Slider

ഗുന്തർ സായിപ്പും ലില്ലിക്കുട്ടിയും -

0
Image may contain: 1 person, beard, selfie and closeup


"യുവർ ലാംഗ്വേജ് സൗണ്ട്സ് വെരി ഫെമിലിയർ റ്റു മീ"
ഇടവേളയിൽ കൂട്ടം കൂടി നിന്നു വെടി പറഞ്ഞു കാപ്പി കുടിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഗുന്തർ സായിപ്പ് ഒരു കൊക്കക്കോള കാനും കൈയ്യിൽ പിടിച്ചു തന്റെ പാലുപോലെ വെളുത്ത പല്ലു കാണിച്ച് ചിരിച്ചു കൊണ്ട് വന്നു.
"ഗുഡ് മോണിംഗ് മിസ്റ്റർ ഗുന്തർ " ഞങ്ങളുടെ എഞ്ചിനീറിംഗ് മാനേജർ കൊല്ലംകാരൻ സുരേഷ് കുമാർ പുള്ളിയെ വിഷ് ചെയ്തു.
ജർമ്മനിയിൽ നിന്നും പുതിതായി എത്തിയ യന്ത്രത്തിന്റെ പരിശീലനം നൽകുന്നതിനു വേണ്ടിയാണ് സായിപ്പ് വന്നിരിക്കുന്നത്. അൻപതിനോടടുത്ത് വയസ്സുണ്ടാകും പുള്ളിക്ക്. ആറടിപ്പൊക്കം മസ്സിലുകൾ നിറഞ്ഞ കൈകളും തോളുകളും. വയർ ലവലേശമില്ല. കണ്ടാൽത്തന്നെ അറിയാം ആളൊരു "ഫിറ്റ്നസ്സ് ഫ്രീക്ക് " ആണെന്ന്.
"നിങ്ങൾ ഏതു ഭാഷയാണ് സംസാരിക്കുന്നത്, ഈ ഭാഷ എനിക്ക് നല്ല പരിചയമുള്ളതുപോലെ തോന്നുന്നു " പുള്ളി പിന്നേയും ഞങ്ങളോടു ചോദിച്ചു.
ഞങ്ങൾ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്നാണെന്നും മലയാളം എന്ന ഭാഷയാണ് സംസാരിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
" ആഹാ കേരലാ, ഐ നോ കേരലാ" സായിപ്പിനു ഭയങ്കര സന്തോഷം.
സായിപ്പിനെന്താണ് ഇത്ര സന്തോഷമെന്ന് ആർക്കും മനസ്സിലായില്ല.
"ഇയാൾ ഏതു കോത്താഴത്തുകാരനാ " എന്ന് കാഞ്ഞിരപ്പള്ളിക്കാരൻ ജയിംസ് പുള്ളിയെ കളിയാക്കുന്നമട്ടിൽ ചോദിച്ചു.
" യേസ്സ് കോത്തായം കോത്തായം "
"ഐ ബീൻ റ്റു കോത്തായം മെനി ടൈംമ്സ്.
മൈ വൈഫ് ഈസ് ഫ്രം കോത്തായം".
പുള്ളി കോട്ടയത്തു പോയിട്ടുണ്ടെന്നും ഭാര്യ കോട്ടയംകാരിയാണെന്നുമറിഞ്ഞ് ഞങ്ങളെല്ലാം അത്ഭുതപ്പെട്ടു.
നെതർലാൻസിന്റെ അതിർത്തിയിലുള്ള ജർമ്മനിയുടെ ചെറുപട്ടണമായ ഡിൻസ്ലേക്കൺ (Dinslaken) ആണ് പുള്ളിയുടെ നാട്. അവിടെയുള്ള ഗവൺമെന്റ് ജനറൽ ആശുപത്രയിൽ ജോലി ചെയ്യുന്ന ലില്ലിക്കുട്ടിയെ പ്രേമിച്ച് കെട്ടിയതാണ്. ഒരു ബൈക്ക് അപകടത്തിൽ പെട്ട് ജീവൻമരണ പ്പോരാട്ടം നടത്തിയ ഗുന്തറിനെ മൂന്നു മാസത്തോളം ശുശ്രൂഷിച്ച ലില്ലിക്കുട്ടിയെ അയാൾ ജീവിത സഖിയാക്കി. രണ്ട് ആൺകുട്ടികളാണ് അവർക്ക്.
ഇടവേളകളിൽ ഞങ്ങളുടെ കേന്ദ്രബിന്ദുവായി സായിപ്പ്. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന തരമായിരുന്നു അയാൾ.
" ഇന്ത്യൻ സ്ത്രീകൾ വിവാഹത്തിനെ ഇത്ര സുരക്ഷിതമായിക്കരുതുന്നത് എന്തുകൊണ്ടാണ്?"
ഞാനും സായിപ്പുമാത്രം ഉണ്ടായിരുന്ന ഒരു ഇടവേളയിൽ പുള്ളി ചോദിച്ചു.
"എന്തു പറ്റി ഗുന്തർ?''
" She was so beautiful when I met her."
അയാൾ വിദൂരത്തിലേക്ക് നോക്കി നിശബ്ദനായി.
"രാവിലെ ജോഗിങ്ങിനു പോകുമ്പോൾ ഞാനെന്നും വിളിക്കും പക്ഷേ ഒരിക്കൽ പോലും അവൾ വന്നിട്ടില്ല. ഒരിക്കലും വ്യായാമം ചെയ്യില്ല, കണ്ടതെല്ലാം തിന്നും, സെക്സിൽ താൽപര്യമില്ല."
അയാൾ തുടർന്നു.
എന്റെ പൊന്നു ലില്ലിക്കുട്ടി, ചേച്ചിയുടെ കാര്യം പോക്കാണല്ലോ എന്നാണ് എനിക്ക് മനസ്സിൽ തോന്നിയത്.
ഏകദേശം ഒരു മാസത്തോളം ഗുന്തർ കമ്പനിയിലുണ്ടായിരുന്നു. ജിജ്ഞാസ ഉണ്ടായിരുന്നെങ്കിലും അയാളുടെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയൊന്നും പിന്നീട് ഞാൻ ചേദിച്ചില്ല.
വർഷങ്ങളോളം ലില്ലിക്കുട്ടി എന്റെ മനസിൽ മായാതെ കിടന്നു. ഭാര്യയോടും ഈ കഥ പല തവണ പറഞ്ഞിട്ടുണ്ട്.
ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം Festo എന്ന ജർമ്മൻ കമ്പനിയിൽ വച്ച് യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടു മുട്ടുകയുണ്ടായി.
"ലില്ലിക്കുട്ടി?''
"ഹാ , ഐ ഡിവോഴ്സ്ഡ് ഹെർ ഫിഫ്റ്റീൻ ഇയേഴ്സ് എഗോ."
എനിക്ക് അൽഭുതമൊന്നും തോന്നിയില്ല.
ഗുന്തർ പേഴ്സിൽ നിന്നും ഒരു ഫോട്ടോ എടുത്തു കാണിച്ചു.
"ദിസ് ഈസ് മൈ ന്യൂ വൈഫ് . വി ഗോട്ട് മാരീഡ് റ്റു ഇയേഴ്സ് എഗോ "
ബേനസീർ ഭൂട്ടോയെ പോലെയിരിക്കുന്ന ചുരിദാറണിഞ്ഞ ഒരു സുന്ദരി.
Festo Pakistan ന്റെ മേധാവിയാണെന്നും അവിടെ വെച്ചാണ് തന്റെ പുതിയ ഭാര്യയെ കണ്ടുമുട്ടിയതെന്നും ഗുന്തർ പറഞ്ഞു.
എന്നെങ്കിലുമൊരിക്കൽ വീണ്ടും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
അന്നും ഇന്നും ലില്ലിക്കുട്ടി മനസിൽ മായാതെ കിടക്കുന്നു............................
മനോജ് തെനെപ്ലാക്കൽ ഏബ്രഹാം
190518
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo