നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയത്തിൽ പൊതിഞ്ഞ നോമ്പോർമ്മകൾ




————————————————
നോമ്പോർമ്മകൾ എത്തിനിൽക്കുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആ കാലത്താണ്. തറവാട്ടിൽ നിന്നും മാറി ഞങ്ങൾ വേറെ വീട് വെച്ചു താമസിക്കുന്ന സമയം .മൂത്തമ്മയും കുഞ്ഞുമോനും വല്ലിമ്മച്ചിയും ഒന്നും തൊട്ടരികിലില്ലാത്ത നോമ്പ് കാലം .
വൈകുന്നേരം നോമ്പുതുറന്ന് ഉമ്മയുണ്ടാക്കിയ പത്തിരിയും ഇറച്ചിക്കറിയും തരിക്കഞ്ഞിയും സമൂസയും ഫ്രൂട്സും എല്ലാം വാരി വലിച്ചു കഴിച്ച് മേൽ അനക്കാൻ വയ്യാതെ കട്ടിലിൽ മലർന്നു കിടക്കുന്ന ആ സമയം. നോമ്പുനോറ്റതിനേക്കാൾ ക്ഷീണമാണ് നോമ്പ് തുറന്നാൽ. മഗ്രിബ് നമസ്കരിക്കാൻ വേണ്ടി ഉമ്മ ഒരുപാട് വട്ടം വിളിച്ചാൽ മാത്രമേ കിടക്കയിൽ നിന്നും ശരീരം പൊങ്ങൂ ..എണീറ്റ് മെല്ലെ മെല്ലെ നടന്ന് ,ഒരു ചടങ്ങു പോലെ വേഗം നിസ്കരിച്ചു എണീറ്റ് പോരുമ്പോൾ ഉമ്മ അടുക്കളയിൽ നിന്നും വിളിച്ചുചോദിക്കും...
"ഇന്നും മെഷീനിൽ ഇട്ടു ല്ലേ"
അന്ന് ഞാനേറെ പ്രാഗത്ഭ്യം കാണിച്ചിരുന്ന ഒരു മേഖലയായിരുന്നു മെഷീനിലിട്ട പോലെ ചട പടാ വേഗത്തിൽ നിസ്കരിക്കൽ ..
ഒരു ഇളിഭ്യച്ചിരി പാസാക്കി കൊണ്ട് വീണ്ടും ബെഡിൽ പോയി കയറി കിടക്കും.
ഏഴരയോടനുബന്ധിച്ചാണ് രാത്രി നമസ്കാരത്തിനായി ഞങ്ങൾ എല്ലാവരും പള്ളിയിലേക്ക് പോയിക്കൊണ്ടിരുന്നത് .വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തുള്ള പള്ളിയിലായിരുന്നു നിസ്കാരം . പച്ചവിരിച്ച പാടത്തിന്റെ നടുവിലുള്ള ചെമ്മൺപാതയിലൂടെ ഒരുപറ്റം പെണ്ണുങ്ങളും ചെറിയ കുട്ടികളും നടക്കുന്ന നിലാവുള്ള രാത്രിയിലെ ആ കാഴ്ചകൾ . ഭക്തിസാന്ദ്രമായ പകലുകൾക്ക് നേരെ വിപരീതമായിരുന്നു ആ സമയം ..യാത്രയിലെ സംസാരങ്ങൾ എല്ലാം പാചകത്തിനെ പറ്റിയും ,ചിലരുടെയെല്ലാം അമ്മായിയമ്മമാരെയും നാത്തൂന്മാരെപ്പറ്റിയും എല്ലാം ഉള്ള ഏഷണികളും നിറഞ്ഞതായിരുന്നു ..കുട്ടികളുടെ കളിചിരികളും കരച്ചിലുകളും മുഴങ്ങിക്കേട്ട കുറേ നല്ല രാവുകൾ.
മഗ്‌രിബ് പോലും നിസ്കരിക്കാൻ മടിയുള്ള ഞാൻ രാത്രി നമസ്കാരത്തിന് പള്ളിയിലേക്ക് ഉള്ള യാത്ര ഏറെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു .
എന്താണെന്നോ ...?
ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന പ്രണയജോഡികൾ ആ സമയത്ത് ഞങ്ങളോടൊപ്പം പാടത്തുകൂടെ ചെമ്മൺപാത വഴി പള്ളിയിലേക്ക് വരാറുണ്ടായിരുന്നു.അവരായിരുന്നു ഞാൻ കണ്ട ആദ്യത്തെ ഷീലയും പ്രേം നസീറും .പ്രണയത്തെപ്പറ്റിയും ,പ്രേമത്തെപ്പറ്റിയും ഒന്നുമറിയാത്ത ആ ഒരു പ്രായത്തിൽ (സത്യായിട്ടും )ഇതെല്ലാം എന്ത് എന്ന് അറിയാനുള്ള ഒരു ജിജ്ഞാസയോടെ നടന്നിരുന്ന ഞാൻ എന്ന പെൺകുട്ടി അവർ തമ്മിലുള്ള ചേഷ്ടകളും സംസാരങ്ങളും പരിഭവങ്ങളും എന്റെ കുഞ്ഞിതട്ടത്തിന്റെ മറവിലൂടെ നോക്കി ക്കാണാൻ വളരെ താല്പര്യപ്പെട്ടിരുന്നു ന്ന് വേണം പറയാൻ . എന്താല്ലേ ?
വൈകുന്നേരം നോമ്പ് തുറക്കായി വീട്ടിലുണ്ടാക്കിയ സമൂസയോ ,
കട്ലറ്റൊ ,പഴംപൊരിയോ എന്തെങ്കിലും പൊതിഞ്ഞ് കൈയിൽ വെച്ചിട്ടുണ്ടാവും നമ്മുടെ ഈ ഷീല. സംസാരത്തിനും കൊഞ്ചലിനും കുഴയലിനുമിടയിൽ നസീർ ഓരോരോ കഷണങ്ങളായി അതെല്ലാം വായിലേക്ക് ഇടുന്നത് ഞാൻ അടങ്ങുന്ന പെൺകുട്ടികളുടെ സംഘം ഒളിഞ്ഞുനോക്കുമായിരുന്നു. ഇടക്ക് ഷീലയുടെ വായിലേക്കും നസീർ കഷണങ്ങൾ വെച്ച് കൊടുക്കും .ഷീലയുടെ മൂക്കിൻ തുമ്പത്ത് ഒരു വലിയ കാക്കപ്പുള്ളി ഉണ്ടായിരുന്നു .നാണം വല്ലാതെ മൂക്കുമ്പോൾ കാക്കപ്പുള്ളി മൈലാഞ്ചിയിട്ട് ചുവപ്പിച്ച വിരലുകളാൽ അമർത്തിപ്പിടിച്ച് ,പതുക്കെ ചിരിച്ചു തലകുനിച്ചായിരുന്നു ഷീല നടക്കൽ .ഇവരുടെ സംസാരം കേൾക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും എനിക്കായില്ല എന്നതായിരുന്നു എന്റെ ദുഃഖം . അത്ര പതിയെയായിരുന്നു രണ്ടിന്റെയും ആശയവിനിമയം .ഈ പ്രണയ ജോടികളെ ക്കുറിച്ചു കൂട്ടത്തിലെ മുതിർന്നവർക്കെല്ലാം അറിവുള്ളതുകൊണ്ട് കുട്ടികളായ ഞങ്ങൾക്ക് മാത്രമായിരുന്നു ആകാംക്ഷ ഉണ്ടായിരുന്നത് .
ഇവരുടെ പ്രേമ ലീലാ വിലാസങ്ങൾ കണ്ടു നേരം പോയത് അറിയാതെയാണ് പള്ളിയിലേക്ക് എത്തുക .നമസ്കാരം ന്ന് കേട്ടാലേ അന്ന് മനസ്സിന് ഭയങ്കര വിമ്മിഷ്ടമാണ് . ഈ പ്രണയക്കാഴ്ച നഷ്ടപ്പെടുത്താൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് മാത്രമാണ് പള്ളിയിലേക്ക് പോകുന്നത് തന്നെ . അത്രക്കും താല്പര്യം ഇല്ലാതെയായിരുന്നു നമസ്കാരത്തിനായി കൈ കെട്ടി നിൽക്കുക .ഓരോ നമസ്കാരം കഴിഞ്ഞുള്ള ചെറിയ ഇടവേള സമയത്തും എന്റെ കണ്ണുകൾ ചെന്നെത്തുക ഷീലയിലായിരുന്നു .അപ്പോഴും പ്രേമത്തിന്റെ ,നാണത്തിന്റെ ഒരു ചെറിയ ലാഞ്ചന മുഖത്ത് വെച്ച് ചെറുതായി പുഞ്ചിരിച്ചു കൊണ്ടായിരുന്നു ഷീല നമസ്കാരത്തിലൂsനീളമുണ്ടാവുക. തൊട്ടപ്പുറത്ത് തന്നെ ആണുങ്ങളുടെ കൂട്ടത്തിൽ നസീർ നിസ്കരികാൻ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നോ ആ മുഖത്ത് എന്നറിയില്ല .
നിസ്കാരം കഴിഞ്ഞ് ഏകദേശം ഒൻപതരയോടെ ഞങ്ങൾ പള്ളിപ്പറമ്പ് വഴിയായിരുന്നു തിരിച്ചു വീട്ടിലേക്ക് പോകാറുണ്ടായിരുന്നത് .അപ്പോഴും നസീർ അവിടെ കൃത്യമായി കാത്തുനിൽക്കുന്നുണ്ടാകും .പിന്നീട് അവർ രണ്ടുപേരും ഒന്നിച്ച് കുണുങ്ങിച്ചിരിച്ച് തമാശയും പറഞ്ഞു നടക്കുമ്പോൾ ഞങ്ങൾ അടങ്ങുന്ന പെൺകുട്ടികളുടെ സംഘം അവരെ പിന്തുടർന്ന് പിറകിൽ തന്നെ ഉണ്ടായിരിക്കും .അവർ അറിയുന്നുണ്ട് ഞങ്ങൾ പിറകിലുള്ളത് ,എന്നാലും അതൊരു വിഷയമേ അല്ലായിരുന്നു അവർക്ക് .
നിലാവുള്ള എത്രയെത്ര രാവുകളെ അവരുടെ പ്രണയം ധന്യമാക്കിയിരുന്നു എന്നറിയുമോ...
എന്റെ വീടും കഴിഞ്ഞായിരുന്നു നസീറിന്റെയും ഷീലയുടെയും വീടുകൾ .അതുകൊണ്ടുതന്നെ എനിക്ക് ഇത്തിരി സങ്കടമായിരുന്നു ബാക്കിയുള്ളവ ലീലാവിലാസങ്ങൾ കാണാൻ കഴിയില്ലല്ലോ എന്നോർത്തു ..എങ്കിലും സങ്കടം അമർത്തിപ്പിടിച്ചു ഞാൻ വീട്ടിലേക്ക് കയറും ,ഉമ്മയോടൊപ്പം.
നേരെ ചെന്ന് ടിവി ഓൺ ചെയ്യലാണ് അടുത്തപടി .കൂടെ വാലു പോലെ അനിയത്തിയും കാണും .ടി വി ക്കു മുമ്പിൽ ഞങ്ങൾക്ക് നല്ല ഒത്തൊരുമ ആയിരുന്നു .അപ്പോഴേക്കും ഉമ്മ പറയുന്നത് കേൾക്കാം ..
"നോമ്പാണ് ന്ന് ഒരു ഓർമ്മയൂല്ല്യ ലേ .. ആൾക്കാര് കാണും , കേൾക്കും...വേം ടി വി ഓഫാക്ക് .."
ഉമ്മക്ക് അന്നും ,ഇന്നും എന്നും പേടി ആൾക്കാരെയാണ്..എന്നാൽ ,അന്നേരമാണ് ജയ് ഹനുമാനും ഓം നമശിവായയും നൂർജഹാനും ജാസൂസ് വിജയുമെല്ലാം സംപ്രേഷണം ചെയ്യുന്ന സമയം. അല്ലാഹുവിൻറെ സ്തുതികീർത്തനങ്ങൾ പാടി വന്നു നേരെ ഹനുമാൻ ഭക്തിയിലേക്കും ശ്രീരാമ ഭക്തിയിലേക്കും ആഴ്ന്നു വീണ ആ നല്ല കുറേ രാവുകൾ.
ഇന്ന് ,ബാങ്കുപോലും കേൾക്കാനാവാത്ത ഒരു നാട്ടിലിരുന്ന് ,പാടത്തിന്റെ ഓരം ചേർന്നു രാത്രി നമസ്കാരത്തിന് പോകാനാകാതെ ,ഉമ്മയുണ്ടാക്കുന്ന നോമ്പു തുറ വിഭവങ്ങൾ രുചിക്കാനാവാതെ ,നോമ്പിന്റെ ഓർമ്മകൾ അയവിറക്കുമ്പോൾ ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ വികൃതികളും മനസ്സിന്റെ മടിത്തട്ടിൽ സുഖമുള്ള വിങ്ങലാണ് ..
ഓർമ്മകളിങ്ങനെ സർവ്വാഭരണവിഭൂഷിതരായി മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടിയായി പരിണമിച്ചു വീണ്ടും തിരിഞ്ഞു നോക്കാതിരിക്കാനും വയ്യ ..ഓർമ്മകളെ നോക്കി പുഞ്ചിരിക്കുമ്പോഴും കണ്ണീർ പൊഴിക്കാതിരിക്കാനുമാവുന്നില്ല .
വായിച്ചുകഴിഞ്ഞ് ചിലരുടെയെല്ലാം മനസ്സിൽ ഒരു സംശയം ,അല്ലെങ്കിൽ ഒരു ചോദ്യം ബാക്കി ഉണ്ടാവും .
ഷീലയും നസീറും കല്യാണം കഴിച്ചോ ,ഇല്ലയോ ?
അതെ ,ഷീലയും നസീറും കല്യാണം കഴിച്ചു സുഖമായിട്ട് കഴിയുന്നു .
ഷീലക്ക് കുട്ടികൾ മൂന്ന് , നസീറിന് രണ്ട് !
:ഫർസാന അലി :

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot