Slider

ചതി

0


നിങ്ങളെന്നെ ചതിച്ചല്ലേ മനുഷ്യാ, കല്യാണം കഴിഞ്ഞ് ഒരാഴ്ചയല്ലേ ഞാൻ നിങ്ങളുടെ കൂടെ നിന്നുള്ളൂ എന്നിട്ടും എന്നോടിത് ചെയ്തല്ലോ
ആമീ നീ എന്താണ് പറഞ്ഞ് വരുന്നത്
നിങ്ങൾക്കൊന്നും അറിയില്ലല്ലേ വഞ്ചകാ ,ഇതാണോ കല്യാണം കഴിഞ്ഞാലും പഠിക്കാമെന്ന് പറഞ്ഞ് കെട്ടിയിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഗർഭിണിയായി, ഞാനെന്റെ കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും.ഏട്ടനറിയാവോ ചർദ്ദി കൂടിയിട്ട് ഞാൻ ഹോസ്റ്റലിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞ് കോളേജ് ഡയറക്ടർക്ക് പരാതി വരെ കൊടുത്തു. പിന്നെയാണറിഞ്ഞത് ഫുഡിന്റെ അല്ല നിങ്ങളുടെ ആണ് കുഴപ്പമെന്ന് .
എന്നാലും എന്റെ ആമീ, ഇതെങ്ങനെ സംഭവിച്ചു നമുക്കെവിടെയാണ് പിഴച്ചത്
അമ്മയോട് വിളിച്ച് പറഞ്ഞപ്പോൾ അമ്മ പറയുവാ വിവരം കൂടിയവർക്കാ അബദ്ധം കൂടുതൽ പറ്റുന്നതെന്ന് .
ഏട്ടൻ അവിടുത്തെ അമ്മയോട് കാര്യം പറ പഠനം തീരാതെ ഗർഭിണി ആയത് കൊണ്ട് എന്റെ അമ്മ നമ്മളെ കയ്യൊഴിഞ്ഞു
അയ്യോ എനിക്കെന്റെ അമ്മയോട് പറയാൻ പേടിയാവുന്നു ഞാൻ നാട് വിടാൻ പോവാ
എന്നാൽ ഞാൻ നിങ്ങളെ കൊല്ലും, വേഗം പോയി കാര്യം പറ, ഞാൻ കോളേജിൽ ഈ കാര്യം എങ്ങനെ പറയുമെന്ന ടെൻഷനിലാ , അന്ന് കല്യാണം വിളിക്കാൻ ചെന്നപ്പോഴേ പ്രിൻസിപ്പൽ പറഞ്ഞതാ അടുത്ത മാസം റിസർച്ച് തുടങ്ങുവാ അതിനിടയിൽ പണിയൊന്നും ഒപ്പിച്ചേക്കരുതെന്ന്.
നിനക്ക് നാണമുണ്ടോടാ ഇങ്ങനെ എന്റെ മുന്നിൽ വന്ന് നിൽക്കാൻ, ഇത്രയും നാളും കോളേജിലൊക്കെയും ഫസ്റ്റ് വാങ്ങി പഠിച്ച കൊച്ചാണ് അതിനെ പെണ്ണ് കാണാൻ ചെന്നപ്പോൾ PG ഞങ്ങൾ പഠിപ്പിച്ചോളാം എന്ന് ഞാനാണവർക്ക് വാക്ക് കൊടുത്തത് ആ വാക്കാണ് നീ തെറ്റിച്ചത് ,എന്തായാലും ഡോക്ടറെ കാണാൻ പോകാൻ അവളോട് 2 ദിവസം ലീവ് എടുത്ത് ഇങ്ങോട്ട് വരാൻ പറ.
ഏട്ടാ ഹോസ്റ്റലിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് വന്നിട്ടാണോ എന്നറിയില്ല ചെറിയൊരു ബ്ലീഡിങ്ങ്
വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം
കാര്യമായ കുഴപ്പമില്ല.പക്ഷെ ഇങ്ങനെ ഒരു ചെറിയ ബ്ലീഡിങ്ങ് കണ്ടത് കൊണ്ട് നല്ല റസ്റ്റ് എടുക്കണം യാത്ര ചെയ്യാൻ പാടില്ല
അയ്യോ ഡോക്ടർ ഞാൻ പി ജി ചെയ്യുവാ എനിക്ക് ക്ലാസിൽ പോണം
ഇതിലും വലുതല്ലല്ലോ കോഴ്സ്
..............................................
ഒരുപാട് ഉറക്കം നിന്ന് പഠിച്ചാണ് എൻട്രൻസ് എഴുതി കിട്ടിയത്, എല്ലാം നഷ്ടമായി ഇനി ക്ലാസ്സിൽ പോവാൻ പറ്റില്ല, സങ്കടം ഉണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞിന് വേണ്ടിയല്ലേ എന്ന് ഓർത്ത് ആശ്വസിച്ചു.
മോളേ ഞാൻ ഒരു കാര്യം പറയട്ടെ, ഏട്ടന്റെ അമ്മ ഒരു പാട് ദീർഘനിശ്വാസങ്ങൾ ഒന്നിച്ച് വിട്ടുകൊണ്ട് എന്റെ അടുത്തെത്തി
ഇതൊക്കെ നാട്ടിൽ പതിവാണ് മോൾക്ക് പഠിക്കാൻ പോകുന്നതാണ് ഇഷ്ടമെങ്കിൽ നമുക്കിത് കളയാം ഒരു കുഞ്ഞ് എപ്പോൾ വേണമെങ്കിലും ഉണ്ടാകും പഠിച്ച് ജോലിയൊക്കെ വാങ്ങിച്ചിട്ട് മതി കുഞ്ഞ്, ഇത് തന്നെയാ നിന്റെ അമ്മയുടെയും അഭിപ്രായം
വേണ്ടമ്മേ ഒരു ജീവനല്ലേ അത് വളർന്നോട്ടെ, എനിക്ക് പഠിക്കണ്ട
ഹലോ ആമിയല്ലേ ഞാൻ രമ്യയാ നീ എന്താ ക്ലാസ്സിൽ വരുന്നില്ലേ നീ ഇല്ലാത്തത് കൊണ്ട് നമ്മുടെ ക്ലാസ്സിലെ വീണ ഫസ്റ്റ് റാങ്ക് ഉറപ്പിച്ച് കുത്തിയിരുന്ന് പഠിക്കുവാ
ഏട്ടാ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നു എനിക്ക് പഠിക്കണം
ആമീ അമ്മ പറഞ്ഞ പോലെ കുട്ടി എപ്പ വേണമെങ്കിലും ഉണ്ടാവും, നാലാഴ്ചയല്ലേ അയിട്ടുള്ളൂ ഹൃദയമിടിപ്പ് പോലും തുടങ്ങിയിട്ടില്ല നമുക്ക് ഇതങ്ങ് മറക്കാം
ഏട്ടാ എന്റെ പ്രൊഫസറുടെ ഫ്രണ്ട് ഒരു
Dr. ജലജയുണ്ട് നമുക്ക് ആ മാഡത്തിനെ നാളെ പോയി കാണാം, മാഡം ഇങ്ങനെയുള്ള ഒരു പാട് കേസ് അറ്റന്റ് ചെയ്യുന്ന ആളാണ്
.............................................................
മാഡം, ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇങ്ങനെ സംഭവിച്ചത്, കല്യാണം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ, എനിക്ക് പഠിക്കാൻ വേണ്ടിയാ ഇത് വേണ്ടെന്ന് വെക്കുന്നത്
നിങ്ങൾ കല്യാണത്തിന് വേണ്ടി പിരീഡ്സിന്റെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ വല്ല ഗുളികയും കഴിച്ചായിരുന്നോ
കഴിച്ചു
അങ്ങനെയുള്ള ഗുളിക കഴിക്കുന്ന മാസങ്ങളിൽ ഓവുലേഷനിൽ മാറ്റം വരും അതാണ് നിങ്ങളുടെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ചത് ,അനാമികാ, ഞാൻ ഇപ്പോൾ ഇങ്ങനെയുള്ള കേസുകൾ എടുക്കാറില്ല.
മാഡം അങ്ങനെ പറയല്ലേ
താൻ പ്രൊഫസർ ലതയുടെ സ്റ്റുഡന്റ് ആയത് കൊണ്ട് തുറന്ന് പറയാം, എന്റെ മകൾ നാല് തവണ ഗർഭിണി ആയിട്ടും തനിയേ അബോർഷനായി പോയി .ഞാനീ പാപങ്ങളൊക്കെ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. തനിക്ക് അത്രക്ക് അത്യാവശ്യമാണെങ്കിൽ ഡോക്ടർ റീനയെ പോയി കാണൂ ഇതാ അഡ്രസ്സ്, റീന ഇങ്ങനെയുള്ള കേസ് മാത്രം അറ്റന്റ് ചെയ്യുന്ന ആളാണ് ,വീട്ടിൽ പോയി കണ്ടാൽ മതി.
...................................................
ഏട്ടാ ഇവിടെ എന്തോരം ആളാ, ഇവിടെ എല്ലാവരും നമ്മളെപ്പോലെ കൊലപാതകത്തിന് വന്നിരിക്കുന്നതാണോ
നീ ഒന്ന് മിണ്ടാതെ വാ ഞാനിവിടെ വിറക്കുവാ
ഡോക്ടർ, 5 മണിയാവും ആശുപത്രിയിൽ നിന്നെത്താൻ, കഴിഞ്ഞ നാല് തവണയും ഡോക്ടർ തന്നെയാ ഞങ്ങളെ സഹായിച്ചത് നല്ല ഡോക്ടറാ
എന്താ കേസ് അവിഹിതമാണോ
അക്കൂട്ടത്തിലൊരാൾ ഏട്ടനോട് ചോദിച്ചു
കല്യാണം കഴിക്കാത്തവർ മുതൽ വയസ്സാംകാലത്ത് അബദ്ധം പറ്റിയവർ വരെ ഡോക്ടറെ കാത്തിരിപ്പുണ്ട്
ഡോക്ടർ ,എനിക്ക് നാലാഴ്ചയായി
അപ്പോൾ പന്ത്രണ്ടായിരം രൂപ കൊണ്ട് വന്നാൽ ഗുളിക തരാം
അധികം സംസാരിക്കുന്നതിന് മുൻപേ അടുത്തയാൾ കയറി
ആറാഴ്ചയായി
അപ്പോൾ പതിനയ്യായിരം
മാഡം, രണ്ടാഴ്ച മുമ്പ് ഞങ്ങൾ വന്നപ്പോൾ പന്ത്രണ്ടായിരം എന്നല്ലേ പറഞ്ഞത്
അന്ന് നിങ്ങൾക്ക് മാനസാന്തരം വന്ന് വീട്ടിൽ പോയിട്ടല്ലേ, ഇനിയിപ്പോൾ പതിനഞ്ച് കിട്ടാതെ കാര്യം നടക്കില്ല
കൊലപാതകത്തിനായി പന്ത്രണ്ടായിരം രൂപ എണ്ണിക്കൊടുത്തപ്പോൾ ഒരു പൊതി ഗുളിക തന്നിട്ട് അവർ പറഞ്ഞു ഇത് നാലാഴ്ച മാത്രം ആയത് കൊണ്ട് ഈ ഗുളിക നാവിനടിയിൽ വെച്ചാൽ മാത്രം മതിയാവും ,പക്ഷെബ്ലീഡിങ്ങിന് ചാൻസുള്ളത് കൊണ്ട് വേണമെങ്കിൽ നാളെ രാവിലെ ഹോസ്പിറ്റലിൽ വന്നിട്ട് ഗുളിക കഴിച്ചാൽ മതി.
രാത്രി ഞങ്ങൾ രണ്ട് പേരും ഉറങ്ങിയില്ല, നാല് വർഷത്തെ പ്രണയത്തിനിടയിൽ പലപ്പോഴും ഞങ്ങൾ താലോലിച്ച ഒരു സ്വപ്നമായിരുന്നു ഈ ആദ്യത്തെകണ്മണി ,അഭിരാമിമോൾ. ഏട്ടൻ എന്റെ വയറ്റിൽ ചുംബിച്ച് അവളോട് മാപ്പ് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല
ഏട്ടാ നമുക്കിവളെ വളർത്താമെന്ന ചോദ്യത്തിന് രാത്രി എനിക്ക് കുടിക്കാനുള്ള പാലുമായി വന്ന അമ്മയാണ് മറുപടി പറഞ്ഞത്
രണ്ട് ദിവസം കഴിയുമ്പോൾ ഇതെല്ലാം മറക്കും ഈ സങ്കടവും മാറും നിങ്ങൾ കിടന്നുറങ്ങാൻ നോക്ക് രാവിലെ ആശുപത്രിയിൽ പോവേണ്ടതല്ലേ
വിറയ്ക്കുന്ന കാലുകളുമായി ഞങ്ങൾ കാഷ്വാലിറ്റിയിലേക്ക് നടന്നു , കുടുക്കിട്ട കയറുമായി ആരാച്ചാർ മുന്നിലേക്ക് വരുന്നത് പോലെ തോന്നി, ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു
അനാമിക ഗുളിക കഴിച്ചോ എന്ന സിസ്റ്ററുടെ ചോദ്യം കേട്ടാണ് കണ്ണ് തുറന്നത്
ഇല്ല, കഴിക്കാൻ പോകുന്നു
തൊട്ടപ്പുറത്തെ കട്ടിലിൽ പരിചയമുള്ള മുഖം, അതെ ഇതവൾ തന്നെ എന്റെ ക്ലാസ്സിലെ മെറിൻ, ഉടുപ്പിലാകെ ചോര കൈയ്യിലെ മുറിവ്, വച്ച് കെട്ടിയിട്ടുണ്ട്
എടീ എന്താ പറ്റിയേ
സ്വന്തം ഭർത്താവ് പോലും എന്നെ മച്ചിയെന്ന് വിളിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടീ, ഞാൻ ഞരമ്പ് മുറിച്ചു ,മരിക്കാൻ വേണ്ടി
ആദ്യം പറയാനൊന്ന് മടിച്ചെങ്കിലും പിന്നെ ആൾ കരഞ്ഞ് കൊണ്ട് പറഞ്ഞു
നിങ്ങൾക്കിടയിൽ ഇത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ
എടീ ആമീ ,ഫേസ് ബുക്കിലെ പ്രൊഫൈൽ ഫോട്ടോയിലും പരസ്പരം പൊക്കിയുള്ള പോസ്റ്റിലും കാണുന്നതല്ല ജീവിതം. ഒരു കുഞ്ഞില്ലാത്തതാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രശ്നം, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രശ്നം. നിങ്ങളൊക്കെ കരുതുംപോലെ ഗർഭിണി ആകുന്നത് ഒന്നിനും വേണ്ടി മാറ്റി വച്ചതല്ല ദൈവം തരാത്തതാണ്. നീയെന്താ ഇവിടെ
എനിക്ക് വിശേഷമുണ്ട് രാവിലെ മുതൽ ഒരു തലകറക്കം ഡോക്ടറെ കാണാൻ വന്നതാണ് .
കയ്യിലുണ്ടായിരുന്ന പന്ത്രാണ്ടായിരം രൂപയുടെ പൊതി ചവറ്റ് കൊട്ടിയലേക്കിറിഞ്ഞ് ഇറങ്ങുമ്പോൾ മനസ്സ് നിറയെ കുട്ടിയുടുപ്പകളും പൂമ്പാറ്റകളും അമ്മേ എന്ന കിളിക്കൊഞ്ചലും മാത്രമായിരുന്നു....
തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് ആ ഫോൺ കോൾ വരുന്നത് ,പ്രൊഫസർ ലത
എടോ അനാമിക ഞാൻ എല്ലാക്കാര്യവും പ്രിൻസിപ്പലുമായി സംസാരിച്ചു, തനിക്ക് കോളേജിനുത്ത് ഒരു വീടെടുത്ത് താമസിച്ച്കൂടേ പഠിക്കാനും റിസർച്ചിനുമുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾ ചെയ്ത് തരാം
എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.ഒന്നാം റാങ്കോടെ തന്നെ കോഴ്സ് പൂർത്തിയാക്കി.
ഈ ലോകത്ത് എന്റെ മകളുടെ പുഞ്ചിരിയേക്കാൾ വലുതല്ല ഒന്നും എന്ന സത്യം ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഇപ്പോഴും എന്റെ കുഞ്ഞിന്റെ കണ്ണിൽ നോക്കാൻ എനിക്ക് ഭയമാണ്, ഒരു നിമിഷമെങ്കിലും അവളെ കൊല്ലണമെന്ന് ചിന്തിച്ച് പോയതിന്, ഈ അമ്മക്ക് മാപ്പ് തരൂ.....

By AnamikaAami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo