Showing posts with label ManojAbraham. Show all posts
Showing posts with label ManojAbraham. Show all posts

ഗുന്തർ സായിപ്പും ലില്ലിക്കുട്ടിയും -

Image may contain: 1 person, beard, selfie and closeup


"യുവർ ലാംഗ്വേജ് സൗണ്ട്സ് വെരി ഫെമിലിയർ റ്റു മീ"
ഇടവേളയിൽ കൂട്ടം കൂടി നിന്നു വെടി പറഞ്ഞു കാപ്പി കുടിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഗുന്തർ സായിപ്പ് ഒരു കൊക്കക്കോള കാനും കൈയ്യിൽ പിടിച്ചു തന്റെ പാലുപോലെ വെളുത്ത പല്ലു കാണിച്ച് ചിരിച്ചു കൊണ്ട് വന്നു.
"ഗുഡ് മോണിംഗ് മിസ്റ്റർ ഗുന്തർ " ഞങ്ങളുടെ എഞ്ചിനീറിംഗ് മാനേജർ കൊല്ലംകാരൻ സുരേഷ് കുമാർ പുള്ളിയെ വിഷ് ചെയ്തു.
ജർമ്മനിയിൽ നിന്നും പുതിതായി എത്തിയ യന്ത്രത്തിന്റെ പരിശീലനം നൽകുന്നതിനു വേണ്ടിയാണ് സായിപ്പ് വന്നിരിക്കുന്നത്. അൻപതിനോടടുത്ത് വയസ്സുണ്ടാകും പുള്ളിക്ക്. ആറടിപ്പൊക്കം മസ്സിലുകൾ നിറഞ്ഞ കൈകളും തോളുകളും. വയർ ലവലേശമില്ല. കണ്ടാൽത്തന്നെ അറിയാം ആളൊരു "ഫിറ്റ്നസ്സ് ഫ്രീക്ക് " ആണെന്ന്.
"നിങ്ങൾ ഏതു ഭാഷയാണ് സംസാരിക്കുന്നത്, ഈ ഭാഷ എനിക്ക് നല്ല പരിചയമുള്ളതുപോലെ തോന്നുന്നു " പുള്ളി പിന്നേയും ഞങ്ങളോടു ചോദിച്ചു.
ഞങ്ങൾ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്നാണെന്നും മലയാളം എന്ന ഭാഷയാണ് സംസാരിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
" ആഹാ കേരലാ, ഐ നോ കേരലാ" സായിപ്പിനു ഭയങ്കര സന്തോഷം.
സായിപ്പിനെന്താണ് ഇത്ര സന്തോഷമെന്ന് ആർക്കും മനസ്സിലായില്ല.
"ഇയാൾ ഏതു കോത്താഴത്തുകാരനാ " എന്ന് കാഞ്ഞിരപ്പള്ളിക്കാരൻ ജയിംസ് പുള്ളിയെ കളിയാക്കുന്നമട്ടിൽ ചോദിച്ചു.
" യേസ്സ് കോത്തായം കോത്തായം "
"ഐ ബീൻ റ്റു കോത്തായം മെനി ടൈംമ്സ്.
മൈ വൈഫ് ഈസ് ഫ്രം കോത്തായം".
പുള്ളി കോട്ടയത്തു പോയിട്ടുണ്ടെന്നും ഭാര്യ കോട്ടയംകാരിയാണെന്നുമറിഞ്ഞ് ഞങ്ങളെല്ലാം അത്ഭുതപ്പെട്ടു.
നെതർലാൻസിന്റെ അതിർത്തിയിലുള്ള ജർമ്മനിയുടെ ചെറുപട്ടണമായ ഡിൻസ്ലേക്കൺ (Dinslaken) ആണ് പുള്ളിയുടെ നാട്. അവിടെയുള്ള ഗവൺമെന്റ് ജനറൽ ആശുപത്രയിൽ ജോലി ചെയ്യുന്ന ലില്ലിക്കുട്ടിയെ പ്രേമിച്ച് കെട്ടിയതാണ്. ഒരു ബൈക്ക് അപകടത്തിൽ പെട്ട് ജീവൻമരണ പ്പോരാട്ടം നടത്തിയ ഗുന്തറിനെ മൂന്നു മാസത്തോളം ശുശ്രൂഷിച്ച ലില്ലിക്കുട്ടിയെ അയാൾ ജീവിത സഖിയാക്കി. രണ്ട് ആൺകുട്ടികളാണ് അവർക്ക്.
ഇടവേളകളിൽ ഞങ്ങളുടെ കേന്ദ്രബിന്ദുവായി സായിപ്പ്. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന തരമായിരുന്നു അയാൾ.
" ഇന്ത്യൻ സ്ത്രീകൾ വിവാഹത്തിനെ ഇത്ര സുരക്ഷിതമായിക്കരുതുന്നത് എന്തുകൊണ്ടാണ്?"
ഞാനും സായിപ്പുമാത്രം ഉണ്ടായിരുന്ന ഒരു ഇടവേളയിൽ പുള്ളി ചോദിച്ചു.
"എന്തു പറ്റി ഗുന്തർ?''
" She was so beautiful when I met her."
അയാൾ വിദൂരത്തിലേക്ക് നോക്കി നിശബ്ദനായി.
"രാവിലെ ജോഗിങ്ങിനു പോകുമ്പോൾ ഞാനെന്നും വിളിക്കും പക്ഷേ ഒരിക്കൽ പോലും അവൾ വന്നിട്ടില്ല. ഒരിക്കലും വ്യായാമം ചെയ്യില്ല, കണ്ടതെല്ലാം തിന്നും, സെക്സിൽ താൽപര്യമില്ല."
അയാൾ തുടർന്നു.
എന്റെ പൊന്നു ലില്ലിക്കുട്ടി, ചേച്ചിയുടെ കാര്യം പോക്കാണല്ലോ എന്നാണ് എനിക്ക് മനസ്സിൽ തോന്നിയത്.
ഏകദേശം ഒരു മാസത്തോളം ഗുന്തർ കമ്പനിയിലുണ്ടായിരുന്നു. ജിജ്ഞാസ ഉണ്ടായിരുന്നെങ്കിലും അയാളുടെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയൊന്നും പിന്നീട് ഞാൻ ചേദിച്ചില്ല.
വർഷങ്ങളോളം ലില്ലിക്കുട്ടി എന്റെ മനസിൽ മായാതെ കിടന്നു. ഭാര്യയോടും ഈ കഥ പല തവണ പറഞ്ഞിട്ടുണ്ട്.
ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം Festo എന്ന ജർമ്മൻ കമ്പനിയിൽ വച്ച് യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടു മുട്ടുകയുണ്ടായി.
"ലില്ലിക്കുട്ടി?''
"ഹാ , ഐ ഡിവോഴ്സ്ഡ് ഹെർ ഫിഫ്റ്റീൻ ഇയേഴ്സ് എഗോ."
എനിക്ക് അൽഭുതമൊന്നും തോന്നിയില്ല.
ഗുന്തർ പേഴ്സിൽ നിന്നും ഒരു ഫോട്ടോ എടുത്തു കാണിച്ചു.
"ദിസ് ഈസ് മൈ ന്യൂ വൈഫ് . വി ഗോട്ട് മാരീഡ് റ്റു ഇയേഴ്സ് എഗോ "
ബേനസീർ ഭൂട്ടോയെ പോലെയിരിക്കുന്ന ചുരിദാറണിഞ്ഞ ഒരു സുന്ദരി.
Festo Pakistan ന്റെ മേധാവിയാണെന്നും അവിടെ വെച്ചാണ് തന്റെ പുതിയ ഭാര്യയെ കണ്ടുമുട്ടിയതെന്നും ഗുന്തർ പറഞ്ഞു.
എന്നെങ്കിലുമൊരിക്കൽ വീണ്ടും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
അന്നും ഇന്നും ലില്ലിക്കുട്ടി മനസിൽ മായാതെ കിടക്കുന്നു............................
മനോജ് തെനെപ്ലാക്കൽ ഏബ്രഹാം
190518

കെടാത്ത തീ

Image may contain: 1 person, beard, closeup and indoor

 ഹലോ ഡാർലിംങ് "
" എന്നാ ചേട്ടാ ഈ സമയത്തൊരു ഫോൺ വിളി "
" അതോ, ഞാൻ ചോറുണ്ണാൻ വീട്ടിലോട്ട് വന്നാലോ എന്നാലോചിക്കുകയായിരുന്നു "
" അപ്പം ചോറ്റുപാത്രത്തിൽ ഞാൻ തന്നു വിട്ടതോ''?
" അതു കയ്യിലൊണ്ടെടീ. ഞാനിവിടടുത്ത് ഒരാളെ കാണാൻ വന്നതാ. തിരിച്ചു കമ്പനിയിൽ പോയി ചോറുണ്ണാൻ വൈകും അതുകൊണ്ടാ." "പിന്നെയേ "!!!
" പിന്നെയെന്നാ "? ജാൻസിക്ക് മുഷിഞ്ഞു.
"കുഞ്ഞിന് ചോറു കൊടുത്ത് കുറച്ച് നേരത്തെ ഉറക്കിക്കോ '' ഹി ഹി
" ചേട്ടന്റെ ഈ കിളി എനിക്കത്ര പിടിക്കുന്നില്ല കേട്ടോ. എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണിയൊണ്ട്. ചേട്ടൻ കൊറച്ചു താമസിച്ചുണ്ടാമതി. ഞാൻ വെക്കട്ടെ." അവൾ ഫോൺ യാതൊരു ദാഷിണ്യവും ഇല്ലാതെ വച്ചു കളഞ്ഞു.
പാവം ജയിംസ് ഇളിഭ്യനായി പതിയെ കാറോടിച്ചു കൊണ്ട് കമ്പനിയിലേക്ക് പോയി.
ജയിംസിനും ജാൻസിക്കും മൂന്ന് ആൺമക്കളാണ്. മൂത്തവൻ പത്തിലെത്തി. രണ്ടാമത്തവൻ ആറിൽ. ഇളയതിന് രണ്ടു വയസ്സാകുന്നതേയുള്ളൂ. യന്ത്ര നിർമ്മാണ കമ്പനി നടത്തുന്ന ജയിംസിന്റെ ഒന്നാം വീട് കമ്പനിയാണ്. ഭാര്യയും മക്കളുമെല്ലാം അതു കഴിഞ്ഞേയുള്ളൂ.
ഞായറാഴ്ചയെങ്കിലും വീട്ടിലിരുന്നുകൂടെ എന്നു ജാൻസി ഇടക്കെങ്ങാനും ചോദിച്ചാൽ " നിങ്ങൾക്കെല്ലാം ഇവിടെയെന്നാ ഒരു കുറവ് " എന്നു ചോദിച്ച് വായടപ്പിക്കും.
ശരിയാണ് ജാൻസി ഓർത്തു. ഒരു കുറവുമില്ല. വലിയ വീട് ,അത്യാധുനിക വീട്ടുപകരണങ്ങൾ, രണ്ടു കാറ് ,സ്കൂട്ടറ് എന്ന വേണ്ട എല്ലാവരും അസൂയപ്പെടുന്ന ജീവിതമായിരുന്നു അവരുടേത്.
സ്വന്തമായി ബിസിനസ്സ് തുടങ്ങിയതുമുതലാണ് ജയിംസ് ഇങ്ങനെ മാറിയതെന്ന് ജാൻസി ഓർത്തു. പണ്ട് ഇങ്ങനെയായിരുന്നില്ല. എണ്ണിച്ചുട്ടപ്പം പോലെ എല്ലാ മാസവും കിട്ടുന്ന തുക തികയുമായിരുന്നില്ലെങ്കിൽ കൂടെ ആ വീടൊരു സ്വർഗ്ഗമായിരുന്നു.
സത്യത്തിൽ ജയിംസിനെ നിർബന്ധിച്ച് കമ്പനി തുടങ്ങിച്ചത് താൻ തന്നെയാണല്ലോ. പക്ഷേ ആളിങ്ങനെ മാറുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ജയിംസിന്റെ പ്രശ്നം അതായിരുന്നില്ല. മൂന്നാമത്തെ പ്രസവത്തോടെ ജാൻസിക്ക് കിടപ്പറ കലാപരിപാടികളിൽ തീരെ താൽപര്യമില്ല. അതു മാത്രമല്ല പണ്ടേ പോലെ സൗന്ദര്യത്തിലും തീരെ നോട്ടമില്ല.
എങ്ങനെയിരുന്നവളാണിവൾ ജയിംസിന്റെ ഓർമ്മകൾ കോളേജ് കാലത്തിലേക്ക് പറന്നു. കോളേജിലെ കായികതാരം ഇപ്പോൾ തടിച്ച് വീപ്പക്കുറ്റി പോലായിരിക്കുന്നു.
ജയിംസ് നാൽപ്പത്തഞ്ചാം വയസിലും മുപ്പതുകാരന്റെ യുവത്വം സൂക്ഷിക്കുന്നു. എന്നും രാവിലെ ട്രെഡ്മില്ലിൽ അഞ്ച് കിലോമീറ്റർ ഓടും, അഴ്ചയിൽ മൂന്നുദിവസം വീട്ടിലെ ജിമ്മിൽ കസർത്ത് നടത്തും. മക്കളെ മസിൽ മുഴുപ്പിച്ചു കാണിക്കും.
"എന്റെ ജാൻസി നീ പോയി കാടുപോലെ വളർന്ന ആ പുരികം ഒക്കെ ത്രെഡ്ഡിംങ് ചെയ്ത് ഒരു ഫേഷ്യൽ ഒക്കെ ചെയ്ത് പഴേ പോലെ ഒന്നു സുന്ദരിയാവടീ"
"എന്നെ ഇങ്ങനെയൊക്കെ ഇഷ്ടപ്പെട്ടാൽ മതി"
രാത്രിയായിക്കഴിഞ്ഞാൽ കുഞ്ഞിന് എത്ര മുലകുടിച്ചാലും മതിയാവുകയില്ല.
" അവന് കുറച്ച് പീഡിയഷൂർ കലക്കിക്കൊടുത്താൽ കിടന്നുറങ്ങിക്കോളും " ജയിംസ് പറഞ്ഞു നോക്കി.
" എന്നാലും നിങ്ങടെയല്ലേ വിത്ത് "
അല്പം സ്പർശനസുഖത്തിനായി പുറകിൽ പറ്റിച്ചേർന്നു കിടന്നാൽ അപ്പം കിട്ടും കൈമുട്ടു കൊണ്ട് വാരിയെല്ലിന് കുത്തും കാലുകൊണ്ടൊരു തൊഴീം. പശുപോലും കറക്കാൻ ചെല്ലുമ്പം കുത്തും തൊഴിം ഒന്നിച്ച് തരികയില്ല.
അങ്ങനെ ജയിംസിന്റെ കാര്യങ്ങളെല്ലാം അവതാളത്തിലായി. കമ്പനിയും ചങ്ങാതിമാരുമായി പിന്നെ ജയിംസിന്റെ ലോകം.
ആയിടക്ക് ജാൻസിയുടെ മൂത്ത ചേച്ചിയുടെ മകളുടെ കല്ല്യാണക്ഷണം വന്നു. ഭർത്താവ് വിദേശത്തായിരുന്നതുകൊണ്ട് ചേച്ചിയും കുഞ്ഞും അമ്മ വീട്ടീലാണ് താമസിച്ചിരുന്നത്. അഞ്ചു വയസുവരെ ഒക്കെത്തെടുത്തു നടന്നു വളർത്തിയ കുഞ്ഞിന്റെ കല്യാണമാണ്. ജാൻസിയുടെ ഉൽസാഹമെല്ലാം തിരിച്ചു വന്നു. ആരും പറയാതെ തന്നെ അവൾ ബ്യൂട്ടി പാർലറിൽ പോയി. രാത്രി വീട്ടിലെത്തിയ ജയിംസ് സുന്ദരിയായ ജാൻസിയെക്കണ്ടന്തം വിട്ടു. അവൾ കല്യാണത്തിനു പോകാൻ മേടിച്ച പുതിയ പട്ടുസാരിയുടുത്ത് നിലക്കണ്ണാടിയിൽ സൗന്ദര്യം നോക്കുകയാണ്.
" എങ്ങനെയുണ്ട് ചേട്ടാ കല്യാണത്തിന് ഇത്രേം ഒക്കെപ്പോരെ. ഇപ്പം ചേട്ടന്റെ പരാതി തീർന്നല്ലോ"
ജയിംസവളെക്കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ നോക്കി. " തൊടണ്ട അഭിപ്രായം പറഞ്ഞാൽ മതി" ജാൻസി ജയിംസിനെ തള്ളി മാറ്റി.
"ങാ സുന്ദരിയൊക്കെയായി പക്ഷേ ഉപകാരവൊന്നുവില്ലല്ലോ ''
" അതേ ഉപകാരമൊക്കെ ഉണ്ടാകണമെങ്കിൽ നേരത്തും കാലത്തും വീട്ടിൽ വരണം. കമ്പനി തുടങ്ങിയതിനു ശേഷം നിങ്ങൾ എന്നെങ്കിലും രാത്രി പത്തു മണിക്ക് മുമ്പേ വീട്ടിലെത്തിയിട്ടുണ്ടോ ? വീട്ടിലെ കാര്യങ്ങൾ എന്തെങ്കിലും നോക്കാറുണ്ടോ. അടുക്കളപ്പണി, വീട് വ്യത്തിയാക്കൽ, തുണിയലക്ക്, മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങിക്കൽ, മക്കളുടെ ഹോം വർക്ക്, PTA മീറ്റിംഗ് എന്തിന് അവരുടെ സ്പോട്സ് ഡേക്ക് പോലും നിങ്ങൾ ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഈ ചെറു തിനേം കൊണ്ടലഞ്ഞെന്റെ നടുവൊടിഞ്ഞു. ഇതിന്റെsക്കാ നിങ്ങടെ ശൃംഗാരത്തിന് നേരം.
"നിങ്ങൾക്ക് വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെടുന്നത്. "
"ആ കണക്കൊന്നും ഇനി ചേട്ടൻ പറയണ്ട. കൂട്ടുകാരുടെ കൂടെ ബാറിലിരുന്ന് കള്ളുകുടിക്കുന്നത് എനിക്കും പിള്ളേർക്കും വേണ്ടിയാണോ "?
"ങേ ഇതവളെങ്ങനെ അറിഞ്ഞു. ഇവളുടെ എരണം കെട്ട അനിയൻ എന്റെ കുഞ്ഞളിയൻ പറഞ്ഞു കൊടുത്തതാവും. ഞാൻ മേടിച്ചു കൊടുത്ത കള്ളും കുടിച്ചിട്ട് എനിക്കിട്ട് പാര വെക്കുന്നോടാ മരമാക്രി. അടുത്ത തവണ വരട്ടെ. വച്ചിട്ടൊണ്ടവന് "
സാരിയെന്ന് വച്ചാൽ ജാൻസിക്ക് ജീവനാണ്. വീട്ടിലുടുക്കുന്നതും സാരിയാണ്. ജയിംസിനാണെങ്കിൽ സാരിയോടത്ര താൽപര്യമില്ല. തയ്യൽ വിദ്യ കണ്ടു പിടിക്കുന്നതിന് മുമ്പ് സ്ത്രീകൾ ഉടുത്തിരുന്നതാണ് സാരി എന്നും പറഞ്ഞ് ജാൻസിയെ കളിയാക്കും. എന്നാലും ജാൻസി സാരി മടക്കിക്കുത്തി തുമ്പ് എളിയിൽത്തിരുകി വീട്ടുജോലികളൊക്കെ ചെയ്യുന്നത് കാണാനൊരു ചന്തമാണ്. പലപ്പോഴായി അവൾക്കു വേണ്ടി മേടിച്ചു വച്ച ചുരിദാറുകൾ അലമാരിയിൽ വർഷങ്ങളായി പൊടിപിടിച്ചിരിക്കുന്നു. അതെല്ലാം മരുമകൾക്ക് നേറ്റിയിടാൻ കൊടുക്കാമെന്ന് ജയിംസ് കളി പറയും.
ഏതായാലും കാര്യങ്ങളൊക്കെ കൈവിട്ടു പോകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച ജയിംസ് വിദേശത്തുള്ള തന്റെ ആത്മാത്ഥ സുഹൃത്തിനോട് കാര്യം പറഞ്ഞു. സുഹ്യത്തിന്റെ ഉപദേശമനുസരിച്ച് ഡി.സി. ബുക്സിൽ നിന്നും ഓൺലൈനിൽ ആ മഹത് ഗ്രന്ഥം രഹസ്യമായി കമ്പനിയിലേക്ക് വരുത്തിച്ചു.
കമ്പനിയിലെ ക്യാബിന്റെ വാതിൽ അകത്തു നിന്നും പൂട്ടിയതിനു ശേഷം പതിയെ വിറക്കുന്ന കൈകൾ കൊണ്ട് പൊതി പൊട്ടിച്ച് ആ സുവിശേഷ ഗ്രന്ഥം തുറന്നു നോക്കിയ ജയിംസിന്റെ കണ്ണുകൾ കുഴിയിൽ നിന്നും പുറത്ത് ചാടി. ചിത്രങ്ങൾ അടക്കം സകല വിശദീകരണങ്ങളും കൊടുത്തിരിക്കുന്നു. ഒന്നാം ദൗത്യം കഴിഞ്ഞിരിക്കുന്നു. രണ്ടാം ദൗത്യം നായികയെ പഴയ കായിക താരമാക്കുക എന്നതായിരുന്നു. കാരണം സുവിശേഷത്തിൽ കാണിച്ചിരിക്കുന്ന പല കാര്യങ്ങളും ചെയ്യണമെങ്കിൽ ഒന്നുകിൽ യോഗ പഠിക്കണം അല്ലെങ്കിൽ ജിംനാസ്റ്റിക്സ്.
ഒരു തരത്തിൽ സുവിശേഷ ഗ്രന്ഥം വീട്ടിലെത്തിച്ച് ചുരിദാറുകളുടെ ഇടയിൽ ഒളിപ്പിച്ചു വച്ചു. മാസങ്ങൾ കഴിഞ്ഞു. അതിനിടക്ക് മോഡി ജി പ്രധാൻ മന്ത്രി ബൻ ഗയാ. സ്ക്കൂളുകളിൽ യോഗ നിർബന്ധമാക്കി. വീടിനടുത്ത് പലയിടങ്ങളിലും യോഗ കേന്ദ്രങ്ങൾ മുളച്ചുപൊങ്ങി.
ഒരു ദിവസം നേരത്തെ എത്തിയ ജയിംസ് ജാൻസിയെ വീട്ടിൽ കണ്ടില്ല.
"മമ്മി അപ്പുറത്തെ വീട്ടിലെ ആന്റിയുടെ കൂടെ യോഗ പഠിക്കാൻ പോയിരിക്കുവാ പപ്പാ " എന്ന് മൂത്തവൻ പറഞ്ഞു. ആഹാ കാര്യങ്ങളൊക്കെ എന്റെ വഴിക്ക് വരുന്നുണ്ടല്ലോ എന്നോർത്ത് സന്തോഷിച്ചു. യോഗ കഴിഞ്ഞെത്തിയ ജാൻസിയെ ജയിംസ് ആവോളം അഭിനന്ദിച്ചു. ഇളയവനെ എടുത്ത് മുകളിലേക്ക് പലവട്ടം എറിഞ്ഞ് കളിപ്പിച്ചു.
എന്നാലും ഇളയവൻ മുലകുടി നിർത്തിയിട്ടില്ല. നാലു വയസ്സു വരെയെങ്കിലും കുടിപ്പിക്കുമെന്ന വാശിയിലാണ് ജാൻസി.
യോഗാ മാസ്റ്ററുടെ ഉപദേശമനുസരിച്ച് പൈജാമ്മയും ടീ ഷർട്ടും വാങ്ങുന്നതിനായി കാറെടുത്ത് പാതി വഴിയെത്തിപ്പോഴാണ് വീട്ടിൽ ചുരിദാറുകൾ ഇരുന്ന് പൂത്തു പോകുന്നതവൾക്ക് ഓർമ്മ വന്നത്. കുഞ്ഞിന് കുറച്ചുടുപ്പും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങി തിരിച്ചെത്തിയ ജാൻസി ചുരിദാറുകളെല്ലാം കൂടി വലിച്ചെടുത്ത് കട്ടിലിലിട്ടു. ടപ്പോന്ന് തറയിൽ വീണ സുവിശേഷം അവളെ നോക്കി ചിരിച്ചു.
അന്നു വൈകിട്ട് വീട്ടിലെത്തിയ ജയിംസ് കാണുന്നത് മക്കളിരുന്ന് പീറ്റ്സാ തിന്നുന്നതാണ്. രണ്ടു വയസുകാരനും തറയിലിരുന്ന് ഒരു കഷണം കടിച്ചു വലിക്കുന്നുണ്ട്.
" എന്നാ പറ്റി മക്കളെ മമ്മിയിന്ന് ഒന്നും ഒണ്ടാക്കിയില്ലേ "?
" മമ്മിയിന്ന് ഭയങ്കര വഴക്കാ പപ്പാ. ഇന്നൊന്നും ഉണ്ടാക്കുവേല വേണങ്കിൽ വല്ലതും ഓർഡർ ചെയ്തു കഴിച്ചോളാൻ പറഞ്ഞു. " ജയിംസിന് ഫാസ്റ്റ് ഫുഡ്ഡിനോട് താൽപര്യമില്ല. പുറത്തു പോകുമ്പോൾ കുട്ടികളുടെ ശല്ല്യം സഹിക്കവയ്യാതെ വാങ്ങിക്കൊടുക്കും അല്ലാതെ ഈ വക സാധനങ്ങൾ വീട്ടിൽ കേറ്റരുതെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. "പപ്പായി "എന്നും പറഞ്ഞോടി വന്ന കുഞ്ഞിനെ വാരിയെടുത്ത് ജയിംസ് വാതിലിൽ മുട്ടി.
"എന്നെ ശല്യപ്പെടുത്താതെ പോകുന്നുണ്ടോ " മമ്മിയുടെ ഉച്ചത്തിലുള്ള ആട്ടു കേട്ട് തിരിഞ്ഞു നോക്കിയ മക്കളെ ജയിംസ് കണ്ണിറുക്കിക്കാണിച്ചു.
"വാതിലൊന്നു തുറക്കെന്റ ജാൻസി. കുഞ്ഞിന് പാലെങ്കിലും കൊടുക്ക് "
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം വാതിൽ അല്ലം തുറന്ന് ജയിംസിന്റെ കയ്യിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് വീണ്ടും കൊട്ടിയടച്ചു.
അന്നു രാത്രി പീറ്റ്സാ രണ്ടു കഷണം കഴിച്ച് പച്ച വെള്ളവും കുടിച്ചിട്ട് ജയിംസ് സോഫായിൽ കിടന്നുറങ്ങി.
പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്നു. ബെഡ് റൂമിന്റെ വാതിലിൽ മുട്ടാൻ കയ്യോങ്ങി. പെലകാലേ ചുമ്മാ എന്തിനാ ആട്ട് കേൾക്കുന്നത് എന്നോർത്ത് മുട്ടാതെ നേരെ അടുക്കളയിൽ പോയി സാധനങ്ങളെല്ലാം തപ്പിപ്പിടിച്ച് മൂന്നു പേർക്കുള്ള കാപ്പിയുണ്ടാക്കി.
മമ്മി വിളിക്കുകയില്ലെന്നറിയാവുന്നതുകൊണ്ട് മക്കൾ രണ്ടും പേരും നേരത്തെ എഴുനേറ്റ് കുളിച്ച് സ്കൂളിൽ പോകുന്നതിനുള്ള ഒരുക്കം തുടങ്ങി.
" പപ്പാ "
" ഉം എന്നാടാ''
" യൂണിഫോം " മൂത്തവൻ അല്പം ഭയത്തോടെ കയ്യിലിരുന്ന വസ്ത്രം ജയിംസിന്റെ നേരെ നീട്ടി ക്കാണിച്ചു.
അങ്ങനെ മക്കളെ രണ്ടു പേരെയുമൊരുക്കി അവർക്ക് പ്രാതലുണ്ടാക്കിക്കൊടുത്ത് കാറിൽ കയറ്റി സ്കൂളിൽ ഇറക്കി. തിരിച്ച് വീട്ടിലെത്തിയിട്ടും ജാൻസി പുറത്ത് വന്നിട്ടില്ല. വാതിലിന്റെ പിടി മെല്ലെ തിരിച്ചു നോക്കി. സാഷ ഇട്ടിട്ടില്ല. കുഞ്ഞ് പുറത്തിറങ്ങാതിരിക്കാൻ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. ജയിംസിനാശ്വാസമായി. അവളുടെ ദേഷ്യം അല്പം തണുത്തിരിക്കുന്നുവെന്നു തോന്നുന്നു.
വാതിൽ തുറന്നകത്തു കേറിയ ജയിംസ് കണ്ടത് താൻ ഒളിപ്പിച്ചുവെച്ച സുവിശേഷം രണ്ടു വയസുകാരനിരുന്നു വായിക്കുന്നുവെന്നുമാത്രമല്ല കാക്കാ കുക്കൂ പാപ്പ പീപ്പി എന്നല്ലാം ചിത്രങ്ങൾ നോക്കി പറയുന്നുമുണ്ട്. അപ്പോൾ അതായിരുന്നു കാര്യം.
തിരിച്ച് ദേഷ്യപ്പെടാനൊരു കാരണം കിട്ടിയ സന്തോഷത്തിൽ കുഞ്ഞിന്റെ കയ്യിൽ നിന്നും സുവിശേഷം എടുത്ത് ബാൽക്കണിയിൽ യോഗ ചെയ്തു കൊണ്ടിരുന്ന ജാൻസിയോട് ചോദിക്കാൻ ചെന്ന ജയിംസിനേ നോക്കി അവൾ വശ്യമായൊന്ന് ചിരിച്ചു.
" അപ്പോ നീ ഇന്നലെ പെണങ്ങിയതെന്തിനാ "
"ങാ ഇന്നലെ എനിക്ക് അതിലെ ചിത്രങ്ങളൊക്കെക്കണ്ടപ്പോൾ ഭയങ്കര ദേഷ്യം വന്നു. പക്ഷേ ഇന്നു രാവിലെയാ വായിച്ചു നോക്കിയത്.''
"ഹോ സമാധാനമായി. എനിക്കെന്റെ ജാൻസിയെ തിരികെ കിട്ടിയല്ലോ അതുമതി."
അവനാ ബുക്കുമെടുത്ത് ജാൻസിയുടെ അരികിൽ ഇരുന്നു.
" നീ ഈ പടവൊന്നു നോക്കിക്കേ."
ഹി ഹി ജാൻസി അടക്കിച്ചിരിച്ചു .അമ്പടി നാൽപ്പതാം വയസിൽ ഇരുപതുകാരിയേ പോലെ ചിരിക്കുന്നോ. ജയിംസ് അവളെ കെട്ടിപ്പിടിച്ച് ചൊടിയിൽ ചുംബിച്ചു. കുഞ്ഞുമകനോടി വന്ന് രണ്ടു പേരുടയും കഴുത്തിൽ കെട്ടിപ്പിടിച്ചു....................
മനോജ് ഏബ്രഹാം തെനെപ്ലാക്കൽ

_രണ്ടാം ഇന്നിംഗ്സ് -


_രണ്ടാം ഇന്നിംഗ്സ് -
കുളി കഴിഞ്ഞ് നിറഞ്ഞ മാറിനു മുകളിൽ തോർത്തും കെട്ടി കുളിമുറിയിൽ നിന്നും ഇറങ്ങി വന്ന ജയിനാമ്മയെക്കണ്ട് തോമാച്ചന്റെ വലിച്ചു കേറ്റിയ പാന്റ്സ് കയ്യിൽ നിന്നും പിടിവിട്ട് ഊർന്ന് വീണു.
"എന്റെ പൊന്നുപെണ്ണേ പള്ളീൽ പോകാൻ ഒരുങ്ങുന്ന നേരത്ത് എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലെടീ"
ജയിനാമ്മ തോമാച്ചനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.
"ഇന്നിനി പള്ളീപ്പോക്കും വേണ്ട ഒന്നും വേണ്ട, ഇങ്ങോട്ടു വാടി "
"സ്വർഗ്ഗരാജ്യം മോളിലല്ലടീ ,ഇവിടെ നമ്മുടെ കൂടെയാടീ "
തോമാച്ചൻ ജയിനാമ്മയേയും കൊണ്ട് കട്ടിലിലിലേക്ക് മറിഞ്ഞു..........
"നമ്മുടെ കൈക്കാരൻ തോമാച്ചേട്ടനെ പള്ളീൽ കണ്ടിട്ട് ആഴ്ച രണ്ട് കഴിഞ്ഞല്ലോ കറിയാച്ചാ" വികാരിയച്ചൻ കപ്പ്യാരോട് ചോദിച്ചു.
"എന്റെച്ചോ തോമാച്ചേട്ടൻ രണ്ടാം കെട്ടും കഴിഞ്ഞ് മധുവിധു അല്ലിയോ " കപ്യാർക്ക് നാണം.
"കുർബ്ബാന പിരിവിന്റേം നേർച്ചപ്പെട്ടി തുറന്നതും എല്ലാം ഇവിടിങ്ങനെ കിടക്കുന്നു. എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കണക്കെഴുതിയിട്ട് രണ്ടാഴ്ചയായി "'
"അച്ചോ അത് ഞാൻ തന്നെ ചെയ്തോളം " കപ്യാർ ആർത്തിയോടെ കുന്നുകൂട്ടിയിട്ടിരിക്കുന്ന പണത്തേൽ നോക്കി പ്പറഞ്ഞു.
" അത് പണത്തിന് ആർത്തിയില്ലാത്തവർ എണ്ണിയാൽ മതി". അച്ചൻ പറഞ്ഞു.
"കറിയാച്ചാ, എല്ലാം വാരിക്കെട്ടി സേഫിൽ വച്ചിട്ട് തോമാച്ചന്റെ വീട്ടിൽപ്പോയി ഞാൻ അന്വേഷിച്ചെന്ന് പറ".........
തോമാച്ചൻ, വയസ്സ് 60, നാട്ടിലെ പണക്കാരൻ. അപ്പന്റെ കാലശേഷം 20 ഏക്കർ റബർത്തോട്ടവും 10 ഏക്കർ വരുന്ന ഫാമും ഒറ്റ മകനായ തോമാച്ചൻ തനിച്ചനുഭവിക്കുന്നു. നൂറു കൊല്ലം മുമ്പ് ഏതോ സായിപ്പ് ഉണ്ടാക്കിയ ആ വലിയ ബംഗ്ലാവിൽ തോമാച്ചനും 85 വയസ്സായ അമ്മച്ചി ഏലിക്കുട്ടിയും താമസിക്കുന്നു. രണ്ട് ആൺമക്കളും അമേരിക്കയിലാണ്. വർഷത്തിലൊരിക്കൽ രണ്ടു പേരും ഒന്നിച്ച് കാണാൻ വരും.
തലമുടിയും മീശയും ഡൈ ചെയ്ത തോമാച്ചനെക്കണ്ടാൽ അൻപത് വയസ്സു പോലും തോന്നുകയില്ല. പണക്കാരനാണെങ്കിലും മേലനങ്ങി പണിയെടുക്കാൻ പുള്ളിക്ക് യാതൊരു മടിയുമില്ല. എന്നും പത്ത് പതിനഞ്ച് പണിക്കാരെങ്കിലും കാണും. രാവിലെ തന്നെ അവരുടെ കൂടെ പണിക്കിറങ്ങും. എല്ലാവരേയും എല്ലു മുറിയെ പണിയെടുപ്പിക്കും.
അടുക്കളപ്പണിക്കാരി അമ്മിണി അതിരാവിലെ തന്നെ ബംഗ്ലാവിലേക്ക് വച്ചു പിടിപ്പിക്കും. മുതലാളിക്ക് ബെഡ് കോഫി കൊടുക്കണം. പിന്നെ പതിനഞ്ച് പേർക്ക് പ്രാതലും ഊണും ഉണ്ടാക്കണം. പിടിപ്പത് പണിയുണ്ടവിടെ. നിയമപരമായി വിഭാര്യനായ മുതലാളിയുടെ യൗവനം നിലനിർത്തുന്നത് അമ്മിണിയാണെന്ന് പലരും അടക്കം പറയാറുണ്ട്. അമ്മിണിക്ക് മുമ്പുണ്ടായിരുന്ന അടുക്കളക്കാരിയുമായുള്ള അവിഹിത ബന്ധം നേരിട്ടു കണ്ടതുകൊണ്ടാണത്രേ ആദ്യ ഭാര്യ മുതലാളിയെ ഉപക്ഷിച്ചു പോയത്. അമ്മിണിയുടെ പക്ഷവാതം വന്ന് തളർന്നു കിടക്കുന്ന ഭർത്താവിന്റെ ചികിൽസ അടക്കം കുട്ടികളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതും തോമാച്ചനാണ്.
അമ്മിണി പോകുന്ന വഴിക്ക് ഈറ്റക്കലെ കള്ളുകുടിയൻ ചാക്കോയുടെ പെമ്പിള ത്രേത്യാക്കുട്ടിയോട് പണിക്ക് വരണമെന്ന് വിളിച്ചു പറയും.
" അമ്മിണിയേ, ഇന്ന് കപ്പക്കെന്നാടീ കറി ". കെട്ടിയവന്റെ ഇടിയും കൊണ്ട് അത്താഴപ്പട്ടിണിയും കിടന്ന ത്രേത്യാക്കുട്ടി കൊതിയോടെ ചോദിക്കും
"വൈകുന്നേരം വച്ച മത്തിക്കറിയൊണ്ട് ചേടത്തിയേ, വേഗം പോയി കപ്പപ്പുഴുക്ക് ഒണ്ടാക്കണം" എന്നും പറഞ്ഞ് അവൾ വേഗം നടക്കും.
തോമാച്ചൻ മുതലാളിയുടെ വീട്ടിൽ പണിക്കാർക്കെല്ലാം കുശാലാണ്. അവിടെ രണ്ടു തരം ഭക്ഷണമില്ല. തോമാച്ചൻ ഭക്ഷണം കഴിക്കുന്നതും പണിക്കാരുടെ കൂടെയാണ്. രാവിലെ കപ്പക്ക് ഇറച്ചി, ഊണിന് മീന്. മാസത്തിലൊരിക്കൽ മൂരിക്കിടാവിനെയോ പന്നിക്കുട്ടനേയോ മുതലാളിയുടെ അനുവാദത്തോടെ പണിക്കാർ തന്നെ കശാപ്പ് ചെയ്യും. ഒരമ്പത് തെങ്ങെങ്കിലും കള്ളുചെത്താൻ മാത്രം മാറ്റി വച്ചിട്ടുണ്ടാകും. ഫാമിൽ നിന്നും കൂട്ടത്തോടെ പന്നികളെ വിൽക്കുന്ന ദിവസം അല്ലെങ്കിൽ മീൻ കുളത്തിൽ നിന്നും മീൻപിടിക്കുന്ന ദിവസം , അന്നൊരാഘോഷം തന്നെ ആയിരിക്കും.
ഞായറാഴ്ച ബംഗ്ലാവിൽ പന്നി നിഷിദ്ധമാണ് കാരണം അന്നുച്ചക്കാണ് കശാപ്പു കഴിഞ്ഞ് തോലെടുക്കാൻ ആത്മാർത്ഥ സുഹ്യത്തും സഹപാഠിയുമായ മമ്മദ്ക്കാ എത്തുന്നത്. ഉച്ചയൂണ് തോമാച്ചന്റെ കൂടെ ആയിരിക്കും. ശനിയാഴ്ച തന്നെ ബാക്കി വരുന്ന പന്നിക്കറി മുഴുവൻ അമ്മിണി കൊണ്ടു പോകും. പോകുന്ന വഴിക്ക് ത്രേത്യാക്കുട്ടിക്കും ഒരു പങ്ക് കൊടുക്കും.
അങ്ങനെയിരിക്കെ അവധിക്കു വന്ന ആൺമക്കളാണ് അപ്പനോട് രണ്ടാം കല്യാണത്തിന്റെ കാര്യം പറയുന്നത്. ഉദാഹരണത്തിന് അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളും മക്കൾ പറഞ്ഞു കൊടുത്തു.
" അപ്പനൊറ്റക്ക് എത്ര കാലം ഇങ്ങനെ ജീവിക്കും, വല്ല്യമ്മച്ചിയുടെ കാര്യങ്ങൾ ആരുനോക്കും. 60 വയസ്സൊന്നും ഒരു പ്രായമല്ലപ്പാ. അമേരിക്കയിലൊക്കെ 70 ഉം 80 ഉം വയസിൽ കല്യാണം കഴിക്കുന്നവർ ധാരാളമുണ്ട്."
മക്കൾ നിർബന്ധിച്ചപ്പോൾ തോമാച്ചനും അത് ശരിയാണെന്ന് തോന്നി.
പിന്നെ എല്ലാം വളരെപ്പെട്ടന്നായിരുന്നു. മക്കൾ തന്നെ പത്രത്തിൽ പരസ്യം കൊടുത്തു. ഗൾഫിൽ നടന്ന അപകടത്തിൽ ഭർത്താവു മരിച്ചു പോയ,കല്യാണം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രം ഒന്നിച്ചു ജീവിച്ച ജയിനമ്മ എന്ന 35 വയസ്സുകാരി പ്രൈമറി സ്കൂൾ അധ്യാപികയുടെ ആലോചന യാദ്യശ്ചികമായി ജയിനമ്മയുടെ അപ്പൻ തന്നെ വിളിച്ചന്വേഷിച്ചു.
"വയസ്സ് വളരെക്കുറവല്ലേടാ മക്കളേ"
സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള ഒരു സ്ത്രീക്ക് സമ്മതമാണെങ്കിൽ പിന്നെ അപ്പനെന്നാ പ്രശ്നം എന്ന് മക്കൾ മറു ചോദ്യം ചോദിച്ചു. അങ്ങനെ സുന്ദരിയായ ജയിനാമ്മയുടെയും സുന്ദരനായ തോമാച്ചന്റെയും കല്യാണം ആർഭാടമായി മക്കൾ നടത്തി. അവർ അപ്പന്റെയും രണ്ടാനമ്മയുടെയും സ്വർഗ്ഗത്തിൽ കട്ടുറുമ്പാകാതെ അമേരിക്കക്ക് തിരിച്ചു പോയി.
ഇപ്പം തോമാച്ചന് ഒരു ചിന്തയേ ഉള്ളൂ. അമേരിക്കക്കാരെപ്പോലെ രണ്ടാമിന്നിംഗ്സിലും രണ്ട് റൺസ് എടുക്കണം.......................
മനോജ് ഏബ്രഹാം തെനെപ്ലാക്കൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo