കൊടുത്ത് ആൺമക്കൾ വേഗം വളർന്ന് അച്ഛന്റെ നിഴലായി വീടിന് തുണയായി കൂടപ്പിറപ്പുകൾക്ക് തണലായി വളരാൻ വഴികാട്ടുന്ന അമ്മ. മക്കൾ അച്ഛനമ്മമാരുടെ സ്നേഹമറിഞ്ഞും അതുകണ്ടും വളരണമെന്ന് അന്നവർക്ക് നിർബന്ധമായിരുന്നു. അറിഞ്ഞും അറിയാതേയും അതിനുള്ള വഴികൾ അവർതന്നെ ഒരുക്കിത്തന്നു. വളർന്നു വരുന്ന അന്നത്തെ ഓരോ കുട്ടിയുടേയും റോൾ മോഡൽ അവരുടെ മാതാപിതാക്കൾ ആയിരുന്നു. അത് അവർക്ക് അഭിമാനവുമായിരുന്നു. ആൺമക്കളോട് അച്ഛനേപ്പോലെ ആവണം എന്ന് പല അമ്മമാരും അന്ന് പറയുമായിരുന്നു.
ഇതിനെല്ലാറ്റിനും പുറമേ അന്യം നിന്നുപോയ മറ്റൊരു വിഭാഗം കൂടി അന്ന് വീടുകളിൽ കാണാമായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും. അമ്മയേക്കാളും അച്ഛനേക്കാളും നിങ്ങളെയൊക്കെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത നിങ്ങളുടെ അമ്മൂമ്മയും അച്ചാച്ചനും... അല്ലേ...
ഓർത്തുനോക്കൂ... നിങ്ങളുടെ സ്നേഹനിധികളായ മുത്തശ്ശിയേയും മുത്തച്ഛനേയും... പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന മുത്തശ്ശി.. കാതിലോലയിട്ട, കാത് ഞാന്നുകിടക്കുന്ന, റൗക്കയിട്ട, മാറിൽ ഒരു നാടൻമുണ്ടിട്ടുകൊണ്ട് മാറുമറച്ച് , അരികിലൊരു ഊന്നുവടിയും വെച്ച്, വെറ്റില ചെല്ലത്തിൽനിന്ന് മുറുക്കാനെടുത്ത് മുറുക്കി തുപ്പുന്ന ചുവന്ന അധരങ്ങളും അരികിലൊരു തുപ്പൽ കോളാമ്പിയും... ഉമ്മറത്തെ നിവർത്തിയിട്ട പായയിൽ കാലുനീട്ടിയിരുന്ന് രാമരാമ എന്ന് നാമം ചൊല്ലുന്ന മുത്തശ്ശി.
ഭൂതത്താന്റേയും രാജാവിന്റേയും രാജകുമാരിയുടേയും കാക്കയുടേയും കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശി. ഭഗവാന്റെ മഹത്വവും ഈശ്വര ചിന്തകളും നിങ്ങളുടെ മനസ്സിൽ കഥകളിലൂടെ കോരിനിറക്കുന്ന , രാമായണവും മഹാഭാരതവുമെല്ലാം വായിക്കുന്ന കണ്ണടവെച്ച മുത്തശ്ശി... കണ്ണുകാണാത്ത മുത്തശ്ശിക്ക് കഞ്ഞി കോരിക്കൊടുക്കുന്ന അമ്മയുടെ ചിത്രം... അതും ഓർമ്മകളിൽ ഓടിയെത്തിയിരിക്കും..
അമ്മയും അച്ഛനും തമ്മിലുള്ള എന്തെങ്കിലും വഴക്കുണ്ടായാൽ രണ്ടുപേരേയും ഉപദേശിക്കുന്ന മുത്തച്ഛനും മുത്തശ്ശിയും. അമ്മയുടെ സങ്കടങ്ങൾ പങ്കുവെക്കുന്ന വിശ്വസ്ഥയായ മറ്റൊരമ്മ. ശരിയും തെറ്റും ചൂണ്ടിക്കാണിച്ച് തന്റെ മക്കൾക്ക് ഒരു നല്ല ജീവിതം ഉണ്ടാകണേയെന്ന് പ്രാർത്ഥനയോടെ ഒരായുസ്സ് തീർത്തൊരു മുത്തശ്ശി.
ഇന്നും മുത്തശ്ശിമാരുണ്ട്. പക്ഷേ അന്നത്തെ സ്നേഹം നൽകാറുണ്ടോ ഇന്ന് നിങ്ങൾ.. അന്ന് അതൊരു സന്തോഷമായിരുന്നെങ്കിൽ ഇന്ന് അതൊരു ഭാരവും ശാപവുമായി മാറിയിരിക്കുന്നു. ഇല്ലേ..
എന്തിനധികം അമ്മയും അച്ഛനും സഹോദരങ്ങളുമടക്കം ഇന്ന് പലർക്കും ഒരു ഭാരമാണ്. ആ ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ച് താനും തന്റെ പങ്കാളിയും മക്കളും മാത്രമുള്ള ഒരു കുടുംബം. ..ഇന്ന് അതാണ് പലരുടെയും സ്വപ്നം... ആഗ്രഹം. അവിടെ പലപ്പോഴും പലവിധ താളപ്പിഴകളും സംഭവിക്കുന്നു. കേട്ടറിഞ്ഞതോ പഠിച്ചതോ അല്ലാത്ത ചില പ്രായോഗിക ജീവിതത്തിന്റെ അനുഭവ സമ്പത്തിന്റെ കുറവ് അവിടെ അറിഞ്ഞും അറിയാതേയും ചില വിള്ളലുകൾ സൃഷ്ടിക്കുന്നു. നാഥനില്ലാക്കളരി പോലെ, മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവിനേപ്പോലെ, ബ്രാലില്ലാത്ത കുളത്തിലെ വട്ടുടി മൂപ്പൻ പോലെ... സ്വയം വലുതായും വലുതാക്കിയും മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം.
ഏതാണ് ശരിയെന്നോ ഏതാണ് തെറ്റെന്നോ നോക്കാതെ മറ്റുള്ളവരെപ്പോലെ ജീവിക്കാനുളള നെട്ടോട്ടമാണ് പിന്നെ. കാണുന്നില്ലേ ആ കാഴ്ച. നാടോടുമ്പോൾ നടുവേ ഓടണം. ഇല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ചെറുതായിപ്പോകും. വരുമാനത്തിന് അനുസരിച്ചുള്ള ഒരു ജീവിതം എന്നതിനേക്കാൾ ജീവിക്കാനുളള വരുമാനം കണ്ടെത്തുന്നത് പ്രവണതയാണ് ഇപ്പോൾ. കടം കടം കടം... സ്വസ്ഥതയില്ലായ്മ... നാളെ നേരം വെളുത്താൽ എന്തെന്നോർത്ത് ഇന്നത്തെ രാത്രിപോലും ഉറങ്ങുവാൻ കഴിയാത്ത അച്ഛൻ. ഇല്ലാത്തത് ഉണ്ടാക്കുവാൻ കഷ്ടപ്പെടുന്നവർ...
അവസാനം സ്വസ്ഥതയോടെ സമാധാനത്തോടെ സന്തോഷത്തോടെ സ്നേഹത്താടെ കുടുംബത്തോടെ ജീവിച്ചിരുന്ന ആ പഴയ കാലത്തെക്കുറിച്ചോർത്ത് നെടുവീർപ്പിടുന്നവർ... അതാണ് ഇന്ന് പല മാതാപിതാക്കളുടേയും അവസ്ഥ. എഴുതിയാൽ തീരാത്ത കഥകൾ നിറഞ്ഞ കുടുംബം. കൂടുമ്പോൾ ഇമ്പമുള്ളതാകുവാൻ പാടുപെടുന്നവർ.....
വെറുതെ ചില ചിന്തകൾ....മുമ്പെപ്പോഴൊ എഴുതിയതിൽ കൂട്ടിച്ചേർത്തത്...
****മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക